'ഹിന്ദി അടിച്ചേല്‍പിക്കല്‍ ആത്മഹത്യാപരം, ബിജെപിക്ക് ദക്ഷിണേന്ത്യ നഷ്ടപ്പെടും'


നിലീന അത്തോളിinterview

Mathrubhumi illustration

ഹിന്ദി ദേശീയഭാഷയാക്കണമെന്ന വാദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഭരണഘടനാ നിര്‍മാണസഭയുടെ മുന്നില്‍ വരെ ഒരിക്കല്‍ ഉയര്‍ന്ന ആവശ്യമാണിത്. 1949 ലാണ് ദേവനാഗിരി ലിപിയില്‍ എഴുതപ്പെടുന്ന ഹിന്ദിക്ക് ഔദ്യോഗിക ഭാഷാ പദവി നല്‍കുന്നത്. അപ്പോഴും ഹിന്ദി ദേശീയ ഭാഷയാക്കിയില്ല നമ്മള്‍. പകരം ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഇംഗ്ലീഷിനൊപ്പം കേന്ദ്ര ഗവണ്‍മെന്റിന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുകയാണുണ്ടായത്. ഇപ്പോൾ കേന്ദ്രസർക്കാർ ജോലി നേടാന്‍ ഹിന്ദി നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം രാഷ്ട്രപതിക്ക് മുന്നില്‍ വെച്ചിരിക്കുകയാണ് അമിത്ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം.

ഒരു രാജ്യം ഒരു ഭാഷ എന്നുയരുന്ന ആപ്തവാക്യത്തിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പറയുകയാണ് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എം.എന്‍ കാരശ്ശേരി. ഭാഷയെ ചൊല്ലി ശ്രീലങ്കയിലും ബംഗ്ലാദേശിലുമെല്ലാമുണ്ടായ ആഭ്യന്തര കലഹത്തിലേക്കേ ഈ നീക്കം നയിക്കൂവെന്നും ബിജെപിയെ സംബന്ധിച്ച് ആത്മഹത്യാപരമാണ് തീരുമാനമെന്നും കാരശ്ശേരി ഓര്‍മ്മിപ്പിക്കുന്നു. ഈ വിഷയത്തില്‍ അദ്ദേഹവുമായി നടത്തിയ ടെലിഫോണ്‍ അഭിമുഖത്തില്‍ നിന്ന്കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകളില്‍ ഇംഗ്ലീഷിനുപകരം ഹിന്ദി നിര്‍ബന്ധമാക്കണം, നിയമനത്തില്‍ ഹിന്ദി പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം തുടങ്ങീ തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദിനിര്‍ബന്ധമാക്കിയുള്ള വലിയൊരു നീക്കം നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷാ പാര്‍ലമെന്ററി കാര്യസമിതി രാഷ്ട്രപതിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങൾക്കും വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയത്തിനും വിരുദ്ധമായ നീക്കമാണിത്. മാത്രവുമല്ല കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ ജോലികളിലും മറ്റും ദക്ഷിണേന്ത്യക്കാരുടെ പ്രാതിനിധ്യക്കുറവിലേക്കും ഈ തീരുമാനങ്ങള്‍ നയിച്ചേക്കാം. എത്ര ആപത്കരമാണ് ഈ സമീപനം?

40കളില്‍ ശക്തമായ മുദ്രാവാക്യമാണ് 'ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍'; 'ഉര്‍ദു, മുസ്ലിം, പാകിസ്താന്‍' എന്നത്. സംസ്‌കൃത ഭാഷ എഴുതാന്‍ ഉപയോഗിച്ച ദേവനാഗരി ലിപിയിലാണ് ഹിന്ദി എഴുതുന്നത്. ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ പ്രധാനപ്പെട്ട സാംസ്‌കാരിക ദൗത്യമാണ് സംസ്കൃത നിഷ്ഠമായ ഹിന്ദി കൊണ്ടുവരികയെന്നത്. സംസ്‌കൃതത്തിന് ബദലായാണ് ഹിന്ദിയെ അവര്‍ കാണുന്നത്. പാനി എന്ന് പറയാതെ ജല്‍ എന്ന പറയുക. ഹിന്ദുസ്ഥാനിയാണ് ഇന്ത്യയുടെ ഭാഷയാവേണ്ടതെന്നാണ് ഗാന്ധിജി പറഞ്ഞത്. അതായത് ഉര്‍ദുവും ഹിന്ദിയും സമ്മിശ്രമായ ഭാഷ. അതിനെ ബസാര്‍ ഹിന്ദി എന്നും പറയും. എന്നാല്‍ സംസ്‌കൃതം ഇന്ത്യയുടെ ഭാഷയാക്കണമെന്നാണ് ബിജെപിയുടെ ഒളി അജണ്ട. അതിന്റെ ആദ്യ രൂപമാണ് സംഭവിക്കുന്നത്.

പെരിയോർ രാമസ്വാമി

ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്ന് ഇന്നും കരുതുന്നവരാണ് ഭൂരിപക്ഷം . ആ ദേശീയബോധം ഉയര്‍ത്തിവിട്ടാണ് ഹിന്ദി അജണ്ടക്കാര്‍ ഒരുപക്ഷെ പ്രതിഷേധങ്ങളെ നേരിടുക?

ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്നാണ് പലരും കരുതുന്നത്. ഹിന്ദി നമ്മുടെ 22 രാഷ്ട്ര ഭാഷകളില്‍ ഒന്നു മാത്രമാണ്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലോ കേന്ദ്രസര്‍ക്കാരുമായി സംസ്ഥാനങ്ങള്‍ക്കോ സംവദിക്കാനുള്ള ഭാഷ ഹിന്ദിയുമാവാം ഇംഗ്ലീഷുമാവാം. ദ്രാവിഡ ഭാഷകള്‍ക്ക് ഹിന്ദി ബാധകമല്ലെന്ന സമരം തുടങ്ങുന്നത് തമിഴ്‌നാട്ടിലാണ്. ഹിന്ദി അടിച്ചേല്‍പിക്കല്‍ ബ്രാഹ്‌മണവത്കരണത്തിന്റെ, ആര്യവത്കരണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞുള്ള സമരത്തിന് തുടക്കമിട്ടത് ഇ.വി രാമസ്വാമിയാണ്(പെരിയാർ). കോണ്‍ഗ്രസ്സ് നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയും ഒക്കെയായിരുന്ന സി. രാജഗോപാലാചാരി ഹിന്ദി അനുകൂലിയായിരുന്നു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്സ് നാമാവശേഷം ആകാനുള്ള കാരണം ഹിന്ദിവത്കരണവും രാജഗോപാലാചാരിയുടെ ഹിന്ദി അനുകൂല നിലപാടുമായിരുന്നു. എന്നാല്‍ കേരളം എതിർപ്പിന് നിൽക്കാതെ ത്രിഭാഷ പദ്ദതി നടപ്പാക്കുകയായിരുന്നു. മാതൃഭാഷ, ലോക ഭാഷയായ ഇംഗ്ലീഷ് , ഒരിന്ത്യന്‍ ഭാഷ പഠിക്കുക എന്നതാണ് ത്രിഭാഷ പദ്ധതി. ദക്ഷിണേന്ത്യയില്‍ ഹിന്ദിയും ഉത്തരേന്ത്യയില്‍ ദ്രാവിഢ ഭാഷകളുമാണ്. എന്നാല്‍ ഉത്തരേന്ത്യയില്‍ അവര്‍ ദ്രാവിഡ ഭാഷകള്‍ ഒന്നും പഠിപ്പിക്കുന്നില്ല. അവര്‍ ഇംഗ്ലീഷും ഹിന്ദിയും മാത്രമേ പഠിപ്പിക്കുന്നുള്ളൂ. നമ്മൾ പലായളികളിൽ പലരും ബോംബയിലേക്കും കല്‍ക്കത്തയിലേക്കും ഡല്‍ഹിയിലേക്കുമൊക്കെ പോയി. ഹിന്ദി പഠിക്കൽ നമ്മളിൽ പലരുടെയും ആവസ്യമായിരുന്നു. അതിനാല്‍ ഹിന്ദി വിരോധം നമ്മളില്‍ ഉടലെടുത്തില്ല. എന്നാല്‍ നമ്മളെയും ഹിന്ദി വിരുദ്ധരാക്കാനുള്ള പണിയാണ് ഇന്ന് ബിജെപി നടത്തുന്നത്. ഹിന്ദു രാഷ്ട്രമാവാന്‍ അവര്‍ക്ക് പശുവിനെ ദേശീയ മൃഗമാക്കണം, സംസ്‌കൃതം ദേശീയ ഭാഷയാക്കണം, ഇന്ത്യയെന്ന പേരിന് പകരം ഭാരതമെന്ന പേരിടണം.

1947ല്‍ ഇന്ത്യയില്‍ നിന്ന് പിരിഞ്ഞുപോയ രാഷ്ട്രമാണ് പാകിസ്താന്‍. 71ല്‍ അത് രണ്ടാവാന്‍ കാരണം ഉര്‍ദു അടിച്ചേല്‍പിച്ചതാണ്. പടിഞ്ഞാറന്‍ ബംഗാളിലെ മനുഷ്യര്‍ തങ്ങളെ ബംഗാളിയിലെ ഭരിക്കാന്‍ പാടുള്ളൂ, ഉര്‍ദുവില്‍ ഭരിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് 1952ല്‍ ഫെബ്രുവരി 21ാം തീയതി അവിടുത്തുകാർ സമരം തുടങ്ങി. ധാക്ക സര്‍വ്വകലാസാലയിലെ വിദ്യാര്‍ഥികളാണ് മാതൃഭാഷാ സമരത്തിന് തുടക്കമിടുന്നത്. അന്ന് വെടിവെപ്പില്‍ ഏഴ് കുട്ടികള്‍ മരിച്ചു. അതാണ് 71ല്‍ ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രം രൂപപ്പെടുന്നതിലേക്ക് കൊണ്ടെത്തിച്ചത്. 24 വര്‍ഷം കൊണ്ട് പുതിയ രാഷ്ട്രമുണ്ടായത് ഇത്തരം തെറ്റായ ഭാഷാ നയം മൂലമാണ്. മൂന്ന് ലക്ഷത്തോളം ആളുകള്‍ മരിച്ച സമരമാണത്. അതായത് ഭാഷ എന്നത് മതത്തേക്കാള്‍ രാഷ്ട്രീയത്തേക്കാള്‍ ഭീകരമായ പ്രശ്‌നമാണ്.

Also Read

ഹിന്ദി ഒരിക്കലും ഞങ്ങളുടെ രാഷ്ട്രഭാഷയല്ല; ...

ഹിന്ദി തൊഴിലവസരം സൃഷ്ടിക്കില്ല; ഹിന്ദി ...

ഹിന്ദി സംസാരിക്കുന്നവർ നല്ലവർ, ഹിന്ദി പഠിച്ചാൽ ...

RSS റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് ...

ഹിന്ദി അടിച്ചേൽപ്പിച്ചുകൊണ്ട് മറ്റൊരു ഭാഷാ ...

സിംഹള ഭാഷ അടിച്ചേല്‍പിച്ചത് ശ്രീലങ്കയെ വലിയ ആഭ്യന്തരകലാപത്തിലേക്കും നാശത്തിലേക്കും കൂപ്പുകുത്തിച്ചതും ഈ ഘട്ടത്തിൽ നാം ഓർക്കേണ്ടതാണല്ലോ...

ശ്രീലങ്കയില്‍ സാമൂഹികവും രാഷ്ട്രീയവുമായ അസ്വാസ്ഥ്യം തുടങ്ങിയത് സിംഹള ഭാഷ ജോലിനേടാനും പരീക്ഷയെഴുതാനുമെല്ലാം നിര്‍ബന്ധമാക്കിയതിനു പിന്നാലെയാണ്. ഭണ്ഡാരനായികെ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് അവിടെ സിംഹള ഭാഷ നിര്‍ബന്ധമാക്കിയുള്ള നിയമം(ദേശീയ ഭാഷാ നിയമം 1956 ) കൊണ്ടു വരുന്നത്. സിംഹള ഭാഷ എഴുതാനും വായിക്കാനും അറിയാവുന്നവര്‍ക്കേ ജോലിയുള്ളൂ എന്ന തരത്തിൽ ഇംഗ്ലീഷിനും പകരം സിഹള ഭാഷയെ ദേശീയ ഭാഷയാക്കി.ഇത് അവിടുത്തെ തമിഴ് ന്യൂനപക്ഷത്തിൽ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു ജാഫ്‌ന ഭാഗത്തെ തമിഴര്‍ സിംഹള പഠിക്കുന്നില്ല. തമിഴർക്ക് ക്ലാര്‍ക്കും കളക്ടറുമാവാന്‍ സിംഹള പഠിക്കേണ്ട അവസ്ഥയുണ്ടായി. പിന്നീട് എല്‍ടിടിഇ സംഘടന രൂപപ്പെടന്നതിലേക്കും ആഭ്യന്തരകലാപത്തിലേക്കുമെല്ലാം നയിച്ചത് ഇത്തരം ഉള്‍ക്കാഴ്ചയില്ലാത്ത നിയമങ്ങളാണ്. അത്തരത്തില്‍ ഉത്തരേന്ത്യന്‍ ദക്ഷിണേന്ത്യന്‍ വിഭജനത്തിന്റെ തുടക്കമാവാതിരിക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വലിയ അന്യായമാണ് അമിത് ഷാ ചെയ്യുന്നത്.

എം.എൻ കാരശ്ശേരി

ശ്രീലങ്കയില്‍ നിന്നും പാകിസ്താനില്‍ നിന്നും നാമെന്താണ് പഠിക്കണ്ടേത് എന്നാണ് ഈ ഘട്ടത്തില്‍ ചോദിക്കേണ്ടത്. അവിടെ രണ്ടിടത്തും ഉണ്ടായ അസ്വാസ്ഥ്യത്തിന്റെയും ആഭ്യന്തരകലാപത്തിന്റെയും ഉറവിടം ഭാഷയാണ്. മതത്തേക്കാള്‍ ജാതിയേക്കാള്‍ രൂക്ഷമാണ് ഭാഷയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍. ആ തിരിച്ചറിവ് അമിത്ഷായ്ക്കുണ്ടായില്ലെങ്കില്‍ ബിജെപി വലിയ വില കൊടുക്കേണ്ടി വരും. ഈ കാര്യം അവർക്ക് കര്‍ണാടകയില്‍ ഉന്നയിക്കാന്‍ പറ്റില്ല. കര്‍ണാകടത്തിലെ ഒരു കുട്ടിക്കും കര്‍ണാടകത്തിന് പുറത്ത് ജോലി കിട്ടില്ലെന്നല്ലേ ഈ പറഞ്ഞതിനര്‍ഥം.എത്ര കര്‍ണാടകക്കാരുണ്ട് ബോംബെയിലും ഡല്‍ഹിയിലും കൊല്‍ക്ക്തതയിലുമെല്ലാം. തമിഴ്‌നാട്ടില്‍ പറഞ്ഞാല്‍ പിന്നെ അവിടെ ബിജെപി ഉണ്ടാവൂല.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഭാഷാ പക്ഷപാതം കാണിച്ച ഒരു കൂട്ടരാണ് ശിവസേനക്കാര്‍. മറാഠിയുടേതാണ് ആ നാടെന്നവര്‍ പറഞ്ഞു. എന്ത് ഫലമുണ്ടായി. ബോംബെയുടെ വ്യവസായ വ്യാപാര പ്രതാപം ക്ഷയിക്കുകയാണ് തത്ഫലമായി ഉണ്ടായത്. ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞു. വ്യവസായ ശാലകളുടെ എണ്ണം കുറഞ്ഞു. ഹിന്ദി സംസാരിച്ചതിന് തല്ലിക്കൊന്ന സംഭവം വരെയുണ്ടായി. അസഹിഷ്ണുത കാട്ടി അടിച്ചമര്‍ത്തുക എന്നതാണ് ബിജെപി നയം. പക്ഷെ ബിജെപിയെ സംബന്ധിച്ച് ആത്മഹത്യാപരമായി ഈ നയം മാറും എന്നത് തീര്‍ച്ചയാണ്. ദക്ഷിണേന്ത്യയില്‍ അവര്‍ക്കുള്ള പിടി ഇതിലൂടെ നഷ്ടപ്പെടാനേ ഈ തീരുമാനം സഹായിക്കുകയുള്ളൂ.

ഒരു രാജ്യം ഒരു ഭാഷ എന്നാണല്ലോ അവർ പറയുന്നത്. വൈവിധ്യങ്ങളെ ഇല്ലാതാക്കി രാജ്യത്തെ ഏകമാനക സ്വഭാവത്തിലേക്ക് മാറ്റുന്നത് ഐക്യത്തിന്റെ ഭാഗമാണെന്നാണ്‌
അവര്‍ പറഞ്ഞുവെക്കുന്നത്. പക്ഷെ തത്വത്തില്‍ അത് ആഭ്യന്തര കലാപത്തിലേക്കും ബിജെപി പാര്‍ട്ടിയുടെ പരിതാപാവസ്ഥയിലേക്കും എത്തിക്കുമെന്നാണോ മാഷ് പറഞ്ഞു വരുന്നത്?

ജാതി മത അസഹിഷ്ണുതയേക്കാള്‍ ഭീകരമാണ് ഭാഷാപരമായ അസഹിഷ്ണുത. എത്ര ലക്ഷം മലയാളികള്‍ ബോംബെയില്‍ നിന്ന് മടങ്ങേണ്ടി വരും. ഹിന്ദി പഠിച്ചവരുണ്ടാവും അതില്‍. ഞാന്‍ അലിഗഢില്‍ ജോലി ചെയ്തിരുന്ന സമയത്ത് ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ചെന്നു. അയാള്‍ സംവദിക്കുന്നത് ഹിന്ദിയിലും ഞാന്‍ ഇംഗ്ലീഷിലുമായിരുന്നു. അയാളുടെ ഹിന്ദി മനസ്സിലാകാത്ത ഞാന്‍ ഇംഗ്ലീഷില്‍ സംസാരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ "ആര്‍ യു നോട്ട് ആന്‍ ഇന്ത്യന്‍" എന്നാണ് അയാള്‍ ചോദിച്ചത്. എന്നെ അപമാനിക്കുകയായിരുന്നു അയാൾ. യുപിയിലെ ബാങ്കിലും പോസ്‌റ്റോഫീസിലുമൊക്കെ പോയാൽ ഇത്തരം അസഹിഷ്ണുത കാണാം . അതിനാല്‍ തന്നെ ഭാഷയെ രാഷ്ട്രീയവത്കരിക്കല്‍ വലിയ പ്രശ്‌നങ്ങള്‍ തന്നെ സൃഷ്ടിക്കും.

പക്ഷെ സ്ലോ പോയിസണിങ്ങ് രീതിയായിരിക്കും അവര്‍ അവലംബിക്കുക. നിലവില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഹിന്ദി പരീക്ഷ എഴുതി പാസ്സാവാനായി നിശ്ചിത സമയം കൊടുക്കും. ജോലി നഷ്‌ടപ്പെടേണ്ട എന്ന് കരുതി പലരും അതിന് പിന്നാലെ പോകും. അങ്ങനെ വരുമ്പോള്‍ എതിര്‍പ്പ് കുറയുമെന്ന് തോന്നുന്നില്ലേ?

എതിര്‍പ്പുണ്ടാകും. ഇതിനെ ഏറ്റവും ആദ്യം എതിര്‍ക്കാന്‍ പോവുന്നത് തമിഴ്‌നാടാണ്. പിന്നെ തെലുങ്കാന, അന്ധ്രപ്രദേശ്. ഏറ്റവും എതിര്‍പ്പ് കുറയുന്നതെവിടുന്നാണെന്നറിയാമോ. കേരളത്തിൽ നിന്ന്.

അതെന്താണ് നമുക്കീ ദ്രാവിഡ ബോധം, ഭാഷാ അഭിമാന ബോധം എന്നൊന്നില്ലാതെപോയത്?

കേന്ദ്രസര്‍ക്കാര്‍ ജോലി വേഗം കിട്ടാന്‍ ഹിന്ദി പഠിക്കാമന്നേ നമ്മള്‍ മലയാളികള്‍ ചിന്തിക്കുകയുള്ളൂ. നമുക്ക് മലയാളത്തോട് തന്നെ താത്പര്യമുണ്ടോ. പല സ്‌കൂളുകളും കുട്ടികളെ കിട്ടാന്‍ വേണ്ടി ഇംഗ്ലീഷ് മീഡിയമാക്കുകയാണ്. മലയാളിക്ക് മലയാളം വേണമെന്നില്ല. മലയാളിക്ക് ഇംഗ്ലീഷു മതി, അറബി മതി, സംസ്‌കൃതം മതി, ഉര്‍ദു മതി. മലയാളം വേണ്ട. ഹിന്ദി പഠിക്കണ്ട, ഇംഗ്ലീഷ് പഠിക്കണ്ട എന്ന് ഞാന്‍ പറയില്ല. പക്ഷെ അടിച്ചേല്‍പിക്കാന്‍ പറ്റില്ല. തമിഴ്‌നാട് നേരെ മറിച്ചാണ്.

സ്വന്തം മാതൃഭാഷയെ പറ്റി ഇത്ര ബഹുമാനമില്ലാത്ത ആത്മാഭിമാനമില്ലാത്ത കൂട്ടര്‍ കേരളത്തിലല്ലാതെ ലോകത്തെവിടെയുമില്ല. അറബി അധ്യാപകര്‍ പത്താം തരം പാസ്സാവണമെന്ന ന്യായമായ ആവശ്യം 1980ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബേബി ജോണ്‍ കൊണ്ടു വന്നിട്ട് അതിനെതിരായി സമരം ചെയ്തവരുടെ നാടാണ് നമ്മുടേത്. സര്‍വ്വീസിലുള്ളവര്‍ക്ക് പത്ത് പാസ്സാവാന്‍ സമയം നല്‍കുമെന്ന് പറഞ്ഞിട്ടും കൂട്ടാക്കിയില്ല. വെടി കൊണ്ട് മൂന്ന് പേര്‍ മരിച്ചു. ഒടുവില്‍ അന്യായത്തിന് വഴങ്ങി ആ നിയമം തിരുത്തിയവരാണ് മലയാളികള്‍. അറബിക്ക് വേണ്ടി അവര്‍ വെടികൊണ്ട് മരിക്കും പക്ഷെ മലയാളത്തിന് വേണ്ടി ഒരു സമുദായവും പാര്‍ട്ടിയും ഒന്നും ചെയ്യില്ല. മലയാളം അക്ഷരമാലയില്ലാതെ 12 കൊല്ലം മലയാളം ടെക്സ്റ്റ് ബുക്ക് ഇറങ്ങി. മലയാളിക്ക് മലയാളിയോട് ഒരു താത്പര്യവുമില്ല. മാതൃഭാഷയോടുള്ള സ്‌നേഹം തമിഴ്‌നാട്ടില്‍ പോയാല്‍ കാണാം. ഈ അടുത്ത കാലം വരെ ചെന്നൈ കോര്‍പറേഷന്റെ ഓഫീസിൽ വലിയ അക്ഷരത്തില്‍ തമിഴ് വാഴ്‌കൈ എന് കണ്ടിരുന്നു.

കേരള എന്നല്ല കേരളം എന്നാണ് എഴുതേണ്ടതെന്ന് പറയാന്‍ ഒരു മന്ത്രിയോ എംഎല്‍എയോ ഇല്ലാത്ത നാടാണ് നമ്മുടേത്. തിരുവനന്തപുരത്തിനു പകരം ട്രിവാന്‍ട്രം എന്ന് പറയും നമ്മള്‍ ആലപ്പുഴയ്ക്ക് പകരം ആലപ്പി എന്നും. കേരളത്തിന്റെ പഴയ പേര് തന്നെ മലയാളം ആണ്. 1916ല്‍ വന്ന കേരള പാണിനീയമാണ് നമ്മുടെ അടിസ്ഥാന വ്യാകരണ പുസ്തകം. അതിലെ ആദ്യ വാക്യം "മലയാളം എന്നത് ദേശ നാമമായിരുന്നു" എന്നാണ്. സംസ്ഥാനത്തിന്റെ പേര് മലയാളമെന്നാക്കണം എന്ന് പറഞ്ഞാല്‍ ഒരു ജനപ്രതിനിധിക്കും അത് തിരിയൂല.

മലയാളം ചർച്ചയിൽ നിന്ന് നമുക്ക് വീണ്ടും ഹിന്ദിയിലേക്ക് വരാം. ഹിന്ദി അനുകൂല വാദങ്ങളില്‍ പ്രധാനമായത് ഭൂരിപക്ഷം സംസാരിക്കുന്ന ഭാഷ ദേശീ ഭാഷയാക്കിയാല്‍ എന്താണ് പ്രശ്‌നം എന്നാണ്. ഒരുഭാഷ കൂടി അറിയുന്നത് ജോലി നേടാനും സംവദിക്കാനും സഹായിക്കില്ലേ എന്നും അവർ ചോദിക്കുന്നു

ഒരു ഭാഷ കൂടി പഠിക്കുന്നത് നല്ലതല്ലെ എന്ന് ചോദിച്ചാല്‍ നല്ലതാണെന്നേ ഞാന്‍ പറയൂ. പക്ഷെ ഈ വിഷയത്തില്‍ ഒരു കൂട്ടരുടെ ജനാധിപത്യ അവകാശങ്ങള്‍ ഇല്ലാതാക്കുന്നുണ്ട്. നിങ്ങള്‍ സ്വന്തം നിലയ്ക്ക് ഭാഷ പഠിക്കുന്നതും ആ ഭാഷയില്‍ എഴുതുന്നതുമെല്ലാം സ്വാഗതാര്‍ഹമാണ്. നമ്മളെതിർക്കുന്നത് ഭാഷാ അധീശ്വത്തത്തെയാണ്.

ഭൂരിപക്ഷം സംസാരിക്കുന്ന ഭാഷ ദേശീയ ഭാഷയാക്കുന്നത് സംബന്ധിച്ച വാദത്തെ "ഏറ്റവും കൂടുതല്‍ നാട്ടിലുള്ളത് കാക്കയാണ് അപ്പോ ദേശീയ പക്ഷിയാവേണ്ടത് മയിലല്ല കാക്കയല്ലേ" എന്ന് പറഞ്ഞ് അണ്ണാദുരൈ കളിയാക്കിയതായി കേട്ടിട്ടുണ്ട്. ഭൂരിപക്ഷ വാദത്തിലെ പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതല്ലേ.?

ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ സമത്വം പാലിക്കുന്നതിനെയാണ് ജനാധിപത്യം എന്ന പറയുന്നത്. മെജോറിറ്റേറിയനിസമാണ് ജനാധിപത്യമെന്ന തെറ്റിദ്ധാരണയുണ്ട് പലർക്കും. അത് രണ്ടും രണ്ടാണ്. ഉദാഹരണം പറയുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതില്ല അവരെ നേരത്തെ വിവാഹം കഴിപ്പിച്ചു വിടണം എന്ന് ഇന്ത്യയില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തി ഭൂരിഭാഗം പറഞ്ഞാല്‍ അത് നിയമവിധേയമാക്കാന്‍ നമുക്ക് കഴിയുമോ. ഭൂരിപക്ഷം എന്നത് എപ്പോഴും ശരിയല്ല. ഭൂരിപക്ഷ വാദമല്ല ജനാധിപത്യം. ആദിവാസികളും ദളിതുകളും കുറവുള്ള നാട്ടില്‍ അവരെയും ദളിതരെയും തുല്യരായി കാണലാണ് ജനാധിപത്യം. ഭൂരിപക്ഷവാദക്കാരുടെ ന്യായമനുസരിച്ച് പാകിസ്താനില്‍ ഹിന്ദുക്കളോടും ശ്രീലങ്കയില്‍ തമിഴരോടും ചെയ്യുന്നത് ശരിയാണെന്ന് ഇവര്‍ പറയുമോ. ഭൂരിപക്ഷമനുസരിച്ച് തീരുമാനിച്ചാലും തെറ്റ് തെറ്റായി തന്നെ നിലനില്‍ക്കും.

എം. കെ സ്റ്റാലിൻ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഈ വിഷയത്തില്‍ നേരത്തെ നിലപാടെടുത്ത് പറഞ്ഞത് 'ഇത് ഇന്ത്യയാണ് ഹിന്ദ്യയല്ലെ'ന്നാണ്. അത്തരം ശക്തമായ പ്രതികരണങ്ങള്‍ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുണ്ടാവാത്തതെന്ത് കൊണ്ടാണ്?

ബ്രാഹ്‌മണ വിരോധം. ആര്യ വിരോധം. ഹിന്ദി വിരോധം എന്നെിവ കത്തിച്ചാണ് പെരിയോര്‍ ദ്രാവിഡ് കഴകമുണ്ടാക്കുന്നത്. അതില്‍ നിന്ന് പിരിഞ്ഞതാണ് ദ്രാവിഡ കഴകം, അതില്‍ നിന്ന് പിരിഞ്ഞതാണ് ദ്രാവിഡ മുന്നേറ്റ കഴകം, അതില്‍ നിന്ന് പിരിഞ്ഞതാണ് അണ്ണാദ്രാവിഡ മുന്നേറ്റ കഴകം. ദ്രാവിഡ പാര്‍ട്ടിയുടെ ഡിഎന്‍എ തന്നെ ഹിന്ദി വിരോധം, ആര്യ വിരോധം, ബ്രാഹ്‌മണ വിരോധം എന്നിവയാണ്. ഹിന്ദി എന്ന ഭാഷാ വിരോധമല്ല, ആര്യനെന്ന റേസ് അല്ല, ബ്രാഹ്‌മണ ജാതിയോടുള്ള വിരോധമല്ല. പകരം ഈ മൂന്ന് മേധാവിത്വങ്ങളോടുമുള്ള വിരോധമാണത്. രാമനല്ല രാവണനാണ് നമ്മുടെ നേതാവെന്ന പറഞ്ഞു പെരിയോർ. രാമലീലക്ക് പകരം രാവണ ലീല നടത്തണമെന്ന് പറഞ്ഞു. ആര്യസ്വത്വത്തിന്റെ പ്രതിരൂപമാണ് രാമനെന്നും ദ്രാവിഡ സ്വത്വത്തിന്റെ പ്രതിരൂപമാണ് രാവണന്‍ എന്നുമദ്ദേഹം പറഞ്ഞു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ നിലനില്‍പ് തന്നെ ഹിന്ദി അധിനിവേശത്തിനെതിരേയുള്ള ചെറുത്തു നില്‍പാണ്. അതിന്റെ ഭാഗമായേ എം.കെ സ്റ്റാലിന് അങ്ങനെ പറയാനാവൂ.

അപ്പോ കേരളത്തില്‍ നിന്നൊരു പ്രക്ഷോഭം പ്രതീക്ഷിക്കേണ്ട അല്ലേ?

ഞാന്‍ പ്രതീക്ഷിക്കുന്നില്ല. കേരളീയര്‍ക്കൊരു പ്രശ്‌നവും ഉണ്ടാവാന്‍ പോകുന്നില്ല. ജോലി, വ്യാപാരം, വ്യവസായം എന്നിവ നടന്നാല്‍ മതി മലയാളിക്ക്. മലയാളിയെ ബാധിക്കാത്ത വിഷയമായതുകൊണ്ട് രാഷ്ട്രീയ നേതാക്കളും അതില്‍ താത്പര്യം കാണിക്കില്ല

Content Highlights: hindi language imposing, BJP's suicidal decision says MN Karassery, interview, social,amit shah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented