രഹന ഫാത്തിമ
മക്കളെക്കൊണ്ട് തന്റെ നഗ്‌നശരീരത്തില്‍ ചിത്രം വരപ്പിക്കുന്ന വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത കേസില്‍ മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയെ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി കുറ്റവിമുക്തയാക്കിയത്. നഗ്‌നതയെ എല്ലായ്‌പ്പോഴും അശ്ലീലവും അസഭ്യവുമായി കാണാനാവില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് രഹനക്കെതിരേയുള്ള പോക്‌സോ കേസ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
വീഡിയോയിലൂടെ ഹര്‍ജിക്കാരി പറയാനുദ്ദേശിച്ച കാര്യം അഭിനന്ദനാര്‍ഹമാണെന്നും കോടതി വ്യക്തമാക്കി. പുരുഷന്‍മാര്‍ ഷര്‍ട്ടിടാതെ നടക്കുന്നത് അശ്ലീലമല്ലാതാവുകയും എന്നാല്‍ സ്ത്രീശരീരത്തിനെ ചിലര്‍ അതിലൈംഗികതയായി കാണുകയും ചെയ്യുന്നു എന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി. ഈ സാഹചര്യത്തിൽ, കേസുമായി ബന്ധപ്പെട്ട് താന്‍ കടന്നുപോയ സംഘര്‍ഷങ്ങളെ കുറിച്ചും മറ്റും രഹ്ന ഫാത്തിമ മനസ്സു തുറക്കുന്നു.
പോക്‌സോ കേസില്‍ രഹ്ന ഫാത്തിമ കുറ്റവിമുക്തയാക്കപ്പെട്ടു എന്നതിലുപരി സ്ത്രീയുടെ നഗ്നശരീരത്തെ ലൈംഗികതയുമായി ബന്ധപ്പെടുത്തി മാത്രമല്ല കാണേണ്ടതെന്ന ബോധവത്കരണം കൂടി നല്‍കുന്ന വിധി പ്രഖ്യാപനമാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. എന്ത് തോന്നുന്നു?
പോക്‌സോ കേസ് ചുമത്തിയ ഘട്ടത്തില്‍ സമൂഹത്തിലെ ചില ചര്‍ച്ചകള്‍ കണ്ടപ്പോള്‍ എനിക്കാകെ നിരാശ തോന്നിയിരുന്നു. ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് സമൂഹത്തിന് മനസ്സിലാവുന്നില്ലേ എന്ന് ചിന്തിച്ചിരുന്നു. സ്ത്രീയുടെ ശരീരത്തിന്റെ ഏത് ഭാഗം കണ്ടാലും അതിനെ ലൈംഗികതയുമായി മാത്രം ബന്ധിപ്പിക്കുന്ന അവസ്ഥയാണല്ലോ. അങ്ങനൊരു സ്ഥിതിവിശേഷം നിലനില്‍ക്കുന്ന സമൂഹത്തില്‍ ആ ചിന്തയുടെ ഭാഗമായി നില്‍ക്കാതെ രൂപപ്പെട്ട വളരെ പുരോഗമനപരമായ വിധിയായാണ് ഞാനിതിനെ കാണുന്നത്. വളരെയധികം സന്തോഷം തോന്നി. ഇത്രയും കാലം ഈ കേസിനെതിരേ ഞാനെന്ത് സംസാരിച്ചാലും ഞാന്‍ സ്വയം ന്യായീകരിക്കുന്നതായി ചുരുക്കി കാണുകയായിരുന്നല്ലോ. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായി ആ ചിന്തയ്‌ക്കൊരു അംഗീകാരം ഈ വിധി കൊണ്ട് നേടിയെടുക്കാനായി എന്ന സന്തോഷമുണ്ട്.
ഇത്ര വിശദമായി പറയുന്ന, സമൂഹത്തിന്റെ മനോഭാവത്തെ തന്നെ മാറ്റാന്‍ കെല്‍പുള്ള വിധിപ്രഖ്യാപനമാകും ഇതെന്ന് പ്രതീക്ഷിച്ചിരുന്നോ?
നമ്മള്‍ മുന്നോട്ടുവെക്കുന്ന ശരീര രാഷ്ട്രീയത്തെ പോസിറ്റീവായി ഉള്‍ക്കൊള്ളാനുള്ള പക്വത മലയാളി സമൂഹത്തിന് കൈവന്നിട്ടില്ല. അവര്‍ നമ്മൾ ഉദ്ദേശിക്കുന്ന രീതിയില്‍ ആ വീഡിയോ കാണില്ല. കുട്ടിയെ സംബന്ധിച്ചും എന്നെ സംബന്ധിച്ചും മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്. ജസ്‌ല എന്റെ ശരീരത്തില്‍ ബോഡി ആര്‍ട്ട് ചെയ്തിരുന്നു. മുമ്പ് പുലിക്കളിയുടെ ഭാഗമായും മോഡലിങ്ങിന്റെ ഭാഗമായും ബോഡി ആര്‍ട്ട് ചെയ്തിരുന്നു. ആ ചിന്തയിലാണ് കുട്ടികളെ കൊണ്ട് ചെയ്യുന്നതിന്റെ വീഡിയോ ഇട്ടത്. എന്നാല്‍, കുട്ടികളെ ദുരുപയോഗം ചെയ്തു എന്ന തരത്തിലാണ് ആളുകള്‍ അതിനെ വ്യാഖ്യാനിച്ചത്. അത് വലിയ ഷോക്ക് ആയിരുന്നു. അത്തരമൊരു വീഡിയോ നമ്മുടെ സമൂഹം ഉള്‍ക്കൊള്ളുമോ എന്ന സംശയമുണ്ടായിരുന്നു. അതിനാലാണ് പ്രത്യേക വിശദീകരണം നല്‍കി വീഡിയോ പോസ്റ്റ് ചെയ്തത്.
എന്ത് കുറ്റമാണ് എനിക്കെതിരേ ആരോപിച്ചത്. അത് നിലനില്‍ക്കുമോ ഇല്ലയോ എന്ന വിശദീകരണമൊക്കെ ആ വിധിയില്‍ ഉണ്ട്. അതൊക്കെ കണ്ട് വലിയ സന്തോഷമാണ് തോന്നിയത്. തെറ്റ് ചെയ്തില്ല എന്ന് പറയാനെടുത്ത പരിശ്രമത്തിനുള്ള അംഗീകാരം കൂടിയായിരുന്നു ഇത്. മുമ്പ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചപ്പോള്‍ മനുസ്മൃതിയും ഖുറാനും പരാമര്‍ശിച്ച് ഒരു അമ്മയ്ക്ക് ചേര്‍ന്ന പ്രവൃത്തിയല്ല ഈ സ്ത്രീ ചെയ്തതെന്ന് വരെ വ്യാഖ്യാനങ്ങള്‍ വന്നിരുന്നു. നഗ്നശരീരത്തില്‍ വരപ്പിച്ചതിനെ പോണോഗ്രഫിയുമായി വരെ ബന്ധിപ്പിച്ചായിരുന്നു അന്ന് ആരോപണങ്ങള്‍ ഉയര്‍ന്നത്. കുട്ടികളെ കൊണ്ട് നഗ്നശരീരത്തില്‍ വരപ്പിച്ച് സന്തോഷം കണ്ടെത്തി എന്നുവരെ വ്യാഖ്യാനങ്ങള്‍ വന്നു. ഇതെല്ലാം കണ്ടും കേട്ടും മടുത്ത, പ്രതീക്ഷയറ്റ എനിക്ക് ഹൈക്കോടതി വിധി ശരിക്കും ഞെട്ടലുളവാക്കുന്നതായിരുന്നു.
Also Read
സ്വന്തം കുട്ടികള്‍ കൂടി ഭാഗഭാക്കായ വിഷയത്തിലാണല്ലോ പോലീസ് കേസെടുക്കുന്നത്. വലിയ സംഘര്‍ഷങ്ങളുടെ നാളുകളായിരിക്കാം നേരിടേണ്ടി വന്നത്. ആ ദിവസങ്ങള്‍ ഓര്‍ത്തെടുക്കാമോ?
കേസെടുത്തു എന്ന് മാത്രമല്ല, 14 ദിവസം ജയിലിൽ കിടക്കേണ്ടിയും വന്നു. ഞാന്‍ വീഡിയോ എടുത്തതു കാരണം കുട്ടികള്‍ക്ക് ട്രോമയുണ്ടായി എന്ന ഘോരഘോര ചര്‍ച്ചകള്‍ നടക്കുമ്പോള്‍ താന്‍ പെയിന്റ് ചെയ്തത് കൊണ്ടാണല്ലോ സ്വന്തം അമ്മ അറസ്റ്റിലായത് എന്ന മാനസിക വിഷമത്തിലായിരുന്നു കുട്ടി. സമൂഹം കരുതുന്ന പോലെ പെയിന്റ് ചെയ്തതല്ല, പകരം പെയിന്റ് ചെയ്തതിന്റെ പേരില്‍ അമ്മ അറസ്റ്റിലായതാണ് മക്കള്‍ക്ക് ട്രോമയായത്. കുട്ടിയുടെ അവകാശം സംരക്ഷിക്കാനായി നടത്തിയ എന്റെ അറസ്റ്റാണ് യഥാർഥത്തിൽ കുട്ടിയുടെ അവകാശം ഹനിച്ചതും കുട്ടിയെ മാനസികമായി വിഷമിപ്പിച്ചതും.
സാധാരണ മക്കളെ ഉപദ്രവിക്കുന്നതിന്റെ ഭാഗമായി പോക്‌സോ എടുക്കാറുണ്ട്. അത്തരത്തില്‍ കുട്ടിയെ ഉപദ്രവിച്ചതിന്റെ പേരിലായിരുന്നെങ്കില്‍ അതില്‍ ന്യായീകരണമുണ്ടായിരുന്നു. ഇത് അങ്ങനെയല്ല. കുട്ടികളുടെ മൊഴിയെടുക്കുമ്പോള്‍ അവര്‍ തന്നെ പറഞ്ഞിട്ടുണ്ട് അവര്‍ ആവശ്യപ്പെട്ടതിന്റെ പേരിലാണ് പെയിന്റ് ചെയ്തതെന്ന്. പെയിന്റ് ചെയ്തതിലും വീഡിയോ എടുത്തതിലും പ്രശ്‌നമില്ലെന്ന് അവര്‍ പറയുന്നുണ്ട്. അതിന്റെ പേരില്‍ അമ്മയെ അറസ്റ്റ് ചെയ്തതാണ് അവര്‍ക്ക് മാനസിക പ്രശ്‌നമുണ്ടാക്കിയതെന്നത് സമൂഹവും സംവിധാനങ്ങളും കാണാതെ പോവുന്നു. ഒരു വശത്ത് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും സംരക്ഷണത്തെ കുറിച്ചും ചര്‍ച്ചകള്‍ നടത്തുകയും മറുവശത്ത് ഒരു വിഭാഗം ആളുകളുടെ അന്ധമായ രാഷ്ട്രീയ അജൻഡകളില്‍ പെട്ട് കുട്ടികളുടെ തന്നെ അവകാശം ഹനിക്കപ്പെടുകയുമാണ് ചെയ്തത്.
പോണ്‍ സിനിമയിലെ നഗ്നശരീരങ്ങളെ മാത്രം കണ്ടു പരിചയിക്കുന്നതുകൊണ്ടാണ് സ്ത്രീശരീരത്തെ ലൈംഗികതയുമായി എപ്പോഴും കൂട്ടിക്കെട്ടുന്നത്. അല്ലാതെയും നഗ്‌നശരീരങ്ങള്‍ കണ്ടു ശീലിച്ചാല്‍ അത് സാധാരണ കാര്യമാവുമെന്ന ആശയം ഉള്‍ക്കൊണ്ടാണോ അന്ന് അത്തരമൊരു ബോഡി ആര്‍ട്ടിനു മുതിരുന്നത്?
എനിക്ക് ചോദിക്കാനുള്ളത് അമ്മയുടെ ശരീരം കുട്ടി കണ്ടാല്‍ എന്താണ് പ്രശ്‌നം? ഞാന്‍ വളര്‍ന്നുവന്ന ഘട്ടത്തില്‍ എനിക്ക് എന്റെ ശരീരത്തെ കുറിച്ചോ അതിന്റെ മാറ്റങ്ങളെ കുറിച്ചോ അറിയുമായിരുന്നില്ല. അമ്മയ്ക്ക് പറഞ്ഞു തരാനും അറിവുണ്ടായിരുന്നില്ല. അതുകൊണ്ടു കൂടിയാണ് മക്കളെ ശരീരത്തെ കുറിച്ച് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചതും. പോണ്‍ വീഡിയോകളിലും മോഡലിങ്ങിലും ഉള്ള വടിവൊത്ത സ്ത്രീശരീരം മാത്രം കണ്ടല്ല സ്ത്രീശരീരം എന്താണെന്ന് കേരളത്തിലെ പുരുഷന്‍മാര്‍ അറിയേണ്ടത്.
വീട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ ചിലപ്പോഴൊക്കെ ഉറക്കവും കുളിയുമൊക്കെ ഞങ്ങൾ ഒന്നിച്ചാവാറുണ്ട്. കൗമാരകാലത്തല്ലേ നമ്മളവരെ മാറ്റിക്കിടത്തുക. അതുവരെ അമ്മയുടെ ചൂടും സാമിപ്യവും എല്ലാം അറിഞ്ഞല്ലേ അവര്‍ വളരുന്നത്. മക്കൾ അമ്മയുടെ ശരീരത്തെ ലൈംഗികതയുമായി ചേര്‍ത്ത് നിര്‍ത്തി ഒരിക്കല്‍ പോലും കണ്ടിട്ടുണ്ടാവില്ല. ഇതൊന്നും കാണുകയോ തിരിച്ചറിയുകയോ ചെയ്യാതെയാണ്, ഞാനോ മക്കളോ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യത്തെ ലൈംഗികതയുമായി ബന്ധപ്പെടുത്തി സംസാരിച്ചതും ചിലര്‍ പരാതി കൊടുത്തതും സംവിധാനങ്ങളെല്ലാം അതിനനുസരിച്ച് പ്രവര്‍ത്തിച്ചതും.
ഒട്ടും പ്രതീക്ഷിക്കാത്ത കാര്യത്തിലാണല്ലോ കേസെടുക്കുന്നതും ജയിലിലാവുന്നതും. ജയിലിലെ 14 ദിവസങ്ങളിലെ അനുഭവം?
അറസ്റ്റ് നടന്നത് കോവിഡ് കാലത്താണ്. എന്നെ ആദ്യം കൊണ്ടു പോകുന്നത് ക്വാറന്റീൻ സെന്ററിലേക്കാണ്. പോക്‌സോ കേസ് എടുത്തതുകൊണ്ട് തന്നെ വലിയ കുറ്റം ചെയ്ത ഒരാളോടെന്ന പെരുമാറ്റമായിരുന്നു നേരിട്ടിരുന്നത്. രഹ്ന ഫാത്തിമയെന്ന പേരിനോടുള്ള മുന്‍വിധിയും ആളുകളുടെ പെരുമാറ്റത്തില്‍ പലപ്പോഴും പ്രകടമായിരുന്നു.
മക്കളെ കാണാനും അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനും കഴിഞ്ഞിരുന്നോ?
കോവിഡ് സമയമായതിനാല്‍ ജയിലില്‍ കിടന്ന 14 ദിവസവും മക്കളെ കാണാന്‍ കഴിഞ്ഞില്ല. ക്വാറന്റീൻ സെന്ററിലെ നാളുകള്‍ ഓര്‍ക്കുമ്പോള്‍ തന്നെ ഭയാനകമാണ്. ഒരു പത്രമോ പുസ്തകമോ ലഭിക്കാതെ ഏഴ് ദിവസമാണ് കഴിഞ്ഞത്. ഞാന്‍ കൊണ്ടുപോയ പുസ്തകം പോലും അവരെനിക്ക് വായിക്കാന്‍ തന്നില്ല. ഏകാന്തതയുടെ ഭീകരത ഞാനാ ഏഴ് ദിവസം അനുഭവിച്ചു. കേസിന്റെ സ്ഥിതിഗതികള്‍ എന്താണെന്നൊക്കെയുള്ള വിവരങ്ങളൊക്കെ ജയിലിലായിരുന്നെങ്കില്‍ സാധാരണ ലഭിക്കേണ്ടതാണ്. പക്ഷെ, ക്വാറന്റീൻ സെന്ററിലായതിനാല്‍ ഇതൊന്നുമറിയാന്‍ കഴിഞ്ഞില്ല. ആ സമയത്ത് കോവിഡ് ടെസ്റ്റിന് കൊടുത്ത് റിസള്‍ട്ട് വരാന്‍ മൂന്ന് ദിവസം കാത്തിരിക്കേണ്ട രീതിയായിരുന്നു. എട്ടാമത്തെ ദിവസമാണ് കോവിഡ് നെഗറ്റീവാണെന്ന് അറിഞ്ഞ് പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിനായി പോവുന്നതും അതിനു മുന്നോടിയായി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാവുന്നതും. ആ സമയം വായിക്കാന്‍ പുസ്തകമെങ്കിലും തരണമെന്ന് ഞാന്‍ ജഡ്ജിയോട് അപേക്ഷിച്ചു. ജഡ്ജി അത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ആദ്യം പുസ്തകം തന്നില്ല. പിന്നീട് നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് പുസ്തകം ലഭിക്കുന്നത്. അതുവരെ ചപ്പാത്തി പൊതിഞ്ഞു തരുന്ന പേപ്പർ കഷ്ണമായിരുന്നു എന്റെ ഏക ആശ്വാസം. അത് തിരിച്ചു മറിച്ചും എത്രയോ തവണ വായിച്ചിരിക്കും. അതൊരു ലോഡ്ജായിരുന്നു. അതിന്റെ മതിലുകളില്‍ എന്തൊക്കെയോ എഴുതിവെച്ചരുന്നു. അത് വായിച്ചും സമയം നീക്കാന്‍ ശ്രമിച്ചു. ഏഴ് ദിവസം കഴിഞ്ഞ് ആദ്യം പുറത്തിറങ്ങുമ്പോള്‍ സംസാരിക്കാന്‍ വരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പുറത്തു വന്നപ്പോഴാണ് അറിയുന്നത് വീട്ടില്‍ നിന്നെല്ലാം എന്നെ കാണാന്‍ ആളുകള്‍ വന്നിരുന്നെന്നും ക്വാറന്റീൻ ചട്ടങ്ങളുള്ളതിനാല്‍ അനുവദിക്കാതിരുന്നതാണെന്നും. 14 ദിവസത്തിനു ശേഷം ജാമ്യം കിട്ടി ജയിലില്‍ നിന്നിറങ്ങിയ ശേഷമാണ് മക്കളെ കാണുന്നത്.
.jpg?$p=7c375b4&&q=0.8)
തങ്ങള്‍ കൂടി ഉള്‍പ്പെട്ട സംഭവം മൂലമാണ് അമ്മയെ ജയിലിലടച്ചതെന്ന കുറ്റബോധം അവരെ അലട്ടിയിട്ടുണ്ടായിരുന്നോ. ഇതിനു മുമ്പ് ഇത്രനാള്‍ മക്കളെ പിരിഞ്ഞിരുന്നിരുന്നോ?
ശബരിമല വിഷയത്തിലാണ് ഇതിനു മുമ്പ് മാറി നില്‍ക്കേണ്ടി വന്നത്. എവിടെ പോവുകയാണെങ്കിലും ഇന്ന കാര്യത്തിന് പോവുകയാണ്, ഇത്ര ദിവസം കഴിഞ്ഞേ വരൂ എന്ന് മക്കളോട് പറയാറുണ്ടായിരുന്നു. ഈ പ്രാവശ്യം അതിന് പറ്റിയില്ല. വാര്‍ത്തകള്‍ വരുന്നു, പോലീസ് വന്ന് മൊഴിയെടുക്കുന്നു, ഇതൊക്കെ കുട്ടികളില്‍ വലിയ മനസികസമ്മര്‍ദ്ദം ഉണ്ടാക്കി.
ഞാന്‍ ആവശ്യപ്പെട്ടിട്ടാണ് അമ്മ പെയിന്റ് ചെയ്യാന്‍ സമ്മതിച്ചതെന്ന് പോലീസിനോടും കോടതിയോടും പറഞ്ഞല്ലോ. എന്നിട്ടും എന്തിനാണ് അമ്മയെ ജയിലിലിടുന്നതെന്ന് മോന്‍ പിന്നീടൊരിക്കല്‍ ചോദിച്ചിരുന്നു. ഞാന്‍ ജയിലില്‍ കിടന്ന കാലത്തും അവരതോര്‍ത്ത് വിഷമിച്ചിട്ടുണ്ടാവണം. ഞാന്‍ വന്ന് കോടതിയില്‍ പറയാം, ഞാന്‍ പറഞ്ഞാല്‍ പ്രശ്‌നം തീരില്ലേ എന്നൊക്കെ മകന്‍ പലപ്പോഴും ചോദിച്ചിരുന്നു.
പൊതുവിടത്തിലെ അക്കാലത്തെ ചര്‍ച്ചകളൊന്നും തന്നെ രഹ്നക്ക് അനുകൂലമായിരുന്നില്ല. വിധിക്കു മുമ്പും ശേഷവുമുള്ള ജീവിതത്തെ എങ്ങനെ കാണുന്നു?
പൊതുബോധത്തിനനുകൂലമായോ ഏതെങ്കിലും വിഭാഗങ്ങളെ തൃപ്തിപ്പെടുത്തിയോ അല്ലല്ലോ കോടതിവിധികള്‍ വരേണ്ടത്. എന്താണ് സംഭവിച്ചതെന്നും വസ്തുത നോക്കിയുമാണല്ലോ വിധി കല്‍പിക്കുക. അതീ കേസില്‍ കൃത്യമായി നടന്നു. കോടതി വീഡിയോ പരിശോധിച്ചു. കുട്ടികളുടെ മൊഴിയെടുത്തു. അതനുസരിച്ച് വിധി നിര്‍ണയിച്ചു. ഞാന്‍ മുമ്പ് താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിലൊക്കെ ആളുകള്‍ അത്യാവശ്യം ബോധമുള്ള മനുഷ്യരായിരുന്നു. എന്റെയോ ഈ പ്രശ്‌നങ്ങളുടെയോ പേര് പറഞ്ഞ് അവരാരും കുട്ടികളെ ബുദ്ധിമുട്ടിച്ചിരുന്നില്ല. രഹ്നയുടെ കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ സംസാരിക്കരുതെന്ന് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും നിര്‍ദേശം കൊടുത്തിരുന്നെന്ന് പ്രിന്‍സിപ്പൽ തന്നെ എന്നോട് പറഞ്ഞിരുന്നു. അത്തരത്തില്‍ നല്ല പിന്തുണയും പല ഭാഗത്തുനിന്ന് ലഭിച്ചിരുന്നു. സ്‌കൂള്‍ മാറിയതിനാല്‍ ഇപ്പോള്‍ താമസവും മാറ്റേണ്ടിവന്നു. ഇനിയെന്താകുമെന്നറിയില്ല.

ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിനാല്‍ സാമ്പത്തിക പ്രയാസവും ഉണ്ടായിക്കാണണം. കുട്ടികളുടെ പഠനമൊക്കെ എങ്ങനെ കൊണ്ടു പോകുന്നു. എന്താണ് വരുമാനമാര്‍ഗം?
മാസത്തില്‍ പല ദിവസവും കേസും കോടതിയും പ്രശ്‌നങ്ങളുമായി, പലപ്പോഴും അതിന്റെ തിരക്കുകളിലാണ് ഇപ്പോഴത്തെ ജീവിതം. പിതാവ് സർവീസിലിരിക്കെ മരിച്ച ജോലിയാണ് എനിക്ക് ബി.എസ്.എന്‍.എല്ലില്‍ ലഭിക്കുന്നത്. പ്യൂണായി കയറിയ ഞാന്‍ പഠിച്ച് പരീക്ഷയെഴുതിയാണ് പ്രമോഷന്‍ ലഭിച്ച് ടി.ടി.എ. ആകുന്നത്. പിന്നീട് വീണ്ടും പരീക്ഷ എഴുതി ജൂനിയര്‍ എന്‍ജീനിയര്‍ തസ്തികയിലേക്ക് കടക്കാനിരിക്കെയാണ് ജോലി നഷ്ടപ്പെടുന്നത്. 2018 മുതല്‍ 20 വരെ സസ്‌പെന്‍ഷനിലായിരുന്നു. പകുതി ശമ്പളത്തിലായിരുന്നു ജീവിതം മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്നത്. പിരിച്ചുവിട്ട ശേഷം വരുമാനം നിലച്ചു. വിരലിലെണ്ണാവുന്ന സുഹൃത്തുക്കളുടെ സഹായത്താല്‍ ജീവിച്ചു പോകുന്നു എന്നതാണ് നിലവിലെ യാഥാര്‍ഥ്യം. ഒരു വരുമാനമില്ല ഇപ്പോൾ. കുറച്ചു കാലം യുട്യൂബ് വരുമാനത്തില്‍ ജീവിച്ചു. പിന്നീട് പലകാരണങ്ങളാല്‍ അതും മുടങ്ങി. ജാമ്യവ്യവസ്ഥയനുസരിച്ച് ഏതെങ്കിലും മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ പാടില്ല എന്നുണ്ട്. പക്ഷെ, ഞാന്‍ ചെയ്യുന്നതെന്തും മതവുമായി കൂട്ടിക്കെട്ടി വ്യാഖ്യാനിച്ച് എന്നെ എപ്പോഴും ഒരുപറ്റം ആളുകള്‍ പ്രശ്‌നത്തില്‍പ്പെടുത്തുന്നു എന്നതാണ് വസ്തുത. അവര്‍ ആരോപിക്കും. ഞാന്‍ മതവികാരം വ്രണപ്പെടുത്തുന്നില്ലെന്നു തെളിയിക്കേണ്ടത് എന്റെ മാത്രം ബാധ്യതയുമാവുന്നു.
കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളിലായതുകൊണ്ട് വലിയ ചെലവുകളില്ല. പഴയ താമസസ്ഥലത്ത് വാട്ടര്‍ പ്യൂരിഫിക്കേഷന്‍ ജോലി, അതുപോലെ ജോലിക്കു പോകുന്നവരുടെ കുട്ടികളെ നോക്കല്‍ തുടങ്ങിയ ചെറുജോലികള്‍ ചെയ്ത് ജീവിക്കാനുള്ള വരുമാനം കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. അതിജീവിക്കുക എന്നതാണല്ലോ. അതിനെന്ത് ജോലിയും ചെയ്യാന്‍ മടിയൊന്നുമുണ്ടായിരുന്നില്ല. പക്ഷെ, സ്ഥാപനങ്ങളുടെ ഭാഗമായി ജോലി ചെയ്യാന്‍ സാധിക്കുന്നില്ല എന്നത് വസ്തുതയാണ്. പ്രശ്‌നക്കാരിയാണെന്ന ആശങ്ക ജോലി നല്‍കുന്നതില്‍നിന്ന് പലരെയും അകറ്റുന്നുണ്ട്. വളരെ മുന്‍വിധിയോടെയാണ് മനുഷ്യര്‍ നമ്മളെ കാണുന്നത്. അതിനാല്‍ തൊഴില്‍ ലഭിക്കുക ബുദ്ധിമുട്ടാണ്. ഐഡന്റിറ്റി മറച്ചുവെച്ച് ജീവിക്കാന്‍ താത്പര്യപ്പെടുന്നില്ല. മറ്റുള്ളവര്‍ എന്നെ എങ്ങനെയാണ് കാണുന്നതെന്ന കാര്യത്തിൽപോലും എനിക്ക് വ്യക്തതയില്ല. ഓഫീസില്‍ പോയി തിരിച്ചുവരുമ്പോള്‍ സാധനങ്ങള്‍ വാങ്ങി വളരെ സാധാരണ ജീവിതം നയിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഞാന്‍. പൊടുന്നനെയാണ് ജീവിതം അടിമുടി മാറിയത്. എവിടെ ചെന്നാലും ഒരാളെങ്കിലും തിരിച്ചറിയുന്നത്, മുന്‍വിധിയോടെ കാണുന്നതെല്ലാം പുതിയ കാര്യങ്ങളായിരുന്നു.
പിരിച്ചുവിടാനുള്ള ബി.എസ്എന്‍.എല്‍. തീരുമാനത്തിനെതിരേ കോടതിയെ സമീപിച്ചിരുന്നോ?
ബി.എസ്എന്‍.എല്‍. ഇന്റേണല്‍ എന്‍ക്വയറി നടത്തിയിരുന്നു. കമ്മ്യൂണല്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും അതുണ്ടാക്കിയ വ്യക്തി ജോലിയില്‍ തുടരുന്നത് ബി.എസ്എന്‍.എല്ലിന്റെ അന്തസ്സിന് ചേര്‍ന്നതല്ലെന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടുന്നത്. ഇപ്പോള്‍ എന്റെ പരാതി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. അവര്‍ അനുകൂലമായോ പ്രതികൂലമായോ എന്തെങ്കിലും നടപടിയെടുക്കാത്തിനാല്‍ കോടതിയെ സമീപിക്കാനാവാത്ത അവസ്ഥയിലാണ്.

ഇത്രയധികം സമ്മര്‍ദങ്ങളിലൂടെ പോവുന്ന ഒരാൾക്ക് ഡിപ്രഷന്‍ പോലുള്ളവ ഉണ്ടാവാനുള്ള സാധ്യതയില്ലേ. വലിയ സമ്മര്‍ദങ്ങളല്ലേ ഇടതടവില്ലാതെ ഓരോ ഘട്ടത്തിലും നേരിട്ടു കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് ഇത്ര സമാധാനപൂര്‍വം സംസാരിക്കാനാവുന്നത്?
ശബരിമല സംഭവത്തിനു ശേഷം 17 വര്‍ഷം ഉണ്ടായിരുന്ന തൊഴില്‍ മേഖലയില്‍നിന്ന് പുറത്താക്കപ്പെടുന്നു. താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ഇറങ്ങിപ്പോരേണ്ടി വരുന്നു. 17 വര്‍ഷമായുള്ള ലിവിങ് റിലേഷന്‍ഷിപ്പ് അവസാനിപ്പിക്കേണ്ടി വരുന്നു. ജോലി നഷ്ടപ്പെട്ട സമയം വേണ്ട പിന്തുണ എനിക്ക് ലഭിക്കാതെ പോയി. ഈ രീതിയില്‍ പ്രതിസന്ധിയിലായപ്പോള്‍ ഫുഡ് ആന്‍ഡ് അക്കമോഡേഷന്‍ തന്ന് സഹായിക്കേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ആ ബന്ധം കൂടി വേര്‍പ്പെട്ടപ്പോള്‍ വലിയ സമ്മര്‍ദത്തിലൂടെയാണ് കടന്നുപോയത്. അങ്ങനെ മനസ്സിനെ ശാന്തമാക്കാനാണ് പക്ഷികളെ വളര്‍ത്തല്‍ തുടങ്ങിയത്. അങ്ങനെ ഞാനെന്നെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു. എന്റെ കിളി പോവാതിരിക്കാന്‍ ഞാന്‍ കിളിയെ വാങ്ങി എന്ന് പറയുന്നതാവും ശരി.
ഇത്ര വലിയ പ്രതിസന്ധിയിലേക്ക് പ്രശ്‌നങ്ങളിലേക്കാണ് ജീവിതം പോകാന്‍ സാധ്യതയുണ്ടെന്ന് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന് മുമ്പ് ഒരു വേള പോലും ചിന്തിച്ചിരുന്നില്ലേ?
ഒന്നാമതെത്താനോ വാര്‍ത്തയുടെ ഭാഗമാകാനോ ചെയ്ത കാര്യങ്ങളായിരുന്നില്ല അതൊന്നും. ശബരിമല കാലത്ത് കേരളത്തിലെ ഒരു സ്ത്രീയും ധൈര്യപ്പെടില്ല, കയറാന്‍ അനുവദിക്കില്ല എന്നെല്ലാം ടിവിയിലൂടെ മനുഷ്യര്‍ വിളിച്ചു പറയുന്നത് കേട്ടിരിക്കാന്‍ ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. പ്രശസ്തിയായിരുന്നു ലക്ഷ്യമെങ്കില്‍ വീട്ടില്‍ നിന്നിറങ്ങുമ്പോഴേ ലൈവിട്ട് നാട്ടുകാരെ അറിയിച്ച് പോവുമായിരുന്നില്ലേ.
ഇത്തരം പ്രതിഷേധങ്ങള്‍ നടത്തുന്ന ഒരു സ്ത്രീയെ കാത്തിരിക്കുന്നത് ദുരനുഭവങ്ങളാണെന്ന തരത്തില്‍ എന്നെ മോശം ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നവരുണ്ടാകും. പക്ഷെ, ഈ അവസ്ഥയില്‍ തീരുന്നതല്ല എന്റെ ജീവിതം. ഒരു തെറ്റായ സന്ദേശത്തിനുള്ള ഉദാഹരണമാക്കാനുള്ളതല്ല എന്നെ. ഇപ്പോള്‍ തിരിച്ചടിയും സംഘര്‍ഷങ്ങളും ഒക്കെ ഞാന്‍ നേരിടുന്നുണ്ടാവാം. പക്ഷെ, ആത്യന്തികമായി ഒരു വലിയ വിജയത്തിലേക്കുള്ള യാത്രയാണിതെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കോടതി വിധിയെ ആ അര്‍ഥത്തില്‍ മുന്നോട്ടുപോക്കിനുള്ള ഊര്‍ജ്ജമായി ഞാന്‍ കാണുന്നു.
Content Highlights: Rehana fathima, interview, Rehna fathima, Highcourt verdict, nudity painting, Sabarimala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..