'മൃഗസ്നേഹികൾ പറയുന്നത് ശരിയല്ല, അങ്ങോട്ട് ആക്രമിച്ചാലേ തെരുവുനായ്ക്കള്‍ കടിക്കൂ എന്ന വാദം തെറ്റ്'


വി. എസ്. സിജു

തെരുവുനായ്ക്കളെയെല്ലാം കൊല്ലുന്നത് പരിസ്ഥിതിക്ക് ഗുണമാകില്ല. 1970-കളില്‍ സൂറത്തില്‍ തെരുവുനായ്ക്കളെ കൊല്ലുകയുണ്ടായി. അതോടെ അവിടെ എലികള്‍ പെരുകുകയും പ്ലേഗ് പൊട്ടിപ്പുറപ്പെടുകയും ചെയ്തു. എലികളെ കൊല്ലുന്നത് പൂച്ചകളെക്കാള്‍ കൂടുതല്‍ തെരുവുനായ്ക്കളാണ്.

ജസ്റ്റിസ് എസ്. സിരിജഗൻ | ഫോട്ടോ. കെ. കെ പ്രവീൺ

2016-ല്‍ സുപ്രീംകോടതിയാണ് കേരളത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി ജസ്റ്റിസ് എസ്. സിരിജഗന്‍ സമിതിക്ക് രൂപംനല്‍കിയത്. തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ സുപ്രീംകോടതി വീണ്ടും സമിതിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജസ്റ്റിസ് സിരിജഗന്‍ മാതൃഭൂമി പ്രതിനിധി വി.എസ്. സിജുവുമായി സംസാരിക്കുന്നു

തെരുവുനായ്ക്കളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ എന്താണ് കമ്മിറ്റിയുടെ അഭിപ്രായം?

എല്ലാത്തിനെയും കൊല്ലാന്‍ പാടില്ല. പക്ഷേ, എണ്ണം നിയന്ത്രിക്കണമെന്ന് സുപ്രീംകോടതിയില്‍ 2016-ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ത്തന്നെ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ മൃഗസ്‌നേഹികള്‍ പറയുന്നത് ശരിയല്ല. കൊല്ലാന്‍ പാടില്ലെന്നത് പഴകിയ നിലപാടാണ്. ഇപ്പോള്‍ തെരുവുനായ്ക്കളുടെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. ഇറച്ചിയുടെ അവശിഷ്ടം കൂടുതല്‍ കഴിക്കാന്‍ കിട്ടുന്നതാകാം കാരണം. അങ്ങോട്ട് ആക്രമിച്ചാലേ തെരുവുനായ്ക്കള്‍ കടിക്കൂ എന്ന വാദം തെറ്റാണ്. കമ്മിറ്റിയുടെ മുന്നില്‍വന്ന കേസൊന്നും അങ്ങോട്ട് ആക്രമിച്ചതല്ല. പശുവിനെയും ആടിനെയുമൊക്കെ തെരുവുനായ്ക്കള്‍ കടിക്കുന്നുണ്ടല്ലോ. വീടിനകത്തുകയറി കുട്ടികളെ ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. സുപ്രീംകോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കും.

നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ടോ?

തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കാന്‍ അടിയന്തര നടപടി വേണമെന്ന് പറഞ്ഞിരുന്നു. അതിന് ഏതുമാര്‍ഗം സ്വീകരിക്കണമെന്ന് കമ്മിറ്റിക്ക് നിര്‍ദേശിക്കാനാവില്ല. നിലവില്‍ കൊല്ലാന്‍ കഴിയില്ല. 1960-ലെ, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിന്റെ (പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ് ആക്ട്) സെക്ഷന്‍ 11 പ്രകാരം തെരുവുനായ്ക്കളെ കൊല്ലാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍, 2001-ല്‍ നിലവില്‍വന്ന ചട്ടപ്രകാരം നായ്ക്കളെ കൊല്ലുന്നത് വിലക്കി. ചട്ടം നിയമത്തിന്റെ ലംഘനമാണോ എന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ തീരുമാനമുണ്ടാകണം.

തെരുവുനായ്ക്കളെയെല്ലാം കൊല്ലുന്നത് പരിസ്ഥിതിക്ക് ഗുണമാകില്ല. 1970-കളില്‍ സൂറത്തില്‍ തെരുവുനായ്ക്കളെ കൊല്ലുകയുണ്ടായി. അതോടെ അവിടെ എലികള്‍ പെരുകുകയും പ്ലേഗ് പൊട്ടിപ്പുറപ്പെടുകയും ചെയ്തു. എലികളെ കൊല്ലുന്നത് പൂച്ചകളെക്കാള്‍ കൂടുതല്‍ തെരുവുനായ്ക്കളാണ്.

അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി.) പ്രോഗ്രാം കാര്യക്ഷമമായി നടക്കുന്നുണ്ടോ?

പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും 2001 മുതല്‍ എ.ബി.സി. പ്രോഗ്രാം കാര്യക്ഷമമായി നടപ്പാക്കിയെങ്കില്‍ ഇത്രയും രൂക്ഷമായ സാഹചര്യം ഉണ്ടാകുമായിരുന്നില്ല. 2015-'16 മുതലാണ് പഞ്ചായത്തുകള്‍ എ.ബി.സി. നടപ്പാക്കിത്തുടങ്ങിയത്. അതും എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇല്ലതാനും. ഫണ്ടൊക്കെ അനുവദിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമായി നടക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്.

തെരുവുനായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ട കണക്ക് ലഭ്യമാണോ?

വര്‍ഷം ഒരു ലക്ഷത്തില്‍ ക്കൂടുതല്‍ പേരെ തെരുവുനായ്ക്കള്‍ കടിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ 2016-ല്‍ കമ്മിറ്റിയെ അറിയിച്ചത്. ഇതിനുശേഷം റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പാണ് ഇത്തരം വിവരങ്ങള്‍ നല്‍കേണ്ടത്.

എല്ലാജില്ലയിലും സിറ്റിങ് നടത്താന്‍ എന്താണ് തടസ്സം?

ആദ്യം എല്ലാ ജില്ലയിലും സിറ്റിങ് നടത്തിയിരുന്നു. ഇതിനുള്ള ചെലവ് സര്‍ക്കാര്‍ നല്‍കാതായതോടെയാണ് കൊച്ചിയില്‍മാത്രം സിറ്റിങ് നടത്താന്‍ തീരുമാനിച്ചത്. സിറ്റിങ്, തപാല്‍ച്ചെലവ് എന്നീയിനത്തില്‍ ഒന്നരലക്ഷം രൂപ സ്വന്തം കൈയില്‍നിന്നാണ് ചെലവഴിച്ചത്. ഇതുവരെ അത് കിട്ടിയിട്ടില്ല. സിറ്റിങ്ങിനായി എറണാകുളത്ത് എത്തുന്നവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുമ്പോള്‍ വണ്ടിക്കൂലിയും കൂടി നല്‍കും.

എറണാകുളത്ത് ഓഫീസുണ്ടെങ്കിലും ഫോണോ ഇന്‍ര്‍നെറ്റ് കണക്ഷനോ ഇല്ല. കോവിഡിനെത്തുടര്‍ന്ന് കമ്മിറ്റിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനാലാണ് മറ്റ് അപേക്ഷകളില്‍ തീരുമാനം വൈകിയത്. കമ്മിറ്റിയിലെ മറ്റംഗങ്ങളുടെ സൗകര്യക്കുറവും സിറ്റിങ് വൈകുന്നതിന് കാരണമാണ്. ആരോഗ്യസെക്രട്ടറിയും നിയമസെക്രട്ടറിയുമാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.

വാക്‌സിന്‍ കിട്ടിയില്ലെന്ന പരാതി ഉന്നയിക്കപ്പെട്ടിട്ടുണ്ടോ?

രണ്ടുതരം വാക്‌സിനാണുള്ളത്. ഒന്ന്, കുതിരയുടെ സിറത്തില്‍നിന്ന് എടുക്കുന്നതും മറ്റൊന്ന് മനുഷ്യന്റെ സിറത്തില്‍നിന്ന് എടുക്കുന്നതും. കുതിരയുടെ സിറത്തില്‍നിന്ന് എടുക്കുന്ന വാക്‌സിന് ഐ.ആര്‍.ഡി.വി.എന്നാണ് പറയുന്നത്. ഇതിന് വില കുറവാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതുമാത്രമാണ് സ്റ്റോക്ക് ചെയ്യുന്നത്. ഈ വാക്‌സിന്‍ ചിലരില്‍ പ്രതിപ്രവര്‍ത്തനത്തിന് കാരണമാകും. അങ്ങനെയുള്ളവര്‍ക്ക് മനുഷ്യന്റെ സിറത്തില്‍നിന്ന് എടുക്കുന്ന വാക്സിനാണ് ഉപയോഗിക്കേണ്ടത്. ഹ്യുമണ്‍ ഇമ്യുണോ ഗ്ലോബുലിന്‍ (human immunoglobulin) എന്നാണ് ഇതിന്റെ പേര്. ഈ വാക്‌സിന് വില വളരെ കൂടുതലാണ്. ഇതിപ്പോള്‍ പുറത്തുനിന്ന് വാങ്ങേണ്ട സാഹചര്യമാണുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മുമ്പ് ഇത് ലഭ്യമായിരുന്നു. അന്ന് സര്‍ക്കാര്‍ നിശ്ചയിച്ച വില 6900 ആണ്. പുറത്ത് ഇതിന് 40,000 രൂപവരെ ഈടാക്കിയതിന്റെ ബില്ല് അപേക്ഷകര്‍ ഹാജരാക്കിയിട്ടുണ്ട്. ഹ്യുമണ്‍ ഇമ്യുണോഗ്ലോബുലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാക്കണമെന്ന ശുപാര്‍ശയും 2016-ല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

നഷ്ട പരിഹാരം എത്ര?

ആ കണക്ക് വിചിത്രമാണ്. ഇതുവരെ ലഭിച്ചിട്ടുള്ള അപേക്ഷ അയ്യായിരത്തിൽ താഴെയാണ്. ഇങ്ങനെയൊരു സംവിധാനമുള്ളതായി ജനത്തിന് അറിയാത്തതിനാലാകാം. തപാലിലും നേരിട്ടും നഷ്ടപരിഹാരംതേടി അപേക്ഷ നൽകാം. ഇതുവരെ 881 കേസുകൾ തീർപ്പാക്കിയിട്ടുണ്ട്. ഇതിൽ 749 കേസിലും സർക്കാർ നഷ്ടപരിഹാരം നൽകി. 10,000 രൂപ മുതൽ 30 ലക്ഷം രൂപവരെ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടിട്ടുണ്ട്. 2017-ൽ വാക്സിന്റെ പ്രതിപ്രവർത്തനംമൂലം തിരുവനന്തപുരം സ്വദേശിയായ ഏഴുവയസ്സുകാരൻ പൂർണമായും കിടപ്പിലായ സംഭവമുണ്ടായി. ഈ കേസിൽ നഷ്ടപരിഹാരമായി 20 ലക്ഷം നൽകാൻ ഉത്തരവിട്ടു. വയനാട്ടിൽനിന്നൊക്കെ ലീഗൽ സർവീസ് അതോറിറ്റി അപേക്ഷകൾ അയക്കാറുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നാണ് ഏറെ അപേക്ഷകൾ ലഭിച്ചിട്ടുള്ളത്. തെരുവുനായ്‌ക്കൾ കടിക്കുക, ഇവ കുറുകെ ചാടിയതിനെത്തുടർന്നുണ്ടാകുന്ന വാഹനാപകടം, വളർത്തുമൃഗങ്ങളെ കടിക്കുക എന്നിവയുണ്ടായാൽ നഷ്ടപരിഹാരത്തിന് അപേക്ഷനൽകാം.

വിലാസം

ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി

യു.പി.എ.ഡി. ബിൽഡിങ്, പരമാര റോഡ്, എറണാകുളം നോർത്ത്, പിൻ-682018

# വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ചികിത്സാരേഖകളുടെയും ബില്ലുകളുടെയും പകർപ്പും നൽകണം

Content Highlights: Interview with justice S Sirijagan on stray dog issues, social, mathrubhumi latest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented