'ജോലിയുള്ള 2 പെണ്ണുങ്ങൾ എനിക്കൊപ്പം കേസിനു ചേർന്നു, അവർക്കേ വീറും വാശിയും കാണൂ'


ബിജുരാഘവന്‍

ഞാന്‍ വില്‍പത്രം എഴുതാന്‍ പറഞ്ഞപ്പോള്‍ അപ്പന്‍ ചോദിച്ചു. അതെന്തിനാണെന്ന്. വില്‍പത്രം എഴുതിയെന്ന് വെച്ച് മരിക്കാന്‍ പോവുകയാണെന്നൊന്നും അര്‍ത്ഥമില്ലല്ലോ. അതുകൊണ്ട് വില്‍പത്രം വേണമെന്നുതന്നെ ഞാന്‍ പറഞ്ഞു. പക്ഷേ അന്നതുനടന്നില്ല- മേരി റോയിയുമായി 2010ൽ നടത്തിയ അഭിമുഖത്തിൽ നിന്ന്

Interview

മേരി റോയ് | ഫോട്ടോ : ഇ. വി രാഗേഷ്

2010 ൽ ഗൃഹലക്ഷ്മിക്കു നൽകിയ അഭിമുഖത്തിന്റെ പുനഃപ്രസിദ്ധീകരണം

ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തെ വെല്ലുവിളിച്ചാണ് മേരിറോയ് നിയമയുദ്ധത്തിനിറങ്ങിയത്. പിതാവിന്റെ സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം ആവശ്യപ്പെട്ടുകൊണ്ടുള്ള പോരാട്ടത്തിന് 1986ല്‍ സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചു. പക്ഷേ നീതി നടപ്പിലായിക്കിട്ടാന്‍ അവര്‍ക്ക് പിന്നെയും കാല്‍നൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. പിതൃസ്വത്തായി കോട്ടയം നഗരത്തിലെ ഒമ്പത് സെന്റ് സ്ഥലം ഈയടുത്താണ് അവര്‍ക്ക് കൈവശം വന്നത്. പക്ഷേ തന്റെ യുദ്ധം ഈ സ്വത്തിനുവേണ്ടിയായിരുന്നില്ലെന്ന് അവര്‍ തുറന്നുപറയുന്നു.

കേസിന്റെ തുടക്കകാലം ഓര്‍മയിലുണ്ടോ?

1984ലാണ് ഞാന്‍ കോടതി കയറുന്നത്. അതിനും 24 വര്‍ഷം മുമ്പ് അപ്പന്‍(പാലത്തിങ്കല്‍ ഐസക്ക്)മരിച്ചിരുന്നു. അപ്പന്‍ മരിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞ് സഹോദരന്‍ ഞാനും കുട്ടികളും താമസിക്കുന്ന വീട്ടില്‍ വന്ന് ഞങ്ങളെ ഇറക്കിവിട്ടു. എന്റെ അഭിമാനത്തിനാണ് അന്ന് ക്ഷതമേറ്റത്. അന്ന് അരുന്ധതിക്ക് മൂന്നും ലളിതിന് അഞ്ചും വയസ്സാണ്. ഇതേപോലെ വീട്ടില്‍നിന്ന് അപമാന ഭാരത്തോടെ ഇറങ്ങേണ്ടി വന്ന രണ്ടുപേര്‍കൂടെ എനിക്കൊപ്പം അക്കാലത്ത് കേസിനുവന്നു. മറിയക്കുട്ടി തൊമ്മനും ഏലിക്കുട്ടിയും. രണ്ടുപേരും അവിവാഹിതമാര്‍. പക്ഷേ ജോലിയുണ്ടായിരുന്നു. ജോലി ചെയ്യുന്ന പെണ്ണുങ്ങള്‍ക്കേ ഈ വീറും വാശിയും കാണൂ.

അപ്പനോടുതന്നെ സ്വത്തില്‍ അവകാശം വേണമെന്ന് ആവശ്യപ്പെടാമായിരുന്നില്ലേ?

ഞാന്‍ വില്‍പത്രം എഴുതാന്‍ പറഞ്ഞപ്പോള്‍ അപ്പന്‍ ചോദിച്ചു. അതെന്തിനാണെന്ന്. വില്‍പത്രം എഴുതിയെന്ന് വെച്ച് മരിക്കാന്‍ പോവുകയാണെന്നൊന്നും അര്‍ത്ഥമില്ലല്ലോ. അതുകൊണ്ട് വില്‍പത്രം വേണമെന്നുതന്നെ ഞാന്‍ പറഞ്ഞു. പക്ഷേ അന്നതുനടന്നില്ല.

അന്ന് ഒറ്റപെണ്‍മക്കള്‍ക്കും പിതൃസ്വത്ത് ലഭിച്ചിരുന്നില്ലേ?

