ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികളെ വിട്ടയച്ചത് മോചനം കിട്ടാത്ത പാതകം- മല്ലിക സാരാഭായി


ഇ. ജി രതീഷ്

"ഉള്ളില്‍ അര്‍ബുദം ബാധിച്ചയാള്‍ മുഖം മിനുക്കുന്നതാണ് ഗുജറാത്ത് മാതൃക. ഇത്രയേറെ കുടുംബങ്ങള്‍ കൂട്ട ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം ഉണ്ടാകില്ല. സാമ്പത്തികത്തകര്‍ച്ചയും വിദ്യാഭ്യാസമില്ലായ്മയും പട്ടിണിയും ഒക്കെ കാരണങ്ങള്‍. മലയാളികള്‍ പൊതുവേ സര്‍ക്കാരുകളെ മാറിമാറി പരീക്ഷിക്കുന്നത് സന്തോഷകരമാണ"-മല്ലികാ സാരാഭായിയുമായി അഭിമുഖം

മല്ലിക സാരാഭായ് | ഫയൽ ചിത്രം: മനീഷ് ചേമഞ്ചേരി

രാഷ്ട്രീയ ഇടപെടലുകളില്ലാത്ത പ്രവര്‍ത്തനസ്വാതന്ത്ര്യമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിതയായ നര്‍ത്തകി മല്ലികാ സാരാഭായ് പറയുന്നു. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് വിക്രം സാരാഭായിയുടെയും മലയാളിയായ നര്‍ത്തകി മൃണാളിനിയുടെയും മകള്‍കൂടിയായ മല്ലിക തന്റെ രാഷ്ട്രീയനിലപാടുകളില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി. അഹമ്മദാബാദിലെ ദര്‍പ്പണയില്‍വെച്ച് മാതൃഭൂമി പ്രതിനിധി ഇ.ജി. രതീഷിനോട് പുതിയ ചാന്‍സലര്‍ സംസാരിക്കുന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ പദവി ലഭിച്ചപ്പോള്‍ തോന്നിയ വികാരമെന്ത്?

അനല്പമായ ആഹ്ലാദം തോന്നി. പണ്ടുമുതലേ അടുപ്പമുള്ള സ്ഥാപനം. വള്ളത്തോളിനോടുള്ള ആദരം. എന്റെ അമ്മ ആദ്യത്തെ വനിതാ ­കഥകളി നര്‍ത്തകിയുമാണല്ലോ. ആ സ്ഥാപനത്തെ കൂടുതല്‍ ഉജ്ജ്വലമാക്കാന്‍ എന്നാല്‍ കഴിവത് ചെയ്യാമല്ലോയെന്ന സന്തോഷം.

എങ്ങനെയാണ് ഈ സ്ഥാനലബ്ധിയുണ്ടായത്?

പഴയ ഇടതുമന്ത്രിസഭയില്‍ അംഗമായിരുന്ന ഒരു സുഹൃത്താണ് എന്നെ വിളിച്ച് ഈ സ്ഥാനമേല്‍ക്കാമോയെന്ന് ചോദിച്ചത്. മുഖ്യമന്ത്രിക്ക് ആഗ്രഹമുണ്ടെന്നു പറഞ്ഞു. ഞാന്‍ സമ്മതിച്ചു. പിന്നെ സി.വി. അയച്ചു കൊടുക്കാന്‍ പറഞ്ഞു. അതിനുശേഷം ഉത്തരവായെന്നും അറിയിച്ചു. വേറെ ആരും ബന്ധപ്പെട്ടിട്ടില്ല. വള്ളത്തോള്‍ കുടുംബത്തിന്റെ അനുഗ്രഹം എനിക്ക് എന്നും ഉണ്ട്. ഡിസംബറില്‍ കുറെ പരിപാടികള്‍ ഉള്ളതിനാല്‍ ജനുവരി ആദ്യം ചുമതലയേല്‍ക്കണമെന്നു കരുതുന്നു.

കലാമണ്ഡലവുമായുള്ള ബന്ധം വിശദീകരിക്കാമോ?

മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 1979-ല്‍ ചൈനയുമായുള്ള ബന്ധം പുനരാരംഭിക്കാന്‍ തീരുമാനിച്ചു. സാംസ്‌കാരിക നയതന്ത്രമായിരുന്നു ആദ്യം. ചൈനയിലേക്ക് പോയ സംഘത്തെ നയിച്ചത് അമ്മയാണ്. അക്കൂട്ടത്തില്‍ കലാമണ്ഡലംകാരുമുണ്ടായിരുന്നു. അന്നു തുടങ്ങിയ അടുപ്പമാണ്. പലവട്ടം ചെറുതുരുത്തിയില്‍ പോയിട്ടുണ്ട്. മനോഹരമായ ചുറ്റുപാട്. ആ കൂത്തമ്പലം ഏറെ ഇഷ്ടം.

Also Read

നർത്തകി മല്ലികാ സാരാഭായ് കലാമണ്ഡലം ചാൻസലർ; ...

പുകവലിശീലവും പ്രാണിക് ഹീലിങ്ങും പിന്നെ ...

അമ്മ മൃണാളിനിയുടെ കരുതൽ, മകൾ മല്ലികയുടെ ...

മൃണാളിനിസാരാഭായിയുടെ ധർമസങ്കടം, മല്ലികയുടെ ...

ചാന്‍സലര്‍ എന്ന നിലയില്‍ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്താണ്?

രാഷ്ട്രീയ ഇടപെടലുകളില്ലാത്ത പ്രവര്‍ത്തനസ്വാതന്ത്ര്യം. കലാകാരിയെന്ന നിലയില്‍ എന്റെ മികവ് നോക്കിയാണ് നിയമനമെങ്കില്‍ സ്ഥാപനത്തിനുവേണ്ടി എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നതിലും സ്വാതന്ത്ര്യം വേണമല്ലോ. പക്ഷേ, അത് ചര്‍ച്ചകളിലൂടെ കണ്ടെത്താനാണ് ശ്രമിക്കുക.

സ്വാതന്ത്ര്യം നിയമനങ്ങളിലും ആവശ്യപ്പെടുമോ

തീര്‍ച്ചയായും. കലയില്‍ ശ്രേഷ്ഠത പ്രധാനമാണ്. ആഴത്തില്‍ അറിവുള്ളവരും അത് പ്രകടിപ്പിക്കാന്‍ കഴിയുന്നവരും പ്രചോദിപ്പിക്കാനാവുന്നവരുമാണ് അധ്യാപകരാവേണ്ടത്.

ലോക എക്കണോമിക് ഫോറത്തിൽ നടത്തിയ
നൃത്താവതരണം | ഫയൽ ചിത്രം

ശാസ്ത്രീയ കലകളുടെ ഉന്നമനത്തിനുള്ള സ്ഥാപനമാണ് കലാമണ്ഡലം. ഈ കലകളുടെ വളര്‍ച്ചയ്ക്ക് എന്താണ് ചെയ്യാനാവുക?

ശാസ്ത്രജ്ഞന്റെയും നര്‍ത്തകിയുടെയും മകളെന്ന നിലയ്ക്ക് എനിക്ക് പറയാനാവുന്നത് ഇതാണ്. സാങ്കേതിക വിദ്യയെ ഉപയോഗിക്കുക. വേദിയില്‍ നൃത്തമാടുമ്പോള്‍ നര്‍ത്തകി അഭിനയമാകും ചെയ്യുന്നത്. പക്ഷേ, കാണി പാദങ്ങളിലാകും ശ്രദ്ധിക്കുന്നത്. ആശയം മനസ്സിലായില്ലെങ്കില്‍ ദൃശ്യങ്ങള്‍ മാത്രമേ കാണിക്ക് മുന്നിലുണ്ടാകൂ. ഞങ്ങള്‍ ഇപ്പോള്‍ സബ്ടൈറ്റിലുകള്‍ ഉപയോഗിക്കുന്നുണ്ട്. രാത്രി മുഴുവന്‍ കഥകളി കാണണമെന്ന് പുതിയ തലമുറയെ നിര്‍ബന്ധിക്കാനാവില്ല. അവര്‍ക്കുകൂടി സ്വീകാര്യമായ രീതികള്‍ വേണം.

പരീക്ഷണങ്ങള്‍ ഏതളവുവരെ പോകാനാവും?

വേരുകളിലുറച്ച് നില്‍ക്കുക. ആത്മാവ് നഷ്ടമാകാതെ റീപാക്കേജ് ചെയ്യുക. അമേരിക്കയിലെ സ്‌കൂളുകളില്‍ പോകുമ്പോള്‍ കുട്ടികളോട് ഒരു കഥ പറയാന്‍ ഞങ്ങള്‍ ആവശ്യപ്പെടും. അവര്‍ സൂപ്പര്‍മാന്റെയോ ഗോള്‍ഡിലോക്കിന്റെയോ കഥകള്‍ പറയും. ഞങ്ങള്‍ അതിനെ ഭരതനാട്യത്തിലാക്കി അവതരിപ്പിക്കും. കൃഷ്ണന്റെ കഥകള്‍ ആയിരത്താണ്ടുകള്‍ പഴക്കമുള്ളതാണ്. പക്ഷേ, അതിനെ നമുക്ക് കാലാവസ്ഥാ വ്യതിയാനവുമായിട്ടൊക്കെ ബന്ധിപ്പിക്കാം. എണ്‍പതുകാരെയും പതിനാറുകാരെയും ഒരേ സദസ്സില്‍ കണ്ടുകൊണ്ടാവണം അവതരണം. അത്തരം മാറ്റങ്ങള്‍ക്കാണ് സജ്ജമാകേണ്ടത്.

ഡിസംബര്‍ ആറിനാണ് മല്ലികാ സാരാഭായിയുടെ നിയമന ഉത്തരവ്. ബാബറി മസ്ജിദ് തകര്‍ത്തിട്ട് മുപ്പതാംവര്‍ഷം. അതിനെതിരായ നിലപാടെടുത്തയാളെന്ന നിലയില്‍ ഇടതു സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രഖ്യാപനമാണോ ഈ നിയമനം?

അത് രാഷ്ട്രീയക്കാരാണ് പറയേണ്ടത്. പക്ഷേ, ഇന്ത്യന്‍ ജനതയോട് കാട്ടിയ നീതികേടാണ് ആ സംഭവമെന്ന് ഇന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ആ ദിവസത്തെ ഞെട്ടലോടെ ഓര്‍ക്കുന്നു. ഭരണഘടനാ ലംഘനങ്ങള്‍ക്കെതിരേ പൊരുതാന്‍ കരുത്തുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ഇപ്പോള്‍ ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികളെ മോചിപ്പിക്കുക... അവര്‍ക്ക് മാലയിടുക... ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണ്. ഏത് അമ്പലത്തില്‍പ്പോയി പ്രാര്‍ഥിച്ചാലും മോചനംകിട്ടാത്ത പാതകമാണ്.

മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടോ?

ഞാന്‍ ഇത്തവണയും വോട്ടുചെയ്തു(മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാട്ടി)... മാറ്റമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. തെക്കേ ഇന്ത്യയിലാണ് എന്റെ പ്രതീക്ഷ.

വളർത്തു നായകൾക്കൊപ്പം മല്ലിക സാരാഭായ് | ഫയൽ ചിത്രം

ഗുജറാത്തില്‍നിന്ന് കേരളത്തിലേക്ക് വരുകയാണല്ലോ. രണ്ട് മാതൃകകളും തുലനം ചെയ്യാമോ?

ഉള്ളില്‍ അര്‍ബുദം ബാധിച്ചയാള്‍ മുഖം മിനുക്കുന്നതാണ് ഗുജറാത്ത് മാതൃക. ഇത്രയേറെ കുടുംബങ്ങള്‍ കൂട്ട ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം ഉണ്ടാകില്ല. സാമ്പത്തികത്തകര്‍ച്ചയും വിദ്യാഭ്യാസമില്ലായ്മയും പട്ടിണിയും ഒക്കെ കാരണങ്ങള്‍. മലയാളികള്‍ പൊതുവേ സര്‍ക്കാരുകളെ മാറിമാറി പരീക്ഷിക്കുന്നത് സന്തോഷകരമാണ്. പക്ഷേ, ഇത്രയും വിദ്യാസമ്പന്നരായിട്ടും സ്ത്രീകളോടുള്ള പുരുഷന്മാരുടെ മനോഭാവം നിരാശപ്പെടുത്തുന്നതാണ്. അത് ഗുജറാത്തിലെ മലയാളി പുരുഷന്മാരിലുമുണ്ട്.

(ഇതിനിടയില്‍ ഒരു വളര്‍ത്തുനായ മല്ലികയുടെ മടിയില്‍ കയറി..) നായകളോടുള്ള ചില മലയാളികളുടെ ക്രൂരതയും ഉചിതമല്ല. തല്ലിക്കൊന്ന് തൊലിയുരിച്ച സംഭവമൊക്കെ അംഗീകരിക്കാനാവില്ല. വേണമെങ്കില്‍ വന്ധ്യംകരിച്ച് എണ്ണം കുറയ്ക്കാം. അല്ലാതുള്ള നൃശംസതകള്‍. അത് മനുഷ്യരോട് ചെയ്യുന്നതു പോലെത്തന്നെ തെറ്റാണ്.( മല്ലികയുടെ ഓര്‍മക്കുറിപ്പുകള്‍ സമര്‍പ്പിച്ചിരിക്കുന്നത് ദര്‍പ്പണയിലെ 19 വളര്‍ത്തുനായകള്‍ക്കാണ്)..

പുതിയ നാടകം നടറാണിയില്‍ (ദര്‍പ്പണയിലെ തിയേറ്റര്‍) അവതരിപ്പിക്കപ്പെടുകയാണ്. ഇതിന് അവധികൊടുക്കേണ്ടി വരുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു 69- കാരിയായ മല്ലികയുടെ മറുപടി. മലയാളിയായ യാദവന്‍ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'കോണ്‍ഫറന്‍സ് ഓഫ് ബേര്‍ഡ്സ്' എന്ന നാടകത്തില്‍ ഒരു പക്ഷിയുടെ വേഷമാണ് തനിക്കെന്ന് അവര്‍ അറിയിച്ചു. അവതരണങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും ഇടവേളകളില്‍ കേരളത്തിലേക്കുള്ള യാത്രകളുണ്ടാകുമെന്നും മല്ലികാ സാരാഭായ് പറഞ്ഞു.

(8-12-2022ന് മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Interview with mallika Sarabhai,Mathrubhumi, Kerala Kalamandalam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023

Most Commented