കണ്ടത് പറഞ്ഞതിന് പോലീസിന്റെ വക പോക്‌സോ, ഒടുവില്‍ നിരപരാധി; നഷ്ടമായ 10കൊല്ലം ആര് തിരികെ നല്‍കും ?


അഡ്വ.അശോക് പി. നായര്‍ / സ്വീറ്റി കാവ്‌

നീതി പരിപാലനത്തിനായി ഇവിടെ പോലീസ് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ സാഹചര്യം വളരെയേറെ മോശമായി മാറിയേനെ. പോലീസുകാരെ നിരീക്ഷിക്കാനോ താക്കീത് ചെയ്യാനോ പോലീസിനെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാനോ അധികാരപ്പെട്ട ജുഡീഷ്യല്‍ സംവിധാനം ഇല്ലായിരുന്നെങ്കില്‍ ഈ കാണുന്ന സാഹചര്യത്തില്‍ ആയിരിക്കില്ല മുന്നോട്ടുപോക്ക്. ഇത്തരം സംഭവങ്ങള്‍ കാലാകാലമായി നടന്നുവരുന്നതാണെങ്കിലും അടുത്ത കാലത്തായി ഇത്തരം സംഭവങ്ങള്‍ കൂടിവരുന്നു. മൊറാലിറ്റി എന്നുള്ളത് പോലീസിന് നഷ്ടമാകുന്നു എന്നുള്ളതിന്റെ ദൃഷ്ടാന്തമായി ഇത്തരം സംഭവങ്ങളെ വിലയിരുത്താവുന്നതാണ്.

INTERVIEW

അഡ്വക്കേറ്റ് അശോക് പി. നായർ, മുരുകൻ

രാനിരിക്കുന്ന പത്തുകൊല്ലക്കാലം തന്റെ ജീവിതത്തിലെ ഏറ്റവും ഇരുളടഞ്ഞ ദിനങ്ങളായിരിക്കുമെന്ന് രാത്രിഓട്ടത്തിനായി തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ പേരെഴുതിയിടാനെത്തിയ മുരുകന്‍ എന്ന ഓട്ടോഡ്രൈവര്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടുണ്ടാകില്ല. പക്ഷെ സ്റ്റേഷനുള്ളില്‍ കേട്ട നിലവിളിയും തുടര്‍ന്ന് കണ്ട മര്‍ദനരംഗവും മുരുകന്റെ സാധാരണജീവിതത്തെ രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും ദുരിതത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. പോലീസ് ജീപ്പിന് സൈഡ് നല്‍കാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെയായിരുന്നു പോലീസ് മര്‍ദിച്ചുകൊണ്ടിരുന്നത്. സംഭവം മുരുകന്‍ അപ്പോള്‍ തന്നെ കമ്മിഷണര്‍ ഓഫീസില്‍ വിളിച്ചുപറയുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ മുരുകനെതിരെ രണ്ട് വ്യാജ പോക്സോ കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യകേസില്‍ ജാമ്യമെടുക്കാന്‍ സുഹൃത്തുക്കളെത്തിയെങ്കിലും രണ്ടാമത്തെ കേസോടെ എല്ലാവരും മുരുകനെ ഒഴിവാക്കി. അപമാനഭാരത്താല്‍ കുടുംബം ആ മനുഷ്യനെ ഉപേക്ഷിച്ചു. സിഐടിയു നേതാവായിരുന്ന മുരുകനെ പാര്‍ട്ടിയും കൈവിട്ടു. രാത്രികളില്‍ കടത്തിണ്ണകളില്‍ കിടന്നും ബസുകളില്‍ യാത്ര ചെയ്തും നേരം വെളുപ്പിച്ചു. പല തവണ ആത്മഹത്യ ചെയ്യാമെന്ന് ചിന്തിച്ചെങ്കിലും തന്റെ നിരപരാധിത്വം തെളിയിക്കണമെന്ന ചിന്ത മുരുകനെ പിന്തിരിപ്പിച്ചു. പക്ഷെ അതിനായി പത്ത് വര്‍ഷത്തിലേറെ മുരുകന് കാത്തിരിക്കേണ്ടി വന്നു എന്നുമാത്രം.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് പോലീസിന്റെ പ്രധാനകടമ. എന്നാല്‍ തങ്ങളുടെ അധികാരപരിധി ദുര്‍വിനിയോഗിച്ച് ഒരു വ്യക്തിയെ പ്രതിയാക്കി അയാളുടെ ജീവിതവും കുടുംബവും തകര്‍ക്കുക എന്ന പോലീസ് പ്രവൃത്തിയെ എത്തരത്തിലാണ് ന്യായീകരിക്കാനാവുക, പോലീസിനെ മാത്രമാണോ നീതിക്കായി നമുക്ക് സമീപിക്കാന്‍ സാധിക്കുക, വൈകി ലഭിക്കുന്ന നീതിയെ ന്യായീകരിക്കാവുന്നതാണോ, ഒരു സാധാരണ മനുഷ്യന് നിയമത്തെ എത്രമാത്രം ആശ്രയിക്കാം...തുടങ്ങിയ സംശയങ്ങള്‍ക്ക് മുരുകന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് അശോക് പി. നായര്‍ മറുപടി നല്‍കുന്നു. തിരുവനന്തപുരത്തെ സീനിയര്‍ അഭിഭാഷകനായ അശോക് പി. നായര്‍ നേരത്തെ യുവസംരംഭക ശോഭ വിശ്വനാഥന് വേണ്ടി ഹാജരായി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.പീഡനക്കേസിലെ പ്രതിയെന്ന ആരോപണം, തന്റെ നിരപരാധിത്വം തെളിയിക്കണമെന്ന ആഗ്രഹവുമായി വന്ന മുരുകന്‍ നിരപരാധിയാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനാവുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നോ?

രണ്ട് പോക്സോ കേസുകളിലെ പ്രതിയായാണ് മുരുകനെ ആദ്യം കാണുന്നത്. ക്രൈം സ്റ്റേജില്‍ ജാമ്യമൊക്കെ എടുത്തുകൊടുത്ത ഒരു ലോയര്‍ മുരുകനുണ്ടായിരുന്നെങ്കിലും പിന്നീട് കേസ് ജില്ലാകോടതിയിലേക്ക് മാറുമ്പോള്‍ വക്കീലിന് നല്‍കേണ്ട ഫീസ്തുക വര്‍ധിപ്പിച്ചതോടെ മുരുകന്റെ കാര്യം കഷ്ടത്തിലായി. കേസില്‍ പെട്ടതോടെ ജീവിതം തന്നെ വഴിമുട്ടിയ മുരുകന് ഫീസ് താങ്ങാവുന്നതായിരുന്നില്ല. ആ സമയത്താണ് ഒരു സുഹൃത്ത് വഴി മുരുകന്‍ എന്നെ സമീപിക്കുന്നത്. ആദ്യം വരുമ്പോള്‍ വളരെ നെഗറ്റീവായാണ് മുരുകന്റെ കേസ് നോക്കിക്കണ്ടതും. പോക്സോ കേസിലെ പ്രതി, വീട്ടുകാരുമായി സഹകരണമില്ല. മുരുകന്റെ സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കേസ് ഏറ്റെടുക്കാമെന്ന് തീരുമാനിക്കുന്നത്. കോടതിയില്‍ നിന്ന് ലഭിച്ച കേസ്റെക്കോഡുകള്‍ പരിശോധിച്ചു. പരിശോധനയുടെ ആദ്യഘട്ടത്തില്‍ തന്നെ കേസ് ഫ്രെയിം ചെയ്തിരിക്കുന്നതില്‍ മിസ്മാച്ചിങ് തോന്നിയിരുന്നു. മുരുകന്റെ മേല്‍ ചുമത്തിയിരുന്ന ഓറല്‍ സെക്സിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവ്യക്തത ഉണ്ടായിരുന്നു.

ആദ്യം തന്നെ മുരുകന്‍ നിരപരാധിയാണെന്ന നിഗമനത്തോടെയല്ല കേസിലേക്ക് കടന്നുചെന്നത്. പിന്നീടുള്ള കൂടിക്കാഴ്ചകളിലൂടെ മുരുകന്‍ നിരപരാധിയാണന്ന് വിശ്വാസം ഉണ്ടാവുകയായിരുന്നു. പതിയെപ്പതിയെ മുരുകന്‍ തന്റെ വിഷമങ്ങള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. കേസ് പരിഗണിക്കുന്ന ദിവസം പലപ്പോഴും മുരുകന്‍ കുളിക്കാനായി ആശ്രയിക്കുന്നത് പൊതുകംഫര്‍ട്ട് സ്റ്റേഷനുകളോ ബസ് സ്റ്റാന്‍ഡുകളിലെ കംഫര്‍ട്ട് സ്റ്റേഷനുകളോ ചെലവുകുറഞ്ഞ ലോഡ്ജ് മുറികളോ ആയിരുന്നു. അത്രയ്ക്ക് കഷ്ടമായിരുന്നു ആ മനുഷ്യന്റെ അവസ്ഥ. രണ്ട് പെണ്‍മക്കളുള്ള മുരുകന് രണ്ട്‌ പോക്‌സോ കേസുകളിലെ പ്രതിയാക്കപ്പെട്ടിരുന്നതിനാല്‍ തന്നെ സ്വന്തം വീട്ടിലോ വീട്ടിന്റെ പരിസരത്തോ ചെല്ലാന്‍ പറ്റുമായിരുന്നില്ല. കേസിന് വരുമ്പോള്‍ പലപ്പോഴും ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല. കഴിക്കാനുള്ള പൈസ കയ്യിലുണ്ടാവില്ല എന്നതാണ് വാസ്തവം.

Also Read

വ്യക്തിവിരോധം തീർക്കാൻ പോലീസുകാർ കെട്ടിച്ചമച്ചത് ...

വ്യക്തിവിരോധത്തിന്റെ പേരില്‍ പോലീസ് കെട്ടിച്ചമച്ച കേസ്, കേസിന്റെ അന്വേഷണചുമതലയുള്ള ഉദ്യോഗസ്ഥനാകട്ടെ വിശിഷ്ട സേവനത്തിനുള്ള അംഗീകാരം നേടിയ വ്യക്തി കൂടിയാണ്. ഇത്തരം സാഹചര്യങ്ങളില്‍ സാധാരണക്കാരന് നീതി ലഭിക്കണമെങ്കില്‍ കോടതികളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ വരുന്നു. മുരുകനെ പോലെ എല്ലാവര്‍ക്കും ഇത്തരത്തില്‍ നീതി പ്രതീക്ഷിക്കാമോ?

സാധാരണക്കാരനായ ഒരു വ്യക്തിയോ സമൂഹത്തില്‍ ഉന്നതനായി ജീവിക്കുന്ന ഒരാളോ ആകട്ടെ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ആദ്യം സമീപിക്കുന്നത് പോലീസ് സ്റ്റേഷനെ ആയിരിക്കും. പോലീസുകാരാണ് നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നതാണ് കാരണം. അപ്പോള്‍ സ്വാഭാവികമായിട്ടും ജുഡീഷ്യല്‍ സിസ്റ്റത്തിന്റെ ഭാഗമായ പോലീസ് ഓഫീസേഴ്‌സ് അതില്‍ അഴിമതി കാണിച്ചാല്‍ നീതി ലഭിക്കാന്‍ കോടതിയെ സമീപിക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. നീതി പരിപാലനത്തിനായി ഇവിടെ പോലീസ് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ സാഹചര്യം വളരെയേറെ മോശമായി മാറിയേനെ. പോലീസുകാരെ നിരീക്ഷിക്കാനോ താക്കീത് ചെയ്യാനോ പോലീസിനെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാനോ അധികാരപ്പെട്ട ജുഡീഷ്യല്‍ സംവിധാനം ഇല്ലായിരുന്നെങ്കില്‍ ഈ കാണുന്ന സാഹചര്യത്തില്‍ ആയിരിക്കില്ല മുന്നോട്ടുപോക്ക്. അടുത്തിടെ നടന്ന സംഭവത്തില്‍ സൈനികനേയും സഹോദരനേയും കള്ളക്കേസില്‍ പോലീസ് കുടുക്കി. ഇത്തരം സംഭവങ്ങള്‍ കാലാകാലമായി നടന്നുവരുന്നതാണെങ്കിലും അടുത്ത കാലത്തായി ഇത്തരം സംഭവങ്ങള്‍ കൂടിവരുന്നു. മൊറാലിറ്റി എന്നുള്ളത് പോലീസിന് നഷ്ടമാകുന്നു എന്നുള്ളതിന്റെ ദൃഷ്ടാന്തമായി ഇത്തരം സംഭവങ്ങളെ വിലയിരുത്താവുന്നതാണ്.

ജനങ്ങള്‍ക്ക് കോടതികളിലുള്ള വിശ്വാസത്തോടൊപ്പം മറ്റ് നീതി നിര്‍വഹണസംവിധാനങ്ങളായ പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി, ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിഷന്‍ പോലുള്ള അധികാര കേന്ദ്രങ്ങള്‍ ഉള്ളതുകൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥരോ മറ്റ് സര്‍ക്കാരുദ്യോഗസ്ഥരോ ജനങ്ങളുടെ മേല്‍ അമിതമായി കുതിര കയറാത്തത്. അത്തരത്തിലുള്ള അധികാര ദുര്‍വിനിയോഗത്തെ മോണിറ്റര്‍ ചെയ്യാനും കണ്‍ട്രോള്‍ ചെയ്യാനും മറ്റൊരു സംവിധാനം നിയമം തന്നെ ഉണ്ടാക്കിവെച്ചിട്ടുണ്ട്. ആ പരിരക്ഷയുടെ കീഴിലാണ് സാധാരണജനങ്ങള്‍ മുന്നോട്ടുപോകുന്നത്. സദുദ്ദേശത്തോടേയും സത്യസന്ധമായും ഒരു കേസുമായി ആ സംവിധാനത്തെ സമീപിക്കുന്നവര്‍ക്ക് തീര്‍ച്ചയായും നൂറ് ശതമാനം നീതി ലഭിക്കും. പോലീസുകാര്‍ തന്നെ നീതി നടപ്പാക്കണമെന്നില്ല. അല്ലാതെ തന്നെ നീതി നടപ്പാക്കാന്‍ ധാരാളം മെഷിനറീസ് നിലവിലുണ്ട്.

Justice delayed is justice denied എന്നാണല്ലോ. പത്ത് വര്‍ഷത്തിന് ശേഷം പ്രതിയാക്കപ്പെട്ട ഒരാള്‍ നിരപരാധിയെന്ന് വിധി വരുമ്പോള്‍ കോടതി പരാമര്‍ശിച്ചതുപോലെ ഒരു സാധാരണ മനുഷ്യന്റെ ജീവിതമല്ലേ ഇല്ലാതായത്? ഇതിനെ എങ്ങനെയാണ് താങ്കള്‍ കാണുന്നത്?

ജസ്റ്റിസ് ഡിലേയ്ഡ് ഇസ് ജസ്റ്റിസ് ഡിനൈഡ് എന്നു പറയുന്നത് നൂറ് ശതമാനം ശരിയാണ്. മുരുകന്റെ കാര്യം തന്നെ പരിശോധിക്കാം. പത്ത് വര്‍ഷത്തിലധികം മുരുകന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നീക്കിവെച്ചു. ഒടുവില്‍ മുരുകന്‍ നിരപരാധിയാണെന്ന് കോടതിയ്ക്ക് ബോധ്യമാവുകയും ചെയ്തു. പക്ഷെ ആ പത്തുവര്‍ഷക്കാലം മുരുകന്‍ വീട്ടില്‍ നിന്ന്, കുടുംബത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട അവസ്ഥ, തെരുവില്‍ കിടക്കേണ്ടി വന്ന അവസ്ഥ, എവിടെപ്പോയാലും പോക്‌സോ കേസിലെ പ്രതി എന്ന് ചോദ്യം ചെയ്യപ്പെട്ട അവസ്ഥ. സ്വാഭാവികമായും ആള്‍ക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് വളരെയേറെയാണ്. പക്ഷെ പോക്‌സോ ആക്ടിനെ സംബന്ധിച്ചിടത്തോളം കോടതികള്‍ വളരെ കാര്യക്ഷമമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ കോടതികള്‍ പ്രവര്‍ത്തനമാരംഭിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ മാത്രം പോക്‌സോ കേസുകളുടെ വിചാരണയ്ക്കായി നാല് കോടതികള്‍ ഉണ്ട്, നാലെണ്ണം അധികമായി പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നു. ആറ് മാസം അല്ലെങ്കില്‍ മാക്‌സിമം ഒരുവര്‍ഷത്തിനുള്ളില്‍ തീര്‍ക്കണമെന്നുള്ള ഡയറക്ഷന്‍സ് ഹൈക്കോടതികളും മറ്റ് മോണിറ്ററിങ് അതോറിറ്റീസും സാധാരണ ഇറക്കാറുണ്ട്. പോക്‌സോ കേസുകളുടെ വിചാരണ പൊതുവേ വേഗത്തിലാണ് നടക്കുന്നത്. മറ്റുകേസുകളുടെ കാര്യത്തില്‍ ഇപ്പോഴും പരിതാപകരമാണ് അവസ്ഥ. 2014-15 കാലത്തെ കേസുകളിലാണ് ഇപ്പോഴും ട്രയല്‍ നടക്കുന്നത്. അങ്ങനെ വരുമ്പോള്‍ നിരപരാധികളുടെ കാര്യത്തില്‍ ഈ മെല്ലെപ്പോക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതൊരിക്കലും അംഗീകരിക്കാനാവുന്ന ഒരു സാഹചര്യമല്ല. അതിന് തീര്‍ച്ചയായും മാറ്റം വരേണ്ടതുണ്ട്.

ഇതുപോലെത്തന്നെയുള്ള മറ്റൊരു കേസായിരുന്ന ശോഭ വിശ്വനാഥിന്റേതും. അന്ന് ശോഭയുടെ നിരപരാധിത്വം തെളിയിക്കാന്‍ സഹായിച്ചതും ഇപ്പോള്‍ മുരുകന്റെ കേസിലിടപെട്ടതും താങ്കള്‍ക്ക് കരിയറില്‍ കൂടുതല്‍ ആത്മവിശ്വാസം പകരുമെന്ന് കരുതാമോ?

കേസുകള്‍ വിജയിക്കുമ്പോള്‍, അല്ലെങ്കില്‍ സത്യമെന്താണെന്ന് തെളിയുമ്പോള്‍ ആത്മവിശ്വാസം തീര്‍ച്ചയായും വര്‍ധിക്കും, കരിയര്‍ ഗ്രോത്തും ഉണ്ടാകും. പക്ഷെ അതിനേക്കാളുപരി കുറ്റം ചെയ്യാതെ അപരാധിയാണെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെ അതില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്നതിന്റെ സന്തോഷവും ചാരിതാര്‍ഥ്യവുമുണ്ട്. മുരുകന്റെ കേസ് തന്നെയെടുക്കാം. കേസില്‍ മതിയായ വിചാരണ കൂടാതെ അദ്ദേഹത്തെ കുറ്റവാളിയെന്ന് വിധിച്ച് ശിക്ഷിച്ചിരുന്നെങ്കില്‍ മുരുകന് ജീവപര്യന്തമാണ് ലഭിക്കേണ്ടിയിരുന്നത്. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പതിനൊന്ന് വര്‍ഷം കാത്തിരുന്ന മുരുകനെ ഒരുപക്ഷെ ശിക്ഷിച്ചിരുന്നെങ്കില്‍ ഒരിക്കലും ഒന്നുകൊണ്ടും അതിനെ കോമ്പന്‍സേറ്റ് ചെയ്യാന്‍ പറ്റുമായിരുന്നില്ല. പണം കൊണ്ടോ മറ്റേതെങ്കിലും സപ്പോര്‍ട്ട് കൊണ്ടോ ഒരിക്കലും അതിന് പ്രായശ്ചിത്തം ചെയ്യാന്‍ കഴിയില്ല. കേസ് ജെനുവിന്‍ ആണെങ്കില്‍ അതിനെ പ്രോപ്പറായിമനസിലാക്കി കണ്ടസ്റ്റ് ചെയ്യാന്‍ സാധിക്കും.പ്രോപ്പറായി കണ്ടസ്റ്റ് ചെയ്യുന്ന കേസുകള്‍ക്ക്, സത്യസന്ധമായ കേസുകളാണെങ്കില്‍ നൂറ് ശതമാനം വിജയം ഉണ്ടാകും എന്നത് മുരുകന്റേയും ശോഭ വിശ്വനാഥിന്റേയും ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലൂടെ മനസിലായ സംഗതിയാണ്. ഈ കേസ്വിജയങ്ങള്‍ നമ്മുടെ കോണ്‍ഫിഡന്‍സ് ലെവല്‍ വര്‍ധിക്കുന്നതിന് സഹായകമാണ്.

READ MORE: ഒരു കഞ്ചാവ് കെണി: അപരാധിയില്‍ നിന്ന് നിരപരാധിത്വത്തിലേക്കുള്ള ശോഭയുടെ നിയമ പോരാട്ടത്തിന്റെ കഥ

ശോഭ വിശ്വനാഥിന്റെ കാര്യത്തില്‍ സാമ്പത്തികവും കുടുംബപരവുമായ സുരക്ഷിതത്വം ഉണ്ടായിരുന്നുവല്ലോ. പക്ഷെ മുരുകന്റെ കാര്യത്തില്‍ അത്തരമൊരു സുരക്ഷിതത്വമുണ്ടായിരുന്നില്ല എന്നാണ് മനസിലാക്കുന്നത്. ഇതുപോലെ പലപ്പോഴും വ്യാജആരോപണങ്ങളില്‍ കുടുങ്ങുന്നവര്‍ക്ക് വേണ്ടിയുള്ള എന്തെങ്കിലും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാമോ?

ശോഭ വിശ്വനാഥിന്റെ കേസിനെ സംബന്ധിച്ചിടത്തോളം അവരും ഒരുകേസില്‍ പ്രതിയാക്കപ്പെട്ടതാണ്. പോലീസല്ല മറിച്ച് മറ്റൊരാളാണ് ശോഭ വിശ്വനാഥിനെ ട്രാപ് ചെയ്ത് പ്രതിയാക്കിയതാണ്. ശോഭ വിശ്വനാഥ് സമൂഹത്തിന്റെ ഉയര്‍ന്ന തട്ടില്‍ ജീവിക്കുന്ന ആളാണ്. രാഷ്ട്രീയമായും മറ്റും സ്വാധീനമുള്ള വ്യക്തിയുമാണ്. അത്തരത്തിലുള്ള ഒരു കക്ഷിയ്ക്ക് വേണ്ടി അഭിഭാഷകന്റെ ഭാഗത്ത് നിന്ന് എടുക്കേണ്ടി വരുന്ന എഫര്‍ട്ട്- അതായത് ശോഭ വിശ്വനാഥിന്റെ നിരപരാധിത്വം പ്രൂവ് ചെയ്യാനുള്ള ഫര്‍തര്‍ ഇന്‍വെസ്റ്റിഗേഷനോ മറ്റോ വേണ്ടി വന്നാല്‍ അത് താരതമ്യേന എളുപ്പത്തില്‍ സാധ്യമാകും. അതുകൊണ്ടുതന്നെ ആ കേസ് കുറച്ചുകൂടി സ്മൂത്തായിരുന്നു. പക്ഷെ മുരുകന്റെ കാര്യത്തില്‍ അതത്ര എളുപ്പമായിരുന്നില്ല. മുരുകന്‍ ഒരു ഓട്ടോ ഡ്രൈവറാണ്. സമൂഹത്തിന്റെ താഴേത്തട്ടില്‍ ജീവിക്കുന്ന ആളാണ്. രണ്ട് പീഡനക്കേസുകളില്‍ പ്രതിയായി ചിത്രീകരിക്കപ്പെടുമ്പോള്‍ സമൂഹത്തില്‍ നിന്ന് മുരുകന്‍ എത്രമാത്രം ഒറ്റപ്പെടുത്തപ്പെടുമെന്ന് ഓര്‍ത്തുനോക്കൂ. രണ്ട് പെണ്‍മക്കളാണ് മുരുകന്. ആ കുട്ടികളുടെ മാനസികാവസ്ഥ, അവര്‍ അനുഭവിക്കേണ്ടി വരുന്ന അപമാനം ഇതിനൊക്കെ ആരാണ് ഉത്തരവാദിയാകുന്നത്. തന്റെ നിരപരാധിത്വം തെളിയിക്കാനായി പതിനൊന്ന് കൊല്ലം ഫൈറ്റ് ചെയ്തില്ലായിരുന്നുവെങ്കില്‍ ജീവിതകാലം മുഴുവനും മുരുകനും കുടുംബവും ആ അപമാനത്തില്‍ നിന്ന് മോചനം ലഭിക്കുമായിരുന്നില്ല. പീഡനക്കേസിലെ പ്രതിയ്‌ക്കോ അയാളുടെ ഭാര്യയ്‌ക്കോ മക്കള്‍ക്കോ സമൂഹത്തില്‍ ഒരു ഐഡന്റിറ്റി ഉണ്ടാകുമോ? കേസ് വിജയിച്ചതുകൊണ്ട് മാത്രം അവരതിനെ അതിജീവിച്ചു, നാട്ടുകാര്‍ക്കും സത്യാവസ്ഥ മനസിലായി. ഒന്നോ രണ്ടോ പോലീസുകാര്‍ വിചാരിച്ചാല്‍ നിഷ്പ്രയാസം ഒരു മനുഷ്യന്റെ ജീവിതം, സമൂഹത്തിലെ അവന്റെ സല്‍പ്പേര് തുടങ്ങിയവയൊക്കെ നഷ്ടപ്പെടുത്താന്‍ ഒരുപോലീസുകാരനോ അയാളെഴുതുന്ന എഫ്‌ഐആറോ മാത്രം മതി.

പല കേസുകളിലും പെടുന്ന വ്യക്തികള്‍ക്ക് പ്രോപ്പര്‍ ഗൈഡന്‍സ് ലഭിക്കാത്തതുകൊണ്ടാണ് കേസിന്റെ അവസാനം വരെ പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടി വരുന്നത്. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോകുന്നുവെന്നിരിക്കട്ടെ, എതിര്‍ഭാഗത്തുള്ള വ്യക്തി ചിലപ്പോള്‍ രാഷ്ട്രീയമായോ മറ്റുതരത്തിലോ സ്വാധീനമുള്ള ആളാണെങ്കില്‍ പരാതി ചിലപ്പോള്‍ മറ്റൊരുതലത്തിലേക്ക് മാറിയേക്കാം. അത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ട്. സപ്പോര്‍ട്ടില്ലാത്ത ആള്‍ക്കാര്‍, അത് വാദിയായാലും പ്രതിയായാലും കറന്റ് സിനേറിയോയില്‍ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അതിനൊക്കെ മാറ്റം വരേണ്ടതുണ്ട്. ഇത്തരത്തില്‍ തന്നെ നീങ്ങുകയാണെങ്കില്‍ നാട്ടുകാര്‍ക്ക് പോലീസ് സ്റ്റേഷന്‍ എന്നുകേള്‍ക്കുമ്പോള്‍ തന്നെ ഭയമുണ്ടാകുന്ന സാഹചര്യം വരും.

പത്ത് വര്‍ഷം മുമ്പത്തെ പോലെയല്ല, അടുത്തകാലത്തായി പോക്‌സോ കേസുകളുടെ റിപ്പോര്‍ട്ടിങ്ങില്‍ വര്‍ധനവുണ്ട്. പോക്‌സോ കേസുകള്‍ പലപ്പോഴും വ്യക്തിവിരോധം തീര്‍ക്കാനുള്ള ആയുധമായി ഉപയോഗിക്കാനുള്ള സാധ്യത എത്രത്തോളമാണ്?

പോക്‌സോ നിയമത്തിന്റെ ദുരുപയോഗം ധാരാളമായി നടക്കുന്നുണ്ട്. പോക്‌സോ കേസുകളിലെ പകുതിയിലധികം കേസുകളും ഫാബ്രിക്കേറ്റഡ് കേസുകളാവാനാണ് സാധ്യത. ഭാര്യഭര്‍തൃബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് കുട്ടികളെ ഉപയോഗപ്പെടുത്തി കള്ളക്കേസുകള്‍ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. ഭര്‍ത്താക്കന്‍മാരാണ് അധികമായി ഇത്തരം കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്നത്. ബന്ധുക്കള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍, വസ്തുതര്‍ക്കം തുടങ്ങി പലസാഹചര്യങ്ങളിലും ആളുകള്‍ ആദ്യം ചിന്തിക്കുന്നത് ഒരു പോക്‌സോ ഒഫന്‍സ് എങ്ങനെ എടുക്കാമെന്നാണ്. ഈയിടെ ഉണ്ടായ ഒരു കേസ് പറയാം. ഒരു സ്‌കൂള്‍ബസ് ഡ്രൈവറിനെതിരെയാണത്. മറ്റൊരാളോട് കാണിച്ച സഹാനുഭൂതി അയാളെ പോക്‌സോ കേസില്‍ പ്രതിയാക്കിയെന്നുപറയാം. അയാള്‍ ഡ്രൈവറായ ബസിലെ ഒരു പെണ്‍കുട്ടിയെ ഐഡന്റിറ്റികാര്‍ഡ് കാണട്ടെ എന്നുപറഞ്ഞുവിളിച്ച് കാലില്‍ പിടിച്ചു എന്നാണ് കേസ്. കേസ് കൊടുത്തത് കുട്ടിയുടെ അമ്മയാണ്. അവര്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. കുട്ടിയുടെ മാതാപിതാക്കള്‍ കുറച്ചുകാലമായി അകന്നുകഴിയുകയാണ്. പെണ്‍കുട്ടിയെ കൂടാതെ ഒരു മകനുമുണ്ട്. ഓണത്തോടനുബന്ധിച്ച് കുട്ടികളെ കാണാന്‍ അച്ഛനെത്തിയിരുന്നു. അച്ഛന് കുട്ടികളെ കാണാന്‍ സൗകര്യമൊരുക്കി നല്‍കിയത് സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്നു. ആ കൂടിക്കാഴ്ചയ്ക്ക് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഡ്രൈവര്‍ക്കെതിരെ പരാതിയുമായി അമ്മ രംഗത്തെത്തിയത്. ആ ബസില്‍ മുപ്പതോളം കുട്ടികള്‍ യാത്ര ചെയ്യുന്നുണ്ട്. ആരും ഈ സംഭവം കണ്ടിട്ടില്ല. പക്ഷെ പോലീസിന് മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തേ മതിയാകൂ. വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടി പോക്സോ ആക്ടിനെ ദുരുപയോ?ഗം ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

Content Highlights: Interview, Advocate Ashok P. Nair, Pocso Case, Justice, Social Issue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022

Most Commented