സ്ത്രീകള്‍ക്ക് അന്ന് ഒരു ചോയ്സ് ഉണ്ടാകണം. ഒന്നുകില്‍ അച്ഛന്റെ സ്വത്തിന്റെ ഒരു ഭാഗം. അല്ലെങ്കില്‍ സ്ത്രീധനം. ഇതിലേതെങ്കിലുമൊന്ന്. രണ്ടുംകൂടെ എടുക്കാനാവില്ല. അന്ന് ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കൊക്കെ വേണ്ടത് സ്ത്രീധനമായിരുന്നു. എനിക്കിതൊക്കെ കാണുമ്പോള്‍ ദേഷ്യം വരുമായിരുന്നു.

മാധവിക്കുട്ടി എഴുതിയിട്ടുണ്ട്, മേരിറോയിക്ക് എങ്ങനെയാണ് ഈ ധൈര്യം കിട്ടിയതെന്ന് തന്നോട് പലരും ചോദിച്ചിട്ടുണ്ടെന്ന്...?
ദേഷ്യം വരുമ്പോള്‍ എനിക്ക് ഊര്‍ജം കിട്ടും. വാശി തോന്നുമ്പോഴും എന്റെ കരുത്ത് ഇരട്ടിക്കും. വീട്ടില്‍നിന്ന് ഇറക്കി വിടാന്‍ നോക്കിയപ്പോഴാണ് ഞാനിതിനെല്ലാം തുനിഞ്ഞിറങ്ങുന്നത്. അല്ലെങ്കില്‍ ഞാനും ഒതുങ്ങിക്കൂടി പോകുമായിരുന്നു, വീടും കുടുംബവുമൊക്കെയായി, ഒരു സാധാരണ യുവതിയായി.

മേരിറോയ് മക്കളായ ലളിതിനും അരുന്ധതിക്കുമൊപ്പം | ഫയൽ ചിത്രം

ഇത്രയും നീണ്ട പോരാട്ടത്തിന് ശേഷം കിട്ടിയ സ്വത്ത് എന്തുചെയ്യാന്‍ പോകുന്നു?

എനിക്കിതൊന്നും വേണ്ട. സ്വത്തിന് വേണ്ടിയായിരുന്നില്ല ഈ യുദ്ധം. ഇത് നീതിക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നു. ഇപ്പോള്‍ കൈവശം കിട്ടിയ സ്ഥലത്തിന്റെ പോക്കുവരവൊക്കെ വേഗം പൂര്‍ത്തിയാക്കണം. അതുകഴിഞ്ഞാല്‍ ഞാനത് മോനു കൊടുക്കും. ലളിത് ബിസിനസ് ചെയ്യുകയാണ്. സ്വത്ത് അവനിഷ്ടമുള്ളത് ചെയ്യട്ടെ. മോള്‍ക്കാണെങ്കില്‍ ഇതിലൊന്നും താത്പര്യമേയില്ല.

ഈ നിയമയുദ്ധം മേരിറോയിയുടെ കുടുംബബന്ധങ്ങളെ ബാധിച്ചിട്ടുണ്ടോ?

ഞാനും എന്റെ മക്കളും തമ്മില്‍ ഒരു പ്രശ്നവുമില്ല. ഒരു സഹോദരിയുണ്ട്. മോളി. അവള്‍ മദ്രാസിലാണ്. വലിയ സമ്പര്‍ക്കമൊന്നുമില്ല. അനിയന്‍ ജോണ്‍ ഐസക്ക്. മരിച്ചുപോയി. പുള്ളിയുടെ ഭാര്യ അലൈന്‍ സിങ്കിള്‍ടണ്‍. ഒരു മദാമ്മയാണ്.അവരുമായി നല്ല അടുപ്പമാണ്.

ജീവിതത്തിന്റെ നല്ലൊരുഭാഗവും കേസുകളുടെ പിന്നാലെയായിരുന്നു. എപ്പോഴെങ്കിലും മടുപ്പ് തോന്നിയിട്ടുണ്ടോ?

ഈ കേസുകളൊന്നും എന്നെ അലട്ടാറില്ല. എനിക്കൊരു വക്കീലുണ്ട്. ഞാന്‍ ഇതിനെപ്പറ്റിയൊക്കെ എഴുതിക്കൊടുക്കും. കേസൊക്കെ അയാള്‍ നോക്കിക്കൊള്ളും. അവസാനം സ്വത്ത് നല്‍കാന്‍ വിധി വന്നിട്ടും അത് നടപ്പായി കിട്ടാന്‍ കുറച്ച് വൈകി. അപ്പോഴാണ് ചെറിയൊരു നിരാശ തോന്നിയത്. വിധി അനുകൂലമായിട്ടും എനിക്കവകാശപ്പെട്ട സ്ഥലത്ത് കയറാന്‍ കഴിഞ്ഞില്ല. ഒടുവില്‍ കോടതിയില്‍നിന്ന് ആമീനും പോലീസുകാരുമൊക്കെ വന്ന് കൈയേറ്റമൊക്കെ പൊളിച്ചടുക്കി. അത് തീര്‍ന്ന് കിട്ടിയപ്പോഴിതാ അടുത്ത കേസ് വന്നിട്ടണ്ട്.

മേരിറോയിക്ക് അനുകൂലമായുണ്ടായ കോടതിവിധിക്ക് ശേഷം ക്രിസ്ത്യന്‍ സ്ത്രീകളുടെ ജീവിതത്തിലെന്തെങ്കിലും മാറ്റങ്ങളുണ്ടായോ?

തീര്‍ച്ചയായും. ഇപ്പോള്‍ സ്ത്രീകള്‍ കൂടുതലായി പഠിക്കുന്നുണ്ട്. ജോലി ചെയ്യുന്നുണ്ട്. ഇതു രണ്ടുമാവുമ്പോള്‍ അവര്‍ക്കൊരു ആത്മാഭിമാനം തോന്നും. എന്റെ പള്ളിക്കൂടത്തില്‍ പഠിക്കുന്ന പിള്ളാരെ തന്നെ നോക്കൂ. കാശുള്ളവരുണ്ട്, ഇല്ലാത്തവരുണ്ട്. എങ്കിലും പഠിത്തത്തില്‍ ഒരു വീഴ്ചയുമില്ല. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് സ്ത്രീധനം തരുമോ, ആരാ എന്നെ കെട്ടുന്നത് തുടങ്ങിയ വേവലാതികളൊന്നുമില്ല. ഇത്രയും കാലത്തെ അനുഭവം വെച്ച് ഞാന്‍ പറയുന്നത് പെണ്ണുങ്ങള്‍ കൂടുതല്‍ അധ്വാനിക്കണം എന്നാണ്. അവര്‍ സ്വന്തമായി കാശുണ്ടാക്കണം. എന്നാലേ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയൂ. കല്യാണത്തിന് സ്ത്രീധനമെന്ന പേരില്‍ നിറയെ ആഭരണങ്ങളിട്ട് നടക്കുന്നവരെയൊക്കെ ഇപ്പോഴും കാണാം. എന്നതാ ഇവരൊക്കെ ഈ കാണിക്കുന്നേ. എനിക്കിത് കാണുമ്പോഴേ ദേഷ്യം വരും.

പള്ളിക്കൂടം എന്ന പേരില്‍ വ്യത്യസ്തമായൊരു സ്‌കൂള്‍ തുടങ്ങാനുള്ള കാരണം?

എനിക്കൊരു ജോലി വേണമായിരുന്നു. ഒരു ബി.എ.ഡിഗ്രി മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പിള്ളാരെ പഠിപ്പിക്കാമെന്നു കരുതി ബി.എഡ്. എടുത്തു. അന്ന് ഞങ്ങള്‍ ഊട്ടിയിലായിരുന്നു. മോനെ അവിടെ സായിപ്പന്‍മാരുടെ ഒരു സ്‌കൂളില്‍ ചേര്‍ത്തു. തൊട്ടടുത്താണ്. ഇടയ്ക്കൊക്കെ ഞാനും അവിടെ പോയിരിക്കും. അവിടെ പുസ്തകവും നോട്ടുബുക്കുമൊന്നുമില്ല. വല്ലതുമൊക്കെ വരയ്ക്കും. ഉണ്ടാക്കും. അത്ര തന്നെ. പുതിയരീതിയിലുള്ള പഠനരീതി ഞാനവിടെ നിന്നാണ് പഠിച്ചത്. ഈ രീതിയാണ് ഞാന്‍ എന്റെ സ്‌കൂളില്‍ നടപ്പാക്കുന്നതും. ഇവിടെ നോട്ടില്ല. ടെക്സ്റ്റ്ബുക്കില്ല. പരീക്ഷകളില്ല, ഞാനിവിടെ മലയാളം നിര്‍ബന്ധമായി പഠിപ്പിക്കുന്നു. കൂടെ കഥകളിയും ഭരതനാട്യവും കരാട്ടെയും. അതുകൊണ്ടെന്താ ദോഷം. ഇവിടെ പഠിച്ചിരുന്ന രാഹുലിന്റെ കഥ കേള്‍ക്കണോ. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും നല്ല കോളേജാണ് സെന്റ് സ്റ്റീഫന്‍സ്. അവന്‍ അവിടെ മാത്സിനു ചേര്‍ന്നു. ഇവിടെ പഠിക്കുമ്പോള്‍ അവന് ഏറ്റവും ഇഷ്ടം എന്തായിരുന്നു എന്നോ,കഥകളി.

സ്‌കൂളിനെതിരെയും തുടക്കകാലത്ത് കടുത്ത എതിര്‍പ്പുകള്‍ ഉണ്ടായല്ലോ?

എ്ന്റെ കുട്ടികള്‍ ജീസസ് ക്രൈസ്റ്റ് സൂപ്പര്‍സ്റ്റാര്‍ എന്ന നാടകം കളിച്ചപ്പോഴാണത്. നാടകം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നു പറഞ്ഞ് ഇവിടെ തന്നെയാണ് ആദ്യം എതിര്‍പ്പു തുടങ്ങിയത്. പിന്നെ പള്ളിയും സര്‍ക്കാരും എതിരായി. അന്ന് ഞങ്ങള്‍ കൊച്ചുപിള്ളാരെയും കൊണ്ട് നടക്കുമ്പോള്‍ മേരിറോയിയെ ചങ്ങലയ്ക്കിടണം, കാല് തല്ലിയൊടിക്കണം,രക്തപ്പുഴ ഒഴുക്കണം എന്നെക്കൊ മുദ്രാവാക്യം വിളിച്ച് ആളുകള്‍ പ്രകടനം നടത്തുമായിരുന്നു. അന്ന് ഞാന്‍ സുപ്രീംകോടതി വരെ പോയി നിരോധനം നീക്കിക്കിട്ടാന്‍. അന്ന് സുപ്രീംകോടതി ജഡ്ജി നാടകത്തിലെ പാട്ടും പാടിക്കൊണ്ട് വിധിപറയാന്‍ വന്നത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഇത്തിരി പഠിത്തമുള്ളവര്‍ക്കറിയാം, ഇതിലൊന്നും ഒരു മതനിന്ദയും ഇല്ലെന്ന്. കോടതിയുടെ അനുമതിയോടെ വീണ്ടും ഒരു വട്ടം കൂടെ ഞാന്‍ ആ നാടകം അവതരിപ്പിച്ചു. അതോടെ എനിക്കതില്‍ താത്പര്യം നഷ്ടമായി. ഒരിക്കലും ഒരു കാര്യം തന്നെ ചെയ്തോണ്ടിരിക്കത്തില്ല ഞാന്‍.

എതിര്‍പ്പുകള്‍ വന്ന സമയത്ത് ആരെങ്കിലും പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നോ?

ആരാ സപ്പോര്‍ട്ട് ചെയ്തത്?(അടുത്തിരിക്കുന്ന സെക്രട്ടറി മേരിയോടാണ് മേരി റോയ് ചോദിക്കുന്നത്.). ഒരു നല്ല ബിഷപ്പുണ്ടായിരുന്നല്ലോ.തോമസ് മാര്‍ പൗലോസ്. അദ്ദേഹം ഇവിടെ വന്നിരുന്നു. ഞങ്ങള്‍ക്ക് പിന്തുണ തരാന്‍. അദ്ദേഹത്തെയും ആളുകള്‍ അന്ന് ഒത്തിരി കളിയാക്കി. ബിഷപ്പുമാരുണ്ടോ ട്രൗസറിട്ട് ടെന്നീസ് കളിക്കുന്നു എന്നൊക്കെ ചോദിച്ച്.

ഇപ്പോഴത്തെ സ്വപ്നമെന്താണ്?

മരണത്തെക്കുറിച്ചാണ്. മരിച്ചാല്‍ എന്നെ ദഹിപ്പിക്കണം. നല്ല മണമുള്ള പൂവുണ്ടാവുന്ന ചവോക്ക് മരമില്ലേ. അതുവെട്ടി അതില്‍കിടത്തി ദഹിപ്പിക്കണം. ക്രിസ്ത്യാനികള്‍ക്ക് ഒട്ടും ഇഷ്ടമല്ലാത്ത കാര്യമാണിത്. എനിക്ക് മതത്തില്‍ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. പക്ഷേ പള്ളി ഇഷ്ടമല്ല. അതേപോലെ അച്ചന്‍മാരെയും.' മേരി റോയ് വീണ്ടും സംസാരിച്ചുകൊണ്ടിരുന്നു. നിര്‍ഭയമായി ജീവിക്കുന്ന ഒരു സ്ത്രീയുടെ വാക്കുകള്‍. എന്തോ അപ്പോഴും മാധവിക്കുട്ടി എഴുതിയത് ഓര്‍ത്തുപോയി.'എന്തുകൊണ്ട് കൊടുങ്കാറ്റുണ്ടാവുന്നു,ഇടിമിന്നലുണ്ടാവുന്നു.അത് സംഭവിക്കുന്നതാണ്.അതുപോലെയാണ് മേരിയും'


Content Highlights: Mary Roy interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented