പാസ്‌റ്റർ എസ്‌തേർ ഭാരതി
കോട്ടയം: ആൺകുട്ടിയായാണ് പിറന്നതെങ്കിലും പെൺകുട്ടിയുടെ മനസ്സും വികാരങ്ങളും. പരിഹാസം അസഹ്യമായപ്പോൾ വീടുവിട്ടിറങ്ങി ട്രാൻസ്‌ജെൻഡർ സമൂഹത്തിനൊപ്പം ചേർന്നു. ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീയായി. പിന്നെ വൈദിക പഠനം. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌വുമൺ പാസ്‌റ്റർ. പാസ്‌റ്റർ എസ്‌തേർ ഭാരതിയുടെ ജീവിതവഴികൾ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് പ്രചോദനവും മാതൃകയുമാണ്. എസ്‌തേറിനെ വൈദികപഠനത്തിന് സഹായിച്ചത് സി.എസ്.ഐ. മദ്രാസ് ബിഷപ്പായിരുന്ന ദേവസഹായം. ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ മദ്രാസ് ബിഷപ്പായിരുന്ന എസ്രാ സർഗുണം ആണ് എല്ലാ എതിർപ്പുകളേയും മറികടന്ന് പാസ്റ്ററാക്കിയത്. കോട്ടയത്ത് സി.എസ്.ഐ. മധ്യകേരളാ മഹായിടവകയുടെ ചടങ്ങിനെത്തിയ എസ്‌തേർ ഭാരതി മാതൃഭൂമിയോട് സംസാരിച്ചു. അവരുടെ വാക്കുകളിലൂടെ:-
ട്രാൻസ്‌ജെൻഡർ എന്ന നിലയിൽ ആദ്യകാല ജീവിതം ?
1983-ൽ തൂത്തുക്കുടിയിലായിരുന്നു ജനനം. കുട്ടിക്കാലത്ത് സ്‌െെത്രണസ്വഭാവത്തിന്റെ പേരിൽ വീട്ടുകാരിൽനിന്നും അയൽക്കാരിൽനിന്നും പരിഹാസം നേരിടേണ്ടിവന്നു. ആൺകുട്ടിയേപ്പോലെ പെരുമാറാൻ സമ്മർദ്ദമായിരുന്നു. എനിക്ക് പെൺകുട്ടിയേപ്പോലെ ജീവിക്കണമെന്ന് അമ്മയോട് പറഞ്ഞു. പക്ഷേ, അമ്മ വഴക്കുപറഞ്ഞു. രണ്ട് സഹോദരിമാരുടെ വിവാഹം ഞാൻ കാരണം മുടങ്ങുമെന്നും വീട്ടുകാർ ഭയപ്പെട്ടിരുന്നു. ആത്‌മഹത്യയെക്കുറിച്ചുപോലും ചിന്തിച്ച ദിവസങ്ങളുണ്ട്.
എങ്ങനെയാണ് വൈദികവഴിയിലെത്തിയത്?
ട്രാൻസ്‌ജെൻഡർ സമൂഹത്തിനൊപ്പം പോയിത്തുടങ്ങിയപ്പോഴാണ് അവർ നേരിടുന്ന വിഷമങ്ങൾ മനസ്സിലാക്കിത്തുടങ്ങിയത്. ഒരു എൻ.ജി.ഒ. സംഘടനയുടെ ഫീൽഡ് ഓഫീസറായി കുറച്ചുനാൾ പ്രവർത്തിച്ചു. 2007-ൽ അവരുടെ സഹായത്തോടെ ചെന്നൈയിൽ വെച്ച് ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീയായി. സി.എസ്.െഎ. സഭാംഗമായിരുന്നു. ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ മദ്രാസ് തിയോളജിക്കൽ സെമിനാരിയിൽ ചേരാനായി. അവിടെനിന്ന് ‘തിയോളജി’യിലും മധുര തിയോളജിക്കൽ കോളേജിൽനിന്ന് ‘ഡിവിനിറ്റി’യിലും ബിരുദം നേടി. 2011-ലാണ് നടരാജപുരം ഇടവകയെ നയിക്കാൻ നിയോഗം കിട്ടിയത്.
ഇപ്പോഴത്തെ പ്രവർത്തനം?
ഇപ്പോൾ സ്വതന്ത്രപാസ്‌റ്റർ. ട്രാൻസ്‌ജെൻഡർ വിഭാഗക്കാരായ അഞ്ചുകുട്ടികളെ ഏറ്റെടുത്തിട്ടുണ്ട്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് കൗൺസലിങ് നൽകുന്നു.
ട്രാൻസ്‌ജെൻഡർ വിഭാഗത്തോട് പറയാനുള്ളത് ?
വിദ്യാഭ്യാസം നേടുക. ധൈര്യത്തോടെ, അഭിമാനത്തോടെ ജീവിക്കുക.
സമൂഹത്തോട് പറയാനുള്ളത് ?
ട്രാൻസ്‌വിഭാഗത്തിൽപ്പെട്ടവർക്കും അവകാശങ്ങളുണ്ട്. അവരെ അംഗീകരിക്കുക. നിങ്ങളുടെ മനസ്സിലുള്ളത് അവരിൽ അടിച്ചേൽപ്പിക്കരുത്. ഇപ്പോഴും നമ്മുടെ രാജ്യത്ത് ഇവരെ അംഗീകരിക്കുന്നതിൽ മടിയുണ്ട്. അത് മാറണം.
Content Highlights: first transwomen paster in india


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..