ഡോ. കെ. പി അരവിന്ദൻ | ഫോട്ടോ : എൻ.എം പ്രദീപ്
മൂന്ന് ഡോസ് വാക്‌സിനെടുത്തിട്ടും കുട്ടി മരിച്ചു എന്ന തലക്കെട്ടിലുള്ള വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍പ്രസിഡന്റും കോഴിക്കോട് മെഡിക്കല്‍ കോളേജ് പാത്തോളജി വിഭാഗം മുന്‍മേധാവിയുമായ ഡോ. കെ പി അരവിന്ദന്‍. ഉത്തരവാദിത്വബോധമുള്ള മാധ്യമപ്രവര്‍ത്തനം വളരെയധികം വേണ്ട മേഖലയാണിത്. തെറ്റായ വിവരങ്ങള്‍ നല്‍കിയ ശേഷമാണ് മുഖത്തേറ്റ കടിയാണ് മരണത്തിലേക്ക് നയിച്ചതെന്നും അല്ലാതെ വാക്‌സിന്‍ പരാജയമല്ലെന്നുള്ള അറിവ് ജനങ്ങളിലേക്കെത്തുന്നത്. അപ്പോഴേക്കും വാക്‌സിന്‍ വിരുദ്ധത ലോകം ചുറ്റി സഞ്ചരിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പേപ്പട്ടികളുടെ പെരുപ്പം, വാക്‌സിന്റെ ഫലപ്രാപ്തിയിലുള്ള ആശങ്ക, തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതിലുള്ള ധാര്‍മ്മിക ചര്‍ച്ചകള്‍ എന്നിവയിലെല്ലാം വ്യക്തമായ പ്രതികരണം നല്‍കുകയാണ് ഡോ. അരവിന്ദന്‍ മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍.
കേരളത്തില്‍ പേവിഷബാധയേറ്റ് 21 മരണമാണ് ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍ വാക്‌സിനെടുക്കാത്ത മരണങ്ങള്‍ 15 ഉണ്ടെങ്കിലും വാക്‌സിനെടുത്ത മരണങ്ങള്‍ ആറെണ്ണമെന്നത് ആശങ്കാജനകമാണ്. വാക്‌സിനെടുത്ത ശേഷം ഇത്ര മരണങ്ങള്‍ എന്തുകൊണ്ടാണ് സംഭവിച്ചത്. പേപ്പട്ടി ഇത്ര വലിയ വിഷയമായിരിക്കെ വാക്‌സിനെടുക്കാതെ പോയതിന്റെ കാരണങ്ങള്‍ എന്തെല്ലാമായിരിക്കാം?
എന്ത് കൊണ്ട് വാക്‌സിനെടുത്തില്ല എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. അത് നമ്മള്‍ പഠിക്കേണ്ടതുണ്ട്. മാത്രമല്ല, വാക്‌സിനെടുക്കേണ്ട ആവശ്യതയെ കുറിച്ചുള്ള ബോധവത്കരണം ശക്തമായി വേണമെന്നാണ് ഈ ഡാറ്റ സംസാരിക്കുന്നത്. എത്ര കണ്ട് ഗുരുതരമാണ് നായ കടിച്ചാല്‍ എന്ന ബോധം വേണ്ടത്ര ഇല്ലാത്തതായിരിക്കാം വാക്‌സിനെടുക്കാതെ പോയതിനുള്ള കാരണം. മുമ്പൊക്കെ ഒരു വര്‍ഷം 10, 12 മരണമെന്നത് ഈ വര്‍ഷം പകുതിയോടെതന്നെ 21 ആയത് ആശങ്കയുണ്ടാക്കുന്നുണ്ട്.
ഇനി വാക്‌സിനെടുത്ത ശേഷം സംഭവിച്ച മരണത്തെ കുറിച്ച് പറയുകയാണെങ്കില്‍, പേപ്പട്ടി കടിച്ച ശേഷം വാക്‌സിന്‍ എടുക്കാതെ പോയവരുടെ മരണം സംഭവിച്ചത് ശരാശരി രണ്ടോ മൂന്നോ മാസം കഴിഞ്ഞാണ്. അത് പ്രതീക്ഷിക്കുന്നതുമാണ്. പക്ഷെ, വാക്‌സിനെടുത്തവരിലുള്ള മരണം പെട്ടെന്നാണ് സംഭവിച്ചിട്ടുള്ളത്. വാക്‌സിനല്ല പ്രശ്‌നമെന്നാണ് പെട്ടെന്നുള്ള മരണങ്ങള്‍ വ്യക്തമാക്കുന്നത്. അല്‍പം കൂടി വിശദമായി പറയുകയാണെങ്കില്‍, വാക്‌സിന്‍ ഫലപ്രദമാകാനും ആന്റിബോഡി ഉണ്ടായി വരാനും രണ്ടോ മൂന്നോ ആഴ്ചയെടുക്കും. അതിനു മുമ്പെ തടയാന്‍ കഴിയാത്ത രീതിയില്‍ വൈറസ് നാഡികളില്‍ കടന്നുകൂടി തലച്ചോറില്‍ വേഗം കയറിപ്പറ്റുന്നതുകൊണ്ടാണ് വക്‌സിനെടുത്ത ശേഷവും മരണം ഉണ്ടാവാവുന്നത്. ഇത്തരത്തില്‍ വേഗത്തില്‍ മരണം സംഭവിച്ച മിക്ക കേസുകളിലും മുഖത്ത് ആഴത്തിലുള്ള കടിയേറ്റിട്ടുണ്ട്. അപ്പോള്‍ വാക്‌സിന്‍ പലപ്രാപ്തിയെത്തുന്നതിനു മുമ്പ് തന്നെ വൈറസ് ബാധയുണ്ടായി എന്ന് വേണം കരുതാന്‍. അത് തടയാനാണ് പ്രാഥമിക നടപടികളെടുക്കുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് മുറിവ് സോപ്പു കൊണ്ട് കഴുകി വൃത്തിയാക്കുന്നത്. രണ്ടാമത് ആന്റി സിറം മുറിവില്‍ കുത്തിവെക്കുന്നതാണ്
മരിച്ച പന്ത്രണ്ടുകാരി കുട്ടിക്ക് ആന്റിസിറം കുത്തിവെച്ചിരുന്നോ?
ചെയ്തിട്ടുണ്ട് എന്നണറിയുന്നത്. അപ്പോള്‍ ആന്റിസിറത്തിന്റെ ഗുണനിലവാരം പരിശോധിക്കേണ്ടതുണ്ട്. പ്രാഥമിക ശുശൂശ്രഷയുടെ ഭാഗത്തു വല്ല പിഴവും പറ്റിയിട്ടുണ്ടോ, അതിന് പരിശീലനം കൂടുതല്‍ ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ മുഴുവനായും പരിശോധിക്കപ്പെടണം. ഇതിനെല്ലാറ്റിനും പുറമെ മുഖത്തുള്ള കടികളില്‍ ഇതെല്ലാം ചെയ്താലും രോഗബാധ ചിലപ്പോള്‍ പൂര്‍ണ്ണമായും തടയാന്‍ കഴിയണമെന്നില്ല
Also Read
കടിയേറ്റ് എത്ര സമയത്തിനുള്ളിലാണ് ആന്റിസിറം കുത്തിവെപ്പെടുക്കേണ്ടത്. കുറഞ്ഞ സമയത്തിനുള്ളില്‍ കുത്തിവെപ്പെടുക്കണമെങ്കില്‍ ആന്റിസിറം ലഭ്യത എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഉണ്ടാവേണ്ടതല്ലേ?
കടിയേറ്റ ഉടന്‍തന്നെ മുറിവ് നന്നായി സോപ്പിട്ട് കഴുകണം. ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആന്റിസിറം കുത്തിവെപ്പെടുക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്റി സിറം ലഭ്യത ഉറപ്പുവരുത്താന്‍ ആവണം. ഇതില്‍ സര്‍ക്കാര്‍ അവശ്യമായി ചെയ്യേണ്ട കാര്യമാണ് ആപ്പ് നിര്‍മ്മാണം. ഏതെല്ലാം ആശുപത്രികളില്‍ ആന്റിസിറം ലഭ്യമാണ് എന്നത് അപ്‌ഡേറ്റ് ചെയ്താല്‍ കടിയേറ്റയാളെ സിറം ലഭ്യമായ ആശുപത്രിയില്‍ വേഗം തന്നെ എത്തിക്കാനാവും. നാഡിയില്‍ വൈറസ് പിടിമുറുക്കുന്നതിന് മുമ്പ് തന്നെ സിറം കുത്തിവെപ്പെടുക്കേണ്ടതിനാല്‍ രോഗിയുമായി പായുന്നവരെ ഈ ആപ്പ് വളരെയേറെ സഹായിക്കും. ഓരോ ആശുപത്രിതോറും കയറിയിറങ്ങേണ്ട ആവശ്യം വരുന്നില്ല.
കടിയേല്‍ക്കുന്നത് മുഖത്താണെങ്കില്‍ മരണസാധ്യത കൂടുതലാണെന്നു നേരത്തെ പറഞ്ഞല്ലോ. വിശദീകരിക്കാമോ?
മുഖത്തും കൈപ്പത്തിയിലും ഒരുപാട് നാഡികളുണ്ട്. നാഡികളില്‍ വൈറസ് പിടിച്ചു കഴിഞ്ഞാല്‍ അത് നാഡികളില്‍ കൂടി സഞ്ചിച്ചാണ് തലച്ചോറിലെത്തുക. കൈയിലും മുഖത്തുമാണ് കടിയേല്‍ക്കുന്നതെങ്കില്‍ ആ വൈറസ് വളരെ പെട്ടെന്ന് തന്നെ തലച്ചോറിലെത്തും. കാലിന്റെ അറ്റത്തുള്ള കടിയാണെങ്കില്‍ വൈറസ് സഞ്ചരിച്ച് തലച്ചോറിലെത്താന്‍ കൂടുതല്‍ സമയമെടുക്കും.
മുഖത്താണു കടിയേറ്റതെങ്കിൽ എത്ര സമയത്തിനുള്ളില്‍ വൈറസ് തലച്ചോറിൽ എത്തും?
ഒരാഴ്ച്ചക്കുള്ളില്‍ തന്നെ എത്തും. മിനിമം റെക്കോഡ് ചെയ്ത സമയം നാലഞ്ച് ദിവസമാണ്. നാഡിയില്‍ പിടിച്ചു കഴിഞ്ഞാല്‍ പിന്നീട് ഒന്നും ചെയ്യാനാവില്ല. വാക്‌സിന് ഫലപ്രാപ്തിയുണ്ടാവില്ല. കടിയേറ്റാല്‍ ആ ഉമിനീരില്‍ വൈറസ് ഉണ്ടാവും. ആ വൈറസ് നാഡിയില്‍ പിടിമുറുക്കുന്നതിന് മുമ്പ് പരമാവധി വൈറസിനെ നശിപ്പിക്കുക എന്നതാണ് പ്രാഥമികമായി നമ്മള്‍ ചെയ്യേണ്ടത്. ഇവിടെയാണ് മുറിവേറ്റ ഭാഗം സോപ്പിട്ട് കഴുകുന്നതിന് ഇത്രയധികം പ്രാധാന്യമുള്ളത്. വൈറസിനെ നശിപ്പിക്കാനാണ് പ്രാഥമിക ശുശ്രൂഷയുടെ ഭാഗമായി 15 മിനുട്ട് സോപ്പിട്ട് കഴുകണം എന്ന് പറയുന്നത്.
.jpg?$p=ac27ebd&&q=0.8)
തെരുവുനായകൾ ഏറ്റവുംമധികം കടിക്കാന്‍ സാധ്യതയുള്ള സ്ഥലമല്ലേ മുഖം. അങ്ങിനെ വരുമ്പോള്‍ റാബീസിനെ ഫലപ്രദമായി തടയാന്‍ ശാസ്ത്രം വളര്‍ന്നിട്ടില്ല എന്ന് പറയുന്നതില്‍ തെറ്റുണ്ടോ?
മുഖത്ത് കടിക്കുള്ള സാധ്യത വരുന്നത് താഴെ വീഴുമ്പോഴാണ്. കുട്ടികളാവുമ്പോഴും മുഖത്തു കടിയേൽക്കാൻ സാധ്യതയുണ്ട്. മനുഷ്യന്റെ മുഖം തലച്ചോറിന് വളരെ അടുത്തായിപ്പോയി. അതിന് ശാസ്ത്രത്തെ കുറ്റം പറയാന്‍ പറ്റുമോ?
ആന്റി വാക്‌സിന്‍ പ്രചാരണം കൊറോണക്കാലത്ത് ഉണ്ടായിട്ടുണ്ടല്ലോ. റാബീസ് മരണങ്ങള്‍ കൂടിയ ശേഷം വീണ്ടും അത്തരത്തിലുള്ള പ്രചാരണം കൂടിയിട്ടുണ്ട്. റാബീസിനെ പിടിച്ചുകെട്ടാന്‍ നിലവിലെ വാക്‌സിന്‍ ഫലപ്രദമല്ലെന്ന തരത്തില്‍ . അതേകുറിച്ചെന്താണ് പറയാനുള്ളത്?
വാക്‌സിന് ഗുണനിലവാരമില്ല എന്നാണ് ആന്റി വാക്‌സിന്‍ ആളുകള്‍ ഇപ്പോള്‍ പറയുന്നത്. വാക്‌സിന്‍ ഫലിക്കില്ലെന്ന് നേരത്തെ തന്നെ പറഞ്ഞവര്‍ ഇനി ഗുണനിലവാരത്തെ കുറിച്ച് പറയുന്നതില്‍ അര്‍ഥമില്ല. പേവിഷ മരണവാർത്തകൾ ആദ്യം കേട്ടപ്പോള്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നു വാക്‌സിന്‍ ഫലപ്രദമാണോ എന്ന കാര്യത്തില്‍. പക്ഷെ, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ വാക്‌സിനെടുത്തവരെല്ലാം പെട്ടെന്ന് തന്നെ മരണം സംഭവിച്ചവരാണെന്നുള്ളതുകൊണ്ടു തന്നെ വാക്‌സിന്‍ ഫലപ്രദമല്ലെന്ന വാദം പ്രാഥമികമായി തന്നെ തള്ളിക്കളയുന്നുണ്ട്. മാത്രവുമല്ല, പത്തനംതിട്ടയില്‍ മരിച്ച പെണ്‍കുട്ടിയുടെ രക്തവും സ്‌പൈനല്‍ ഫ്ലൂയിഡും പരിശോധിച്ചതില്‍ ഉയർന്ന രീതിയിലുള്ള ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനര്‍ഥം വാക്‌സിന്‍ ഫലിച്ചെന്നാണ്. നിര്‍ഭാഗ്യവശാല്‍ വാക്‌സിന്റെ ആന്റിബോഡി ഉണ്ടാകുന്നതിനു മുമ്പുതന്നെ വൈറസ് നാഡിയില്‍ പിടിച്ചു എന്നാണ് മനസ്സിലാക്കാനാവുന്നത്. വാക്‌സിന്‍ ഫലിക്കുന്നുണ്ട്. പക്ഷെ, മരണം സംഭവിക്കുന്നത് മുഖത്ത് കടിയേറ്റതു കൊണ്ടാണ്. പ്രാഥമിക ശുശ്രൂഷയില്‍ പിഴവ് പറ്റിയിട്ടുണ്ടോ, സിറത്തിന്റെ ഗുണ നിലവാരം എന്നിവ ഇനി പരിശോധനാ വിധേയമാക്കേണ്ടതുണ്ട്. മാത്രവുമല്ല, മൂന്ന് ഡോസ് വാക്‌സിനെടുത്തിട്ടും കുട്ടി മരിച്ചു എന്ന തലക്കെട്ടിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലും വരുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. വാക്‌സിന്‍ വിശ്വാസ്യത നഷ്ടപ്പെടുത്തും അത്തരത്തിലുള്ള വാര്‍ത്തകള്‍. ഉത്തരവാദിത്വ മാധ്യമപ്രവർത്തനം വേണ്ട മേഖലയാണിത്. അത്തരം തെറ്റായ വിവരങ്ങള്‍ നല്‍കിയ ശേഷം പിന്നീടാണ് മുഖത്തേറ്റ കടിയാണ് മരണത്തിലേക്ക് നയിച്ചതെന്നും അല്ലാതെ വാക്‌സിന്‍ പരാജയമല്ലെന്നുള്ള അറിവ് ജനങ്ങളിലേക്കെത്തുന്നത്. അപ്പോഴേക്കും വാക്‌സിന്‍ വിരുദ്ധത ലോകം ചുറ്റി സഞ്ചരിച്ചിരിക്കും.
രോഗബാധയുണ്ടായ ശേഷം രക്ഷപ്പെട്ട കേസുകള്‍ മെഡിക്കല്‍ ചരിത്രത്തിലുണ്ടോ?
ഒന്നോ രണ്ടോ. പ്രാക്ടിക്കലി നൂറു ശതമാനമാണ് മരണം.
നായ്ക്കളെ വന്ധ്യംകരിക്കലും അവയുടെ അക്രമസ്വഭാവവും തമ്മില്‍ എന്തെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ടോ?
അങ്ങനെ യാതൊരു തെളിവുമില്ല. വന്ധ്യംകരിച്ച നായ്ക്കള്‍ വളരെ കുറച്ചേ ഉള്ളൂ. ഭീകരമായി ആക്രമിച്ച നായ്ക്കള്‍ വന്ധ്യംകരിച്ചവ ആയിക്കൊള്ളണമെന്നില്ല.
കോവിഡും ലോക്ക്ഡൗണും ഉയര്‍ത്തിയ സ്വൈര്യവിഹാര സാഹചര്യമാണോ ഇത്രയേറെ തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിപ്പിച്ചത്?
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവയുടെ എണ്ണം ക്രമാതീതമായി ഉയരുന്നുണ്ട്. ഇതു കോവിഡിനു മുമ്പ് തന്നെ തുടങ്ങിയിട്ടുണ്ട്. കോവിഡും ലോക്ക്ഡൗണും അതിന് സഹായിച്ചിരിക്കാം. പക്ഷെ, കോവിഡല്ല പ്രധാന കാരണം. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളുടെ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണ്. മുമ്പുള്ളതുപോലെ നായ്ക്കളെ നീക്കം ചെയ്യാനുള്ള അവകാശം അവർക്ക് ഇപ്പോഴില്ല. കോടതി ഇടപെടലോടെയാണ് ഇത് സംഭവിച്ചത്. കോടതി ഇടപെടലിനുള്ള കാരണം മനേക ഗാന്ധിയും കൂട്ടരുമാണ്. ഇതോടെ എണ്ണം പെരുകി. ഇത്രയും കൂടുതൽ എണ്ണത്തിനെ എങ്ങനെ വന്ധ്യംകരിക്കാനാണ്? ഇനി വന്ധ്യംകരിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ ഇവയെ എങ്ങെനെ പിടിക്കും? വന്ധ്യംകരിച്ചാല്‍ മതി എന്ന് പറയാനെളുപ്പമാണ്. നായ്ക്കളെ പിടിക്കാന്‍ പോലും ആള്‍ക്കാരില്ല എന്നതാണ് വസ്തുത. മൃഗസ്‌നേഹികള്‍ പോയി പിടിച്ചുകൊടുക്കുമോ?
ഒന്നാമത് തെരുവില്‍ ജീവിക്കേണ്ട ജീവികളല്ല നായകള്‍. ആ ബോധ്യം മനുഷ്യര്‍ക്കുണ്ടാകണം. അവയെ നീക്കം ചെയ്യണം. എണ്ണം പെരുകിയാൽ ദയാവധം ചെയ്യേണ്ടതായി വരും. യൂറോപ്പ് അടക്കമുള്ള രാജ്യങ്ങള്‍ ദയാവധം ചെയ്യുന്നുണ്ട്. അമേരിക്കയിലായാലും യൂറോപ്പിലായാലും തെരുവുനായകളെയും വളര്‍ത്തു നായ്ക്കളെയും ദയാവധത്തിനു വിധേയമാക്കുന്നുണ്ട്. അടുത്ത വീട്ടിലെ നായ കുരച്ച് ശല്യമുണ്ടാക്കുന്നു എന്ന് ഒരാൾ പരാതി പറഞ്ഞാൽ അത് ഉടമയുടെ ഉത്തരവാദിത്വമാണ്. ശല്യം തുടര്‍ന്നാല്‍ പിടിച്ചു കൊണ്ടുപോയി ദയാവധത്തിനു വിധേയമാക്കും. വേട്ടയാടി പ്രാകൃതമായി കൊല്ലുകയോ ദ്രോഹിക്കുകയോ ചെയ്യരുത്. പക്ഷെ, എണ്ണം നിയന്ത്രിക്കണം. അതിന് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. ഒരു ഘട്ടം വരെ അംഗസംഖ്യ കുറച്ചു കൊണ്ടുവന്നാല്‍ ബാക്കിയുള്ള തെരുവുനായകളെ പാര്‍പ്പിക്കനൊക്കെ പറ്റും.
ഇപ്പോഴുള്ള എല്ലാ തെരുവുനായകളെയും എങ്ങനെ പാർപ്പിക്കും? അതിൽ പ്രായോഗിക സമീപനം വേണ്ടേ? അങ്ങനൊരു സെന്റർ തുടങ്ങാൻ പരിസരത്തെ നാട്ടുകാർ സമ്മതിക്കുമോ? മൃഗസ്‌നേഹികള്‍ എല്ലാത്തിനെയും വളച്ചൊടിക്കുകയാണ്. കുടുംബശ്രീക്കാര്‍ പണ്ട് വന്ധ്യംകരണമൊക്കെ ചെയ്തിരുന്നു. അതും കോടതിയില്‍ പോയി മൃഗസ്നേഹികൾ തടഞ്ഞു. കുടുംബശ്രീ ചെയ്തതുകൊണ്ട് കുടല്‍ പുറത്തുചാടി എന്നൊക്കെ പറഞ്ഞ് ഫോട്ടോ കാണിച്ച് വിധി സമ്പാദിക്കുകയായിരുന്നു.
നിയന്ത്രണവിധേയമായി തന്നെ നായകളെ കൊല്ലണം എന്ന് കഴിഞ്ഞ ദിവസം ജസ്റ്റിസ് സിരിജഗന്‍ പറയുകയുണ്ടായി. അതേസമയം എല്ലാറ്റിനെയും കൊല്ലുന്നത് പരിസ്ഥിതി പ്രശ്‌നമുണ്ടാക്കും. 80-കളില്‍ സൂററ്റില്‍ ഇത്തരത്തില്‍ നായ്ക്കളെ കൊന്നൊടുക്കിയത് എലികളുടെ എണ്ണം വർധിക്കുന്നതിന് ഇടയാക്കിയെന്നും പ്ലേഗ് പരത്തിയെന്നും പറയുന്നുണ്ട്?
സൂററ്റില്‍ തെരുവുനായകളെ കൊന്നിരുന്നു. പ്ലേഗ് പരന്നത് അതുകൊണ്ടാണെന്ന് തീര്‍ത്ത് പറയാനാവില്ല. അതിന് തെളിവില്ല. പക്ഷെ, അതില്‍ കാര്യവുമുണ്ട്. തെരുവുനായ വളരുന്നത് മാലിന്യലഭ്യത കൊണ്ടാണ്. മാംസക്കടകള്‍, ഹോട്ടലുകള്‍, മീന്‍ വേസ്റ്റ്, മനുഷ്യർ കൊണ്ടു കൊടുക്കുന്നു. ആ രീതിയില്‍ ജീവിക്കാനും വളരാനും അനുകൂലമായ ഇക്കോസിസ്റ്റം തെരുവില്‍ രൂപപ്പെട്ടിട്ടുണ്ട്. നാളെ എല്ലാ നായ്ക്കളെയും വെടിവെച്ച് കൊന്നു എന്നിരിക്കട്ടെ, അപ്പോ എലികളും മറ്റ് ക്ഷുദ്രജീവികളുമാകും പെരുകുന്നത്. അതുകൊണ്ട് പ്ലേഗ് വരണമെന്നില്ല. എലിശല്യം കൂടും. ഇക്കോസിസറ്റത്തിനെ ഇല്ലാതാക്കുന്നത് ഒപ്പം ചെയ്യേണ്ടതാണ്. ഭക്ഷണം തെരുവില്‍ മറ്റ് ജീവികള്‍ക്ക് ലഭ്യമാകും വിധം വലിച്ചെറിയുന്നത് ഇല്ലാതാകണം.അതിന് കടുത്ത ശിക്ഷകള്‍ ഉണ്ടാവണം. എന്നാലെ നായ്ക്കളെ കൊന്നാലും പ്രയോജനമുണ്ടാവൂ
വര്‍ധനവിന് അനുസരിച്ച് മറ്റു ജീവികളെ കൊന്നൊടുക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോൾ തന്നെ ജനസംഖ്യാ വര്‍ധനവിനെതിരേ മനുഷ്യരും ഉത്തരവാദിത്വ ബോധത്തോടെ പെരുമാറേണ്ടതല്ലേ?
ജനസംഖ്യാ വര്‍ധനവല്ല, കേരളത്തില്‍ റീപ്ലേസ്‌മെന്റ് പോപ്പുലേഷന്‍ വരെ എത്തി. നഗരവത്കരണം കൂടുതല്‍ ജനപ്പെരുപ്പം ഉണ്ടാക്കുന്നു. നഗരവത്കരണത്തിന് അനുസൃതമായുള്ള സംവിധാനം ഉണ്ടാവണം. മനുഷ്യര്‍ കൂട്ടം കൂടി താമസിക്കുന്ന ഇടങ്ങളില്‍ മാലിന്യമുണ്ടാവും. ലോകത്തിലുള്ള മുഴുവന്‍ നഗരങ്ങളിലും സീവേജ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ, കേരളത്തില്‍ വന്നാല്‍ പിറ്റേന്നു സമരം തുടങ്ങും. മാലിന്യം ഇഷ്ടം പോലെ വലിച്ചെറിയും പക്ഷെ, സംസ്‌കരിക്കാനും പാടില്ല. ഈ മനോഭാവം തെറ്റാണെന്ന ബോധം സൃഷ്ടിക്കാനാവണം. ഇത്തരം പ്രാദേശിക സമരങ്ങള്‍ എവിടെയുണ്ടായാലും അതിനൊപ്പമാണ് സര്‍വ്വരും നില്‍ക്കുന്നത്. ഇതെന്തോ വലിയ ആക്ടിവിസമാണെന്നാണ് പരിസ്ഥിതിവാദികള്‍ കരുതുന്നത്. ഇത് പരിസ്ഥിതി ദ്രോഹമാണ്. അതേസമയം, മാലിന്യം വലിച്ചെറിയുന്നതില്‍ വിട്ടുവീഴ്ചയുമില്ല. ബോധവത്കരണവുമില്ല. പൊതുജനാരോഗ്യ നിയമപ്രകാരം കര്‍ശനമായ നടപടകള്‍ എടുക്കണം. വിദേശ രാജ്യങ്ങള്‍ ഇത്തരം കുറ്റങ്ങള്‍ക്ക് തടവുശിക്ഷയാണ് നല്‍കുന്നത്.
Content Highlights: Dr KP Aravindan Interview, stray dog bites,effectiveness of rabies vaccine,social,mathrubhumi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..