രാഹുല്‍ നല്ല വ്യക്തിയാണ്, പക്ഷെ എല്ലാവര്‍ക്കും ആക്സസിബിള്‍ അല്ല - നട്‌വർ സിങ്ങ് | അഭിമുഖം


മനോജ് മേനോന്‍"നമ്പൂതിരിപ്പാട് സര്‍ക്കാരിനെ നെഹ്രു പിരിച്ചു വിട്ട നടപടി വലിയ തെറ്റായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ ഇന്ദിരയായിരുന്നു അതിന് ഉത്തരവാദിയെന്നാണ് എനിക്ക് തോന്നുന്നത്. ശ്രീലങ്കയില്‍ ഇന്ത്യ സൈന്യത്തെ നിയോഗിച്ചത് തെറ്റായ തീരുമാനമായിരുന്നു.താന്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് രാജീവ് പിന്നീട് തിരിച്ചറിഞ്ഞു", നട്വര്‍ സിംഗുമായി അഭിമുഖം

Interview

നട്വർ സിങ് | ഫോട്ടോ : പി.ജി ഉണ്ണികൃഷ്ണൻ

കഴിയില്‍ നിന്ന് തകഴി എഴുതിയ കത്ത് ഒരിക്കല്‍ ന്യൂയോര്‍ക്കിലെത്തി.കൃത്യമായി പറഞ്ഞാല്‍ 1964 ല്‍.ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായിരുന്ന നട്‌വർ സിംഗിനെ തേടിയായിരുന്നു കത്ത്. മുഖാമുഖം കാണാതെ വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിന്റെ തുടക്കകാലങ്ങളിലൊന്നിലായിരുന്നു അത്. ''ഞാന്‍ ജന്‍മം കൊണ്ട് ഒരു കൃഷിക്കാരനാണ്. കര്‍മം കൊണ്ട് അഭിഭാഷകന്‍. ഇഷ്ടം കൊണ്ട് എഴുത്തുകാരന്‍. ഫ്ളോബര്‍, ബല്‍സാക്, മോപ്പസാംഗ്, ഹ്യൂഗോ, ഗോഗോള്‍, ഡോസ്റ്റോവ്സ്‌കി, ടോള്‍സ്റ്റോയി എന്നിവരെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്.എന്നാല്‍ ഒരു ഇന്ത്യന്‍ എഴുത്തുകാരനും എന്റെ എഴുത്തില്‍ നേരിട്ട് സ്വാധീനിച്ചിട്ടില്ല . മലയാളം ഫിക്ഷന്റെ വളര്‍ച്ചയില്‍ ടാഗോറിന് പോലും ഉത്തരവാദിത്വമില്ല.''- കത്തില്‍ തകഴി നട്‌വറിനോട് പറഞ്ഞു. ഇങ്ങനെ ഒരു കത്ത് കിട്ടി ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും നേരില്‍ കാണുന്നത്. അതായത് 1984 ല്‍. ഇക്കാര്യങ്ങള്‍ കെ. നട്‌വർ സിംഗ് സെപ്തംബര്‍ മാസത്തിന്റെ ആദ്യ ദിനങ്ങളിലൊന്നില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിനോട് ഓര്‍മിച്ചു.

നട്‌വർ സിംഗിനെ കാണാന്‍ ഡല്‍ഹി നഗരത്തിനുള്ളില്‍ ജോര്‍ബാഗിലെ വസതിയിലെത്തുമ്പോള്‍, സല്‍മാന്‍ റുഷ്ദിക്ക് നേരെ അമേരിക്കയില്‍ വധശ്രമം നടന്നിട്ട് ഇരുപത് ദിവസം പിന്നിട്ടിരുന്നു. നട്‌വറിന്റെ സംസാരത്തില്‍ റുഷ്ദിയും ചര്‍ച്ചയായി. അത് മാത്രമല്ല,നെഹ്രു മുതല്‍ മോദി വരെ നീളുന്ന ഇന്ത്യന്‍ നേതാക്കള്‍, ചൗവ് എന്‍ ലായി മുതല്‍ ഫിഡല്‍ കാസ്ട്രോ വരെ നീളുന്ന ലോക നേതാക്കള്‍,ഇ.എം.ഫോസ്റ്റര്‍ മുതല്‍ മാര്‍കേസ് വരെ നീളുന്ന എഴുത്തുകാര്‍.... നയതന്ത്ര പ്രതിനിധിയും രാഷ്ട്രീയ നേതാവും കേന്ദ്രമന്ത്രിയും എഴുത്തുകാരനും കലരുന്ന വിചിത്രചേരുവയായ നട്‌വർ സിംഗ് തൊണ്ണൂറ്റിയൊന്ന് വയസ്സ് പിന്നിടുമ്പോള്‍, ഗാന്ധിജിയെക്കുറിച്ചുള്ള പുതിയ പുസ്തക രചനയിലാണ്.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ രണ്ട് ഭാഗങ്ങളായി പ്രസിദ്ധീകരിച്ച അഭിമുഖം വായിക്കാം

തകഴിയെ എങ്ങനെയാണ് പരിചയപ്പെടുന്നത് ?

മലയാളികളായ എഴുത്തുകാരില്‍ തകഴി ശിവശങ്കരപ്പിള്ളയെയും ശശി തരൂരിനെയുമാണ് എനിക്ക് അടുത്ത പരിചയമുള്ളത്.മറ്റാരെയും നേരിട്ട് പരിചയമില്ല.1962 ല്‍ ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുന്ന കാലത്താണ് തകഴിയെക്കുറിച്ച് ആദ്യമായി ഞാന്‍ കേള്‍ക്കുന്നത്. അക്കാലത്ത് ഞാന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പതിവായി പുസ്തക റിവ്യൂ ചെയ്യുമായിരുന്നു.തകഴിയുടെ വിഖ്യാത നോവലായ ചെമ്മീനിന്റെ ഇംഗ്ലീഷ് പരിഭാഷ അന്ന് ന്യൂയോര്‍ക്കില്‍ എത്തിയിരുന്നു. ചെമ്മീന്‍ റിവ്യൂ ചെയ്യാനായി ന്യൂയോര്‍ക് ടൈംസ് എനിക്ക് അയച്ചു തന്നു. ഗംഭീര നോവല്‍. ഞാന്‍ റിവ്യൂ എഴുതി. ഇക്കാര്യം തകഴി അറിഞ്ഞ് എനിക്ക് കത്തെഴുതി.മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മാക്മില്ലനു വേണ്ടി ആധുനിക ഇന്ത്യന്‍ കഥകളുടെ സമാഹാരം തയ്യാറാക്കുന്ന ഘട്ടത്തില്‍,അതിലേക്ക് ഒരു കഥ തരണമെന്ന് ഞാന്‍ അദ്ദേഹത്തോട് അപേക്ഷിച്ചു.അദ്ദേഹം സമ്മതിച്ചു.അങ്ങനെ ഞങ്ങളുടെ സൗഹൃദം വളര്‍ന്നു.പരസ്പരം കത്തുകള്‍ എഴുതുമായിരുന്നു.ഇതിനിടയില്‍ അപ്രതീക്ഷിതമായി ഞങ്ങള്‍ക്ക് ഇരുവര്‍ക്കും പദ്മഭൂഷണ്‍ ബഹുമതി ഒരേ വര്‍ഷം കിട്ടി.1984 ല്‍. പദ്മഭൂഷണ്‍ സ്വീകരിക്കാന്‍ രാഷ്ട്രപതിഭവനിലെത്തുമ്പോഴാണ് ഞങ്ങള്‍ ആദ്യമായി നേരില്‍ കാണുന്നത്.അങ്ങനെ കൂടുതല്‍ അടുപ്പമായി.പിന്നീട് മന്ത്രിയായി കേരളത്തില്‍ പോയപ്പോള്‍ ഞാന്‍ തകഴിയും സന്ദര്‍ശിച്ചു.എഴുത്തുകാരനെ കണ്ടു.അദ്ദേഹത്തിന്റെ വീടും പരിസരങ്ങളും നെല്‍പാടങ്ങളും കണ്ടു.വളരെ നല്ല മനുഷ്യനും നല്ല എഴുത്തുകാരനുമായിരുന്നു. സിംപിളായ വ്യക്തിത്വമായിരുന്നു.എഴുത്തിനപ്പുറം അദ്ദേഹത്തിന് മറ്റൊരു ലക്ഷ്യങ്ങളുമുണ്ടായിരുന്നില്ല.
ശശി തരൂരിന്റെ പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്.എന്നാല്‍ എനിക്ക് അദ്ദേഹവുമായി അത്ര അടുപ്പമില്ല.പക്ഷെ ഞങ്ങള്‍ക്ക് പരസ്പരം അറിയാം.ഹി ഈസ് ആള്‍സോ ആന്‍ ഔട്സ്റ്റാന്‍ഡിംഗ് റൈറ്റര്‍.ലോക്‌സഭയിലേക്ക് അദ്ദേഹം മൂന്ന് വട്ടം തിരഞ്ഞെടുക്കപ്പെട്ടു.അത് അത്ര ചെറിയ കാര്യമല്ല.

Also Read

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും ...

കുത്തേറ്റതിന് പിന്നാലെ റുഷ്ദിയ്ക്ക് വായനക്കാരേറുന്നു; ...

സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു, ...

നയതന്ത്ര ഉദ്യോഗസ്ഥന്റെയും രാഷ്ട്രീയക്കാരന്റെയും ജിവിതത്തിനൊപ്പം, എഴുത്തുകാരന്റെയും വായനക്കാരന്റെയും ജീവിതവും നട്‌വർ സിംഗിനുണ്ട്. എഴുപത് വര്‍ഷമായി എഴുത്തും വായനയും ഒപ്പമുണ്ട്.ലോകസാഹിത്യത്തില്‍ ആഴമുള്ള പരിചയമുണ്ട്.തകഴിയെക്കുറിച്ച് പറഞ്ഞതു പോലെ ഇന്ത്യന്‍ സാഹിത്യത്തിലെയും ലോകസാഹിത്യത്തിലെയും വമ്പന്‍ എഴുത്തുകാരെ അടുപ്പമുണ്ട്.നെരൂദ മുതല്‍ മാര്‍കേസ് വരെ നീളുന്ന എഴുത്തുകാരുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്ന/ബന്ധമുള്ള ഒരാള്‍. ഈ അനുഭവങ്ങള്‍ എന്തൊക്കെയാണ് നല്‍കിയത് ?

ഔദ്യോഗിക തലത്തിലും അല്ലാതെയും എനിക്ക് നിരവധി എഴുത്തുകാരെയും സാംസ്‌കാരിക പ്രതിഭകളെയും പരിചയപ്പെടാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.അവരില്‍ പലരുമായും വ്യക്തിബന്ധമുണ്ട്.ഇ.എം.ഫോസ്റ്റര്‍,പാബ്ലോ നെരൂദ,ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്,ഒക്ടോവിയോ പാസ്,മുല്‍ക് രാജ് ആനന്ദ്,ആര്‍.കെ.നാരായണന്‍,രാജാറാവു തുടങ്ങിയവരുമായി അടുപ്പമുണ്ടായിരുന്നു.കേംബ്രിഡ്ജില്‍ ഒരു കോഴ്സ് പഠിക്കാന്‍ ചെല്ലുമ്പോഴാണ് ഞാന്‍ ഇ.എം ഫോസ്റ്ററെ പരിചയപ്പെട്ടത്.കേംബ്രിഡ്ജിന്റെ കാംപസില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ താമസം.അദ്ദേഹത്തിന് ഞാന്‍ എഴുതിയ കത്താണ് ബന്ധത്തിന് തുടക്കമിട്ടത്.അങ്ങ് താമസിക്കുന്ന കാംപസില്‍ തന്നെയാണ് എന്റെയും താമസം എന്ന് ഞാന്‍ കത്തില്‍ എഴുതി.എങ്കില്‍ അടുത്ത ദിവസം തന്നെ എന്റെ കൂടെ ഒരു കപ്പ് ചായ കഴിക്കാന്‍ വരണം എന്ന് അദ്ദേഹം മറുപടി എഴുതി.എനിക്ക് വലിയ ആഹ്ലാദമായി.ഞാന്‍ അടുത്ത ദിവസം അദ്ദേഹത്തെ കാണാന്‍ ചെന്നു.ഏറെ നേരം എന്നോട് സംസാരിച്ചു.അതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നു.വളരെ നല്ല വ്യക്തിയായിരുന്നു.അദ്ദേഹത്തിന്റെ പാസേജ് ടു ഇന്ത്യയൊക്കെ ലക്ഷക്കണക്കിന് കോപ്പികളാണ് ചെലവായത്.
ഒക്ടോവിയാ പാസ് ഇന്ത്യയില്‍ ആറ് വര്‍ഷം മെക്സിക്കന്‍ അംബാസിഡറായിരുന്നു.1962 മുതല്‍ 1968 വരെ.ഡല്‍ഹിയിലും മെക്‌സിക്കോയിലും വച്ച് കണ്ടിരുന്നു. വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു.1968 ല്‍ മെക്സിക്കോയില്‍ വിദ്യാര്‍ഥികളുടെ പ്രകടനത്തിന് നേരെ അവിടുത്തെ സര്‍ക്കാര്‍ വെടിവച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹം നയതന്ത്ര സര്‍വീസില്‍ നിന്ന് രാജി വച്ചു.ഇന്ത്യയെക്കുറിച്ചും പാസ് എഴുതിയിട്ടുണ്ട്.

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിനെ ഞാന്‍ രണ്ട് വട്ടം കണ്ടിട്ടുണ്ട്.1983 ല്‍ ഡല്‍ഹിയില്‍ വച്ചാണ് ആദ്യം കണ്ടത്.പിന്നെ 1985 ല്‍ ഹവാനയില്‍ വച്ചും.രണ്ട് പ്രാവശ്യവും ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്ട്രോക്കൊപ്പമായിരുന്നു അദ്ദേഹം. 1982 ല്‍ യു.എസ്.എസ്.ആര്‍ പ്രസിഡണ്ട് ബ്രഷ്നേവിന്റെ ശവസംസ്‌കാര ചടങ്ങില്‍ വച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ,കാസ്ട്രോയെയും മാര്‍കേസിനെയും കണ്ടിരുന്നു.1983 ല്‍ ഇന്ത്യയില്‍ നടക്കുന്ന ചേരി ചേരാ സംഘടനയുടെ ഉച്ചകോടി(നാം)യിലേക്ക് മാര്‍കേസിനെയും ക്ഷണിക്കാന്‍ ഇന്ദിരയും കാസ്ട്രോയും അവിടെ വച്ച് തീരുമാനിച്ചു.1983 മാര്‍ച്ചില്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ഉച്ചകോടിയില്‍ ക്യൂബന്‍ പ്രതിനിധി സംഘാംഗമായി മാര്‍കേസ് എത്തി.എല്ലാവരുടെയും ആകര്‍ഷണ കേന്ദ്രം മാര്‍കേസായിരുന്നു.ഞാനും എച്ച്.വൈ.ശാരദാപ്രസാദും ചേര്‍ന്ന് മാര്‍കേസിനെ ഇന്ദിരയുടെ അടുത്ത് കൊണ്ടു പോയി.ഇന്ദിര വലിയ ആഹ്ലാദത്തിലായി.
1971 ല്‍ വാഴ്സയില്‍ വച്ചാണ് പാബ്ലോ നെരുദയെ കണ്ടത്.ഞാനന്ന് പോളണ്ടിലെ അംബാസിഡറായിരുന്നു.നെഹ്രുവിനെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍ നെരൂദക്കുണ്ടായിരുന്നു.1950 കളില്‍ നെഹ്രുവും നെരൂദയും നേരില്‍ കണ്ടിരുന്നു.എന്നാല്‍ ആ കൂടിക്കാഴ്ച അത്ര സുഗമമായിരുന്നില്ല.രാഷ്ട്രീയക്കാരനും കവിയുമെന്ന നിലയിലായിരുന്നു ആ കണ്ട്മുട്ടല്‍.സംസാരത്തിനിടയില്‍ താന്‍ പറഞ്ഞതൊന്നും നെഹ്രു ശ്രദ്ധിച്ചില്ലെന്ന തോന്നല്‍ നെരൂദക്കുണ്ടായി.ഇതെക്കുറിച്ച് വിമര്‍ശിച്ച് തന്റെ ആത്മകഥയില്‍ നെരൂദ എഴുതിയിട്ടുണ്ട്.എന്നാല്‍ ഈ നിരീക്ഷണം മുന്‍വിധിയോടെയുള്ളതായിരുന്നുവെന്നാണ് എന്റെ തോന്നല്‍.നെഹ്രു വളരെ ഉദാരസമീപനം പുലര്‍ത്തുന്ന വ്യക്തിയാണ്.എങ്ങനെയോ തെറ്റിദ്ധാരണ കടന്നു കൂടിയതാണ്.

സല്‍മാന്‍ റുഷ്ദി

സല്‍മാന്‍ റുഷ്ദിക്ക് നേരെ നടന്ന ആക്രമണമാണ് ലോകത്ത് ചര്‍ച്ചാ വിഷയം. റുഷ്ദിയുടെ സാത്താന്റെ വചനങ്ങള്‍(സാത്താനിക് വേഴ്സസ്) നിരോധിച്ച 13 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.1988 ല്‍ പുസ്തകം രാജീവ് സര്‍ക്കാര്‍ നിരോധിക്കുമ്പോള്‍ താങ്കള്‍ കേന്ദ്ര മന്ത്രിസഭാംഗമാണ്. നിരോധനത്തെ അനുകൂലിച്ചും എതിര്‍ത്തും ഇപ്പോഴും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. അന്നത്തെ തീരുമാനത്തെക്കുറിച്ച് എന്തു പറയുന്നു ?

റുഷ്ദിക്ക് നേരെയുള്ള ആക്രമണം അതീവ ദു:ഖകരമാണ്.ആരെയും ഉപദ്രവിക്കാത്ത, സാഹിത്യത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയ എഴുപത്തിയഞ്ചു വയസ്സുള്ള ഒരാളെയാണ് ആക്രമിച്ചിരിക്കുന്നത്.അതും ന്യൂയോര്‍ക്കില്‍ ഒരു പ്രഭാഷണം നടത്തുന്നതിനിടയില്‍.എനിക്ക് അദ്ദേഹത്തെ നേരിട്ട് പരിചയമില്ല.എന്നാല്‍ അദ്ദേഹത്തിന്റെ എഴുത്തില്‍ ഞാന്‍ ആകൃഷ്ടനാണ്.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ എഴുത്തുകാരിലൊരാളാണ് റുഷ്ദി എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.മിഡ്നൈറ്റ് ചില്‍ഡ്രന്‍ എന്ന മനോഹരമായ കൃതി ഞാന്‍ പലവട്ടം വായിച്ചിട്ടുണ്ട്.അത് ഉന്നത മൂല്യമുള്ള സാഹിത്യ രചനയാണ്.
എന്നാല്‍,സാത്താനിക് വേഴ്സസിന്റെ കാര്യം മറ്റൊന്നാണ്. സാത്താനിക് വേഴ്സസ് എന്ന പുസ്തകം എന്റെ നിര്‍ദേശപ്രകാരമാണ് പ്രധാനമന്ത്രി രാജീവ് ഗാന്ധി നിരോധിച്ചത്. ഞാനാണ് സാത്താനിക് വേഴ്‌സസ് നിരോധിക്കാന്‍ രാജീവ് ഗാന്ധിയോട് പറഞ്ഞത്. ആ നിരോധനം ശരിയായിരുന്നുവെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. ക്രമസമാധാന പ്രശ്നം മാത്രം അടിസ്ഥാനമാക്കിയാണ് പുസ്തകം നിരോധിച്ചത്.പുസ്തകത്തിന്റെ ഉള്ളടക്കത്തെച്ചൊല്ലി ബോംബെയിലും ഡല്‍ഹിയിലും കാശ്മീരിലും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി.കാശ്മീരില്‍ 12 പേര്‍ അക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ടു. എന്ത് ചെയ്യണമെന്ന് രാജീവ് എന്നോടും ചിദംബരത്തോടും ചോദിച്ചു. ഞാന്‍ അന്ന് വിദേശകാര്യ സഹമന്ത്രി. ചിദംബരം ആഭ്യന്തര സഹമന്ത്രി.പുസ്തകം നിരോധിക്കരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ചിദംബരം പറഞ്ഞു.നമ്മള്‍ ഒരു ജനാധിപത്യരാജ്യമാണ്, നമ്മള്‍ പുസ്തകങ്ങള്‍ നിരോധിക്കാന്‍ പാടില്ല എന്നതാണ് പ്രഖ്യാപിത നിലപാടെന്ന് രാജീവും പറഞ്ഞു.

എന്നാല്‍ എന്റെ നിലപാട് മറിച്ചായിരുന്നു.എന്റെ ജീവിത കാലം മുഴുവന്‍ പുസ്തക നിരോധനത്തെ ഞാന്‍ പൂര്‍ണമായും എതിര്‍ക്കുന്നു. എന്നാല്‍ പുസ്തകം ഒരു ക്രമസമാധാന പ്രശ്നമായി മാറിയാല്‍ റുഷ്ദിയെപ്പോലെ മഹാനായ ഒരു എഴുത്തുകാരന്റെ പുസ്തകമായാലും നിരോധിക്കണം എന്നതാണ് എന്റെ അഭിപ്രായമെന്ന് ഞാന്‍ രാജീവിനോട് പറഞ്ഞു. ഈ പുസ്തകം ഈ രാജ്യത്ത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാന്‍ പോകുന്നു. ഇവിടെ ഒരു കലാപമുണ്ടായാല്‍ എല്ലാ മുസ്ലിം രാജ്യങ്ങളും ഇന്ത്യക്കെതിരാകും. ഇന്ത്യയില്‍ വലിയ തോതില്‍ മുസ്ലിങ്ങളുണ്ട്. മാത്രമല്ല, പുസ്തകത്തിന്റെ ഉള്ളടക്കം ഈ സമയത്തിന് സ്വീകാര്യവുമല്ല.അതിനാല്‍ ഉടന്‍ നിരോധിക്കണമെന്ന് ഞാന്‍ പറഞ്ഞു, പുസ്തകം നിരോധിച്ചു.ആ തീരുമാനം ശരിയായിരുന്നു.നിരോധിക്കാനെടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് ഇപ്പോഴും കരുതുന്നില്ല.

എന്നാല്‍ ആ തീരുമാനത്തെ അന്ന് വിമര്‍ശിച്ചവരുണ്ട്. മുസ്ലീം പ്രീണനത്തിന് വേണ്ടിയാണ് പുസ്തകം നിരോധിച്ചതെന്നായിരുന്നു വിമര്‍ശനം. ഒരു വിഭാഗം ഇപ്പോഴും ആ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.എന്താണ് പ്രതികരണം ?

എന്തിനാണ് ഈ രാജ്യത്തെ മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്നത് ?അവര്‍ക്ക് പ്രീണനം ആവശ്യമില്ല.അവര്‍ സമാധാനപരമായി ഇന്ത്യയില്‍ ജീവിക്കുന്നവരാണ്.അവര്‍ ഇന്ത്യന്‍ പൗരന്‍മാരാണ്.അവര്‍ക്ക് എന്തിനാണ് പ്രീണനം ?അവര്‍ക്ക് ഇഷടമുള്ളയിടത്ത് ജീവിക്കാം.ഇഷ്ടമുള്ള സ്ഥലത്ത് പോകാം.അവര്‍ക്ക് എവിടെ വേണമെങ്കിലും ജീവിക്കാം.എന്നാല്‍ റുഷ്ദിയുടെ പുസ്തകം നിരോധിച്ചത് ആ പുസ്തകം ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കണ്ടാണ്.വിവിധ രാജ്യങ്ങളില്‍ നിരവധി പ്രശ്‌നങ്ങളുണ്ടായി.പല മുസ്ലിം രാജ്യങ്ങളിലും പുസ്തകം നിരോധിച്ചു.റുഷ്ദിയെ വധിക്കണമെന്ന ഇറാന്റെ ഫത്വയെ നമ്മള്‍ പിന്തുണച്ചിട്ടില്ല.എന്നാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ തടയാന്‍ ഇന്ത്യയില്‍ പുസ്തകം നിരോധിക്കുക മാത്രമേ അന്ന് വഴിയുണ്ടായിരുന്നുള്ളു.റുഷ്ദി ബ്രില്യന്റ് റൈറ്ററാണ്.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നോവലുകളിലൊന്നാണ് മിഡ്‌നൈറ്റ് ചില്‍ഡ്രന്‍.എന്നാല്‍ സാത്താനിക് വേഴ്‌സസ് നിരോധിച്ചതില്‍ എനിക്ക് ഒരു ഖേദവുമില്ല.പുസ്തകം നിരോധിച്ചതിന് ഞാനാണ് ഉത്തരവാദിയെന്ന് എല്ലായിടത്തും ഞാന്‍ പറഞ്ഞിട്ടുണ്ട്.

സാഹിത്യത്തില്‍ നിന്ന് നമുക്ക് ചരിത്രത്തിലേക്കും രാഷ്ട്രീയത്തിലേക്കും പോകാം.രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ താങ്കള്‍ക്ക് 16 വയസ്സ്. വിദേശകാര്യ സര്‍വീസില്‍ ജോലി തുടങ്ങുമ്പോള്‍ 22 വയസ്സ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പ്രായം 91.നട്വര്‍ സിംഗിന്റെ ആത്മകഥ ഒരര്‍ഥത്തില്‍ ഇന്ത്യയുടെ ഏഴ് ദശകങ്ങളുടെ രാഷ്ട്രീയ ചരിത്രം കൂടിയാണ്.എന്ത് തോന്നുന്നു ?

എന്റെ കുട്ടിക്കാലത്ത് ഡല്‍ഹിയിലെ ജനസംഖ്യ വെറും രണ്ട് ലക്ഷം മാത്രമായിരുന്നു.സ്‌കൂളുകളും കോളേജുകളും സര്‍വകലാശാലകളും വിരലില്‍ എണ്ണാവുന്നവ മാത്രം.ഗ്രാമങ്ങള്‍ അപ്പോഴും പതിനെട്ടാം നൂറ്റാണ്ടിലായിരുന്നു.എന്നാല്‍,അപ്പോഴേക്ക് ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടിരുന്നു.ഗാന്ധിജിക്കൊപ്പമുണ്ടായിരുന്ന സംഘവും ഉന്നതരായിരുന്നു.നെഹ്രു,സര്‍ദാര്‍പട്ടേല്‍,രാജാജി,മൗലാനാ ആസാദ്,രാജേന്ദ്രപ്രസാദ്,സരോജനി നായിഡു,ചെറുപ്പക്കാരായ സുഭാഷ് ചന്ദ്രേബാസ്,ജയപ്രകാശ് നാരായണ്‍ തുടങ്ങിയവര്‍.സ്വാതന്ത്ര്യത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ വളരെ ഉന്നതരായ ആളുകളായിരുന്നു മന്ത്രിമാരായത്.വിഭജനത്തിന്റെ അസ്വസ്ഥതകള്‍ നിറഞ്ഞ കാലത്ത് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല .നിരവധി പ്രശ്‌നങ്ങള്‍ അവശേഷിപ്പിച്ചിട്ടാണ് ബ്രിട്ടീഷുകാര്‍ മടങ്ങിയത്.ഇന്ത്യ പെട്ടെന്ന് തകരുമെന്നും ഭരിക്കാന്‍ ഇന്ത്യ സ്വയം ശക്തമല്ലെന്നുമായിരുന്നു ചര്‍ച്ചില്‍ പറഞ്ഞത്.എന്നിട്ടും ഇന്ത്യന്‍ ജനാധിപത്യം എഴുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത് അത്ഭുതമാണ്.

വ്യത്യസ്ത ഭാഷ,വ്യത്യസ്ത വേഷം,വ്യത്യസ്ത ഭക്ഷണം,വ്യത്യസ്തമായ മനോഭാവം -എന്നിട്ടും ഈ രാജ്യം നിലനിന്നു.എല്ലാ കുറവുകളും കുഴപ്പങ്ങളും ഉള്‍ക്കൊണ്ടു കൊണ്ടുതന്നെ രാജ്യം ഒറ്റക്കെട്ടായി നിലനില്‍ക്കുന്നു.അത് ആശ്ചര്യകരമാണ്.നെഹ്രുവാണ് ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയത്.്അദ്ദേഹം പതിനേഴ് വര്‍ഷം ഇന്ത്യയെ നയിച്ചു.ഇന്ത്യക്ക് സ്വന്തമായി അന്ന് ഒന്നുമുണ്ടായിരുന്നില്ല.തുറമുഖങ്ങള്‍,വിമാനത്താവളങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം സൃഷ്ടിച്ചത് നെ്ഹ്രുവാണ്.എന്നാല്‍,നെഹ്രുവിന് വീഴ്ചകള്‍ പറ്റിയിട്ടില്ല എന്ന് ഞാന്‍ പറയില്ല.കാശ്മീര്‍ വിഷയത്തില്‍ വളരെ ഗുരുതരമായ തെറ്റ് അദ്ദേഹത്തിന് സംഭവിച്ചിട്ടുണ്ട്.ചൈനയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ഗൗരവം നിറഞ്ഞ തെറ്റ് സംഭവിച്ചിട്ടുണ്ട്.എന്നാല്‍ രാജ്യത്തിനുണ്ടായ വികസനം നോക്കു.അത് മറക്കാവുന്നതല്ല.

നെഹ്രുവുമായി താങ്കള്‍ക്ക് അടുത്ത ബന്ധമുണ്ട്. നെഹ്രുവിയന്‍ ആശയങ്ങളുടെ പിന്തുടര്‍ച്ചക്കാരനാണ്.നെഹ്രുവുമായുള്ള അടുപ്പം തുടങ്ങിയത് എപ്പോഴാണ് ?

നെഹ്രുവിന് രണ്ട് സഹോദരിമാരാണ് ഉണ്ടായിരുന്നത്.വിജയലക്ഷ്മിയും(വിജയലക്ഷ്മി പണ്ഡിറ്റ്) കൃഷ്ണ(കൃഷ്ണ ഹതീസിംഗ്)യും.സ്‌കൂള്‍ ക്ലാസ്സുകളില്‍ കൃഷ്ണയുടെ മക്കൾ എന്റെ സഹപാഠികളായിരുന്നു.പിന്നീട് ഡല്‍ഹിയില്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഞാന്‍ ബിരുദ പഠനത്തിനായി ചേര്‍ന്നപ്പോഴും സൗഹൃദം തുടര്‍ന്നു.കൃഷ്ണ ഡല്‍ഹിയിലെത്തുമ്പോള്‍ ഞാന്‍ അവരുടെ വീട്ടില്‍ (തീന്‍മൂര്‍ത്തി ഭവന്‍) പോയി കാണുമായിരുന്നു.പണ്ഡിറ്റ്ജിയും അപ്പോള്‍ ഞങ്ങള്‍ക്കൊപ്പം സംസാരത്തില്‍ പങ്ക് ചേരും അതിനാല്‍,പഠന ശേഷം ഞാന്‍ വിദേശകാര്യ സര്‍വീസില്‍ ചേരുമ്പോള്‍,ഞാന്‍ ആരാണെന്ന് നെഹ്രുവിന് അടുത്ത് അറിയാമായിരുന്നു.വിദേശകാര്യമന്ത്രാലയത്തില്‍ എനിക്ക് നിയമനം കിട്ടുമ്പോള്‍ ആര്‍.കെ.നെഹ്രുവായിരുന്നു സെക്രട്ടറി ജനറല്‍.പണ്ഡിറ്റ് നെഹ്രുവും ആര്‍.കെ.നെഹ്രുവും ബന്ധുക്കളായിരുന്നു.സെക്രട്ടറി ജനറലിന്റെ ആഫീസും പ്രധാനമന്ത്രിയുടെ ആഫീസും തമ്മില്‍ ചെറിയ ദൂരമേ ഉണ്ടായിരുന്നുള്ളു.അതിനാല്‍,സ്വാഭാവികമായും ഞങ്ങള്‍ തമ്മില്‍ നിരന്തരം കാണുമായിരുന്നു.

വ്യക്തി എന്ന നിലയില്‍ നെഹ്രുവിനെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

അവിസ്മരണീയനായ വ്യക്തിയായിരുന്നു നെഹ്രു.ഒമ്പതര വര്‍ഷം ജയിലിലായിരുന്നു.വളരെ വലിയ കുടുംബത്തില്‍ നിന്നാണ് വരുന്നത്.എന്നിട്ടും നിരവധി ത്യാഗങ്ങള്‍ ചെയ്തു.ബുദ്ധിജീവിയായിരുന്നു.നിരവധി പുസ്തകങ്ങള്‍ എഴുതി. ഗാന്ധിജിക്ക് തൊട്ടുപിന്നിലുണ്ട് നെഹ്രുവിന്റെ ജനപ്രിയത .ആള്‍ക്കൂട്ടത്തിന്റെ നേതാവായിരുന്നു.തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് ലക്ഷക്കണക്കിന് ആളുകളെ അദ്ദേഹം നിത്യവും അഭിസംബോധന ചെയ്യുമായിരുന്നു.1947-1955 കാലഘട്ടത്തില്‍ ആഗോളതലത്തില്‍ അദ്ദേഹത്തിന്റെ പ്രശസ്തി വളരെ ഉയരത്തിലായിരുന്നു.എന്നാല്‍ ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് ശേഷം അതിടിഞ്ഞു.ചൈനയുടെ നിലപാട് അദ്ദേഹത്തെ കൊന്നു എന്നതാണ് സത്യം.ചൈനയുമായുള്ള ഇടപെടലുകള്‍ക്ക് ശേഷം 18 മാസം മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളു.

എന്നാല്‍ നെഹ്രുവിനെ മറക്കാന്‍,നെഹ്രുവിന്റെ സംഭാവനകളെ മറയ്ക്കാന്‍ മന: പൂര്‍വമുള്ള ചില ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്.അത് എന്തു കൊണ്ടാണ് ?അത് എളുപ്പമാണോ ?

എന്തു കൊണ്ടാണ് അങ്ങനെയുള്ള ശ്രമങ്ങള്‍ എന്ന് എനിക്ക് സത്യത്തില്‍ മനസ്സിലാകുന്നില്ല.നെഹ്രു മരിച്ചു.അദ്ദേഹത്തിന്റെ സംഭാവനകള്‍ എല്ലാവര്‍ക്കും അറിയാം.എന്നിട്ടും അംഗീകരിക്കാതിരിക്കാന്‍ ശ്രമിക്കുന്നു.ഇത്തവണ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചു.അത്രമാത്രം !
നെഹ്രുവിന്റെ സംഭാവനകള്‍ ഫന്റാസ്റ്റിക് ആണ്.അക്കാര്യത്തില്‍ ഒരു സംശയമില്ല.ഗാന്ധിജി കഴിഞ്ഞാല്‍,നെഹ്രു മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ള വേള്‍ഡ് ഫിഗര്‍.വിമര്‍ശിക്കുന്നവര്‍ വിശാലഹൃദയരാകണം.അദ്ദേഹം ഒരു മഹാമനുഷ്യനായിരുന്നുവെന്ന കാര്യം അംഗീകരിക്കണം.ആര്‍.എസ്.എസും ബി.ജെ.പിയുമൊന്നും അദ്ദേഹത്തിന്റെ പേര് പോലും പരാമര്‍ശിക്കുന്നില്ല.അത് ദയനീയമാണ്.ഖേദകരമാണ്.

നെഹ്രുവിന് പറ്റിയ ഗുരുതര വീഴ്ചയാണ് കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് എക്കാലത്തും ക്ഷീണമുണ്ടാക്കിയതെന്ന് ഒരു വാദമുണ്ട്.ബിി.ജെ.പിയും സംഘപരിവാറും ഇത് ഉയര്‍ത്തുന്നുണ്ട്.കാശ്മീര്‍ വിഷയത്തില്‍ നെഹ്രുവിന് പിഴച്ചെന്ന് താങ്കളും പറയുന്നു.വിശദീകരിക്കാമോ ?

കാശ്മീര്‍ വിഷയം പരിശോധിക്കുമ്പോള്‍,അതില്‍ പല ഘടകങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്.സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഭരണത്തില്‍ നമ്മള്‍ പുതുമുഖങ്ങളായിരുന്നു.രാജ്യവിഭജനം സംഭവിക്കുമ്പോള്‍ നമുക്ക് ഭരണപരിചയം കുറവായിരുന്നു.കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ദുര്‍ബലം.സ്വാതന്ത്ര്യം കൈമാറുന്ന കാലത്ത് മൗണ്ട് ബാറ്റന്റെ മനോഭാവവും സഹായകരമായിരുന്നില്ല.കാര്യങ്ങള്‍ നന്നായി മുന്നോട്ട് കൊണ്ടു പോകുന്നതില്‍ മൗണ്ട് ബാറ്റന്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു.കാശ്മീര്‍ വിഷയം ആദ്യമായി െൈകകാര്യം ചെയ്ത സമയത്ത് ഈ പരിമിതികളെല്ലാം ഉണ്ടായിരുന്നു.കാശ്മീരിലെ കടന്നു കയറ്റ വിഷയം ഉന്നയിച്ച് നമ്മള്‍ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിനെ സമീപിച്ചു.അവിടെ ചില സാങ്കേതികപിഴവുകള്‍ സംഭവിച്ചു.യു.എന്‍.ചാര്‍ട്ടറിന്റെ ആറാമത്തെ ചാപ്റ്റര്‍ പ്രകാരമാണ് നമ്മള്‍ വിഷയം ഉന്നയിച്ചത്.കടന്നു കയറ്റത്തെക്കുറിച്ച് പ്രതിപാദിക്കാത്ത,തര്‍ക്കങ്ങളെക്കുറിച്ച് പറയുന്ന ചാപ്ടറായിരുന്നു അത്. കടന്നു കയറ്റം പ്രതിപാദിക്കുന്ന ഏഴാമത്തെ ചാപ്ടര്‍ പ്രകാരമായിരുന്നു വിഷയം ഉന്നയിക്കേണ്ടിയിരുന്നത്.ഇക്കാര്യം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ തന്നെ ചൂണ്ടിക്കാട്ടി.കാശ്മീര്‍ വിഷയം തര്‍ക്കപ്രശ്നമാണെന്ന് നിങ്ങള്‍ തന്നെ പറയുന്നു,പിന്നെ എന്താണ് യു.എന്‍.ചെയ്യേണ്ടത് എന്നായിരുന്നു കൗണ്‍സിലിന്റെ ചോദ്യം.ഐക്യരാഷ്ട്രസഭയിലെ നമ്മുടെ പ്രതിനിധി, പാകിസ്താന്‍ പ്രതിനിധിയെ പോലെ സാമര്‍ഥനല്ലായിരുന്നു എന്നതും നമ്മുടെ പരിമിതിയായിരുന്നു.സുരക്ഷാ കൗണ്‍സിലില്‍ നമ്മള്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതെത്തുടര്‍ന്ന്,കാശ്മീര്‍ പ്രശ്നം എന്നതിന് പകരം ഇന്ത്യ-പാകിസ്താന്‍ പ്രശ്നം എന്ന നിലയിലാണ് പാശ്ചാത്യ രാജ്യങ്ങള്‍ വിഷയത്തെ കണ്ടത്. ഭരണപരമായ പരിചയക്കുറവായിരുന്നു ഈ വീഴ്ചകള്‍ക്ക് കാരണം.

നെഹ്രുവിന്റെ വീഴ്ചകളില്‍ കേരളത്തില്‍ സ്വീകരിച്ച നടപടികളും ഉള്‍പ്പെടുന്നില്ലേ ?ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചു വിട്ടത് തെറ്റായിപ്പോയെന്ന് കോണ്‍ഗ്രസില്‍ പോലും ഒരു വിഭാഗം വിശ്വസിക്കുന്നുണ്ട്.ശരിയല്ലേ ?

നമ്പൂതിരിപ്പാട് സര്‍ക്കാരിനെ നെഹ്രു പിരിച്ചു വിട്ട നടപടി വലിയ തെറ്റായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ ഇന്ദിരയായിരുന്നു അതിന് ഉത്തരവാദിയെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ദിരയുടെ ഉപദേശപ്രകാരമായിരിക്കണം അദ്ദേഹം അത് ചെയ്തത്.എന്നാല്‍ അത് തെറ്റായിപോയെന്ന് പിന്നീട് നെഹ്രു മനസ്സിലാക്കിയിരുന്നു.നമ്പൂതിരിപ്പാട് അവിസ്മരണീയനായ നേതാവായിരുന്നു.ഉന്നത വ്യക്തിത്വമായിരുന്നു.കോണ്‍ഗ്രസുകാരനായിരുന്നു.പിന്നീടാണ് അദ്ദേഹം കമ്യൂണിസ്റ്റുകാരനായത്. നെഹ്രുവിന് നമ്പൂതിരിപ്പാടിനോട് വിരോധവും ഉണ്ടായിരുന്നില്ല.നെഹ്രു അത്തരത്തില്‍ ഇടുങ്ങിയ മനസ്സുള്ള ഒരാളായിരുന്നില്ല.പല കാര്യങ്ങളിലും നെഹ്രുവിന് എതിരഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു എന്നത് ശരിയാണ്.അദ്ദേഹം അത് മറച്ചു വച്ചിട്ടുമില്ല.എന്നാല്‍,അദ്ദേഹം വിശാല ഹൃദയനായിരുന്നു.നമ്പൂതിരിപ്പാടിനെ ഒരിക്കല്‍ പോലും നെഹ്രു വ്യക്തിപരമായി ആക്രമിച്ചിട്ടില്ല. കേരളസര്‍ക്കാരിനെ പിരിച്ചു വിട്ട കാര്യത്തില്‍ നെഹ്രു ഒരു തെറ്റ് ചെയ്തുവെന്നാണ് എന്റെ അഭിപ്രായം.രാഷ്ട്രീയമായിരുന്നു അതിന് പിന്നില്‍.അനാവശ്യമായിരുന്നു അത്.

ചൈനയുമായുള്ള ബന്ധത്തിലും നെഹ്രുവിന് കൈപൊള്ളിയെന്ന് താങ്കള്‍ സൂചിപ്പിച്ചു.എവിടെയാണ് പിഴവ് സംഭവിച്ചത് ?

ചൈനയുടെ കാര്യത്തില്‍, ഹി ഹാഡ് എ റൊമാന്റിക് ആന്‍ഡ് ഹിസ്റ്റോറിക്കല്‍ ഐഡിയ എബൗട് ചൈന. ഇന്ത്യക്ക് ചൈനയുമായി 2000 ത്തോളം വര്‍ഷം പഴക്കമുള്ള ബന്ധമുണ്ടെന്നാണ് നെഹ്രു പറഞ്ഞിരുന്നത്. ചൈനയില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്.അതിനാല്‍ ചൈനയുമായി ഇന്ത്യയ്ക്ക് എത്രമാത്രം അടുപ്പമുണ്ടെന്ന് എനിക്ക് അറിയാം.എന്നാല്‍, അതിര്‍ത്തി സംബന്ധിച്ച വിഷയം വ്യത്യസ്തമാണ്. അതിര്‍ത്തിയില്‍ ചൈന റോഡ് നിര്‍മിച്ചത് പോലും നമ്മള്‍ അറിഞ്ഞില്ല.ചൗ എന്‍ ലായിയെ നെഹ്രു അമിതമായി വിശ്വസിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.ചൗ എന്‍ ലായി ലോകത്തിലെ ഏറ്റവും മികച്ച നയതന്ത്ര വിദഗ്ധനായിരുന്നു.അദ്ദേഹം 1954 ല്‍ അദ്ദേഹം ഇന്ത്യയില്‍ വന്നിരുന്നു. അന്ന് ഞാന്‍ വിദേശകാര്യമന്ത്രാലയത്തില്‍ ലെയ്സണ്‍ ആഫീസറായിരുന്നു. ഏറെ സമയം ഞാന്‍ അദ്ദേഹവുമായി ചെലവിട്ടിട്ടുണ്ട്.താന്‍ വന്നത് പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്താനാണെന്ന് ചൗ എന്‍ ലായി എന്നോട് പറഞ്ഞു.എന്നാല്‍ മൊറാര്‍ജി ദേശായി,പണ്ഡിറ്റ് വല്ലഭായ് പന്ത് തുടങ്ങിയവര്‍ ചേര്‍ന്ന് നെഹ്രുവിന്റെ കൈകള്‍ കെട്ടിയിരിക്കുന്നു.ഇത് പ്രശ്ന പരിഹാരം തേടിയുള്ള തന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദര്‍ശനമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഇതിനായി നെഹ്രു ചൈനയില്‍ ഒരു പ്രാവശ്യം മാത്രമാണ് ഇതുവരെ വന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതിനാല്‍ പ്രശ്നങ്ങളില്‍ ഒരു തീര്‍പ്പ് ഉണ്ടാകണമെന്ന് ചൗ എന്‍ ലായി ശഠിച്ചു.
അതെ സമയം,ഇന്ത്യ ചൈനയെക്കാള്‍ പലതലത്തിലും വളരെ മുന്നിലാണന്നാണ് അക്കാലത്ത് നമ്മള്‍ യഥാര്‍ഥത്തില്‍ കരുതിയിരുന്നത് .എന്നാല്‍ 1962 ലെ യുദ്ധം ഈ ധാരണകളെല്ലാം തിരുത്തി.ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കണമെന്ന് മാവോ സെഡോംഗ് തീരുമാനിച്ചിരുന്നു. നമ്മുടെ സൈന്യം ഒട്ടും പ്രിപ്പയേര്‍ഡ് ആയിരുന്നില്ല.!ബാഡ്ലി എക്വിപ്ഡ് ആയിരുന്നു ! ചൈനയല്ല,പാകിസ്താനാണ് ഇന്ത്യയുടെ യഥാര്‍ഥ ശത്രുവെന്നായിരുന്നു വി.കെ.കൃഷ്ണമേനോന്‍ നിരന്തരം നെഹ്രുവിനെ ഉപദേശിച്ചിരുന്നത്.തികച്ചും തെറ്റായ വിലയിരുത്തലായിരുന്നു അത്.ചൈനയായിരുന്നു യഥാര്‍ഥ പ്രശ്‌നം.ദലൈലാമയ്ക്ക് നമ്മള്‍ അഭയം കൊടുത്തതില്‍ ചൈന വളരെ അസ്വസ്ഥരായിരുന്നു.എന്നാല്‍,ദലൈലമാമയ്ക്ക് അഭയം നല്‍കിയത് ആ സമയത്ത് ഇന്ത്യയെടുത്ത തികച്ചും ശരിയായ തീരുമാനമായിരുന്നു.ഇപ്പോള്‍ പോലും ചൈന ദലൈലാമയെക്കുറിച്ച് അസ്വസ്ഥരാണ്.എന്തിനാണതെന്ന് മനസ്സിലാകുന്നില്ല.നിരുപദ്രവകാരിയായ ഒരു വ്യക്തിയാണ് അദ്ദേഹം. ടിബറ്റില്‍ ഇപ്പോഴും ദലൈലാമയെ ആരാധിക്കുന്നുണ്ട്.ആ സ്വാധീനമായിരിക്കണം ചൈനയുടെ അസ്വസ്ഥതക്ക് കാരണം.

നെഹ്രുവുമായുള്ള താങ്കളുടെ അടുപ്പം ഇന്ദിരാ ഗാന്ധിയുമായും തുടര്‍ന്നു. ഇന്ദിരയുടെ ഉയര്‍ച്ച താഴ്ചകള്‍ അടുത്ത് നിന്ന് കണ്ടു.ഭരണാധികാരിയും ഏകാധിപതിയും.പല മുഖങ്ങളുണ്ട് ഇന്ദിരയ്ക്ക്.എങ്ങനെയാണ് ഇന്ദിരയെ വിലയിരുത്തുന്നത് ?

1984 ലായിരുന്നു ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.അതിന് തൊട്ടു മുമ്പ ഡല്‍ഹിയില്‍ ചേരി ചേരാ സംഘടന(നാം)യുടെ ഉച്ചകോടി നടന്നു.പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എന്നെ ഉച്ചകോടിയുടെ സെക്രട്ടറി ജനറലായി നിയമിച്ചു.അതേ വര്‍ഷം നവംബറില്‍ കോമണ്‍വെല്‍ത്ത് ഉച്ചകോടിയും നടന്നു.ഞാനായിരുന്നു അതിന്റെ കോര്‍ഡിനേറ്റര്‍.അതായത് അടുത്തടുത്ത് രണ്ട് പ്രധാന യോഗങ്ങള്‍ ഡല്‍ഹിയില്‍ നടന്നു.ഉച്ചകോടി കഴിഞ്ഞ് പ്രധാനമന്ത്രിയും ഉദ്യോഗസ്ഥ സംഘവും ഗോവയിലേക്ക് പോയി.ഞാനുമുണ്ടായിരുന്നു സംഘത്തില്‍.തിരക്കൊഴിഞ്ഞപ്പോള്‍ ഞാന്‍ ഇന്ദിരയെ കണ്ടു.എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ട്,രണ്ട് മിനുട്ട് സമയം അനുവദിക്കാമോയെന്ന് ഞാന്‍ അവരോട് ചോദിച്ചു.ഇന്ദിര സമ്മതിച്ചു.വിദേശകാര്യ സര്‍വീസില്‍ എനിക്ക് ഇനി ചെയ്യാനൊന്നും ബാക്കിയില്ല.എനിക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ട്.കോണ്‍ഗ്രസ് പാര്‍ട്ടി എന്നെ രാജ്യസഭയില്‍ അക്കോമഡേറ്റ് ചെയ്യുമോയെന്ന് ഞാന്‍ ചോദിച്ചു.കുറച്ചു നേരം ആലോചിച്ചിരുന്നിട്ട് പിന്നീട് അറിയിക്കാമെന്ന് ഇന്ദിര മറുപടി നല്‍കി.ഈ വിഷയം ഞാന്‍ പി.സി.അലക്സാണ്ടറോടും സംസാരിച്ചിരുന്നു.എന്നാല്‍ നാല് മാസം വരെ കാത്തിരുന്നിട്ടും ഇന്ദിരയുടെ ഭാഗത്തു നിന്ന് മറുപടിയുണ്ടായില്ല.രാജീവ് ഗാന്ധി അന്ന് ഏ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു.രാജീവിനെ വലയം ചെയ്ത് എപ്പോഴും ഒരു സംഘം കൂടെയുണ്ടാകുമായിരുന്നു.അരുണ്‍ സിംഗ്,അരുണ്‍ നെഹ്രു തുടങ്ങിയവര്‍.അവര്‍ എനിക്കെതിരെ പണി തുടങ്ങി.നട്വര്‍ സിംഗ് ലോക്‌സഭയില്‍ മത്സരിക്കട്ടെ എന്നായി അവരുടെ ഉപദേശം.ഇക്കാര്യം ചോദിച്ചാല്‍ മത്സരിക്കാനില്ലെന്ന് നട്വര്‍ മറുപടി നല്‍കുമെന്നായിരുന്നു അവര്‍ ഇന്ദിരയെ അറിയിച്ചത്.എന്നാല്‍ ഇക്കാര്യം എന്നോട് ഇന്ദിര ചോദിച്ചപ്പോള്‍ മത്സരിക്കാന്‍ തയ്യാറാണെന്നായിരുന്നു എന്റെ മറുപടി.ഇത് അപ്രതീക്ഷിതമായിരുന്നു.എന്തു പറയണമെന്നറിയാതെ ഇന്ദിര കുഴങ്ങി. ഇന്ദിര നിര്‍ദേശിച്ചാല്‍ ഇപ്പോള്‍ തന്നെ ഞാന്‍ വിദേശകാര്യസര്‍വീസില്‍ നിന്ന് രാജിവയ്ക്കാന്‍ തയ്യാറാണ് എന്നും ഞാന്‍ വ്യക്തമാക്കി.എന്നാല്‍ ഈ സംസാരം നടന്ന് അധികം കഴിയും മുമ്പെ നിര്‍ഭാഗ്യവശാല്‍ ഇന്ദിര കൊല്ലപ്പെട്ടു.തുടര്‍ന്ന് രാജീവ് കോണ്‍ഗ്രസ് പ്രസിഡണ്ടായി.എന്റെ വിഷയം രാജീവിന്റെ മുന്നിലും എത്തി.നിങ്ങള്‍ക്ക് എന്തു കൊണ്ട് ഡല്‍ഹി ലഫ്.ഗവര്‍ണറായി കൂടാ എന്നായി രാജീവിന്റെ ചോദ്യം.അതേ സംഘം തന്നെയായിരുന്നു ഈ നീക്കത്തിന് പിന്നിലും.ഇക്കാര്യം ഞാന്‍ എം.എല്‍.ഫോത്തേദാറുമായി സംസാരിച്ചു.ഈ സംഘത്തിന്റെ ഭാഗമായിരുന്നെങ്കിലും ഫോത്തേദാര്‍ എന്നെ സഹായിച്ചു.നിങ്ങള്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റ് കിട്ടുമെന്ന് ഫോത്തേദാര്‍ ഉറപ്പിച്ചു പറഞ്ഞു.അദ്ദേഹം എന്റെ കാര്യം രാജീവുമായി ചര്‍ച്ച ചെയ്തു.തുടര്‍ന്ന് രാജീവുമായി ഞാന്‍ അക്ബര്‍ റോഡിലെ വീട്ടില്‍ വച്ചു കൂടിക്കാഴ്ച നടത്തി.അപ്പോഴും ഈ സംഘം അവിടെ ഉണ്ടായിരുന്നു.രാജീവ് രാഷ്ട്രീയത്തില്‍ പുതുമുഖമായിരുന്നു.ഈ പരിചയക്കുറവ് സംഘം മുതലെടുത്തുകൊണ്ടിരുന്നു.

ലഫ്.ഗവര്‍ണര്‍ പദവി സംബന്ധിച്ച് എനിക്ക് എന്റെ കുടുംബത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് തുടര്‍ന്ന് രാജീവിന് മറുപടി നല്‍കി.ഞാന്‍ വീട്ടിലെത്തി കുടുംബവുമായി ചര്‍ച്ച ചെയ്തു.സിഖുകാര്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന സമയമാണ്.എന്റെ ഭാര്യ സിഖ് വിഭാഗക്കാരിയാണ്.പട്യാല രാജകുടുംബാംഗം. ഭാര്യയുടെ സഹോദരന്‍ കോണ്‍ഗ്രസ് നേതാവ് ക്യാപ്ടന്‍ അമരീന്ദര്‍ സിംഗ്(പഞ്ചാബ് മുന്‍ മുഖ്യമന്ത്രി).ഈ ബന്ധമുള്ള ഞാന്‍ ലഫ്.ഗവര്‍ണറായാല്‍ സിഖുവിഭാഗത്തെ പ്രകോപിപ്പിക്കും.കുടുംബം ഇത്തരമൊരു നിലപാടാണ് കൈക്കൊണ്ടത്.ഇക്കാര്യം ഞാന്‍ രാജീവിനോട് പറഞ്ഞു.രാജീവിന് അക്കാര്യം മനസ്സിലായി.ഡിസംബറില്‍ തിരഞ്ഞെടുപ്പ് വന്നു.രാജീവ് എന്നെ ഭരത്പൂരില്‍ സ്ഥാനാര്‍ഥിയാക്കി.എന്റെ ജന്‍മസ്ഥലമായ ഭരത്പൂരില്‍ പോയി പ്രചരണം ആരംഭിച്ചു.ഡിസംബര്‍ 29 ന് തിരഞ്ഞെടുപ്പ ഫലം പുറത്തു വന്നു.ഞാന്‍ ജയിച്ചു.30 ന് ഞാന്‍ ഡല്‍ഹിയിലെത്തി.രാജീവിനെ കണ്ടു.31 ന് ഞാനും മറ്റൊരു ലോക്‌സഭാംഗമായ സുനില്‍ ദത്തും കൂടി അശോകാ ഹോട്ടലില്‍ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു.പെട്ടെന്ന് ഹോട്ടലിന്റെ മാനേജര്‍ ഞങ്ങളുടെ അടുത്തു വന്ന് പ്രധാനമന്ത്രിയുടെ ഫോണുണ്ടെന്ന് എന്നോട് പറഞ്ഞു.എന്തായിരിക്കും കാര്യമെന്ന് അത്ഭുതപ്പെട്ട് ഹോട്ടല്‍ റിസപ്ഷനില്‍ ചെന്ന് ഞാന്‍ ഫോണെടുത്തു.നാളെ വൈകിട്ട് 5 മണിക്ക് എന്താണ് പരിപാടിയെന്ന് രാജീവ് ചോദിച്ചു.പ്രത്യേകിച്ച് ഒന്നുമില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു.എന്നാല്‍ രാഷ്ട്രപതി ഭവനിലേക്ക വരു എന്ന് രാജീവ് .എന്താണാവോ കാര്യമെന്ന് ഞാന്‍ ചോദിച്ചു.താങ്കള്‍ അവിടെ വരു,അവിടെ വച്ച് മനസ്സിലാകുമെന്ന് രാജീവ് .അടുത്ത ദിവസം രാഷ്ട്രപതിഭവനിലെത്തിയ എന്നെ അദ്ദേഹം വിദേശകാര്യ സഹമന്ത്രിയാക്കി .ഞാന്‍ അത്ഭുതപ്പെട്ടു പോയി.ആദ്യമായി ജയിച്ചെത്തിയ എനിക്ക് മന്ത്രിപദം!

അടിയന്തരാവസ്ഥ ഇന്ദിരയുടെ രാഷ്ട്രീയ ജീവിതത്തില്‍ മാത്രമല്ല,ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലും കളങ്കമാണ്.അടിയന്തരാവസ്ഥക്കാലത്തെ എങ്ങനെയാണ് പരിശോധിക്കുന്നത് ?

അടിയന്തരാവസ്ഥക്കാലത്ത് ഞാന്‍ ലണ്ടനിലെ ഹൈക്കമ്മീഷനില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.വലിയ തെറ്റായിരുന്നു അടിയന്തരാവസ്ഥ.അത് തെറ്റായിരുന്നുവെന്ന് ഇന്ദിര തന്നെ അംഗീകരിച്ചിട്ടുണ്ട്.യഥാര്‍ഥത്തില്‍ സഞ്ജയ് ഗാന്ധി,ധാവന്‍,സിദ്ധാര്‍ഥ് ശങ്കര്‍ റേ തുടങ്ങിയവരുടെ സൃഷ്ടിയാണ് അടിയന്തരാവസ്ഥ.പി.എന്‍.ഹക്‌സര്‍ ഇന്ദിരയുടെ പ്രിന്‍സില്‍ സെക്രട്ടറിയായി തുടര്‍ന്നിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല.പി.സി.അലക്‌സാണ്ടര്‍ അന്ന് അത്ര കരുത്തനായിരുന്നില്ല.അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താന്‍ പോകുന്ന കാര്യം അലക്‌സാണ്ടര്‍ മുന്‍കൂട്ടി അറിഞ്ഞു പോലുമില്ല.ഒന്നോ രണ്ടോ പേര്‍ക്കൊഴികെ ആര്‍ക്കും അറിയുമായിരുന്നില്ല.ഇന്ദിരയുടെ വീട്ടിലാണ് തീരുമാനമെടുത്തത്.അടിയന്തരാവസ്ഥയെ വിദേശരാജ്യങ്ങളില്‍ ന്യായീകരിക്കാന്‍ വളരെ പ്രയാസമായിരുന്നു.ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വിഷമകാലമായിരുന്നു.
ഇംഗ്ലണ്ടില്‍ നിരവധി പേര്‍ക്ക് ഇന്ത്യ എന്താണെന്ന് അറിയാമായിരുന്നു.അവരുടെ മുന്‍ തലമുറകള്‍ പലരും ബ്രിട്ടീഷ് ഇന്ത്യയില്‍ ജീവിക്കുകയോ ജോലി ചെയ്യുകയോ ചെയ്തിട്ടുണ്ട്.അവരെല്ലാവരും അടിയന്തരാവസ്ഥക്ക് എതിരായിരുന്നു. ലണ്ടനില്‍ ടൈംസ് പത്രം അടിയന്തരാവസ്ഥക്കെതിരെ ഒരു ഫുള്‍പേജ് വാര്‍ത്ത കൊടുത്തു.ജയപ്രകാശ് നാരായണന്റെ ചിത്രമൊക്കെ ഉള്‍പ്പെടുത്തിയായിരുന്നു അത്.ഇതിനെതിരെ അടിയന്തരാവസ്ഥയെ ന്യായീകരിച്ച് സര്‍ക്കാരിന്റെ പക്ഷം പ്രസിദ്ധീകരിക്കാനായി ഇതേ പത്രത്തിന് അടുത്ത ദിവസം വാര്‍ത്ത നല്‍കി. ഒരു വരി പോലും അവര്‍ പ്രസിദ്ധീകരിച്ചില്ല!മാഞ്ചസ്റ്റര്‍ ഗാര്‍ഡിയനാകട്ടെ ഒരു ചെറിയ വാര്‍ത്ത നല്‍കി.ബി.ബി.സി അടിയന്തരാവസ്ഥക്കെതിരെ നിരന്തരം വാര്‍ത്ത നല്‍കിക്കൊണ്ടിരുന്നു.ഞങ്ങള്‍ ബി.ബി.സിയുടെ ആഫീസില്‍ ചെന്നു.ഞങ്ങള്‍ എന്ത് ചെയ്യാനാണ് ?നിങ്ങള്‍ ചെയ്യുന്ന കാര്യമാണ് ഞങ്ങള്‍ കൊടുക്കുന്നതെന്നായിരുന്നു അവരുടെ മറുപടി ! അടിയന്തരാവസ്ഥയോട് അമേരിക്കയിലും കടുത്ത എതിര്‍പ്പായിരുന്നു.എന്നാല്‍,അടിയന്തരാവസ്ഥ തെറ്റാണെന്ന് ബോധ്യമായപ്പോള്‍ ഇന്ദിര പിന്‍വലിച്ചു.പിന്‍വലിക്കുന്നതിന് സഞ്ജയ് എതിരായിരുന്നു.പിന്‍വലിക്കുന്ന കാര്യം സഞ്ജയിനോട് ഇന്ദിര പറഞ്ഞിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്.പക്ഷെ,അടിയന്തരാവസ്ഥക്ക് ശേഷം കുറച്ചുകാലം അധികാരം നഷ്ടപ്പെട്ടെങ്കിലും ഇന്ദിര വൈകാതെ അധികാരത്തില്‍ തിരിച്ചു വന്നു.അത് ജനതാപാര്‍ട്ടിയുണ്ടാക്കിയ കുഴപ്പങ്ങള്‍ മൂലം.

യുവാവായ പ്രധാനമന്ത്രിയായിരുന്നു രാജീവ്.യുവാക്കളുടെ ഒരു സംഘം എപ്പോഴും ഒപ്പമുണ്ടായിരുന്നു.ഭരണത്തിനും ലഭിച്ചു യുവത്വം.രാജീവിനൊപ്പമുള്ള പ്രവര്‍ത്തനകാലത്തെ എങ്ങനെയാണ് ഓര്‍മിക്കുന്നത് ?

രാജീവ് വാസ് എ വണ്ടര്‍ഫുള്‍ ഹ്യൂമന്‍ ബീയിംഗ്.എന്നാല്‍ പ്രവര്‍ത്തന പരിചയം കുറവായിരുന്നു.അതുകൊണ്ട് അരുണ്‍ നെഹ്രു,അരുണ്‍ സിംഗ്,സതീഷ് ശര്‍മ തുടങ്ങിയവര്‍ ചേര്‍ന്ന ബോയ്സ് സ്‌കൗട്ട്സ് അദ്ദേഹത്തെ വലയം ചെയ്തു.ഈ സംഘത്തിന്റെ ഭാഗമായിരുന്നില്ലെങ്കിലും എനിക്കും രാജീവിനോട് വളരെ അടുപ്പമുണ്ടായിരുന്നു.വിദേശകാര്യ രംഗത്തെ എന്റെ പരിചയസമ്പന്നത കണക്കിലെടുത്ത് അദ്ദേഹം പോകുന്നയിടത്തെല്ലാം എന്നെ കൊണ്ടു പോകുമായിരുന്നു.
എന്നാല്‍ ഈ യുവസംഘം രാജീവിന്റെ പരിചയക്കുറവ് മുതലെടുത്തു.അവര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരുന്നു.അവര്‍ അധികാരത്തിന്റെ അകത്തളത്തില്‍ ്അതിശക്തരായിരുന്നു.മറ്റുള്ളവര്‍ക്കൊന്നും രാജീവിലേക്ക് ചെല്ലാന്‍ ഇതുമൂലം സാധിക്കുമായിരുന്നില്ല.അവര്‍ കോര്‍പ്പറേറ്റ് മേഖലയിലും പ്രബലരായിരുന്നു.
രാജീവിനെ ഈ സംഘം തെറ്റിദ്ധരിപ്പിച്ചതിന് ഏറ്റവും വലിയ ഉദാഹരണം ശ്രീലങ്കയിലെ ഇന്ത്യയുടെ ഇടപെടലാണ്.ദുരന്തമായിരുന്നു അത്. ശ്രീലങ്കയില്‍ ഇന്ത്യ ഇടപെടേണ്ട ഒരു കാര്യവുമില്ലായിരുന്നു.വി ഡോണ്ട് ഹാവ് എനി ബിസിനസ് ടു ഗോ ദെയര്‍. ശ്രീലങ്കയില്‍ ഇന്ത്യ സൈന്യത്തെ നിയോഗിച്ചത് തെറ്റായ തീരുമാനമായിരുന്നു.താന്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് രാജീവ് പിന്നീട് തിരിച്ചറിഞ്ഞു.

അരുണ്‍ നെഹ്രുവും അരുണ്‍ സിംഗും ചേര്‍ന്ന് തന്നെ വഴിതെറ്റിക്കുകയായിരുന്നുവെന്ന് രാജീവ് എന്നോട് പറഞ്ഞിട്ടുണ്ട്.രണ്ട് പേരെയും അദ്ദേഹം പിന്നീട് തന്റെ വലയത്തില്‍ നിന്ന് ഒഴിവാക്കി.രാജ്യസഭയില്‍ നിന്ന് രാജിവയ്ക്കാന്‍ അരുണ്‍ സിംഗിനോട് രാജീവ് ആവശ്യപ്പട്ടു.

എന്തു കൊണ്ടാണ് ശ്രീലങ്കയിലെ ഇന്ത്യന്‍ ഇടപെടല്‍ അനാവശ്യമായിരുന്നു എന്ന് പറയുന്നത് ?

എല്‍.ടി.ടി.ഇ പ്രശ്നം രൂക്ഷമായ കാലത്ത് ശ്രീലങ്കന്‍ വിഷയത്തില്‍ ഞാനും ഇടപെട്ടിരുന്നു.ഒരു കാര്യം മനസ്സിലാക്കണം,ഭരണനിപുണതയിലും കാര്യശേഷിയിലും ശ്രീലങ്കന്‍ പ്രധാനമന്ത്രി ജയവര്‍ധനെ രാജീവിനെക്കാള്‍ മിടുക്കനായിരുന്നു.അന്ന് ഒരിക്കല്‍ ഒരു വിഷയമുണ്ടായി.ഞാന്‍ വിയറ്റ്നാമില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു.രാത്രി 12 മണിക്കാണ് ഞാന്‍ വിയറ്റ്നാമില്‍ നി്ന്ന് ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്.വീട്ടിലെത്തിയപ്പോള്‍ എനിക്ക് ഒരറിയിപ്പ് കിട്ടി.എത്രയും വേഗം പ്രധാനമന്ത്രിയുടെ വസതിയിലെത്തണം.ഉടന്‍ ഞാന്‍ പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് തിരിച്ചു. അവിടെ എത്തിയപ്പോള്‍ ഒരു മീറ്റിംഗ് നടക്കുകയാണ്.അരുണ്‍ നെഹ്രു,അരുണ്‍ സിംഗ് തുടങ്ങിയ പതിവ്‌സംഘം രാജീവിനൊപ്പമുണ്ട്.രാഷ്ട്രീയ കാര്യ സമിതിയിലെ അഞ്ച് അംഗങ്ങള്‍,നരസിംഹ റാവു,കെ.സി.പന്ത്,ശിവശങ്കര്‍,തിവാരി തുടങ്ങിയവരുമുണ്ട്.ഞാന്‍ കുറച്ചു നേരം ചര്‍ച്ച കേട്ടിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് എന്തോ പന്തികേട് തോന്നി.എന്തോ കുഴപ്പം നടക്കാന്‍ പോകുന്നുവെന്ന തോന്നല്‍.ഞാന്‍ രാജീവിന്റെ തൊട്ടടുത്തായിരുന്നു ഇരുന്നത്.ഞാന്‍ ചോദിച്ചു :സര്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് ?അപ്പോള്‍ രാജീവ് മറുപടി പറഞ്ഞു :നമ്മള്‍ ജാഫ്നയില്‍ വിമാനം ഉപയോഗിച്ച് ഭക്ഷണപാക്കറ്റുകള്‍ വിതരണം ചെയ്യാന്‍ പോകുന്നു.ഞാന്‍ കുറച്ചു നേരം നിശബ്ദനായി ഇരുന്നു.സര്‍,നമ്മള്‍ ശ്രീലങ്കന്‍ സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചോ ? പ്രധാനമന്ത്രി പറഞ്ഞു,ഇല്ല.അപ്പോള്‍ ഞാന്‍ പറഞ്ഞു :സര്‍,അവരെ അറിയിക്കാതെ അവരുടെ വ്യോമമേഖലയില്‍ നമ്മള്‍ കടക്കുന്നത് ശരിയല്ല.ചിലപ്പോള്‍ അവര്‍ കാര്യമറിയാതെ വിമാനത്തിന് നേരെ വെടിവച്ചാല്‍ എന്ത് ചെയ്യും ?അതിനാല്‍ അവരെ നിര്‍ബന്ധമായും അറിയിക്കണമെന്ന് ഞാന്‍ രാജീവിനോട് പറഞ്ഞു.മാത്രമല്ല,ശ്രീലങ്ക ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ നോണ്‍-പെര്‍മനന്റ് മെംബര്‍ ആണ്.അവര്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെടും.ആ യോഗത്തില്‍ വച്ച് ഇന്ത്യയുടെ നടപടിയെ അപലപിക്കും.അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യുമെന്ന് ഞാന്‍ ചോദിച്ചു.എന്ത് ചെയ്യുമെന്ന് രാജീവും തിരിച്ചു ചോദിച്ചു.യു.എന്നിലെ നമ്മുടെ അംബാസിഡറെ വിവരം അറിയിച്ചോയെന്ന എന്റെ ചോദ്യത്തിനും യോഗത്തില്‍ ഉത്തരമുണ്ടായില്ല.യു.എന്നിലെ അംബാസിഡറെ വിളിക്കാന്‍ രാജീവ് എന്നോട് ആവശ്യപ്പെട്ടു.ചിന്‍മയ ഗരേഖാനായിരുന്നു അംബാസിഡര്‍.ഞാന്‍ വിളിച്ച് അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു.ഇവിടെ ഒരു കുഴഞ്ഞു മറിഞ്ഞ പ്രശ്നമുണ്ട്.പക്ഷെ,ഒരു കാരണവശാലും ഇക്കാര്യത്തില്‍ യു.എന്‍.സുരക്ഷാ കൗണ്‍സില്‍ ചേരില്ലെന്ന് താങ്കള്‍ ഉറപ്പ് വരുത്തണമെന്ന് പറഞ്ഞു.എങ്ങനെയോ അദ്ദേഹം അക്കാര്യത്തില്‍ വിജയിച്ചു.സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നില്ല.നമ്മള്‍ ഭക്ഷണ പാക്കറ്റുകള്‍ ജാഫ്നയില്‍ വിതരണം ചെയ്തു.രാജീവിനൊപ്പമുള്ള ഈ വലയമാണ് ആശക്കുഴപ്പങ്ങളുണ്ടാക്കിയത്.ഇക്കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാനുള്ള പരിചയം രാജീവിനുണ്ടായിരുന്നില്ല.

ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയച്ചത് ഇത്തരത്തില്‍ കൈക്കൊണ്ട തീരുമാനമായിരുന്നോ ?

ഒരിക്കല്‍ ശ്രീലങ്കന്‍ പ്രസിഡണ്ട് ജയവര്‍ധനെയെ കണ്ടപ്പോള്‍ ,നട്വര്‍സിംഗ് യു സെന്റ് മി സെവന്‍ ഫാസ്റ്റ് ബൗളേഴ്സ്.ബട്ട് അയാം സ്റ്റില്‍ നോട്ട് ഔട്ട് എന്ന് അദ്ദേഹം പറഞ്ഞു.ഞാന്‍ ചോദിച്ചു സര്‍,എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത് ?ഉടന്‍ ജയവര്‍ധനെ പ്രതികരിച്ചു.നിങ്ങള്‍ ആദ്യം ജി.പാര്‍ഥസാരഥിയെ അയച്ചു.പിന്നെ നിങ്ങള്‍ രമേഷ് ഭണ്ഡാരിയെ അയച്ചു.പിന്നെ ചിദംബരം,പിന്നെ നട്വര്‍ സിംഗ്,പിന്നെ കെ.സി.പന്ത്,പിന്നെ ദിനേശ് സിംഗ്,പിന്നെ സുന്ദര്‍ജി..എന്നാല്‍ ഇവരോടൊക്കെ ചര്‍്ച്ച നടത്താന്‍ ഞാന്‍ ഇവിടെ ഒരാള്‍ മാത്രം.എന്തിനാണ് ഇത്രയും പേരെ ചര്‍ച്ചകള്‍ക്കായി അയക്കുന്നത് ?ജയവര്‍ധനെ ചോദിച്ചു.ചോദ്യം ശരിയാണ്.ഇന്ത്യ-ശ്രീലങ്ക വിഷയം ചര്‍ച്ച ചെയ്യാന്‍ നിരവധി പ്രതിനിധികളെ ഇന്ത്യ അയച്ചതിനെക്കുറിച്ചായിരുന്നു ജയവര്‍ധനെയുടെ പ്രതികരണം.ഇതും രാജീവിന്റെ ഭരണ പരിചയമില്ലായ്മയുടെ ഫലമാണ്.ഒരു വിഷയം കൈകാര്യം ചെയ്യുന്നത് ഒരാള്‍,അല്ലെങ്കില്‍ രണ്ടാള്‍ .അതിനപ്പുറം പോകരുത്.പെട്ടെന്ന് മൂന്നാമതൊരാളെ നിയോഗിക്കുമ്പോള്‍ അയാള്‍ക്ക് വിഷയത്തിന്റെ പശ്ചാത്തലം പോലും അറിഞ്ഞിരിക്കണമെന്നില്ല.മാത്രമല്ല,ജയവര്‍ധനെ വളരെ ഷ്രൂഡായിരുന്നു.
എന്തായാലും പലവട്ടമുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യ-ശ്രീലങ്ക കരാര്‍ ഒപ്പു വയ്ക്കാന്‍ തീരുമാനിച്ചു.ഇതിനായി 1987 ജൂലായ് 29 ന് കൊളംബോയിലേക്ക് പോകാന്‍ വമ്പന്‍ പ്രതിനിധി സംഘത്തെ രാജീവ് ഒരുക്കി.ഞാനുമുണ്ടായിരുന്നു സംഘത്തില്‍.എന്തിനാണെന്നറിയില്ല,തമിഴ്നാട്ടില്‍ നിന്ന് മൂപ്പനാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തി. കൊളംബോയില്‍ വിമാനമിറങ്ങിയ ശേഷം പ്രസിഡണ്ടിന്റെ വസതിയിലേക്ക് കാറില്‍ പോകാനായിരുന്നു നിശ്ചയിച്ചത്.പക്ഷെ,അവിടെ ഞങ്ങള്‍ ഇറങ്ങുമ്പോള്‍ റോഡുകളെല്ലാം ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു.ആയിരക്കണക്കിന് ജനങ്ങള്‍ റോഡ് ഉപരോധിച്ചിരിക്കുകയായിരുന്നു.തുടര്‍ന്ന് ഞങ്ങള്‍ ഹെലികോപ്ടറിലാണ് പ്രസിഡണ്ടിന്റെ വസതിയിലേക്ക് പോയത്.വസതിയില്‍ വച്ച് രാജീവും ജയവര്‍ധനയെും കൂടിക്കാഴ്ച നടത്തി.അവര്‍ രണ്ടു പേര്‍ മാത്രം.മറ്റാരുമുണ്ടായിരുന്നില്ല.അതൊരു പിഴവായിരുന്നു.ഉഭയകക്ഷി ചര്‍ച്ചയില്‍ രാജീവ് ആരെയെങ്കിലും ഒപ്പം കൊണ്ടു പോകണമായിരുന്നു.
തുടര്‍ന്ന് ഉച്ചഭക്ഷണമായി.ശ്രീലങ്കന്‍ മന്ത്രിസഭയടെ പകുതി മാത്രമേ ഉച്ചവിരുന്നില്‍ പങ്കെടുത്തുള്ളു.സിരിമാവോ ബന്ദനായകെയെ ചിദംബരം ക്ഷണിച്ചെങ്കിലും അവര്‍ പങ്കെടുത്തില്ല.ഇന്ത്യ എന്തിനാണ് ശ്രീലങ്കയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്നത് എന്നതായിരുന്നു അവരുടെ ചോദ്യം.വൈകിട്ട് 4.00 മണി വരെ ഉച്ചഭക്ഷണം തുടര്‍ന്നു. പ്രസിഡണ്ടിന്റെ വസതി അതിമനോഹരമാണ്.കടലിന്റെ തീരത്താണ് വീട്. ഉച്ചഭക്ഷണത്തിന് ശേഷം രാജീവടക്കം ഞങ്ങള്‍ കടല്‍തീരത്തേക്ക് പോയി.പ്രസിഡണ്ട് ജയവര്‍ധനെ ക്ഷണിച്ച് കൊണ്ടു പോയതാണ്.വിദേശകാര്യമന്ത്രി നരസിംഹ റാവുവും സഹമന്ത്രിയായ ഞാനും ഒരുമിച്ചായിരുന്നു നടന്നത് .ഞാന്‍ പെട്ടെന്ന് നോക്കുമ്പോള്‍ രാജീവിനെ നിരവധി പേര്‍ വലയം ചെയ്തിരിക്കുന്നു.ഉന്നത ഉദ്യോഗസ്ഥരുടെ വലയം.എന്താണ് അവിടെ നടക്കുന്നതെന്ന് നരസിംഹ റാവു എന്നോട് ചോദിച്ചു.ഞാന്‍ അന്വേഷിക്കാനായി ചെന്നു.സര്‍ ,എനിക്ക് രണ്ട് മിനുട്ട് അങ്ങയോട് സംസാരിക്കാന്‍ കഴിയുമോ ? എന്ന് ഞാന്‍ രാജീവിനോട് ചോദിച്ചു.അദ്ദേഹം സമ്മതിച്ചു.ഞങ്ങള്‍ മാറി നിന്നു സംസാരിച്ചു.സര്‍ ,എന്താണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു.ജയവര്‍ധനെ തന്നോട് ഇന്ത്യന്‍ സൈന്യത്തെ ശ്രീലങ്കയിലേക്ക് അയക്കാന്‍ ആവശ്യപ്പെടുന്നുവെന്നും അല്ലെങ്കില്‍ ശ്രീലങ്കയില്‍ അന്ന് രാത്രി ഭരണഅട്ടിമറി നടന്നേക്കുമെന്നാണ് അദ്ദേഹം ആശങ്കപ്പെടുന്നതെന്നും രാജീവ് എന്നെ അറിയിച്ചു.അപ്പോള്‍ ഞാന്‍ പറഞ്ഞു :നമ്മള്‍ ഇന്ന് രാത്രിയില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.എന്നിട്ട് നാളെ രാവിലെ മന്ത്രിസഭാ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണ്.അപ്പോള്‍ രാജീവ് ഞെട്ടിച്ചു കൊണ്ട് പറഞ്ഞു :ഐ ആള്‍റെഡി എഗ്രീഡ്. !വലിയ ഒരു തീരുമാനം ആലോചനയില്ലാതെ കൈക്കൊണ്ടിരിക്കുന്നു.സര്‍, ഭരണ അട്ടിമറി ശ്രീലങ്കയുടെ വിഷയമാണ്,നമ്മളെ അത് ഒരു തരത്തിലും ബാധിക്കില്ല.ജയവര്‍ധനെയുടെ പ്രശ്നം നമ്മുടെ പ്രശ്നമല്ല.അപ്പോള്‍ രാജീവ് ആവര്‍ത്തിച്ചു :ഞാന്‍ സൈന്യത്തെ അയക്കാമെന്ന് പറഞ്ഞു കഴിഞ്ഞു. രാജീവിന്റെ നിലപാട് കേട്ട് പി.വി.നരസിംഹറാവു തകര്‍ന്നു പോയി. പക്ഷെ പി.വി.ഒന്നും പറഞ്ഞില്ല.നരസിംഹ റാവു ഒരു മോശം വിദേശകാര്യമന്ത്രിയും ഉഗ്രന്‍ പ്രധാനമന്ത്രിയുമായിരുന്നു.(പി.വി.വാസ് എ ബാഡ് ഫോറിന്‍ മിനിസ്റ്റര്‍,ബട്ട് എ വണ്ടര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍).അങ്ങനെ ശ്രീലങ്കയുടെ വംശീയ പ്രശ്‌നത്തില്‍ ഇന്ത്യ അനാവശ്യമായി എടുത്തു ചാടി.

പി. വി നരസിംഹറാവു

എന്നാല്‍ ചൈനയുമായുള്ള ബന്ധം രാജീവിന്റെ കാലത്ത് മെച്ചപ്പെട്ടു എന്ന് താങ്കള്‍ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.അനുഭവ സമ്പന്നനായ നെഹ്രുവിന് പിശക് പറ്റിയ വിഷയത്തില്‍ പരിചയസമ്പന്നനല്ലാത്ത രാജീവ് എങ്ങനെയാണ് മിടുക്ക് കാട്ടിയത് ?

ചൈനയുമായി മികച്ച ബന്ധം സൃഷ്ടിക്കുന്നതില്‍ രാജീവ് സമ്പൂര്‍ണ വിജയമായിരുന്നു.രാജീവിന്റെ ചൈനാ സന്ദര്‍ശനം പരിപൂര്‍ണ വിജയമായിരുന്നു.പ്രധാനമന്ത്രിയായി ചുമതലയേറ്റ ഉടന്‍ രാജീവിനോട് അദ്ദേഹത്തിന്റെ വിദേശകാര്യ മുന്‍ഗണനകള്‍ എന്തൊക്കെയാണ് എന്ന് ഞാന്‍ ചോദിച്ചു.താങ്കളുടെ മുന്‍ഗണനകള്‍ എന്തൊക്കെയാണ് എന്ന മറുചോദ്യമായിരുന്നു ഉത്തരം.ചൈനയുമായി നമ്മള്‍ ചര്‍ച്ച പുനരാരംഭിക്കണമെന്നതാണ് എന്റെ അഭിപ്രായമെന്ന് ഞാന്‍ പറഞ്ഞു. മുപ്പത് വര്‍ഷങ്ങളായി ചൈനയുമായി ഒരു ചര്‍ച്ചയും നടക്കുന്നുണ്ടായിരുന്നില്ല. ചര്‍ച്ചക്ക് താല്‍പര്യമുണ്ടെന്ന് ചൈന പല സൂചനകളും തന്നിരുന്നു. എന്നാല്‍ നരസിംഹ റാവു ഉള്‍പ്പടെ പലരും ചൈനയുമായി ചര്‍ച്ചക്ക് എതിരായിരുന്നു.എല്ലാവരും എതിര്‍പ്പുയര്‍ത്തുന്ന സാഹചര്യത്തില്‍ നമ്മള്‍ എന്തു ചെയ്യുമെന്നായി രാജീവ്.ചൗ എന്‍ ലായി ഉണ്ടാക്കിയ സമ്മര്‍ദ്ദം നെഹ്രുവിനെ കൊന്നുവെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.സര്‍,ഇതല്ല നമ്മുടെ വിദേശകാര്യ നയം.ചൗ എന്‍ ലായിയാണ് നെഹ്രുവിനെ കൊന്നതെന്ന് നമുക്ക് എങ്ങനെ അറിയാമെന്ന് ഞാന്‍ ചോദിച്ചു.അതോടെ രാജീവിന്റെ സംഘം അദ്ദേഹത്തിന് ചുറ്റും കൂടി. രാജീവ് ചൈനയുമായി ചര്‍ച്ചക്ക് പോകരുതെന്ന് അവര്‍ ശഠിച്ചു.മാസങ്ങള്‍ അങ്ങനെ നീങ്ങി.ഞാന്‍ എന്റെ നിലപാട് തുടര്‍ന്നു.ഒടുവില്‍, അദ്ദേഹത്തെ കാര്യങ്ങള്‍ ബോധിപ്പിക്കുന്നതില്‍ ഞാന്‍ വിജയിച്ചു.അങ്ങനെ അദ്ദേഹം ചൈനയില്‍ പോകാന്‍ തീരുമാനിച്ചു.പോകുന്നതിന് മുമ്പ് രാജീവിന് കാര്യങ്ങള്‍ പൂര്‍ണമായും ഞാന്‍ ബ്രീഫ് ചെയ്തു.ശ്രദ്ധയോടെ അതെല്ലാം അദ്ദേഹം കേട്ടു.വളരെ തയ്യാറെടുപ്പുകളോടെയാണ് രാജീവ് ചൈനയില്‍ പോയത്.1988 ഡിസംബര്‍ 18 ന്.സംഘത്തില്‍ എന്നെ കൂടാതെ പി.വി.നരസിംഹറാവു,ദിനേഷ് സിംഗ്,ബി.ശങ്കരാനന്ദ്,വിദേശകാര്യ സെക്രട്ടറി കെ.പി.എസ് മേനോന്‍ എന്നിവരുണ്ടായിരുന്നു.ഞങ്ങള്‍ ബീജിംഗില്‍ വിമാനമിറങ്ങിയപ്പോള്‍ അവിടെ ഞങ്ങളെ സ്വീകരിക്കാന്‍ ഉന്നതര്‍ ആരും ഉണ്ടായിരുന്നില്ല.ലോഹസംസ്‌കരണ വകുപ്പ് മന്ത്രിയാണ് സ്വീകരിക്കാനെത്തിയത്.തണുത്ത സ്വീകരണം.ഇതെന്ത് പറ്റി ?രാജീവ് അത്ഭുതപ്പെട്ടു.ഞാനും ആശ്ചര്യപ്പെട്ടു.മാത്രമല്ല,അടുത്ത ദിവസം ചൈനയിലെ പത്രങ്ങള്‍ രാജീവിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ഒരു വരി പോലും കൊടുത്തില്ല ! രാജീവ് അതിലും ആശങ്കപ്പെട്ടു.എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല.സാധാരണ നിലയില്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയെത്തുമ്പോള്‍ പത്രങ്ങളില്‍ ഒന്നാം പേജ് വാര്‍ത്തയാകേണ്ടതാണ്.പ്രധാനമന്ത്രി അടക്കം ഉന്നത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍, ചെയര്‍മാന്‍ Deng Xiapong മായുള്ള കൂടിക്കാഴ്ച വന്‍ വിജയമായി.അടുത്ത ദിവസം പത്രങ്ങളുടെ ഒന്നാം പേജില്‍ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത അതായിരുന്നു.ടെലിവിഷന്‍,റേഡിയോ എന്നിവയിലും പ്രധാനവാര്‍ത്തയായി.അതൊരു വന്‍വിജയം തന്നെയായിരുന്നു.അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഇപ്പോള്‍ തല്‍സ്ഥിതി തുടരുക,എന്നാല്‍ അതിര്‍ത്തിയിലൂടെ വ്യാപാരം,ജനബന്ധം,വിദ്യാര്‍ഥികളുടെ പ്രവേശനം തുടങ്ങിയവയ്ക്ക് വഴിയൊരുക്കുക എന്ന നിലയില്‍ ഇരുരാജ്യങ്ങളും ധാരണയുണ്ടാക്കി.അത് വലിയ വിജയമായിരുന്നു.

രാജീവിന്റെ മരണശേഷം അടുത്ത നേതാവാര് എന്നത് കോണ്‍ഗ്രസിലും പുറത്തും വലിയ ആശയക്കുഴപ്പമുണ്ടാക്കിയ ചോദ്യമായിരുന്നു. നരസിംഹ റാവു എന്ന ഉത്തരം എങ്ങനെയാണ് കണ്ടെത്തിയത് ?

പ്രധാനമന്ത്രിയായിരിക്കുമ്പോഴല്ല രാജീവ് മരിച്ചത്.എന്നിട്ടും നിരവധി ലോകനേതാക്കള്‍ അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തു.ആഗോളതലത്തില്‍ രാജീവുണ്ടാക്കിയ സാന്നിധ്യത്തിന്റെ ഫലമായിരുന്നു അത്.മടങ്ങുന്നതിന് മുമ്പ് ഈ നേതാക്കളെല്ലാവരും സോണിയയുടെ അടുത്ത് വന്നു.അവരെല്ലാവരും സോണിയയെ ആശ്വസിപ്പിച്ചു.ഞാനായിരുന്നു അപ്പോള്‍ സോണിയയുടെ അടുത്ത് ഉണ്ടായിരുന്നത്.സോണിയ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കണമെന്ന് ബെനസീര്‍ ഭൂട്ടോ സോണിയയോട് പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.എന്നാല്‍,അവരെല്ലാവരും മടങ്ങിയ ശേഷം ഞാന്‍ സോണിയയോട് സംസാരിച്ചു.സോണിയ നേതൃത്വത്തിലേക്ക് ഇല്ലെന്ന് സ്വയം വ്യക്തമാക്കിയ സാഹചര്യത്തില്‍ ,നേതൃത്വം ആര് വഹിക്കണമെന്ന കാര്യത്തില്‍ അവര്‍ മുന്‍ഗണന വ്യക്തമാക്കണമെന്ന് ഞാന്‍ പറഞ്ഞു.കാരണം അത് വളരെ പ്രധാനപ്പെട്ട വിഷയമാണ്.ഇക്കാര്യത്തില്‍ എന്റെ ഉപദേശം സ്വീകരിക്കരുത്.പി.എന്‍.ഹക്സറോട് ചോദിക്കണമെന്നും ഞാന്‍ നിര്‍ദേശിച്ചു.ഹക്സറിന് ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ നെഹ്രു കുടുംബവുമായി അടുപ്പമുണ്ട്.ഹക്സറടക്കം എല്ലാവരുമായും സോണിയ ചര്‍ച്ച നടത്തി.അരുണാ ആസഫലിയോടും എന്നോടും ശങ്കര്‍ ദയാല്‍ ശര്‍മയെക്കാണാന്‍ ഹക്സര്‍ നിര്‍ദേശിച്ചു.ഞങ്ങള്‍ പോയി ശങ്കര്‍ ദയാല്‍ ശര്‍മയെ കണ്ടു. നേതൃത്വ പദവിയിലേക്ക് താനില്ലെന്ന് അദ്ദേഹം പറഞ്ഞു.തനിക്ക് പ്രായാധിക്യം ബാധിച്ചിരിക്കുന്നു.പാര്‍ട്ടി നേതൃത്വവും ഭരണ നേതൃത്വവും 24 മണിക്കൂര്‍ സമയ ജോലിയാണ്.തന്റെ ആരോഗ്യം അതിന് അനുവദിക്കില്ല എന്ന് അദ്ദേഹം ഞങ്ങളെ അറിയിച്ചു. ഞങ്ങള്‍ ആശ്ചര്യപ്പെട്ടു പോയി. പ്രധാനമന്ത്രിയാകാനുള്ള അവസരം ഒരാള്‍ സ്വയം വേണ്ടെന്ന് വയ്ക്കുന്നു !ഞങ്ങള്‍ തിരിച്ചു വന്നു.വീണ്ടും ചര്‍ച്ചയായി.ഹക്സറുെട നിര്‍ദേശപ്രകാരം സോണിയ ,നരസിംഹ റാവുവിനെ വിളിച്ചു.പി.വി തന്റെ പെട്ടിയെല്ലാം റെഡിയാക്കി ഹൈദരാബാദിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.രാജ്യസഭാംഗത്വം രാജീവ് ഗാന്ധി നിഷേധിച്ചതിന്റെ പരിഭവത്തിലായിരുന്നു റാവു അന്ന്.താനിവിടെ ആരുമല്ല.ആരും തന്നോട് ഒന്നും ചോദിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മട്ട്.പക്ഷെ,കാലം റാവുവിന് കാത്തു വച്ചത് മറ്റൊന്നായിരുന്നു.നാട്ടിലേക്ക മടങ്ങാന്‍ ഒരുങ്ങി നിന്ന റാവു പ്രധാനമന്ത്രിയായി! എന്നാല്‍ ഒന്നുണ്ട്,റാവു മികച്ച പ്രധാനമന്ത്രിയായിരുന്നു.

എന്നാല്‍ അതിന് ശേഷം സോണിയ-റാവു ബന്ധത്തില്‍ കടുത്ത വിള്ളല്‍ വീണു.എന്താണ് കാരണം ?

അവര്‍ക്കിടയില്‍ ടെറിബിള്‍ റിഫ്റ്റ് ഉണ്ടായി.ഒരു ദിവസം പി.വി.എന്നെ വിളിച്ചു.സോണിയ എന്നോട് പെരുമാറുന്നത് കാണുന്നില്ലേ.ഞാന്‍ അവരോട് എന്ത് തെറ്റാണ് ചെയ്തത് എന്ന് അദ്ദേഹം ചോദിച്ചു.എന്താ വിഷയമെന്ന് ഞാന്‍ ആരാഞ്ഞു.അവരുടെ പെരുമാറ്റം എന്റെ ആരോഗ്യത്തെ പോലും ബാധിക്കുന്നുവെന്ന് റാവു.ആരുടെ കാര്യമാണ് പറയുന്നതെന്ന് ഞാന്‍.സോണിയ,അല്ലാതെ വേറെ ആര് ?എന്തിനാണ് അവര്‍ ഇങ്ങനെ പെരുമാറുന്നതെന്ന് റാവു തുടര്‍ന്ന് ചോദിച്ചു.അക്കാലത്ത് എല്ലാ ദിവസവും സോണിയയെ ഞാന്‍ കാണുമായിരുന്നു.പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു.രാജീവ് വധക്കേസ് അന്വേഷണം കാര്യമായി നീങ്ങുന്നില്ല എന്ന തോന്നല്‍ സോണിയക്കുണ്ടെന്ന് ഞാന്‍ റാവുവിനോട് പറഞ്ഞു.അത് ശരിയല്ല,കേസന്വേഷണത്തിന്റെ പുരോഗതി അപ്പഴപ്പോള്‍ അറിയിക്കുന്നുണ്ട്.ആഭ്യന്തര സഹമന്ത്രി ചിദംബരത്തെ ഫയലുമായി ഞാന്‍ അവരുടെ അടുത്ത് അയക്കാറുണ്ട്.

ആഭ്യന്തരമന്ത്രി എസ്.ബി.ചവാനെ അവരുടെ അടുത്ത് അയക്കാറുണ്ട്.ഞാന്‍ തന്നെ നേരിട്ട് ചെല്ലാറുണ്ട്.എന്നാല്‍ അവര്‍ ഒന്നും പറയാറില്ല.ഞാന്‍ എന്ത് ചെയ്യാനാണ്.നമ്മള്‍ നമ്മളെകൊണ്ട് ചെയ്യാവുന്നതില്‍ ഏറ്റവും മികച്ചത് ചെയ്യുന്നു.ഇതൊരു ജുഡീഷ്യല്‍ പ്രോസസാണ്.നമുക്ക് തിടുക്കപ്പെട്ട് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് റാവു പരിഭവിച്ചു.പക്ഷെ, സോണിയയും നരസിംഹറാവുവും തമ്മിലുള്ള ബന്ധം പിന്നീട് മെച്ചപ്പെട്ടില്ല.പി.വി.വളരെ ശാന്തനായ വ്യക്തിയായിരുന്നു.സ്വന്തം കാര്യങ്ങള്‍ക്കായി സ്വയം ഇടിച്ചു കയറുന്ന ആളായിരുന്നില്ല.അധികാരലോകത്ത് അത് ഒരു പരിമിതിയാണ്. എന്നിട്ടും അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ തന്റെ കാലാവധി പൂര്‍ത്തിയാക്കി.ആ കാലയളവ് കൊണ്ട് ഡോ.മന്‍മോഹന്‍ സിംഗ് ഈ രാജ്യത്തെ സാമ്പത്തികമായി പുതുക്കി പണിതു.അതുവരെ രാജ്യം പിന്തുടര്‍ന്നിരുന്ന സാമ്പത്തിക നയങ്ങള്‍ മന്‍മോഹന്‍ സിംഗ് മാറ്റിയെഴുതി.അതിന് എല്ലാ പിന്തുണയും നല്‍കി റാവു ഒപ്പം നിന്നു.

സോണിയയുമായി താങ്കള്‍ക്ക് ദീര്‍ഘകാലം വളരെ അടുപ്പമുണ്ടായിരുന്നു.എന്നാല്‍ റാവുവിനെപ്പൊലെ താങ്കളും പിന്നീട് അകന്നു.സോണിയയെക്കുറിച്ചുള്ള വിലയിരുത്തല്‍ എന്താണ് ?

പ്രധാനമന്ത്രി അല്ലാതിരുന്നിട്ടും സോണിയ ഇന്ത്യയിലെ പ്രധാന നേതാവാണ്.അവരുടെ മുഖം രാജ്യത്തിന് മുഴുവന്‍ പരിചിതമാണ്.മോദി കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് ഏറ്റവും പരിചിതമായ മുഖം.എല്ലാവരും അവരെ തിരിച്ചറിയും,പ്രധാനമന്ത്രിയാകാതെ തന്നെ.അത് വലിയ കാര്യമല്ലേ ?വിദേശത്തു നിന്ന് ഒരു വനിത ഇന്ത്യയിലെത്തുന്നു,ഇന്ത്യക്കാരിയായി ജീവിക്കുന്നു,ഹിന്ദിയില്‍ സംസാരിക്കുന്നു.പണ്ട് സോണിയക്ക് ഹിന്ദി സംസാരിക്കാന്‍ കഴിയുമായിരുന്നില്ല.ഇപ്പോള്‍ ഹിന്ദിയില്‍ അസാധാരണമായ പാടവമുണ്ട്. കഠിനാധ്വാനിയാണ്.ഷീ ഈസ് ഡിഗ്‌നിഫൈഡ്.മൗനത്തിന്റെ പ്രാധാന്യം സോണിയക്ക് നന്നായി അറിയാം.അത് അവര്‍ ഇന്ദിരയില്‍ നിന്ന് പഠിച്ചതാണ്.കേള്‍ക്കുക,ഒന്നും പ്രതികരിക്കാതിരിക്കുക.പലരും സോണിയയുടെ അടുത്ത് ചെന്ന് ഞാന്‍ അത് ചെയ്തു,ഇത് ചെയ്തു എന്നൊക്കെ വീമ്പടിക്കും.അവര്‍ അത് കേള്‍ക്കും.പക്ഷെ ഒന്നും പറയില്ല.അതാണ് സോണിയയുടെ ശക്തി.

സോണിയയും താങ്കളും അകലാന്‍ എന്താണ് കാരണം ?

എനിക്ക് സോണിയാ ഗാന്ധിയുമായി നല്ല ബന്ധമായിരുന്നു.അക്കാലത്ത് ഞാന്‍ എല്ലാ ദിവസവും സോണിയയെ കാണുമായിരുന്നു.4-5 മണിക്കൂര്‍ സംസാരിക്കുമായിരുന്നു.അവരോടൊപ്പം വിദേശയാത്രകളില്‍ ഞാനുണ്ടാകുമായിരുന്നു.അത് മറ്റുള്ളവരില്‍ സ്വാഭാവികമായും അസൂയ ജനിപ്പിക്കുമല്ലോ.ഇത് അധികാരത്തിന്റെ കളിയാണ്..ഇറാഖില്‍ ഐക്യരാഷ്ട്ര സഭ നടപ്പാക്കിയ ഓയില്‍ ഫോര്‍ ഫുഡ് പ്രോഗ്രാമിനെക്കുറിച്ച് അന്വേഷിച്ച വോള്‍ക്കര്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് എനിക്ക് മന്ത്രിസ്ഥാനമൊഴിയേണ്ടി വന്നത്.റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ ഞാന്‍ മോസ്‌കോയിലായിരുന്നു.ചിലര്‍ ആ അവസരം ഉപയോഗിച്ചു.ആ സമയത്ത് ഡല്‍ഹിയില്‍ അംബികാ സോണി ഒരു പ്രസ്താവന നടത്തി.കോണ്‍ഗ്രസ് ക്ലീനാണ്,നട്വര്‍ സിംഗാണ് കുഴപ്പം എന്ന മട്ടില്‍.മാത്രമല്ല,ഞാന്‍ മോസ്‌കോയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തും മുമ്പ് തന്നെ സോണിയയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു.ഞാന്‍ പണം വാങ്ങിയെന്ന് സോണിയയോട് നുണപറഞ്ഞ് ധരിപ്പിച്ചു.ഒരു തെളിവുമില്ലാത്ത ആരോപണമായിരുന്നു.എന്നാല്‍ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ , രാജിവയ്ക്കാന്‍ ഞാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു.നിങ്ങള്‍ എന്തു കൊണ്ടാണ് സോണിയയെ കണ്ട് മാപ്പ് ചോദിക്കാത്തതെന്ന് മന്‍മോഹന്‍ സിംഗ് ചോദിച്ചു.ഞാന്‍ പോകില്ല.ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്.ഞാന്‍ എന്തിനാണ് മാപ്പ് ചോദിക്കേണ്ടതെന്ന് തിരിച്ചു ചോദിച്ചു.അയാം നോട്ട് യു,അയാം വെരി ടഫ് ചാപ് എന്നും മന്‍മോഹന്‍ സിംഗിനോട് ഞാന്‍ തുടര്‍ന്നു പറഞ്ഞു.ഞാന്‍ രാജിവച്ചിറങ്ങി.എന്നാല്‍ എന്റെ ആത്മകഥയായ വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായപ്പോള്‍ എന്നെ കാണാന്‍ സോണിയ എന്റെ വീട്ടില്‍ വന്നു.സോണിയയും പ്രിയങ്കയും കൂടിയാണ് വന്നത്. പുസ്തകം കണ്ട് അവര്‍ ഭയന്നു പോയി.ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമോയെന്നായിരുന്നു അവര്‍ക്ക് പേടി.ഞാന്‍ പറഞ്ഞു ,ഞാന്‍അത്തരക്കാരനല്ല,നിങ്ങള്‍ എന്ത് കൊണ്ടാണ് ഇവിടെ വന്നതെന്ന് എനിക്കറിയാം.നിങ്ങള്‍ ഭയപ്പെടുന്ന ഭാഗങ്ങള്‍ ഞാന്‍ എഴുതില്ല.അക്കാര്യത്തില്‍ ഞാന്‍ ഉറപ്പ് കൊടുത്തു.ഞാന്‍ ഇതുവരെ എഴുതിയിട്ടില്ല.അതൊരു വിശ്വാസത്തിന്റെ വിഷയമാണ്.ഞാന്‍ എഴുതില്ല.എന്നാല്‍ എന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി പുസ്തകം എഴുതുമെന്ന് സോണിയ പൊതുവേദികളില്‍ വെല്ലുവിളിച്ചിരുന്നു.എന്നാല്‍ എഴുതു,അതിന് മറുപടി ഞാന്‍ എഴുതുമെന്ന് തിരിച്ചും പ്രതികരിച്ചു.അവര്‍ക്ക് എഴുതാന്‍ കഴിയില്ലെന്ന് എനിക്കറിയാം.എങ്ങനെ എഴുതും ?എല്ലാ കാര്യങ്ങളും സോണിയക്ക് അറിയാം.ആ നിലയ്ക്ക് ഒന്നും എഴുതാന്‍ കഴിയില്ല.ഇതുവരെ അത്തരത്തില്‍ ഒരു പുസ്തകം പുറത്തു വന്നിട്ടില്ല.

ഗുലാം നബിക്കൊപ്പം സോണിയ ഗാന്ധി

കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുടെ പരമ്പരയാണ്.ഗുലാം നബി ആസാദും രാജിവച്ചു.നേതാക്കളുടെ നിര പുറത്തേക്ക് പോകാന്‍ കാത്ത് നില്‍ക്കുന്നു.എന്താണ് യഥാര്‍ഥ പ്രശ്നം ?രാഹുല്‍ ഗാന്ധിയാണ് പ്രശ്നമെന്ന് ആസാദ് പറയുന്നു.എന്ത് തോന്നുന്നു ?

കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ എനിക്ക് രാഹുലിനെ അറിയാം.അതിനാല്‍ രാഹുലിനെക്കുറിച്ച് വ്യക്തിപരമായി എന്തെങ്കിലും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.എനിക്കും ഗുലാം നബിക്കും തമ്മില്‍ ദീര്‍ഘകാലത്തെ പരിചയമുണ്ട്.ഞങ്ങള്‍ക്ക് പരസ്പരം ആഴത്തില്‍ അറിയാം.ഗുലാം നബി ഒരു നല്ല നേതാവാണ്.വളരെ പരിചയ സമ്പന്നനായ ,വളരെ അന്തസ്സോടെ പ്രവര്‍ത്തിക്കുന്ന നേതാവാണ്.അദ്ദേഹത്തിനെതിരെ ഒരു അഴിമതി ആരോപണവും നിലവിലില്ല.എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്.എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കണം.വളരെ കുറച്ച് നേതാക്കള്‍ മാത്രമേ കാശ്മിരീല്‍ നിന്ന് അദ്ദേഹത്തോടൊപ്പം ചേര്‍ന്നിട്ടുള്ളു.വലിയ നേതാക്കളാരും ചേര്‍ന്നിട്ടില്ല.അതാണ് അദ്ദേഹം നേരിടുന്ന പ്രതിസന്ധി.ദേശീയ തലത്തില്‍ നിന്ന് ആരും ആസാദിനൊപ്പം പോയിട്ടില്ല.500 കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തോടൊപ്പം പോയെങ്കില്‍ അത് വലിയ ഗുരുതര വിഷയമാണ്.അത് വ്യത്യസ്തമായ വിഷയമായി മാറിയേനെ.അങ്ങനെ വലിയ കുത്തൊഴുക്കുണ്ടായാല്‍ നെഹ്രു കുടുംബത്തിന് ക്ഷീണമാകും.ബട്ട് ദെയര്‍ ഈസ് നോ റഷ് !

ഗുലാം നബിയുടേത് തിടുക്കത്തിലുള്ള തീരുമാനമായിരുന്നോ ?

അങ്ങനെ പറയാന്‍ കഴിയില്ല.പാര്‍ട്ടിയില്‍ താന്‍ പൂര്‍ണമായി ഒഴിവാക്കപ്പെടുന്നു എന്ന് അദ്ദേഹം രാജിക്കത്തില്‍ എഴുതിയിട്ടുണ്ടല്ലോ.ഇന്ദിരാഗാന്ധിയോടും സഞ്ജയ് ഗാന്ധിയോടും രാജീവിനോടും സോണിയയോടും അടുപ്പമുള്ള നേതാവാണ് ഗുലാം നബി. പൊടുന്നനെ രാഹുലും ആസാദും തമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുക്കുന്നു.രാജിയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്ന് അതോടെ ഗുലാം നബി പറയുന്നു.വളരെ ശക്തമായ കത്താണ് ആസാദ് എഴുതിയത്.

കത്തിലെ ഉള്ളടക്കം ന്യായീകരിക്കത്തക്കതാണോ ?

ഗുലാം നബിയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍,അതെ.

കോണ്‍ഗ്രസിന്റെ യഥാര്‍ഥ പ്രശ്നമെന്താണ് ?താങ്കളെപ്പോലെ അനുഭവ സമ്പന്നനായ ഒരാള്‍ക്കാണ് ഇത് പറയാന്‍ കഴിയുക.

ഞാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അംഗം അല്ലാത്തതിനാല്‍ എനിക്ക് ഇപ്പോള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് ഡയറക്ട് ഇന്‍ഫര്‍മേഷന്‍സ് ഇല്ല.അതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് നേരിട്ട് അറിവില്ല.എങ്കിലും ചില നേതാക്കള്‍ എന്നെ കാണാന്‍ ഇപ്പോഴും വരാറുണ്ട്.അവര്‍ പറഞ്ഞ് ചില കാര്യങ്ങള്‍ അറിയാം.രാഹുല്‍ എല്ലാവര്‍ക്കും ആക്സസിബിള്‍ അല്ല എന്നതാണ് പ്രധാന പ്രശ്നമായി എനിക്ക് തോന്നുന്നത്.നേരിട്ട് കാണാനോ സമീപിക്കാനോ കഴിയുന്നില്ല.സോണിയയെ കാണാന്‍ കഴിയുന്നില്ലെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല.രാജീവിനെയും ഇന്ദിരയെയും നെഹ്രുവിനെയും കാണാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ടായിരുന്നില്ല. ഇന്ദിരാജി എല്ലാ ദിവസവും രാവിലെ മുന്നൂറോളം പേരെ നേരില്‍ കാണുമായിരുന്നു.അക്കാലത്ത് വിദേശപ്രതിനിധികളെയും കൊണ്ട് ഞാന്‍ പലപ്പോഴും ഇന്ദിരയെ കാണാന്‍ പോകുമായിരുന്നു.എന്നാല്‍,ഏതെങ്കിലും പാര്‍ലമെന്റംഗങ്ങളോ പാര്‍്ട്ടി നേതാക്കളോ വന്നാല്‍ അവര്‍ക്കായിരിക്കും ഇന്ദിരാജി മുന്‍ഗണന നല്‍കുക. വിദേശപ്രതിനിധികളോട് കാത്തിരിക്കാന്‍ പറയും. രാഹുലിന്റെ കാലമെത്തിയപ്പോള്‍ ഇതൊക്കെ ഇല്ലാതായെന്ന് നേതാക്കള്‍ പറയുന്നു. എനിക്ക് നേരിട്ട് അനുഭവമില്ല.ഞാന്‍ രാഹുലിനെ കണ്ടിട്ട് വര്‍ഷങ്ങളായി.ബട്ട് ദ ജനറല്‍ ഇംപ്രഷന്‍ ഈസ് ദാറ്റ് ഹി ഈസ് നോട്ട് ആക്സസിബിള്‍.ബട്ട് പൊളിറ്റിഷ്യന്‍ ഹാസ് ടു ബി ആക്സസിബിള്‍.പ്രത്യേകിച്ച് സീനിയര്‍ നേതാക്കള്‍ കാണാന്‍ വരുമ്പോള്‍, കാണാന്‍ പറ്റില്ല എന്ന് പറയരുത്. അതാണ് പ്രധാന പരാതിയെന്ന് തോന്നുന്നു. ഇതൊക്കെ മാറ്റി വച്ചാല്‍ രാഹുല്‍ ഒരു നല്ല വ്യക്തിയാണ്.ആരാണ് അദ്ദേഹത്തിന്റെ ഉപദേശകര്‍ എന്ന് എനിക്ക് അറിയില്ല.

പക്ഷെ നേതൃത്വ പദവി ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറാകുന്നില്ല.എന്നിട്ടും രാഹുല്‍ തന്നെ പിന്നില്‍ നിന്ന് പാര്‍ട്ടിയെ നയിക്കുന്നു.എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും കൈക്കൊള്ളുന്നു.ഇതൊക്കെയാണ് ആരോപണങ്ങള്‍. ഇത് ശരിയാണോ ?

പ്രസിഡണ്ട് പദം വഹിക്കുന്ന അമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ടാണ് രാഹുല്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് തോന്നുന്നു.പക്ഷെ ഒരു കാര്യമുണ്ട്,എല്ലാവരും കോണ്‍ഗ്രസിനെ കുടുംബപാര്‍ട്ടിയെന്ന് ആക്ഷേപിക്കുന്നു.എന്നാല്‍ ഈ കുടുംബത്തെ മാറ്റി നിര്‍ത്തിയാല്‍ പാര്‍ട്ടി നേതൃത്വം ആര് ഏറ്റെടുക്കും എന്ന വലിയ ചോദ്യമുണ്ട്. മറ്റാരെ തിരഞ്ഞെടുത്താലും അവര്‍ രാഹുലിനോട് കടപ്പെട്ടവരായിരിക്കും.അവര്‍ അദ്ദേഹത്തോട് വിധേയരായിരിക്കും.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഒരു നേതാവിന്റെ പേരില്‍ ഒരിക്കലും ഒരുമിക്കില്ല എന്നതാണ് മറ്റൊരു കാര്യം.നിരവധി അവകാശവാദക്കാരുണ്ടാകും.ഇത് കോണ്‍ഗ്രസിന് മാത്രമല്ല,രാജ്യത്തിനും നല്ലതല്ല.കാരണം രാജ്യത്തിന് കരുത്തുറ്റ കോണ്‍ഗ്രസ് പാര്‍ട്ടിയെ ആവശ്യമാണ്.പ്രതിപക്ഷത്തെ രൂപപ്പെടുത്താന്‍ കോണ്‍ഗ്രസിനേ കഴിയു. എന്താണ് നിങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നമെന്ന് ഒരിക്കല്‍ ഞാന്‍ പ്രധാനമന്ത്രി മോദിയോട് ചോദിച്ചു, ? രാജ്യത്ത് പ്രതിപക്ഷം ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷമില്ല. ഇത് ജനാധിപത്യത്തിന് നല്ലതല്ല. പ്രതിപക്ഷമാകാന്‍ ശേഷിയുള്ള ഒരെയൊരു പാര്‍ട്ടി കോണ്‍ഗ്രസാണ്.കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.മോദി പറയുന്നത് കേട്ട് ഞാന്‍ ആശ്ചര്യപ്പെട്ടു പോയി. ഇത് വലിയ വിഷയമാണ്. നിങ്ങള്‍ക്ക് പ്രതിപക്ഷമില്ലെങ്കില്‍ അത് വലിയ പ്രശ്നമാണ്.

കോണ്‍ഗ്രസിന്റെ പ്രശ്‌നം എങ്ങനെ പരിഹരിക്കും ?നെഹ്രു കുടുംബത്തിന് പുറത്തു നിന്ന് പ്രസിഡണ്ടുണ്ടായാല്‍ പരിഹരിക്കാന്‍ കഴിയുമോ ?

കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.അടിയന്തരാവസ്ഥ വലിയ പ്രതിസന്ധിയായിരുന്നു.എന്നാല്‍ അടിയന്തരാവസ്ഥ കഴിഞ്ഞിട്ട് ഇന്ദിര തിരിച്ചു വന്നു.എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ അതിലും വലിയ ഗുരുതരമായ ഒരു രാഷ്ട്രീയ പ്രതിസന്ധിയെയാണ് നേരിടുന്നത്.കാരണം രാജ്യത്ത് ഇപ്പോള്‍ വളരെ ശക്തമായ ഒരു സര്‍ക്കാരാണ് ഭരിക്കുന്നത്.അപ്പോള്‍ സാഹചര്യം വ്യത്യസ്തമാണ്.പ്രധാനമന്ത്രി പറഞ്ഞതു പോലെ രാജ്യത്ത് ഒരു പ്രതിപക്ഷം ആവശ്യമാണ്.എന്നാല്‍ കോണ്‍ഗ്രസ് പ്രതിപക്ഷമാകുന്നില്ല.

പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമോ ?

10 വര്‍ഷം മുമ്പ് പ്രിയങ്കയെ രാഷ്ട്രീയത്തില്‍ കൊണ്ടു വന്നിരുന്നെങ്കില്‍, അത്ഭുതകരമായ മാറ്റങ്ങളുണ്ടാകുമായിരുന്നു.എന്നാല്‍ അവരെ രാഷട്രീയത്തില്‍ ഇറക്കാന്‍ വളരെ വൈകിപ്പോയി.യു.പിയില്‍ പ്രിയങ്കക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പ്രിയങ്കക്ക് ഒത്തിരി അനുകൂല ഘടകങ്ങളുണ്ട്. നല്ല വ്യക്തിത്വം,നന്നായി സംസാരിക്കും. മുത്തശ്ശി ഇന്ദിരയുടെ ഓര്‍മ ഉണര്‍ത്തുന്ന രൂപമാണ്. പക്ഷെ യു.പിയില്‍ ഒന്നും സംഭവിച്ചില്ല. കാരണം രംഗപ്രവേശം വൈകിപ്പോയി.

(തുടരും)

Content Highlights: interview with natwar singh, manojmenon, nehru,rahul,indira gandhi,pakistan,srilanka


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented