നടക്കുന്നത് അടിയന്തരാവസ്ഥയില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങൾ- ജോൺ ബ്രിട്ടാസ്‌ | Interview


നിലീന അത്തോളി

7 min read
Read later
Print
Share

ഇവരുടെ ഐഡിയോളജിയെ എതിര്‍ക്കുന്നവരെയെല്ലാം നിശബ്ദമാക്കുക എന്നതാണ് ഇവരുടെ സ്ട്രാറ്റജി. വ്യത്യസ്ത അഭിപ്രായമുള്ളവരുടെ ലേഖനങ്ങള്‍ കൊടുക്കാന്‍ ഇന്ത്യയിലെ പത്രങ്ങള്‍ തയ്യാറാകരുതെന്ന മുന്നറിയിപ്പു കൂടിയാണിത്. ലേഖനത്തിന്റെ പേരില്‍ നോട്ടീസയക്കുന്നത് ചരിത്രത്തിലാദ്യമെന്നും ബ്രിട്ടാസ്

ജോൺ ബ്രിട്ടാസ്

ലേഖനമെഴുതിയതിന് രാജ്യസഭയുടെ അധ്യക്ഷന്‍ സഭാംഗത്തിന് നോട്ടീസ് അയക്കുക എന്നതൊക്കെ ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണെന്ന് എംപി ജോൺ ബ്രിട്ടാസ്. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് തനിക്കെതിരേ നടന്നത്. കേരളത്തെ കുറിച്ച് നടത്തിയ അമിത്ഷായുടെ പരാമര്‍ശത്തിന് ലേഖനത്തിലൂടെ മറുപടി നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. കേരളത്തിന് എതിരെ അമിത് ഷാ പറഞ്ഞത് രാജ്യദ്രോഹമാകാതിരിക്കുകയും താന്‍ അതിനെ വിമർശിച്ച് കേരളത്തെ പിന്തുണച്ച് സംസാരിച്ചത് രാജ്യദ്രോഹമാവുകയും ചെയ്യുന്നതാണ് അതിലെ തമാശയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ബ്രിട്ടാസ് ആശങ്കകൾ പങ്കുവെച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസിന് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹപരം ആണെന്ന പരാതിയിലാണ് നോട്ടീസ്. ഇതുമായി ബന്ധപ്പെട്ട് എംപി ജോൺ ബ്രിട്ടാസുമായി നടത്തിയ അഭിമുഖം വായിക്കാം

ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ അമിത്ഷായുടെ പ്രസ്താവനയെ വിമര്‍ശിച്ച് താങ്കളെഴുതിയ ലേഖനം രാജ്യദ്രോഹമെന്ന് പറഞ്ഞു ഒരാള്‍ പരാതി കൊടുത്ത സാഹചര്യത്തിലാണല്ലോ രാജ്യസഭ അധ്യക്ഷന്‍ താങ്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ഉണ്ടായ സംഭവം ഒന്ന് വിശദീകരിക്കാമോ?

പരാതിയുണ്ടെന്നും അത് സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്നും പറഞ്ഞാണ് രാജ്യസഭ സെക്രട്ടേറിയേറ്റ് എന്നെ വിളച്ചു വരുത്തുന്നത്. ചെയര്‍മാന്‍ വിളിക്കുന്നെന്ന് പറഞ്ഞാല്‍ എനിക്ക് പോകാതിരിക്കാനാവില്ലല്ലോ. ചെയര്‍മാന്‍ പരാതി അവതരിപ്പിക്കുകയും വിശദീകരണം ചോദിക്കുകയും ചെയ്തു. ലേഖനമെഴുതിയതിന് എംപി അംഗമായ രാജ്യസഭയുടെ അധ്യക്ഷന്‍ പരാതിയില്‍ നോട്ടീസ് അയക്കുക എന്നതൊക്കെ ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. കേരളത്തിന് എതിരെ അമിതാ ഷാ പറഞ്ഞത് രാജ്യദ്രോഹമാകാതിരിക്കുകയും ഞാന്‍ കേരളത്തെ പിന്തുണച്ച് സംസാരിച്ചത് രാജ്യദ്രോഹമാവുകയും ചെയ്യുന്നതാണ് അതിലെ തമാശ. ഇത്തരമൊരു പരാതി കൊടുക്കാന്‍ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് തോന്നുക, അങ്ങനെയൊരു പരാതി ഉണ്ടാക്കി കൊടുക്കുക, ആ പരാതിയുടെ മുകളില്‍ രാജ്യസഭാ സെക്രട്ടറിയേറ്റും രാജ്യസഭാ ചെയര്‍മാനും ചില ചുവടുവെപ്പുകള്‍ നടത്തുക. ഈ നടപടിക്രമങ്ങൾ ശരിക്കും അമ്പരപ്പിക്കുന്നതാണ് . എങ്ങോട്ടാണ് രാജ്യത്തിന്റെ പോക്കെന്ന അന്ധാളിപ്പിലാണ് ഞാനിപ്പോള്‍. കേരളത്തെ കുറിച്ച് നടത്തിയ അമിത്ഷായുടെ പരാമര്‍ശത്തിന് ലേഖനത്തിലൂടെ മറുപടി നല്‍കുക മാത്രമാണ് ഞാന്‍ ചെയ്തത്.

ജഗദീപ് ധൻകർ

നടപടിക്ക് വിധേയമായ പ്രസ്തുത ലേഖനം ഞാന്‍ വായിച്ചിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കുമിടയില്‍ ശത്രുത ഉണ്ടാക്കും വിധം അമിത് ഷാ സംസാരിച്ചുവെന്നും അത് 153 എ പ്രകാരം കുറ്റമാണെന്നും താങ്കള്‍ ചൂണ്ടിക്കാണിക്കുന്നതാണല്ലോ ലേഖനത്തിന്റെ ഉള്ളടക്കം. അങ്ങനെയെങ്കിൽ താങ്കളുന്നയിച്ച ആ വാദത്തെ താങ്കള്‍ക്ക് മേല്‍ കുറ്റമായി പ്രയോഗിക്കുന്ന ഒരു വലിയ വിരോധാഭാസമല്ലേ അവിടെ സംഭവിച്ചത്?

അതെ. ഇവരുടെ ഐഡിയോളജിയെ എതിര്‍ക്കുന്നവരെയെല്ലാം നിശബ്ദമാക്കുക എന്നതാണ് ഇവരുടെ സ്ട്രാറ്റജി. പാര്‍ലമെന്റില്‍ ഞാന്‍ സംസാരിക്കുന്നത് തന്നെ ഇവര്‍ക്ക് അലോസരമാണ്. പാര്‍ലമെന്റിലും പുറത്തും സംസാരിക്കാതെ നമ്മളെ നിശബ്ധരാക്കുക എന്നതാണ് ഇവരുടെ ഉദ്ദേശം. ഇത് എന്നെ മാത്രം ബാധിക്കുന്നതല്ല. സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി അഭിപ്രായമുള്ളവരുടെ ലേഖനങ്ങള്‍ കൊടുക്കാന്‍ ഇന്ത്യയിലെ പത്രങ്ങള്‍ തയ്യാറാകരുതെന്ന മുന്നറിയിപ്പു കൂടിയാണിത്. ക്രഡിബിളിറ്റിയുള്ള ഇംഗ്ലീഷ് പത്രത്തില്‍ വന്ന ലേഖനത്തിന്റെ പേരില്‍ കേന്ദ്രഭരണകക്ഷി ഒരു പരാതി സമര്‍പ്പിക്കുക, പരാതിയെച്ചൊല്ലി രാജ്യസഭാ ചെയര്‍മാന്‍ എന്നെ വിളിക്കുക എന്നതൊക്കെ അടിയന്തരാവസ്ഥകാലത്തുപോലും കേട്ടു കേള്‍വിയില്ലാത്ത കാര്യങ്ങളാണ്. ഇന്ത്യ എന്ന മഹത്തായ ജനാധിപത്യ രാജ്യത്ത് ഒരു പൗരന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ സവിശേഷത അഭിപ്രായ സ്വാതന്ത്ര്യമാണ്. അതാണ് നമ്മെ പൗരനാക്കുന്നത്. അത് വിനിയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു ജീവിയായി ജീവിക്കാം. അല്ലാതെ ഒരു പൗരനെന്ന പദവിയിലേക്ക് നമുക്ക് ഉയരാന്‍ സാധിക്കില്ല.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

പാര്‍ലമെന്റില്‍ അദാനിക്കെതിരേ പോലും പറയാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. നന്ദി പ്രമേയ ചര്‍ച്ചയുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്ക് 12 ഭേദഗതികള്‍ നല്‍കാം. അതില്‍ നാലോ അഞ്ചോ ഭേദഗതികളില്‍ അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കാത്തത് ന്യൂനതയാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ആ ഭേദഗതികളൊന്നും അംഗീകരിക്കാത്ത സ്ഥിതിവിശേഷമുണ്ടായി.

പരാതിയും നോട്ടീസും രാജ്യദ്രോഹത്തിനാണല്ലോ. ബിജെപിക്കും ബിജെപി സര്‍ക്കാരിനും എതിരേ സംസാരിക്കുന്നത് എങ്ങനെയാണ് രാജ്യദ്രോഹമാകുന്നതെന്നത് കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ. ആ അര്‍ഥത്തില്‍ ഈ വിഷയത്തില്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്ന് താങ്കള്‍ക്ക് പിന്തുണ ലഭിച്ചിരുന്നോ?

എന്നെ പലരും വിളിക്കുന്നുണ്ട്. എന്റെ വ്യക്തിപരമായ പ്രശ്‌നമല്ലല്ലോ. ഇതൊരു പ്രവണതയല്ലേ. ഇത്തരം വിഷയങ്ങളെ എങ്ങനെ നേരിടണമെന്നും പ്രതിരോധിക്കണമെന്നതും പ്രതിപക്ഷം മാത്രമല്ല മാധ്യമങ്ങളും ചിന്തിക്കേണ്ടതാണ്. മാധ്യമങ്ങള്‍ക്കുമുള്ള താക്കീതു കൂടിയാണ് ഈ സംഭവം. കാരണം ഒരു മാധ്യമത്തില്‍ എഴുതിയ ലേഖനമാണല്ലോ രാജ്യദ്രോഹമായി കണ്ടിരിക്കുന്നത്.

ദീര്‍ഘ കാലം മാധ്യമപ്രവര്‍ത്തകനും മാധ്യമമേഖലയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പദവിയിലും ഉണ്ടായിരുന്ന ആളാണ് അങ്ങ്. 2024ലെ ഇലക്ഷന്‍ ഇങ്ങെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്കുണ്ടായ മാറ്റത്തെ എങ്ങനെ കാണുന്നു?

കേരളത്തില്‍ നിന്നു കൊണ്ട് ഇന്ത്യന്‍ മാധ്യമമേഖലയെ നമ്മള്‍ നോക്കി കാണരുത്. അത് വലിയ അപകടമാണ്. വിമര്‍ശനങ്ങളുണ്ടെങ്കിലും അടിസ്ഥാനപരമായി കേരളത്തിലെ മാധ്യമങ്ങള്‍ മുമ്പുള്ള വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ച സാമൂഹിക സാഹചര്യത്തിലാണ് ഇപ്പഴും പ്രവര്‍ത്തിക്കുന്നത്. പക്ഷെ കേരളത്തിന് പുറത്ത് ചിത്രം വ്യത്യസ്തമാണ്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം ഇന്ത്യയില്‍ അസ്തമിച്ചു. ഇത് പറഞ്ഞത് ഞാനല്ല,എന്‍വി രമണ എന്ന മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സാണ്. ഡല്‍ഹിയില്‍ നിന്നും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന വാര്‍ത്തകളൊന്നും ഇപ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തിയിരുന്ന കാലത്ത് പത്രങ്ങള്‍ വായിക്കുന്നത് തന്നെ സര്‍ക്കാരിനെതിരായ സ്‌തോഭജനകമായ വാര്‍ത്താ വെളിപ്പെടുത്തലുകള്‍ വായിക്കാന്‍ വേണ്ടിയായിരുന്നു. സര്‍വ്വാധികാരിയായ സർക്കാരുകൾ ഭരിച്ചുകൊണ്ടിരുന്നപ്പോഴും എത്രയെത്ര കുംഭകോണ വാര്‍ത്തകള്‍ പുറത്തുവന്നു. നാലില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ ഇന്ത്യ ഭരിച്ചയാളാണ് രാജീവ് ഗാന്ധി. ആ സന്ദര്‍ഭത്തില്‍ വരെ ബൊഫോഴ്‌സ് ഉള്‍പ്പെടെയുള്ള എത്രയെത്ര വെളിപ്പെടുത്തലുകള്‍ വന്നു. യുപിഎ സര്‍ക്കാരിന്റ കാലത്ത് തന്നെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും, ടുജി അഴിമതിയും പോലുള്ളവ പുറത്ത് വന്നു. അന്ന് മാധ്യമങ്ങള്‍ അത്രയധികം അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തിയിരുന്നു.

എക്‌സിക്യൂട്ടീവിനെ എപ്പോഴും ചോദ്യം ചെയ്യുക എന്നതാണ് പാര്‍ലമെന്റ് എന്ന രണ്ടാമത്തെ നെടും തൂണിന്റെ പ്രവര്‍ത്തനം. എന്നാല്‍ അത് ഇപ്പോള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. പാര്‍ലമെന്റിന് വിധേയപ്പെട്ടാണ് എക്‌സിക്യൂട്ടീവ് പ്രവര്‍ത്തിക്കുന്നത് . നാലാമത്തെ നെടുംതൂണായ മാധ്യമങ്ങളുമായി ഒരു രസതന്ത്രം പണ്ട് പാര്‍ലമെന്റിന് ഉണ്ടായിരുന്നു. ഉദാഹരണത്തിന് മാധ്യമങ്ങള്‍ കൊണ്ടുവരുന്ന സ്‌തോഭ ജനകമായ വാര്‍ത്തകള്‍ ശൂന്യവേളയില്‍ ഉന്നയിക്കപ്പെട്ടിരുന്നു. അത് വലിയ ചര്‍ച്ചയാവുന്ന തരത്തിലുള്ള ജുഗല്‍ബന്ദികളുണ്ടായിരുന്നു. ഇന്ന് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം എന്ന് പറഞ്ഞാല്‍ മന്ത്രിമാരുടെ അഭിമുഖമായി ചുരുങ്ങി. എന്റെ കണ്‍മുന്നില്‍ ഞാനത് കണ്ടുകൊണ്ടിരിക്കുന്നു. പത്രവാര്‍ത്തകള്‍ മാത്രമല്ല എഡിറ്റോറിയല്‍ പേജുകളില്‍ പോലും ഭരണകക്ഷി വിധേയത്വം കാണാം. 20:1 എന്ന തരത്തിലാണ് സര്‍ക്കാര്‍ അനുകൂല പ്രതികൂല ലേഖനങ്ങളുടെ റേഷ്യോ ഇപ്പോള്‍ പല ഡല്‍ഹി പത്രങ്ങളിലും കാണാന്‍ സാധിക്കുന്നത്. ആ ചെറു ശതമാനത്തിലെ സര്‍ക്കാരിനെതിരായി എഴുതിയ ലേഖനത്തിന്റെ അവസ്ഥയുടെ പശ്ചാത്തലത്തില്‍ നിന്നാണ് നമ്മളിവിടെ സംസാരിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട മാധ്യമ സ്ഥാപനങ്ങൾക്ക് വലിയ രീതിയിലുള്ള വ്യവസായ താത്പര്യങ്ങളുണ്ട്. മാധ്യമ സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്യുന്ന സഹാചര്യങ്ങൾ തുടരെത്തുടരെ ഉണ്ടാവുന്നു. ആ ഭയം കൂടി ഉള്‍ച്ചേരുമ്പോള്‍ നമുക്ക് ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാധ്യമമേഖല മാറുകയാണ്.

മറ്റ് മേഖലകളിലുള്ള തൊഴില്‍ സുരക്ഷ മാധ്യമമേഖലയിലില്ലാത്ത ഒരു അവസ്ഥ ഇന്ന് ഇന്ത്യയിലുണ്ടല്ലോ. പണ്ട് യുജിസി സ്‌കെയിലിന് തുല്യമായ ശമ്പളം ലഭിച്ചിരുന്നവരായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. തൊഴിലിലെ അസ്ഥിരതയും ശമ്പളക്കുറവും മൂലം ഏറ്റവും കഴിവും പ്രാഗത്ഭ്യവുമുള്ള യുവത പഠനാനന്തരം മാധ്യമമേഖല തിരഞ്ഞടെുക്കാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. ആ രീതിയില്‍ ആഴത്തില്‍ കൂടി നമ്മളീ വിഷയത്തെ സമീപിക്കേണ്ടതല്ലെ. ധീരതയും ആര്‍ജ്ജവവും ക്വാളിറ്റിയും ഉള്ള ആളുകള്‍ കടന്നുവരുന്നില്ല ഈ മേഖലയിലേക്ക് എന്ന തരത്തില്‍ ഒരു ലാര്‍ജര്‍ പെര്‍സ്‌പെക്ടീവില്‍ ഈ വിഷയത്തെ അഭിസംബോധന ചെയ്യേണ്ടതല്ലേ?

ഇതിൽ വാസ്തവമുണ്ട്. രാഷ്ട്രീയത്തില്‍ ഇത് സംഭവിച്ചു കഴിഞ്ഞു .ക്വാളിറ്റിയുള്ള ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് കുറഞ്ഞു വരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പണാധിപത്യത്തിന്റെയും പേശീബലത്തിന്റെയും അടിസ്ഥാനത്തിലാണ് പലരും ഈ മേഖലയിലേക്ക് വരുന്നത്. അതിനാല്‍ സത്യസന്ധരായ കഴിവുറ്റവര്‍ ഈ മേഖലയില്‍ കുറയുന്നു. അക്കാര്യത്തില്‍ താരതമ്യേന ഭേദപ്പെട്ട ഇടമാണ് കേരളം. രാഷ്ട്രീയത്തിലെന്ന പോലെ മാധ്യമമേഖലയിലും മികവു തെളിയയിച്ചവർ വരുന്നത് കുറയുന്നുണ്ട്. 1. അവര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള മാധ്യമപ്രവര്‍ത്തനമല്ല രാജ്യത്ത് നടക്കുന്നതെന്ന തിരിച്ചരിവ്, 2. പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലായ്മ എന്നിവയാണ് തിനു തടസ്സമാവുന്നത്. എന്റെ സുഹൃത്തായിരുന്നു ഔട്ട്‌ലുക്ക് പത്രാധിപനായിരുന്ന റൂബന്‍ ബാനര്‍ജി. കോവിഡ് കാലത്ത് ലക്ഷക്കണക്കിനാളുകള്‍ ലക്ഷക്കമക്കിനാളുകള്‍ പലായനം ചെയ്യുന്നതിന്റെയും, അതില്‍ പെട്ടവര്‍ കുഴഞ്ഞുവീണ് മരിക്കുന്നതിന്റെയും ചിത്രങ്ങള്‍ ഔട്ട്‌ലുക്കില്‍ " Indian government missing" എന്ന പറഞ്ഞ് കൊടുത്തതിന്റെ പേരിൽ ആ മാസം തന്നെ അദ്ദേഹത്തിന് തൊഴില്‍ നഷ്ടമായി. ഔട്ട്‌ലുക്കിന്റെ ഉടമകളായ വ്യവസായ ഗ്രൂപ്പിന് അവരാഗ്രഹിച്ചാലും അയാളെ നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലേക്കെത്തി. ഈ രീതിയാണ് ഇന്ത്യയിലാകമാനം നടക്കുന്നത്

ഇഡി വേട്ടയിലൂടെയും സെഡിഷന്‍ ചാര്‍ജ്ജുകളിലൂടെയും മാധ്യമവേട്ട നമ്മള്‍ നിരന്തരം കാണുന്നുണ്ട്. മാത്രവുമല്ല മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പുറകിലുമാണ്. പക്ഷെ ഇതിങ്ങനെ പറഞ്ഞു കൊണ്ടിരിക്കാതെ ഇതിനു ബദലായി ആലോചനയും പോംവഴിയൊന്നും പ്രതിപക്ഷ കക്ഷികള്‍ക്ക് മുന്നോട്ടു വെക്കാനില്ലേ. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം കൂടി ഉൾപ്പെടുന്നതാണല്ലോ ജനാധിപത്യം. ?

ആലോചനയില്ലാത്തതല്ല. കേന്ദ്ര സര്‍ക്കാരിന്റെ ശക്തി എന്ന പറയുന്നത് നമുക്ക് പ്രവചിക്കുന്നതിലും അപ്പുറത്താണ്. എതിര്‍പ്പിന്റെ ശബ്ദത്തെ ഏത് രൂപത്തിലും അവര്‍ അടിച്ചമര്‍ത്തും. പഴയ സര്‍ക്കാരുകളൊന്നും ഈ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ആള്‍ട്ട് ന്യൂസിലെ പത്രപ്രവര്‍ത്തകനെ ഹണിമൂണ്‍ കോട്ടേജെന്നത് ഹനുമാന്‍ കോട്ടേജാക്കി കാർട്ടൂൺ നൽകിയതിന് എത്ര ദിവസമാണ് ജയിലിലിട്ടത്. ഇവിടെ പ്രതിപക്ഷ സ്വരത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്.

അഴിമതി രഹിത ജീവിതം എന്നിവ വെച്ചുപുലര്‍ത്താത്തു കൊണ്ടു കൂടിയല്ലേ ഇഡിയെ വെച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടാന്‍ അവര്‍ക്ക് കഴിയുന്നത് എന്ന മറു ചിന്ത കൂടി ഇതിലുണ്ടാവേണ്ടതല്ലേ...മടിയില്‍ കനമുള്ളവരല്ലേ ഇഡി വേട്ട വരുമ്പോഴേക്കും ഭയപ്പെടുന്നത്. രാഷ്ട്രീയ സംശുദ്ധി നഷ്ടപ്പെട്ടത് പ്രതിപക്ഷത്തിന്റെ കൂടി പോരായ്മയായി കണ്ടുകൂടെ?

അതിനകത്ത് ഭാഗികമായ വാസ്തവമുണ്ട്. അതേസമയം ഒരാളെത്ര സംശുദ്ധിയോടെ ജീവിച്ചാലും നിങ്ങള്‍ക്കൊരാളെ ലക്ഷ്യം വെക്കണമെന്നുണ്ടെങ്കില്‍ അതെളുപ്പം സാധിക്കും. നിങ്ങള്‍ വഴിയില്‍ കൂടി നടക്കുമ്പോള്‍ ഒരു പത്ത് നിയമലംഘനത്തിനെങ്കിലും പിടിക്കാന്‍ സാധിക്കും. ഉദാഹരണം പറയാം. റബ്ബര്‍ ആക്ട് എന്നൊന്നുണ്ട് ഇന്ത്യയില്‍. ഇത് പ്രകാരം റബ്ബര്‍ കൃഷിയില്ലാത്തൊരാള്‍ റബ്ബര്‍ വീട്ടില്‍ ഒരു നിശ്ചിത അളവില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ പാടില്ല. ഇത് കര്‍ശനമാക്കുകയാണെങ്കില്‍ കേരളത്തിലെ എത്ര മനുഷ്യര്‍ വേട്ടയാടപ്പെടുമെന്ന് ആലോചിച്ചു നോക്കൂ. ഉദ്ദേശമാണ് പ്രധാനം. ഉന്‍മൂലനമാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ അതിന് നൂറു കണക്കിന് വഴികളുണ്ടാവും.

മാധ്യമങ്ങള്‍ തിരുവനന്തപുരത്തേക്ക് മാത്രമല്ല ഇടക്ക് ഡല്‍ഹിയിലേക്കും കണ്ണുപായിക്കണമെന്ന പരാമര്‍ശം താങ്കള്‍ ഒരു അഭിമുഖത്തില്‍ നടത്തിയത് കാണുകയുണ്ടായി. അത്തരം സാമാന്യവത്കരണം ശരിയാണോ. കേരളത്തിൽ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം തമസ്‌കരിച്ച ഏതെങ്കിലും വാര്‍ത്ത ചൂണ്ടിക്കാണിക്കാനുണ്ടോ?

എത്രയെത്രയോ.. കോവിഡ് കാലത്ത് ഇന്ത്യയില്‍ 50 ലക്ഷം പേര്‍ മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇന്ത്യന്‍ സര്‍ക്കാരിനത് 5 ലക്ഷം മാത്രമാണ്. എന്നാല്‍ എത്ര മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കി. കോവിഡ് കാലത്ത് ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതിന്റെ ദൃശ്യം ഉത്തരേന്ത്യയിലെ ദൈനിക് ഭാസ്‌കര്‍ എന്ന പത്രം മാത്രമാണ് നല്‍കിയത്. അതിന്റെ ഭാഗമായി അവരുടെ ഓഫീസ് റെയ്ഡ് ചെയ്തു. കേരളത്തില്‍ ഒരു പക്ഷെ വാര്‍ത്ത കൊടുത്തിട്ടുണ്ടാവാം. പക്ഷെ എത്ര പ്രാധാന്യത്തോടെ നൽകി. മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു പടം ഉണ്ടോ കാണിക്കാൻ.

കേന്ദ്രസര്‍ക്കാരിന് അസ്വസ്ഥത സൃഷ്ടിക്കുന്ന ഒരു വാര്‍ത്ത പോലും കൊടുക്കുന്നില്ല . വന്ദേഭാരത് ഫ്‌ലാഗോഫിനായി പ്രധാനമന്ത്രി കേരളത്തില്‍ വരികയുണ്ടായി. രാജാക്കന്‍മാരുടെ വരവ് പണ്ടുകാലത്ത് പാണന്‍മാര്‍ പാടിപ്പുകഴ്ത്തുന്നതുപോലെയല്ലേ സംഭവിച്ചത്. തിരിച്ച് ചോദ്യം ചോദിക്കുന്നില്ല. മുപ്പത് വര്‍ഷം മുമ്പ് വന്ന ശതാബ്ദിയില്‍ നിന്ന് എന്ത് മാത്രം വ്യത്യസ്തതയാണ് ഇതിനുള്ളത്. ശതാബ്ധിയുടെ വേഗത മണിക്കൂറിൽ 155 വന്ദേഭാരതിൻറേത് 160 കിമി. 30 വര്‍ഷങ്ങള്‍ക്കിപ്പുറം വേഗതയില്‍ ഈ വേഗമാണോ നാം കൈവരിക്കേണ്ടത്. ഇതാണോ മുപ്പത് വര്‍ഷം കൊണ്ട് ഇന്ത്യയുണ്ടാക്കിയ വേഗത. ഇതൊക്കെ തുറന്നു കാണിക്കേണ്ടതല്ലേ. കഴിഞ്ഞ റെയില്‍വേ ബജറ്റിന്റെ ഏറ്റവും വലിയ നെടുംതൂണുകള്‍ പുതിയ പാതയും പാത ഇരട്ടിപ്പിക്കലുമാണ്. പുതിയ പാതയില്‍ കേരളത്തിന് അരശതമാനം പോലും അലോക്കേഷൻ കിട്ടിയില്ല. 0.33 ആണ് അലോക്കേഷന്‍. ന്യായമായ നമ്മുടെ അവകാശം നാലോ അഞ്ചോ ശതമാനമാണ്. നമ്മുടെ റെയില്‍വേ വികസനത്തെ കുറിച്ച് ഒരു ചര്‍ച്ചയും നടത്താതെ നിറം മാറിയെത്തിയ ഒരു തീവണ്ടിയെ പാടിപ്പുകഴ്ത്തുക മാത്രമാണ് നമ്മള്‍ ചെയ്യുന്നത്. ഇങ്ങനെ എത്ര ഉദാഹരണം വേണമെങ്കിലും ഞാന്‍ നിരത്താം. പ്രസ് അല്ല പിആറാണ് നടക്കുന്നത്.

തത്ക്കാല്‍, പ്രീമിയം തത്ക്കാല്‍ എന്ന പേരില്‍ 12,000 കോടിയുടെ പിടിച്ചു പറിയാണ്‌ നടക്കുന്നത്. ഒരു വാര്‍ത്തയുമില്ല. ഇന്ത്യയില്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, മുസ്ലിം കുട്ടികളുടെ മൗലാനാ സ്‌കോളര്‍ഷിപ്പെല്ലാം നിര്‍ത്തലാക്കി. ഇതൊന്നും മാധ്യമങ്ങൾ കണ്ട മട്ടില്ല.

ഇത്തരത്തിലുള്ള ഡാറ്റ മുന്‍നിര്‍ത്തി സംസാരിക്കാതെ മാധ്യപ്രവര്‍ത്തകരെ മുഴുവന്‍ അടച്ചാക്ഷേപിച്ച് കൊണ്ട് മാപ്ര എന്ന് വിളിക്കുന്നത് ശരിയാണെന്ന് താങ്കള്‍ കരുതുന്നുവോ. ...

അത് ഞാന്‍ അംഗീകരിക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് സംബന്ധിച്ച് മലയാളികള്‍ക്ക് തീരെ പക്വതയില്ല. അതിൽ വലിയ മാറ്റം വരേണ്ടതുണ്ട്.

Content Highlights: Interview,MP john Brittas,Show cause notice,V-P Dhankhar’s office, Amit Shah

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M N Karassery
Premium

6 min

നരേന്ദ്ര മോദി നെഹ്റുവിന് മേലെയാവുന്നില്ല- എം.എന്‍. കാരശ്ശേരി | അഭിമുഖം രണ്ടാം ഭാഗം

Jul 28, 2023


dating app

3 min

കൗതുകത്തിനായി 11 കാരി ഡേറ്റിങ് ആപ്പിൽ, ഒടുവിൽ ചതിയിൽപ്പെട്ടു‌‌ | എങ്ങനെ തടയാം?

Nov 30, 2022


m ranjith

3 min

വിജയ് ബാബുവിനെതിരേ നടപടി എടുക്കാത്തത് അംഗത്വം ഇല്ലാത്തതു കൊണ്ട്- എം. രഞ്ജിത്ത്

Sep 28, 2022


Most Commented