പ്രതീകാത്മക ചിത്രം
വിജയ് ബാബു ദുബായിൽ വെച്ച് സുഹൃത്ത് വഴി തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തു എന്ന വെളിപ്പെടുത്തലുമായി ഇരയാക്കപ്പെട്ട നടി. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. പരാതി നൽകിയ ശേഷം ആദ്യമായാണ് താൻ അനുഭവിച്ച വേട്ടയാടലിനെ കുറിച്ചും തന്റെ പോരാട്ടത്തെ കുറിച്ചും നടി അഭിമുഖം നൽകുന്നത്. തനിക്ക് പൈസ വാങ്ങി സുഖമായി ജീവിക്കാമായിരുന്നു. എന്നാൽ, ആ പാതയല്ല തിരഞ്ഞെടുത്തതെന്നും ആ ആര്‍ജ്ജവമുള്ള തീരുമാനത്തിനാണ് ഈ കല്ലേറുകളെല്ലാം വാങ്ങുന്നതെന്നും നടി പറയുന്നു.
നിലീന അത്തോളി: ലോകത്ത് നടക്കുന്ന എല്ലാ ലൈംഗികാതിക്രമങ്ങളും പരാതികളിൽ അവസാനിക്കാറില്ല. കാരണം, പരാതിക്കു ശേഷം ഓരോ സ്ത്രീയും അനുഭവിക്കേണ്ടി വരുന്ന ട്രോമകള്‍, സ്ലട്ട് ഷേമുകള്, മാനാഭിമാന വിഷയങ്ങള്‍ എന്നിവയാണ് പരാതി നല്‍കുന്നതില്‍നിന്ന് പലപ്പോഴും സ്ത്രീകളെ പിന്തിരിപ്പിക്കുന്നത്. ഇത്രയും ശക്തനായ, സ്വാധീനശേഷിയുള്ള ഒരു നിര്‍മ്മാതാവിനെതിരേ പരാതി നല്കുമ്പോള് ഇക്കാര്യങ്ങളെല്ലാം താങ്കളും ചിന്തിച്ചു കാണുമല്ലോ. ഏതു ഘട്ടത്തിലാണ് പരാതി നല്‍കുക എന്ന ഉറച്ച തീരുമാനത്തിലേക്കെത്തുന്നത്?
എന്നെ ശാരീരികമായും മാനസ്സികമായും ലൈംഗികമായും ഉപദ്രവിച്ച ഒരാള്‍, സുഖസുന്ദരമായി ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ ജീവിക്കുന്നത് ആത്മാഭിമാനമുള്ള ഒരു സ്ത്രീക്ക് കണ്ടുനില്ക്കാന് കഴിയുമോ? പരാതിയിൽനിന്ന് ആരും എന്നെ പിന്തിരിപ്പിക്കരുത് എന്നത് കൊണ്ടാണ് വീട്ടുകാരോട് പോലും പറയാതെ പരാതി കൊടുക്കാന്‍ ഞാന്‍ ഒറ്റയ്ക്കു തീരുമാനിക്കുന്നത്. വക്കീലിനെ കണ്ടപ്പോള്‍ പല റിസ്കുകളും എന്നെ പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നു. എനിക്ക് സിനിമ പോയാലും കുഴപ്പമില്ല, എന്നെ ചൂഷണം ചെയ്ത ഒരാളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്നതായിരുന്നു എന്റെ തീരുമാനം.
ഒരു പൈസയ്ക്കും ഓഫറിനും ഞാന്‍ ചൂഷണം ചെയ്യപ്പെട്ടെന്ന വാസ്തവം ഇല്ലാതാക്കാന്‍ പറ്റില്ല. പരാതി കൊടുക്കണമെന്ന തീര്‍ച്ച എന്റേത് മാത്രമാണ്. ഏത് പ്രത്യാഘാതവും നേരിടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. എന്റെ ചുറ്റിലുമുള്ളവര്‍ എന്ത് വിചാരിക്കുന്നു എന്നതായിരുന്നില്ല എന്റെ പ്രശ്നം. എന്നെ കുറിച്ച് ഞാൻ എന്ത് ചിന്തിക്കുന്നു എന്നതിനാണ് ഞാന്‍ കൂടുതലും വിലകല്പിക്കുന്നത്. അതാണ് പരാതിയിലേക്ക് നയിച്ചത്. എന്നെ മാത്രമല്ല, സിനിമയെ തന്നെ ദുരുപയോഗം ചെയ്ത ഒരാള്‍ക്കെതിരേയാണ് ഞാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. അയാള്‍ക്ക് പണവും സ്വാധീനവും ഉള്ളതിനാല്‍ ആരോടും എന്തും ചെയ്യാമെന്ന മനോഭാവം ഇല്ലതാവണം എന്നെനിക്കുണ്ടായിരുന്നു. ഇയാളില്‍നിന്ന് പലവിധ പീഡനങ്ങള്‍ നേരിട്ട ഞാന്‍ ഈ ബന്ധത്തില്‍നിന്ന് അകലാന്‍ ശ്രമിച്ചിരുന്നു. എന്നാൽ, "ഇനി സിനിമാ മേഖലയില്‍ നീ നിലനില്‍ക്കില്ല, നീ അനുഭവിക്കും, വിജയ് ബാബു ആരാണെന്ന് നിനക്കറിയില്ല" എന്ന തരത്തിലുള്ള പലവിധ ഭീഷണികളുമായി അയാള്‍ മുന്നോട്ടു വരികയായിരുന്നു. ആ ഭീഷണിയാണ് പരാതി കൊടുക്കാനുള്ള തീരുമാനത്തിലേക്ക് എന്നെ കൂടുതലും അടുപ്പിച്ചത്.
Also Read
പക്ഷെ, "ബ്ലാക്ക്മെയിലിങ് ആണ് ഉദ്ദേശം, ഒരുപാട് കാശ് കൈപ്പറ്റി" എന്ന ഗുരുതര ആരോപണം ഉന്നയിക്കപ്പെട്ടിരുന്നല്ലോ. അതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?
ഞാന്‍ പരാതി കൊടുക്കുന്നതിനു മുമ്പ് പരാതിയുമായി മുന്നോട്ടു പോവരുതെന്ന് പല തവണ വിജയ് ബാബു കെഞ്ചിയിട്ടുണ്ട്. ഞാനെന്ത് ഡീലിനും റെഡിയാണ്, നീ എന്നോടു പറ എന്നും അയാള്‍ പറഞ്ഞിരുന്നു. എന്റെ ആരോപണം വ്യാജമായിരുന്നെങ്കില്‍ ഈ ഡീലിന് നിന്നു കൊടുക്കുന്നതല്ലായിരുന്നോ ഏറ്റവും സൗകര്യമുള്ള കാര്യം? നീ എന്നോട് ചെയ്തതിന് നീ അര്‍ഹിക്കുന്നത് നിനക്ക് ലഭിക്കും എന്ന് പറഞ്ഞാണ് ആ വാട്സാപ്പ് സംഭാഷണം ഞാന്‍ അവസാനിപ്പിക്കുന്നത്. ഞാന്‍ ഇയാളില്‍നിന്ന് കാശ് വാങ്ങിച്ചെന്നും കാശ് ചോദിച്ചെന്നുമാണ് ഇയാള്‍ പരാതി പറയുന്നത്. അങ്ങനെ ഞാന്‍ കാശ് ചോദിച്ചതിന്റെയോ മറ്റോ എന്തെങ്കിലും സ്ക്രീന്‍ ഷോട്ടുണ്ടെങ്കില്‍ ഞാന്‍ സമ്മതിച്ചു തരാം. പിന്നെ പൈസവാങ്ങി എന്ന ആരോപണവും അയാള്‍ ഉന്നയിക്കുന്നുണ്ട്. ശരിക്കും പൈസ വാങ്ങി സുഖമായി ജീവിക്കാമായിരുന്നു എനിക്ക്. ഞാനാ പാതയല്ല തിരഞ്ഞെടുത്തത്. ആ തീരുമാനത്തിനാണ് ഈ കല്ലേറുകളെല്ലാം വാങ്ങുന്നതും.
.jpg?$p=6c0d6ca&w=610&q=0.8)
യാതൊരു വിധത്തിലുള്ള സാമ്പത്തിക സഹായവും സ്വീകരിച്ചിട്ടില്ലെന്നാണോ?
ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും ഞങ്ങള്‍ തമ്മില്‍ നടന്നിട്ടില്ല. കാശ് അയാളില്‍നിന്ന് മേടിക്കണമെങ്കില്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട്. ഈ കേസേ ഉണ്ടാകില്ലായിരുന്നു. എനിക്ക് അതിന് കഴിയില്ല. ഇയാളുടെ സിനിമയില്‍ അഭിനയിച്ചതിന് വെറും 20,000 രൂപയാണ് എനിക്ക് തന്നത്. ഇയാള്‍ കോടികളുണ്ടാക്കിയ സിനിമയില്‍നിന്ന് എനിക്ക് കിട്ടിയ പ്രതിഫലമാണിത്. ഞാനൊരു പുതുമുഖമായതുകൊണ്ടാണ് ഇത്തരത്തിലുള്ള നീതിനിഷേധം ഉണ്ടായത്. വളരെ കഷ്ടപ്പെട്ടാണ് ഞാന്‍ സിനിമ ചെയ്തത്. പക്ഷെ, സിനിമയെകുറിച്ച് ഞാന്‍ നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ. കാരണം സംവിധായകനും ചായാഗ്രാഹകരും മറ്റ് അഭിനേതാക്കളുമെല്ലാം നല്ലവരായിരുന്നു.
20,000 രൂപ ലിക്വിഡ് കാഷ് ആയാണോ തന്നത്? സിനിമക്കു മുമ്പെ അപ്പോള്‍ കരാർ ഒപ്പിട്ടിട്ടില്ലായിരുന്നോ?
ഇല്ല. സിനിമ ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷം ഞാന്‍ വിളിച്ചു ചോദിക്കുമ്പോഴാണ് അയാള്‍ എന്നോട് പറയുന്നത് പെയ്മെന്റ് ഇടാമെന്ന്. പക്ഷെ, 20,000 രൂപയാണ് അയാളെനിക്ക് തന്നത്. അതാണ് ഇയാള്‍ എനിക്കു നേരെ ആരോപിച്ച ലക്ഷങ്ങളുടെ ഇടപാടുകള്‍. ലക്ഷങ്ങള്‍ എനിക്ക് തന്നിട്ടുണ്ടെങ്കില്‍ തെളിവ് കാണിക്കട്ടെ. ഞാന്‍ സമ്മതിക്കാം.
ഒരു ലൈവ് പോയാല്‍ തീരാവുന്നതാണ് പൊതുസമൂഹത്തിനുള്ള പല തെറ്റിദ്ധാരണകളും. ഞാൻ ലൈവ് പോയാല്‍ പിന്നെ അയാളും ഞാനും തമ്മില്‍ എന്താണ് വ്യത്യാസം? ഞാനൊരിക്കലും കാശിന് വേണ്ടിയല്ല അയാളുമായി ഇടപഴകിയത്. ചില മാനസിക സംഘര്‍ഷങ്ങളിലൂടെ പോയിരുന്ന നാളുകളില്‍ എന്റെ മുന്നില്‍ രക്ഷകനായി അയാള്‍ അവതരിക്കുകയായിരുന്നു.
സിനിമയില്‍ അവസരം കിട്ടിയത് നേര്‍വഴിക്കല്ല എന്നുളള സൈബര്‍ ആക്രമണങ്ങള്‍, സ്ലട്ട് ഷെയിമുകള് എന്നിവയും സമൂഹമാധ്യമങ്ങളില്‍ നിന്ന് നേരിട്ടിരുന്നില്ലേ?
പ്രമുഖ വെബ്സീരീസില്‍ അഭിനയിച്ചതു കണ്ടാണ് ആ സിനിമയിലേക്ക് എനിക്ക് അവസരം വരുന്നത്. വിജയ്ബാബുവിന്റെ കൂടെ പണ്ട് ഒരു പരസ്യം ചെയ്തിട്ടുണ്ടെങ്കിലും സീരീസ് കണ്ടാണ് അവസരം വരുന്നത്. നല്ല മാന്യമായ പെരുമാറ്റമായിരുന്നു അന്നയാള്‍ക്ക്. അയാളുടെ അന്നത്തെ പെരുമാറ്റം കണ്ട് വിജയ് ബാബു നല്ലൊരു മനുഷ്യനാണെന്ന് വരെ ഞാന്‍ പറഞ്ഞിരുന്നു. വിജയ് ബാബു തന്നെ അബ്യൂസ് ചെയ്യാന്‍ നോക്കിയിട്ടുണ്ടെന്ന് അന്നെന്നോട് ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ എനിക്കത് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. അന്നൊക്കെ അത്ര മാന്യമായാണ് പെരുമാറിയിരുന്നത്. ഇനി മറ്റൊരു കാര്യം, ആളുകള്‍ എന്നെ ഏത് രീതിയില്‍ ജഡ്ജ് ചെയ്താലും വേണ്ടില്ല, ഞാന്‍ പോരാടാന്‍ തീരുമാനിച്ചത് എന്നെ ചൂഷണം ചെയ്ത, എന്നെ ഉപയോഗിച്ച, എന്നെ ഉപദ്രവിച്ച ഒരാള്‍ക്കെതിരെയാണ്. അയാള്‍ എത്ര ശക്തനാണെങ്കിലും ഞാന്‍ പ്രതികരിക്കും, പോരാടും.
സിനിമ ചെയ്യുമ്പോള്‍ നിങ്ങള്‍ തമ്മില്‍ യാതൊരുവിധത്തിലുള്ള ആത്മബന്ധവും ഇല്ലായിരുന്നോ?
ഇല്ല. ഒഡിഷനിലൂടെ കടന്നു പോയ ശേഷമാണ് എനിക്കാ റോള്‍ കിട്ടുന്നത് തന്നെ. ഒഡിഷനു ശേഷം 'ഞാന്‍ പെർഫോർമെൻസ് വീഡിയോ കണ്ടു. നീ നന്നായി ചെയ്തു ' എന്ന തരത്തില്‍ പ്രൊഫഷനലായാണ് വിജയ്ബാബു സംസാരിച്ചത്.

വ്യാജ പരാതിയാണെന്ന തോന്നല്‍ പൊതുസമൂഹത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ വിജയ് ബാബുവിന് തന്റെ ലൈവിലൂടെ കുറച്ചെങ്കിലും കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ലേ?
ഞാനൊരിക്കലും ലൈവില്‍ വന്നല്ല ആരോപണങ്ങള്‍ ഉന്നയിച്ചത്. നിയമപരമായി പരാതി കൊടുത്ത് രംഗത്തു വരികയാണുണ്ടായത്. പരാതി വ്യാജമായിരുന്നെങ്കില്‍ പരാതി ക്ലോസ് ചെയ്യാമായിരുന്നു. അതുണ്ടായിട്ടില്ല. ലൈവില്‍ നല്കിയ മീശ പിരിച്ചുള്ള ഭീഷണിയാണ് ഇയാളെന്നോട് ഫോണ്‍ വിളിച്ചും തന്നുകൊണ്ടിരുന്നത്. നിങ്ങളെല്ലാം സാധാരണക്കാരാണ്, ഇത്രയധികം കാശുള്ള എന്നെ നിങ്ങള്‍ക്കൊന്നും ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല എന്ന ഒരു ഭാവമായിരുന്നു അയാള്‍ എന്നോട് വെച്ചു പുലര്‍ത്തിയത്. എന്റെ കയ്യിലുള്ള ഈ തെളിവെല്ലാം വെച്ച് ഏത് രീതിയിലും ബ്ലാക്ക് മെയില്‍ ചെയ്ത് എനിക്ക് കാശ് തട്ടാമായിരുന്നു അതാഗ്രഹിക്കുന്ന ഒരാളായിരുന്നെങ്കില്‍. എന്റെ ചേച്ചിയെ വിളിച്ച് സൂയിസൈഡ് ചെയ്യുമെന്നെല്ലാം പറഞ്ഞ് അയാൾ വിളിച്ചിട്ടുണ്ട്. അതിന്റെ എല്ലാ റെക്കോഡിങ്ങും എന്റെ കയ്യിലുണ്ട്. ഇന്ന് വരെ അതൊന്നും പൊതുമധ്യത്തിലേക്ക് ഞാന്‍ വലിച്ചിഴച്ചിട്ടില്ല. കാരണം ഞാന്‍ അയാളെപ്പോലൊരാളല്ല. അയാളെന്നോട് ചെയ്ത ക്രൈമിന്റെ ആഴം തിരിച്ചറിഞ്ഞ ഒരു വ്യക്തി കൂടിയാണ് ഞാന്‍. ഏത് തരത്തില്‍ അയാള്‍ കേസ് വഴി തിരിച്ചു വിട്ടാലും എന്റെ കയ്യില്‍ എല്ലാത്തിനുമുള്ള തെളിവുണ്ട്.. ഞാന്‍ പോരാടും. ജയവും പരാജയവും ഓര്‍ത്ത് ഞാന്‍ എന്റെ ഉള്ള സമാധാനം നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ല.
എന്നോടു നീതികേട് കാണിച്ച ഒരാള്‍ക്കെതിരേ യാതൊരുവിധ കോംപ്രമൈസിനും തയ്യാറാവാതെ ഞാന്‍ പോരാടി എന്നതാണ് എന്നോട് സ്വയം പുലര്‍ത്തേണ്ട നീതിയായി ഞാന്‍ കാണുന്നത്. എനിക്ക് എന്റെ മനസ്സമാധാനമാണ് വലുത്. മിണ്ടാതിരിക്കാന്‍ അയാള്‍ പറഞ്ഞപ്പോള്‍ മിണ്ടാതിരുന്ന, അയാള്‍ ഉപയോഗിച്ച അനേകം സ്ത്രീകളിലൊരാളായിരിക്കാന്‍ എനിക്ക് സാധ്യമല്ല.
പലവിധ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണല്ലോ പരാതി തന്നെ നല്കിയിട്ടുണ്ടാവുക. അപ്പോള്‍ പ്രതിയായ വിജയ്ബാബു അതിജീവിതയായ താങ്കളുടെ പേര് വെളിപ്പെടുത്തിയത് എത്രത്തോളം വലിയ ആഘാതമാണ് താങ്കളിലുണ്ടാക്കിയത്?
നിങ്ങളാരും ഊഹിക്കുന്നതിനേക്കാള്‍ കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോയത്. ആ ലൈവ് പോയത് പോലും ഞാനറിഞ്ഞിട്ടുണ്ടായിരുന്നില്ല. എന്റെ ഇന്‍ബോക്സില്‍ വന്ന് വിജയ് ബാബു എന്നും വിജയ്ബാബുവിന്റെ കളിയെന്നും പറഞ്ഞുള്ള അനവധി നിരവധി അശ്ലീല വ്യക്തിഹത്യാ മെസ്സേജുകള്‍ കണ്ടപ്പോള്‍ ഞാനാദ്യം പകച്ചു. വെടി, വേശ്യ എന്ന് വരെ പലരും വിളിച്ചു. ഒരു സിനിമയുടെ ഷൂട്ടിലായിരുന്നു അപ്പോള്‍ ഞാന്‍. വാര്‍ത്തയിലൂടെ പേര് പുറത്ത് വന്നാലും അയാള്‍ എന്റെ പേര് പറഞ്ഞ് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് എന്നെ വ്യക്തിഹത്യചെയ്യുമെന്ന് ഞാനൊരിക്കല്‍ പോലും കരുതിയിരുന്നില്ല. അന്ന് ഞാന്‍ ഉറങ്ങിട്ടില്ല.
ആദ്യമെല്ലാം എന്റെ പേര് പുറത്തുപോയാലും അതെനിക്ക് കുഴപ്പമുള്ള കാര്യമല്ല എന്ന ആത്മധൈര്യത്തിലായിരുന്നു ഞാന്‍ നടന്നിരുന്നത്. പരാതി കൊടുക്കുന്നതിനു മുമ്പ് ഞാന്‍ എന്റെ അഭിഭാഷകയുടെ അടുത്ത് സംസാരിച്ചപ്പോള്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ പൊതുജനം പേര് തിരിച്ചറിയാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പു തന്നിരുന്നു. പക്ഷെ, എന്ത് തിരിച്ചടികള്‍ നേരിട്ടാലും പരാതി കൊടുക്കണം എന്നു തന്നെയായിരുന്നു എന്റെ തീരുമാനം. കാരണം എന്നോട് തെറ്റ് ചെയ്ത ഒരാള്‍ക്കെതിരേയാണ് ഞാന്‍ പരാതി കൊടുത്തത്. ഇതില്‍ ഞാനല്ല തെറ്റുകാരി. ആ ഉത്തമബോധ്യമുള്ളതു കൊണ്ടാണ് പേര് പുറത്തു പോയാലും പ്രശ്നമില്ല എന്ന സമാശ്വാസത്തില്‍ ഞാനെത്തിയതും. മാത്രവുമല്ല, അയാള്‍ എന്നെ ഇതുപോലെ ചൂഷണം ചെയ്തിട്ടുണ്ടെങ്കില്‍ എത്ര സ്ത്രീകള്‍ ഇതുപോലെ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടാകാം എന്ന ചിന്തയാണ് എന്നെ അലട്ടിയത്. എന്റെയത്ര ധൈര്യമില്ലാത്ത കുട്ടിയായിരുന്നു ഇയാളുടെ അടുത്ത് വന്നു പെട്ടതെങ്കില്‍ അവള് ഉറപ്പായും ആത്മഹത്യ ചെയ്തേനേ. സിനിമയെ ആത്മാര്‍ഥമായി സ്നേഹിക്കുന്നവര്‍ക്കു കൂടി വേണ്ടിയാണ് എന്റെ പോരാട്ടം.
.jpg?$p=023c12d&w=610&q=0.8)
കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോൾ | ഫോട്ടോ: മുരളികൃഷ്ണൻ/ മാതൃഭൂമി
വീട്ടുകാരും അതീവ മാനസ്സിക സമ്മര്‍ദ്ദത്തിലൂടെ കടന്നു പോയിക്കാണുമല്ലോ?
അവര്‍ ആകെ തകര്‍ന്നിരുന്നു. എന്റെ അനിയന് ആകെ ട്രോമയിലായി. അനിയനെ ആളുകള്‍ കളിയാക്കി തുടങ്ങി. വീട്ടിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും വന്ന് അച്ഛനെയും അമ്മയെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. അവളെ സിനിമയിലേക്ക് വിടേണ്ട എന്ന് അന്നേ ഞങ്ങള്‍ പറഞ്ഞതല്ലേ എന്ന ഉപദേശവുമായാണ് അവര്‍ രംഗത്തെത്തിയത്. അന്നത്തെ സമ്മര്‍ദ്ദവും സംഘര്‍ഷമൊന്നും പറയാനാവുന്നതല്ല. പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവില്ല. അതനുഭവിക്കുക തന്നെ വേണം.
നടന്നു പോകുന്ന ഒരു സ്ത്രീയെ കാട്ടുപൊന്തയ്ക്കുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗികമായി ആക്രമിക്കുന്നത് മാത്രമാണ് റേപ്പ് എന്ന് കരുതുന്നവരാണ് ബഹുഭൂരിപക്ഷവും. അതിനാല്‍ തന്നെ നിങ്ങളുടെ ബന്ധത്തില്‍ കണ്‍സന്റ് ഉണ്ടായിരുന്നെന്നും അത് റേപ്പല്ലെന്നും അയാള്‍ക്ക് കുറെപേരെയെങ്കിലും വിശ്വസിപ്പിക്കാനായി എന്നു തോന്നുന്നില്ലേ. എന്താണ് മറുപടി?
എന്താണ് റേപ്പ്, ഏതെല്ലാമാണ് റേപ്പ് എന്ന് ഇര തന്നെ പഠിപ്പിച്ചികൊടുക്കേണ്ട അവസ്ഥയാണ്. ഒരാള്‍ നോ എന്ന് പറഞ്ഞാല്‍ അത് നോ ആണ്. അതിനെ ബഹുമാനിക്കാനാണ് നമ്മുടെ സമൂഹം പഠിക്കേണ്ടത്. വിശ്വാസം നേടിയെടുക്കുക, വിവാഹം ചെയ്യുമെന്ന് പറയുക, നമ്മുടെ വള്‍ണറബിള്‍ ആയ അവസ്ഥയെയെല്ലാം മുതലെടുക്കുക, മയക്കി കിടത്തുക എന്നിവയെല്ലാം ഒരു വ്യക്തി ചെയ്തു എന്നതല്ലേ നമ്മള് ചര്‍ച്ചയാക്കേണ്ടത്.

റിലേഷന്‍ഷിപ്പിലായിരുന്ന ഏത് ഘട്ടത്തിലാണ് താന്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നും തനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് ശരിയല്ലെന്നുമുള്ള തോന്നലുണ്ടാവുന്നത്?
എന്റെയടുത്ത് ഒച്ചയിടുക, അടിവയറ്റില്‍ ചവിട്ടുക, ലൈംഗികതയ്ക്കായി നിര്‍ബന്ധിക്കുക. ഇഷ്ടമില്ലാത്ത വളരെ മോശമായ കാര്യങ്ങള്‍ ചെയ്യിക്കുക എന്ന അവസ്ഥയുണ്ടായി. അത് വലിയ ട്രോമയായിരുന്നു. ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റാതെ ഫ്ലാറ്റില്‍നിന്ന് ഇറങ്ങിയോടിയിരുന്നു. എനിക്കതില്‍നിന്ന് പുറത്ത് കടക്കണം എന്ന് പറഞ്ഞപ്പോഴാണ് ഭീഷണിയുണ്ടാവുന്നത്.
ലൈംഗികാതിക്രമം പോല തന്നെ ഭീകരമാണല്ലോ സ്ത്രീകളെ സംബന്ധിച്ച് ലൈഫ് ആഫ്റ്റര്‍ റേപ്പും. പരാതി കൊടുക്കാന്‍ ചെന്നപ്പോള്‍ സെന്സിറ്റീവായാണോ പോലീസ് പെരുമാറിയത്. മെഡിക്കല്‍ ചെക്കപ്പിനെല്ലാം പോകുമ്പോള്‍ സഹാനുഭൂതിയോടെയാണ് സിസ്റ്റം പെരുമാറിയത്. ആ അനുഭവങ്ങള്‍ എങ്ങനെയായിരുന്നു?
തേവര പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ വളരെ മാന്യമായാണ് പെരുമാറിയത്. സി.ഐ., കമ്മീഷണര്‍ എന്നിവരെല്ലാം വലിയ പിന്തുണയാണ് നല്‍കിയത്. മെഡിക്കല്‍ ചെക്കപ്പിന് പോയ സ്ഥലത്തെ ഡോക്ടര്‍ വളരെ പരുഷമായാണ് പെരുമാറിയത്. അയാളുടെ പേരെന്താ, എത്ര പേരുണ്ടായിരുന്നു റേപ് ചെയ്യാന്‍... എന്നൊക്കെ ഒട്ടും സെന്‍സിറ്റീവ് അല്ലാത്ത ടോണിലാണ് ചോദിച്ചത്. എനിക്ക് പേര് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ എഴുതി കൊടുക്കാന്‍ പറഞ്ഞു. എഴുതി കൊടുത്തത് വിജയ് എന്ന് അവര്‍ ഉറക്കെ വായിച്ചു. വനിതാ പോലീസുദ്യോഗസ്ഥയും മോശമായാണ് പെരുമാറിയത്. സി.ഐയുടെ മുന്നിൽവെച്ചാണ് റേപ്പിനെ കുറിച്ച് വിവരണാത്മകമായി അവർ എന്നെ സംസാരിക്കാന്‍ പ്രേരിപ്പിച്ചത്. എന്റെ അസ്വസ്ഥത മനസ്സിലാക്കി സി.ഐ. അവിടുന്ന് മാറിപ്പോവുകയായിരുന്നു. മൊഴിയെല്ലാം കൊടുത്തു ഒപ്പും വാങ്ങിയ ശേഷം സെല്‍ഫി തരുമോ എന്ന പോലീസുദ്യോഗസ്ഥയുടെ ചോദ്യമാണ് എന്നെ ഞെട്ടിച്ചത്. നിങ്ങളെന്നോട് ഇപ്പോള്‍ സെല്‍ഫിയാണോ ചോദിച്ചത് എന്ന് ഞാന്‍ ഞെട്ടലോടെ അവരോട് തിരക്കി. അതെ, എന്റെ മോള് നിങ്ങളുടെ ഫാന്‍ ആണെന്ന പറഞ്ഞ് എന്നെ സെല്‍ഫിക്കായി നിര്‍ബന്ധിച്ചു.

ഒരു വിഭാഗം നടനൊപ്പം നില്‍ക്കുന്നുണ്ട്, അപ്പോഴും താങ്കൾ നീതിപീഠത്തില്‍ വിശ്വസിച്ചുകൊണ്ടാണ് കേസുമായി മുന്നോട്ടു പോകുന്നത്. പ്രതീക്ഷയുണ്ടോ?
നീതി കിട്ടും വരെ പോരാടും. ഇയാള്‍ ദുബായില്‍ പോയ സമയത്ത് അയാളുടെ സുഹൃത്തു വഴി കേസ് ഒതുക്കാന്‍ ഒരു കോടി രൂപ എനിക്ക് വാഗ്ദാനം ചെയ്തിരുന്നു . ഞാന്‍ പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. പൈസ ഓഫറു ചെയ്ത് ഒരുപാട് സാക്ഷികളെ അയാള്‍ സ്വന്തം ഭാഗത്താക്കുന്നുണ്ട്. അമ്മ അയാളെ പുറത്താക്കാത്തത് അമ്മയിലെ പല അംഗങ്ങളെയും ബ്ലാക്ക്മെയില്‍ ചെയ്തും പൈസ ഓഫര്‍ ചെയ്തതു കൊണ്ടാണെന്നും ഞാനുറച്ച് വിശ്വസിക്കുന്നുണ്ട്. ഒരു അതിജീവിതയുടെ പേര് വെളിപ്പെടുത്തിയിട്ട് പോലും അയാളുടെ കൂടെ നിന്ന് എനിക്കെതിരേ സംസാരിക്കണമെങ്കില്‍ എത്ര വലിയ ഓഫറായിരിക്കും എനിക്ക് തന്ന പോലെ കൊടുത്തിട്ടുണ്ടാവുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പരാതിക്കു ശേഷം വിജയ് ബാബു നിലവില്‍ എനിക്ക് കിട്ടിയ ഒരു സിനിമയിലെ സംവിധായകനെ വിളിച്ച് എന്രെ അവസരം കളയാനും ശ്രമിച്ചിട്ടുണ്ട്. അങ്ങനെ പലതും അണിയറയിൽ നടക്കുന്നുണ്ട്
കുക്കു പരമേശ്വരന്, മാലാ പാര്‍വ്വതി, ശ്വേത മേനോന് തുടങ്ങീ നിലപാടുകൾ എടുത്ത അംഗങ്ങളുമുണ്ട്?
അവര്‍ അന്തസ്സുള്ള സ്ത്രീകളാണ്. ഇരയുടെ പേര് വെളിപ്പെടുത്തിയ ഒരാളെ പുറത്താക്കാതെ പകരം, വിജയ് ബാബു മാറി നില്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മണിയന്‍പിള്ള രാജുവിനെപ്പോലുള്ള ഒരാള്‍ പറയുന്നത് എന്തര്‍ഥത്തിലാണ്. പേര് വെളിപ്പെടുത്തി എന്ന് മാത്രമല്ല, വ്യാജമായ ആരോപണങ്ങളുന്നയിച്ചു, മീടൂ പോലുള്ള ചരിത്രപരമായ മുന്നേറ്റങ്ങളെ ഇകഴ്ത്തിക്കാണിച്ചു തുടങ്ങിയ ഒട്ടേറെ ക്രൈമുകളും അയാള്‍ ചെയ്തു.
ഇത്ര തിരിച്ചടികള്‍ നേരിട്ടിട്ടും ഈ സിനിമാ മേഖലയില്‍ തന്നെ നിലകൊണ്ട് കഴിവുതെളിയിക്കണമെന്നു തന്നെയാണോ തീരുമാനം?
അതെ. മിനിമം വേതനം എന്നത് ആര്‍ട്ടിസ്റ്റിന് വേണം. ജൂനിയര്‍ ആര്‍ട്ടിസ്റ്റോ ആരുമായിക്കൊള്ളട്ടെ. എന്നെപ്പോലെ സിനിമ ജെനുവിനായി ആഗ്രഹിക്കുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ട്. അവര്‍ക്ക് കൂടി വേണ്ടിയാണ് എന്റെ പോരാട്ടം. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. മുറിയിലേക്ക് വിളിച്ച് വരുത്തി ലൈംഗിക കയ്യേറ്റം നേരിട്ട ആണ്‍കുട്ടികളെ എനിക്കറിയാം. ആണും പെണ്ണും ലൈംഗികമായി ചിലരാല്‍ ദുരുപയോഗിക്കപ്പെടുന്നുണ്ട് ഇൻഡസ്ട്രിയിൽ. പക്ഷെ, റെപ്യൂട്ടേഷന് ഭയന്നാണ് പലരും തുറന്നുപറയാത്തത്. മലയാള സിനിമയില്‍ ഒരുപാട് നല്ല മനുഷ്യരുണ്ട്. ഇവരെ പോലുള്ളവരാണ് ഈ ഇന്‍ഡസ്ട്രിയെ മോശമാക്കുന്നത്. അവർ തുറന്നു കാട്ടപ്പെടണം. കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ധൈര്യപൂർവ്വം ഈ മേഖലയിലേക്കെത്താന്‍ കഴിയണം.
Illustration: TG Dileep
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..