'ആശയങ്ങളെ താത്കാലികമായി ഇല്ലാതാക്കാനേ വെടിയുണ്ടകൾക്ക്‌ കഴിയൂ'


By ദിനകരന്‍ കൊമ്പിലാത്ത്/

2 min read
Read later
Print
Share

പി.വി. രാജഗോപാൽ | Photo: Sabu Scaria

പ്പാന്റെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന ‘നിവാനോ പീസ്’ ഫൗണ്ടേഷൻ പുരസ്‌കാരം (1.23 കോടി രൂപ) ലഭിച്ച ഏകതാപരിഷത്ത് സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി.വി. രാജഗോപാൽ കണ്ണൂർ തില്ലങ്കേരി സ്വദേശിയാണ്. ചമ്പൽക്കൊള്ളക്കാരെ മനംമാറ്റിയും ഭൂമിയില്ലാത്ത പാവങ്ങൾക്ക് ഭൂമിക്കുവേണ്ടിയും രാജ്യമാകെ പദയാത്ര നടത്തിക്കൊണ്ട് ഗാന്ധിയൻ രീതിയിൽ സമരംചെയ്യുന്ന പി.വി. രാജഗോപാൽ പദയാത്രാഗാന്ധി എന്നാണ് അറിയപ്പെടുന്നത്. നീതിയും ശാന്തിയുമാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം. മാതൃഭൂമി പ്രതിനിധി ദിനകരൻ കൊമ്പിലാത്തിനുനൽകിയ അഭിമുഖത്തിൽനിന്ന്‌...

സമാധാനത്തിനും സഹോദര്യത്തിനും വേണ്ടിയുള്ള പ്രവർത്തനത്തിന് ഒരു രാജ്യം നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ജപ്പാന്റെ നിവാനോ പീസ് ഫൗണ്ടേഷൻ പുരസ്‌കാരം. അത് ലഭിച്ചപ്പോൾ എന്തുതോന്നുന്നു

വലിയ അംഗീകാരം തന്നെയാണ്. ആണവബോംബിന്റെ ആജീവനാന്ത ഭീഷണിയും ദുരിതവും വേദനയും നിലനിൽക്കുന്ന ജപ്പാൻ സാഹോദര്യത്തിനും സമാധാനത്തിനും വലിയ വിലകൊടുക്കുന്ന രാജ്യമാണ്. ഏകതാപരിഷത്തിന്റെ നീതിയും ശാന്തിയും എന്ന മുദ്രാവാക്യം തന്നെയാണ് അവർ ഞങ്ങളുടെ സംഘടനയുടെ പ്രത്യേകതയായിക്കണ്ടത്. നീതിയില്ലാതെ ശാന്തിയില്ല, ശാന്തിയില്ലാതെ നീതിയില്ല എന്നതാണല്ലോ സത്യം. ഞങ്ങൾ ലോകത്തോട് പദയാത്രനടത്തി പറയുന്നതും അതുതന്നെയാണ്.

സങ്കീർണവും സംഘർഷാത്മകവും കലാപകലുഷിതവുമായ ഈ ലോകത്ത് ‘ഗാന്ധി’ മാത്രമാണ് പരിഹാരം എന്നു താങ്കൾ കരുതുന്നുണ്ടോ

ഉപരിപ്ലവമായി പറയുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ പലരിലും ഉണ്ടാക്കിയേക്കാം. പക്ഷേ, ആഴത്തിൽ പരിശോധിക്കുമ്പോൾ ഒരേയൊരുത്തരമാണ് ഗാന്ധി. വെടിയുണ്ടകളല്ല വാക്കുകളാണ് പ്രധാനം. ആശയങ്ങളെ താത്കാലികമായി ഇല്ലാതാക്കാനേ വെടിയുണ്ടകൾക്ക്‌ കഴിയൂ. തെളിച്ചുപറഞ്ഞാൽ സമാധാനമാണ് ശാശ്വതസത്യം. സാമ്പത്തികമായി നമ്മൾ വളരെവേഗം വളരുന്നു എന്നു പറയുമ്പോൾ നമ്മൾ ശ്രീലങ്കയുടെ തകർച്ചകാണണം. പാകിസ്താനിലെ സാമ്പത്തികത്തകർച്ച കാണണം. പല മുതലാളിത്തരാജ്യങ്ങളിലെയും തകർച്ചകാണണം. അമിതാധികാരവും അമിതോപയോഗവും ചൂഷണവും മുതലാളിത്തത്തിന്റെ ശാസ്ത്രമാണ്. ഗാന്ധിസം അതിനെതിരാണ്.

എന്താണ് താങ്കളുടെ പദയാത്രകളുടെ മനഃശാസ്ത്രം

പദയാത്ര ശരിക്കും ഒരു വിപ്ലവമാണ്. അതിന് ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലേക്ക് ലക്ഷക്കണക്കിന് പാദങ്ങൾ അണിചേരുകയാണ്. ചെലവില്ലാത്തതാണ് ആ യാത്ര. എല്ലാവർക്കും കഴിയുന്നത്. ഉറച്ച കാലുകളും ഉറച്ച മനസ്സും മതി. സമാധാനത്തിനുവേണ്ടിയും ഭൂമിയില്ലാത്തവർക്ക് ഭൂമിക്കുവേണ്ടിയും ദളിതരുടെ വേദനയൊപ്പാനും വികസനത്തിന്റെ പേരിലുള്ള വനചൂഷണത്തിനെതിരേയും ഞങ്ങൾ യാത്രനടത്തിയിട്ടുണ്ട്.

എല്ലാവരും തുല്യരാണ് എന്നതാണ് ഇത്തരം ആത്മീയയാത്രയുടെ പ്രത്യേകത. ഞാനടക്കം എല്ലാവരും തെരുവിൽ കിടന്നും അവിടെ ഭക്ഷണം പാകംചെയ്ത് കഴിച്ചും പാവങ്ങളിൽ പാവങ്ങളോട് സംസാരിച്ചും യഥാർഥ ഇന്ത്യയെ തൊട്ടും പിടിച്ചുംകൊണ്ടുമായിരുന്നു നടന്നത്. അതാണ് ആത്മീയയാത്ര. നമ്മുടെ രാഷ്ട്രീയക്കാർ ഇത്തരം പദയാത്രയാണ് നടത്തേണ്ടത്. അല്ലാതെ ആഡംബരയാത്രകളല്ല.

കൊള്ളക്കാരെയും മാവോവാദികളെയും നക്‌സലൈറ്റുകളെയും നേരിടേണ്ടത് തോക്കുകൊണ്ടല്ല എന്നു താങ്കൾ പറയുന്നു

നോക്കൂ, ഞാൻ ഒട്ടേറെ കൊള്ളക്കാരെ മാനസാന്തരപ്പെടുത്തിയിട്ടുണ്ട്. എല്ലാവരെയും കൊന്നുകഴിഞ്ഞാൽ പ്രശ്നം തീരുമോ. അത് അവിടെത്തന്നെ കാണും. കൊള്ളക്കാർ എന്തുകൊണ്ട് അങ്ങനെയായി എന്നാണ് പരിശോധിക്കേണ്ടത്. അവരെ ആ സാഹചര്യത്തിൽനിന്ന് മാറ്റുകയാണുവേണ്ടത്. നക്‌സൽബാധിതമായ ആദിവാസിമേഖലയിലെ പ്രശ്നങ്ങൾ നേരിട്ടുപറയാൻ ആഗ്രഹമുണ്ടെന്നും അവസരം തരണമെന്നും പുതിയ രാഷ്ട്രപതിയോട് ഞാൻ ഒരിക്കൽ എഴുതിച്ചോദിച്ചു. കുറച്ചു ദിവസത്തിനുശേഷം സെക്രട്ടറിയുടെ മറുപടിവന്നു. പ്രസിഡന്റിന് സമയമില്ല എന്ന്‌. ഇതാണ് സ്ഥിതി.

രാജ്യത്ത് അപകടകരമായി വളരുന്ന മതാത്മകമായ ഏകദേശീയവികാരം ഭാവിയിൽ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് കരുതുന്നുണ്ടോ. സമാധാനം എന്ന ലക്ഷ്യത്തെ അതെങ്ങനെ ബാധിക്കും

ഏകതാപരിഷത്തിന്റെ ലക്ഷ്യം ഏകദേശീയത എന്നുള്ളതല്ല. ജയജഗത് എന്നാണ്. അതാണ് നമ്മുടെ മുദ്രാവാക്യം. ലോകം ജയിക്കട്ടെ എന്നാണത്. നമ്മൾ ജീവിക്കുന്നത് ആധുനിക ലോകത്താണ്. ആധുനിക വാർത്താവിനിമയത്തിന്റെ ലോകത്താണ്. പക്ഷേ, നമ്മുടെ മനസ്സ് മാറിയിട്ടില്ല. ഒരാളെ കെട്ടിപ്പിടിച്ചല്ല, തട്ടിമാറ്റിയിട്ടാണല്ലോ നമ്മൾ മുന്നോട്ടുപോകുന്നത്. നമ്മൾ ലാപ്‌ടോപ്പിലൂടെ, ഗൂഗിളിലൂടെ ലോകം കാണുന്നു. കറുപ്പും വെറുപ്പും വിരോധവുമാണ് നമ്മുടെ ആയുധങ്ങൾ പലപ്പോഴും.

Content Highlights: Interview with PV Rajagopal

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r ramkumar
Premium

7 min

സർക്കാരിന്റെ മണ്ടന്‍ തീരുമാനത്തിന്റെ ഓര്‍മ്മയാണ് 2000 രൂപ നോട്ട് | രാംകുമാറുമായി അഭിമുഖം

May 20, 2023


p sainath

10 min

കൊറോണയെ വരെ പുതിയ കാലത്തിലെ സമ്പന്നര്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ ഉപയോഗിച്ചു- പി.സായ്നാഥ് അഭിമുഖം

Apr 28, 2023


Most Commented