സഞ്ജന ചന്ദ്രൻ | Photos: facebook.com/sajeesh.chandran.56
''ദേവിക്ക് ചേർന്ന ആകാരവടിവോ നിറമോ ഇല്ല.'' സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവ വേദിയിൽ രണ്ടാംസ്ഥാനം നൽകപ്പെട്ട സഞ്ജന ചന്ദ്രൻ എന്ന നർത്തകിയോട് വിധികർത്താക്കൾ പറഞ്ഞ വാക്കുകളാണിത്. ദേവീരൂപത്തിന് ചാർത്തപ്പെടുന്ന അഴകളവുകോലുകൾക്ക് മുമ്പിൽ സഞ്ജനയുടെ കഴിവുകൾ പിന്തള്ളപ്പെട്ടു. അന്ന് കലോത്സ വേദിയിൽവച്ചുതന്നെ സഞ്ജന പ്രതിഷേധം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മധുരപ്രതികാരമെന്നപോൽ എം.ജി. യൂണിവേഴ്സിറ്റി കലോത്സവ വേദിയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിനുള്ള പ്രതിഭാതിലകം പുരസ്കാരം നേടിയിരിക്കുകയാണ് സഞ്ജന. ഭരതനാട്യം, ലളിതഗാനം, കർണാടകസംഗീതം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയാണ് സെയ്ന്റ് തെരേസാസ് കോളേജിലെ ബി.എ. ഭരതനാട്യം ഒന്നാം വർഷ വിദ്യാർഥിയായ സഞ്ജന നേട്ടം കരസ്ഥമാക്കിയത്. അപ്പോഴും നൃത്തത്തെ പ്രണയിച്ചതിന്റെ പേരിൽ കേട്ട പരിഹാസങ്ങളും വിമർശനങ്ങളുമൊന്നും സഞ്ജന മറക്കുന്നില്ല. സ്വത്വം വെളിപ്പെടുത്തിയതിന്റെ പേരിൽ ഒരുകാലത്തു തള്ളിപ്പറഞ്ഞ കുടുംബവും സുഹൃത്തുക്കളും പിന്നീട് ചേർത്തുപിടിക്കാൻ തന്റെ ജീവിതം കാരണമായതിനെക്കുറിച്ചും ആത്മവിശ്വാസത്തോടെ അണുവിട തെറ്റാതെ സ്വപ്നത്തിലേക്ക് നടന്നടുത്തതിനെക്കുറിച്ചുമൊക്കെ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് സഞ്ജന ചന്ദ്രൻ.
.jpg?$p=925992f&&q=0.8)
ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയിട്ടുള്ള ദിവസങ്ങളാണിതെന്നു പറയുന്നു സഞ്ജന.
സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവ വേദിയിലെ അനുഭവം മറക്കാനാകില്ല. നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ എന്റെ പ്രകടനം അവഹേളിക്കപ്പെട്ടിരുന്നു. ദേവീരൂപം അവതരിപ്പിച്ച എന്റെ നിറമോ ആകാരവടിവോ അനുയോജ്യമായിരുന്നില്ലെന്നു പറഞ്ഞായിരുന്നു വിധികർത്താക്കൾ രണ്ടാം സ്ഥാനം നൽകിയത്. ദേവിയുടെ സൗന്ദര്യമില്ലെന്നതായിരുന്നു അവരുടെ വാദം. ദേവിയാണെങ്കിൽ വെളുത്ത നിറമുള്ള ശരീരസൗന്ദര്യം ഉള്ളവരാകണം എന്നതൊക്കെയാണ് ഇപ്പോഴും അവരുടെയൊക്കെ ധാരണ, അവർക്കൊക്കെയുള്ള മറുപടി കൂടിയാണ് ഈ വിജയം.
ഒരു ആൺകുട്ടിയായി ജനിച്ച തനിക്ക് ആഗ്രഹിച്ചതുപോലെ സ്ത്രീയെന്ന സ്വത്വത്തിൽ ജീവിക്കാനും സ്ത്രീകളുടേതു മാത്രമായ സെന്റ് തെരേസാസ് പോലൊരു കോളേജിൽ പഠിക്കാനും അവിടെ കലാതിലാകമാകാനുമൊക്കെ കഴിഞ്ഞത് വളരെയെറെ സന്തോഷം നൽകുന്നു. നൃത്താധ്യാപകർക്കും സെയ്ന്റ് തെരേസാസ് കോളേജിലെ മറ്റ് അധ്യാപകർക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പരിശീലനത്തിലുൾപ്പെടെ അവർ നൽകിയ പിന്തുണ വാക്കുകൾക്കതീതമാണ്. ഒരു പ്രതിഫലവും വാങ്ങാതെയാണ് ഗുരുക്കന്മാർ എന്നെ പഠിപ്പിക്കുന്നത്. അതോടൊപ്പം സാമ്പത്തികമായി പിന്തുണച്ച് എല്ലാ ഇനങ്ങളിലും മത്സരിക്കാൻ പ്രേരിപ്പിക്കുന്ന അധ്യാപകരും. അവരാരുമില്ലാതെ ഈ വിജയം സാധ്യമല്ല.- സഞ്ജന പറയുന്നു.
.jpg?$p=8530180&&q=0.8)
വീട്ടിൽനിന്ന് മാറിനിൽക്കൽ, നൃത്തത്തിലേക്ക്...
കുഞ്ഞുനാൾ തൊട്ടേ സഞ്ജനയ്ക്ക് നൃത്തത്തോട് താൽപര്യം ഉണ്ടായിരുന്നു. പതിനാറു വർഷം മുമ്പുതൊട്ട് നൃത്തം അഭ്യസിക്കാൻ തുടങ്ങി. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് നൃത്തം ശാസ്ത്രീയമായി അഭ്യസിച്ചു തുടങ്ങുന്നത്. പിന്നീട് പത്താം ക്ലാസ്സിനു ശേഷം സഞ്‍ജന നൃത്തത്തെ കൂടുതൽ ഗൗരവമായി കണ്ടുതുടങ്ങി. 2014-ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടോടിനൃത്തത്തിൽ പങ്കെടുത്ത് എ ഗ്രേഡ് ലഭിക്കുകയും ചെയ്തിരുന്നു. പത്തൊമ്പതാം വയസ്സിൽ ഐഡന്റിറ്റി വെളിപ്പെടുത്തിയതിനു ശേഷം പഠിക്കുന്നത് ഡോ.ഹർഷ സെബാസ്റ്റ്യൻ ആന്റണി എന്ന നൃത്താധ്യാപകനു കീഴിലാണ്. സ്വത്വം വെളിപ്പെടുത്തിയതിനു പിന്നാലെ ചില കാരണങ്ങളാൽ വീട്ടിൽനിന്ന് മാറിനിൽക്കേണ്ടിയും വന്നു. ഡോ. ഹർഷ സെബാസ്റ്റ്യൻ ആന്റണിയാണ് വീണ്ടും നൃത്തലോകത്തേക്ക് കൊണ്ടുവരുന്നത്. നാഷണൽ ഡാൻസ് ഫെസ്റ്റിവലിൽ പങ്കെടുപ്പിക്കുന്നതും നാഷണൽ അവാർഡ് വേദിയിൽ പുരസ്കാരം ലഭിക്കുന്നതുമൊക്കെ അദ്ദേഹത്തിനു കീഴിൽ പഠിച്ചു തുടങ്ങിയതിനു ശേഷമാണെന്നും സഞ്ജന പറയുന്നു.
2019-ൽ കോഴിക്കോട്ടെ ആദ്യ ട്രാൻസ്ജെൻഡർ വിദ്യാർഥിയായാണ് സഞ്ജന മലബാർ ക്രിസ്ത്യൻ കോളേജിൽ ചേരുന്നത്. അന്ന് വളരെ ആവേശത്തോടെയാണ് സർവകലാശാല കലോത്സവങ്ങളെ കണ്ടിരുന്നത്. പക്ഷേ, നിർഭാഗ്യവശാൽ കോവിഡിന്റെ വരവോടെ കലോത്സവങ്ങൾ നടന്നില്ല. എങ്കിലും കോളേജ് തലത്തിൽ ഓൺലൈനായി മത്സരങ്ങൾ നടത്തിയപ്പോൾ അവിടെ കലാതിലകമായിരുന്നു സഞ്ജന. ഓൾ ഇന്ത്യ ഡാൻസ് അസോസിയേഷൻ നടത്തിയ ദേശീയ നൃത്ത മത്സരത്തിൽ കേരളത്തിൽനിന്ന് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ സമ്മാനം നേടിയ ആദ്യത്തെയാളുമാണ് സഞ്ജന. കഴിഞ്ഞ വർഷം രാജസ്ഥാനിൽ നടന്ന ഇന്ത്യ ഇന്റർനാഷണൽ ഡാൻസ് ഫൈസ്റ്റിലും സഞ്ജന കലാതിലകമായി. 2022-ൽ കലാപ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സഞ്ജനയെ തേടിയെത്തിയിരുന്നു. തുടർന്നാണ് നൃത്തത്തിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കാനും ഭരതനാട്യത്തിൽ ഉപരിപഠനം ചെയ്യാനും സെന്റ് തെരേസാസ് കോളേജിലേക്ക് സഞ്ജന വരുന്നത്.
.jpg?$p=1589aa4&&q=0.8)
നൃത്തം പഠിച്ചതിന്റെ പേരിൽ പരിഹാസം, വീട്ടുകാരുടെ മാറ്റം
നൃത്തം പഠിച്ചതിന്റെ പേരിൽ നേരിട്ട പരിഹാസങ്ങൾക്ക് കൈയും കണക്കുമില്ലെന്ന് പറയുന്നു സഞ്ജന. നൃത്തം പഠിച്ചതുകൊണ്ടാണ് ഞാൻ ട്രാൻസ് ആയത് എന്നു പറഞ്ഞവരുണ്ട്. അന്നൊന്നും അവർക്ക് മറുപടി കൊടുക്കാൻ നിന്നിട്ടില്ല. ഞാൻ പറഞ്ഞാലും ആരും കേൾക്കാനും തയ്യാറാകില്ല. പക്ഷേ, ഇന്ന് തന്റെ അഭിപ്രായങ്ങൾക്ക് വിലയുണ്ട്. നൃത്തത്തിലൂടെയാണ് അവർക്ക് മറുപടി കൊടുക്കേണ്ടതെന്ന് അന്നേ കരുതിയിരുന്നു. മലബാർ പോലുള്ള മേഖലയിലും കുടുംബത്തിലുമൊക്കെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്നും അതുതന്നെ വലിയ നേട്ടമായി കരുതുന്നുവെന്നും സഞ്ജന പറയുന്നു.
കുടുംബത്തെ തിരികെ പിടിക്കാനും അവർക്ക് ട്രാൻസ് വിഭാഗത്തെക്കുറിച്ച് കൃത്യമായ ഓറിയന്റേഷൻ കൊടുക്കാനുമൊക്കെ എന്റെ ജീവിതത്തിലൂടെ സാധിച്ചു. അതൊരിക്കലും അവബോധ ക്ലാസ്സുകളിലൂടെയോ ആരെങ്കിലും പറഞ്ഞുകൊടുത്തോ ഒന്നുമല്ല എന്റെ ജീവിതത്തിലൂടെയാണ്. അവരുടെ മാറ്റം ഏറെ അഭിമാനം പകരുന്ന കാര്യമാണ്, ഇന്ന് അവരെയും ചേർത്തുപിടിച്ചാണ് എന്റെ യാത്ര.
2017-ലാണ് സഞ്ജന വീട്ടിൽ സ്വത്വം വെളിപ്പെടുത്തുന്നത്. പ്ലസ്ടു കഴിഞ്ഞിരിക്കുന്ന സമയമാണ്. അന്ന് ട്രാൻസ്ജെൻഡർ പോളിസിയൊന്നും നടപ്പിലാക്കിയിട്ടില്ല. എൽ.ജി.ബി.ടി.ക്യു. സമൂഹത്തിന് ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യതയുമില്ല. കോമഡി പരിപാടികളിലൂടയും മറ്റും കാണുന്ന തീർത്തും വിഭിന്നമായ ആശയമാണ് പലർക്കും ട്രാൻസ് വ്യക്തികളെക്കുറിച്ചുണ്ടായിരുന്നത്. അത്രത്തോളം ട്രാൻസ് ഫോബിക്കായ ഒരു കാലഘട്ടത്തിൽ താൻ ട്രാൻസ്ജെൻഡർ ആണെന്നു തുറന്നുപറയുമ്പോൾ കുടുംബത്തിന് അതംഗീകരിക്കാൻ സാധിച്ചിരുന്നില്ലെന്നത് സ്വാഭാവികമായി കാണുന്നുവെന്ന് സഞ്ജന പറയുന്നു. രണ്ടു വർഷം കഴിഞ്ഞതിനു ശേഷമാണ് കോളേജുകളിൽ ട്രാൻസ് സംവരണം വരുന്നതെല്ലാം. മലബാർ ക്രിസ്ത്യൻ കോളേജിൽ ചേർന്ന കാലം തൊട്ട് തനിക്കു കിട്ടിയ വേദികളിലെല്ലാം സഞ്ജന വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയാണ് സംസാരിച്ചിരുന്നത്. അവിടുന്നിങ്ങോട്ട് ഓരോ നേട്ടങ്ങൾ കീഴടക്കിയപ്പോൾ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയുമൊക്കെ ചിന്താഗതിയിൽ മാറ്റമുണ്ടായി.
ഇന്ന് അവർക്കൊക്കെ കുറ്റബോധമുണ്ട്, പഴയ കാലത്ത് എന്നെ ചേർത്തുനിർത്താതിരുന്നത് ഇന്നവരെ വിഷമിപ്പിക്കുന്നുണ്ട്. അന്ന് ചെയ്തത് തെറ്റായിപ്പോയെന്നും അന്നത്തെ സമൂഹം അവരെ അങ്ങനെ ചിന്തിക്കാനാണ് പ്രേരിപ്പിച്ചത് എന്നുമൊക്കെ വിഷമം പറയാറുണ്ട്. സമൂഹം കണ്ടതുപോലെ തന്നെ അവരും എന്നെ കണ്ടു. നമ്മളിലൂടെ മാതാപിതാക്കൾ മാറുന്നുവെന്നത് ഏറെ അഭിമാനം നൽകുന്ന കാര്യമാണ്.
.jpg?$p=5958885&&q=0.8)
മത്സരവേദികളിലെ ആഡംബരം കുറയ്ക്കണം
ക്ലാസിക്കൽ നൃത്തരൂപങ്ങൾ കേരളത്തിൽ ഏറെ ചെലവേറിയതാണെന്നും ആഡംബരം കൂടുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ കുടുംബങ്ങളെയടക്കം സമ്മർദത്തിലാക്കുന്നുവെന്നും പറയുകയാണ് സഞ്ജന. കമ്മ്യൂണിറ്റിക്ക് ഉള്ളിലും പുറത്തു നിന്നുമൊക്കെയുള്ള നിരവധി ആളുകളുടെ പിന്തുണയോടെയാണ് നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായത്. നിരവധി ട്രാൻസ് വിദ്യാർഥികളെ സൗജന്യമായി നൃത്തം അഭ്യസിപ്പിക്കുന്ന ഗുരുക്കന്മാരുണ്ട്. പക്ഷേ, നൃത്തം സൗജന്യമായി പഠിപ്പിച്ചാലും പരിപാടികളിൽ പങ്കെടുക്കാനുള്ള ചമയത്തിനും വസ്ത്രത്തിനും വരുന്ന ചെലവ് വളരെയധികമാണെന്നും കലോത്സവവേദികൾ അതിന്റെ ഉദാഹരണമാണെന്നും പറയുന്നു സഞ്ജന.
കലോത്സവ വേദികളിലൊക്കെ വേഷവിധാനത്തിനും ചമയത്തിനുമൊക്കെ നൽകുന്ന ആഡംബരം കുറയ്ക്കേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ ആദ്യ ട്രാൻസ് വിധികർത്താവായിരുന്നു ഞാൻ. അതിൽ നൽകിയ മാന്വലിൽ പ്രത്യേകമായി വേഷവിധാനത്തിനും ചമയത്തിനുമുള്ള മാർക്ക് പറയുന്നുണ്ട്. ഇതെല്ലാം കഴിവിനേക്കാൾ കൂടുതൽ ചമയത്തിനും ആഡംബരങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന അവസ്ഥ സൃഷ്ടിക്കുകയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളൊക്കെ കടം വാങ്ങിയും മറ്റും മത്സരങ്ങളിൽ പങ്കെടുക്കേണ്ടി വരുന്നതു മാറേണ്ടതുണ്ട്..
ഞങ്ങൾ പൊരുതിപ്പൊരുതി ബോൾഡാവുകയാണ്
സമൂഹത്തിൽ പ്രിവിലേജ് അനുഭവിക്കുന്ന വ്യക്തികൾക്ക് ഒരു കാലത്ത് കഷ്ടപ്പെട്ടതിന്റെ കഥ പറയാനുണ്ടാകും. സമൂഹത്തിൽ അവനവന്റെ ഇടം ലഭിക്കാൻ ട്രാൻസ് വ്യക്തികൾക്ക് മറ്റുള്ളവരേക്കാളൊക്കെ എത്രയോ ഇരട്ടി പോരാടേണ്ടിവരും. ഞങ്ങൾ ഞങ്ങളുടെ ജീവിതം തന്നെ വച്ചാണ് പോരാടുന്നതെന്നു പറയുകയാണ് സഞ്ജന.
ജീവിതമേ പോരാട്ടമാക്കിയവർ എന്ന് തങ്ങളെക്കുറിച്ച് വേണമെങ്കിൽ പറയാം. ആ ഓട്ടത്തിനിടയിലാണ് ചെറിയ രീതിയിലെങ്കിലും അവനവന്റെ കഴിവുകളെ പരിപോഷിപ്പിക്കാൻ സമയം കണ്ടെത്തുന്നത്. സമരം ചെയ്തും ഉച്ചത്തിൽ സംസാരിച്ചുമൊക്കെ അവകാശങ്ങൾ നേടിയെടുത്താണ് നേട്ടങ്ങൾ കീഴടക്കുന്നത്. ഏതു വേദിയിലും തലയുയർത്തി നിൽക്കാനുള്ള ധൈര്യമാണ് ഇത്തരത്തിൽ അതിജീവിച്ചു വന്നവർക്ക് ലഭിക്കുന്നത്. നെഗറ്റീവ് കമന്റുകളൊന്നും പലപ്പോഴും ബാധിക്കാതെ വരും. മാനസികമായും ശാരീരികമായുമൊക്കെ ഏറെ ദുരിതങ്ങളെ അതിജീവിച്ചു വരുന്നവർ ആയതുകൊണ്ടു തന്നെ പല തളർത്തലുകളെയും വകവെക്കാതാവും. അന്ന് ക്രൂശിച്ചവർക്കുള്ള മറുപടിയാണ് പിൽക്കാലത്ത് നേടിയെടുക്കുന്ന ഇത്തരത്തിലുള്ള വിജയങ്ങൾ.
സഞ്ജനയുടെ വിജയത്തിൽ അഭിമാനമുണ്ട്, ഞങ്ങൾക്ക് നേടാൻ കഴിയാത്തത് നിനക്ക് കഴിഞ്ഞു എന്നൊക്കെ പറഞ്ഞ് അടുത്തെത്തുന്നവരുണ്ട്. പലപ്പോഴും അത്തരം വാക്കുകൾ കേൾക്കുമ്പോൾ വിഷമം തോന്നും. സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താനോ കഴിവുകളെ പരിപോഷിപ്പിക്കാനോ കഴിയാത്ത നിരവധി പേർ ഇന്നുമുണ്ട്. അവരോടൊക്കെ പറയാനുള്ളത് ആത്മവിശ്വാസത്തോടെ മുമ്പോട്ടു വരണമെന്നാണ്. ഇന്നത്തെ സമൂഹത്തിൽ അവസരങ്ങൾ നിരവധിയുണ്ട്, പോരാടി അവ നേടിയെടുക്കണമെന്നേയുള്ളു. നമ്മുടെ കഴിവിലൂടെ ജീവിതം തിരിച്ചുപിടിക്കാം എന്ന വിശ്വാസത്തോടെ മുന്നോട്ടു വരികയാണ് വേണ്ടത്.
സിനിമാ സ്വപ്നം
നൃത്തത്തിൽ ഉപരിപഠനം ചെയ്യുന്നതിനൊപ്പം ചില സാമൂഹിക സേവനങ്ങൾ കൂടി സഞ്ജനയുടെ മനസ്സിലുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെയും ഭിന്നശേഷിക്കാരായ കുട്ടികളെയും ദളിത്- ആദിവാസി വിഭാഗങ്ങളിൽപ്പെട്ട പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികളെയുമൊക്കെ നൃത്തലോകത്തേക്ക് കൊണ്ടുവരിക എന്നതാണത്. അവർക്ക് സൗജന്യമായി നൃത്ത ക്ലാസ്സുകൾ നൽകി അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുക എന്നത് വലിയ സ്വപ്നമാണ്.
വലിയൊരു സന്തോഷം കൂടി സഞ്ജനയ്ക്ക് പങ്കുവെക്കാനുണ്ട്. വരാനിരിക്കുന്ന മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മലൈക്കോട്ടെ വാലിബനിൽ നല്ലൊരു വേഷമാണ് സഞ്ജന അവതരിപ്പിക്കുന്നത്. ഷൂട്ടിന് ഒരാഴ്ച്ചത്തെ ഇടവേളയെടുത്താണ് എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ പങ്കെടുത്തത്. നൃത്തവേദികളും സിനിമാസ്വപ്നങ്ങളുമായി ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് സഞ്ജന.
Content Highlights: interview with transgender dancer sanjana chandran, mg university prathibha thilakam award
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..