കേരളം കക്കു കളിക്കുമ്പോൾ; ഉന്നം സഭയോ രാഷ്ട്രീയമോ?


കെ.പി നിജീഷ് കുമാര്‍| nijeeshkuttiadi@mpp.co.in

8 min read
Read later
Print
Share

ആവിഷ്‌കാര സ്വാതന്ത്ര്യം എവിടെവരെയാകാം? ഈ ചോദ്യമാണ് കക്കുകളിയെന്ന നാടകവും കേരളസ്‌റ്റോറിയെന്ന സിനിമയും വിവാദത്തിലാകുമ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.

ഫ്രാൻസിസ്‍ നൊറോണ, ജോബ് മഠത്തിൽ

വോത്ഥാന കേരളത്തിന്റെ ഇന്നത്ത അധ്യായത്തിന് നാടകങ്ങളുടെ പൂര്‍വകാല ചരിത്രം വഹിച്ച പങ്ക് ചെറുതല്ല. നിരോധനങ്ങളേയും ആക്രോശങ്ങളേയും ചെറുത്തുതോല്‍പിച്ച് കലയിലൂടെ വിപ്ലവം തീര്‍ത്തവര്‍ കേരളത്തിന്റെ രാഷ്ട്രീയ- സമൂഹിക ചരിത്രത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടായിരുന്നു. വിമര്‍ശനങ്ങളെ വിമര്‍ശനങ്ങളായി ഉള്‍ക്കൊണ്ട് സംവദിച്ച് ചര്‍ച്ച ചെയ്ത് നാടകങ്ങള്‍ക്കും കലകള്‍ക്കും അന്ന് മലയാളി അവരുടേതായ കാഴ്ചപ്പാടും നല്‍കിയിരുന്നു. പക്ഷെ, കാലം മാറിയതോടെ കലകൾക്ക് മേലുള്ള ആവിഷ്കാര സ്വാതന്ത്ര്യം വിഷയം വലിയ ചർച്ചയാവാൻ തുടങ്ങി. അങ്ങനെ തങ്ങള്‍ക്കിഷ്ടമില്ലാത്തതിനെ എതിര്‍ത്ത് തോല്‍പിക്കാനും അതിനുമേല്‍ നിരോധനത്തിന്റെ വാളോങ്ങി നിര്‍ത്താനും ശക്തിയുള്ളവരായി മത, സമുദായിക, രാഷ്ട്രീയ സംഘടനകള്‍ മാറി.

സ്‌കൂള്‍ കലോത്സവ വേദികളില്‍ പോലും നാടകങ്ങൾക്കും കലകൾക്കുമെതിരേ പ്രകടനങ്ങളും പ്രതിഷേധങ്ങളും വരുന്നത് പതിവുകാഴ്ചയായി. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഫ്രാന്‍സിസ് നൊറൊണയുടെ കക്കുകളിയെന്ന ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമായി ജോബ് മഠത്തില്‍ സംവിധാനവും കെ.ബി അജയകുമാര്‍ രചനയും നിര്‍വഹിച്ച കക്കുകളി നാടകത്തിനെതിരേ വരുന്ന പ്രതിഷേധങ്ങള്‍. നാടകം സ്റ്റേജിലെത്തി ഒരുവര്‍ഷം പിന്നിട്ടപ്പോഴാണ്‌ പ്രതിഷേധങ്ങള്‍ വരുന്നതെന്നതാണ് ശ്രദ്ധേയം. ഇതുവരെ 18 വേദികള്‍ പിന്നിട്ടു കഴിഞ്ഞു. എന്തുകൊണ്ട് ഇതുവരെയില്ലാത്ത പ്രതിഷേധം? നാടകം സഭകള്‍ക്കെതിരാണോ? എന്താണ് ഭാവി? കക്കുകളിയെന്ന കഥയുടെ എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയും നാടക സംവിധായകന്‍ ജോബ് മഠത്തിലും സീറോ മലബാര്‍ സഭയുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഫാ. ആന്റണി വടക്കേക്കര വി.സിയും മാതൃഭൂമി ഡോട്‌ കോമിനോട് സംസാരിക്കുന്നു.

കന്യാസ്ത്രീകള്‍ എന്നും അടിമകളായിരിക്കണമെന്ന് ചിലർ ആഗ്രഹിക്കുന്നു- ഫ്രാന്‍സിസ് നൊറോണ

ഫ്രാന്‍സിസ് നൊറോണ (കക്കുകളി കഥയുടെ രചയിതാവ്)

  • കക്കുകളിക്കെതിരേയുള്ള പ്രതിഷേധത്തിന് പിന്നിലെന്താണ് ?
2017- നവംബറില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കവര്‍‌ സ്റ്റോറിയായിട്ടാണ് ആദ്യമായി കക്കുകളി വായനക്കാരിലേക്കെത്തുന്നത്. 2018 മുതല്‍ സ്‌കൂള്‍ കലോത്സവ നാടകവേദികളിലും മറ്റും നാടകം സജീവമായിട്ടുണ്ട്. പക്ഷേ, അന്നൊന്നുമില്ലാത്ത പ്രതിഷേധം കക്കുകളിക്കെതിരേ ഇപ്പോള്‍ ഉയരുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. കന്യാസ്ത്രീ മഠത്തിലെത്തുന്ന പെൺകുട്ടിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് കക്കുകളിയെന്ന കഥ പറയുന്നത്. തങ്ങളുടെ കീഴില്‍ എന്നും അടിമകളായി നില്‍ക്കുന്ന കന്യാസ്ത്രീ സമൂഹത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമെന്നത് സഭകള്‍ക്കുണ്ടാക്കുന്നത് വലിയ വെല്ലുവിളിയാണ്. അതിനെ എങ്ങനെയെങ്കിലും ചെറുത്തുതോല്‍പ്പിക്കേണ്ടത് ഇവരുടെ ആവശ്യവുമാണ്. അതാണ് എതിര്‍പ്പിന്റെ പ്രധാന കാരണം. മറ്റൊന്ന് രാഷ്ട്രീയ കാരണമാണ്.

2018 മുതല്‍ 2023 വരെയുള്ള കത്തോലിക്ക സഭയുടേയും മെത്രാന്‍മാരുടേയും രാഷ്ട്രീയമായ വളര്‍ച്ചയേയും അവരുടെ രാഷ്ട്രീയപരമായ പക്ഷം ചേരലിനേയും കൂടെ നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്. പൊതുസമൂഹത്തില്‍നിന്ന് ഒരു തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരെ പോലെയാണ് അവരുടെ പെരുമാറ്റവും സംസാരവുമെല്ലാം. അത്തരത്തിലുള്ള അധികാരമൊന്നും ഇവര്‍ക്കില്ല. സഭകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചൊക്കെ അന്വേഷണങ്ങളും മറ്റും വരുന്ന കാലമാണിപ്പോള്‍. അപ്പോള്‍ അവര്‍ക്ക് ചെയ്യാനാവുന്നത് തങ്ങളുടെ കാര്യങ്ങള്‍ സുരക്ഷിതമായി നിര്‍ത്താന്‍ കഴിയുന്ന ഏതെങ്കിലും ഭാഗത്ത് ചായ്‌വ് കാണിക്കുകയെന്നതാണ്. അതവരുടെ നിലനില്‍പ്പിന്റെ കൂടെ പ്രശ്‌നമാണ്. സഭാ നേതൃത്വങ്ങള്‍ ഇന്നെത്തിപ്പെട്ടിരിക്കുന്ന രാഷ്ട്രീയമായ അപചയത്തിന്റെ പ്രതിഫലനമാണിത്.

  • ചെറുകഥയില്‍ വലിയ രീതിയിലുള്ള മാറ്റം വരുത്തിയാണ് നാടകമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത് ?
നാടകം ഞാന്‍ കണ്ടതാണ്. കഥയിലെ കണ്ടന്റില്‍ മാറ്റം വരുത്തിയിട്ടൊന്നുമില്ലെന്ന് എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും. പിന്നെ കഥ സിനിമയാക്കുമ്പോള്‍ ഉണ്ടാവുന്ന നാടകഭാഷ മാത്രമാണുണ്ടായിരിക്കുന്നത്. കഥയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കിട്ടാന്‍ നാടകങ്ങളില്‍ ചില കഥാപാത്രങ്ങളെ കാണിക്കുകയും മറ്റും ചെയ്യുന്നുണ്ട്. അതിനൊരു തീരപശ്ചാത്തലം നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീകള്‍ എന്നും തങ്ങളുടെ അടിമകളായിരിക്കണമെന്നുള്ള സഭാ- പുരുഷാധിപത്യ നിലപാടുകളെ കക്കുകളി വലിയ രീതിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. അതവര്‍ക്കൊരു വെല്ലുവിളിയുമാണ്.

കന്യാസ്ത്രീകള്‍ സഭയുടെ വലിയ സാമ്പത്തിക സ്രോതസ്സാണ്. അവര്‍ ചെയ്യുന്ന ജോലിയുടെ പ്രതിഫലവും മറ്റുമെല്ലാമാണ് സഭയുടെ പ്രധാന വരുമാനം. അതുകൊണ്ടു തന്നെ തങ്ങളുടെ അടിമത്ത ബോധത്തില്‍നിന്ന് അവര്‍ പുറത്തേക്ക് വരാന്‍ പാടില്ലെന്നത് സഭയുടെ നിര്‍ബന്ധബുദ്ധിയുമാണ്. ഇതാണ് പ്രതിഷേധത്തിനുള്ള മറ്റൊരു കാരണം. സഭയില്‍ എത്തിപ്പെടുന്ന ഒരു പെണ്‍കുട്ടിക്കും വൈദികനും ലഭിക്കുന്ന ഇരട്ടനീതിയേയും കഥ ചോദ്യം ചെയ്യുന്നുണ്ട്. ഇതിന് മുമ്പും കന്യാസ്ത്രീ മഠങ്ങളുമായി ബന്ധപ്പെട്ട് സിനിമകളും നാടകങ്ങളും കഥകളുമെല്ലാം വന്നിട്ടുണ്ട്. അതിലെല്ലാം ഇതിനേക്കാള്‍ മോശമായിട്ടാണ് കന്യാസ്ത്രീകളെ ചിത്രീകരിച്ചിട്ടുള്ളത്. പക്ഷേ, എന്തുകൊണ്ട് അന്നൊന്നുമില്ലാത്ത പ്രതിഷേധം കക്കുകളിക്കെതിരേ ഇപ്പോള്‍ വരുന്നുവെന്നത് ചിന്തിക്കാനാവുന്നതേയുള്ളൂ.

  • നതാലിയ ആണല്ലോ വിപ്ലവകാരി; എങ്ങനെ അവളിലേക്കെത്തി ?
പതിനാറ് വയസ്സിൽ ഇഷ്ടമില്ലാതെ സഭയിലെത്തിപ്പെടുന്ന നതാലിയ എന്ന പെൺകുട്ടിയുടെ കഥയാണ് കക്കുകളി പറയുന്നത്. അവിടെയുള്ള സാഹചര്യങ്ങളോട് പൊരുത്തപ്പെടാതെ സഭ വിട്ടുവരുന്ന നതാലിയ നല്ല രീതിയില്‍ ജീവിക്കുകയും സമൂഹം അവളെ വലിയ രീതിയില്‍ സ്വീകരിക്കുന്നതുമാണ് കക്കുകളിയുടെ കഥ. ഇത് ചിലര്‍ക്ക് ഒട്ടും ദഹിക്കുന്നില്ല. കാരണം സഭ വിട്ടുവന്നവരെ ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും ചെയ്യുന്നതായിരുന്നു ഇതുവരേയുള്ള ചരിത്രം. നമുക്കു ചുറ്റുമൊന്ന് പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. ഇതിനെയാണ് നതാലിയ ചോദ്യം ചെയ്യുന്നതും തോറ്റു കൊടുക്കാതെ ജീവിച്ച് കാണിക്കുന്നതും. ഇതെങ്ങനെ പൗരോഹിത്യ ആണധികാരത്തിന് അംഗീകരിക്കാനാവും.

നമ്മളുടെ ഉള്ളില്‍ തന്നെയാണ് സ്വര്‍ഗമുള്ളതെന്ന് സൂചിപ്പിക്കുന്ന ദസ്തയോവ്സ്‌കിയുടെ വാക്കുകളാണ് ഞാന്‍ കഥയുടെ കീ വേര്‍ഡ് ആയി ഉപയോഗിച്ചിരിക്കുന്നത്. സ്വന്തം സ്വത്വം വീണ്ടെടുത്ത് സ്വതന്ത്രയായി ജീവിക്കുന്നതിൽ അപ്പുറമെന്ത് സ്വർഗമാണുള്ളത്. ഇതിൽ ഊന്നിയാണ് കഥ മുന്നോട്ടുപോവുന്നതും. എന്നാല്‍ ദാരിദ്ര്യവും പട്ടിണിയുമെല്ലാം അനുഭവിച്ച് കിട്ടുന്നതാണ് സ്വര്‍ഗമെന്നാണ് സഭാനേതൃത്വത്തിന്റെ കാഴ്ചപ്പാട്. ഈ ചോദ്യം ചെയ്യലാണ് പ്രശ്‌നം. കന്യാസ്ത്രീകളെ അടിമബോധത്തില്‍ നിര്‍ത്താനാണ് ബ്രഹ്‌മചര്യം, ദാരിദ്ര്യം, അനുസരണം എന്ന കാഴ്ചപ്പാട് ഇവര്‍ ഉണ്ടാക്കിയിട്ടുള്ളത്. അപ്പോള്‍ ഇതിനെ ചോദ്യം ചെയ്യുമ്പോള്‍ പ്രതിഷേധമുണ്ടാക്കുകയല്ലാതെ മറ്റ് വഴിയില്ല. പുരോഹിതന്റേയും കന്യാസ്ത്രീകളുടെയും ജീവിതം താരതമ്യം ചെയ്യുമ്പോള്‍ വസ്ത്രധാരണത്തില്‍ പോലും വിവേചനം കാണാം. തിരുവസ്ത്രമല്ലാതെ മറ്റ് വസ്ത്രം ധരിക്കുന്നതിന് വിലക്കാണ്, വാഹനം വാങ്ങുന്നതിനും; എന്തിന് ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നത് പോലും തെറ്റാണ്. ഇക്കാര്യങ്ങളെല്ലാം സിസ്റ്റർ ലൂസി കളപ്പുരക്കലിനെ പോലുള്ളവർ പറഞ്ഞിട്ടുണ്ട്. പൊതുസമൂഹത്തില്‍ ഇടപെടുന്നതില്‍ പോലും വിവേചനം കാണാം. ഇതിനെല്ലാം പുറമെ മഠം വിട്ടുവരുന്നവരേയും രണ്ട് രീതിയിലാണ് സ്വീകരിക്കുന്നതും. എന്നാൽ, ഇതൊന്നും ബാധകമല്ലാത്തവരാണ് വൈദികർ.

  • നിരോധിക്കുന്നത് ശരിയാണോ ?
നാടകമായാലും സിനിമയായാലും കഥയായാലും അതിനെ എന്തെങ്കിലും കാരണം പറഞ്ഞ് നിരോധിക്കുന്നതിനേയൊന്നും അംഗീകരിക്കാനാവില്ല. പൊതുസമൂഹമാണ് സ്വീകരിക്കണോ വേണ്ടയോ എന്നൊക്ക തീരുമാനിക്കേണ്ടത്. അല്ലാതെ ഏതെങ്കിലും സംഘടനകളോ സ്ഥാപനങ്ങങ്ങളോ അല്ല.

ചോദ്യം ചെയ്തത് ചില പുഴുക്കുത്തുകളെ- ജോബ് മഠത്തില്‍

ജോബ് മഠത്തില്‍ (കക്കുകളി സംവിധായകന്‍)

  • മതവിദ്വേഷം എവിടെയെന്ന് കാണിക്കൂ; അപ്പോള്‍ നാടകം നിര്‍ത്താം.
സഭകള്‍ക്കെതിരേയോ ബൈബിളിനെതിരേയോ ക്രിസ്ത്യാനിറ്റിക്കെതിരേയോ ഒരു വാക്കുപോലും നാടകത്തില്‍ പറഞ്ഞിട്ടില്ല. പകരം അതിനുള്ളിലെ ചില പുഴുക്കുത്തുകളെ തുറന്നുകാട്ടുകയാണ് ചെയ്തത്. അങ്ങനെയല്ലെന്നു തെളിയിക്കാൻ ഞാന്‍ വെല്ലുവിളിക്കുകയാണ്. തെളിയിച്ചാല്‍ അപ്പോള്‍ നാടകം നിര്‍ത്താം. നാടകം കാണാതെയാണ് പലരും പ്രതിഷേധവുമായി രംഗത്ത് വരുന്നത്. കോട്ടയത്തും ആലപ്പുഴയിലും എറണാകുളത്തുമെല്ലാം നാടകം കളിച്ചു കഴിഞ്ഞതാണ്. ക്രിസ്ത്യന്‍ വിഭാഗം ഏറെയുള്ളയിടത്തുനിന്നു പോലും വലിയ പിന്തുണയാണ് ലഭിച്ച് പോന്നിരുന്നത്. സഭയ്ക്കിടയില്‍നിന്ന് തങ്ങളുടെ ഇടയില്‍ നാടകം കൂടുതല്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്.

കേരളത്തിലെ ഒട്ടുമിക്ക ജില്ലകളില്‍ ജില്ലകളിലും നാടകം കളിച്ചു. എന്നാല്‍, ഗുരുവായൂര്‍ നഗരസഭയുടെ സര്‍ഗോത്സവത്തില്‍ അവതരിപ്പിച്ചതോടെയാണ് ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതാണ് സംശയത്തിന് ഇടയാക്കുന്നത്. പ്രത്യേക അജണ്ട മുന്നില്‍ വെച്ചുള്ളതാണ് പ്രതിഷേധം. നാടകം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പല ഭാഗങ്ങളില്‍നിന്നു വലിയ സമ്മര്‍ദമാണുണ്ടാവുന്നത്. ഇത് ഏറെ വേദനിപ്പിക്കുന്നതാണ്. കന്യാസ്ത്രീ മഠമെന്നത് നാടകത്തിന്റെ പശ്ചാത്തലമായി വരിക മാത്രമാണ് ചെയ്യുന്നത്. ഇതില്‍ എവിടേയും മതവിദ്വേഷമില്ല, സന്യാസിനികളെ ആക്ഷേപിക്കുന്നില്ല.അവര്‍ക്കിടയിലെ ചില പുഴുക്കുത്തുകളെ തുറന്നുകാട്ടുക മാത്രമാണ് ചെയ്യുന്നത്.

കക്കുകളി നാടകത്തില്‍നിന്ന് | Screengrab: youtube.com/watch?v=HDhA1fOzyPE

  • നാടകം പറഞ്ഞുവെക്കുന്നതെന്താണ് ?
1980 -കളാണ് നാടകപശ്ചാത്തലം. അതില്‍ തീരപ്രദേശവും കമ്യൂണിസവും സ്ത്രീജീവിതവും സമരവുമെല്ലാമുണ്ട്. ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന കഥാസമാഹാരത്തിലെ കക്കുകളി എന്ന കഥ നാടകമായപ്പോള്‍ തീയേറ്ററിക്കല്‍ മാറ്റം മാത്രമാണ് ഉണ്ടായിരിക്കുന്നത്. ബാക്കിയെല്ലാം കഥയില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ്. സൗജന്യമായി കിട്ടുന്നതെന്തും ഒരു കൊളുത്താണെന്ന് ഓര്‍മിപ്പിക്കുന്നുണ്ട് നാടകം. ചൂണ്ടയില്‍ ഇരയെ കോര്‍ക്കുന്നത് പോലെയാണ് സൗജന്യമെന്നും പിടികൊടുത്താല്‍ പിടിവിടാനാവില്ലെന്നും നാടകം പറയുന്നു. അടച്ചുപൂട്ടപ്പെടേണ്ടവളല്ല സത്രീയെന്നും താഴ്ന്ന് കൊടുത്താല്‍ തിരിച്ചുപോരുക എളുപ്പമാവില്ലെന്നും ഓര്‍മിപ്പിക്കുന്നതാണ്. അത് തന്നെയാണ് നാടകത്തിന്റെ കാതലും. സ്ത്രീയുടെ അതിജീവനമാണ് നാടകം പറയുന്നത്.

വിപ്ലവകാരിയായ, കമ്യൂണിസ്റ്റായ കറുമ്പന്‍ മരിച്ച ശേഷം വിശപ്പ് മാറ്റാന്‍ കറുമ്പന്റെ മകള്‍ നതാലിയയെ അമ്മ കന്യാസ്ത്രീ മഠത്തിലേക്കയക്കുന്നയിടത്ത് നിന്നാണ് കഥയുടെ തുടക്കം. പക്ഷെ, തന്റെ സ്വാതന്ത്ര്യത്തെ മണ്‍വെട്ടിയെടുത്ത് കുഴിച്ചുമൂടാനും തന്റെ പേര് പോലും നഷ്ടപ്പെടുന്നവളുമായി മാറാന്‍ നതാലിയയെന്ന പതിനാറുകാരി വിധിക്കപ്പെടുന്നു. നതാലിയങ്ങനെ മേയ്ഫ്ലവർ കുരിശിങ്കലാവുന്നു. ഉറക്കെ സംസാരിക്കുന്നതും വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നതും എന്തിന് ദൈവത്തിന് വേണ്ടി തന്നെ തന്നെ നല്‍കാനും തയ്യാറവണമെന്ന മഠാധിപതികളുടെ നിര്‍ദേശത്തില്‍ നതാലിയ നടത്തുന്ന കലഹമാണ് നാടകം. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ അയലിലിരിക്കുന്നത് പോലും ചതുര്‍ഥിയായി കാണുന്ന പുരുഷമേധാവിത്വത്തിനെതിരേയാണ് നാടകം സംസാരിക്കുന്നത്. ഇതിലെവിടെയാണ് മതത്തെ ആക്ഷേപിക്കുന്നത്? ഇതിലെവിടെയാണ് മതവിദ്വേഷം പടര്‍ത്തുന്നത്അ? അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ ജീവിതമാണ് നാടകം പറയുന്നത്. എന്തുകൊണ്ട് കമ്യൂണിസ്റ്റുകാരനായ ഒരു അച്ഛന്റെ മകള്‍ക്ക് മഠത്തിലേക്ക് പോവേണ്ടി വരുന്ന അവസ്ഥയുണ്ടാകുന്നുവെന്ന വലിയ ചോദ്യം നാടകം ചോദിക്കുന്നുണ്ട്. അതാരും മനസ്സിലാക്കുന്നില്ല.

  • കഥയിലില്ലാത്ത ചില ഭാഗങ്ങള്‍ നാടകത്തിലുണ്ടെന്ന ആരോപണം ?
അതിന് ഫ്രാന്‍സിസ് നെറോണ തന്നെ ഉത്തരം പറഞ്ഞിട്ടുണ്ട്. കഥ തന്നെയാണ് നാടകമാക്കിയത്. നേരത്തെ പറഞ്ഞപോലെ കഥ നാടകമാവുമ്പോഴുള്ള തീയേറ്ററിക്കല്‍ മാറ്റം മാത്രമാണുണ്ടായത്. അത് നൊറോണയും സമ്മതിക്കുന്നുണ്ട്. നാടകം വിവാദമായതോടെ അത് കേട്ടറിഞ്ഞ് നാടകം കാണാനെത്തിയ ശേഷം സഭയ്ക്ക് വേണ്ടി ക്ഷമ പറഞ്ഞവരുണ്ട്. അതാണ് സത്യം. ശരിക്കും പറഞ്ഞാല്‍ സഭയ്ക്കുള്ളില്‍ തന്നെ ഒരുവിഭാഗം നാടകം മുന്നോട്ടുവെച്ച കാര്യത്തെ അംഗീകരിക്കുന്നു. ഫ്രാന്‍സിസ് നൊറോണയുടെ കഥ ഇറങ്ങിയ ശേഷം അതിന് അവാര്‍ഡ് നല്‍കിയവരാണ് കെ.സി.ബി.സി. അപ്പോള്‍ കഥ വായിക്കാതെ, ഇപ്പോള്‍ പറയുന്ന വിവാദങ്ങള്‍ കാണാതെയാണോ അവാര്‍ഡ് നല്‍കിയത്? അങ്ങനെയായിരിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോഴത്തെ വിവാദത്തിന് പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഭീഷണിപ്പെടുത്തിയാല്‍ ശക്തി കൂടുമെന്ന് അറിഞ്ഞ്, ഒരു പക്ഷെ വലിയ സമ്മര്‍ദം ചെലുത്തി നാടകം പ്രദര്‍ശിപ്പിക്കുന്നതിന് ഭാവിയില്‍ എന്തെങ്കിലും തടസ്സമുണ്ടാകാം. പക്ഷെ, ആര് മുന്നോട്ട് വന്നാലും അതിനുള്ള പശ്ചാത്തലം ഒരുക്കി തന്നാല്‍ അഭിനേതാക്കളേയും കൊണ്ട് നാടകവുമായി മുന്നോട്ടുപോവുമെന്നാണ് എനിക്ക് പറയാനുള്ളത്. അക്കാര്യത്തില്‍ ഉറച്ച നിലപാടുണ്ട്. മതത്തിനെതിരേയോ ക്രിസ്യാനിറ്റിക്കെതിരേയൊ ഒന്നും പറഞ്ഞിട്ടില്ലെന്ന് ഉറച്ച് വിശ്വാസമുണ്ട്. വിവാദമുണ്ടായതിന് ശേഷവും ഒരു വരിപോലും വെട്ടാതേയും ഒരു ഡയലോഗ് പോലും എഡിറ്റ് ചെയ്യാതെയും തന്നെയാണ് നാടകം മുന്നോട്ട് പോവുന്നത്. അത് ഇനിയും അങ്ങനെ തന്നെയാവും.

കക്കുകളി എന്ന നാടകത്തിനെതിരെ തൃശ്ശൂര്‍ അതിരൂപത നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് സഹായമെത്രാന്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജെ.ഫിലിപ്പ്‌/മാതൃഭൂമി

  • പുരുഷാധിപത്യത്തിനെതിരേ പറയുന്നവരെ അടിച്ചൊതുക്കുകയാണോ ?
ഞാന്‍ ആലപ്പുഴയിലെ തീരദേശത്ത് ജനിച്ച് വളര്‍ന്നയാളാണ്-മത്സ്യ തൊഴിലാളി കടുംബവുമാണ്. തീരപ്രദേശത്തെ മനുഷ്യജീവിതത്തെ പറ്റിയാണ് കഥ പറയുന്നത്. ഞാന്‍ അനുഭവിച്ച, കണ്ടറിഞ്ഞ അത്തരക്കാരുടെ ജീവിതവും ഭാഷയും സംസ്‌കാരവും നാടകമാക്കണമെന്ന വലിയ ആഗ്രഹമാണ് കക്കുകളി നാടകമാവുന്നത്. ഞാന്‍ കണ്ടുമുട്ടിയവര്‍, എനിക്ക് അറിയാവുന്നവര്‍; അത്തരക്കാര്‍ തന്നെയാണ് നാടകത്തിലുള്ളതും. പുരുഷാധിപത്യത്തിനേതിരേ, തങ്ങളുടെ സ്വത്വം നഷ്ടപ്പെടുന്നതിനെതിരേയുള്ള സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ് നാടകം.

കന്യാസ്ത്രീ മഠങ്ങളില്‍ ഇന്നും എവിടെയാണ് ഒരു സ്ത്രീയുടെ സ്ഥാനം? വൈദികർക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ കന്യാസ്ത്രീകൾക്ക് ലഭിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. അതിനുള്ള ഉദാഹരണമായിട്ടാണ് നതാലിയുടെ അച്ഛന്‍ കറുമ്പന്റെ സഹോദരി ചൂച്ചിയുടെ കാര്യം പറയുന്നത്. ഒരിക്കല്‍ കമ്യൂണിസ്റ്റായ കറുമ്പന്‍ പുറത്തുപോയ സമയത്താണ് സഭയെ സേവിക്കാനായി ചൂച്ചി വീട്ടില്‍നിന്നും ഒളിച്ചോടി മഠത്തിലെത്തുന്നത്. പക്ഷെ, കറുമ്പന്‍ മരിച്ചപ്പോള്‍ കാണാനെത്തിയെന്ന ഒറ്റക്കാരണത്താല്‍ ചൂച്ചിയെ സഭയില്‍നിന്നു പുറത്താക്കുന്നു. പിന്നീട് ചൂച്ചി തിരുവസ്ത്രവുമിട്ട് കടപ്പുറത്ത് അലഞ്ഞ് നടക്കുന്ന കഥ നാടകത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതെല്ലാം താന്‍ കണ്ടുമുട്ടിയവരുടെ അനുഭവങ്ങളില്‍നിന്നും എടുത്തുചേര്‍ത്തതാണ്. സഭയേയോ മതത്തേയോ അവഹേളിക്കാന്‍ ചേര്‍ത്തതല്ല.

മഠത്തില്‍നിന്നു പുറത്താകുന്നവരെ സഭ എങ്ങനെയാണ് സമീപിക്കുന്നത്? അവരുടെ പിന്നീടുള്ള ജീവിതത്തില്‍ സഭ ഏതെങ്കിലും തരത്തില്‍ അനുകൂലമായി ഇടപെടുന്നുണ്ടോ? വിവാഹം കഴിച്ച് ജീവിക്കാനുള്ള സാഹചര്യം ഒരുക്കാറുണ്ടോ? വിടുതല്‍ സര്‍ട്ടിഫിക്കറ്റ് പോലും നല്‍കുന്നില്ല. സഭ വിട്ടു എന്നതിന് പകരം ചാടിപ്പോവുന്നവര്‍ എന്ന പേര് നല്‍കുന്നു. ഇതൊക്കെ കന്യാസ്ത്രീകളുടെ കാര്യത്തില്‍ മാത്രമാണ് നടക്കുന്നത്. വൈദികർക്ക് ഒരു പ്രശ്‌നവുമില്ല. ഇത്തരം കാര്യങ്ങളൊക്കെയാണ് നാടകത്തിലൂടെ വിമര്‍ശിക്കുന്നത്. വിയോജിക്കുന്നവര്‍ ബഹിഷ്‌കരിക്കട്ടെ ചര്‍ച്ച ചെയ്യട്ടെ, അല്ലാതെ ഇതിനെയങ്ങ് നിരോധിച്ച് കളയണമെന്ന് ശാഠ്യം പിടിക്കുന്നതെന്തിനാണ്? അതല്ലല്ലോ ജനാധിപത്യം.

  • ഇതൊരു കമ്യൂണിസ്റ്റ് നാടകമാണോ, അതോ കന്യാസ്ത്രീ മഠങ്ങള്‍ക്കെതിരായ നാടകമാണോ?
ഇതൊരു കമ്യൂണിസ്റ്റ് നാടകവുമല്ല, കന്യാസ്ത്രീ മഠങ്ങള്‍ക്കെതിരായ നാടകവുമല്ല. ഞാന്‍ നേരത്തെ പറഞ്ഞപോലെ ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ്. തനിക്ക് ഇഷ്ടമില്ലാത്തതിനെ തിരിഞ്ഞെടുക്കേണ്ടി വരുന്ന മറ്റുള്ളവര്‍ക്ക് വേണ്ടി തന്റെ സ്വത്വത്തെ പൂട്ടിവെക്കേണ്ടി വരുന്നവളുടെ കഥയാണ്. കന്യാസ്ത്രീ മഠമെന്നത് ബിംബം മാത്രമാണ്. അത് വീടാകാം, വിവാഹമാകാം, പ്രണയമാവാം; അവളെ കുടുക്കുന്ന എന്തുമാവാം. ഇതിനെ പൊട്ടിച്ചെറിയാന്‍ ശ്രമിച്ച് തന്റെ സ്വത്വത്തെ വീണ്ടെടുക്കുന്നവളുടെ കഥയാണ് നാടകം പറയുന്നത്. കമ്യൂണിസവും കന്യാസ്ത്രീ മഠങ്ങളുമൊക്കെ അതില്‍ വന്നുചേരുന്നതാണ്. കക്കുകളിയെന്നത് തന്നെ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ കളിയാണ്. കളങ്ങളാണ് അതില്‍ പ്രധാനം. ഈ കളത്തില്‍ കുടുങ്ങിപ്പോവാതെ പുറത്ത് വരുന്നവര്‍ക്കാണ് ജയം. ഇത് തന്നെയാണ് നാടകം പറയുന്നതും. എന്നാല്‍, ചില അജണ്ടയുടെ പിന്‍പിടിച്ച് സംവിധായകന് മറുപടി പറയേണ്ടി വരുന്നതാണ് സങ്കടം. വലിയൊരു ജനത്തിന്റെ ജീവിതം നാടകമായപ്പോള്‍ അതിനെ കാണാനെത്തുന്നതിന് പകരം വിവാദം കാണാനാണ് ആളുകളെത്തുന്നത്. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഇതാണ് ഏറ്റവും വലിയ വിഷമം. യഥാര്‍ഥ വിശ്വാസികളായ പാവപ്പെട്ടവര്‍ക്ക് കക്കുകളി അവരുടെ ജീവിതകഥയും അനുഭവമാണ്. ഒരുകൂട്ടം എലൈറ്റ് ക്ലാസിനാണ് എറ്റവും പ്രശ്നം. ഇവരാണ് നാടകം ചര്‍ച്ച ചെയ്യാനെത്തുന്നതും.

ലക്ഷ്യം വിശ്വാസത്തെയും സന്ന്യാസത്തെയും അപമാനിക്കൽ- ഫാ. ആന്റണി വടക്കേക്കര വി.സി. (പി.ആര്‍.ഒ.- സീറോ മലബാര്‍ സഭ)

ഫാ. ആന്റണി വടക്കേക്കര വി.സി

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറപിടിച്ചുകൊണ്ട് കത്തോലിക്ക വിശ്വാസത്തേയും കത്തോലിക്ക സന്യാസത്തേയും പൊതുസമൂഹത്തിന്റെ മുന്‍പില്‍ അപമാനിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടു തന്നെയാണ് കക്കുകളി നാടകം സംവിധാനം ചെയ്യപ്പെട്ടതും പ്രദര്‍ശിപ്പിക്കപ്പെടുന്നതും. സമൂഹത്തില്‍ നാളുകളായി വലിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കത്തോലിക്ക സന്യാസത്തെ- അത് കന്യാസ്ത്രീകളായും അച്ചന്‍മാരായലും അവരെ താറടിച്ച് കാണിക്കാനും അതിന്റെ മുഴുവന്‍ നന്മയും ഇല്ലാതാക്കുന്ന തരത്തിലും വളരെ മോശമായി ചിത്രീകരിക്കുന്ന നാടകമാണ് കക്കുകളി. അതുകൊണ്ട് തന്നെ പ്രദര്‍ശനത്തെ എതിര്‍ക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തെ പുകമറയില്‍ നിര്‍ത്താനാണ് നാടകം ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ നാടകം പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് സഭയ്ക്ക് പറയാനുള്ളത്.

താല്‍ക്കാലികമായ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തികളെയോ പ്രസ്ഥാനങ്ങളേയോ സുഖിപ്പിച്ച് നിര്‍ത്താന്‍ വേണ്ടിയോ ഇങ്ങനെ ചെയ്യുന്നത് അപലപനീയമാണ്. ഫ്രാന്‍സിസ് നൊറോണയുടെ കഥയിലെ സംഭവങ്ങള്‍ മാത്രമല്ല നാടകത്തിലുള്ളത്. കഥയില്‍ ചില സൂചനകള്‍ മാത്രമാണുള്ളത്. എന്നാല്‍, ആ കഥയിലെ സൂചനകളെ കൃത്യമായ ദൃശ്യാവിഷ്‌ക്കാരമായി നാടകത്തില്‍ അവതരിപ്പിച്ചതോടെ പല തെറ്റിദ്ധാരണകളും ഉണ്ടാവുകയാണ് ചെയ്തത്. ഇക്കാര്യത്തിലെ പ്രതിഷേധം ഫ്രാന്‍സിസ് നൊറോണയേയും അറിയിച്ചിട്ടുണ്ട്.

Content Highlights: Kakkukali writer Francis Norona and Drama Director Job Madathil Interview

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M N Karassery
Premium

6 min

നരേന്ദ്ര മോദി നെഹ്റുവിന് മേലെയാവുന്നില്ല- എം.എന്‍. കാരശ്ശേരി | അഭിമുഖം രണ്ടാം ഭാഗം

Jul 28, 2023


m ranjith

3 min

വിജയ് ബാബുവിനെതിരേ നടപടി എടുക്കാത്തത് അംഗത്വം ഇല്ലാത്തതു കൊണ്ട്- എം. രഞ്ജിത്ത്

Sep 28, 2022


Most Commented