കെ ആർ ശൈലജ
സ്ത്രീകള്‍ അധികം കടന്നുചെല്ലാത്ത വിരലടയാള അന്വേഷണ മേഖലയിലേക്ക് തൊണ്ണൂറുകളില്‍ കടന്നുചെന്ന് തന്റേതായ ഇടം കണ്ടെത്തിയ ഒരാളാണ് കോട്ടയം കങ്ങഴ സ്വദേശിയായ കെ.ആര്‍. ശൈലജ. കൊലപാതകങ്ങളും മോഷണവും അടക്കം നിര്‍ണായകമായ പല കുറ്റകൃത്യങ്ങളിലും വിരലടയാളത്തിലൂടെ തുമ്പുണ്ടാക്കി കൊടുത്ത ഇവർ സംസ്ഥാനത്തെ ആദ്യ വനിതാ വിരലടയാള വിദഗ്ധ എന്ന വിശേഷണത്തിന് കൂടി അർഹയാണ്. ഫിംഗര്‍ പ്രിന്റ് ബ്യൂറോയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയില്‍നിന്ന് കഴിഞ്ഞയാഴ്ച വിരമിച്ച ശൈലജ തന്റെ 26 വര്‍ഷത്തെ കേസനുഭവങ്ങളെ കുറിച്ചു ഡോട്ട് കോമിനോട് സംസാരിക്കുന്നു.
പുതിയ കാലത്ത് ധാരാളം സ്ത്രീകളെ വിരലടയാള വിദഗ്ധരായി കാണാന്‍ സാധിക്കുമെങ്കിലും 90-കളിലൊന്നും ഈ തൊഴില്‍ മേഖലയിലേക്കുള്ള സ്ത്രീകളുടെ തിരഞ്ഞെടുപ്പ് അത്ര സാധാരണമായിരുന്നില്ല. എങ്ങനെയാണ് ഈ മേഖലയിലേക്ക് എത്തുന്നത്? കുറ്റാന്വേഷണ കഥകള്‍, സിനിമകള്‍ എന്നിവയോട് താത്പര്യമുള്ളയാളായിരുന്നോ? അത്തരം പുസ്തകങ്ങളുടെ വായന ഈ തൊഴില്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നോ.. ?
ക്രൈം സീനുമായി ബന്ധപ്പെട്ട അന്വേഷണത്തിനോടും കണ്ടെത്തലിനോടുമെല്ലാം താത്പര്യമുണ്ടായിരുന്നു. ഏകതാന സ്വഭാവമുള്ള തൊഴിലല്ലാത്തതും ആകര്‍ഷിച്ച ഘടകമായിരുന്നു. സ്ത്രീകളെ ഈ ജോലിക്കെടുക്കില്ല എന്ന് പൊതുവെ പറയപ്പെട്ടിരുന്ന ഒരു കാലത്താണ് ഞാനീ മേഖലയിലേക്കെത്തുന്നത്. 1997-ൽ മേഖലയിലേക്ക് പ്രവേശിക്കുമ്പോൾ പുരുഷൻമാർ മാത്രമാണുണ്ടായിരുന്നത്. പക്ഷെ, എന്റെ താത്പര്യത്തിന് അതൊന്നും തടസ്സമായിരുന്നില്ല. കുറ്റാന്വേഷണ കഥകളെല്ലാം എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യങ്ങളാണല്ലോ. അതെല്ലാം ഇഷ്ടം പോലെ വായിച്ചിരുന്നു. ആ വായനകൊണ്ടാണ് ഈ മേഖലയിലേക്ക് എത്തിയതെന്ന് പറയാനാവില്ല.
എല്ലാ ജോലിയെയും പോലെ അത്ര സുഖകരമല്ലല്ലോ ഫോറന്‍സിക്കിലെയും ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെയും ജോലി. ക്രൈം സീനുമായി ബന്ധപ്പെട്ട് നമ്മെ തളര്‍ത്തുന്ന അനുഭവങ്ങൾ ധാരാളമുണ്ടാവും. അത്തരത്തില്‍ ഉറക്കം കെടുത്തുന്ന രീതിയില്‍ വേട്ടയാടിയ കേസുകളുണ്ടോ.....?
മിക്കവാറും കേസുകളുടെയെല്ലാം പ്രൈമറി ഇന്‍വസ്റ്റിഗേഷന്റെ ഭാഗമാണല്ലോ ഫിംഗര്‍ പ്രിന്റ് ഡിപ്പാര്‍ട്‌മെന്റ്. മോഷണം, കൊലപാതകങ്ങള്‍, ദുരൂഹ മരണങ്ങള്‍ എന്നിവയിലെല്ലാം ഫോറന്‍സിക്കുകാരെയും ഫിംഗര്‍ പ്രിന്റ് വിദഗ്ധരെയും ക്രൈം സീനിലേക്ക് ആദ്യമേ തന്നെ വിളിക്കും. അപ്പോള്‍ മരിച്ചു കിടക്കുന്നതൊക്കെ അതേപടി കാണുന്നത് ബുദ്ധിമുട്ടുണ്ടാക്കും. പ്രത്യേകിച്ച് കുട്ടികളൊക്കെ മരിച്ചു കിടക്കുന്നത് കുറെ ദിവസത്തേക്ക് വിഷമിപ്പിക്കും
Also Read
അത്തരത്തില്‍ ദിവസങ്ങളോളം ഉറക്കം കെടുത്തിയ ഒന്നായിരുന്നു 2011-ലെ പുല്ലുമേട് ദുരന്തം. മകരജ്യോതി ദര്‍ശനം കഴിഞ്ഞെത്തിയ വിവിധ സംസ്ഥാനങ്ങളിലുള്‍പ്പെടുന്ന 102 പേരാണ് അന്ന് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. കൂട്ടമരണങ്ങളുണ്ടാകുമ്പോള്‍ മൃതദേഹം തിരിച്ചറിയാനായി ഫിംഗര്‍ പ്രിന്റെടുക്കുന്ന രീതിയുണ്ട്. രണ്ട് മൂന്ന് ജില്ലകളിലെ ഫിംഗര്‍ പ്രിന്റ് ഉദ്യോഗസ്ഥരെത്തിയാണ് മരണപ്പെട്ട 100-ലധികം വരുന്ന മനുഷ്യരുടെ ഫിംഗര്‍ പ്രിന്റെടുത്തത്. ഒരു ഹാളില്‍ അത്രയധികം മൃതദേഹങ്ങള്‍ നിരത്തയിട്ട കാഴ്ച കണ്ടപ്പോള്‍ വലിയ വിഷമം തോന്നി.
അതുപോലെ വിഷമിപ്പിച്ച ഒന്നാണ് കോട്ടയത്ത് എട്ട് വയസ്സുള്ള ആണ്‍കുട്ടിയെ അച്ഛന്റെ സഹോദരി കൊലപ്പെടുത്തിയ സംഭവം. കൂടെ കിടന്നിരുന്ന കുട്ടിയെ കഴുത്തു ഞെരിച്ചായിരുന്നു കൊന്നത്. ആ വീട്ടില്‍ കുട്ടിയുടെ കളിസാധനങ്ങളെല്ലാം അവിടവിടെ ഉണ്ടായിരുന്നു. ആ കുട്ടി മരിച്ചു കിടക്കുന്ന ദൃശ്യം വല്ലാതെ വേദനയുളവാക്കുന്നതായിരുന്നു.

ഇതുവരെ എത്ര കേസുകള്‍, അതിലെത്രയെണ്ണം തുമ്പുണ്ടാക്കി?
26 വര്‍ഷത്തെ സര്‍വീസിനിടയ്ക്ക് 3000-ത്തിലധികം കേസുകള്‍ ഏകദേശം കൈകാര്യം ചെയ്തിട്ടുണ്ടാവും. അതില്‍ ഭൂരിഭാഗവും മോഷണമോ വസ്തുവിലേയ്ക്കുള്ള അതിക്രമിച്ച് കയറലോ ആണ്. ചെറിയ പെട്ടിക്കട മോഷണം മുതല്‍ വലിയ കൊലപാതകക്കേസുകളില്‍ വരെ നമ്മളെ വിളിക്കും അതിനാലും കൂടിയാണ് ഇത്രയേറെ കേസുകള്‍ ചെയ്യാനുള്ള കാരണം. പൊതുവെ 10 ശതമാനമാണ് ഫിംഗര്‍ പ്രിന്റപയോഗിച്ച് ആളെ കണ്ടെത്താനുള്ള സാധ്യത. എന്നാലിപ്പോള്‍ സാങ്കേതികവിദ്യ പുരോഗമിച്ചത് ഈ തൊഴിലിനെ കുറച്ചു കൂടി ആയാസരഹിതമാക്കി. ഫിംഗര്‍ പ്രിന്റ് ഡാറ്റാബേസ് ഡിജിറ്റൈസ് ചെയ്തു. എളുപ്പം താരതമ്യം ചെയ്യാനും കണ്ടെത്താനും പുതിയ സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകളും വന്നു. ഇതെല്ലാം ജോലി കുറച്ചു കൂടി എളുപ്പമാക്കി.
കുറ്റകൃത്യം തെളിയിക്കുന്നതില്‍ ഫിംഗര്‍ പ്രിന്റ് നിര്‍ണായകമായ, സ്വയം അഭിമാനം തോന്നിയ ഏതെങ്കിലും കേസുണ്ടോ പങ്കുവെക്കാന്‍...?
അത്തരത്തില്‍ എനിക്ക് അഭിമാനം തോന്നിയ കേസ് എന്റെ കേസോ എന്റെ ബ്യൂറോയുടെ കേസോ അല്ല. ഞങ്ങളുടെ ഫിംഗര്‍ പ്രിന്റ് ഡിപാര്‍ട്‌മെന്റിനാകെ അഭിമാനകരമായ കേസായിരുന്നു കൊച്ചി ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ സംഗീത തെളിയിച്ച നാവിക സേനാ കപ്പലിലെ മോഷണക്കേസ്. കൊച്ചി കപ്പല്‍ശാലയിലെ നിര്‍മ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും മറ്റ് പ്രധാന ഡിവൈസുകളും മോഷണം പോയി. ഹൈ സെക്യൂരിറ്റ് മേഖലയിലായിരുന്നു മോഷണം എന്നതിനാല്‍ തന്നെ ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീണിയുള്ള സംഭവമായിരുന്നു അത്. കേസ് എന്‍.ഐ.എ. ഏറ്റെടുക്കുന്ന സ്ഥിതിവിശേഷമുണ്ടായി. പടുകൂറ്റന്‍ കപ്പലില്‍ രാത്രി പോയി കഠിനപ്രയത്‌നത്തിലൂടെയാണ് സംഗീത ഫിംഗര്‍ പ്രിന്റുകള്‍ ഡവലപ് ചെയ്ത് കൊണ്ടുവന്നത്. കപ്പലില്‍ പണിയെടുത്ത ആറായിരം വരുന്ന ജീവനക്കാരുടെ വിരലടയാളങ്ങൾ 9 മാസത്തോളം നടത്തിയ പരിശോധനക്കൊടുവിലാണ് പ്രതികളെ കണ്ടെത്തുന്നത്. ഫിംഗര്‍ പ്രിന്റ് ആണ് ആ കേസില്‍ പ്രതികളെ പിടിക്കാന്‍ നിര്‍ണ്ണായകമായത്. എന്റെ കേസല്ലെങ്കിലും ഫിംഗര്‍പ്രിന്റ് ബ്യൂറോയിലെ ഒരാളെന്ന നിലയ്ക്ക് ഞങ്ങള്‍ക്കെല്ലാം അഭിമാനകരമായ കേസായിരുന്നു അത്.
താങ്കള്‍ ഒരു ക്രൈം സീനില്‍നിന്ന് ശേഖരിച്ച വിരലടയാളം വധ ശിക്ഷ വിധിക്കുന്നതില്‍ നിര്‍ണ്ണായകമായിരുന്നെന്ന് വായിച്ചത് ഓർമ വരുന്നു.. അതേക്കുറിച്ച് പറയാമോ...?
വിരലടയാളം തെളിവായി ശരിവെച്ച് വധശിക്ഷ കിട്ടിയ കേസാണ് കോട്ടയം ജില്ലയിലെ ഒറീസാ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസ്. ഏപ്രില്‍ 14, വിഷു ദിവസം അതിരാവിലെയാണ് ക്രൈം സീനില്‍ ഞാനെത്തുന്നത്. തലേദിവസം രാത്രിയായിരുന്നു കൊല നടന്നത്. ഒഡിഷയില്‍നിന്ന് കച്ചവടത്തിനായി നാട്ടിലത്തിയ ദമ്പതിമാരുടെ കൈ പിറകിലേക്ക് കെട്ടി അതിക്രൂരമായാണ് കൊല നടത്തിയിരുന്നത്. അലമാരയെല്ലാം വാരി വലിച്ചിട്ട അവസ്ഥയിലായിരുന്നു. അവിടെ നിന്ന് വിരലടയാളങ്ങള്‍ ലഭിച്ചു. വളരെ പെട്ടെന്ന് തന്നെ അവരുടെ ഫാക്ടറിയില്‍ ജോലിചെയ്യുന്ന, സംശയം തോന്നിയ ചില ഉത്തരേന്ത്യക്കാരുടെ വിരലടയാളങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. അവരുടെ ഫിംഗര്‍ പ്രിന്റും അലമാരയ്ക്കകത്ത് നിന്ന് കിട്ടിയ ഫിംഗര്‍ പ്രിന്റും ഒത്തുവന്നു. അങ്ങനെയാണ് കുറ്റം തെളിയുന്നതും വധശിക്ഷയ്ക്ക് വിധിക്കുന്നതും.
വിരലടയാളങ്ങള്‍ കുറ്റകൃത്യം തെളിയിക്കാന്‍ വലിയ രീതിയില്‍ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഗ്ലൗസ് ഇട്ട് വളരെ സൂക്ഷ്മതയോടെ നിർവഹിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുമുണ്ട്. ഗ്ലൗസിട്ടുള്ള കുറ്റകൃത്യങ്ങളിലെ വിരലടയാള ശേഖരണം ബുദ്ധിമുട്ടല്ലേ. എങ്ങിനെയാണ് അതിനെ മറികടക്കുന്നത്..?
ഗ്ലൗസില്‍നിന്ന് പൊതുവെ ഫിംഗര്‍ പ്രിന്റ് കിട്ടില്ല എന്ന് പറയുമെങ്കിലും അത്തരത്തില്‍ കേസ് തെളിയിച്ച് വിരലടയാള വിദഗ്ധർ കേരള പോലീസിലുണ്ട്. കുറ്റവാളി ഊരിയിട്ട ഗ്ലൗസില്‍ നിന്ന് ഫിംഗര്‍ പ്രിന്റെടുത്ത് മറ്റൊരു ഉദ്യോഗസ്ഥന്‍ കുറ്റം തെളിയിച്ച അനുഭവം കേരള ഫിംഗർ പ്രിന്റ് ബ്യൂറോയിലുണ്ടായിട്ടുണ്ട്.
ഒരു ക്രൈം സീനില്‍ ചെന്ന് വിരലടയാളം എടുക്കാനുള്ള സ്‌പോട്ടുകള്‍ കണ്ടെത്തുന്നതെങ്ങനെയാണ്. എന്തെല്ലാം സാങ്കേതിക വിദ്യകളാണ് പഴയകാലത്തില്‍നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ഉപയോഗിക്കുന്നത്..?
കണ്ണ് കൊണ്ടൊന്നും കാണാന്‍ കഴിയാത്തതാണല്ലോ വിരലടയാളം. രാസവസ്തുക്കൾ പല അനുപാതത്തില്‍ മിക്‌സ് ചെയ്ത് ഉപയോഗിച്ച് ഒളിഞ്ഞിരിക്കുന്ന വിരലടയാളം കണ്ടെത്തലാണ് ഒരു വിരലടയാള വിദഗ്ധന്റെ ജോലി. കുത്തിപ്പൊളിച്ചതും അതിനു ശ്രമിച്ചതുമായ പോയിന്റുകള്‍, വലിച്ച് വാരിയിട്ട് സ്ഥലങ്ങള്‍, ഉപേക്ഷിക്കപ്പെട്ട ആയുധങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം വിരലടയാളം എടുക്കും. സാങ്കേതികവിദ്യയുടെ കാര്യം പറയുകയാണെങ്കില്‍ പണ്ട് ലെന്‍സുപയോഗിച്ചാണ് ഫിംഗര്‍ പ്രിന്റ് പരിശോധന നടത്തിയിരുന്നത്. ഇപ്പോള്‍ അതിനു പ്രത്യേക സോഫ്റ്റ്വെയറുകളുണ്ട്. മാന്വല്‍ ആയി ചെയ്തു വരുമ്പോഴേക്കും ഒരു പക്ഷെ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു പണ്ട്. എന്നാല്‍ ഇന്ന് സോഫ്റ്റ്വെയര് സഹായം ഉള്ളത് കൊണ്ട് ഫിംഗര്‍ പ്രിന്റ് ഡാറ്റാ ബാങ്കില്‍ എളുപ്പം താരതമ്യം ചെയ്യാനാകും.
ക്രൈം സീനില്‍ പലപ്പോഴും വീട്ടുകാരോ നാട്ടുകാരോ എത്തി തെളിവ് നഷ്ടപ്പെടുന്ന അവസ്ഥ പൊതുവെ ഉണ്ടാകുമല്ലോ. അങ്ങനെ ധാരാളം ആളുകളുടെ കൈപ്പട പതിഞ്ഞാല്‍ എങ്ങനെയാണ് ആ പ്രതിസന്ധിയെ മറികടക്കാറ്...?
മിക്ക വീടുകളിലും മോഷണം നടന്നാല്‍ അവര്‍ തന്നെ പരിഭ്രാന്തരായി എന്തെല്ലാം പോയെന്ന് നോക്കി അന്വേഷിക്കും. അത് കഴിഞ്ഞായിരിക്കും പോലീസിനെ വിളിക്കുക. അപ്പോള്‍ തന്നെ പോലീസ് തൊടരുതെന്ന് പറയും. പക്ഷെ, വീട്ടുകാരുടെ വിരലടയാളമെടുത്ത് അതിനെ ബാക്കിയുള്ള ഫിംഗര്‍ പ്രിന്റുകളില്‍ നിന്ന് എലിമിനേറ്റ് ചെയ്യാനാവും. അത് പക്ഷെ ബുദ്ധിമുട്ടേറിയതും സമയം ആവശ്യവുമുള്ള ജോലിയാണ്. ഇനി വിരലടയാളങ്ങൾ ഒന്നിനു മേൽ ഒന്നായി പതിഞ്ഞാലും ഓവര്‍ ലാപ്പാവാത്ത ഏതെങ്കിലും ഭാഗം കിട്ടിയാലും അത് വികസിപ്പിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ ഇന്നുണ്ട്..
ഏത് അവധി ദിവസങ്ങളിലും പാതിരാത്രിയിലും വിളിക്കുമ്പോള്‍ ക്രൈം സീനിലേക്ക് പോവേണ്ടി വരുമല്ലോ. കോട്ടയത്തെ ഇരട്ട കൊലപാതക സ്ഥലത്ത് പോയത് വിഷു ദിനത്തിലായിരുന്നുവെന്ന് നേരത്തെ പറഞ്ഞല്ലോ. ഒരു സ്ത്രീ ഇത്രയും വർഷക്കാലം ഇതുപോലൊരു തൊഴിൽ മേഖലയിൽ നിൽക്കേണ്ടി വന്നതിന്റെ പേരിൽ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ എന്തെല്ലാമാണ്.?
എല്ലാ കേസുകളിലും ശാസ്ത്രീയ കുറ്റാന്വേഷണങ്ങളാണ് നടക്കുന്നത്. ഫോറന്‍സിക് സംഘം, പോലീസ് ഫോട്ടോഗ്രാഫര്‍, ഫിംഗര്‍ പ്രിന്റ് വിദഗ്ധര്‍ എന്നിവര്‍ ആദ്യം തന്നെ ക്രൈം സീനില്‍ പോലീസിന് പിന്നാലെ എത്തും. ഇന്ന് ഫിംഗർ പ്രിന്റ് ബ്യൂറോയിൽ മൂന്നിലൊന്ന് സ്ത്രീകളുണ്ട്. അന്ന് സ്ത്രീകൾ നന്നെ കുറവായിരുന്നു. എന്നെ സംബന്ധിച്ച് ഭര്‍ത്താവിന്റെയും മക്കളുടെയും മുഴുവന്‍ പിന്തുണയുമുണ്ടായിരുന്നു. മാത്രവുമല്ല എന്റെ കുഞ്ഞുങ്ങളുടെ ചെറുപ്രായത്തിലാണ് ക്രൈം സീനിലൊക്കെ നേരിട്ട് പോയിട്ടുള്ള സജീവമായ സർവീസ് കാലം എനിക്കുണ്ടായിരുന്നത്. അന്ന് മക്കളെ നോക്കാൻ അമ്മ കൂടെയുണ്ടായിരുന്നത് കൊണ്ടു കൂടിയാണ് എനിക്ക് തൊഴിലിൽ ശ്രദ്ധിക്കാനായത്. ഞായറാഴ്ചകളിലും രാത്രിയിലും ഒക്കെ പണിക്ക് പോകുമ്പോള്‍ ഞായറാഴ്ചയും പണിയുണ്ടോ എന്ന തരത്തില്‍ നാട്ടുകാരില്‍ ചിലരൊക്കെ ചോദിക്കുമായിരുന്നു. എല്ലാവരെയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട ബാധ്യത എനിക്കുണ്ടെന്ന് തോന്നിയിട്ടില്ല. ഞാൻ അത്തരം കാര്യങ്ങളിലൊന്നും ആശങ്കയുള്ളയാളുമായിരുന്നില്ല.
ഇത്ര ആവേശകരമായ ഒരു ജോലി വിട്ട് റിട്ടയറിങ്ങിലേക്ക് പോവുകയെന്നത് അല്‍പം വിഷമമുള്ള കാര്യമാകുമല്ലോ. ഇനി എന്താണ് ഭാവി പദ്ധതികള്‍?
ഈ മേഖലയിലെ പുതിയ സാധ്യതകളെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്നുണ്ട്. ആ രീതിയില്‍ അക്കാദമികമായി മുന്നോട്ടു പോവാനാണ് താത്പര്യപ്പെടുന്നത്.
Content Highlights: Interview ,first lady finger print officer,retirement,dy director,crime,nileena atholi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..