ഇന്ദിരയും ജയപ്രകാശും രാഷ്ട്രീയമായി ഒരുമിക്കാത്തത് രാജ്യത്തിനുണ്ടായ നഷ്ടം- നട്‌വര്‍ സിങ്ങ്


മനോജ് മേനോൻ"നിങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ വളരെ ദുര്‍ബലമാണെന്ന് ക്യൂബൻ വൈസ് പ്രസിഡന്റ് അന്ന് പറഞ്ഞു. ഇന്ത്യയില്‍ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് ഞങ്ങള്‍ ക്യൂബന്‍ പ്രതിനിധി സംഘത്തോട് പറഞ്ഞു. ഇന്ദിരാഗാന്ധി ഒരു ചെറിയ കാറില്‍ സുരക്ഷാ അകമ്പടികളില്ലാതെ യാത്ര ചെയ്യുന്ന കാലമായിരുന്നു അത്. എന്നാല്‍ ഇങ്ങനെ പറഞ്ഞ്,18 മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ദിര കൊല്ലപ്പെട്ടു എന്നത് മറ്റൊരു ദുരന്തം". നട്വർ സിങ്ങുമായി അഭിമുഖം

interview

നട്വർ സിങ് ചിത്രങ്ങൾ: പി.ജി.ഉണ്ണികൃഷ്ണൻ

രവിന്ദ് കേജ്രിവാള്‍ ഓവർ അംബീഷ്യസ്സാണെന്നും എന്നാൽ ഒരു പാന്‍ ഇന്ത്യ നേതാവല്ലെന്നും നട്‌വര്‍ സിങ്ങ്. "തിരഞ്ഞെടുപ്പില്‍ യു.പിയില്‍ ആംആദ്മി വലിയ ശ്രമങ്ങള്‍ നടത്തി.പക്ഷെ,വിജയിച്ചില്ല.എന്നാല്‍ അവര്‍ ഡല്‍ഹിക്ക് നല്ലതാണ്.ഹരിയാനയിലും അവര്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ കഴിയും.എന്നാല്‍ ഒരു ദേശീയ നേതാവാകുക,പ്രധാനമന്ത്രിയാവുക എന്നൊക്കെ മോഹിച്ചാല്‍ അത് പ്രയാസകരമാണ്.ഇപ്പോള്‍ സിസോദിയക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അവര്‍ക്ക് ക്ഷീണമാണ്.ആരോപണങ്ങളില്‍ കഴമ്പുണ്ടോ ഇല്ലയോ എന്നത് മറ്റൊരു വിഷയം.എന്നാല്‍ അവരുടെ പ്രതിച്ഛായക്ക് മങ്ങല്‍ വീഴ്ത്തി", നട്‌വര്‍ സിങ്ങ് കൂട്ടിച്ചേർത്തു.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ രണ്ട് ഭാഗങ്ങളായി പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാം

മോദി സര്‍ക്കാരിനെ എങ്ങനെയാണ് താങ്കള്‍ വിലയിരുത്തുന്നത് ?

മോദി ഇപ്പോള്‍ ഒഴിവാക്കാനാകാത്ത നേതാവാണ്. ബി.ജെ.പി സ്വാധീനം വര്‍ധിപ്പിക്കുകയാണ്.കോണ്‍ഗ്രസാകട്ടെ രണ്ട് സംസ്ഥാനങ്ങളിലായി ഒതുങ്ങി. ്രമോദി ഒരു മികച്ച പ്രഭാഷകനാണ്.അത്തരത്തില്‍ ഒരു നേതാവ് പോലും കോണ്‍ഗ്രസില്‍ ഇല്ല.മോദിക്ക് തുല്യം നില്‍ക്കാന്‍ ഒരു നേതാവും കോണ്‍ഗ്രസില്‍ ഇല്ല.അഖിലേന്ത്യാ തലത്തിലും രാജ്യാന്തരതലത്തിലും അദ്ദേഹത്തിന് സ്വീകാര്യതയുണ്ട്.ഈ ഭരണകാലത്ത് ചൂണ്ടിക്കാണിക്കാന്‍ പറ്റിയ പിഴവുകളൊന്നും ഉണ്ടായിട്ടുമില്ല.

വിദേശകാര്യ നയത്തെച്ചൊല്ലി വിമര്‍ശനങ്ങളില്ലേ ?ചൈനയുമായുള്ള ബന്ധത്തില്‍ പാളിപ്പോയെന്ന് നിരീക്ഷണമില്ലേ ?അമേരിക്കയോട് കൂടുതല്‍ അടുക്കുന്നുവെന്ന വിമര്‍ശനവുമുണ്ടല്ലോ ?

Also Read
Interview

രാഹുൽ നല്ല വ്യക്തിയാണ്, പക്ഷെ എല്ലാവർക്കും ...

Interview

ഗവർണറുടെ ഇടപെടലിൽ വേണുഗോപാലിന് വ്യക്തത, ...

ഇന്ത്യ കാലങ്ങളായി പിന്തുടരുന്ന വിദേശകാര്യനയത്തില്‍ നിന്ന് അടിസ്ഥാനപരമായ ഒരു മാറ്റവും മോദി വരുത്തിയിട്ടില്ല.അദ്ദേഹത്തിന് അത് കഴിയില്ല.ചൈന,പാകിസ്താന്‍ വിഷയങ്ങളില്‍ ഞങ്ങളുടെ ഭരണകാലത്തുണ്ടായിരുന്ന സ്ഥിതി തന്നെയാണ് തുടരുന്നത്.മോദിക്ക് ഇന്ത്യയുടെ വിദേശകാര്യ നയത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ല.റഷ്യ ഇപ്പോള്‍ പഴയതു പോലെ ശക്തമല്ല.ചൈനയുമായുള്ള നമ്മുടെ ബന്ധം മികച്ചതല്ല.ആ നിലയ്ക്ക് നമ്മള്‍ എവിടെ പോകും ? നമുക്ക് അമേരിക്കയുടെ സാറ്റലൈറ്റ് രാജ്യമാകാന്‍ കഴിയില്ല.ക്ലൈന്റ് രാഷ്ട്രമാകാന്‍ കഴിയില്ല.നമുക്ക് അമേരിക്കയുമായി നല്ല ബന്ധമാണുള്ളത്. ഇന്ത്യയോട് അമേരിക്കയ്ക്കും താല്‍പര്യമുണ്ട്.ഇപ്പോള്‍ നമ്പര്‍ വണ്‍ അമേരിക്ക,നമ്പര്‍ 2 ചൈന.ജി.ഡി.പി കണക്കാക്കിയാല്‍ നമ്പര്‍ 3 ജപ്പാന്‍,നമ്പര്‍ 4 ഇന്ത്യ.നമ്മള്‍ ജര്‍മനി,ഫ്രാന്‍സ് എന്നീ രാജ്യങ്ങളെയെല്ലാം മറി കടന്നിരിക്കുന്നു.നമ്മള്‍ മുന്‍നിരയിലെ അഞ്ച് രാജ്യങ്ങളിലൊന്നാണ്.നമുക്ക് സ്വാധീനമുണ്ട്.അമേരിക്കക്ക് ഇക്കാര്യം അറിയാം.അവര്‍ക്ക് ഇന്ത്യയെ ആവശ്യമുണ്ട്.ചൈനയും പാകിസ്താനും തമ്മില്‍ കൈകോര്‍ക്കുന്നത് തടയാന്‍ അമേരിക്കക്ക് ഇന്ത്യയെ ആവശ്യമുണ്ട്.


നട്വർ സിങ് ആത്മകഥാ പ്രകാശന ചടങ്ങിൽ

അയല്‍ രാജ്യങ്ങളില്‍ ആരെയാണ് ഇന്ത്യ ഏറ്റവും ജാഗ്രതയോടെ കാണേണ്ടത് ? ചൈന ? പാകിസ്താന്‍ ?

1962 അല്ല 2022.നമുക്ക് വേണ്ടത്ര തയ്യാറെടുപ്പുകളുണ്ട്.അതേ സമയം ചൈനക്ക് വളരെയധികം ആന്തരിക പ്രശ്‌നങ്ങളുണ്ട്.പാകിസ്താന്‍ ഒരു രാഷ്ട്രം പോലുമല്ലാതായിരിക്കുന്നു.അവിടെ ഒന്നുമില്ല.അവര്‍ സാമ്പത്തികമായി തകര്‍ന്നടിഞ്ഞു കഴിഞ്ഞു.ഇപ്പോഴുണ്ടായിരിക്കുന്ന ഈ പ്രളയം പാകിസ്താനെ തകര്‍ത്തിരിക്കുകയാണ്.വളരെ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് പാകിസ്താന്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.വര്‍ഷങ്ങളെടുക്കും ഇത് മറി കടക്കാന്‍.റോഡുകള്‍,റെയില്‍പാതകള്‍ എല്ലാം തകര്‍ന്നു പോയിക്കഴിഞ്ഞു.വീടുകള്‍ തകര്‍ന്നു.കൃഷി നശിച്ചു.അവിടുത്തെ ജനങ്ങള്‍ എവിടെ പോയി ജീവിക്കും ?എങ്ങനെ ജീവിക്കും ?പാകിസ്താന്റെ മൂന്നിലൊന്ന് ഭാഗത്തെയും ഇത് ബാധിച്ചു കഴിഞ്ഞു.പാകിസ്താനില്‍ നിലവിലുള്ള സര്‍ക്കാര്‍ ഒട്ടും ശക്തിയുള്ള സര്‍ക്കാരല്ല.

ശ്രീലങ്കയിലെ പുതിയ പ്രശ്‌നങ്ങളെ എങ്ങനെയാണ് നയതന്ത്ര വിദഗ്ധന്‍ എന്ന നിലയില്‍ വീക്ഷിക്കുന്നത് ?അവര്‍ ചൈനയുമായി കൂടുതല്‍ അടുക്കുകയല്ലേ ?

ശ്രീലങ്ക ഇപ്പോള്‍ ചില കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇന്ത്യയും അവരെ സഹായിക്കുന്നുണ്ടെന്ന് തിരിച്ചറിയുന്നു.ചൈന ശ്രീലങ്കക്ക് വളരെ ദൂരെയാണ്.ഇന്ത്യയാണ് തൊട്ടടുത്തുള്ളത്.നമ്മള്‍ ശ്രീലങ്കയുടെ കാര്യത്തില്‍ കൂടുതല്‍ താല്‍പര്യമെടുക്കണം.രാജപക്‌സെക്ക് ചൈനയുമായി വളരെ അടുപ്പമുണ്ട്.അവര്‍ തുറമുഖം പോലും ചൈനക്ക് നല്‍കി.രാജപക്‌സെ ഭരണകൂടം ഇന്ത്യയെ അവഗണിച്ചു.എന്നാല്‍ അതിന് അദ്ദേഹം നിര്‍ണായക സമയത്ത് അനുഭവിച്ചു. അധികാരത്തില്‍ നിന്ന് അദ്ദേഹത്തെ എടുത്തെറിഞ്ഞപ്പോള്‍ ചൈന ഒരു സഹായവും നല്‍കിയില്ല.ഭരണത്തില്‍ റെനില്‍ വിക്രമസിംഗെ എന്ത് ചെയ്യുമെന്ന് നോക്കാം.അദ്ദേഹം അഞ്ചോ ആറോ വട്ടം ശ്രീലങ്കന്‍ പ്രധാനമന്ത്രിയായിരുന്നു.എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് വലിയ അംഗബലമില്ല.എല്ലാവരും അദ്ദേഹത്തെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്.ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് കഴിക്കാന്‍ ഭക്ഷണം പോലുമില്ല..അതൊരു ചെറിയ രാജ്യമാണ്. അതിനാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അളവില്ലാത്തത്ര പണം ആവശ്യമില്ല.ഇന്ത്യ സഹായിക്കുന്നുണ്ട്.മറ്റ് രാജ്യങ്ങള്‍ സഹായിക്കുന്നുണ്ട്. ചൈനയുടെ സ്വാധീനം ശ്രീലങ്കയില്‍ കുറയുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

രാജ്യത്ത് പ്രതിപക്ഷം ചിതറി നില്‍ക്കുന്നു.മോദിയുടെയും ബി.ജെ.പിയുടെയും ശക്തി ഇത്തരത്തില്‍ ചിതറി നില്‍ക്കുന്ന പ്രതിപക്ഷമല്ലേ ?

ഇന്ദിരയും ജയപ്രകാശും തമ്മില്‍ ഒരുമിച്ചില്ല എന്നതാണ് രാജ്യത്തിനുണ്ടായ ഏറ്റവും വലിയ നഷ്ടം .അത് സംഭവിക്കണമായിരുന്നു.ജെ.പി ഒരു യഥാര്‍ഥ ഇന്ത്യന്‍ നേതാവായിരുന്നു. ജയപ്രകാശ് നാരായണന്‍ ഇന്ത്യയുടെ ദേശീയ ജീവിതത്തില്‍ ഒരു പ്രധാന ചുമതല വഹിക്കുമെന്നാണ് ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞിരുന്നത്.എന്നാല്‍ കോണ്‍ഗ്രസിലെ സോഷ്യലിസറ്റ് ചേരി അസാധ്യമായ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രശ്‌നങ്ങളുണ്ടാക്കി.അവര്‍ കൂടി കോണ്‍ഗ്രസിനൊപ്പം നിന്നിരുന്നെങ്കില്‍ ഇന്ത്യയുടെ ചരിത്രം വേറൊന്നാകുമായിരുന്നു.ജയപ്രകാശ് നാരായണന്‍,രാം മനോഹര്‍ ലോഹ്യ,അശോക് മേത്ത,അരുണാ ആസഫ് അലി തുടങ്ങിയവര്‍ അവിസ്മരണീയ വ്യക്തിത്വങ്ങളായിരുന്നു.ജെ.പി.ക്ക് ഒരു ദേശീയ സ്വഭാവമുണ്ടായിരുന്നു.ദേശീയ നേതാവും ദേശീയ വ്യക്തിത്വവുമായിരുന്നു.നെഹ്രു അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു.ലോഹ്യ ഒരു ബ്രില്യന്റ് വ്യക്തിയായിരുന്നു.സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസ് വിട്ടു പോയത് ഇന്ത്യയുടെ നഷ്ടമാണ്.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നഷ്ടമാണ്.

മോദി ഭരണത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭയാശങ്കകളിലല്ലേ ?അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുന്നുവെന്നും അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നും ആശങ്കകള്‍ ഉയരുന്നില്ലേ ?

സര്‍ക്കാരിനെതിരെ ഇപ്പോഴും പത്രങ്ങള്‍ എഴുതുന്നില്ലേ ?പത്രപ്രവര്‍ത്തകര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നില്ലേ ?അതിനാല്‍ അത്തരത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തെ ഞെരുക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.സര്‍ക്കാര്‍ അങ്ങനെ ബുദ്ധിയില്ലാതെ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.അവര്‍ വളരെ ഷ്രൂഡ് ആയ ആളുകളാണ്.അവര്‍ക്ക് സ്വയം പ്രശ്‌നമുണ്ടാക്കുന്ന കാര്യം അവര്‍ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല.ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ചിലപ്പോള്‍ ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുന്നുണ്ടാകാം.എന്നാല്‍ വ്യാപകമായി ഉപദ്രവിക്കുന്നതിന് നിരവധി ഉദാഹരണങ്ങള്‍ നിരത്താനില്ല.എന്നാല്‍ ചില പ്രശ്‌നങ്ങളുണ്ട്.ഒരു മുസ്ലിം അംഗം പോലും കേന്ദ്രമന്ത്രിസഭയില്‍ ഇല്ല.ബി.ജെ.പിയുടെ ഒരു മുസ്ലിം അംഗവും പാര്‍ലമെന്റില്‍ ഇല്ല.ഇത് ശരിയല്ല.രാജ്യത്ത് മുസ്ലീം ജനസംഖ്യ 18 ശതമാനമാണ്.രണ്ടോ മൂന്നോ മുസ്ലീം അംഗങ്ങളെങ്കിലും ബി.ജെ.പിയുടേതായി പാര്‍ലമെന്റിലുണ്ടാകണം.ഒരു ജനാധിപത്യത്തില്‍ യുക്തമായ പ്രാതിനിധ്യം എല്ലാ വിഭാഗങ്ങള്‍ക്കും ഉണ്ടാകണം.എക്കാലത്തും അതുണ്ടാകണമെന്നതാണ് എന്റെ അഭിപ്രായം.

ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം പരമ്പരാഗത രാഷ്ട്രീയത്തില്‍ പുതിയ തിരുത്തിയെഴുത്തുകള്‍ നടത്തുമോ ? പരമ്പരാഗത പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയാകുമോ ?

അരവിന്ദ് കേജ്രിവാള്‍ ഓവര്‍ അംബീഷ്യസാണ്.എന്നാല്‍ ആം ആദ്മി പാര്‍ട്ടിക്ക് ആവശ്യമായ സംവിധാനങ്ങളില്ല.കേജ്രിവാള്‍ ഒരു പാന്‍ ഇന്ത്യ നേതാവല്ല.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.പിയില്‍ അവര്‍ വലിയ ശ്രമങ്ങള്‍ നടത്തി.പക്ഷെ,വിജയിച്ചില്ല.എന്നാല്‍ അവര്‍ ഡല്‍ഹിക്ക് നല്ലതാണ്.ഹരിയാനയിലും അവര്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ കഴിയും.എന്നാല്‍ ഒരു ദേശീയ നേതാവാകുക,പ്രധാനമന്ത്രിയാവുക എന്നൊക്കെ മോഹിച്ചാല്‍ അത് പ്രയാസകരമാണ്.ഇപ്പോള്‍ സിസോദിയക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അവര്‍ക്ക് ക്ഷീണമാണ്.ആരോപണങ്ങളില്‍ കഴമ്പുണ്ടോ ഇല്ലയോ എന്നത് മറ്റൊരു വിഷയം.എന്നാല്‍ അവരുടെ പ്രതിച്ഛായക്ക് മങ്ങല്‍ വീഴ്ത്തി.

ലോക നേതാക്കളുമായി താങ്കള്‍ക്ക് അടുപ്പമുണ്ട്.ഫിദല്‍ കാസ്‌ട്രോ,യാസര്‍ അരാഫത്ത് തുടങ്ങിയ നേതാക്കളുടെ നീണ്ട നിര. അവരുമായുള്ള സൗഹൃദം തന്നെ ഒാര്‍മകളെന്തൊക്കെയാണ് ?

ക്യൂബയിലും ഇന്ത്യയിലുമായി ഒമ്പത് വട്ടമെങ്കിലും ഞാന്‍ ഫിദല്‍ കാസ്ട്രോയെ കണ്ടിട്ടുണ്ട്.അന്ന് ഞാന്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു.1983 ല്‍ ചേരി ചേരാ സംഘടന(നാം)യുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാസ്‌ട്രോ ഡല്‍ഹിയില്‍ വന്നു.വിജ്ഞാന്‍ ഭവനിലായിരുന്നു യോഗം.കാസ്‌ട്രോയായിരുന്നു നിലവില്‍ നാമിന്റെ ചെയര്‍മാന്‍.ഇന്ദിരാഗാന്ധിയായിരുന്നു നാമിന്റെ അടുത്ത ചെയര്‍മാന്‍. ഇന്ദിരാഗാന്ധിയെ ചെയര്‍മാനായി തിരഞ്ഞെടുക്കുന്നതിന് കാസ്‌ട്രോ കാര്യമായി യത്‌നിച്ചിരുന്നു.കാസ്‌ട്രോ സ്ഥാനമൊഴിഞ്ഞ് ഇന്ദിര ചുമതലയേറ്റത് ഡല്‍ഹിയില്‍ നടന്ന ഉച്ചകോടിയിലാണ്.

കാസ്ട്രോക്കൊപ്പം നെഹ്റു

രാവിലെ നടന്ന സെഷനില്‍ കാസ്‌ട്രോയായിരുന്നു അധ്യക്ഷന്‍.ഉച്ചക്ക് ശേഷം ഇന്ദിര ആധ്യക്ഷം വഹിക്കും എന്നതായിരുന്നു ക്രമം.രാവിലെയുള്ള സെഷനില്‍ നാല് രാഷ്ട്രത്തലവന്‍മാര്‍ സംസാരിച്ചു.ജോര്‍ഡാന്‍ രാജാവ്,യാസര്‍ അരാഫത്ത്,മാലി പ്രസിഡണ്ട് തുടങ്ങിയവരായിരുന്നു പ്രസംഗിച്ചത്.ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ വിദേശകാര്യമന്ത്രാലയത്തിലെ ഒരു ഡെപ്യൂട്ടി സെക്രട്ടറി എന്റെ അടുത്തു വന്ന് പറഞ്ഞു,സര്‍,നമ്മള്‍ ഒരു പ്രശ്‌നത്തിലാണ്.ഞാന്‍ ചോദിച്ചു,എന്താണ് പ്രശ്‌നം.ഉദ്യോഗസ്ഥന്‍ പറഞ്ഞു,അരാഫത്ത് ഉച്ചക്ക് ശേഷമുള്ള സെഷനില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ പെട്ടെന്ന് മടങ്ങുകയാണ്. വിമാനം റെഡിയാക്കാന്‍ അദ്ദേഹം ഉത്തരവ് നല്‍കി ക്കഴിഞ്ഞു. എന്താണ് കാര്യം എന്ന് ഞാന്‍.അദ്ദേഹത്തെ അവഹേളിച്ചുവെന്നാണ് പരാതിയെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.ജോര്‍ദാന്‍ രാജാവ് പ്രസംഗിച്ചതിന് ശേഷം അരാഫത്തിനെ പ്രസംഗിക്കാന്‍ വിളിച്ചതാണ് പരാതിക്കിടയാക്കിയത്.ഞാന്‍ അപ്പോള്‍ തന്നെ ഇന്ദിരാഗാന്ധിയെ ടെലിഫോണില്‍ വിളിച്ചു.ഇന്ദിര കാസ്‌ട്രോയെയും കൂട്ടി വിജ്ഞാന്‍ ഭവനില്‍ വന്നു.വിഷയമറിഞ്ഞ കാസ്‌ട്രോ,അരാഫത്തിനെ ടെലിഫോണില്‍ ബന്ധപ്പെട്ടു.അരാഫത്ത് വിജ്ഞാന്‍ ഭവനില്‍ വന്നു.ഞങ്ങള്‍ ഒരുമിച്ച് ഇരുന്നു.താങ്കള്‍ ഇന്ദിരയുടെ സുഹൃത്തല്ലേ എന്ന് കാസ്‌ട്രോ സൗമ്യമായി അരാഫത്തിനോട് ചോദിച്ചു.സുഹൃത്തോ,ഇന്ദിര തന്റെ മൂത്ത സഹോദരിയാണെന്നായിരുന്നു അരാഫത്തിന്റെ മറുപടി.എന്നാല്‍ താങ്കള്‍ ഒരു ഇളയസഹോദരനെപ്പോലെ പെരുമാറണം, മടങ്ങിപ്പോകാനുള്ള വിമാനം റദ്ദാക്കണം, ഉച്ചക്ക് ശേഷമുള്ള സെഷനില്‍ പങ്കെടുക്കണമന്ന് കാസ്‌ട്രോ അരാഫത്തിനോട് അഭ്യര്‍ഥിച്ചു.അരാഫത്ത് ഉടന്‍ സമ്മതിച്ചു.അവിടെ തുടര്‍ന്നു.ഉച്ചക്കുള്ള സെഷനില്‍ പങ്കെടുത്തു.ഇത് ചെയ്യാന്‍ കാസ്‌ട്രോക്ക് മാത്രമേ കഴിയു.വളരെ അവിസ്മരണീയനായ വ്യക്തിത്വമായിരുന്നു.

ഫിദല്‍ കാസ്‌ട്രോ അഞ്ച് ദിവസം ഡല്‍ഹിയിലുണ്ടായിരുന്നു.എവിടെയാണ് കാസ്‌ട്രോ താമസിക്കുന്നതെന്ന് നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സിക്ക് മാത്രമായിരുന്നു അറിവുണ്ടായിരുന്നത്.കാസ്‌ട്രോയുടെ സുരക്ഷ മുന്‍നിര്‍ത്തി ഓരോ ദിവസവും ഓരോ സ്ഥലത്തായിരുന്നു കാസ്‌ട്രോക്ക് താമസം ഒരുക്കിയത്.അതീവ രഹസ്യം.എല്ലാ രാത്രിയിലും അദ്ദേഹത്തിന്റെ താമസസ്ഥലം മാറ്റും.അതിനിടയില്‍ ക്യൂബയില്‍ നിന്നുള്ള പ്രതിനിധി സംഘത്തില്‍ ഒരാള്‍ ഒരു റിവോള്‍വര്‍ ഒപ്പം കൊണ്ടു നടക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.ഇക്കാര്യം ഞാന്‍ ക്യൂബയുടെ വൈസ് പ്രസിഡണ്ടിന്റെ ശ്രദ്ധയില്‍പ്പെടുത്തി.അപ്പോള്‍ അദ്ദേഹം പറഞ്ഞു : 9 വട്ടം ഫിദലിന് നേരെ വധ ശ്രമമുണ്ടായിട്ടുണ്ട്,അതിനാല്‍ ഞങ്ങള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തേണ്ടി വരും.നിങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ വളരെ ദുര്‍ബലമാണ് ! ഇതെത്തുടര്‍ന്ന് പിസ്റ്റള്‍ കൊണ്ടു നടക്കാന്‍ അനുവദിച്ചു. ഫിദല്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം ഈ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിസ്റ്റളുമായി പോകുമായിരുന്നു. ക്യൂബന്‍ ആര്‍മിയുടെ ലഫ്.ജനറലായിരുന്നു അദ്ദേഹം. എന്നാല്‍ ഇന്ത്യയില്‍ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് ഞങ്ങള്‍ ക്യൂബന്‍ പ്രതിനിധി സംഘത്തോട് പറഞ്ഞു. ഇന്ദിരാഗാന്ധി ഒരു ചെറിയ കാറില്‍ സുരക്ഷാ അകമ്പടികളില്ലാതെ യാത്ര ചെയ്യുന്ന കാലമായിരുന്നു അത്. എന്നാല്‍ ഇങ്ങനെ പറഞ്ഞ്,18 മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ദിര കൊല്ലപ്പെട്ടു എന്നത് മറ്റൊരു ദുരന്തം.

തൊണ്ണൂറുകള്‍ പിന്നിടുമ്പോഴും താങ്കള്‍ കര്‍മനിരതനാണ്.പുതിയ ശ്രമങ്ങള്‍ എന്തൊക്കെയാണ് ? പുസ്തകം ? പ്രഭാഷണം ?

ഞാനും എം.ജെ അക്ബറും ചേര്‍ന്ന് ഗാന്ധിജിയെ കുറിച്ച് ഒരു പുസ്തകം എഴുതുകയാണ്. ഇംപെരിഷബിള്‍ ഗാന്ധി എന്ന പേരില്‍. ലോകത്ത് ഇതുവരെ 11,000 പുസ്തകങ്ങള്‍ ഗാന്ധിജിയെക്കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്. നെപ്പോളിയനെക്കാള്‍, ഹിറ്റ്‌ലറെക്കാള്‍,ലിങ്കണെക്കാള്‍ കൂടുതല്‍ പുസ്തകം. ബുദ്ധന് ശേഷം ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും മഹാന്‍ ഗാന്ധിജിയാണ്.ഞാന്‍ ഗാന്ധിജിയുടെ ജീവിതത്തിലെ 1868 മുതല്‍ 1919 വരെയുള്ള കാലം എഴുതും. 1920 മുതല്‍ 1948 വരെയുള്ള കാലം അക്ബര്‍ എഴുതും. അങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ഫെബ്രുവരിയോടെ പുസ്തകം പുറത്തു വരും. 300 പേജുകളുണ്ട്. ഇന്ത്യയിലെ പുതിയ തലമുറക്ക് ഗാന്ധി ഒരു പേര് മാത്രമാണ്. അത് കഷ്ടമാണ്. ഗാന്ധിജിയില്ലാതെ സ്വതന്ത്ര ഇന്ത്യയില്ല എന്നതാണ് യാഥാര്‍ഥ്യം.ലോകം മുഴുവന്‍ ഗാന്ധിജിയെ ആദരിക്കുന്നു.20 രാജ്യങ്ങളിലെങ്കിലും ഗാന്ധിജിയുടെ പ്രതിമയുണ്ട്.മറ്റൊരു ലോകനേതാവിനും ഇത് അവകാശപ്പെടാന്‍ കഴിയി്ല്ല.

ഞാന്‍ ഗാന്ധിജിയെ ഒരിക്കല്‍ കണ്ടിട്ടുണ്ട്.1945 ല്‍.സിംല കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ ഗാന്ധിജി ട്രെയിനില്‍ പോവുകയായിരുന്നു.ട്രെയിന്‍ ഭരത്പൂരിലെത്തിയപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്.അവിടെ ട്രെയിന്‍ നിര്‍ത്തി.വലിയ ജനക്കൂട്ടമെത്തിയിരുന്നു.ഗാന്ധിജി മൗനവ്രതത്തിലായിരുന്നു.എഴുത്തുകാരനായ ആര്‍.കെ.നാരായണുമായി പിന്നീട് ഇക്കാര്യം ഞാന്‍ ചര്‍ച്ച ചെയ്തു.താങ്കള്‍ ഗാന്ധിയെ നേരിട്ട് കണ്ടിട്ടുണ്ടോയെന്ന് ഞാന്‍ നാരായണിനോട് ചോദിച്ചു.നിങ്ങള്‍ സൂര്യനെ കണ്ടിട്ടുണ്ടോയെന്ന് അദ്ദേഹം എന്നോട് മറുചോദ്യം ഉന്നയിച്ചു.സൂര്യനെ കാണാത്തവര്‍ ആരാണുള്ളതെന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. ഗാന്ധിജി സൂര്യനെപ്പോലെയാണ്,കാണാത്തവരാരുണ്ട് എന്നായിരുന്നു ചിരിച്ചു കൊണ്ട് നാരായണിന്റെ മറുപടി.


രാഹുല്‍ നല്ല വ്യക്തിയാണ്, പക്ഷെ എല്ലാവര്‍ക്കും ആക്സസിബിള്‍ അല്ല - നട്‌വർ സിങ്ങ് | അഭിമുഖം

Content Highlights: Manoj menon Interview with Natwarsingh part two,arawind kejriwal, social, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാ തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented