ഡോ. രാംകുമാർ
രണ്ടായിരത്തിന്റെ നോട്ട് പ്രചാരത്തിലുള്ളതില്‍ എന്ത് ദോഷമാണ് സര്‍ക്കാരിനും രാജ്യത്തിനും ഉള്ളതെന്നത് സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ടെന്ന് സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗവും സാമ്പത്തിക
ശാസ്ത്രജ്ഞനും ടാറ്റ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ പ്രൊഫസറും കേരള പ്ലാനിങ് ബോർഡ് അംഗവുമായ ഡോ. ആര്‍. രാംകുമാര്‍. ബി.ജെ.പി. സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനത്തിന്റെയും അവരുടെ പരാജയത്തിന്റെയും ഉദാഹരണമായി 2000-ത്തിന്റെ നോട്ട് പൊതുമണ്ഡലത്തില്‍ കിടക്കുന്നത് അവര്‍ക്ക് നാണക്കേടാണ്. അത് നോട്ട് നിരോധനത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. പയ്യെപ്പയ്യെ ഇതവസാനിപ്പിക്കണമെന്ന തീരുമാനം അവര്‍ നേരത്തെ എടുത്തിരുന്നുവെന്നു രാം കുമാര്‍ വ്യക്തമാക്കി. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കാഷ്‌ലെസ് എക്കണോമി ഉണ്ടാക്കാന്‍ പോവുകയാണെന്നാണ് നോട്ട് നിരോധന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ അവകാശവാദമുന്നയിച്ചിരുന്നത്. എന്നാല്‍, 1000 രൂപ നോട്ട് നിരോധിച്ച ശേഷമാണ് ആവശ്യത്തിന് 500-ന്റെ നോട്ട് കൈവശമില്ലെന്നത് തിരിച്ചറിയുന്നത് . ആ പ്രശ്‌നം പരിഹരിക്കാനുണ്ടായ ദുര്‍ബുദ്ധിയാണ് 2000 നോട്ടിൻറെ അച്ചടിയെന്നും ഡോ. രാംകുമാര്‍ കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെ 2014-ലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനമായിരുന്നല്ലോ കള്ളപ്പണം അവസാനിപ്പിക്കുക എന്നത്. മേരേ പ്യാരി ദേശവാസിയോ എന്ന ആഹ്വാനവുമായി 2016 നവംബര്‍ എട്ടിന് പൊടുന്നനെ 1000 രൂപ നോട്ടുകള്‍ നിരോധിച്ചത് അതിന്റെ തുടക്കമാണെന്നു സര്‍ക്കാര്‍ ജനങ്ങളെ വിശ്വസിപ്പിച്ചു. മാധ്യമങ്ങളും അതേറ്റുപാടി. അതിനു പകരമായാണ് 2000-ത്തിന്റെ നോട്ടുകൾ ഇറക്കിയത്. അതും ഇനി നിരോധിക്കുകയാണല്ലോ. 2016-ലെ നോട്ട് നിരോധനത്തിൻറെ ഉദ്ദേശ്യം എത്ര കണ്ടാണ് നടപ്പായത്? എത്ര കള്ളനോട്ടുകള്‍ പിടിച്ചു? എത്ര കള്ളപ്പണം ഇല്ലാതായി.?
കള്ളനോട്ടുകള്‍ ഇല്ലാതായി എന്നതായിരുന്നല്ലോ നോട്ട് നിരോധനത്തെ ന്യായീകരിക്കുന്നവരെല്ലാം പറഞ്ഞത്. അത് തെറ്റാണ്. നോട്ട് നിരോധനത്തിനു മുമ്പ് രാജ്യത്ത് പ്രചരിക്കുന്ന കള്ളനോട്ടുകള്‍ മൊത്തം പ്രചാരത്തിലുള്ള പണത്തിന്റെ 0.002 ശതമാനം മാത്രമായിരുന്നു. എന്‍.ഐ.എ. ആവശ്യപ്പെട്ടതനുസരിച്ച് കൊല്‍ക്കത്ത നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ പറയുന്നത് ഇന്ത്യയില്‍ മൊത്തം പ്രചാരത്തിലുള്ള കള്ളനോട്ടിന്റെ മൂല്യം 400 കോടി രൂപയില്‍ കൂടില്ല എന്നാണ്. ഇതില്‍ വലിയൊരു ഭാഗം ബാങ്കുകള്‍ വഴിയും സെക്യൂരിറ്റി, പോലീസ് ഏജന്‍സികള്‍ വഴിയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിനാല്‍ ആ 400 കോടി രൂപ പ്രശ്‌നവുമല്ല എന്നും പഠനം പറഞ്ഞിരുന്നു. ഇത് നോട്ട് നിരോധനത്തിന് മുമ്പ് തന്നെ സര്‍ക്കാരിന് മുമ്പുള്ള ഔദ്യോഗിക കണക്കുകളായിരുന്നു. ഇത് വിസ്മരിച്ചു കൊണ്ടാണ് നോട്ട് നിരോധനം നടപ്പാക്കിയത്.

2015-16ല്‍ മൊത്തം പിടിച്ച കള്ളനോട്ട് ഇന്ത്യയില്‍ 27.4 കോടി രൂപ മാത്രമായിരുന്നു. നോട്ട് നിരോധനം വന്ന ശേഷമുള്ള 2016-17 ല്‍ പിടിച്ചെടുത്തത് 40.8 കോടി. 14 കോടിയുടെ വര്‍ധന മാത്രമാണുണ്ടായത്.അതായത് പിടിച്ചെടുത്തത് മൊത്തം സര്‍ക്കുലേഷനിലുള്ള കാഷിന്റെ 0.002 തന്നെയെന്നതില്‍ മാറ്റമൊന്നുമുണ്ടായില്ല. അതിനാല്‍തന്നെ കള്ളനോട്ട് പിടിച്ചെടുത്തു എന്നത് അസംബന്ധമാണ്. ആകെ അധികമായി കിട്ടിയത് 14 കോടി രൂപയുടെ കള്ളനോട്ട് മാത്രമാണ്. അതിന് വേണ്ടിയാണോ നൂറ്റമ്പതോളം പേർ മരിച്ചത്.
കള്ളനോട്ടിന്റെ കണക്കുകള്‍ താങ്കൾ പറഞ്ഞതിൽനിന്ന് വ്യക്തമാണ്. പക്ഷെ, കള്ളപ്പണം തിരികെ വരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നല്ലോ. വ്യാപാരികളില്‍നിന്നും മറ്റും ഇ.ഡി. പണം പിടിച്ചെടുത്ത വാര്‍ത്തകളായിരുന്നല്ലോ നോട്ട് നിരോധനകാലത്ത് നിറഞ്ഞു നിന്നത് . ആ പിടിച്ചെടുത്ത പണത്തിന് പിന്നീടെന്ത് സംഭവിച്ചു?
15.3 ലക്ഷം കോടി രൂപ പിടിച്ചെടുത്തെന്നും അതില്‍ 12 ലക്ഷം കോടിയലധികം തിരിച്ച് ബാങ്കിലേക്ക് വരില്ല എന്നുമുള്ള പ്രസ്താവനയാണ് കെ. സുരേന്ദ്രന്‍ ടിവി ചാനലിലിരുന്ന് നടത്തിയിരുന്നത്. ഇല്ലെങ്കിൽ നിങ്ങള്‍ പറയുന്ന പണി ചെയ്യാമെന്ന അവകാശവാദവും ഉന്നയിച്ചു. അതായത് പിടിച്ചെടുത്ത ഈ 15 ലക്ഷം കോടിയില്‍ മൂന്ന് ലക്ഷം കോടിയില്‍ കൂടുതല്‍ ബാങ്കിലേക്ക് തിരിച്ചുവരില്ലെന്നായിരുന്നു വീമ്പിളക്കല്‍. എന്നാല്‍ ഉണ്ടായതെന്താണ്. 99.5 ശതമാനം നോട്ടും ബാങ്കിലേക്ക് തിരിച്ചെത്തി. കള്ളപ്പണം ബാങ്കിലേക്ക് തിരിച്ചു വരില്ല എന്നത് പരിപൂര്‍ണ്ണ അസംബന്ധമാണെന്ന് തെളിയുകയായിരുന്നു.

ഖജനാവിന് നഷ്ടം ഉണ്ടായി എന്ന് മാത്രമല്ല എന്തിന് വേണ്ടിയാണോ ഈ നഷ്ടം വരുത്തിയത് അതൊന്നും നടന്നില്ല എന്നാണ് താങ്കളവതരിപ്പിച്ച ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ നല്ല കാര്യങ്ങളുണ്ടായി എന്ന് പ്രതീക്ഷിക്കുന്നവരുടെ മുന്നില്‍ നോട്ട് നിരോധനത്തിനു ശേഷം നികുതി വര്‍ധനവും കാഷ് ലെസ് ഡിജിറ്റല്‍ ട്രാന്‍സാക്ഷനിലേക്ക് ജനം കൂടുതല്‍ കടന്നു എന്നിങ്ങനെയുള്ള ആശ്വാസവാദങ്ങള്‍ ഇപ്പഴും കെട്ടടങ്ങാതെ നിലനില്‍ക്കുന്നുണ്ട്?
ആ വാദവും തെറ്റാണ്. നോട്ട് നിരോധനത്തിനു മുമ്പത്തെ വര്‍ഷങ്ങളില്‍ നികുതി വര്‍ധന ഇതിലും വേഗത്തിലാണ് സംഭവിച്ചത്. നോട്ട് നിരോധനത്തിന് ശേഷം നികുതി അടക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന തുച്ഛമാണ്. 2017-18ല്‍ നികുതി അടച്ചവരുടെ എണ്ണം കൂടിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. 56 ലക്ഷം പുതിയ നികുതിദായകര്‍ ആ വര്‍ഷം ഉണ്ടായി എന്നാണ് പറഞ്ഞത്. 25% നികുതി റിട്ടേണ്‍ നോട്ട് നിരോധനത്തിനു ശേഷമുള്ള വര്‍ഷം ഉണ്ടായെന്നും അവര്‍ അവകാശപ്പെടുന്നു. നമുക്ക് കണക്കുകള്‍ പരിശോധിക്കാം,
നോട്ട് നിരോധനത്തിനു മുമ്പുള്ള 2013-14 വര്‍ഷത്തില്‍ ഉണ്ടായ നികുതി റിട്ടേൺ വര്‍ധന 51 ശതമാനമാണ്.
- 2015-16ല്‍ ടാക്‌സ് റിട്ടേണ്‍ വര്‍ധന 30 ശതമാനമാണ്.
- 2016-17ല്‍ ടാക്‌സ് റിട്ടേണ്‍ വര്‍ധന 24 ശതമാനമാണ്.
56 ലക്ഷം പുതിയ നികുതിദായകര്‍ ഉണ്ടായെന്ന് പറയുന്നുവെങ്കിലും 39 ലക്ഷം ടാക്‌സ് റിട്ടേണുകളും 5 ലക്ഷത്തില്‍ താഴെ വരുമാനമുള്ളവരുടേതായിരുന്നു. പുതിയ നികുതിദായകരില്‍ 70 ശതമാനത്തോളം 5 ലക്ഷത്തില്‍ താഴെ വരുമാനമുള്ളവരായിരുന്നു. ഈ 70 ശതമാനത്തിൽ വരുന്നവരുടെ ശരാശരി വാര്‍ഷിക വരുമാനമെന്നത് രണ്ടര ലക്ഷം രൂപ മാത്രമാണ്. അങ്ങനെയെങ്കിൽ ഏത് പണക്കാരെയാണ് ഇവര്‍ ടാക്‌സ് റിട്ടേണില്‍ കൊണ്ടുവന്നത്?
2011-12ല്‍ നികുതി വരുമാനം ജി.ഡി.പിയുടെ 10.2% എന്നത് ഇപ്പോൾ 10.8 % ആയി. ഇതാണോ വർധന? ഇതൊക്കെ ചെയ്തിട്ടും ലോകത്ത് ഏറ്റവും കുറവ് നികുതി ജി.ഡി.പി. റേഷ്യോ ഉള്ള രാജ്യമാണ് ഇന്ത്യ. ഇത്രയും വേദന, വിഷമം, നാശം എന്നിവക്ക് ശേഷം എന്തുണ്ടായി എന്നതാണ് ചോദ്യം.
.jpg?$p=9deb685&&q=0.8)
ഭീകരരിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറഞ്ഞു , ദേശരക്ഷയ്ക്കല്ലേ ഇതെല്ലാം ചെയ്തതെന്നത് ആശ്വാസമായി കാണുന്നവരുമുണ്ടാവുമല്ലോ?
നമുക്ക് ഭീകരവാദത്തിലേക്ക് വരാം. ദാവൂദ് ഇബ്രാഹിമിന്റെ മുനയൊടിച്ചു എന്ന തരത്തില്‍ ടി.വിയിലിരുന്ന് വാദിച്ച ബി.ജെ.പി. വക്താക്കളുണ്ട്. ജമ്മു കശ്മീരിലെ കല്ലേറില്‍ നോട്ട് നിരോധനത്തിനു ശേഷം കുറവുണ്ടായി എന്ന് വരെ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ പറഞ്ഞു. എന്നാല്‍, കശ്മീരില്‍ അക്രമം അഴിച്ചു വിടുന്ന കേസുകളില്‍ കള്ളനോട്ട് ഉപയോഗിക്കപ്പെടുന്നു എന്ന വാദം പൂര്‍ണ്ണമായും തെറ്റാണ് എന്നാണ് ജമ്മുകശ്മീരിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയായി അവിടെ ഭരിച്ചിരുന്ന മെഹ്ബബ മുഫ്തി 2017 ജനുവരിയില്‍ നിയമസഭയില്‍ പറഞ്ഞത് . നോട്ട് നിരോധനം കാരണം കശ്മീരിലെ അക്രമങ്ങളില്‍ എന്തെങ്കിലും മാറ്റം ഉണ്ടായി എന്നതിന് തെളിവോ റിപ്പോര്‍ട്ടുകളോ സര്‍ക്കാരിന്റെ പക്കലില്ല എന്നും അവരറിയിച്ചു. ബി.ജെ.പി.- പി.ഡി.പി. കൂട്ടുകക്ഷി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയാണ് പറഞ്ഞതെന്നോർക്കണം.
അവകാശവാദമുന്നയിച്ച എല്ലാ കാര്യങ്ങളിലും അമ്പേ പരാജയപ്പെട്ടു എന്നാണ് ഇതിൽ നിന്നെല്ലാം മനസ്സിലാവുന്നത്. ആ പരാജയത്തിനു പുറമെയാണ് പരിഷ്കാരം മൂലം ഖജനാവിനുണ്ടായ നഷ്ടം. 1000 രൂപ നോട്ടുകള്‍ നിരോധിച്ച് പകരം 2000 രൂപയുടെ നോട്ട് അച്ചടിക്കാനും മറ്റും ഉണ്ടായ അധിക ചിലവിനെപ്പറ്റിയും അതുകൊണ്ട് രാജ്യത്തിനുണ്ടായ നഷ്ടത്തെ പറ്റിയും വിലയിരുത്താമോ?
ഇന്ത്യയുടെ ജി.ഡി.പി. നോട്ട് നിരോധനത്തിനു ശേഷം ഒരു ശതമാനമായി ചുരുങ്ങി എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. തൊഴില്‍നഷ്ടമുള്‍പ്പെടെ ഏതാണ്ട് ഒന്നര ലക്ഷം കോടിയുടെ സാമ്പത്തിക നഷ്ടം ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഇതു മൂലമുണ്ടായി. നോട്ട് നിരോധനത്തിനു ശേഷം ലക്ഷക്കണക്കിന് കോടി രൂപ ബാങ്കുകളിലേക്ക് തിരിച്ചെത്തി. എന്നാല്‍, ബാങ്കുകളെ സംബന്ധിച്ച് ഇത് പലിശ കൊടുക്കേണ്ട ഡെപ്പോസിറ്റ് ആണല്ലോ. വായ്പ കൊടുത്താലല്ലേ അവര്‍ക്ക് കാശ് ലഭിക്കൂ. എന്നാലല്ലേ നിക്ഷേപകര്‍ക്ക് പലിശ നല്‍കാന്‍ അവര്‍ക്കാവൂ. എന്നാല്‍ സാമ്പത്തികരംഗം നഷ്ടത്തിലായതോടെ വായ്പയെടുക്കുന്നവര്‍ കുറഞ്ഞു. അങ്ങനെ വന്നപ്പോള്‍ ബാങ്കുകളുടെ കയ്യില്‍ രൂപ കുമിഞ്ഞു കൂടുന്ന സ്ഥിതി വന്നു. ഈ സമയത്ത് പത്ത് ലക്ഷം കോടി രൂപ ബാങ്കുകളുടെ കയ്യില്‍നിന്ന് നിക്ഷേപമായി ആര്‍.ബി.ഐ. സ്വീകരിച്ചു. അതിനുള്ള പലിശ ആര്‍.ബി.ഐ. ബാങ്കുകള്‍ക്ക് നല്‍കുകയും ചെയ്തു. ഇതു മൂലം 6000 കോടി രൂപയുടെ നഷ്ടമാണ് ആര്‍.ബി.ഐയ്ക്കുണ്ടായത്. ഇനി 2000 രൂപയുടെ നോട്ട് പുതുതായി അടിക്കാന്‍ ചിലവഴിച്ചത് മറ്റൊരു 5000 കോടി രൂപയാണ്. ഇതെല്ലാം നഷ്ടങ്ങളാണ്. സമ്പദ് ഘടനയ്ക്ക് ഇത്തരത്തില്‍ പല തരത്തിലുള്ള നഷ്ടങ്ങളുണ്ടായി.

കാഷ്‌ലെസ് ട്രാന്‍സാക്ഷനിലേക്ക് പൊതുജനം കൂടുമാറിയത് നോട്ട് നിരോധനത്തിനു ശേഷമല്ലേ? ആ അര്‍ഥത്തില്‍ നോട്ടു നിരോധനം കൊണ്ടുണ്ടായ ഏക ഗുണം ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകളാണെന്ന് പറഞ്ഞൂടെ?
ഇല്ല. കാരണം. കാഷിന്റെ ഉപയോഗം കുറച്ചു കൊണ്ട് വന്ന് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുന്ന രീതി നോട്ട് നിരോധനത്തിന് 10-15 വര്‍ഷം മുമ്പേ ആര്‍.ബി.ഐയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിനു മുമ്പേ ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നു. അത് നോട്ട് നിരോധനത്തിനു ശേഷവും തുടര്‍ന്നുവെന്ന് മാത്രം. ഡിജിറ്റൽ ട്രാന്‍സാക്ഷനുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍, സമ്പദ്ഘടനയില്‍ ലിക്വിഡ് കാഷിന്റെ ഉപയോഗം കുറഞ്ഞിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്. നോട്ട് നിരോധനത്തിനു മുമ്പ് മൊത്തം ജി.ഡി.പിയുടെ 12 ശതമാനമായിരുന്നു പ്രചാരത്തിലുള്ള കാഷ് എന്നത്. നോട്ട് നിരോധനത്തിനു ശേഷം 8.6 ശതമാനമായി ചുരുങ്ങി. ഇതുവെച്ചാണ് ലിക്വിഡ് കാഷിന്റെ ഉപയോഗം കുറഞ്ഞെന്ന് പലരും പറഞ്ഞത് എന്നാല്‍ ഇന്ന് ജി.ഡി.പിയുടെ 15 ശതമാനമാണ് പ്രചാരത്തിലുള്ള നോട്ട് .
പക്ഷെ, നമ്മുടെ ചുറ്റിലും നോക്കുമ്പോള്‍ അങ്ങനെയുള്ള അനുഭവങ്ങളല്ലല്ലോ. എ.ടി.എമ്മില്‍ പോയി കാശെടുക്കുന്നവരുടെ എണ്ണം കുറഞ്ഞു. പെയ്‌മെന്റുകളെല്ലാം നെറ്റ് ബാങ്കിങ്ങോ ഗൂഗിള്‍ പേയോ വഴിയായി. നമ്മളെല്ലാം അതിനുള്ള ഉദാഹരണങ്ങളല്ലേ?
കാപ്പി കുടിച്ച് 20 രൂപ കൊടുക്കുമ്പോഴും സാധനം വാങ്ങി 500 രൂപ ഗൂഗിള്‍ പേ വഴി കൊടുമ്പോഴും ഡിജിറ്റല്‍ പണമിടപാടുകൾ കൂടുതല്‍ നടക്കുന്നെന്ന് നമ്മള്‍ കരുതുന്നു. ഇതൊന്നും സമ്പദ് ഘടനയില്‍ അല്‍പം പോലും ചലനമുണ്ടാക്കുന്ന ക്രയവിക്രയങ്ങളല്ല. എണ്ണവും മൂല്യവും ഒന്നല്ല എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ട്രാന്‍സാക്ഷനുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ട്രാന്‍സാക്ഷനുകളുടെ മൂല്യം എത്ര കണ്ട് കൂടി എന്നതാണ് നാം നോക്കേണ്ടത്. എണ്ണം കൂടി എന്ന് കരുതി മൂല്യം കൂടണമെന്നില്ല. സര്‍ക്കാര്‍ വാദം ശരിയാവണമെങ്കില്‍ പ്രചാരത്തിലുള്ള പണം ജി.ഡി.പിയുടെ 12-ല്‍ താഴെയായി നിലകൊള്ളണമായിരുന്നു. പക്ഷെ പ്രചാരത്തിലുള്ള പണം 12 % ആയിരുന്നത് 14.5 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്.

2018-നു ശേഷം 2000-ത്തിന്റെ പുതിയ നോട്ട് അച്ചടിച്ചില്ലല്ലോ. ഇപ്പോള്‍ പൊടുന്നനെ ഈ പുതിയ നോട്ടും നിരോധിക്കുന്നതിലെ ഗുണമെന്താണ്? അത് വിശദീകരിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലേ?
തങ്ങള്‍ കാഷ് ലെസ് എക്കണോമി ഉണ്ടാക്കാന്‍ പോവുകയാണെന്നാണ് നോട്ട് നിരോധന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ അവകാശവാദമുന്നയിച്ചിരുന്നത്. എന്നാല്‍ ആവശ്യത്തിന് കൊടുക്കാന്‍ 500-ന്റെ നോട്ട് കൈവശമില്ലെന്നത് 1000 രൂപ നോട്ട് നിരോധിച്ച ശേഷമാണ് അവര്‍ തിരിച്ചറിയുന്നത് . ആ പ്രശ്‌നം പരിഹരിക്കാനുണ്ടായ ദുര്‍ബുദ്ധിയാണ് 2000 നോട്ട് അടിക്കാമെന്നത്. ആവശ്യത്തിന് 500 രൂപ തയ്യാറാക്കിവെച്ചല്ല 1000 രൂപ നോട്ട് നിരോധിച്ചത്. അതിനാല്‍ തന്നെ സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയത്തിന്റെ, അതല്ലെങ്കില്‍ മണ്ടന്‍ തീരുമാനത്തിന്റെ പ്രതീകമായും ഓര്‍മ്മയായും ഈ നോട്ട് ജനങ്ങള്‍ക്കിടയിലും സമ്പദ്ഘടനയിലും നിലകൊള്ളുകയയാണ്. അവരുടെ പരാജയത്തിന്റെ ഉദാഹരണമായി അത് പൊതുമണ്ഡലത്തില്‍ കിടക്കുന്നത് അവര്‍ക്ക് നാണക്കേടാണ്. പയ്യെപ്പയ്യെ ഇതവസാനിപ്പിക്കാനെന്ന തീരുമാനം അവര്‍ നേരത്തെ എടുത്തിരുന്നുവെന്ന വേണം പറയാൻ.
.jpg?$p=da256f4&&q=0.8)
ആയിരം ഫ്രാങ്കിന്‍റെ നോട്ട് (ഒരു ലക്ഷം രൂപ മൂല്യം) നിര്‍ത്തലാക്കണമെന്ന ആവശ്യം സ്വിറ്റ്‌സര്‍ലണ്ടില്‍ കുറെ കാലമായുണ്ട്. എന്നാല്‍ വലിയ നോട്ടുകള്‍ ഉള്ളതോ ഇല്ലാത്തതോ സമ്പദ് ഘടനയ്ക്കു പ്രത്യേകിച്ച് ഗുണമോ ദോഷമോ ഉണ്ടാക്കില്ല എന്നതാണ് അവരുടെ നയം. മാത്രമല്ല കാശ് ഉപയോഗിക്കാന്‍ താൽപര്യമുള്ളവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നതാണ് അവരെടുത്ത നിലപാട്. വലിയ നോട്ടുകള്‍ പ്രാചരത്തിലുള്ളത് കള്ളനോട്ടിനെയോ ഭീകരവാദത്തെയോ വ്യാജനോട്ടിനെയോ പ്രോത്സാഹിപ്പിക്കില്ലെന്നത് സുചിന്തിതമായ നിലപാടാണ് ലിബറല്‍ മുതലാളിത്ത രാജ്യങ്ങള്‍ക്കുള്ളത്.
ഇന്ത്യയിൽ 2000 നോട്ടിന്റെ നിരോധനം കുറച്ചു പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതില്‍ സംശയമില്ല. അതിനാലാണ് സെപ്റ്റംബര്‍ വരെ സമയം നല്‍കുന്നത്. എന്നാല്‍ രണ്ടായിരത്തിന്റെ നോട്ട് പ്രചാരത്തിലുള്ളതില്‍ എന്ത് ദോഷമാണ് സര്‍ക്കാരിനും രാജ്യത്തിനും ഉള്ളതെന്നത് സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്.
Content Highlights: Interview Economist and planning board member R Ramkumar, social, 2000 note ban, demonitisation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..