മാഗ്സസെ അവാർഡ്: ശൈലജ ടീച്ചറുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു- പി. സായ്‌നാഥ്


നിലീന അത്തോളി

മുരുഗ മഠാധിപതിനേരിടുന്ന ലൈംഗിക ആരോപണ കേസില്‍ ഞാനൊരു തീരുമാനമെടുത്തുന്നത് അവര്‍ എനിക്ക് പുരസ്‌കാരം നല്‍കിയതുകൊണ്ടാണ്. പക്ഷെ എല്ലാവരും എന്നെപ്പോലെ അവാര്‍ഡ് തിരികെ നല്‍കണമെന്ന് എനിക്ക് ആവശ്യപ്പെടാനാവില്ല. -പി. സായ്നാഥ്

പി. സായ്നാഥ്

സി.പി.എം കേന്ദ്ര കമ്മറ്റി അംഗവും മുന്‍ ആരോഗ്യമന്ത്രിയുമായ കെ.കെ ശൈലജയുടെ മാഗ്‌സസെ പുരസ്‌കാര നിരാസത്തില്‍ പ്രതികരണവുമായി പ്രശസ്ത മാധ്യമപ്രവര്‍ത്തകനും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ പി. സായ്‌നാഥ്. പാര്‍ട്ടിക്ക് വേണ്ടി സ്വയമര്‍പ്പിച്ചയാളാണ് കെ.കെ ശൈലജയെന്നും പാര്‍ട്ടിയോട് ആലോചിച്ച് സ്വയമെടുത്ത തീരുമാനമെന്ന നിലയ്ക്ക് താനവരുടെ തീരുമാനത്തെ ബഹുമാനിക്കുന്നു എന്നുമാണ് സായ്‌നാഥ് മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞത്.

കര്‍ണാടക ചിത്ര ദുര്‍ഗ മുരുഗ മഠം 2017ല്‍ നല്‍കിയ പുരസ്‌കാരം താന്‍ നിരസിച്ചത് ധാര്‍മ്മികതയിലൂന്നിയെടുത്ത തീരുമാനമാണെന്നും പി. സായ്‌നാഥ് മാതൃഭൂമിയോട് പറഞ്ഞു. കര്‍ണാടകയിലെ ചിത്രദുര്‍ഗ മുരുഗ മഠം മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണരു രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അടുത്തിടെ അറസ്റ്റിലായതിനെത്തുടര്‍ന്നാണ് അവാര്‍ഡ് തിരികെ നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം സെപ്റ്റംബര്‍ ആദ്യവാരം സായ്‌നാഥ് നടത്തുന്നത്. ഈ തീരുമാനം ദേശീയ തലത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ച ഘടകങ്ങളെ കുറിച്ചും സായ്‌നാഥ് മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിച്ചു.

2017ല്‍ മുരുഗമഠം നല്‍കിയ അവാര്‍ഡ് തിരിച്ചു നല്‍കുന്നതായി താങ്കള്‍ എടുത്ത തീരുമാനം വലിയ രീതിയിലാണ് ചർച്ചചെയ്യപ്പെട്ടത്. ഈ കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലുണ്ടായ നിശബ്ദത താങ്കളെ അസ്വസ്ഥനാക്കിയെന്നും താങ്കൾ പറയുകയുണ്ടായി. അവാര്‍ഡ് തിരികെ നല്‍കണമെന്നത് പൊടുന്നനെ എടുത്ത തീരുമാനമായിരുന്നോ?

ആ നിശബ്ദത എന്നത് സര്‍ക്കാരും മാധ്യമങ്ങളും പുലര്‍ത്തിയ നിശബ്ദതയായിരുന്നു. ബിജെപി സര്‍ക്കാരും പ്രതിപക്ഷവും ഈ വിഷയത്തില്‍ നിശബ്ദദത പുലര്‍ത്തി. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് കാലമാണ്. അതിനാല്‍ തന്നെ ഭരണപാര്‍ട്ടിയും പ്രതിപക്ഷവും ഒരു പോലെ വിഷയത്തെ തൊട്ടില്ല. മാധ്യമങ്ങള്‍ ഈ വിഷയം മുന്‍കൈയെടുത്ത് ചര്‍ച്ചചെയ്തതുമില്ല. അതിനാല്‍ തന്നെ ആരെങ്കിലും എന്തെങ്കിലും ഈ വിഷയത്തിൽ പ്രതികരിക്കാനായി മാധ്യമങ്ങളും കാത്തിരിക്കുകയായിരുന്നു. ഈ കേസ് തരക്കേടില്ലാത്ത രീതിയില്‍ തന്നെ പിന്നീട് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി. പക്ഷെ അവാര്‍ഡ് തിരികെ നല്‍കുന്നതിന് മുമ്പ് തീര്‍ച്ചയായും കനത്ത നിശബ്ദദത ഈ വിഷയത്തില്‍ സര്‍ക്കാരും മാധ്യമങ്ങളും പുലര്‍ത്തിയിരുന്നു. അവാര്‍ഡ് തിരികെ നല്‍കൽ എന്ന തീരുമാനമാണ് ആ നിശബ്ദതയെ ഭേദിച്ചത്.

അവാര്‍ഡ് തിരികെ നല്‍കുന്നതിലൂടെ പൊതുസമൂഹത്തിനും മാധ്യമങ്ങൾക്കും ഒരു സന്ദേശം നല്‍കുക എന്നതായിരുന്നോ ലക്ഷ്യം?

ഏയ്, അങ്ങനെ മഹത്തരമായ സന്ദേശം നല്‍കണമെന്നൊന്നും ഞാനൊരിക്കലും കരുതിയതല്ല. ലോകത്തിന് സന്ദേശം നല്‍കാന്‍ കെല്‍പുള്ള ഒരു പ്രധാനപ്പെട്ട വ്യക്തിയായൊന്നും ഞാനെന്നെ കാണുന്നില്ല. ഈ വിഷയത്തില്‍ ഉണ്ടായ കനത്ത നിശബ്ദദത എന്റെ മനസ്സാക്ഷിക്ക് തെറ്റെന്ന് തോന്നിയതുകൊണ്ടാണ് ഞാനാ അവാര്‍ഡ് തിരികെ നല്‍കിയത്. ഹൈസ്‌കൂളില്‍ പഠിക്കുന്ന രണ്ട് ചെറിയ പെണ്‍കുട്ടികളാണ് ഇരകള്‍. അവര്‍ നേരിടുന്നത് വലിയ അധികാര കേന്ദ്രത്തെയാണ്. അവാർഡ് നൽകൽ എന്ന തീരുമാനം സന്ദേശം നല്‍കുക എന്നതില്‍ നിന്ന് ഉരുത്തിരിഞ്ഞതായിരുന്നില്ല. പകരം ആ തീരുമാനം ധാര്‍മ്മികബോധത്തിലൂന്നിയതായിരുന്നു. മാത്രവുമല്ല എല്ലാവരും ഈ വിഷയത്തില്‍ നിശബ്ദത പുലര്‍ത്തില്ല എന്നും പറയേണ്ടതുണ്ടായിരുന്നു. മഠത്തില്‍ നിന്ന് അവാർഡ് ലഭിച്ച മറ്റ് ജേതാക്കളും പുരസ്കാരം തിരികെ നല്‍കണമെന്നാണ് എന്റെ ആഗ്രഹം.

Also Read

കേരളീയ ജനതയ്ക്ക് ബിജെപിയിൽ താത്പര്യമുണ്ടായിട്ടില്ല, ...

പല സംസ്ഥാനങ്ങളിലും വിജയം ഉറപ്പാക്കാൻ കേന്ദ്ര ...

യുവനടിയെ ലൈംഗികമായി അക്രമിച്ച കേസില്‍ വിജയ് ബാബു എന്ന നിര്‍മ്മാതാവിനെ പിന്തുണക്കുന്ന നിലപാടാണ് കേരളത്തിലെ പല സിനിമാ ആര്‍ട്ടിസ്റ്റുകളുടെ ഭാഗത്തുനിന്നുമുണ്ടായത്. മലയാളം ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സംഘടനയാവട്ടെ കോടതി പരിഗണനയിലുള്ള വിഷയമായതിനാല്‍ കുറ്റമാരോപിക്കപ്പെട്ടയാളെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ലെന്ന നിലപാടും എടുത്തു. ധാര്‍മ്മികതയിലൂന്നിയ തീരുമാനങ്ങള്‍ പലയിടങ്ങളിലും ഇപ്പോള്‍ കാണുന്നില്ല?

കോടതി പരിഗണനയിലുള്ള വിഷയമാണെന്ന അവരുടെ വാദം എനിക്ക് മനസ്സിലാക്കാന്‍ കഴിയും. പക്ഷെ കേരളത്തെ സംബന്ധിച്ച് ഈ വിഷയത്തില്‍ ആരും നിശബ്ദരായിരുന്നില്ല. ധാര്‍മ്മിക ബോധത്തില്‍ നിന്ന് പ്രവര്‍ത്തിക്കണം എന്നത് ശരി തന്നെയാണ്. പക്ഷെ ഈ കേസിനെകുറിച്ച് കൂടുതലൊന്നും അറിയാത്തതിനാല്‍ തന്നെ കമന്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മുരുഗ മഠാധിപതിനേരിടുന്ന ലൈംഗിക ആരോപണ കേസില്‍ ഞാനൊരു തീരുമാനമെടുത്തുന്നത് അവര്‍ എനിക്ക് പുരസ്‌കാരം നല്‍കിയതുകൊണ്ടാണ്. പക്ഷെ എല്ലാവരും എന്നെപ്പോലെ അവാര്‍ഡ് തിരികെ നല്‍കണമെന്ന് എനിക്ക് ആവശ്യപ്പെടാനാവില്ല.

സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ ഒരിക്കലും സ്വീകരിക്കില്ലെന്ന നിലപാടെടുത്ത വ്യക്തിയാണ് താങ്കള്‍. സര്‍ക്കാരുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ എഴുതുന്നവരായതുകൊണ്ട് തന്നെ മാധ്യമപ്രവര്‍ത്തകര്‍ ഒരിക്കലും സര്‍ക്കാര്‍ അവാര്‍ഡ് സ്വീകരിക്കരുതെന്നാണ് അടുത്തിടെ ആന്ധ്ര സര്‍ക്കാര്‍ വെച്ചു നീട്ടിയ പുരസ്‌കാരം നിരസിച്ചു കൊണ്ട് താങ്കള്‍ പറഞ്ഞത്. രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പത്മഭൂഷണും താങ്കള്‍ നിരസിച്ചിട്ടുണ്ട്. ആ നിലപാടെടുക്കാനുള്ള കാരണം വിശദമാക്കാമോ?

സര്‍ക്കാര്‍ അവാര്‍ഡുകളൊന്നും സ്വീകരിക്കരുതെന്നല്ല പകരം തങ്ങള്‍ കവര്‍ ചെയ്യുന്ന തങ്ങള്‍ വിമര്‍ശിക്കുന്ന സര്‍ക്കാരില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ അവാര്‍ഡ് സ്വീകരിക്കരുതെന്നാണ് ഞാന്‍ പറഞ്ഞത്. ഒരു സംഗീതജ്ഞന്‍, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ്, അത്‌ലെറ്റ്, നര്‍ത്തകന്‍ തുടങ്ങിയവര്‍ സര്‍ക്കാര്‍ അവാര്‍ഡ് സ്വീകരിക്കുന്നതില്‍ സന്തോഷമേയുള്ളൂ. പക്ഷെ മാധ്യമപ്രവര്‍ത്തകര്‍ അത് വാങ്ങരുതെന്നാണ് എന്റെ കാഴ്ച്ചപ്പാട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരുമായുള്ള ബന്ധത്തിന് ഒരുപാട് പ്രത്യേകതകളുള്ളതുകൊണ്ടാണ് അങ്ങനെ പറയുന്നത്. മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരുമായി നിത്യേനയെന്നോണം സംവാദത്തിലേര്‍പ്പെടുന്നുണ്ട്. അതിനാല്‍ തന്നെ അവിടെ നമ്മുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു കമ്പനിയുടെ എക്‌സ്റ്റേണല്‍ ഓഡിറ്ററായിരിക്കുമ്പോൾ ഇന്‍വെസ്റ്റര്‍മാര്‍ നിങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് വായിച്ചായിരിക്കും ആ കമ്പനയില്‍ ഇന്‍വെസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. എക്‌സ്‌റ്റേണല്‍ ഓഡിറ്റര്‍ കമ്പനിയില്‍ നിന്ന് കാഷ് പ്രൈസ് വാങ്ങുമ്പോള്‍ ഒരു ഇന്‍വെസ്റ്റര്‍ക്ക് നിങ്ങളെ കുറിച്ച് എന്ത് കാഴ്ച്ചപ്പാടാണുണ്ടാവുക. സര്‍ക്കാരിന്റെ എക്‌സ്റ്റേണല്‍ ഓഡിറ്ററാണ് മാധ്യമപ്രവര്‍ത്തകര്‍ .

സര്‍ക്കാരിനെ നിയന്ത്രിക്കുന്നതില്‍ കോര്‍പറേറ്റുകള്‍ക്ക് വലിയ പങ്കുള്ളതുകൊണ്ട് തന്നെ കോര്‍പറേറ്റുകള്‍ നല്‍കുന്ന അവാര്‍ഡും നമ്മള്‍ നിരസിക്കേണ്ടതല്ലേ?

നിങ്ങള്‍ കോര്‍പറേറ്റ് വാര്‍ത്തകള്‍ നിരന്തരം കവര്‍ ചെയ്യുന്നവരാണെങ്കില്‍ അതും പാലിക്കേണ്ടതായി വരും. ഞാന്‍ സ്ഥാപക എഡിറ്ററായ പീപ്പില്‍ റൂറല്‍ ആര്‍ക്കൈവ് ഓഫ് ഇന്ത്യ അഥവാ പാരി എന്നത് സര്‍ക്കാര്‍ ഗ്രാന്റുകള്‍ മാത്രമല്ല കോര്‍പറേറ്റ് ഗ്രാന്റുകളും സ്വീകരിക്കാറില്ല.

താങ്കളൊരു മാഗ്‌സസെ അവാര്‍ഡ് ജേതാവാണ്. 64ാ-മത് മാഗ്‌സസെ അവാര്‍ഡിന് മുന്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജ തിരഞ്ഞെടുക്കപ്പെട്ടതും പാര്‍ട്ടി തീരുമാനപ്രകാരം അവര്‍ അവാര്‍ഡ് നിരസിച്ചതും വലിയ വാര്‍ത്തയായിരുന്നു. താങ്കളതേ കുറിച്ച് കേട്ടിരുന്നോ?

കെ.കെ ശൈലജയെ നന്നായറിയുന്ന ഒരാളാണ് ഞാന്‍. അവരെത്ര നല്ല വ്യക്തിത്വത്തിനുടമയാണെന്നും എത്രമാത്രം പാര്‍ട്ടിക്കുവേണ്ടി സ്വയമര്‍പ്പിച്ചയാളാണെന്നും എനിക്കറിയാം. അവര്‍ക്ക് ലഭിക്കേണ്ട പുരസ്‌കാരം പാര്‍ട്ടി നിരസിച്ചു എന്ന തരത്തില്‍ വലിയ വിവാദമുണ്ടായത് ഞാനറിഞ്ഞിരുന്നു. അവര്‍ പാര്‍ട്ടി നേതൃത്വത്തെ കണ്ട് പാര്‍ട്ടിയുടെ അഭിപ്രായം ആരാഞ്ഞിരിക്കണം. സ്വീകരിക്കരുതെന്ന നിലപാട് പാര്‍ട്ടിയും സ്വീകരിച്ചു. അവര്‍ അഭിപ്രായം ചോദിച്ചിട്ടാണ് അങ്ങനെ ഒരു തീരുമാനമുണ്ടായത്. അല്ലാതെ അവരില്‍ നിന്ന് ആരോ പുരസ്‌കാരം മോഷ്ടിച്ചെടുത്തതൊന്നുമല്ല. അങ്ങനെ ഞാന്‍ കരുതുന്നുമില്ല. പാര്‍ട്ടിയോട് ആലോചിച്ച് അവരൊരു തീരുമാനമെടുത്തു. ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു.

പക്ഷെ രമണ്‍ മാഗ്‌സെസെ എന്നത് കമ്മ്യൂണിസ്റ്റുകളെ വേട്ടയാടിയ മനുഷ്യനാണെന്നാണ് അവാര്‍ഡ് നിരാസത്തെ വിശദീകരിച്ച് സി.പി.എം നേതൃത്വം സംസാരിച്ചത്?

ഞാന്‍ ജനിക്കുന്നതിനു മുമ്പ് നടന്ന സംഭവമാണത്. അതവരുടെ പാര്‍ട്ടി ദര്‍ശനമാണ്. ഒരു വ്യക്തി എന്ന നിലയില്‍ എന്റെ കാഴ്ച്ചപ്പാട് അങ്ങനെയായിക്കൊള്ളണമെന്നില്ല. പക്ഷെ ആ പാര്‍ട്ടിയുടെ ദര്‍ശനം എനിക്ക് മനസ്സിലാക്കാനാവും. മാഗ്‌സസെ അല്ല അതിലും വലിയ അവാര്‍ഡുകള്‍ കെ.കെ ശൈലജ സ്വീകരിക്കുന്നത് കാണാന്‍ താത്പര്യമുള്ള വ്യക്തിയാണ് ഞാന്‍. അവരതര്‍ഹിക്കുന്നു.

ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ളതിതാണ്. പാര്‍ട്ടിക്ക് വേണ്ടി സ്വയം സ്വയമര്‍പ്പിച്ചയാളാണ് കെ.കെ ശൈലജ. അതിനാല്‍ തന്നെ പാര്‍ട്ടിയോട് അവര്‍ തീര്‍ച്ചയായും അവാര്‍ഡ് വാങ്ങുന്നതിനു മുമ്പ് ചോദിക്കും. അവരുടെ ഉപദേശ പ്രകാരമായിരിക്കണം ശൈലജടീച്ചര്‍ അത്തരമൊരു തീരുമാനമെടുത്തത്. സ്വയമെടുത്ത തീരുമാനമെന്ന നിലയ്ക്ക് ഞാനവരുടെ തീരുമാനത്തെ ബഹുമാനിക്കുന്നു.

പക്ഷെ ഇത്തരമവാര്‍ഡുകള്‍ സ്വീകരിക്കുക വഴി അന്താരാഷ്ട്ര തലത്തില്‍ സംവദിക്കാനുള്ള അവസരം കൂടിയല്ലേ ശൈലജ ടീച്ചര്‍ക്കും പാര്‍ട്ടിക്കും സര്‍ക്കാരിനും കൈവരുന്നത്. അതു കൂടി അവര്‍ തീരുമാനത്തില്‍ ആലോചിക്കേണ്ടതായിരുന്നില്ലേ?

അവാര്‍ഡ് വഴി അന്താരാഷ്ട്ര തലത്തില്‍ ഞാനെത്ര മാത്രം സംവദിക്കുന്നു എന്നത് എനിക്ക് മനസ്സിലാവുന്നില്ല. പക്ഷെ അത് രണ്ടാമത്തെ കാര്യമാണ്. അവാര്‍ഡ് ലഭിച്ചയാള്‍ അത് വാങ്ങണോ എന്നത് അവരുള്‍പ്പെടുന്ന പാര്‍ട്ടി നേതൃത്വവുമായി ചോദിച്ചു തീരുമാനമെടുത്തു. അവരുടെ ആ തീരുമാനത്തെ ബഹുമാനിക്കുകയാണ് വേണ്ടത്. ബാക്കിയെല്ലാ വ്യാഖ്യാനങ്ങളും രണ്ടാമതാണ് വരുന്നത്.


Content Highlights: respect KK Shailaja's decision,like to see her getting bigger awards,P sainath,Magsaysay,muruga mutt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented