നാട്ടുകാരുടെ ജനകീയ ഡോക്ടറില്‍ നിന്ന് പോളിറ്റ് ബ്യൂറോയിലേക്ക്, ജാതിതുലാസുകളെ മറികടന്ന്‌ രാമചന്ദ്ര ഡോം


മനോജ് മേനോന്‍ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സംവരണാനുകൂല്യങ്ങള്‍ക്ക് എതിരാണ്.അതുകൊണ്ടാണ് ഈ വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിനെതിരെ അധാര്‍മികമായ പ്രചരണങ്ങള്‍ ഉടലെടുക്കുന്നത്

Ramachandra dom/phots: PG Unnikrishnan

ട്ടിണിയുടെ ഭൂഖണ്ഡങ്ങള്‍ പിന്നിടുന്നവര്‍ക്ക് വിശപ്പാണ് യാത്രായാനം.നന്നെ വിശന്നവര്‍ക്ക് മുന്നില്‍ ,പിന്നിട്ട കാലം കരുത്തായി കിടക്കും.ഉള്ളില്‍ കരഞ്ഞെതെല്ലാം കനിവായി കിളിര്‍ക്കും.കണ്ണീരിന് പകരം പൊടിഞ്ഞ ചോരത്തുള്ളികള്‍ വഴി നടത്തും.ഒരു കാലത്ത് തൊണ്ടയില്‍ കുരുങ്ങിയ വാക്കുകള്‍ പില്‍ക്കാലത്ത് മുദ്രാവാക്യമാകും.ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ ചില്ലയെന്ന ചെറിയ ഗ്രാമത്തിലെ ഇത്തിരിക്കുടിലുകളില്‍ നിന്ന് സി.പി.എം പോളിറ്റ് ബ്യൂറോയിലെത്തിയ രാമചന്ദ്ര ഡോം ഇത്തരം തീക്കാലങ്ങളാണ് കടന്നത്.മനുഷ്യരുണ്ടാക്കിയ ജാതിത്തുലാസിന്റെ താഴെത്തട്ടുകളിലൊതുക്കപ്പെട്ട ഡോം സമുദായത്തില്‍ ജനിച്ച ഡോ.രാമചന്ദ്ര ഡോം ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായപ്പോള്‍ എഴുതപ്പെട്ടത് ചരിത്രം.

ഗ്രാമത്തിലെ മരപ്പണിക്കാരനായിരുന്ന പിരുപാദ ഡോമിന്റെ മകന്‍ രാമചന്ദ്ര ഡോം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് കമ്യൂണിസ്റ്റുകാരനായത്.മെഡിക്കല്‍ വിദ്യാഭ്യാസം നേടി പിന്നാക്കഗ്രാമങ്ങളിലെ പാവങ്ങളുടെ ജനകീയ ഡോക്ടറായി.ഏഴ് വട്ടം പാര്‍ലമെന്റംഗമായി.ദീര്‍ഘകാലം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു.ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ നേതാവാണ്.നിയോഗിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ ഏ.കെ.ജി ഭവനിലെത്തിയ രാമചന്ദ്ര ഡോം മാതൃഭൂമി ആഴ്ചപ്പതിപ്പുമായി സംസാരിക്കുന്നു :


ബാല്യകാലം ദുരിതകാലമായിരുന്നു.വിശപ്പും വേര്‍തിരിവുകളും.വേദനയും അവഗണനയും.ഒരു കമ്യൂണിസ്റ്റിനെ രൂപപ്പെടുത്തിയത് ഈ അനുഭവങ്ങളാണോ ?

വളരെ പാവപ്പെട്ട ഒരു കര്‍ഷക കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്.തികച്ചും ദരിദ്രമായ ചുറ്റുപാട്.പട്ടിണിയായിരുന്നു പലപ്പോഴും.ഡോം എന്ന കീഴ്ജാതിക്കാരാണ് ഞങ്ങള്‍.ഗ്രാമത്തിലെ ചെറിയ ചെറിയ മരപ്പണികള്‍ ചെയ്താണ് അച്ഛന്‍ കുടുംബം പോറ്റിയത്.ആ ചെറിയ വരുമാനം ഒന്നിനും തികയില്ല.വീട്ടില്‍ ഞങ്ങള്‍ ആറ് ആണ്‍ മക്കളും മൂന്ന് പെണ്‍മക്കളുമുള്‍പ്പടെ പതിനൊന്ന് പേര്‍.ഞാന്‍ മൂന്നാമനായിരുന്നു.വളരെ പ്രയാസകരമായിരുന്നു ജീവിതം.വലിയ കുടുംബം,ചെറിയ വരുമാനം.ഒത്തിരി കഷ്ടപ്പാടുകള്‍ സഹിച്ചു.അന്നൊക്കെ എന്റെ ഗ്രാമത്തില്‍ വളരെ കുറച്ച് കുട്ടികള്‍ക്ക് മാത്രമേ സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നുള്ളൂ.പണമില്ലായ്മ തന്നെ പ്രധാന തടസ്സം.എന്റെ മൂത്ത സഹോദരന്‍ നന്നായി പഠിക്കുമായിരുന്നു.എന്നാല്‍ പകുതി വച്ച് പഠനം നിര്‍ത്തേണ്ടി വന്നു.രണ്ട് സഹോദരന്‍മാര്‍ക്ക് സ്‌കൂളില്‍ പോകാന്‍ പോലും അവസരം കിട്ടിയില്ല.അവര്‍ മരപ്പണിക്ക് പോയി.ഞാനും എന്റെ ഇളയ അനുജനും പഠിച്ചു.അച്ഛന്‍ രോഗബാധിതനായതോടെ ചേട്ടന്റെ വരുമാനമായി വീടിന്റെ ഏക ആശ്രയം.എന്നിട്ടും എങ്ങനെയോ പഠനം തുടര്‍ന്നു.

ആ സമയത്ത് ,അതായത് എഴുപതുകളുടെ തുടക്കത്തില്‍ ബംഗാളിലെ ഭരണരാഷ്ട്രീയ സ്ഥിതിഗതികള്‍ അത്യന്തം ശോചനീയമായിരുന്നു.കോണ്‍ഗ്രസായിരുന്നു ഭരണത്തില്‍.മുഖ്യമന്ത്രിയായിരുന്ന സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ ഭീകര ഭരണം.സാമൂഹികസാമ്പത്തിക അടിച്ചമര്‍ത്തല്‍ വ്യാപകമായിരുന്നു.ജനങ്ങളുടെ ജീവിതം ദുരിതത്തില്‍ നിന്ന് കൂടുതല്‍ ദുരിതത്തിലായി.ഇതിനെതിരെ കടുത്ത പ്രതിഷേധവും ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു കൊണ്ടിരുന്നു. എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളും ഉടലെടുത്തു.അതില്‍ ചേരാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു.അങ്ങനെ സ്‌കൂള്‍ പഠനകാലത്താണ് ഞാന്‍ ആദ്യമായി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.സുഭാഷ് ചക്രവര്‍ത്തിയായിരുന്നു അന്ന് എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി.ശ്യാമള്‍ ചക്രവര്‍ത്തിയായിരുന്നു പ്രസിഡണ്ട്.അക്കാലത്ത് വിദ്യാര്‍ഥി രാഷ്ട്രീയം വിപുലമായിരുന്നു.ബംഗാളില്‍ സംസ്ഥാന വ്യാപകമായി ശക്തമായിരുന്നു.അര്‍ഥപൂര്‍ണമായ ഒരു പ്രസ്ഥാനമായി അത് വളര്‍ന്നു കൊണ്ടിരിക്കുന്ന ഘട്ടം.ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ സ്‌കൂളുകളും കോളേജുകളും വിട്ട് പുറത്തു വന്ന് സമരത്തില്‍ അണി ചേര്‍ന്നു.റേ സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ പോരാടി.മണ്ണെണ്ണ കിട്ടാനുണ്ടായിരുന്നില്ല.അന്ന് വൈദ്യുതിയില്ലാത്ത കാലമാണ്.എല്ലാവരും മണ്ണെണ്ണ വിളക്കുകളെയാണ് ആശ്രയിക്കുന്നത്.വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി വിളക്ക് തെളിയിക്കാന്‍ മണ്ണെണ്ണ കിട്ടാനില്ല.പൂഴ്ത്തി വയ്പും കരിഞ്ചന്തയും വ്യാപകമായിരുന്നു.അതു പോലെ തന്നെ പഠിക്കാനുള്ള പുസ്തകങ്ങള്‍ക്കും ബുക്കുകള്‍ക്കും തീവിലയായിരുന്നു.ഇതിനെതിരെ വിദ്യാര്‍ഥി സമൂഹം ഒന്നടങ്കം പ്രതിഷേധമുയര്‍ത്തി.പാഠ്യപദ്ധതികളില്‍ സര്‍ക്കാര്‍ പെട്ടെന്നു കൊണ്ടു വന്ന ചില മാറ്റങ്ങളും വലിയ പ്രശ്‌നമായി.സിലബസ് മാറ്റാന്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ട് ശ്രമിക്കുകയായിരുന്നു.ഇക്കാരണങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ സമരം തുടങ്ങി.ഞങ്ങളും സജീവമായി പങ്കെടുത്തു.ഈ കാലത്ത് ഇടതുപക്ഷ ആഭിമുഖ്യമുള്ള രാഷ്ട്രീയം എന്നെ സ്വാധീനിച്ചു തുടങ്ങി. അക്കാലത്തെ അധ്യാപകര്‍ പൊതുവെ ഇടത് രാഷ്ട്രീയ ചായ്വുള്ളവരും പുരോഗമന സ്വഭാവക്കാരുമായിരുന്നു.ഇടത് ധാരയിലേക്കുള്ള എന്റെ നടത്തത്തിന് അവര്‍ വലിയ പ്രേരണയായി.

പഠനത്തില്‍ ഞാന്‍ മികവ് പുലര്‍ത്തിയിരുന്നു.അധ്യാപകരുടെ സ്‌നേഹവാല്‍സല്യങ്ങളും പരിഗണനകളും ഇതിന് അടിത്തറയിട്ടു.1976 ല്‍ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ പാസ്സായി.മെഡിക്കല്‍ പഠനത്തിനായി കൊല്‍ക്കത്തയില്‍ പോകണം.പണത്തിനായി വിഷമിച്ചു നില്‍ക്കുമ്പോള്‍ ഗ്രാമത്തിലെ അധ്യാപകരും സുഹൃത്തുക്കളും സഹായിച്ചു.കൊല്‍ക്കത്തയിലെത്തിയ ഞാന്‍ തുടക്കത്തില്‍ എസ്.എഫ്.ഐ.യുടെ ആഫീസിലാണ് താമസിച്ചത്.തുടര്‍ന്ന് ഡംഡമിലെ ചേരിയില്‍ ഒരു ചെറിയ മുറി വാടകയ്ക്ക് എടുത്തു.ഈ സമയത്ത് പ്രൈവറ്റ് ട്യൂഷന്‍ എടുത്തും മറ്റും, ചെലവിനും പഠിപ്പിനും പണം കണ്ടെത്തി.കൂടാതെ പാര്‍ട്ടിയുടെയും പലരുടെയും സഹായമുണ്ടായിരുന്നു.കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ്.മെഡിക്കല്‍ കോളേജിലായിരുന്നു പഠനം.

1977 ല്‍ ബംഗാളില്‍ രാഷ്ട്രീയ മാറ്റമുണ്ടായി.കോണ്‍ഗ്രസ് തകര്‍ന്നു.ഇടത് സര്‍ക്കാര്‍ അധികാരമേറി.ഇത് പട്ടിക ജാതി വിഭാഗങ്ങള്‍ക്കുള്ള സ്‌റ്റൈപ്പന്റ് ലഭിക്കാന്‍ സഹായിച്ചു.അതോടെ നില്‍രത്തന്‍ സര്‍ക്കാര്‍ ഹോസ്റ്റലിലേക്ക് താമസം മാറി.മെഡിക്കല്‍ കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തനത്തില്‍ സജീവമായി.1984 ലാണ് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.ഡോം സമുദായത്തില്‍ നിന്ന് എം.ബി.ബി.എസ് നേടുന്ന രണ്ടാമനാണ് ഞാന്‍.1986 ല്‍ ബിര്‍ഭുമിലേക്ക് തിരിച്ചു പോയി.എന്റെ ഗ്രാമത്തിലെ ഗ്രാമീണ ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറായി ചേര്‍ന്നു.പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമായിരുന്നു ജോലിയില്‍ ചേര്‍ന്നത്.അന്ന് അത് അനിവാര്യമായിരുന്നു.തുടര്‍ന്ന് ബ്ലോക്ക് മെഡിക്കല്‍ ആഫീസറായി.1989 ല്‍ എന്നോട് സര്‍ക്കാര്‍ ജോലി വിടാന്‍ പാര്‍ട്ടി നിര്‍ദേശിച്ചു.ഞാന്‍ ജോലി രാജിവച്ചു.ആ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ബിര്‍ഭും മണ്ഡലത്തില്‍ എന്നെ സ്ഥാനാര്‍ഥിയാക്കി.അങ്ങനെ എന്റെ പാര്‍ലമെന്ററി രാഷ്ട്രീയ ജീവിതം ആരംഭിച്ചു.

ജാതിപരമായ വിവേചനം,അടിച്ചമര്‍ത്തല്‍ തുടങ്ങിയവ സ്‌കൂളിലും സമൂഹത്തിലും നേരിടേണ്ടി വന്നിട്ടുണ്ടാകുമല്ലോ ?


ജാതി വിവേചനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.എന്നാല്‍ പഠിച്ച സ്‌കൂളില്‍ കാര്യമായി നേരിടേണ്ടി വന്നിട്ടില്ല.സ്‌കൂളില്‍ open ആയ നിലയില്‍ ജാതിപ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നില്ല.അതിന് കാരണം അധ്യാപകര്‍ വളരെ അധികം പുരോഗമനവാദികളായിരുന്നു എന്നതാണ്.എന്നാല്‍ പൊതുസമൂഹത്തില്‍ അതായിരുന്നില്ല സ്ഥിതി.സാമൂഹിക അടിച്ചമര്‍ത്തലും ജാതിപരമായ അടിച്ചമര്‍ത്തലും സാമ്പത്തികമായ അടിച്ചമര്‍ത്തലും ഒന്നിച്ചു ചേര്‍ന്നായിരുന്നു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ നേരിട്ടത്.അന്നത്തെ ഭരണവര്‍ഗ്ഗരാഷ്ട്രീയ നേതാക്കള്‍ പ്രധാനമായും ഉയര്‍ന്ന സമുദായക്കാരായിരുന്നു.അവര്‍ ഇത്തരം അടിച്ചമര്‍ത്തലിനായി നിലയുറപ്പിച്ചവരായിരുന്നു.അവര്‍ നിരന്തരശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.താഴെക്കിടയിലുള്ളവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ഉയര്‍ന്നുവരാന്‍ അവര്‍ ഒരിക്കലും ആഗ്രഹിച്ചില്ല.നിരവധിപേര്‍ക്ക് ഇവരുടെ ശാരീരികാതിക്രമങ്ങളടക്കം നേരിടേണ്ടി വന്നിട്ടുണ്ട്.സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എനിക്കും സ്‌കൂളിന് പുറത്ത് ഇത്തരം വിവേചനങ്ങളും അക്രമങ്ങളും നേരിടേണ്ടി വന്നു.എനിക്കെതിരെ ഒരിക്കല്‍ ഇക്കൂട്ടര്‍ ഒരു വ്യാജ പരാതി കെട്ടിച്ചമച്ചു.ഒരു മോഷണക്കേസാണ് എനിക്കെതിരെ കെട്ടിച്ചമച്ചത്.അവര്‍ ഒരു നാട്ടുകൂട്ടം വിളിച്ചു ചേര്‍ത്ത് എന്നെ കെട്ടിയിട്ടു. മോഷ്ടിച്ചതായി എഴുതിയ ഒരു വ്യാജപ്രസ്താവനയില്‍ ഒപ്പു വയ്ക്കാന്‍ അവരെന്നെ നിര്‍ബന്ധിച്ചു.ഞാന്‍ തയ്യാറായില്ല.ഞാനന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.നന്നായി പഠിക്കുന്ന വിദ്യാര്‍ഥി.അന്നത്തെ ഭരണകക്ഷികളുടെ ആളുകളായിരുന്നു അത് ചെയ്തത്.ഞാനൊരു കള്ളനാണെന്ന് ചിത്രീകരിക്കാനായിരുന്നു അവരുടെ ശ്രമം.അതുവഴി എന്റെ പഠനം തടയാനായിരുന്നു നീക്കം.അതായിരുന്നു ഗൂഢാലോചന.അവര്‍ എന്നെ വളഞ്ഞിട്ട് തല്ലി.പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള ഒരു ക്ലബ്ബ് മുറ്റത്തു വ്ച്ചായിരുന്നു ഇതെല്ലാം നടന്നത്.ഇതൊക്കെ നടക്കുമ്പോള്‍ ആ ക്ലബ്ബിന്റെ മുറിയിലിരുന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മദ്യപിക്കുന്നുണ്ടായിരുന്നു.ആ ഉദ്യോഗസ്ഥന്റെ അറിവോടെയായിരുന്നു സംഭവം.എന്നാല്‍ ജനങ്ങളും വിദ്യാര്‍ഥികളും സംഘടിച്ചെത്തിയതോടെ അവര്‍ക്ക് എന്നെ വിട്ടയക്കേണ്ടി വന്നു.ഇത്തരം കടമ്പകളെല്ലാം പിന്നീടും ഉണ്ടായി.അതെല്ലാം ഞാന്‍ മറികടന്നു.പാര്‍ട്ടിയും സംഘടനകളും എന്നെ രക്ഷിച്ചു.സഹായിച്ചു.

ആരായിരുന്നു അന്നത്തെ ശക്തി ? ആരായിരുന്നു പ്രേരണ ? ആരാണ് ധൈര്യം തന്ന് പിടിച്ചു നിര്‍ത്തിയത് ?


പല തലങ്ങളില്‍ നിന്നും പ്രേരണകളും പിന്തുണകളുമുണ്ടായിരുന്നു.പാര്‍ട്ടി,സംഘടന,രക്ഷിതാക്കള്‍,അധ്യാപകര്‍ തുടങ്ങിയവരെല്ലാം സഹായം നല്‍കി.എന്റെ രക്ഷിതാക്കള്‍ ഉന്നതരൊന്നുമായിരുന്നില്ല.സാധാരണക്കാര്‍.അക്ഷരം പോലും അറിയാത്തവര്‍.പക്ഷെ,അവര്‍ക്ക് എന്നെക്കുറിച്ച് വലിയ കരുതല്‍ ഉണ്ടായിരുന്നു,ആശങ്കയുണ്ടായിരുന്നു.രക്ഷിതാക്കള്‍ എനിക്ക് പ്രേരണയായിരുന്നു.അമ്മക്ക് എന്റെ മേല്‍ നല്ല സ്വാധീനമുണ്ടായിരുന്നു.അമ്മയും അച്ഛനും എക്കാലത്തും എന്നെ പിന്തുണച്ചു.അവര്‍ക്ക് അവരുടേതായ പരിമിതികളുണ്ടായിരുന്നു.എന്നിട്ടും അവര്‍ എന്നെ ചേര്‍ത്തു പിടിച്ചു.അതുപോലെ തന്നെ അധ്യാപകര്‍ എനിക്ക് തന്ന പ്രചോദനവും പ്രോത്സാഹനവും വളരെ വലുതാണ്.അന്ന് പാര്‍ട്ടി നേതാവ് കൂടിയായിരുന്ന അധ്യാപകന്‍ സമര്‍നാഥ് സെന്‍ എന്റെ രണ്ടാമത്തെ രക്ഷിതാവാണ്.അങ്ങനെയാണ് ഞാന്‍ അദ്ദേഹത്തെ കണക്കാക്കുന്നത്.എനിക്ക് വളരാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ സ്വാധീനം മൂലമാണ്.അതില്‍ എക്കാലത്തും എനിക്ക് അദ്ദേഹത്തോട് കടപ്പാടുണ്ടായിരിക്കും. എന്റെ ജീവിതത്തില്‍ വലിയപങ്കാണ് അദ്ദേഹം വഹിച്ചത്.അദ്ദേഹമാണ് എന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വന്നത്.ആശയപരമായ രാഷ്ട്രീയ വിദ്യാഭ്യാസം എനിക്ക് നല്‍കിയത് അദ്ദേഹമാണ്.ഒരു മകനെ പോലെയാണ് അദ്ദേഹം എന്നെ കരുതിയത്.

മെഡിക്കല്‍ വിദ്യാഭ്യാസം നേടിയ ശേഷം സ്വന്തം ഗ്രാമത്തിലേക്കാണ് തിരിച്ചു വന്നത്.ജനങ്ങളുടെ ഡോക്ടറായി.മെഡിക്കല്‍ പ്രൊഫഷനും രാഷ്ട്രീയവും എങ്ങനെ ഒപ്പം കൊണ്ടു പോയി ?

ഡോക്ടറെന്ന നിലയില്‍ ഗ്രാമപ്രദേശങ്ങളിലാണ് ഞാന്‍ പ്രവര്‍ത്തിച്ചതെല്ലാം.ബിര്‍ഭൂം ജില്ലയിലെ ഉള്‍ഗ്രാമങ്ങളിലാണ് ഞാന്‍ ജോലി ചെയ്തത്.അവിടുത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു ജോലിത്തുടക്കം.വളരെ പിന്നാക്ക പ്രദേശമായിരുന്നു.മാത്രമല്ല,രാജ്യത്തെ ഏറ്റവും വലിയ ഗ്രാമങ്ങളിലൊന്നാണത്.ദളിത് വിഭാഗങ്ങളും മുസ്ലിങ്ങളുമാണ് ഗ്രാമത്തില്‍ ഭൂരിപക്ഷം. ഞാന്‍ അവിടെ രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചു.അതെനിക്ക് വളരെ വലിയ അനുഭവമാണ് നല്‍കിയത്.പക്ഷെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ ആഫീസര്‍ എന്ന നിലയില്‍ എനിക്ക് തുറന്ന രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമായിരുന്നില്ല.എങ്കിലും ഡോക്ടര്‍മാരുടെ അസോസിയേഷന്‍,ജനകീയ ശാസ്ത്രപ്രസ്ഥാനം,ഐ.എം.എ തുടങ്ങിയവയില്‍ സജീവമായി പ്രവര്‍ത്തിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ 1988 ല്‍ ബ്ലോക് പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്ക് സ്ഥലം മാറ്റി.അവിടെ ബ്ലോക് മെഡിക്കല്‍ ആഫീസറായി ജോലി ചെയ്തു.അങ്ങനെ ഒരു വര്‍ഷം പ്രവര്‍ത്തിച്ചു.1989 ല്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം ഞാന്‍ ജോലി രാജിവച്ച് മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി.പാര്‍ട്ടിക്കായി എന്ത് ചെയ്യാനും ഞാന്‍ ഒരുക്കമായിരുന്നു.പാര്‍ട്ടിയാണ് എന്നോട് മെഡിക്കല്‍ സര്‍വീസില്‍ ജോലി ചെയ്യാന്‍ നിര്‍ദേശിച്ചത്.പിന്നീട് എന്നോട് രാജി വച്ച് പുതിയ ചുമതല ഏറ്റെടുക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചു.എന്താണ് പാര്‍ട്ടി തരുന്ന പുതിയ ചുമതല എന്ന് രാജി വയ്ക്കുന്ന സമത്ത് എനിക്ക് അറിയുമായിരുന്നില്ല.പാര്‍ട്ടി പറഞ്ഞു,ഞാന്‍ അത് അനുസരിച്ചു.എന്നാല്‍ അതിന് ശേഷമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ സ്ഥാനാര്‍ഥിയാണെന്ന് പാര്‍ട്ടി പറയുന്നത്.it was a surprise.ഇന്ത്യന്‍ രാഷ്ട്രീയം തിളച്ചു മറിഞ്ഞ കാലമായിരുന്നു അത്.രാജീവ് ഗാന്ധിക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന തിരഞ്ഞെടുപ്പ്.അത് പാര്‍ട്ടി എനിക്ക് തന്ന വലിയ രാഷ്ട്രീയ അവസരമാണ്.പാര്‍ട്ടി എന്നെ എന്റെ സ്വന്തം പ്രദേശമായ ബിര്‍ഭുമില്‍ മത്സരിക്കാന്‍ നിയോഗിച്ചു.ഞാന്‍ മത്സരിച്ചു.വിജയിച്ചു.ഞാനവിടെ നിന്ന് തുടര്‍ച്ചയായി ആറ് വട്ടം മത്സരിച്ച് ജയിച്ചു.2009 ല്‍ മണ്ഡലം മാറി ഭോല്‍പൂരില്‍ നിന്ന് മത്സരിച്ച് ജയിച്ചു.മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം ഭോല്‍പൂര്‍ സംവരണ മണ്ഡലമായി മാറി.അതു കൊണ്ടാണ് ഭോല്‍പൂരില്‍ മത്സരിച്ചത്.മണ്ഡലം പുതുക്കി നിശ്ചയിക്കുന്നതിന് മുമ്പ് സോമനാഥ്ദായായിരുന്നു ഭോല്‍പൂരിനെ പ്രതിനിധീകരിച്ചിരുന്നത്.

ഇപ്പോള്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായിരിക്കുന്നു.സി.പി.എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായി ദളിത് വിഭാഗത്തില്‍ നിന്ന് ഒരാള്‍ പോളിറ്റ് ബ്യൂറോയില്‍ പ്രവേശിച്ചിരിക്കുന്നു.ചരിത്ര പരമെന്നാണ് ഈ തീരുമാനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്.എന്താണ് പ്രതികരണം ?

ഒരു ദളിത് അംഗം പോളിറ്റ് ബ്യൂറോയില്‍ വരുന്നത് ചരിത്രപരമായ തീരുമാനമാണ്.അതാര്‍ക്കും നിഷേധിക്കാനാകില്ല.എന്നാല്‍ കമ്യൂണിസ്റ്റ്പാര്‍ട്ടികളില്‍ ഇതൊരു സ്വാഭാവിക പ്രക്രിയയാണ്.സാമൂഹികപരമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ദുര്‍ബലവിഭാഗങ്ങളില്‍പ്പെട്ടവരെ ഉന്നത നേതൃത്വങ്ങളിലേക്ക് ഉയര്‍ത്തുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ സ്വാഭാവികമാണ്.അതിനായി തുടര്‍ച്ചയായ ശ്രമം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ട്.അതാണ് ഇപ്പോള്‍ നടന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എന്നാല്‍ പോളിറ്റ് ബ്യൂറോയിലേക്ക് ദളിത് വിഭാഗത്തില്‍ നിന്ന് ഒരു നേതാവ് കടന്നു വരാന്‍ ദശകങ്ങളെടുത്തു.ഈ കാലതാമസം സി.പി.എം പോലെ പുരോഗമന സ്വഭാവം പ്രകടിപ്പിക്കേണ്ട പാര്‍ട്ടികളില്‍ പോലുമുള്ള പരമ്പരാഗത മനോഭാവത്തിന്റെ പ്രതിഫലനമല്ലേ.എന്ത് പറയുന്നു ?


ശരിയാണ്.ഇക്കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് പി.ബി.യില്‍ ഒരു ദളിത് അംഗമുണ്ടായിരുന്നില്ല.എന്നാല്‍ കേന്ദ്ര കമ്മിറ്റിയില്‍ നിരവധി ഉന്നത നേതാക്കള്‍ ദളിത് വിഭാഗത്തില്‍ നിന്നുണ്ടായിട്ടുണ്ട്.ഇപ്പോഴും ഉണ്ട്.എന്നാല്‍ പോളിറ്റ് ബ്യൂറോയില്‍ ഒരു ദളിത് അംഗം ഉണ്ടായിരുന്നില്ല.ഇപ്പോള്‍ അക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനിച്ചു.അത്തരത്തില്‍ അതൊരു ചരിത്രപരമായ തീരുമാനമാണ്.എന്നാല്‍ ഞാന്‍ അതിനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാഭാവകമായ നടപടി ക്രമമെന്ന നിലയിലാണ് വിലയിരുത്തുന്നത്.

രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നു.വികസനത്തിന്റെ എണ്ണപ്പെരുക്കങ്ങള്‍ വിളംബരം ചെയ്യുകയാണ് ഭരണാധികാരികള്‍.എന്നാല്‍ ദളിതരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ജീവിതത്തില്‍ ഇക്കാലം കാര്യമായ മാറ്റങ്ങളുണ്ടാക്കിയോ ?പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ ?

നോക്കു,ഞങ്ങള്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് നമ്മുടെ സമൂഹത്തെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ട്.ഇന്ത്യന്‍ സമൂഹം ജാതി അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടതാണ്.basically this caste system is a form of class division.Caste and class in our coutnry is not much different.കീഴ് ജാതിക്കാരായ ആദിവാസികള്‍,ദളിതുകള്‍,ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരെല്ലാം അടിസ്ഥാനപരമായി പിന്നാക്ക വിഭാഗങ്ങളാണ്.അവരാണ് അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രധാന ഭാഗം.പാടത്തും ഫാക്ടറികളിലും അസംഘടിത മേഖലകളിലും പണിയെടുക്കുന്നത് അവരാണ്.കോടിക്കണക്കിന് ആളുകള്‍.അവരാണ് working class.തൊഴിലാളി വര്‍ഗ്ഗവും സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട,തിരസ്‌കൃതരായ വിഭാഗവും സമൂഹത്തിന്റെ രണ്ട് അടിസ്ഥാന ഘടകങ്ങളാണ്.അടിസ്ഥാനപരമായി സമുഹത്തില്‍ radical change ഉണ്ടാകണം.ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ ഈ രാജ്യത്ത് ആ മാറ്റമുണ്ടാക്കാന്‍ പ്രതിജ്ഞാബദ്ധരാണ്.ലോകം മുഴുവന്‍ അതാണ് സംഭവിക്കുന്നത്.വിപ്ലവകരമായ മാറ്റമുണ്ടാക്കുകയാണ്.തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ വിപ്ലവകരമായ മാറ്റങ്ങളിലൂടെ സോഷ്യലിസത്തിന് വഴിയൊരുക്കുന്നു.hegemony of the working class is necessary.അത്തരത്തിലുള്ള revolutionary task അനിവാര്യമാണ്.നമ്മുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍,ഇതിനനുസരിച്ചുള്ള സമീപനങ്ങള്‍ രൂപപ്പെടുത്തണം.സാമൂഹികമായ അടിച്ചമര്‍ത്തലിനെതിരെയും സാമൂഹികമായ ചൂഷണത്തിനെതിരെയും ,സാമ്പത്തിക അടിച്ചമര്‍ത്തലിനെതിരെയും സാമ്പത്തിക ചൂഷണത്തിനെതിരെയും പോരാടണം.ഈ ഘടകങ്ങളെ ഒരുമിച്ച് ചേര്‍ത്ത് അതിനെതിരെ പോരാടണം.കോടിക്കണക്കിന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട,അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെയും ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളി വിഭാഗത്തിന്റെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണം.ഈ ഘടകങ്ങളെല്ലാം ചേര്‍ത്ത യോജിച്ച ശ്രമമായിരിക്കണം നടക്കേണ്ടത്.ഞങ്ങളുടെ പാര്‍ട്ടിയുടെ ധാരണ ഇതാണ്.

രാജ്യത്ത് നിരവധി ദളിത് പ്രസ്ഥാനങ്ങളുണ്ട്.1980 കള്‍ക്ക് ശേഷം മുഖ്യധാരാ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന നിലയിലേക്ക് ദളിത് സാന്നിധ്യം വളരുകയും ദേശീയസംസ്ഥാന രാഷ്ട്രീയങ്ങളില്‍ നിര്‍ണായകത നേടുകയും ചെയ്തു.കന്‍ഷി റാമിന്റെയും മായാവതിയുടെയും നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍ രൂപം കൊണ്ട രാഷ്ട്രീയ പാര്‍ട്ടി ഇതില്‍ പ്രധാനം.നീല്‍സലാം മുദ്രാവാക്യമുയര്‍ത്തി ഇപ്പോള്‍ അംബേദ്കര്‍ വാദികളുടെ പ്രസ്ഥാനങ്ങള്‍ സജീവം.ഇടത് പാര്‍ട്ടികള്‍ക്കൊപ്പവും ദളിത് വിഭാഗങ്ങളുണ്ട്.എന്നാല്‍ ഈ പ്രസ്ഥാനങ്ങളെല്ലാം ചിതറി നില്‍ക്കുകയാണ്.ഈ പ്രസ്ഥാനങ്ങള്‍ ദളിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ എത്രമാത്രം ഏറ്റെടുക്കുന്നുണ്ട് ?

ഇതൊരു വലിയ ചോദ്യമാണ്.നിരവധി ദളിത് സംഘടനകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.ഭരണവര്‍ഗ്ഗമായ ബി.ജെ.പിക്ക് പോലും ദളിത് സംഘടനകളുണ്ട്. എന്നാല്‍,അടിസ്ഥാനപരമായി ഈ ദളിത് സംഘടനകള്‍ക്ക് അവരവരുടേതായ പരിമിതികളുണ്ട്.എസ്റ്റാബ്ലിഷ്‌മെന്റിനെതിരെ ശബ്ദമുയര്‍ത്താന്‍ കഴിയണം.അതിന് ഈ സംഘടനകള്‍ക്ക് കഴിയുന്നില്ല.യഥാര്‍ഥത്തില്‍ ദളിത് വിഭാഗങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ദുരിതത്തിന് കാരണം ഭരണവര്‍ഗ്ഗങ്ങളുടെ ജനവിരുദ്ധ നയങ്ങളാണ്. എന്നാല്‍ ഇത്തരത്തിലൂള്ള ധാരണ,under standing ഈ സംഘടനകള്‍ക്ക് നഷ്ടമായിരിക്കുന്നു.പൊതു വിഷയങ്ങളായ വിദ്യാഭ്യാസം,തൊഴില്‍,ശാക്തീകരണം,സംവരണ നയം,പഞ്ചവല്‍സര പദ്ധതികളില്‍ ദളിത്,ആദിവാസി വിഭാഗങ്ങള്‍ക്കള്ള പ്രത്യേക പദ്ധതികളുടെ ആസൂത്രണം തുടങ്ങിയവയെല്ലാം അവഗണിക്കപ്പെട്ടിരിക്കുന്നു.ദുര്‍ബലമാക്കപ്പെട്ടിരിക്കുന്നു.

ഇപ്പോള്‍ ആസൂത്രണ കമ്മീഷനില്ല.നിതി ആയോഗിന്റെ ജോലി എന്താണെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല.പൊതുസ്വത്തിന്റെ വില്‍പനയാണ് അവരുടെ പ്രധാന ജോലിയെന്ന് വന്നിരിക്കുന്നു.അത് മാത്രമാണ് അവരുടെ ഏക ജോലി.ദളിത് ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പദ്ധതി അവരുടെ അജണ്ടയില്‍ ഇല്ല.ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സംവരണാനുകൂല്യങ്ങള്‍ക്ക് എതിരാണ്.അതുകൊണ്ടാണ് ഈ വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിനെതിരെ അധാര്‍മികമായ പ്രചരണങ്ങള്‍ ഉടലെടുക്കുന്നത്. ദളിത്,ആദിവാസി വിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കിയിട്ടുള്ള അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ ഭരണവര്‍ഗ്ഗം നിരന്തരം ശ്രമിക്കുകയാണ്.സാവധാനത്തില്‍ ,നിശബ്ദമായി തട്ടിയെടുക്കുകയാണ്.അത് സംഭവിച്ചു കൊണ്ടിരിക്കുകയാണ്.മാത്രമല്ല,സംവരണ നയം സര്‍ക്കാര്‍ മേഖലക്ക് മാത്രമാണ് ബാധകം .സ്വകാര്യ മേഖലയില്‍ തൊഴില്‍ സംവരണമില്ല.സര്‍ക്കാരാകട്ടെ അതിവേഗം വ്യാപകമായി സ്വകാര്യവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുകയാണ്.വലിയ തൊഴില്‍ ദാതാക്കളായ പൊതുമേഖലയെ മുഴുവന്‍ സ്വകാര്യവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നു.വിദ്യാഭ്യാസം,ആരോഗ്യം,വ്യവസായം തുടങ്ങി സമസ്ത മേഖലകളും സ്വകാര്യവല്‍ക്കരിക്കുന്നു.ഇതിന്റെ പ്രധാന ഇരകള്‍ ദളിതരും ആദിവാസികളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ്.കാരണം,ഭരണഘടന ഉറപ്പ് നല്‍കുന്ന സംവരണം സ്വകാര്യമേഖലയ്ക്ക് നിര്‍ബന്ധമല്ല.അതാണ് ഇന്നത്തെ ഏറ്റവും വലിയ വിഷയം.വന്‍തോതിലുള്ള സ്വകാര്യവല്‍ക്കരണം രാജ്യത്ത് നടക്കുന്നു,എന്നാല്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന സംവരണം സ്വകാര്യമേഖലയില്‍ ബാധകമല്ല.ഇതാണ് ഗുരുതര പ്രശ്‌നം.സര്‍ക്കാര്‍ ജോലി ലഭ്യമല്ല.റിക്രൂട്ട്‌മെന്റ് നടക്കുന്നില്ല.ഏറ്റവും വലിയ തൊഴില്‍ ദാതാക്കളായ റെയില്‍വെ,ബാങ്കിംഗ് മേഖല,ഇന്‍ഷുറന്‍സ്,മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലൊന്നും നിയമനങ്ങള്‍ നടക്കുന്നില്ല.നിയമനനിരോധനമാണ് നിലവിലുള്ളത്.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് തൊഴില്‍ സംവരണം നല്‍കാന്‍ സ്വകാര്യമേഖലക്ക് യാതൊരു ബാധ്യതയുമില്ല എന്നതാണ് അവസ്ഥ.സ്വതന്ത്ര ഇന്ത്യ 74 വര്‍ഷം പിന്നിട്ടിട്ടും ദളിത്,ആദിവാസി വിഭാഗങ്ങളുടെ ജീവിതാവസ്ഥ കാര്യമായി മാറിയിട്ടില്ല എന്നത് വസ്തുതയാണ്.

സംവരണം ഒരു ചര്‍ച്ചാ വിഷയമാണ്.സംവരണത്തെക്കുറിച്ച് പല നിലപാടുകളുണ്ട്.സംവരണം തുടരണമെന്നും വേണ്ടെന്നുമുള്ള ചര്‍ച്ചകള്‍ പല തലങ്ങളില്‍ ഉയരുന്നുണ്ട്.സംവരണ വിരുദ്ധ ചര്‍ച്ചകള്‍ ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി ഉയര്‍ത്തുന്നുണ്ട്.ഈ ചര്‍ച്ചകളെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

രാജ്യത്തെ ദളിതുകളില്‍ പ്രധാനപ്പെട്ട വിഭാഗം ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്.അവരിപ്പോഴും പിന്നാക്കം തുടരുന്നു.അവര്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും പുറത്താണ്.ഞങ്ങള്‍ക്ക് ആ വിഷയത്തില്‍ ആശങ്കയുണ്ട്.സംവരണം അനിവാര്യമാണ്.ദളിത്,ആദിവാസി വിഭാഗങ്ങളിലെ ബഹുഭൂരിപക്ഷത്തിനും ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല.സര്‍ക്കാര്‍ സര്‍വീസുകളില്‍ ദളിത്,ആദിവാസി വിഭാഗങ്ങളില്‍ നിന്ന് വളരെ കുറച്ച് ആളുകളാണുള്ളത്.ഈ വിഭാഗങ്ങളില്‍ നിന്ന് വളരെ കുറച്ച് ജഡ്ജിമാരാണ് നമ്മുടെ കോടതികളിലുള്ളത്.സിവില്‍ സര്‍വീസ് രംഗം നോക്കു,എത്ര പേരുണ്ട്.ഇപ്പോഴും ഈ വിഭാഗങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നു.ഗ്രൂപ്പ് ഡി ജോലികള്‍ കിട്ടാന്‍ പോലും വിഷമം.മാത്രമല്ല,മന:പൂര്‍വം സംവരണനയം അട്ടിമറിക്കാനുള്ള ശ്രമം ശക്തമായി നടക്കുന്നുണ്ട്.നിലവിലുള്ള സംവരണ നയം തുടരണം.അത് എല്ലാവര്‍ക്കും ബാധകമായിരിക്കണം.കാരണം ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല.നിരവധി കാര്യങ്ങള്‍ സ്ട്രീം ലൈന്‍ ചെയ്യാനുണ്ട്.ആര്‍.എസ്.എസും ബി.ജെ.പിയും സംവരണത്തിന് എതിരാണ്.that is a design.ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം ദളിത് വിരുദ്ധമാണ്.അവര്‍ മനുവാദി സമ്പ്രദായം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.ജാതി സമ്പ്രദായം,മേല്‍സമുദായത്തിന്റെ മേധാവിത്വം തുടങ്ങിയവയൊക്കെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.ബ്രാഹ്മണിക്കല്‍ സമൂഹമാണ് അവര്‍ ലക്ഷ്യമിടുന്നത്.ബ്രാഹ്മണിക്കല്‍ ജാതി സമീപനത്തിലാണ് ഹിന്ദുത്വ രാഷ്ട്രീയം നിലനില്‍ക്കുന്നത്.മനുവാദി സമ്പ്രദായത്തെ അടിസ്ഥാനമാക്കി ഒരു ഹിന്ദു രാജ്യം സ്ഥാപിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.അതാണ് ആര്‍.എസ്.എസിന്റെ അടിസ്ഥാന തത്വശാസ്ത്രം.

തുടരും...

(മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധികരിച്ചത്‌)

Content Highlights: Interview with Ramachandra dom CPM Polit bureau Member

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented