'ഇന്ന് ഇന്ത്യയിലുള്ളത് 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ, ദരിദ്രവീടുകളിലും വര്‍ധന'


നിലീന അത്തോളി|nileenaatholi2@gmail.comകുട്ടികളുടെ ശരീരശോഷണത്തില്‍ ലോകത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ത്യയില്‍. 19.3 ശതമാനമാണത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്ക് നോക്കിയാല്‍ തൊഴിലില്ലായ്മ ആറ് മുതല്‍ ഏഴ് ശതമാനം വര്‍ധിച്ചു.

Interview

ramkumar

ലോക പട്ടിണി സൂചികയില്‍ ഇന്ത്യ പിന്നാക്കം പോയത് ഇന്ത്യയില്‍ ദാരിദ്ര്യം വര്‍ധിച്ചതു കൊണ്ടാണെന്ന് സാമ്പത്തിക വിദഗ്ധനും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫസറും കേരള പ്ലാനിങ് ബോര്‍ഡ് അംഗവുമായ ഡോ. ആര്‍. രാംകുമാര്‍. കേന്ദ്ര സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പറയുന്നത് ദാരിദ്ര്യം 5-6 ശതമാനം കണ്ട് വര്‍ധിച്ചു എന്നാണ്. അതിനാല്‍ ലോക പട്ടിണി സൂചികയിലെ കണക്കുകളെ വിമര്‍ശിക്കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തില്‍ ഇന്ത്യയിലെ ദരിദ്ര കുടുംബങ്ങളുടെ എണ്ണത്തില്‍ വ്യക്തമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 1972ല്‍ നമ്മള്‍ ദാരിദ്ര്യത്തിന്റെ കണക്കുകള്‍ എടുക്കാന്‍ ആരംഭിച്ച ശേഷം വ്യക്തമായ വര്‍ധനവ് ഇതാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനവ വികസന സൂചിക, പരിസ്ഥിതി, പട്ടിണി, തൊഴിലില്ലായ്മ, മാധ്യമ സ്വാതന്ത്ര്യ സൂചിക എന്നിവയില്‍ ഒക്കെ വലിയ തിരിച്ചടിയാണ് ഇന്ത്യ നേരിട്ട് കൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ ഡോ. രാംകുമാറുമായി നടത്തിയ അഭിമുഖം.

സുസ്ഥിര വികസനം പ്രതിഫലിക്കുന്ന സൂചികകളിലെല്ലാം കൂപ്പു കുത്തിക്കൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യം. മാനവ വികസന സൂചികയിലെ 189 രാജ്യങ്ങളുടെ പട്ടികയില്‍ 131ാം സ്ഥാനത്താണ് ഇന്ത്യ. ലോക പട്ടിണി സൂചികയില്‍ 101-ാം സ്ഥാനത്ത് നിന്ന് 107-ാം സ്ഥാനത്തേക്ക് താഴ്ന്നു. പരിസ്ഥിതി സൂചിക, മാധ്യമ സ്വാതന്ത്ര്യ സൂചിക തുടങ്ങീ ഒട്ടേറെ സൂചികകളിലും ഏറ്റവും പുറകിലെ സ്ഥാനങ്ങളാണ് ഇന്ത്യക്ക്. സകല മേഖലകളിലെയും ഈ പിന്നാക്കാവസ്ഥ സൂചിപ്പിക്കുന്നതെന്താണ്?രണ്ട് രീതിയില്‍ നമുക്കിതിനെ കാണാം. കേവലമായ സ്‌കോറുകള്‍ നോക്കി എവിടെ നില്‍ക്കുന്നു നമ്മള്‍ മെച്ചപ്പെട്ടിട്ടുണ്ടോ എന്ന് നോക്കാം. അതല്ല ആപേക്ഷികമായി കണക്കാക്കുന്ന റാങ്ക് മെച്ചപ്പെട്ടിട്ടുണ്ടോ എന്ന് നോക്കാം. നമ്മള്‍ സ്‌കോറില്‍ മുന്‍വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ടാലും മറ്റ് രാജ്യങ്ങള്‍ നമ്മളേക്കാള്‍ മെച്ചപ്പെട്ടാല്‍ നമ്മള്‍ റാങ്കിങ്ങില്‍ പുറകോട്ട് പോയേക്കാം. റാങ്കെന്നത് ആപേക്ഷികമാണ്. അപ്പോ റാങ്കില്‍ താഴെ പോയി എന്നത് കൊണ്ട് പ്രകടനം മോശമാവണമെന്നില്ല. ഇപ്പോള്‍ ആഗോള പട്ടിണി സൂചികയില്‍ 121 രാജ്യങ്ങളില്‍ 107ാം റാങ്കാണ് നമ്മുടേത്. ഇതില്‍ നമ്മുടെ പട്ടിണി നിരക്ക് സ്‌കോര്‍ 2014ല്‍ 28.2 ഉം 2022ല്‍ 29.1 മാണ്. സ്‌കോർ കൂടിയാല്‍ അതിനര്‍ത്ഥം നമ്മുടെ പ്രകടനം മോശമാകുന്നു എന്നതാണ്. ഇവിടെ സ്‌കോറിൽ തന്നെ ഒരു ചെറിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു. അതു കൊണ്ടു തന്നെ നമ്മള്‍ റാങ്കില്‍ ആറ് സ്ഥാനം പിന്നോട്ട് പോയി. ഇന്ത്യയുടെ പ്രകടനം അല്പം മോശം ആവുകയും ഒപ്പം ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട പ്രകടനം മറ്റ് രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കാഴ്ച്ച വെക്കുകയും ചെയ്തു എന്നതാണ് ഇതിനര്‍ത്ഥം.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

2000 മുതലുള്ള പട്ടിണി നിരക്കിലെ കണക്കെടുത്താല്‍ ഇന്ത്യയുടെ പ്രകടനം സാമാന്യം നല്ല രീതിയിലുള്ളതായിരുന്നു. പക്ഷെ 2014 മുതല്‍ 2022 വരെയുള്ള കണക്കെടുത്താല്‍ സ്ഥിതി മോശമാണ്. ഉദാഹരണത്തിന്, 2000ത്തില്‍ സ്‌കോര്‍ 38.8 ആയിരുന്നു; 2007ല്‍ 36.3 ആയി; 2014 ആയപ്പോള്‍ 28.2 ആയി പട്ടിണി നിരക്കിലെ സ്‌കോര്‍ കുറക്കാനായി. എന്നാല്‍ 2022 ആകുമ്പോള്‍ 29.1 ആയി സ്‌കോര്‍ വര്‍ധിച്ച് റാങ്കില്‍ താഴേക്കു പോയി. ഈ സമയം നമ്മളേക്കാള്‍ നല്ല രീതിയില്‍ മറ്റ് രാജ്യങ്ങള്‍ ദാരിദ്ര്യം എന്ന വിഷയത്തെ കണക്കിലെടുക്കുകയും നമ്മളേക്കാള്‍ നന്നായി മറ്റ് രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അതുകൊണ്ടാണ് മറ്റ് രാജ്യങ്ങള്‍ നമ്മളേക്കാള്‍ കടന്നു പോയത്. ബംഗ്ലാദേശിന്റെ റാങ്ക് 84ആണ്. ശ്രീലങ്കയുടെ റാങ്ക് 64ആണ്. പാകിസ്താന്‍ 99ഉം നേപ്പാല്‍ 81ഉം ആണ്.യുദ്ധവും ആഭ്യന്തര പ്രശ്‌നങ്ങളും അലട്ടുന്ന അഫ്ഗാനിസ്ഥാന് നമ്മളേക്കാല്‍ വെറും രണ്ട് റാങ്ക് മാത്രമേ താഴെയുള്ളൂ-109.

എന്നാല്‍ ഈ കണക്കെടുപ്പൊന്നും ശരിയല്ലെന്നും അതില്‍ ഇന്ത്യയോട് വിവേചനമുണ്ട് എന്ന തരത്തിലുള്ള പ്രസ്താവനകകളാണ് കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്? സ്വദേശി ജാഗരണ്‍ മഞ്ച് പോലുള്ള വലതു പക്ഷ സംഘടനകള്‍ പറഞ്ഞത് രാഷ്ട്രത്തെ അപമാനിച്ചതിന് ഇത് പ്രസിദ്ധീകരിച്ചവര്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ നടപടിയടുക്കണമെന്നാണ്?

പട്ടിണി സൂചികയില്‍ ഇന്ത്യ പിന്നാക്കം പോയത് ഇന്ത്യയില്‍ ദാരിദ്ര്യം വര്‍ധിച്ചതു കൊണ്ടാണ്. സര്‍ക്കാരിന്റെ കണക്കുകളും ആഗോള പട്ടിണി കണക്കുകളും തമ്മില്‍ വലിയ രീതിയിലുള്ള അന്തരം ഉണ്ടെങ്കിലേ നമ്മളത്തരത്തിലുള്ള സംശയങ്ങളിലേക്ക് പോവേണ്ടതുള്ളൂ. സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പറയുന്നത് ദാരിദ്ര്യം 5-6 ശതമാനം വെച്ച് വര്‍ധിച്ചു എന്നാണ്. കഴിഞ്ഞ 10 വര്‍ഷത്തില്‍ ഇന്ത്യയിലെ ദരിദ്ര കുടുംബങ്ങളുടെ എണ്ണത്തില്‍ വ്യക്തമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 1972ല്‍ നമ്മള്‍ ദാരിദ്ര്യത്തിന്റെ കണക്കുകള്‍ എടുക്കാന്‍ ആരംഭിച്ച ശേഷം ദാരിദ്ര്യത്തിലെ വ്യക്തമായ വര്‍ധനവ് ഇതാദ്യമാണ്. ദാരിദ്ര്യം കഴിഞ്ഞാലുള്ള മറ്റൊരു പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്ക് നോക്കിയാല്‍ തൊഴിലില്ലായ്മ ആറ് മുതല്‍ ഏഴ് ശതമാനം വര്‍ധിച്ചു. 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇന്ന് ഇന്ത്യയിലുള്ളത്.

അതു പോലെ കൃഷിക്കാരുടെ വരുമാനം 2015നും 2025നുമിടയില്‍ ഇരട്ടിയാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പണപ്പെരുപ്പം കണക്കിലെടുത്ത ശേഷമുള്ള കൃഷിയില്‍ നിന്നുള്ള കാര്‍ഷിക കുടുംബങ്ങളുടെ വരുമാനം നോക്കി കഴിഞ്ഞാല്‍ ഏകദേശം ഒന്നോ രണ്ടോ ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. എല്ലാ മേഖലയിലും സാമ്പത്തികമായ തകര്‍ച്ചയാണുള്ളത്. ഇതു മൂലം ദാരിദ്ര്യം വ്യക്തമായി വര്‍ധിച്ചിട്ടുണ്ട്. തൊഴിലില്ലാത്ത ആളുകളുടെ എണ്ണം നല്ല രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. കൃഷിക്കാരുടെ വരുമാനം വ്യക്തമായി ഇടിഞ്ഞിട്ടുണ്ട്. സൂചികകളും റാങ്കിങ്ങുമൊക്കെ മാറ്റിനിര്‍ത്തിയാലും സാമൂഹിക മേഖലയില്‍ വലിയ തകര്‍ച്ച കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടുണ്ട്.

ലോക പട്ടിണി സൂചിക കണക്കാക്കുന്നത് പോഷകാഹാരക്കുറവ്, ശിശുമരണ നിരക്ക്, കുട്ടികളുടെ ശരീര ശോഷണം, കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പ് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ്. സര്‍ക്കാര്‍ പറയുന്നത് നാലു സൂചികകളില്‍ മൂന്നെണ്ണം കുട്ടികളുടേതാണെന്നും അതിനാല്‍ ജനസംഖ്യയുടെ പോഷകാഹാരത്തെ കുറിച്ച് കൃത്യമായ വിവരം അത് തരുന്നില്ല എന്നുമാണ്. പക്ഷെ നമ്മുടെ തന്നെ ദേശീയാരോഗ്യ സര്‍വ്വേ പ്രകാരം അനീമിയ പുരുഷന്‍മാരിലും സ്ത്രീകളിലും കൂടിയിട്ടുണ്ട്. 57 ശതമാനം സ്ത്രീകളിലും ഇന്ന് അനീമിയ ഉണ്ട്. നാലില്‍ ഒരു പുരുഷന്‍ അനീമിക് ആണ്. ദേശീയ ആരോഗ്യ സര്‍വ്വേ വെച്ച് തന്നെ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ മോശം പ്രകടനമുണ്ടായിട്ടുണ്ട്.

പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട ഡാറ്റ കൃത്യമായല്ല കണക്കാക്കുന്നത് എന്നാണ് മറ്റൊരാരോപണം. ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ ഫുഡ് ഇന്‍സെക്യൂരിറ്റി എക്സപീരിയന്‍സ് സ്‌കെയില്‍ എന്ന സര്‍വ്വേയുണ്ട്. ഈ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് മുതിര്‍ന്നവരുടെ പോഷകാഹാരക്കുറവ് ആഗോള ദാരിദ്ര്യ സൂചികയില്‍ കണക്കാക്കുന്നത്. എട്ട് ചോദ്യങ്ങളാണ് അതില്‍ പ്രധാനമായും ഉള്ളത്. നിങ്ങള്‍ക്ക് കഴിക്കാന്‍ ഭക്ഷണം കൃത്യ സമയത്ത് കിട്ടുമോ എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് കഴിഞ്ഞ ആറ് മാസത്തില്‍ ആശങ്കയുണ്ടായിട്ടുണ്ടോ, പോഷകാഹാരമുള്ള ഭക്ഷണം കഴിക്കാത്ത സ്ഥിതി വിശേഷം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ, നിങ്ങള്‍ ചില ആഹാര പദാര്‍ഥങ്ങള്‍ മാത്രം കഴിക്കുന്നതിലേക്ക് ഒതുങ്ങിയിട്ടുണ്ടോ. നിങ്ങള്‍ക്കെപ്പോഴെങ്കിലും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കേണ്ടി വന്നിട്ടുണ്ടോ, എപ്പോഴെങ്കിലും കഴിക്കേണ്ട അത്രയും കഴിച്ചില്ല എന്ന തോന്നലുണ്ടായിട്ടുണ്ടോ, വീട്ടില്‍ എപ്പോഴെങ്കിലും ഭക്ഷണം തീര്‍ന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ, വിശപ്പു തോന്നിയിട്ടും ഭക്ഷണം കഴിക്കാതിരുന്നിട്ടുണ്ടോ, ഏതെങ്കിലും ഒരു ദിവസം മുഴുവന്‍ കഴിക്കാതിരുന്നിട്ടുണ്ടോ എന്നതരത്തിലുള്ള കൃത്യമായ ചോദ്യങ്ങളുള്ളതാണ് സര്‍വ്വേ. അതുകൊണ്ട് സര്‍വ്വേയെ സംശയിക്കുന്നതില്‍ കാര്യമില്ല.

കുട്ടികളുടെ പോഷകാഹാരക്കുറവിനെ കുറിച്ചാണ് അല്ലാതെ ഒരു ജനതയുടെ മുഴുവന്‍ പോഷകാഹാരക്കുറവിനെ കുറിച്ചല്ല പട്ടിണി സൂചിക വിലയിരുത്തുന്നതെന്ന കുറ്റപ്പെടുത്തലും ലോക പട്ടിണി സൂചികയെ തള്ളിക്കളഞ്ഞു കൊണ്ട് ചിലര്‍ പറയുന്നുണ്ട്. പക്ഷെ ഒരു രാജ്യത്തിന്റെ വികാസം എന്നത് അവിടുത്തെ കുട്ടികളുടെയും സ്ത്രീകളുടെയും ജീവിത നിലവാരത്തെ കൂടി ആധാരമായിരിക്കും എന്ന ദര്‍ശനം പോലും ഈ സര്‍ക്കാരിനില്ലാതെ പോയതാണോ നമ്മള്‍ നേരിടുന്ന ഈ പിന്നാക്കാവസ്ഥയ്ക്ക് കാരണം?

പോഷകാഹാരക്കുറവുള്ള കുട്ടികള്‍ വളരുന്നത് ചെറിയ പ്രായത്തില്‍ നമ്മള്‍ അഭിസംബോധന ചെയ്തില്ലെങ്കില്‍ വലിയ പ്രായത്തില്‍ നമുക്കതിനെയൊന്നും മറികടക്കാനാവില്ല എന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നുണ്ട്. 2015-16നും 2019-20നും ഇടക്ക് ശരീര ശോഷണം രൂക്ഷമായ കുട്ടികളുടെ നിരക്ക് 7.5 എന്നില്‍ നിന്ന് 7.7 ആയി ഉയര്‍ന്നിട്ടുണ്ട്. ഇനി ആഗോള പട്ടിണി സൂചിക എടുക്കാതെ നമ്മുടെ തന്നെ ദേശീയാരോഗ്യ സര്‍വ്വേ എടുത്ത് നോക്കിയാലും നമ്മുടെ കുട്ടികളുടെ ശരീര ശോഷണം, ഭാരക്കുറവ് എന്നിവയില്‍ ചെറിയ മെച്ചമേ ഉണ്ടായിട്ടുള്ളൂ. കുട്ടികളുടെ ശരീരശോഷണത്തില്‍ ലോകത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ത്യയില്‍. 19.3 ശതമാനമാണത്.

Also Read

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പാകിസ്താനും ...

കഴിഞ്ഞ അഞ്ചുവർഷത്തിൽ നേട്ടം കൊയ്തത് യുപിയോ ...

ദാരിദ്ര്യ സൂചിക: ഇന്ത്യയിൽ ഏറ്റവും കുറവ് ...

interview

'ഹിന്ദി അടിച്ചേൽപിക്കൽ ആത്മഹത്യാപരം, ബിജെപിക്ക് ...

മാഗ്സസെ അവാർഡ്: ശൈലജ ടീച്ചറുടെ തീരുമാനത്തെ ...

ചുരുക്കത്തില്‍, പട്ടിണി സൂചികക്കെതിരേ നിലവില്‍ ഉയര്‍ത്തിയ വിമര്‍ശനമൊന്നും കൃത്യമല്ല. പോഷകാഹാരത്തില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നതാണ് പൊതുവിതരണ സമ്പ്രദായം അഥവാ പിഡിഎസ് (പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം). ഇന്ത്യയില്‍ ഒമ്പത് കോടി ആളുകളെ പല കാരണങ്ങള്‍ പറഞ്ഞ് പിഡിഎസ്സില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട് എന്നാണ് വാദാ ന തോഡോ അഭിയാന്‍ എന്ന കൂട്ടായ്മ ഈ വര്‍ഷം പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.

എന്തൊക്കെ കാരണങ്ങളാലാണ് പിഡിഎസ്സിൽ നിന്ന് അവര്‍ പുറത്താക്കപ്പെട്ടത്?

അര്‍ഹതയുണ്ടായിട്ടും ബിപിഎല്‍ കാര്‍ഡ് കിട്ടാതെ പോവുന്ന അവസ്ഥയുണ്ട്. തീവ്രമായ പട്ടിണിയിലൂടെ കടന്നു പോവുന്നവരെ രേഖകളുടെ നൂലാമാലകള്‍ മുന്‍നിര്‍ത്തി പുറത്ത് നിര്‍ത്താതിരിക്കാനും അവരെ പെട്ടെന്ന് തന്നെ ഉള്‍ക്കൊള്ളിക്കാനുമായി ഓട്ടോമാറ്റിക് ഇന്‍ക്ലൂഷന്‍ എന്നൊരു പദ്ധതിയുണ്ട്. പല സ്ഥലത്തും ഓട്ടോമാറ്റിക് ഇന്‍ക്ലൂഷന്‍ നടന്നിട്ടില്ല. ഫിംഗര്‍ പ്രിന്റ് ലിങ്ക് ചെയ്യാന്‍ പറ്റാത്തതുകാരണവും വലിയൊരു ശതമാനം മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്. ഭരണകൂടം കാര്യക്ഷമമല്ലാത്തതും പൊതുവിലുള്ള നയപരാജയങ്ങളുമാണ് ഇത് കാണിക്കുന്നത്. 9 കോടി എന്നത് വലിയൊരു ശതമാനമാണല്ലോ; ജനസംഖ്യയുടെ 12% ത്തോളം വരും.

ഇന്ത്യയെ യുഎൻ അഭിനന്ദിച്ചത് സംബന്ധിച്ച് വന്ന വാർത്ത

അതേ സമയം ഒന്നരപതിറ്റാണ്ടിനിടെ ഇന്ത്യയുടെ ദാരിദ്ര്യം 41.5 കോടി കുറഞ്ഞതിന് ഐക്യരാഷ്ട്ര അഭിനന്ദിച്ച വാര്‍ത്ത ഇന്നലെ പുറത്തുവന്നിരുന്നു. യുഎന്‍ഡിപി റിപ്പോര്‍ട്ടും ആഗോള പട്ടിണി സൂചികയും രണ്ട് തരത്തിലാണ് പട്ടിണിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യയുടെ പ്രകടനത്തെ വിലയിരുത്തിയിരിക്കുന്നത്. അതേ സമയം യുഎൻഡിപി റിപ്പോർട്ട് സൂക്ഷമമായി വായിച്ചാൽ ഇന്ത്യയെ സംബന്ധിച്ച് 2005നും 2015നും ഇടയിലുള്ള പ്രകടനം 2015നും 2021നുമിടയില്‍ ഉണ്ടായിട്ടില്ല എന്നും മനസ്സിലാക്കാം. അതായത് ദാരിദ്ര്യത്തില്‍ നിന്ന് പുറത്തു കടക്കലിന്റെ വേഗം കുറഞ്ഞു. ഇതില്‍ വ്യക്തത തരാമോ?

2010ലെ ഹ്യൂമന്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടിലാണ് യു.എന്‍. ഇത് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. യു.എന്‍.ഡി.പി. ഇപ്പോള്‍ പുറത്ത് വിട്ടിട്ടുള്ള 2022ലെ 'മള്‍ട്ടി ഡൈമെന്‍ഷണല്‍ പോവെര്‍ട്ടി ഇന്‍ഡക്‌സ്' ഉപയോഗിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു രീതിശാസ്ത്രമാണ്. ഇതും ആഗോള പട്ടിണി നിരക്കും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. പട്ടിണി എന്നത് യു.എന്നിന്റെ രീതിശാസ്ത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്. വിദ്യാഭ്യാസം, ആരോഗ്യം, അത് പോലെ പാചകവാതകം, കുടിവെള്ളം, വൈദ്യുതി എന്നിവയൊക്കെ കണക്കാക്കിയുമുള്ള ഒരു കോമ്പോസിറ്റ് ഇന്‍ഡക്‌സ് ആണ് ഇത്. നമ്മള്‍ സാധാരണ പറയാറുള്ള 'ദരിദ്രര്‍' എന്ന പദത്തിനുള്ള അതേ അര്‍ത്ഥമല്ല ഈ കണക്കിലെ 'ദരിദ്രര്‍' എന്ന പദത്തിനുള്ളത്. പക്ഷെ ഈ കണക്കുകളും പറയുന്നത് ഇന്ത്യയിലെ ജനസംഖ്യയുടെ 16.4% ദരിദ്രരും (ഏകദേശം 23 കോടി ജനങ്ങള്‍) മറ്റൊരു 18.7% വള്‍നറബിളും (ഏകദേശം 26 കോടി ജനങ്ങള്‍) ആണെന്നാണ്. വള്‍നറബിള്‍ എന്നാല്‍ അര്‍ത്ഥമാക്കുന്നത് എപ്പോള്‍ വേണമെങ്കിലും ദരിദ്രര്‍ ആയി മാറാന്‍ സാധ്യതയുള്ള വിഭാഗങ്ങള്‍ എന്നതാണ്. ജനങ്ങള്‍ക്കിടയിലെ മൊത്തം അവശത (deprivation) 100 പോയിന്റ് വരെയാകാം എന്ന് കണക്കാക്കിയാല്‍ ഇന്ത്യയിലെ ദരിദ്രരുടെ അവശതയുടെ ശരാശരി 42 പോയിന്റ് വരെ ആണെന്നാണ് അവര്‍ രേഖപ്പെടുത്തുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ഉള്ള രാജ്യം ഇന്ത്യയാണ് എന്നും ഈ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.

ഇനി ഈ കണക്കുകള്‍ കാണിക്കുന്ന മറ്റൊരു വിഷയം കൂടിയുണ്ട്. അതാണ് താങ്കളുടെ ചോദ്യത്തിലുള്ളത്. 2005-06 മുതല്‍ 2015-16 വരെയുള്ള പത്തു വര്‍ഷം 27.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് പുറത്ത് കടന്നുവെന്നും 2015-16 മുതല്‍ 2019-21 വരെയുള്ള 5 വര്‍ഷം 14 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് പുറത്ത് കടന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രതിവര്‍ഷം നോക്കിയാല്‍, രണ്ട് കാലഘട്ടത്തിലും പ്രതിവര്‍ഷം ഏകദേശം 2.8 കോടി ജനങ്ങള്‍ ആണ് ദാരിദ്ര്യത്തില്‍ നിന്ന് പുറത്ത് വന്നിട്ടുള്ളത്. ദാരിദ്ര്യത്തിന്റെ കുറവില്‍ ഒരു മാറ്റവും ഇവിടെ ഉണ്ടായിട്ടില്ല എന്നത് തന്നെയാണ് ഇതും കാണിക്കുന്നത്. നമ്മള്‍ കാണേണ്ടത് ഇപ്പോഴും വലിയതോതിലുള്ള ദാരിദ്ര്യം നമ്മുടെ നാട്ടിലുണ്ട് എന്നതാണ്. നവലിബറല്‍ നയങ്ങള്‍ അത് കൂടുതല്‍ രൂക്ഷമാക്കുന്നതേയുള്ളൂ.

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയ്ക്ക് പിന്നിലുള്ള ഏക അയല്‍രാജ്യമാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ യുദ്ധപ്രതിസന്ധി സൃഷ്ടിച്ച അഫ്ഗാനിസ്ഥാന്‍. അവരും നമ്മളും തമ്മില്‍ വെറും രണ്ട് പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ . എങ്ങനെയാണ് ഇത്രമോശം അവസ്ഥയിലേക്ക് നമ്മള്‍ എത്തിയത്? വികസനം എന്നത് മധ്യവര്‍ഗ്ഗ താത്പര്യങ്ങളെ മാത്രം അഡ്രസ് ചെയ്ത് പോകുന്നതാണോ പ്രശ്‌നം. അതോ ദീര്‍ഘവീക്ഷണവും ദര്‍ശനമില്ലായ്മയുമാണോ?

ഇന്ത്യ വലിയൊരു രാജ്യമാണ്. ഇന്ത്യയുടെ വെല്ലുവിളികള്‍ വലുതാണ്. അതിനാല്‍ നമുക്ക് അഫ്ഗാനിസ്ഥാനുമായും പാകിസ്താനുമായൊന്നും താരതമ്യപ്പെടാനാവില്ല. പക്ഷെ അപ്പോഴും ചൈനയെ എടുത്ത് നോക്കൂ. ആദ്യ 17നകത്താണ് ചൈനയുടെ റാങ്കിങ്. ജനങ്ങളുടെ ജീവിത നിലവാരത്തില്‍ ഉണ്ടാവേണ്ട മെച്ചപ്പെടല്‍ ഇന്ത്യയില്‍ മന്ദീഭവിച്ചിട്ടുണ്ട്. ഇന്ത്യ പോലുള്ള വൈവിധ്യമാര്‍ന്ന രാജ്യത്ത് നമുക്കുണ്ടാവേണ്ട സാമ്പത്തിക വളര്‍ച്ച, തൊഴില്‍ വളര്‍ച്ച, ഉപഭോഗ വളര്‍ച്ച എന്നിവ വളരെ വേഗത്തില്‍ വളര്‍ന്നാല്‍ മാത്രമേ വലിയ ജനസംഖ്യയുള്ള രാജ്യം എന്ന നിലയില്‍ മുന്നോട്ടു പോവാനാവൂ. നമ്മുടെ സാമൂഹിക സുരക്ഷ സമഗ്രമായിരിക്കണം. അത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായിരിക്കണം. വളരെ ഇന്‍ക്ലൂസീവ് ആയ സോഷ്യല്‍ പോളിസിയാണ് ബംഗ്ലാദേശിന്. പക്ഷെ നമുക്ക് അത്ര സമഗ്രവും വിപുലവുമായ സാമൂഹിക സുരക്ഷാ നയം ഇല്ല.

സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം കൊടുക്കേണ്ടതാണ് പ്രധാനം. പക്ഷെ നമുക്കതിന് കഴിയുന്നില്ല എന്നതാണ് വാസ്തവം. അതുപോലെ രൂപയുടെ മൂല്യം ഇടിയുന്നത്, പെട്രോള്‍ വില കുതിച്ചുയരുന്നത്, പണപ്പെരുപ്പം എന്നിവ മൂലം അടിസ്ഥാന വര്‍ഗ്ഗത്തിന് ഉപഭോഗം കുറയ്ക്കേണ്ടി വരും. അതെല്ലാം ദാരിദ്ര്യ സൂചികയിലും മറ്റെല്ലാ സൂചികകളിലും പ്രതിഫലിക്കും.

അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവിത നിലവാരം താഴ്ന്നുവെന്ന കണക്കുകള്‍ പറയുമ്പോഴും അദാനിയും അംബാനിയുമെല്ലാം വളര്‍ന്ന് പന്തലിച്ച സ്ഥിതി വിശേഷവുമുണ്ട്.

വലിയ രൂപത്തിലുള്ള ലാഭ വളര്‍ച്ച അദാനി കുടുംബത്തിനുണ്ടായിട്ടുണ്ട്; അതുപോലുള്ള മറ്റ് സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും ഉണ്ടായിട്ടുണ്ട്. അതും കോവിഡിന്റെ സമയത്ത്. കോവിഡിന്റെ സമയം ഉപയോഗപ്പെടുത്തി ഒരുപാട് തൊഴിലാളികളെ ഈ വലിയ കമ്പനികള്‍ക്ക് മാറ്റി നിര്‍ത്താനായി. അങ്ങനെ പലവിധത്തില്‍ ചിലവ് കുറച്ച് അവര്‍ ലാഭം കൂട്ടി. ചെറിയ കമ്പനികളുടെയും ഉത്പാദകരുടെയും തകര്‍ച്ചയുണ്ടായപ്പോള്‍ ആ മാര്‍ക്കറ്റിങ് സ്പേസിലേക്ക് കൂടി അവര്‍ കടന്നു കയറി. ചെറുകിട വ്യാപാരികളെ ആശ്രയിക്കുന്നതില്‍ നിന്ന് മാറി കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പര്‍ച്ചേസിലേക്ക് ജനം മാറിയിരുന്നല്ലോ. അതെല്ലാം ഈ വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ സഹായിച്ചു.

ഈ പ്രശ്‌നങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും വേട്ടയാടുന്ന സ്ഥിതിവിശേഷവുമുണ്ടല്ലോ. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഓരോ വര്‍ഷവും ഇന്ത്യ താഴേക്കാണ് പതിക്കുന്നത്. 180 രാജ്യങ്ങളുടെ പട്ടികയില്‍ 41 മാര്‍ക്കുമായി 150ാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍. 2021ല്‍ 142ാം സ്ഥാനമായിരുന്നു. ഔട്ട്‌ലുക്ക് എഡിറ്റര്‍ റൂബന്‍ ചാറ്റര്‍ജിപ്പെലുള്ളവര്‍ നേരിട്ടപോലുള്ള തൊഴില്‍ നഷ്ടം നമ്മുടെ മുന്നില്‍ ഉദാഹരണമായുമണ്ട്. മാധ്യമ സ്വാതന്ത്ര്യ സൂചികയിലെ പിന്നോട്ടുള്ള പോക്ക് സാമൂഹിക വികസന സൂചികയിലും പട്ടിണി സൂചികയിലുമെല്ലാം പ്രതിഫലിക്കില്ലേ?

തീര്‍ച്ചയായും. കാരണം സാമൂഹിക മേഖലകളിലെ പഠനങ്ങള്‍ വെളിപ്പെടുത്തുന്ന പട്ടിണി, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നീ പ്രശ്‌നങ്ങള്‍ പൊതു മണ്ഡലത്തില്‍ കൊണ്ടു വരികയും സര്‍ക്കാരിനെ കൊണ്ട് കാര്യക്ഷമമായി ഇത്തരം പ്രശ്നങ്ങള്‍ മറിടക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിവുള്ളവരുമാണ് മാധ്യമങ്ങള്‍. അതാണ് മാധ്യമ ധര്‍മ്മം. സാമൂഹിക പ്രശ്‌നങ്ങള്‍ പൊതുമണ്ഡലത്തിലേക്ക് കൊണ്ടു വന്ന് അതില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കേണ്ട ചുമതല മാധ്യമങ്ങള്‍ക്ക് ധൈര്യപൂര്‍വ്വം ചെയ്യാനാവണം. എന്നാല്‍ സര്‍ക്കാരിന്റെ പോസിറ്റീവ് വശം മാത്രമേ പറയാവൂ എന്ന തരത്തിലുള്ള സെന്‍സറിങ് ആണ് പലയിടങ്ങളിലും നിലനില്‍ക്കുന്നത്. വലിയ മുതലാളിമാരുടെ കയ്യിലേക്ക് മാധ്യമ മേഖല എത്തിപ്പെട്ടതുമൂലം ഇത്തരം വിഷയങ്ങള്‍ പൊതുമണ്ഡലത്തിലേക്ക് കൊണ്ടു വരുന്നതില്‍ മാധ്യമങ്ങള്‍ പരാജയപ്പെട്ടു.

ഡോ. രാംകുമാർ

മാത്രവുമല്ല വിമര്‍ശനം കൊണ്ടു വരുന്നവര്‍ ദേശ വിരുദ്ധരുമാവുകയാണല്ലോ?

അതെ, അങ്ങനെയൊക്കെ ചെയ്യുന്നതു വഴി സമൂഹത്തിലെ കറക്റ്റീവ് മെക്കാനിസം കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. തങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് പരിപൂര്‍ണ്ണ വിവരങ്ങള്‍ ജനത്തിന് കിട്ടാതെ പോവുന്നതിനാല്‍ എല്ലാ വിഷയങ്ങളിലും കൃത്യമായ വിശകലനം നടത്തി വോട്ട് ചെയ്യുന്ന പ്രക്രിയയും നടക്കാതെ പോവുന്നു. ഇങ്ങനെ സംഭവിക്കുന്നത് ജനാധിപത്യത്തിന്റെ സ്പിരിറ്റില്‍ തന്നെ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് കാണിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ മോശം പ്രകടനം കാഴ്ച്ചവെക്കുന്ന രാജ്യങ്ങള്‍ വികസന സൂചികകളിലെല്ലാം പിന്നാക്കം പോവുന്നത് സ്വാഭാവികം എന്നാണോ അപ്പോള്‍ താങ്കള്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്?

സ്വാഭാവികമാണ്. പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ പൊതുമണ്ഡലത്തിലേക്ക് കൊണ്ടു വന്ന് വലിയ ചര്‍ച്ചയാക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കാത്തു മൂലം ആ വിഷയങ്ങളെ അഡ്രസ്സ് ചെയ്ത് അതില്‍ നയ രൂപീകരണം ഉണ്ടാവാനുള്ള സമ്മര്‍ദ്ദം ജനത്തില്‍ നിന്ന് സര്‍ക്കാരിന് നേരിടേണ്ടി വരുന്നില്ല. ഒരു പൗരന്‍ വോട്ട് ചെയ്ത് ഒരു പൊളിട്ടിക്കല്‍ ഡിസിഷന്‍ എടുക്കുമ്പോള്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് ആ സമൂഹത്തിലെ വിഷയങ്ങളെ പൊതു വിശകലനം നടത്തിയിട്ടാവണമല്ലോ. പക്ഷെ അത്തരത്തില്‍ വിശകലനം നടക്കാനുള്ള സാമഗ്രികളോ വിവരങ്ങളോ പൗരന്റെ കയ്യിലെത്തുന്നില്ല. കാരണം ഇന്ത്യയില്‍ മീഡിയ എന്നത് ഇത്തരം വിവരങ്ങളെ ഫില്‍ട്ടര്‍ ചെയ്തോ പ്ലേ ഡൗണ്‍ ചെയ്തോ ആണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. അതു കൊണ്ടു തന്നെ ജനങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങളും ശരിയായി വന്നു കൊള്ളണമെന്നില്ല.

ഇതോടൊപ്പം നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയമാണ് സെന്‍സസ് എന്നത്. 2011ലാണ് അവസാന സെന്‍സസ് നടക്കേണ്ടത്. പത്ത് വര്‍ഷത്തിലൊരിക്കല്‍ നടക്കേണ്ട സെന്‍സസ് ഇത്തവണയുണ്ടായിട്ടില്ല. രാജ്യത്തിന്റെ വികസനത്തിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ആരോഗ്യ-സാമ്പത്തിക-ജനസംഖ്യാ മേഖലകളിലെ വിവരശേഖരണ പ്രക്രിയ അത്യാവശ്യമാണല്ലോ. സെന്‍സസ് വൈകുന്നത് പുതിയ നയങ്ങള്‍ക്ക് വലിയ തടസ്സമല്ലേ?

നമ്മുടെ നയങ്ങളും പദ്ധതികളുമെല്ലാം ഇപ്പൊള്‍ 2011ലെ സെന്‍സസ്സിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. 2011നു ശേഷം ഒട്ടേറെ കാര്യങ്ങള്‍ മാറി. ഇന്ത്യയില്‍ എത്ര നിരക്ഷരര്‍ എന്നതില്‍ 2011ലെ ഡാറ്റയാണ് ആധാരം. ജനസംഖ്യയില്‍ എത്ര പേര്‍ ദരിദ്രര്‍, എത്രപേര്‍ക്ക് തൊഴിലുണ്ട്, എത്രപേരാണ് പട്ടിണിയില്‍ എന്നതൊക്കെ കണക്കാക്കണ്ടേ? അതിനൊരു അടിസ്ഥാന ജനസംഖ്യ ഡിനോമിനേറ്റര്‍ ആയി വേണ്ടേ? ആ സംഖ്യക്ക് പത്ത് വര്‍ഷത്തിലധികം പഴക്കമായി. നയരൂപീകരണത്തിന് ഉപയോഗിക്കുന്ന കണക്കുകളെല്ലാം തെറ്റാവാനുള്ള സാധ്യത വര്‍ധിക്കുകയാണ്.

മോദി സര്‍ക്കാര്‍ ഭരണത്തിലേറിയപ്പോള്‍ പ്ലാനിങ് കമ്മീഷനെ ഒഴിവാക്കിയ നടപടിയെ മധ്യവര്‍ഗ്ഗം വലിയ കൈയ്യടികളോടെയാണ് സ്വീകരിച്ചിരുന്നത്. വെറുതെ തങ്ങളുടെ നികുതി പണം കളയാനുള്ള വര്‍ഗ്ഗം എന്ന നിലയില്‍ അന്നാണ് കമ്മീഷനെ കണ്ടത്. കമ്മീഷന്റെ അഭാവം പ്രശ്‌ന പരിഹാരങ്ങളില്‍ നിഴലിക്കുന്നതായി തോന്നുന്നുണ്ടോ?

പ്ലാനിങ് കമ്മീഷന്‍ ഉണ്ടായിരുന്നെങ്കില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ നവലിബറല്‍ കാലഘട്ടത്തിലെ പ്ലാനിങ് കമ്മീഷന്‍ സ്വതവേ ദുര്‍ബലമാണ്. നയമാണ് പ്രധാനം. പ്ലാനിങ് കമ്മീഷനുണ്ട്, പക്ഷെ നയം നവലിബറല്‍ തന്നെയാണെങ്കില്‍ താഴെത്തട്ടില്‍ മാറ്റങ്ങളുണ്ടാവില്ല. സാമൂഹിക ക്ഷേമ നയങ്ങളുടെ അഭാവമാണ് സൂചികകള്‍ വ്യക്തമാക്കുന്നതെന്ന് തന്നെ പറയാം.
എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിയാണ് ഇന്ത്യയ്ക്കാവശ്യം. ഇപ്പോഴുള്ളത് ഭാഗികമായി ഇതെല്ലാം കവര്‍ ചെയ്യുന്ന അപര്യാപ്തമായ സ്‌കീമാണ്. അതിനു ചിലവഴിക്കുന്ന തുകയും തുച്ഛമാണ്. ബഡ്ജറ്റിലും മറ്റും സാമൂഹിക ക്ഷേമത്തിനുള്ള തുകകള്‍ മാറ്റി വെക്കേണ്ടതുണ്ട്. അതിലൂടെയൊക്കെ മാത്രമേ പരിഹാരം കണ്ടെത്താനാവൂ

Content Highlights: Interview with economist Dr Ramkumar On India's performance in the global poverty index


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented