റഫീഖ് മംഗലശ്ശേരി
നാടകങ്ങള്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നേടിക്കൊടുക്കാനുള്ള കലോത്സവ ഇനങ്ങളിലൊന്നു മാത്രമല്ല സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത നാടകകൃത്തുമായ റഫീഖ് മംഗലശ്ശേരിയെ സംബന്ധിച്ച്. പുതുതലമുറയെ നവീകരിക്കാനും രാഷ്ട്രീയബോധ്യത്തോടെ വളര്‍ത്താനുമുള്ള ശക്തമായ ചാലകം കൂടിയാണ് അദ്ദേഹത്തിന് നാടകമെന്ന മാധ്യമം. ചേകന്നൂര്‍ മൗലവി വിഷയം വ്യംഗ്യമായി അവതരിപ്പിച്ച 'മനുഷ്യദൈവങ്ങള്ക്കൊരു ചരമഗീതം' എന്ന നാടകം ചിട്ടപ്പെടുത്തിയാണ് സ്കൂള്‍ കലോത്സവത്തിന്റെ പിന്നണിയിലേക്ക് റഫീഖ് മംഗലശ്ശേരി 20 വര്‍ഷം മുമ്പ് പ്രവേശിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാന സ്കൂള്‍ കലോത്സവ മത്സരവിഭാഗത്തില്‍ അദ്ദേഹത്തിന്റെ നാടകങ്ങൾ അരങ്ങിലെത്തുന്നുണ്ട്. റാബിയ, മനുഷ്യദൈവങ്ങള്ക്കൊരു ചരമഗീതം, വാങ്ക്, കിത്താബ് , ബൗണ്ടറി എന്നീ നാടകങ്ങള്‍ കലോത്സവവേദികള്ക്കപ്പുറത്ത് പൊതുസമൂഹം ചര്‍ച്ച ചെയ്ത നാടകങ്ങളായിരുന്നു. കുട്ടികൾ അവതരിപ്പിക്കേണ്ട നാടകങ്ങള്‍ക്ക് വേണ്ടത് നിര്‍ദോഷ സ്വഭാവമാണോ അതോ രാഷ്ട്രീയം പറയേണ്ടതുണ്ടോ? നാടകങ്ങളിലൂടെ താന്‍ മുന്നോട്ടു വെക്കാനാഗ്രഹിക്കുന്ന നിലപാടുകള്‍ മാതൃഭൂമി ഡോട്ട്കോമിനോട് തുന്നു പറയുകയാണ് റഫീഖ് മംഗലശ്ശേരി.
20 വര്‍ഷമായല്ലോ യുവജനോത്സവങ്ങളിലെ നാടകവേദികളില്‍ താങ്കള്‍ സജീവ സാന്നിധ്യമായിട്ട്. മതങ്ങളെയും പുരോഗമന വിരുദ്ധ സമീപനങ്ങളെയും വിമര്‍ശിക്കാനുള്ള ഇടം കൂടിയാണ് താങ്കളെ സംബന്ധിച്ച് നാടകമെന്നത്. സ്കൂള്‍ യുവജനോത്സവങ്ങളിലെ ആസ്വാദന തലത്തില്‍ ഈ 20 വര്‍ഷം കൊണ്ട് എന്തെല്ലാം മാറ്റമാണുണ്ടായിരിക്കുന്നത്. സമൂഹം കലാവിമര്ശനങ്ങളോട് കൂടുതല്‍ അസഹിഷ്ണുത വെച്ചുപുലര്‍ത്തുന്നത് അന്നാണോ ഇന്നാണോ?
ഇക്കാര്യത്തില്‍ സമൂഹത്തിന്റെ പോക്ക് അപകടകരമായ രീതിയില്‍ പിന്നോട്ടാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. 2007-ല്‍ മന്‍സിയയുടെ ചേച്ചി റൂബിയയുടെ ജീവിതം ആസ്പദമാക്കി റാബിയ എന്ന നാടകം അവതരിപ്പിച്ചിരുന്നു. മതമൗലികവാദികളുടെ എതിര്‍പ്പുകള്‍ നേരിട്ടതിനാല്‍ ആ നാടകം സബ്ജില്ലയിലേക്ക് സ്കൂള്‍ കൊണ്ടു പോയില്ല. എന്നാല്‍ 2021-ലെ 'കിത്താബ്' നാടക വിവാദത്തിലേക്കെത്തുമ്പോള്‍ ഒരു രാത്രികൊണ്ടാണ് ആ വിഷയം കത്തികയറിയത്. ജില്ലാ കലോത്സവത്തില്‍ നാടകം കളിച്ചതിന്റെ പിറ്റേ ദിവസം തന്നെ മതസംഘടനകള്‍ സംഘടിച്ച് കലോത്സവ വേദിയിലേക്ക് മാര്‍ച്ച് നടത്തുന്ന രീതി വരെ ഉണ്ടായി. അപകടകരമായ അവസ്ഥയിലാണ് നാട് പോവുന്നത്.
സാമൂഹിക മാധ്യമങ്ങള്‍ സജീവമായതു കൊണ്ടായിരിക്കില്ലേ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇത്ര വേഗം കൈവരിച്ചത്. സംഘടിക്കാന്‍ ഇത്ര വേഗത്തില്‍ കഴിയുന്നതും അതുകൊണ്ടല്ലേ, അല്ലാതെ ലോകം പിന്നോട്ടു പോയതുകൊണ്ട് തന്നെയാണോ?
'കിത്താബ്' നാടക വിവാദസമയത്ത് എനിക്ക് ഏറ്റവും അധികം പിന്തുണ കിട്ടിയ ഇടമാണ് സോഷ്യല്‍ മീഡിയ. സോഷ്യല്‍ മീഡിയ കാലത്തില്‍ കല കൂടുതല്‍ ജനകീയമാവുന്നുണ്ട്. പക്ഷെ, ഇത്തരം വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ സമൂഹത്തിന് പണ്ടത്തേതിനേക്കാള്‍ കൂടുതല്‍ പൊള്ളുന്നുണ്ട്. ഇത് ഭൂമിയാണ്(കെ.ടി. മുഹമ്മദിന്റെ പ്രശസ്ത നാടകം) എന്ന നാടകം കളിക്കുന്നത് എളുപ്പമല്ല ഇന്ന്. മതത്തിനപ്പുറത്തേക്ക് ചിന്തിക്കുന്ന വിഭാഗം വളര്‍ന്നു വരുന്നുണ്ടെങ്കില്‍ ഇപ്പുറത്ത് വല്ലാതെ സങ്കുചിത മനഃസ്ഥിതിയിലേക്കും അസഹിഷ്ണുതയിലേക്കും സമൂഹം സഞ്ചരിക്കുന്നുമുണ്ട്.

ഇക്കൊല്ലം സംസ്ഥാന കലോത്സവത്തില്‍ കളിച്ച ബൗണ്ടറി എന്ന നാടകം സംവാദാത്മകമായ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നുണ്ട്. തോറ്റവരുടെ ചരിത്രം ആരും അറിയുന്നില്ല എന്ന തരത്തില്‍ രാഷ്ട്രീയനിലപാടാണ് 'ബൗണ്ടറി' മുന്നോട്ടു വെക്കുന്നത്. പക്ഷെ അതവതരിപ്പിക്കുന്നത് സ്കൂള്‍ കുട്ടികളാണ്. ആ രാഷ്ട്രീയ ബോധത്തോടെ നാടകത്തെ ഉള്‍ക്കൊണ്ടാണോ അവര്‍ കളിക്കുന്നത്. അതോ വെറും ഡയലോഗ് ഡെലിവറിയിൽ ഒതുങ്ങുന്നതാണോ അവരുടെ പങ്കാളിത്തം?
'ബൗണ്ടറി', 'കിത്താബ്' തുടങ്ങിയ നാടകങ്ങളുടെ സബ്ജക്ടുമായി മേമുണ്ട സ്കൂളില്‍ ചെന്ന്, പറ്റിയ കുട്ടികളെ തിരഞ്ഞെടുത്ത് അതിലൂടെ നാടകം വികസിപ്പിക്കുന്ന രീതിയാണ് ഞാനവലംബിച്ചത്. എന്ത് പറയുന്നു, എങ്ങനെ പറയുന്നു എന്ന ധാരണ കുട്ടികള്‍ക്ക് കൃത്യമായുണ്ട്. രാഷ്ട്രീയ സാഹചര്യങ്ങള്‍ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി കുട്ടികളെ കൂടി ഉള്‍പ്പെടുത്തിയാണ് നാടകം വികസിപ്പിക്കുന്നത്. കുട്ടികളിലൂടെയാണ് നമ്മള് രാഷ്ട്രീയം പറയേണ്ടത്. നാലഞ്ച് വയസ്സുള്ള കുട്ടികളുടെ ഉള്ളിലൊന്നും മതവും ജാതിയുമുണ്ടാവില്ല. പോകെപ്പോകവെയാണ് അതവരിലേക്ക് കടന്നു വരുന്നത്. അപ്പോള്‍ പ്രതിരോധമെന്ന നിലയില്‍ മതം, ജാതി, ജനാധിപത്യം, മാനവികത എന്നിവയെ കുറിച്ചെല്ലാം അവരെ പഠിപ്പിക്കേണ്ടി വരും.
കുട്ടികളുടെ നാടകങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് പറയുന്നവരോട് എന്താണ് പറയാൻ ആഗ്രഹിക്കുന്നത്?
ജാലിയന്‍ വാലാബാഗിലെ മണ്ണ് വാരി ശപഥം ചെയ്യുമ്പോള്‍ ഭഗത് സിങ് കുട്ടിയായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുമ്പോൾ ബഷീറും മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടിയ മലാലയും കുട്ടിയായിരുന്നു. കുട്ടികള്‍ നിരന്തരമായി വര്‍ത്തമാനകാല സാമൂഹിക- രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടുന്നുണ്ട്. മുതിരുംതോറുമാണ് വേര്‍തിരിവുകളും ജാതിയും മതവുമെല്ലാം അവരിലേക്ക് കടന്നു വരുന്നത്. ആ സമയത്ത് മാനവികതയ കെുറിച്ചു അവരെ നമ്മള് പഠിപ്പിക്കേണ്ടതുണ്ട്. അതിനാലാണ് കുട്ടികളുടെ നാടകവേദിയില്‍ ഞാന്‍ ബോധപൂര്‍വ്വം ഇത്തരം വിഷയങ്ങള്‍ തിരഞ്ഞെടെുക്കുന്നത്. കുട്ടികളിലൂടെയേ നമുക്ക് പരിവര്‍ത്തനം സാധ്യമാവൂ. കുട്ടികളില്‍ മാറ്റം വരുത്തണമെങ്കില്‍ കുട്ടികളുടെ നാടകം പൊളിറ്റിക്കലാവേണ്ടതുണ്ട്.
ആരെയും വിഷമിപ്പിക്കാതെ നിര്‍ഗുണനായി നിന്നുകൊണ്ട് ആര്‍ക്കെങ്കിലും വേണ്ടി നാടകം സൃഷ്ടിക്കാന്‍ എപ്പോഴെങ്കിലും സമ്മര്‍ദ്ദം നേരിട്ടിട്ടുണ്ടോ? കടുത്ത വിമര്‍ശനങ്ങളും ഭീഷണികളും നേരിട്ടപ്പോള്‍ സൃഷ്ടിയിലും ഭാവനയിലും സ്വയം പരിധി നിര്‍ണ്ണയിക്കേണ്ട സന്ദര്ഭമുണ്ടായിട്ടുണ്ടോ?
ഒരിക്കലും സമ്മര്‍ദ്ദത്തിന് കീഴ്പ്പെടേണ്ടി വന്നിട്ടില്ല. സമൂഹത്തെ സുഖിപ്പിച്ച് ഞാനിതുവരെ നാടകം എഴുതിയിട്ടുമില്ല. സമൂഹത്തെ പൊള്ളിക്കുന്ന നാടകങ്ങളാണ് ഞാനിതുവരെ എഴുതി പോന്നിട്ടുള്ളത്. എനിക്കു മുന്നേ തന്നെ പൊള്ളുന്ന നാടകങ്ങൾ പലരും എഴുതിയതുകൊണ്ടാണ് നമ്മളിന്ന് ഇത്തരമൊരു പുരോഗമന സമൂഹത്തില്‍ ജീവിക്കുന്നത്.
സമൂഹത്തെ എല്ലാ കാലത്തും മാറ്റി മറിച്ചിട്ടുള്ള കലാരൂപമാണ് നാടകം. ഇബ്സന്റെ 'ഡോള്‍ ഹൗസാ'ണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫെമിനിസത്തിന് തിരികൊളുത്തിയത്. വി.ടി. ഭട്ടതിരിപ്പാടിന്റെ 'അടുക്കളയില്‍നിന്ന് അരങ്ങത്തേത്ത്' എന്ന നാടകം കണ്ടിട്ട് മറയ്ക്ക് പുറകിലിരുന്ന് നാടകം കേട്ടിരുന്ന സ്ത്രീകള്‍ മുന്നോട്ടു വന്നു. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', 'പാട്ടബാക്കി', 'കൂട്ടുകൃഷി' പോലുള്ള നാടകങ്ങള്‍ കണ്ടിട്ടാണ് കേരളത്തിലൊരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. അല്ലാതെ മാര്‍ക്സിന്റെ മൂലധനവും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വായിച്ചിട്ടല്ല. നാടകം എല്ലാ കാലത്തും സമൂഹത്തെ മാറ്റി മറിച്ചിട്ടുണ്ട്. കൈ പോവുമോ തലപോവുമോ എന്ന് ഭയപ്പെട്ടാണ് നമ്മുടെ ഓരോ കഥാകൃത്തുക്കളും കഥകളെഴുതുന്നതും വെട്ടിത്തിരുത്തുന്നതും.

നേടിക്കൊടുത്ത ജിന്ന് കൃസ്ണൻ
എന്ന പുസ്തകം
വിവാദങ്ങളില്‍പെട്ട കിത്താബ് എന്ന നാടകത്തിന് പുരോഗമന സമൂഹം ഐക്യദാര്‍ഢ്യപ്പെട്ടിരുന്നു എന്ന് നേരത്തെ പറഞ്ഞല്ലോ. ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടും 'കിത്താബി'ന് കളിക്കാന്‍ കഴിയാതെ പോയത് എതിര്‍പ്പുകളെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പിന്തിരിഞ്ഞതോടെയാണ്. അങ്ങനെ നോക്കുമ്പോള്‍ എന്‍ഡ് റിസള്‍ട്ട് എന്നത് കീഴ്പ്പെടലല്ലേ, പരാജയമല്ലേ?
മതസംഘടനകൾ ഒന്നിച്ചാണ് 'കിത്താബി'നെതിരേ രംഗത്ത് വന്നത്. കുട്ടികളെ സ്കൂളിൽനിന്നു പിൻവലിക്കുമെന്നു പറഞ്ഞാൽ സ്കൂൾ പ്രതിസന്ധിയിലാവും. ഇതുകാരണമാണ് 'കിത്താബ്' പിൻവലിക്കേണ്ടി വന്നത്. അന്ന് സാംസ്കാരികലോകത്ത് നിന്നുള്ളതിനേക്കാൾ പിന്തുണയാണ് സമൂഹ മാധ്യമങ്ങളിൽനിന്ന് ലഭിച്ചത്. ആ പിന്തുണ കൊണ്ടാണ് ജീവനോടെ ഇരിക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സച്ചിദാനന്ദൻ അടക്കമുള്ളവർ മഷി ഉണങ്ങുന്നതിന് മുമ്പേ പിന്തുണ പിൻവലിച്ചു.
ഇസ്ലാമോ ഫോബിയ ഒളിച്ചു കടത്തുന്നുണ്ടെന്ന ആരോപണം കാരണമായിരിക്കില്ലേ സാംസ്കാരിക രംഗത്തു നിന്നുള്ളവരുടെ പിന്തുണ കുറഞ്ഞത്?
'കിത്താബി'ല്‍ യാതൊരു വിധ ഇസ്ലാമോ ഫോബിയയും ഇല്ല. ഇപ്പോഴും യുട്യൂബില്‍ ലഭ്യമാണ് നാടകം. നമ്മുടെ സമൂഹത്തിന്റെ പ്രശ്നമെന്താണെന്ന് വെച്ചാല്‍, ഇസ്ലാം വിമർശനത്തിലേക്ക് വരുമ്പോള്‍ സ്വയം സെന്‍സര്‍ഷിപ് ഏർപ്പെടുത്തുന്നുണ്ട്. ഭയന്ന് വെട്ടിത്തിരുത്തിയാണ് പലരും ഡയലോഗെഴുതുന്നത്. എഴുത്തുകാര്‍ക്ക് പേടിയുള്ളതുകൊണ്ടാണ് അവര്‍ ഒപ്പം നില്‍ക്കാത്തത്. പേടി മാത്രമല്ല, സുഖലോലുപതയും ഇതില്‍ വിഷയമാണ്. മുസ്ലിം തീവ്രവാദത്തിനെതിരേ അവര്‍ പറയുന്നത് ഇസ്ലാമിന് എതിരെയാണെന്ന് വ്യാഖ്യാനിച്ച് അവര്‍ക്ക് അവസരങ്ങള്‍ നഷ്ട്പ്പെട്ടേക്കാം.ഗള്‍ഫ് രാജ്യങ്ങളിലെ ഫെസ്റ്റിവലുകളിലും മറ്റും പങ്കെടുക്കാന്‍ ഫ്രീയായി ടിക്കറ്റും വിസയും കിട്ടുന്നത് നഷ്ടപ്പെടുത്തേണ്ടെന്ന് അവരും ചിന്തിക്കുന്നുണ്ടാവണം. കേരളത്തില്‍ ലഭിക്കുന്ന വേദികളെയും ഇതെല്ലാം ബാധിക്കും. അതിനാലാണ് ഇസ്ലാമിക തീവ്രവദം പ്രതിസ്ഥാനത്ത് വരുന്ന ഘട്ടങ്ങളിലെല്ലാം അവര്‍ നിശബ്ദരാവുന്നത്.

എന്നും ഒരു മതത്തിനെ മാത്രം, ഇസ്ലാമിനെ മാത്രം, വിമര്‍ശിക്കുന്നു എന്ന ആരോപണം ഇക്കാലം കൊണ്ടു തന്നെ തീര്‍ച്ചയായും താങ്കള്‍ നേരിട്ടു കാണണം. അത് ഗൗരവപ്പെട്ട ആരോപണമല്ലേ?
'കിത്താബ്' ഇസ്ലാം മതത്തിലെ അനാചാരങ്ങളെ എതിര്ക്കുന്നതാണെങ്കില് 'കൊട്ടേം കരീം' പോലുള്ള നാടകങ്ങള്‍ ജാതീയതക്കെതിരാണ്. 'ജയഹേ' എന്ന ഷോര്‍ട്ട് ഫിലിം കപട ദേശീയതയ്ക്കെതിരേയുള്ളതാണ്. ഞാന്‍ ഇസ്ലാമിനെ മാത്രം വിമര്‍ശിക്കുന്നു എന്നത് അജണ്ടയിൽ ഊന്നിയ ആരോപണമാണ്. മുസ്ലിം ചുറ്റുപാടില്‍ വളര്‍ന്ന ഒരാളെന്ന നിലയിൽ എന്റെ കഥയില്‍ മുസ്ലിം കഥാപാത്രങ്ങളും പരിസരവും വരുന്നത് സ്വാഭാവികം മാത്രമാണ്. ബഷീറിന്റെയും എം.ടിയുടെയും കൃതികൾ അവര്‍ ജീവിച്ചു വളര്‍ന്ന ചുറ്റുപാടില്‍ നിന്നല്ലേ ഉണ്ടായത്. 'കിത്താബ്' വന്ന സമയത്ത് എന്നെ സംഘിയെന്ന് വിളിച്ചു. 'ബൗണ്ടറി' വന്നപ്പോൾ ഞാന്‍ സുഡാപ്പിയായി. ഹിന്ദു തീവ്രവാദമാവട്ടെ മുസ്ലിം തീവ്രവാദമാവട്ടെ ഏതും നാടിനാപത്താണ്. രണ്ടിനെയും ഞാന്‍ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. ആ നിലപാടാണ് എന്റെ നാടകങ്ങളിലുടനീളം പ്രതിഫലിച്ചതും
മത- സാമുദായിക വിഷയങ്ങളും പ്രശ്നങ്ങളും വരുമ്പോള്‍ ഇടതുപക്ഷം കാണിക്കുന്ന കാര്ക്കശ്യമില്ലായ്മയെ എങ്ങനെ കാണുന്നു? റഫീഖിന്റെ തന്നെ നാടകങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇടതു സംഘടനകള്‍ ഒപ്പം നില്‍ക്കുമെന്ന ആത്മവിശ്വാസം ഉണ്ടോ?
വിദ്യാര്‍ഥി പ്രശ്നമായതുകൊണ്ട് 'കിത്താബ്' വിവാദ സമയത്ത് തുടക്കം മുതല്‍ ഒടുക്കം വരെ എസ്.എഫ്.ഐ. ഒപ്പം നിന്നിട്ടുണ്ട്. എന്നാല്‍, ശക്തമായി ഞങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട പുരോഗമന കലാസാഹിത്യ സംഘം 15 ദിവസം കഴിഞ്ഞാണ് പ്രസ്താവന ഇറക്കിയത്. ഹിന്ദുതീവ്രവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പു.ക.സ. മണിക്കൂറുകള്‍ക്കകം പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദത്തെ ശക്തമായി എതിര്‍ക്കാതെ പ്രീണനം ചെറിയ രീതിയില്‍ വെച്ചു പുലര്‍ത്തുന്നതുകൊണ്ടാണിത്. അത് ഇടതു പ്രസ്ഥാനങ്ങള്‍ക്ക് വലിയ രീതിയില്‍ ദോഷം ചെയ്യുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കേരളത്തില്‍ സംഘപരിവാറനുകൂല അന്തരീക്ഷം ഭാവിയില്‍ സൃഷ്ടിക്കാന്‍ ഇത്തരം പ്രീണനം വഴിവെക്കും.
കോണ്‍ഗ്രസ്സിനും മറ്റ് മതേതര കക്ഷികള്‍ക്കും ഈ ധാര്‍മ്മിക ബാധ്യതയില്‍ ഇളവ് നല്‍കേണ്ടതുണ്ടോ?
രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ ഓരോ താലൂക്കിലെത്തുമ്പോഴും അവരുടെ വേഷത്തില്‍ മാറ്റം വരുന്നുണ്ട്. എന്നാല്‍, ഇടത് പ്രസ്ഥാനത്തെ നേതാക്കൾ അങ്ങനെയല്ല. മതേതര ഇന്ത്യയെ മുന്നോട്ടുവെക്കാന്‍ ഇടതുപക്ഷത്തിന് കഴിയുമെന്ന പ്രതീക്ഷ ജനത്തിനുണ്ട്. അതുകൊണ്ടാണ് ചെറിയ പോരായ്മയും വ്യതിചലനവുമുണ്ടാവുമ്പോള് ജനത്തിന് പൊള്ളുന്നതും അവര്‍ വിമര്‍ശിക്കുന്നതും.
സിലബസ്സിന് അപ്പുറത്തുള്ള കലാ- സാംസ്കരിക രംഗങ്ങളിൽ പുതുതലമുറയെ വളര്‍ത്തിയെടുക്കാനുള്ള ആദ്യ ചുവടുവെപ്പാണല്ലോ കലോത്സവം . നാടകം, മൈം, മോണോ ആക്ട് എന്നതിലപ്പുറമുള്ള കലോത്സവ ഇനങ്ങളിലൊന്നുംതന്നെ കുട്ടികളില്‍ രാഷ്ട്രീയ- സാമൂഹിക ബോധങ്ങളുണ്ടാക്കാന് കെല്പുള്ളവയല്ല എന്ന പരിമിതി കലോത്സവങ്ങള്ക്കില്ലേ? മാത്രവുമല്ല, ഗോത്രകല പോലുള്ളവയുടെ പ്രാതിനിധ്യമില്ലായ്മയും ഉണ്ട്.
ഗോത്രകലകള്‍ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞത് സ്വാഗതാര്‍ഹമാണ്. കുട്ടികളുടെ ചിന്തയിലും കലാവൈഭവങ്ങൾക്കുമുള്ള വികാസത്തിനു വേണ്ടിയാണല്ലോ കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. അത് പോഷിപ്പിക്കുന്ന ഇനങ്ങൾ ഇപ്പോൾ ഉണ്ടോ എന്നത് സംശയമാണ്. നാടകം ചെയ്യുന്നപോലെ, നിയമങ്ങള്‍ മാറ്റി അവതരിപ്പിക്കാനാവില്ല എന്നാണ് മറ്റ് കലാരൂപങ്ങള്‍ കുട്ടികളെ പഠപ്പിക്കുന്നവര്‍ എപ്പോഴും പറയാറുള്ളത്. കലോത്സവം എന്തിനെന്നാണെന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് വ്യക്തത വരുത്തേണ്ടതുണ്ട്. പുരോഗമന ആശയങ്ങള്‍ മുറുകെ പിടിക്കുന്നവര്‍ കൂടി ജഡ്ജസ് ആയി വരേണ്ടതുണ്ട്. ആഭരണങ്ങള്‍ക്കും അലങ്കാരത്തിനും നല്കുന്ന മാര്‍ക്ക് പുരോഗമന ആശയങ്ങള്‍ക്കു കൂടി നല്‍കണം. കലോത്സവത്തെ തിരുത്താന്‍ സര്‍ക്കാരിനു മാത്രമേ കഴിയൂ.
Content Highlights: Interview with Rafeeq Mangalassery, drama script writer, director, play wright
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..