തേജസ്വി യാദവ് | ഫോട്ടോ : റോയിട്ടേഴ്സ്
ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ കാത്തിരിക്കുന്നത് ഇതിലും വലിയ തോല്‍വിയെന്ന് ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. "ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൊന്നും ബിജെപി ജയിക്കില്ല. ജനങ്ങള്‍ ബിജെപിയുടെ യഥാര്‍ഥ മുഖം കണ്ടു കഴിഞ്ഞു."
നിതീഷ്‌കുമാറും ലാലു പ്രസാദ് യാദവും സോണിയാഗാന്ധിയെ കണ്ടിരുന്നു. ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ എല്ലാവരും ഒന്നിക്കണമെന്ന ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്. എല്ലാവരും ഒന്നിച്ചു നിന്നില്ലെങ്കില്‍ ചരിത്രത്തില്‍ ജനങ്ങള്‍ മാപ്പുതരില്ലെന്നും അദ്ദേഹം പറഞ്ഞു. എം.പി വീരേന്ദ്രകുമാര്‍ അനുസ്മരണറാലിയില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയ തേജസ്വിയാദവ് മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജുമായി സംസാരിക്കുന്നു.
കേരളം സന്ദര്‍ശിച്ച അനുഭവം എങ്ങനെയുണ്ട് ?
എം പി വീരേന്ദ്രകുമാര്‍ അനുസ്മരണ റാലിയില്‍ പങ്കെടുക്കാനാണ് ഞാന്‍ വന്നത്. അദ്ദേഹത്തോട് എനിക്ക് വലിയ ആദരവാണുള്ളത്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ മഹാന്‍മാരായ പല നേതാക്കളോടൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്റെ പിതാവുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. പല മേഖലകളിലായി അദ്ദേഹം നാടിന് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം പിന്‍തുടരുന്ന മകന്‍ ശ്രേയാംസ് കുമാറിനെ പട്നയില്‍ വെച്ചും പിന്നീട് ഡല്‍ഹിയില്‍ വെച്ചും പല തവണ കണ്ടിട്ടുണ്ട്. കേരളത്തില്‍ ഒരു ചടങ്ങിലേക്ക് എന്നെ ക്ഷണിക്കുമെന്ന് പറഞ്ഞിരുന്നു. എപ്പോള്‍ വിളിച്ചാലും വരാമെന്ന് ഞാനും പറഞ്ഞു. അദ്ദേഹത്തിന്റെ പിതാവിനോടുളള ബഹുമാനവും അതില്‍ പ്രധാനമാണ്. കോഴിക്കോട്ട് ഞാന്‍ ആദ്യമായാണ് വരുന്നത്. സോഷ്യലിസ്റ്റ് പ്രവര്‍ത്തകരായ ഇത്രയും വലിയ ജനക്കൂട്ടത്തെ കണ്ടതില്‍ സന്തോഷമുണ്ട്. ശ്രേയാംസ്‌കുമാറിന്റെ പ്രവര്‍ത്തനരീതിയും നേതൃമികവും നേരിട്ട് കണ്ടു.
കേരളത്തെക്കുറിച്ച് എന്താണഭിപ്രായം?
കേരളം ഒരു വികസിത നാടാണ്. സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം. ടൂറിസത്തിലെ നേട്ടങ്ങള്‍ എല്ലാവര്‍ക്കുമറിയാം. മറ്റെല്ലാക്കാര്യങ്ങളിലും കേരളം മറ്റുള്ളവര്‍ക്ക് ഒരു ഉദാത്ത മാതൃകയാണ്.
കേരളത്തിനോട് ചേര്‍ന്ന് കിടക്കുന്ന സംസ്ഥാനമാണ് കര്‍ണാടകം. അവിടെ കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയല്ലോ?
അത് പ്രതീക്ഷിച്ചതാണ്. ബിജെപി ജയിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൊന്നും ബിജെപി ജയിക്കില്ല. ജനങ്ങള്‍ ബിജെപിയുടെ യഥാര്‍ഥ മുഖം കണ്ടു കഴിഞ്ഞു. അവര്‍ പാവങ്ങള്‍ക്കൊപ്പമല്ല. ജനാധിപത്യത്തേയും ഭരണഘടനയേയും വിലവെക്കുന്നില്ല. എപ്പോഴും ഹിന്ദു-മുസ്ലിം, മന്ദിര്‍-മസ്ജിദ് എന്ന് മാത്രമാണ് പറയുന്നത്. അവരുടെ അജണ്ട ഗോള്‍വാള്‍ക്കര്‍ എഴുതിവെച്ച ആശയങ്ങള്‍ നടപ്പാക്കുന്നത് മാത്രമാണ്. സമാധാനം ഉണ്ടെങ്കില്‍ പുരോഗതിയെന്നാണ് ബുദ്ധന്‍ പറഞ്ഞത്. പക്ഷെ ബിജെപി വന്നതിന് ശേഷം വെറുപ്പും വിദ്വേഷവും ലഹളകളും മാത്രമല്ലേ നാട്ടിലുള്ളൂ.
കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില്‍ എന്ത് മാറ്റം വരുത്തും?
ബിഹാറിലെ കാര്യം നോക്കൂ. ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും ആര്‍ ജെ ഡി പ്രതിപക്ഷത്തായിരുന്നു. ബിജെപി മധ്യപ്രദേശിലും കര്‍ണാടകത്തിലും എം എല്‍എമാരെ വിലയ്ക്ക് വാങ്ങി. അവരുടെ ഓപ്പറേഷന്‍ ലോട്ടസിനെ ബിഹാറില്‍ ഞങ്ങള്‍ തടഞ്ഞു. മറ്റുള്ളയിടത്ത് ബിജെപി ചെയ്തതിന് ബിഹാറില്‍ തിരിച്ചടി കിട്ടി. ബിജെപി സര്‍ക്കാര്‍ പുറത്താകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഞാനും നിതീഷ്‌കുമാറും ഒരുമിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു. ജനതാ കുടുംബത്തില്‍പ്പെട്ട ഞങ്ങളുടെ രാഷ്ട്രീയം ഒന്നാണ്. ചിലപ്പോള്‍ പരസ്പരം മത്സരിക്കും, അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. പക്ഷെ നാടിന് ആവശ്യം വന്നപ്പോള്‍ ഞങ്ങള്‍ ഒന്നിച്ച് ബിജെപിയെ പുറത്താക്കി. ഇത് ബിഹാറില്‍ നിന്നാണ് തുടങ്ങിയത്. അതിന് ശേഷം ബിജെപി ഹിമാചല്‍ പ്രദേശിലും കര്‍ണാടകത്തിലും തോറ്റു. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ അവരെ കാത്തിരിക്കുന്നത് ഇതിലും വലിയ തോല്‍വിയാണ്.
പ്രതിപക്ഷ നിരയെ നയിക്കാന്‍ കോണ്‍ഗ്രസിന് താത്പര്യമുണ്ടാകും പക്ഷെ എല്ലാ പാര്‍ട്ടികള്‍ക്കും അക്കാര്യത്തില്‍ യോജിപ്പുണ്ടോ ആര്‍ ജെ ഡിയുടെ നിലപാടെന്താണ്?
നിതീഷ്‌കുമാറും ലാലു പ്രസാദ് യാദവും സോണിയാഗാന്ധിയെ കണ്ടിരുന്നു. എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ച് നില്‍ക്കണമെന്ന ആവശ്യവുമായി മറ്റെല്ലാ നേതാക്കളെയും ഞങ്ങള്‍ കണ്ടു. എല്ലാവര്‍ക്കും അനുകൂല നിലപാടാണുള്ളത്. ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ എല്ലാവരും ഒന്നിക്കണമെന്ന ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്. എല്ലാവരും ഒന്നിച്ചു നിന്നില്ലെങ്കില്‍ ചരിത്രത്തില്‍ ജനങ്ങള്‍ മാപ്പുതരില്ല. 2024 ല്‍ ബിജെപിയെ തോല്‍പ്പിക്കാനുള്ള തന്ത്രങ്ങള്‍ക്ക് രൂപം കൊടുക്കേണ്ട സമയമിതാണ്. നിതീഷ്‌കുമാറിന് പ്രധാനമന്ത്രിയാകാന്‍ താത്പര്യമില്ല. അത് അദ്ദേഹം പലതവണ പറഞ്ഞു കഴിഞ്ഞു. പിന്നെ ലാലുപ്രസാദ് യാദവാണ് ബിജെപിയുമായി ഇതുവരെ ഒരിക്കലും കൂട്ടുകൂടാത്ത രാഷ്ട്രീയ കക്ഷി. ഞങ്ങള്‍ ഒരിക്കലും ബിജെപിയുമായി ചേരില്ല.
2014ല്‍ ആര്‍ ജെ ഡിക്ക് നാല് സീറ്റ് കിട്ടി. 2019 ല്‍ ഒന്നും ജയിച്ചില്ല. ഇത്തവണയോ?
2014ല്‍ എല്ലാവരും ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിച്ചു. 2019ല്‍ ബിജെപിയും ജെ ഡി യുവും ഒന്നിച്ച് നിന്ന് മത്സരിച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ നേരെ തിരിച്ചായി. ആര്‍ ജെ ഡിയും ജെ ഡി യുവും ഒന്നിച്ചായി. വോട്ട് ശതമാനത്തിന്റെ ലളിതമായ കണക്ക് പരിശോധിച്ചാല്‍ തന്നെ മതിയാകും, ബിജെപിക്ക് നഷ്ടമാണ്. ഞങ്ങള്‍ വളരെ മുന്നിലും. ബിഹാറില്‍ ആകെയുള്ള 40 സീറ്റുകളില്‍ ഒരു സീറ്റ് ജയിക്കുന്നത് പോലും ബിജെപിക്ക് ഇത്തവണ എളുപ്പമല്ല.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം എന്താകും?
തെക്കെ ഇന്‍ഡ്യയില്‍ എവിടെയെങ്കിലും ബിജെപിയുണ്ടോ? കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന, ഒറീസ ഇവിടെയൊന്നും ബിജെപിയില്ല. ജാര്‍ഖണ്ഡിലും ബംഗാളിലും ബിഹാറിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഒന്നും ബിജെപിയില്ല. ആകെയുള്ളത് യുപി, ഗുജറാത്ത് പിന്നെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസമില്‍ മാത്രം. ബാക്കിയുള്ളയിടത്ത് പ്രാദേശികപാര്‍ട്ടികളുടെ സഹായത്തിലാണ് ഭരണം. ഹിമാചല്‍, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം ബിജെപിയിതര സര്‍ക്കാരുകളാണ്. പിന്നെ എവിടെയാ ബിജെപി?
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതൊക്കെ മാറാമല്ലോ?
ബിജെപിയുടെ പത്ത് വര്‍ഷം ജനം അനുഭവിച്ചല്ലോ എന്തായിരുന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നത്. കള്ളപ്പണം തിരിച്ചുകൊണ്ടുവന്നോ? നോട്ടുനിരോധനത്തിന്റെ പേരില്‍ ഇറക്കിയ 2000 രൂപയുടെ നോട്ട് ഇപ്പോള്‍ പിന്‍വലിച്ചു. എല്ലാവര്‍ക്കും കൊടുക്കുമെന്ന് പറഞ്ഞ 15 ലക്ഷം രൂപയെവിടെ? ഷൈനിങ് ഇന്‍ഡ്യ, മേക്ക് ഇന്‍ ഇന്‍ഡ്യ ഇതൊക്കെ എവിടെ ? ബിജെപിയും നരേന്ദ്രമോദിയും ഇവന്റ് മാനേജ്മെന്റില്‍ മാത്രമാണ് വിശ്വസിക്കുന്നത്. ബിജെപി ഏറ്റവും വലിയ ഇവന്റ് മാനേജ്മെന്റെ കമ്പനിയാണ്. ബിജെപി മനസുള്ള ചില മാധ്യമങ്ങള്‍ ബിജെപിയെ നന്നായി സഹായിക്കുന്നുണ്ട്. പിന്നെ കുറച്ച് വന്‍കിട മുതലാളിമാരും ബിജെപിക്കൊപ്പമാണ്. ഇവര്‍ക്കെല്ലാം 2024ല്‍ നല്ല മറുപടി കിട്ടും. എന്ത് പറഞ്ഞാലും ഹിന്ദു- മുസ്ലിം എന്ന് പറയും. അവര്‍ക്ക് ഒരു സംസ്ഥാനത്തും നല്ല നേതാക്കളില്ല. നരേന്ദ്ര മോദി മാത്രം.
ആരാണ് പ്രതിപക്ഷത്തിന്റെ നേതാവ്?
ഞങ്ങള്‍ക്ക് ഒരുപാട് നേതാക്കളുണ്ട്. നരേന്ദ്രമോദിയേക്കാള്‍ പ്രവര്‍ത്തന പരിചയമുള്ളവരും അവരവരുടെ നാട്ടില്‍ കഴിവുതെളിയിച്ചവരുമാണവര്‍. ഈ രാജ്യത്തെ ജനങ്ങള്‍ തന്നെയാണ് ഞങ്ങളുടെ നേതാക്കള്‍. അവരാണ് ഞങ്ങളെ നയിക്കുന്നത്.
എന്തുകൊണ്ടാണ് ആര്‍ ജെ ഡി ബിഹാറിലും ഹിന്ദി മേഖലയിലുമായി ഒതുങ്ങിപ്പോയത് .മറ്റിടങ്ങളിലേക്ക് വളരാത്തതിനുള്ള കാരണമെന്താണ്?
ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. എവിടെയാണ് കൂടുതല്‍ ശക്തം അവിടെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കോണ്‍ഗ്രസിന് ശക്തിയുള്ളയിടത്ത് അവരും പ്രാദേശികപാര്‍ട്ടികള്‍ക്ക് ശക്തിയുള്ളയിടത്ത് അവരും പ്രവര്‍ത്തിക്കട്ടെ.
ദക്ഷിണേന്ത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശമാണല്ലോ പ്രത്യേകിച്ചും കര്‍ണാടകം?
ശരിയാണ്. അതുകൊണ്ടാണ് എല്‍ ജെ ഡിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ താത്പര്യപ്പെടുന്നത്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടാന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളില്‍ നിന്നുള്ളവർ ഒന്നിച്ച് ആവശ്യപ്പെട്ടാല്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.
കേരളത്തിലെ എല്‍ ജെ ഡിയുമായി ഒരുമിക്കാന്‍ തീരുമാനിച്ചോ?
അതേ. അക്കാര്യത്തില്‍ ഞങ്ങള്‍ എപ്പോഴും ഓപ്പണാണ്.
രാഷ്ട്രീയ പാരമ്പര്യം ഒരു വശത്ത് ക്രിക്കറ്റിനോടുള്ള താത്പര്യം മറുവശത്ത്. ഇതില്‍ നിന്ന് എങ്ങനെയാണ് താങ്കള്‍ രാഷ്ട്രീയം തെരഞ്ഞെടുത്തത്?
ഞാന്‍ 13 വയസു മുതലാണ് പ്രൊഫഷണല്‍ ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. ഡല്‍ഹിയുടെ അണ്ടര്‍ 15,17,19 ടീമുകളുടെ ക്യാപ്ടനായിട്ടുണ്ട്. വിരാട് കോഹ്ലി എന്റെ ടീമില്‍ കളിച്ചിട്ടുണ്ട്. അന്ന് ഇഷാന്ത് ശര്‍മയും ടീമിലുണ്ടായിരുന്നു. എന്റെത് ഒരു രാഷ്ട്രീയ കുടുംബമാണ്. അച്ഛനും അമ്മയും ബിഹാറിന്റെ മുന്‍ മുഖ്യമന്ത്രിമാര്‍. അച്ഛനെ ബിജെപി കള്ളകേസില്‍ കുടുക്കിയതോടെയാണ് രാഷ്ട്രീയ പ്രവേശനം അനിവാര്യമായത്. ബിഹാറിലെ ജനങ്ങള്‍ എന്നെ സ്വീകരിക്കുകയും ചെയ്തു.
അച്ഛനും അമ്മയും മുന്‍ മുഖ്യമന്ത്രിമാരാകുന്നത് ഒരു അപൂര്‍വതയാണല്ലോ?
ഞാന്‍ അക്കാര്യത്തില്‍ ഭാഗ്യവാനാണ്. ഇതിനകം രണ്ടു തവണ ഉപമുഖ്യമന്ത്രിയും ഒരു പ്രാവശ്യം പ്രതിപക്ഷനേതാവുമായി. എന്റെ ഉത്തരവാദിത്തം വലുതാണ്. ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയണം.
ഈ ചെറിയ പ്രായത്തില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദത്തെ എങ്ങനെയാണ് അതിജീവിക്കുന്നത്
ജനങ്ങള്‍ കൂടെയുള്ളപ്പോൾ എനിക്ക് ഒരു സമ്മര്‍ദ്ദവുമില്ല. ജനങ്ങളുടെ ഇടയില്‍ നിന്നാണ് എനിക്ക് ഊര്‍ജം കിട്ടുന്നത്.
Content Highlights: Interview with Tejashwi Yadav, rajeev devraj, social, mathrubhumi,RJD


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..