മൂത്രമൊഴിക്കുമ്പോള്‍ പോലും കടുത്തവേദന, ഇനിയൊരു സർജറി താങ്ങുന്നതെങ്ങനെ?- ട്രാന്‍സ് വനിത ഹെയ്ദി


By വീണ ചിറക്കൽ(veenacr@mpp.co.in)

5 min read
Read later
Print
Share

ഹെയ്ദി സാദിയ | Photos: facebook.com/saadiya.sanam

ട്രാൻസ്ജെൻഡർ സമൂഹത്തിനിടയിലെ സർജറികൾ നിരന്തരം ചർച്ചകളിൽ നിറയാറുണ്ട്. അവനവൻ ആ​ഗ്രഹിക്കുന്ന സ്വത്വത്തിലേക്കുള്ള ട്രാൻസ് സമൂഹത്തിന്റെ ചേക്കേറൽ അത്ര എളുപ്പവുമല്ല. സർജറി പരാജയപ്പെട്ടതിനെക്കുറിച്ചും വിഷാദത്തിലേക്ക് വീണുപോയതിനെക്കുറിച്ചുമൊക്കെ
പലരും അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. നേരത്തേ അനന്യ എന്ന ട്രാൻസ് വനിതയുടെ മരണം സർജറി പരാജയപ്പെട്ടതിനാൽ ആണെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ കേരളത്തിലെ ആദ്യട്രാൻസ് മാധ്യമ പ്രവർത്തക കൂടിയായ ഹെയ്ദി സാദിയയ്ക്കും സമാന അനുഭവമാണ് പങ്കുവെക്കാനുള്ളത്. അതികഠിനമായ വേദന നിറഞ്ഞ സർജറിക്കപ്പുറം സ്ത്രീയായി മാറിയതിന്റെ ആനന്ദത്തിൽ ജീവിച്ച ഹെയ്ദിക്ക് വർഷങ്ങൾക്കിപ്പുറം സർജറി പരാജയപ്പെട്ട അനുഭവമാണ് പങ്കുവെക്കാനുള്ളത്. ഏഴുവർഷം മുമ്പ് നടന്ന സർജറിക്കുശേഷം സന്തോഷത്തോടെ ജീവിതം നയിച്ച ഹെയ്ദിയുടെ ഇപ്പോഴത്തെ നാളുകൾ നരകതുല്യമായ വേദനയുടേതാണ്. മൂത്രമൊഴിക്കുമ്പോൾ പോലും അസഹ്യമായ വേദനയാണ് സഹിക്കേണ്ടി വരുന്നതെന്ന് ഹെയ്ദി പറയുന്നു. മാതൃഭൂമി ഡോട്ട്കോമിനോട് മനസ്സു തുറക്കുകയാണ് ഹെയ്ദി സാദിയ.

സർജറി നടന്നത് എത്രവര്‍ഷം മുമ്പായിരുന്നു? സർജറി പരാജയപ്പെട്ടതിന്റെ പ്രശ്നങ്ങൾ അനുഭവിച്ചു തുടങ്ങിയത് എപ്പോൾ മുതലാണ്?

ഏഴുവർഷം മുമ്പാണ് സർജറി നടക്കുന്നത്. ആ കാലഘട്ടത്തിൽ ഇത്രയും സൗകര്യങ്ങളുണ്ടായിരുന്നില്ല. ബെം​ഗളൂരുവിൽ വളരെ അശാസ്ത്രീയമായി സർജറി നടക്കുന്നിടത്താണ് എന്റേത് കഴിഞ്ഞത്. ഇപ്പോൾ ആ സ്ഥലം തന്നെ പൂട്ടിപ്പോയി. ഗോവണിക്കു കീഴെ ബാത്റൂമിന് അരികിലുള്ള ചെറിയൊരു സ്ഥലമായിരുന്നു അത്. പഴയ ഫർണിച്ചറൊക്കെ അട്ടിയായി കൂട്ടിയിട്ടിരുന്ന ആ സ്ഥലത്തുവച്ചാണ് എന്റെ സർജറി കഴിഞ്ഞത്. മൂന്നുമണിക്കൂർ നീണ്ട സർജറി പൂര്‍ത്തിയായി അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും എന്നോട് അവിടെ നിന്നും പോകാനും പറഞ്ഞു. ട്യൂബും കയ്യിൽ പിടിച്ചാണ് കേരളത്തിലേക്ക് രണ്ടു ട്രെയിൻ മാറിക്കയറി വരുന്നത്. അന്ന് സർജറി എങ്ങനെയെങ്കിലും നടക്കണം എന്നതായിരുന്നു പ്രധാനം. ഒപ്പം ചെലവും കുറവായിരുന്നു. എനിക്ക് സർജറി ചെയ്ത ഡോക്ടറും ഇന്ന് ജീവിച്ചിരിപ്പില്ല, ആ ആശുപത്രിയും ഇല്ല. സർജറിക്കുശേഷമുള്ള കുറച്ചുകാലം വലിയ കുഴപ്പമില്ലാതെ പോയതായിരുന്നു. പക്ഷേ അടുത്തിടെ വജൈനൽ ‍ഡിസ്ചാർജ് കൂടി ഒപ്പം ഭയങ്കര വേദനയും തുടങ്ങി. ഒരുവർഷത്തോളമായി വേദന അനുഭവിക്കുകയാണ്. നിലവിൽ വേദനയ്ക്കുള്ള ഇൻജെക്ഷൻ എടുത്തും മരുന്നു കഴിച്ചുമൊക്കെയാണ് വേദനയെ മറികടക്കുന്നത്.

മറ്റെന്തെല്ലാം സങ്കീർണതകളാണ് അനുഭവിക്കുന്നത്? കറക്ഷൻ സർജറി മാത്രമാണോ ഈ അവസ്ഥയ്ക്ക് പരിഹാരം?

വജൈനോപ്ലാസ്റ്റി എന്ന പ്രധാന സർജറിയാണ് ചെയ്തത്. തൈറോയ്ഡ് പ്രശ്നവും വണ്ണം വെക്കുന്നതുമൊക്കെ എന്റെ അവസ്ഥയ്ക്ക് ആക്കം കൂട്ടി. മൂത്രമൊഴിക്കുമ്പോൾ പോലും കടുത്ത വേദനയാണ്. മൂത്രം ഒഴിക്കണമെങ്കിൽ യുറേത്രയുടെ ഭാ​ഗത്ത് വിരലുകൾ വച്ച് അമർത്തിപ്പിടിക്കേണ്ട അവസ്ഥയാണ്, എന്നാലേ മൂത്രം പോവുകയുള്ളു. നീറ്റലും പുകച്ചിലുമൊക്കെ കൂടുതലാണ്. യാത്ര ചെയ്യുമ്പോൾ മൂത്രം പിടിച്ചുവെക്കുന്നതൊക്കെ വീണ്ടും ബുദ്ധിമുട്ടുണ്ടാക്കും. കറക്ഷൻ സർജറി ചെയ്താൽ മാത്രമേ അവസ്ഥയ്ക്ക് മാറ്റമുണ്ടാകൂ എന്നാണ് ഒരു ഡോക്ടറെ കണ്ടപ്പോൾ പറഞ്ഞത്. വീണ്ടും വേദന നിറഞ്ഞ സർജറി കാലത്തിലൂടെ കടന്നുപോകേണ്ടി വരുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല. അതുമാത്രമല്ല സർജറി കഴിഞ്ഞാൽ ഒരുമാസത്തോളം കൃത്യമായ വിശ്രമവും വേണം. മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന എനിക്ക് നിലവിലെ സാഹചര്യത്തിൽ അത്തരത്തിലൊരു നീണ്ട ഇടവേള എടുക്കുക ഇപ്പോൾ പ്രായോഗികമല്ല.

വാര്‍ത്തകള്‍ക്കപ്പുറം അറിയാം വായിക്കാം വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ

സർജറി ഘട്ടത്തിലേക്ക് കടക്കും മുമ്പ് കൃത്യമായ കൗൺസിലിങ്ങുകളും ഹോർമോൺ ചികിത്സയും നടക്കണമെന്നുണ്ട്. ഹെയ്ദിയുടെ കാര്യത്തിൽ അതെല്ലാം കൃത്യമായി നടന്നിരുന്നോ?

സർജറിയുടെ സങ്കീർണാവസ്ഥകളെക്കുറിച്ച് ഇപ്പോൾ പലരും ഇപ്പോൾ തുറന്നുപറയാൻ തയ്യാറാകുന്നുണ്ട്. പക്ഷേ പറയാൻ തയ്യാറാകാത്തവരും ഏറെയാണ്. പലരുടെയും ശരീരത്തിന്റെ അവസ്ഥ പലതായതുകൊണ്ടുതന്നെ റിസൽട്ടും വ്യത്യസ്തമായിരിക്കും. പക്ഷേ എല്ലാവർക്കും സങ്കീർണമാകണം എന്നില്ല. എന്നാൽ സങ്കീർണമാകുന്നവരുടെ അവസ്ഥ വളരെ ദുരിതപൂർണമാണ്.

ഞാൻ സർജറി ചെയ്ത സമയത്ത് കൃത്യമായ കൗൺസിലിങ്ങോ ഹോർമോൺ ട്രീറ്റ്മെന്റോ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് സർജറി ചെയ്യണം എന്നു തീരുമാനിക്കുന്നു, നാളെ പോയി ചെയ്യുന്നു എന്നതായിരുന്നു എന്റെ കാര്യത്തിൽ നടന്നത്. അന്ന് മതിയായ അവബോധം കേരളത്തിലുൾപ്പെടെ ഉണ്ടായിരുന്നില്ല. ട്രാൻസ്ജെൻഡർ സർജറികൾ അന്ന് കേരളത്തിൽ നടക്കുന്നേ ഇല്ലായിരുന്നു. ഹോർമോൺ ട്രീറ്റ്മെന്റ് ഒക്കെ പലരും പറഞ്ഞതുകേട്ട് മരുന്നുകൾ വാങ്ങി കഴിക്കുകയും ഇൻഞ്ചെക്ഷൻ എടുക്കുകയുമൊക്കെ ചെയ്യുന്ന രീതിയായിരുന്നു. കേരളത്തിൽ ഈ മേഖല വികസിച്ചതിനുശേഷമാണ് കൗൺസിലിങ്ങും ഹോർമോൺ ചികിത്സയുമൊക്കെ എടുക്കുന്നത്. നിലവിൽ കേരളത്തിൽ നടക്കുന്ന സർജറികൾക്ക് ധനസഹായമൊക്കെ ലഭിക്കുന്നുണ്ട്. പക്ഷേ സർജറികൾ ശാസ്ത്രീയമല്ലാതിരിക്കുമ്പോൾ വീണ്ടും ശരീരം കീറിമുറിക്കേണ്ട അവസ്ഥയാണ്.

സർജറിയുടെ പേരിൽ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ച് നിരന്തരം വാർത്തകൾ വരാറുണ്ട്. പക്ഷേ ഇപ്പോഴും അവ തുടർന്നുകൊണ്ടിരിക്കുന്നു. ആ​ഗ്രഹിക്കുന്ന ശരീരത്തിലേക്ക് മാറാൻ ഈ സമൂഹത്തിൽ നേരിടേണ്ടി വരുന്ന ചൂഷണങ്ങളെക്കുറിച്ച്?

എല്ലാ കാര്യങ്ങളിലും മാനസികമായും ശാരീരികമായും വൈകാരികമായുമൊക്കെ കഷ്ടപ്പെടുന്ന വിഭാഗമാണ് ഞങ്ങളുടേത്. ഇപ്പോഴും ഒരു തുല്യസ്ഥാനം എവിടെയും കിട്ടുന്നില്ല. മറ്റുള്ളവർ എത്ര പരിശ്രമിക്കുന്നോ അതിന്റെ ഇരട്ടി പരിശ്രമിച്ചാൽ മാത്രമേ ഞങ്ങൾക്ക് ഇടം ലഭിക്കുകയുള്ളൂ. ഒരു വീടിന് കൊടുക്കുന്ന വാടകയിൽ തുടങ്ങുന്നുണ്ട് വേർതിരിവുകൾ. അത്തരത്തിൽ ദുരിതം അനുഭവിക്കുന്ന ഒരു സമൂഹത്തെ വീണ്ടും സർജറിയുടെ പേരിൽ ചൂഷണം ചെയ്യുന്നവരോട് എന്താണ് പറയേണ്ടത് എന്നറിയില്ല. സർക്കാരിന്റെ ഭാഗത്തു നിന്ന് കൃത്യമായ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്. അനന്യ ചേച്ചിയുടെ മരണത്തിനുശേഷം മാറ്റങ്ങളൊക്കെ കാണുന്നുണ്ട്. പക്ഷേ എങ്കിലും സർജറി പരാജയങ്ങളൊക്കെ തുറന്നു പറയാൻ പോലും മടിച്ച് ട്രോമയിൽ കഴിയുന്നവരുണ്ട്. ഞാനുൾപ്പെടെ ഇക്കാര്യം തുറന്നുപറയാൻ ഏറെ സമയമെടുത്തു. എന്റെ തുറന്നുപറച്ചിലിനുശേഷം നിരവധിപേർ ഇതേ സാഹചര്യത്തിലൂടെ കടന്നുപോകുന്നുണ്ട് എന്നു പറഞ്ഞിരുന്നു. ചിലരുടെ അവസ്ഥയൊക്കെ എന്നേക്കാൾ കഷ്ടമാണ്. പ്രത്യേകിച്ച് സെക്സ് വർക്കിലൂടെയൊക്കെ വരുമാനം കണ്ടെത്തുന്നവർക്ക് ദുരിതകാലമാണ്.

സർജറിയുടെ പരാജയത്തെ തുടർന്നുണ്ടായ വിഷാദമാണ് അനന്യ എന്ന ട്രാൻസ് വനിതയുടെ ആത്മഹത്യക്കു പിന്നിലെന്ന് പുറത്തുവന്നിരുന്നു. സർജറി പരാജയങ്ങൾ തുടരെയുണ്ടാകുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഭാ​ഗത്തുനിന്ന് എന്തുതരം ഇടപെടലാണ് ഉണ്ടാകേണ്ടത്?

സർജറിയിൽ ഒട്ടും സംതൃപ്തയല്ല എന്നും ഭയങ്കര വേദനയാണ് എന്നുമൊക്കെ അനന്യ ചേച്ചി എപ്പോഴും പറയുമായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പുവരെ റീസർജറി ചെയ്യുന്നതിനെക്കുറിച്ച് പറയുമായിരുന്നു. അതിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്. ജീവിതത്തിൽ അത്ര പ്രിവിലേജ് ഉള്ളവർ അല്ലാത്തതുകൊണ്ട് അതിജീവിക്കൽ ബുദ്ധിമുട്ടായിരിക്കും. വളരെ ദുഷ്കരമായിരുന്നു ചേച്ചിയുടെ അവസ്ഥ, നേരിട്ട് കണ്ടിട്ടുളളതാണ്. വജൈനൽ ഡിസ്ചാർജ് ഉള്ളതുകൊണ്ട് ഇടയ്ക്കിടെ പാഡ് വെക്കേണ്ടി വരുന്നതൊക്കെ ചേച്ചി വിഷമത്തോടെ പറഞ്ഞിരുന്നു. അന്നൊന്നും ഞാൻ എനിക്കും സമാന അവസ്ഥ വരുമെന്ന് കരുതിയിരുന്നില്ല.

ചിട്ടയോടെയുള്ള ഒരു സിസ്റ്റമാണ് ഇതിനുണ്ടാകേണ്ടത്. അടിയന്തരമായി ഇത്തരം റീസർജറി അവസ്ഥകളൊക്കെ വരുമ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകേണ്ടത് അനിവാര്യമാണ്. സർക്കാർ ആശുപത്രികളിലും മറ്റും ഇതിനുള്ള പരിഹാരം ലഭിക്കുന്ന അവസ്ഥ ഉണ്ടാക്കിയെടുക്കണം. ഇപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പനിയോ സർജറിക്കുശേഷമുള്ള എന്തെങ്കിലും സങ്കീർണാവസ്ഥകളോ ഒക്കെയായി സാധാരണ ആശുപത്രിയിൽ പോയാൽ ഇപ്പോഴും അതിശയത്തോടെ നോക്കുന്നവരുണ്ട്. അവർക്കെല്ലാം മതിയായ അവബോധം നൽകി, ട്രാൻസ് സമൂഹത്തിന് അനുകൂലമായ അന്തരീക്ഷം ഒരിക്കലും പ്രധാനമാണ്.

ഹെയ്ദി അനന്യക്കൊപ്പം

ട്രാൻസിന് തുല്യ സ്ഥാനം കൊടുക്കുക, അവർക്കും ഒരിടം നൽകുക എന്നതാണ് പ്രധാനം. എത്രയൊക്കെ പുരോഗമനം പറയുമ്പോഴും ഇപ്പോഴും ട്രാൻസ് വ്യക്തികളെ മാറ്റിനിർത്തുന്നവർ നിരവധിയുണ്ട്. പുരോഗമനം പറയുന്ന പലയാളുകളിൽ നിന്നും വേർതിരിവുകൾ നേരിട്ടിട്ടുണ്ട്. കുടുംബത്തിന്റെ പിന്തുണയില്ലാതെ കമ്മ്യൂണിറ്റിയിൽ മാത്രം സ്നേഹം കണ്ടെത്തി ജീവിക്കുന്നവരെ കൂടി അംഗീകരിക്കാൻ പഠിക്കണം. അവരെ ഒരു മനുഷ്യരായി കണ്ടാൽ മതി. പലർക്കും ഇപ്പോഴും ട്രാൻസ് സമൂഹം എന്നത് ഒരു അത്ഭുതമാണ്.

അടുത്തിടെ സഹദ്-സിയ ട്രാൻസ് ദമ്പതികൾക്ക് കുഞ്ഞുപിറന്ന വാർത്ത പുറത്തുവന്നിരുന്നല്ലോ. സന്തോഷകരമായ ആ വാർത്തയിലും വിമർശനവുമായി എത്തിയവർ നിരവധിയുണ്ടായിരുന്നു. പ്രസവിക്കാൻ ആയിരുന്നെങ്കിൽ ട്രാൻസ്മെൻ ആയതെന്തിന് എന്നുവരെ ചോദ്യങ്ങൾ ഉന്നയിച്ചവരുണ്ട്. അത്തരക്കാരോട് പറയാനുള്ളത്?

സഹദ് എന്ന മനുഷ്യൻ, ആണോ പെണ്ണോ ട്രാൻസോ ആവട്ടെ. ആ വ്യക്തിയുടെ ശരീരത്തിൽ കടന്നുപോയത് ഒരു വലിയ ബയോളജിക്കൽ പ്രക്രിയയാണ്. നിരന്തരം അവരെ ബുള്ളിയിങ് നടത്തുന്നത് ആ വ്യക്തിയോട് കാണിക്കുന്ന അനീതിയാണ്. അവരുടെ ശാരീരികാവസ്ഥ പരിഗണിക്കേണ്ടതുണ്ട്. സാധാരണ പ്രസവത്തിൽപ്പോലും പ്രസവാനന്തര വിഷാദരോ​ഗം കണ്ടുവരുന്നുണ്ട്. ആ സാഹചര്യത്തിൽ നിരവധി വെല്ലുവിളികളിലൂടെ കടന്നുപോയ സഹദിന്റെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. ഇങ്ങനെ ക്രൂശിക്കുന്നതിന് മുമ്പ് ആ വ്യക്തിയുടെ മാനസികാവസ്ഥയെ ഒന്ന് ബഹുമാനിക്കൂ എന്നാണ് പറയാനുള്ളത്.

സഹദും സിയയും

സിയയും പങ്കാളിക്കുവേണ്ടി പൊരുതിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഒരുഘട്ടം കഴിയുമ്പോൾ ആ വ്യക്തിയും തളരും. ആ കുഞ്ഞിനെ സമൂഹത്തിൽ നല്ലരീതിയിൽ വളർത്താൻ അവരെ ഏതുരീതിയിൽ പിന്തുണയ്ക്കാനാവും എന്നതിനെക്കുറിച്ചാണ് നാം സംസാരിക്കേണ്ടത്. അതിനുള്ള ഇടം അവർക്കൊരുക്കണം. അവർ രണ്ടുപേരുടെയും മാനസികവും ശാരീരികവുമായ അവസ്ഥയെങ്കിലും പരിഗണിക്കേണ്ടതാണ്. അവരെ നിരന്തരം വലിച്ചുകീറാതെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കൂ എന്നാണ് പറയാനുള്ളത്.

വാര്‍ത്തകള്‍ക്കപ്പുറം അറിയാം വായിക്കാം വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ

Content Highlights: keralas first transwoman tv journalist heidi saadiya about gender reassignment surgery failure

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rehna fathima
Premium

8 min

പെയിന്റ് ചെയ്തതിലല്ല, അമ്മ അറസ്റ്റിലായതാണ് മക്കള്‍ക്ക് ട്രോമയായത് | രഹ്ന ഫാത്തിമയുമായി അഭിമുഖം

Jun 7, 2023


k R Shailaja
Premium

5 min

വധശിക്ഷ വരെ എത്തിച്ച ആ വിരലടയാളം | കേരളത്തിലെ ആദ്യ വിരലടയാള വിദഗ്ധയുമായുള്ള അഭിമുഖം

Jun 2, 2023


john brittas
Premium

7 min

നടക്കുന്നത് അടിയന്തരാവസ്ഥയില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങൾ- ജോൺ ബ്രിട്ടാസ്‌ | Interview

Apr 30, 2023

Most Commented