ഗവർണറുടെ ഇടപെടലിൽ വേണുഗോപാലിന് വ്യക്തത, സതീശന് സങ്കുചിത താത്പര്യം- സെബാസ്റ്റ്യൻ പോൾ


നിലീന അത്തോളി| nileenaatholi2@gmail.com'പത്തിലധികം വരുന്ന കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പിടിമുറുക്കാന്‍ കഴിഞ്ഞാല്‍ അതവരുടെ പാര്‍ട്ടിയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാകും. പാഠ്യ പദ്ധതിയില്‍ ഇടപെടുന്നതിനുള്ള അവസരം അതിലൂടെ കൈവരിക്കാനാകും. "

Interview

ഡോ. സെബാസ്റ്റ്യൻ പോൾ | Mathrubhumi

രാഷ്ട്രീയമായ അജണ്ട കേരളത്തില്‍ ഇതുവരെ നടപ്പാക്കാൻ സാധിക്കാത്ത പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും ഗവര്‍ണറുടെ ഓഫീസ് കേന്ദ്രീകരിച്ചു കൊണ്ടാണ് അവര്‍ മറ്റ് രീതിയിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും മുൻ എം.പിയും സാമൂഹിക നിരീക്ഷകനുമായ ‍ഡോ. സെബാസ്റ്റ്യൻ പോൾ. "ഉന്നത വിദ്യാഭ്യാസ രംഗം നിയന്ത്രണത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വിഷയങ്ങളെ നമ്മള്‍ കാണേണ്ടത്. പത്തിലധികം വരുന്ന കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പിടിമുറുക്കാന്‍ കഴിഞ്ഞാല്‍ അത് അവരുടെ പാര്‍ട്ടിയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാകും. പാഠ്യപദ്ധതിയില്‍ ഇടപെടുന്നതിനുള്ള അവസരം അതിലൂടെ കൈവരിക്കാനാകും." സെബാസ്റ്റ്യൻ പോൾ പറയുന്നു.

മാതൃഭൂമി ഡോട്ട്കോമിന് അദ്ദേഹം നൽകിയ അഭിമുഖം:സാങ്കേതിക സര്‍വ്വകലാശാല വി.സിക്കെതിരേയുള്ള സുപ്രീം കോടതി ഉത്തരവ് എല്ലാ വി.സിമാര്‍ക്കും ബാധകമാണെന്നുള്ള സങ്കല്‍പത്തില്‍ നിന്നു കൊണ്ടാണല്ലോ കഴിഞ്ഞ ദിവസം വി.സിമാരെല്ലാം രാജിവെച്ച് പുറത്തുപോവണമെന്ന ശാസന ചാന്‍സലര്‍ ആയ ഗവര്‍ണര്‍ നല്‍കിയത്. ഇത്തരം വിഷയങ്ങളിൽ നടപടിയെടുക്കാനുള്ള അധികാരം ചാന്‍സലര്‍ക്കുണ്ടോ?

വൈസ് ചാന്‍സലര്‍ നിയമനത്തില്‍ രണ്ട് നിയമങ്ങളുണ്ട്. ഒന്ന്‌ സംസ്ഥാന നിയമം, മറ്റൊന്ന് കേന്ദ്ര നിയമം. ഒരേ വിഷയത്തില്‍ രണ്ട് നിയമങ്ങളുണ്ടെങ്കില്‍ കേന്ദ്ര നിയമത്തിനായിരിക്കും പ്രാമുഖ്യം എന്ന് പണ്ടേ സുപ്രീം കോടതി പറഞ്ഞതാണ്. അതിനാല്‍ യു.ജി.സി. ചട്ടങ്ങള്‍ക്കാണ് പ്രാധാന്യം. അത് പാലിച്ചില്ലെന്നതു കൊണ്ടാണ് സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം സുപ്രീം കോടതി റദ്ദാക്കിയത്. ഇനി വരുന്ന വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ ഈ വിധി ബാധകമാകും. നിയമനം നടന്നു പോയ 9 സര്‍വ്വകലാശാലകളിലും ഇന്ത്യയൊട്ടുക്കുള്ള സര്‍വ്വകലാശാലകളിലും ഇത്തരം നിയമനങ്ങളുണ്ടായിരിക്കും. അത് പരിശോധിക്കാന്‍ ചാന്‍സലര്‍ക്ക് ഒരു നിയമവും അധികാരം നല്‍കിയിട്ടില്ല. ഇതില്‍ ആര്‍ക്കു വേണമെങ്കിലും കോടതിയെ സമീപിക്കാം. കോടതിയാണ് തീരുമാനമെടുക്കേണ്ടത്. അതല്ലാതെ സുപ്രീം കോടതി വിധി കണ്ടപ്പോല്‍ എനിക്കിങ്ങനെ തോന്നി, അതിനാല്‍ എല്ലാരും പിരിഞ്ഞു പോകണമെന്ന് ഗവര്‍ണര്‍ക്ക് പറയാന്‍ പറ്റില്ല.

ഈ വിഷയത്തില്‍ നിയമോപദേശവും സാമന്യബോധവും അദ്ദേഹത്തിനുണ്ടാവണമല്ലോ. എന്നിട്ടും എല്ലാവരും രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രശ്‌നങ്ങളിലേക്ക് കടന്നത് എന്തിനായിരിക്കും?.

ആരിഫ് മുഹമ്മദ് ഖാന് ജയിക്കണമെന്നില്ല. പുള്ളി ഒരു ഫൈറ്ററാണ്. പുള്ളി ഫൈറ്റ് ചെയ്യും. അങ്ങനെ ചെയ്യുമ്പോള്‍ അതില്‍ സന്തുഷ്ടരാവുന്ന ഒരു വിഭാഗമുണ്ടാവുമല്ലോ. അതില്‍ അദ്ദേഹം സംപ്രീതനാണ്. കാലാവധി കഴിയുംവരെ ഒരു പ്രശ്നവുമില്ലാതെ ഗവര്‍ണര്‍ സ്ഥാനത്തിരിക്കാമല്ലോ. ദേശീയതലത്തില്‍ ആ തരത്തിലുള്ള ഖ്യാതിയും അംഗീകാരവും കിട്ടുമെന്ന മെച്ചവും. നാളെ ഇതു കഴിയുമ്പോള്‍ മറ്റൊരു പദവി കിട്ടാനും ബുദ്ധിമുട്ട് ഇല്ലല്ലോ.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും തങ്ങളുടെ വരുതിയിലാക്കാനുള്ള ബി.ജെ.പി. ശ്രമം കഴിഞ്ഞ കുറെ കാലമായി പുരോഗമന സമൂഹം ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. പുനെ ഫിലിം ഇന്‍സ്റ്റ്റ്റിറ്റ്യൂട്ട്, ജെ.എന്‍.യു. എന്നിവിടങ്ങളിലൊക്കെ വി.സി. നിയമനം വഴി ആര്‍.എസ് .എസ്. അജണ്ട നടപ്പാക്കുന്നുവെന്ന ആരോപണങ്ങളും വന്നിരുന്നു. സര്‍വ്വകലാശാലകളെ മെച്ചപ്പെടുത്തലല്ല പകരം അജണ്ടയുടെ ഭാഗമായ ഇടപെടലാണ് ഗവര്‍ണറുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നതെന്ന് വിശ്വസിക്കുന്നുണ്ടോ?

തീര്‍ച്ചയായും അത്തരമൊരു അജണ്ട സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയമായ അജണ്ട കേരളത്തില്‍ ഇതുവരെ നടപ്പിലാക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. എന്നാല്‍ ഗവര്‍ണറുടെ ഓഫീസ് കേന്ദ്രീകരിച്ചുകൊണ്ട് അവര്‍ മറ്റ് രീതിയിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗം നിയന്ത്രണത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വിഷയങ്ങളെ നമ്മള്‍ കാണേണ്ടത്. പത്തിലധികം വരുന്ന കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പിടിമുറുക്കാന്‍ കഴിഞ്ഞാല്‍ അതവരുടെ പാര്‍ട്ടിയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാകും. പാഠ്യപദ്ധതിയില്‍ ഇടപെടുന്നതിനുള്ള അവസരം അതിലൂടെ കൈവരിക്കാനാകും. അക്കാദമികമായ എല്ലാ കാര്യങ്ങളിലും അവരുടെ ആളുകള്‍ സാന്നിധ്യമുണ്ടാക്കുന്നതിലൂടെ കേരളത്തിലെ സാംസ്‌കാരിക മേഖലയെ അവര്‍ക്ക് കൈവശപ്പെടുത്താനാവുമെന്നാകും കരുതുന്നത്. സര്‍വ്വകകലാശാലകള്‍ പിടിച്ചടക്കുന്നതില്‍ എംപ്ലോയ്‌മെന്റ് സാധ്യത മാത്രമല്ല. സാംസ്‌കാരികരംഗത്തും കേരളത്തിന്റെ ബൗദ്ധിക മേഖലയിലും സ്വാധീനം ചെലുത്താനുമുള്ള ബൃഹദ് പദ്ധതിയാണത്.

ഒമ്പത് വി.സിമാര്‍ രാജിവെക്കണമെന്ന് ഒറ്റയടിക്ക് ചാന്‍സലറായ ഗവര്‍ണര്‍ ആവശ്യപ്പെടുന്നത് അത്യസാധാരണ സാഹചര്യമല്ലേ. ഒരു നിയമവിദഗ്ധന്‍ എന്ന നിലയില്‍ ഈ സാഹചര്യത്തെ എങ്ങനെയാണ് കാണുന്നത്?

കേരള നിയമസഭ പാസ്സാക്കിയ നിയമം അനുസരിച്ചാണ് കേരളത്തില്‍ സര്‍വ്വകലാശാലകള്‍ സ്ഥാപിതമാകുന്നതും പ്രവര്‍ത്തിക്കുന്നതും. അതിലെ വ്യവസ്ഥയനുസരിച്ച് ആരെ വേണമെങ്കിലും ചാന്‍സലര്‍ ആക്കാം. ഗവര്‍ണർ തന്നെ ആവണമെന്ന നിര്‍ബന്ധമൊന്നുമില്ല. പക്ഷെ ഗവര്‍ണറെയാണ് നമ്മളാ ചുമതല നിലവില്‍ ഏല്‍പിച്ചിരിക്കുന്നത്. അവിടെ വി.സിയെ നിയമിക്കാന്‍ ചട്ടങ്ങളുണ്ട്. ആ ചട്ടപ്രകാരം കണ്ടെത്തുന്നയാളെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്കാണ്. അതോടെ തീര്‍ന്നു. നിയമത്തില്‍ പറയുന്ന രീതിയില്‍ അന്വേഷണമെല്ലാം നടത്തി സ്വഭാവപ്രശ്‌നങ്ങളോ ക്രമക്കേടുകളോ കണ്ടെത്തിയാല്‍ വി.സിമാരെ പുറത്താക്കാം. അതല്ലാതെ ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്റേതായ തോന്നല്‍വെച്ച് നിയമിക്കപ്പെട്ട വി.സിമാര്‍ പിരിഞ്ഞുപോകണമെന്ന് പറയുന്നത് അങ്ങേയറ്റം തെറ്റായ കാര്യമാണ്. തോന്നുമ്പോൾ പിരിച്ചുവിടാനൊന്നും ഗവർണർക്ക് സാധ്യമല്ല.

Also Read
interview

'ഹിന്ദി അടിച്ചേൽപിക്കൽ ആത്മഹത്യാപരം, ബിജെപിക്ക് ...

Interview

'ഇന്ന് ഇന്ത്യയിലുള്ളത് 45 വർഷത്തെ ഏറ്റവും ...

EXCLUSIVE

ഇര ശരീരം ക്ഷയിച്ച് ആശുപത്രിയിൽ; പ്രതിയായ ...

എന്താണ് ബാബു ചെയ്ത രാജ്യദ്രോഹം? എൻഐഎ അറസ്റ്റ് ...

മാഗ്സസെ അവാർഡ്: ശൈലജ ടീച്ചറുടെ തീരുമാനത്തെ ...

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഗവര്‍റുടെ പക്ഷത്തുനിന്ന് സംസാരിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന വലിയ ആരോപണം എന്ത് കൊണ്ട് വി.സിയെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മറ്റികള്‍ വി.സിയാകാന്‍ ഒരാളുടെ പേര് മാത്രം നിര്‍ദേശിച്ചു എന്നതാണ്. ഇത്രയധികം വിദഗ്ധരുടെ ക്ഷാമം നാട്ടിലുണ്ടോ എന്നും അവര്‍ ചോദിക്കുന്നു?

വിദ്യാഭ്യാസമെന്നത് സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമം നിര്‍മ്മിക്കാവുന്ന കണ്‍കറന്റ് വിഷയമാണ്. ആ വിഷയത്തില്‍ പാര്‍ലമെന്റും നിയമസഭയും നിയമം പാസ്സാക്കിയfട്ടുണ്ടെങ്കില്‍ പാര്‍ലമെന്റ് നിയമത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് സാങ്കേതിക സര്‍വ്വകലാശാലയില്‍ വി.സി. നിയമനം ശരിയല്ലെന്ന്‌ സുപ്രീം കോടതി പറഞ്ഞത്. മറ്റ് വി.സി. നിമനങ്ങള്‍ ശരിയല്ലെങ്കില്‍ ചാന്‍സലര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. കോടതിക്ക് മാത്രമേ നടപടിയെടുക്കാനാവൂ..

സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലേക്കുള്ള ഗവര്‍ണറുടെ കടന്നുകയറ്റത്തിനെതിരേ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വലിയ എതിര്‍പ്പുകള്‍ ഉണ്ടാവുന്നില്ല. എത്രയോ ബില്ലുകൾ ഒപ്പിടാതെ കിടക്കുന്ന കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും സൂചിപ്പിച്ചിരുന്നു. ഫെഡറൽ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമായി വിഷയങ്ങളെ കാണാതെ ഗവര്‍ണര്‍ക്കൊപ്പം നില്‍ക്കുന്ന പ്രതീതിയാണ് ലീഗ് വക്താക്കളുടെ ഭാഗത്തു നിന്നും കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ചില വിഷയങ്ങളില്‍ വിശാല രാഷ്ട്രീയ മുന്നേറ്റം ലക്ഷ്യം വെച്ചുള്ള പ്രതികരണങ്ങള്‍ ഉണ്ടാകേണ്ടത് എത്രത്തോളം ആവശ്യമാണെന്നാണ് കരുതുന്നത്?

കേന്ദ്രത്തിലും സംസ്ഥാനത്തിലും വ്യത്യസ്ത പാര്‍ട്ടികള്‍ അധികാരത്തില്‍ വരാനുള്ള സാധ്യതയാണ് കൂടുതലും. കേരളത്തില്‍ ഭരണമാറ്റം വന്നുകൂടെന്നില്ലല്ലോ. ഇതേ പ്രശ്‌നം അപ്പോഴും നിലനില്‍ക്കും. ഇപ്പോൾ നമ്മുടെ ശത്രു ആരെന്ന് നോക്കിയല്ല പ്രതിപക്ഷം തീരുമാനമെടുക്കേണ്ടത്. കാര്യങ്ങളെ ആ വ്യക്തതതയില്‍ കെ.സി. വേണുഗോപാല്‍ നോക്കി കാണുന്നുണ്ട്. അതുകൊണ്ടാണ് ഗവര്‍ണറുടെ നടപടി തെറ്റാണെന്ന് അദ്ദേഹം പറഞ്ഞത്. പക്ഷെ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗും സങ്കുചിത രാഷ്ട്രീയ താത്പര്യം മാത്രം കൊണ്ടാണ് ഈ വിഷയത്തെ കാണുന്നത്. ഗവര്‍ണര്‍ അടിക്കുന്നത് എല്‍.ഡി.എഫിനെയാണെങ്കിൽ ഞങ്ങളും കൂടെയുണ്ട് എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. അത് ശരിയല്ല. അതവർക്ക് തന്നെ നാളെ വലിയ തോതില്‍ ദോഷം ചെയ്യും.

ഇന്ന് മൈക്കുമായി വന്ന മാധ്യമങ്ങളോട് ഗവര്‍ണര്‍ പറഞ്ഞത്- നിങ്ങളില്‍ യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍ ആര്, പാര്‍ട്ടി കേഡര്‍മാര്‍ ആര് എന്ന് തനിക്കറിയില്ല, യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍ രാജ്ഭവനുമായി ബന്ധപ്പെട്ടാല്‍ പ്രതികരിക്കാമെന്നുമാണ് . സംവിധാനങ്ങളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് തിരുത്തല്‍ ശക്തിയായി നിലകൊള്ളുന്നവരാണല്ലോ മാധ്യമങ്ങള്‍. ആ മാധ്യമങ്ങളുടെ വിശ്വാസ്യതയെ റദ്ദ് ചെയ്യലല്ലേ ആ പ്രസ്താവന? എത്രത്തോളം ഗുരുതരമാണത്?

ആരിഫ് മുഹമ്മദ് ഖാനെതിരേ ആദ്യം ഉന്നയിക്കപ്പെട്ട ആക്ഷേപം സ്ഥാനത്തും അസ്ഥാനത്തും മാധ്യമങ്ങളെ ഉപയോഗിക്കുന്നു എന്നതായിരുന്നു. അതിനു ശേഷം അദ്ദേഹം രാജ്ഭവനില്‍ ഔപചാരികമായ വാര്‍ത്താസമ്മേളനം നടത്തി. പിന്നെ പറയുന്നു മലയാളത്തില്‍ സംസാരിക്കില്ല എന്ന്. അദ്ദേഹം ഗവര്‍ണറായിരിക്കുന്ന സംസഥാനത്തിന്റെ ഭാഷയാണ് മലയാളം എന്നത്. ഗവര്‍ണര്‍ എന്ന പദവിക്ക് നിരക്കുന്ന കാര്യങ്ങളല്ല അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. മാധ്യമപ്രവര്‍ത്തകര്‍ വേഷം മാറിയവരാണ്, കേഡര്‍ ആണ്, സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം ഇല്ല, സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തകരില്ല എന്നെല്ലാം പറയുന്നത് രാഷ്ട്രീയ അജണ്ടയാണ്. മാധ്യമങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കല്‍ ഗവര്‍ണര്‍ എന്ന നിലയ്ക്ക് അദ്ദേഹം ചെയ്യാന്‍ പാടില്ല. അദ്ദേഹം പറയുന്ന പല കാര്യങ്ങളും അദ്ദേഹത്തിനെതിരായി വരുന്നുണ്ട്. അത് മാധ്യമങ്ങളുടെ തെറ്റല്ലല്ലോ. വിഷ്വല്‍ കാണിച്ചുള്ള രാജ്ഭവനിലെ വാര്‍ത്താസമ്മേളനം ഗുണം ചെയ്തില്ലെന്നു മാത്രമല്ല ദോഷം ചെയ്തു. അതിന്റെ ഈര്‍ഷ്യയാണ് അദ്ദേഹത്തിന് മാധ്യമങ്ങളോട്. ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അധികാര സ്ഥാനങ്ങളെ ചോദ്യം ചെയ്യുന്ന ഉത്തരവാദിത്വമുണ്ട്. കറക്ടീവ് ഫോഴ്‌സാണ് മാധ്യമങ്ങള്‍. മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നത് മാധ്യമങ്ങളെ നിര്‍വ്വീര്യമാക്കല്‍ ആണ്. അത് ഏകാധിപത്യത്തിലേക്കുള്ള ചുവടുവെപ്പാണ്..

മുഖ്യമന്ത്രി കടക്കു പുറത്ത് എന്ന് പറഞ്ഞപ്പോള്‍ ഇതു പോലെ ആത്മരോഷം പലരും പൂണ്ടില്ലെന്ന വിമര്‍ശനവുമുണ്ട്. മുഖ്യമന്ത്രിയുടെ കടക്കു പുറത്തു എന്ന പ്രസ്താവനയും ഗവര്‍ണറുടെ സമീപനവും തുലനം ചെയ്യുന്നതിനെ താങ്കളെങ്ങനെ കാണുന്നു? ഞാന്‍ കടക്കു പുറത്തു എന്ന പറഞ്ഞില്ലല്ലോ എന്നാണ് ഗവര്‍ണറും സ്വയം ആശ്വസിക്കുന്നത്?

മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യം ക്ഷണിച്ചിട്ടില്ലാത്ത സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ ചെന്നപ്പോള്‍ കടക്കു പുറത്ത് എന്നദ്ദേഹം പറഞ്ഞു. അത് കുറച്ചുകൂടി സോഫ്റ്റ് ആയി പറയാമായിരുന്നു. വേണമെങ്കിൽ പറയാതിരിക്കാമായിരുന്നു. കാരണം അത് പറയാന്‍ അവിടെ പോലീസും സംഘാടകരുമൊക്കെയുണ്ടല്ലോ. പക്ഷെ, രാഷ്ട്രീയ താൽപ്പര്യവും ലക്ഷ്യംവെച്ച് അത് വലിയ ചര്‍ച്ചാവിഷയമാക്കി. മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളി അതല്ല. കടക്കു പുറത്ത് പറയലില്‍ മാധ്യമങ്ങള്‍ക്കെതിരേ അജണ്ടയില്ല. എന്നാൽ ഗവർണർ ആട്ടിന്‍തോലിട്ട ചെന്നായ എന്ന വാക്യം ഉപയോഗിച്ചില്ലെന്നേയുള്ളൂ. masquerading എന്ന വാക്കും കേഡര്‍ എന്ന വാക്കുമെല്ലാം ദുരുദ്ദശത്തോടു കൂടി തന്നെയാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. കേഡര്‍ എന്നത് കമ്മ്യൂണിസ്റ്റുകാരെയാണല്ലോ ഉദ്ദേശിക്കുന്നത്. കടുത്ത വാക്കുകള്‍ ഉപയോഗിച്ചതു തന്നെ മാധ്യമങ്ങള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും അവരുടെ വിശ്വാസ്യത തകര്‍ക്കുക എന്ന ഉദ്ദേശം വെച്ചുള്ളതുമാണ്. കടക്കു പുറത്തു പോലെ വെറുംപറച്ചിലല്ല അത്. അതിന് ഒരു വലിയ അജണ്ടയുടെ സ്വഭാവമുണ്ട്.

ദേശീയ വിദ്യാഭ്യാസ നയം, വൈദ്യുതി ഭേദഗതി ബിൽ, ജി.എസ്.ടി. തുടങ്ങിയ പല കേന്ദ്രനയങ്ങളിലും ഫെഡറല്‍ സങ്കല്‍പ ലംഘനമുണ്ടല്ലോ. ചില സംസ്ഥാനങ്ങളിൽ ഫെഡറൽ തത്വലംഘനങ്ങൾ സംസ്ഥാന ഭരണത്തലെ ഗവര്‍ണ്ണര്‍മാരുടെ അമിത ഇടപെടലായും വന്നു ഭവിക്കുന്നു. ഫെഡറല്‍ റിപ്പബ്ലിക് എന്ന ആശയത്തെ തകര്‍ക്കുന്ന ഇടപെടലുകളായി ഗൗരവമായ തലത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നാണോ താങ്കൾ പറഞ്ഞു വരുന്നത്?

ഫെഡറലിസം എന്ന തത്വം ഇന്ത്യ സ്വീകരിച്ചത് വലിയ ആലോചനകള്‍ക്ക് ശേഷമാണ്. ആ ഫെഡറലിസം എന്ന തത്വം ഉള്ളതുകൊണ്ടാണ് നമ്മുടെ ഭരണഘടനയും റിപ്പബ്ലിക്കും നിലനിന്നത്. അത്രമാത്രം വ്യത്യസ്തതകള്‍, വൈവിധ്യങ്ങള്‍, വിഭിന്നതകള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. ഫെഡറലിസത്തെ തകര്‍ക്കുക എന്നത് കൊണ്ടുദ്ദേശിക്കുന്നത് പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ബലഹീനമാക്കുക, എന്നിട്ടതിനെ ഒരു യൂണിറ്ററി സ്റ്റേറ്റാക്കുക എന്നാണ്. അതിനു വേണ്ടിയുള്ള പരിശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. വ്യത്യസ്തതകളെ കുറിച്ച് പറയുമ്പോള്‍ "എല്ലാം ഒന്ന്. അവിടെ ഒരു ഭാഷ, അത് ഹിന്ദി." ഇതൊന്നും നിര്‍ദോഷമല്ല.. അതു കഴിഞ്ഞാല്‍ ഒരു മതം, അതാണ് ഹിന്ദുമതം. അതു കഴിഞ്ഞാല്‍ ഒരു നേതാവ്... അങ്ങനെ പടിപടിയായി പോവുകയാണ്. ബി.ജെ.പി. ഇന്ത്യയില്‍ എത്ര ശക്തമാണെന്ന് പറഞ്ഞാലും ഫെഡറലിസം നിലനില്‍ക്കുന്നതുകൊണ്ടാണല്ലോ പല സ്ഥലങ്ങളിലും എതിര്‍പ്പും പ്രതിരോധവും ഉണ്ടാവുന്നത്. കേരളത്തിനും തമിഴ്‌നാടിനും ചോദ്യം ചെയ്യാന്‍ കഴിയുന്നതും ഇതുകൊണ്ട്. വ്യത്യസ്തതകള്‍ ഇല്ലാതാകുമ്പോള്‍ ജനാധിപത്യം ഇല്ലാതാവും. അപ്പോള്‍ ചോദ്യംചെയ്യലും പ്രതിരോധവും ഇല്ലാതാവും.

അതിലേക്കുള്ള എളുപ്പവഴിയായാണോ മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നതിനെ കാണുന്നത്?

ഒരു മാര്‍ഗ്ഗം അതാണ്. മറ്റൊരു മാര്‍ഗ്ഗം വിദ്യാഭ്യാസരംഗം കീഴ്‌പ്പെടുത്തലാണ്. വിദ്യാഭ്യാസം, സംസ്‌കാരം എന്നീ മേഖലകളിലെ അധിനിവേശം വളരെ പ്രധാനപ്പെട്ട വിഷയമാണ്. ദീര്‍ഘകാലമായി ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പ്രയോഗിക്കുന്നതതാണ്. അത് സി.പി.എം. അനുഭാവമുള്ള കാമ്പസ് ആണെന്നല്ല, പക്ഷെ, ഇടതുപക്ഷ അനുഭാവമാണതിന്. ആ കാമ്പസ് ബി.ജെ.പി. പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ഏറെക്കുറെ അവരതില്‍ വിജയിക്കുകയും ചെയ്തു. യൂണിവേഴ്‌സിറ്റിയില്‍ അവര്‍ക്കിഷ്ടമുള്ള ആളെ നിയോഗിക്കുക വഴി ഒരു തലമുറയെയാണ് അവര്‍ കീഴ്‌പ്പെടുത്തുന്നത്.

അതേസമയം നിലവില്‍ നടക്കുന്ന നിയമനങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാമെന്നും ഗവര്‍ണര്‍ വന്ന് സര്‍വ്വകലാശാലകളെല്ലാം ശുദ്ധികലശം ചെയ്‌തെടുക്കുമെന്നുമുള്ള പ്രതീക്ഷ പങ്കുവെക്കുന്ന ഒരു ജനതയുണ്ട്. അവരെ കുറ്റം പറയാനാവില്ലല്ലോ.....

അത് സ്വാഭാവികമായും സംഭവിക്കും. നമ്മള്‍ ഓരോ വിഷയത്തെ കാണുന്നത് കേവല സങ്കുചിത പരിമിത രാഷ്ട്രീയ താൽപ്പര്യങ്ങള്‍ വെച്ചുകൊണ്ടാണ്. കേരളത്തില്‍ സി.പി.എമ്മിനോടും പിണറായിയോടും താത്പര്യമില്ലാത്ത ആളുകളും പാര്‍ട്ടികളുമുണ്ടാവുമല്ലോ. പിണറായിയെ ആരെങ്കിലും അടിക്കുന്നെങ്കില്‍ അടിക്കട്ടെ എന്ന സങ്കുചിത താത്പര്യത്തോടെയാണ് ഈ വിഷയങ്ങളെ ചിലര്‍ കാണുന്നത്. അതിനപ്പുറത്തേക്കുള്ള വിഷയങ്ങള്‍ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടിക്കാർ പോലും ചിന്തിക്കുന്നില്ല. ലീഗിന്റെ പഴയ വിദ്യാഭ്യാസമന്ത്രി ചാനല്‍ ചർച്ചയില്‍ സ്വീകരിച്ച നിലപാടല്ല ലീഗിന്. ഇന്നവര്‍ പിണറായിയെ അടിക്കട്ടെ എന്ന് മാത്രമേ ചിന്തിക്കുന്നുള്ളൂ. നാളെ എനിക്ക് നേരെയാണ് ഈ അടി എന്നവര്‍ ആലോചിക്കുന്നില്ല. ലോകാവസാനം വരെ ഇവിടെ എല്‍.ഡി.എഫല്ലല്ലോ ഭരിക്കാന്‍ പോകുന്നത്. യു.ഡി.എഫ്. വന്നേക്കും. നമ്മള്‍ സംസാരിക്കുന്നത് എല്ലാ കാലത്തും പ്രസക്തമായ ഒറു വിഷയവും പ്രശ്‌നവുമാണ്. ഭരണഘടന എന്ന അടിസ്ഥാന പ്രമാണമുണ്ട് നമുക്ക്. അതിനെ അടിസ്ഥാനപ്പെടുത്തിയ നിലപാട് ഇന്നും നാളെയും ഒരു പോലെയാണ് നാം ഉയര്‍ത്തിപ്പിടിക്കേണ്ടത്.

Content Highlights: Interview,Sebastain Paul on Governor vice chancellor university controversy, chancellor, social


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented