മഴപെയ്താല്‍ മണിക്കൂറുകളോളം നടക്കണം, എന്നാലും ഷെമീര്‍ മാഷ് കാടും മലയും താണ്ടി സ്‌കൂളിലെത്തും


അഞ്ജന രാമത്ത്‌Interview

സി.എ.ഷെമീർ

ഇടുക്കി ഇടമലക്കുടിയിലെ സൊസൈറ്റിക്കുടി ഗവ.ട്രൈബല്‍ എല്‍.പി.സ്‌കൂളിലെ കുട്ടികള്‍ എല്ലാവരും ഉഷാറിലാണ് തങ്ങളുടെ പുതിയ ഷെമീര്‍ മാഷിനോടൊപ്പം പാട്ടുകള്‍ പാടിയും എണ്ണാന്‍ പഠിച്ചും അവര്‍ തിരക്കിലാണ്. ഇടമലക്കുടി സ്‌കൂളിലെ അധ്യാപകന്റെ തസ്തിക ചോദിച്ചുവാങ്ങിയതാണ് സി.എ.ഷെമീര്‍. പരിമിതമായ സൗകര്യങ്ങളും ഇവിടേക്കുള്ള ദുരിതയാത്രയും ജോലിയില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളുമാണ് കാരണം ഇവിടെ അധ്യാപകരായി എത്താന്‍ മിക്കവരും മടികാട്ടാറാണ് പതിവ്. ആദ്യനിയമനം കിട്ടുന്നവരും കുടിക്കാരായ അധ്യാപകരും മാത്രമേ ഇവിടേക്ക് വരാറുള്ളൂ. കേരള പിറവി ദിനത്തില്‍ അധ്യാപന ജീവിതത്തിലെ സുപ്രധാന ദിശയിലേക്ക് തിരിഞ്ഞിരിക്കുന്ന ഷെമീര്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

പലരും മടിക്കുന്ന സൊസൈറ്റികുടി ഗവ.ട്രൈബല്‍ എല്‍.പി.സ്‌കൂളിലെ പോസ്റ്റിങ്ങ് ചോദിച്ചു വാങ്ങിയ തീരുമാനത്തിലേക്ക്‌ എങ്ങനെയാണ് എത്തിയത്എന്റെ വീട് അടിമാലിയിലാണ് ഇവിടത്തെ സാമുഹിക പശ്ചാത്തലം എനിക്ക് അപരിചിതമല്ല. അതു കൊണ്ട് തന്നെ യാതൊരു തരത്തിലും ഒരു പേടിയും തോന്നിയില്ല. കുറേ നാളുകളായി ശാസ്ത്ര സാഹിത്യ പരിഷത്തിലുണ്ട്.ഗോത്ര വിഭാഗം കേന്ദ്രികരിച്ചു കൊണ്ടുള്ള പരിപാടികളില്‍ സജീവ പങ്കാളിയാണ്. അക്കാലയളവില്‍ തന്നെ ഈ വിഭാഗത്തിനായി എങ്ങനെയെല്ലാം പ്രവര്‍ത്തിക്കാമെന്ന് ചിന്തിച്ചിരുന്നു. അധ്യാപകനായ എനിക്ക് അതിനുള്ള അവസരം തന്നെ കിട്ടിയപ്പോള്‍ രണ്ടാമത് ആലോചിക്കാന്‍ നിന്നില്ല.

സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി പഠിപ്പുറസി (പഠിപ്പിന്റെ രുചി) എന്നൊരു പ്രോജക്റ്റ് ഇടമലകുടിയില്‍ കഴിഞ്ഞ സെപ്റ്റംബറിൽ ഇത് ആരംഭിച്ചിരുന്നു. പഠിപ്പുറസി വിജയമായി. ഭാഷ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ പ്രോജക്റ്റിന്റെ പൂര്‍ണത സ്വപ്നം കണ്ടിട്ടുകൂടിയാണ് ഞാന്‍ ഇവിടെ ജോലിയില്‍ പ്രവേശിച്ചത്.

അടിമാലി ബ്ലോക്ക് റിസോഴ്സ് സെന്ററിലെ പരീശീലകനായിരുന്നു. ബി.ആര്‍.സി.യിലെ ഡെപ്യൂട്ടേഷന്‍ തീര്‍ന്നതോടെ ഇടമലക്കുടി സ്‌കൂളില്‍ നിയമനം നല്‍കണമെന്ന് വിദ്യാഭ്യാസവകുപ്പിന് അപേക്ഷ നല്‍കി. വേഗത്തില്‍ നിയമന ഉത്തരവും കിട്ടി.

ഇടമലക്കുടിയില്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തെല്ലാമാണ്?

അവിടെ എത്തിപ്പെടുകയെന്നതാണ് പ്രധാന വെല്ലുവിളി. അഞ്ചു മണിക്കൂറുകളോളം ജീപ്പില്‍ തന്നെ ഓഫ് റോഡ് യാത്രയുണ്ട്. മഴയാണെങ്കില്‍ ജീപ്പുണ്ടാവില്ല നടക്കേണ്ടി വരും. സ്‌കൂളിന്റെ ഭൗതിക സാഹചര്യവും മെച്ചപ്പെടുത്താനുണ്ട്. റെസിഡന്‍ഷ്യല്‍ ഫെസിലിറ്റിയിലേക്ക് സ്‌കൂള്‍ ഉയര്‍ന്നിട്ടില്ല.
പുറത്തുനിന്നെത്തുന്ന അധ്യാപകര്‍ താമസിക്കുന്നതും സ്‌കൂളില്‍ത്തന്നെ. കുടിയിലെത്തിയാല്‍ പുറംലോകവുമായി ബന്ധപ്പെടാനും പ്രതിസന്ധികളേറെയുണ്ട്

ഇതിനേക്കാളുപരി നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്നമെന്തെന്നാല്‍ കുട്ടികളുടെ ഹാജര്‍ കുറവാണ്. ഇന്ന് വന്ന കുട്ടി നാളെ വരണമെന്നില്ല. വിദ്യാഭ്യാസത്തെ കുറിച്ചുള്ള കൃത്യമായ അവബോധം അവര്‍ക്ക് ലഭിച്ചിട്ടില്ല. അതു കൊണ്ടുതന്നെ സ്‌കൂളിലേക്ക് വരാതെ മീന്‍പിടിക്കാനും അവരുടെ കൃഷിയിടത്തിലേക്കും പോവും. അവരെ പറഞ്ഞ് മനസിലാക്കി തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്.

വന്യമൃഗങ്ങളുള്ള സ്ഥലമാണിത്. മഴക്കാലമായാല്‍ പുഴ കടന്ന് വേണം കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് എത്താന്‍

കുട്ടികള്‍ സ്‌കൂളിലേക്ക് വരാന്‍ അവര്‍ താല്‍പര്യമില്ലാത്തതിന്റെ കാരണമെന്താണെന്നാണ് താങ്കള്‍ക്ക് തോന്നുന്നത്‌

നമ്മുടെ പാഠ്യരീതി അവര്‍ക്ക് അനുയോജ്യമല്ല. സാംസ്‌ക്കാരികമായും ഭാഷപരമായും ഒരുപാട് മാറ്റം വരുത്തേണ്ടതുണ്ട്. ശാസ്ത്രീയമായ ഗവേഷണം തന്നെ ഇതിന് ആവശ്യമാണ്.122 കുട്ടികള്‍ ഇവിടെയുണ്ട്. ലിപിയില്ലാത്ത മുതുവാന്‍ ഭാഷ മാത്രമേ അവര്‍ക്ക് അറിയൂ. ഒന്നാം ക്ലാസില്‍ വരുന്ന കുട്ടിക്ക് മലയാളം ഒട്ടും തന്നെ അറിയില്ല. ആദ്യമായി സ്‌കൂളിലേക്കെത്തുന്ന കുട്ടി ആകെ അന്ധാളിച്ചു പോവുകയാണ് ചെയ്യുക. സ്വാഭാവികമായി ഇത്തരം ഭാഷാ തടസ്സങ്ങള്‍ നേരിടുന്നത് കൊണ്ട് കുട്ടിക്ക് പഠനത്തോടുള്ള താത്പര്യം കുറയുന്നു. പഠിപ്പുറസി പ്രോജക്റ്റിന്റെ പ്രധാന ലക്ഷ്യം ഈ കടമ്പ മറികടക്കുകയെന്നതാണ്.

താങ്കളുടെ ഇവിടത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാമോ

ക്ലാസ് റൂമില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന അധ്യാപകനായി ഇവിടെ ഒതുങ്ങി നില്‍ക്കാന്‍ സാധിക്കില്ല. അതിന് പുറത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ ആവശ്യമാണ് വൈകുന്നേരങ്ങളില്‍ ഞാന്‍ കുടികളിലേക്ക് ചെല്ലാറുണ്ട് ഹാജറില്ലാത്ത കുട്ടിയെയും കുടുബത്തേയും നേരിട്ട് ചെന്ന് കണ്ട് ബുദ്ധിമുട്ടുകള്‍ ചോദിച്ച് മനസിലാക്കാറുണ്ട്. നമ്മുടെ നിരന്തര ഇടപെടലുകള്‍ കൊണ്ട് മാത്രമേ ഹാജര്‍ നില മെച്ചപ്പെടുത്താനുവുകയുള്ളൂ. ഇത്തരത്തിലുള്ള ഇടപെടല്‍ കൊണ്ട് അവരുടെ ജീവിതത്തെയും സംസ്‌ക്കാരത്തെയും വളരെ അടുത്ത് മനസിലാക്കാനും സാധിക്കും

26 കുടികള്‍ ചേര്‍ന്നതാണ് ഈ പ്രദേശം ഇവയെല്ലാം അടുത്ത് കിടക്കുന്നവയുമല്ല. ചുരുങ്ങിയത് അരമണിക്കൂര്‍ നടക്കാനുണ്ട്. ഏറ്റവും അകലെയുള്ളതിലേക്ക് എത്താന്‍ ആറ് മണിക്കുറോളം നടക്കാനുണ്ട്. സ്‌കൂളിമടുത്തുള്ള നാലു കുടികളിലെ കുട്ടികള്‍ മാത്രമാണ് ഇപ്പോള്‍ സ്‌കൂളിലേക്ക് നടന്നെത്തുന്നത്. ബാക്കിയുള്ളവര്‍ പുറത്ത് പോയി പഠിക്കുകയോ അല്ലെങ്കില്‍ നമ്മുടെ സ്‌കൂളിനോട് ചേര്‍ന്ന ട്രൈബര്‍ ഹോസറ്റലില്‍ നിന്ന് പഠിക്കുകയോ ആണ് ചെയ്യുന്നത്.

സര്‍ക്കാര്‍ ഇവര്‍ക്കായുള്ള പാഠ്യപദ്ധതിയില്‍ ഏത് തരത്തിലുള്ള സമീപനമാണ് നടത്തേണ്ടത്

ഗോത്ര സംസ്‌കാരവുമായി ഇഴുകിച്ചേർന്നുകൊണ്ടു പാഠ്യപദ്ധതി തയ്യാറാക്കേ ണ്ടത് അത്യാവശ്യമാണ്. നമ്മുടെ പാഠ്യരീതി അവര്‍ക്ക് കണക്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. മറ്റൊരു നാട്ടിലേക്ക് നമ്മളെ വലിച്ചു കൊണ്ടു പോയി പൂര്‍ണമായും അവരുടെ രീതിയില്‍ പഠിപ്പിച്ചാല്‍ എത്രത്തോളം ബുദ്ധിമുട്ട് നമ്മള്‍ അനുഭവിക്കും സമാന സ്ഥിതിയാണ് അവര്‍ക്ക്. ഒരു ഉദ്ദാഹരണം പറയാം ഓണം കേരളത്തിന്റെ ദേശിയോത്സവമാണെന്ന് നമ്മള്‍ പഠിക്കുന്നു എന്നാല്‍ അവരുടെ പ്രധാനപ്പെട്ട ഉത്സവം പൊങ്കലാണ്. സാംസ്‌ക്കാരികമായുള്ള ഒരു സമീപനമാണ് ആവശ്യം.

ഓരോ പ്രദേശത്തിനും അനുസൃതമായ പാഠ്യപദ്ധതി പരിഷ്‌കരിക്കണം. സാംസ്‌കാരിമായും ഭാഷപരവുമായിരിക്കണം ഈ പരിഷ്‌കരണം. നമ്മുടെ പാഠ്യപദ്ധതിയെ വെറുതെ തര്‍ജ്ജമ ചെയ്തതു കൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. അത്തരമൊരു സമീപനത്തിന് അധ്യാപകര്‍ക്കും പരീശീലനം അത്യാവശ്യമാണ്.

ഒരു ഹാപ്പി സ്‌കൂള്‍ കണ്‍സെപ്റ്റിലേക്ക് വിദ്യാലയങ്ങള്‍ മാറണം. കുട്ടികള്‍ക്ക് സന്തോഷത്തോടെ എത്താന്‍ പറ്റുന്നൊരിടം. അവരുടെ പാട്ടും ആട്ടവും എല്ലാം ഇവിടെയുണ്ടാവണം. വാദ്യമേളങ്ങള്‍ ഉപയോഗിക്കാനുള്ള അവസരങ്ങളുമുണ്ടാവണ്

മുന്നോട്ട് നോക്കുമ്പോള്‍ താങ്കള്‍ സ്വപ്‌നം കാണുന്ന സൊസൈറ്റിക്കുടി ഗവ.ട്രൈബല്‍ എല്‍.പി.സ്‌കൂള്‍ എങ്ങനെയിരിക്കണം

കുട്ടികളുടെ ആശയവിനിമയത്തിന് ആവശ്യമായ ഭാഷാപരിജ്ഞാനം നല്‍കണം. അടിസ്ഥാന ഗണിതവും മെച്ചപ്പെടുത്തണം. ആദ്യ പടി ഇതെല്ലാമാണ്. അത് തന്നെ വലിയൊരു കടമ്പയാണ്. നാലാം ക്ലാസു കഴിഞ്ഞ് ഇവിടെ നിന്നൊരു കുട്ടിക്ക് ആത്മവിശ്വാസത്തോടെ അഞ്ചിലേക്ക് പോവാന്‍ സാധിക്കണം. ബാക്കിയെല്ലാം അതിനു ശേഷമാണ്. എന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനാവുമെന്ന് തന്നെയാണ് വിശ്വാസം.

അധ്യാപന വഴി തിരഞ്ഞെടുക്കാനുള്ള കാരണമെന്താണ്

അധ്യാപനം ഒഴുക്കിനൊത്ത് എടുത്തുവെന്നേയുള്ളു. ഈ ജോലിയുള്ള സാമൂഹിക പ്രതിബദ്ധത അന്ന് എനിക്ക് അത്രത്തോളം ഉള്‍ക്കൊള്ളാനായി സാധിച്ചിരുന്നില്ല. എന്നാല്‍ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ അങ്ങനെ എന്റെ ലക്ഷ്യബോധത്തെ തന്നെ മാറ്റിമറിച്ചു. പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

കുടുംബത്തിന്റെ പ്രതികരണമെന്തായിരുന്നു

എന്റെ ചിന്തകളെയും വഴികളെയും പറ്റി വ്യക്തമായി അറിയാവുന്നവരാണ് എനിക്ക് ചുറ്റുമുള്ളത്. അതു കൊണ്ട് തന്നെ ഈ തീരുമാനത്തില്‍ അവര്‍ക്ക് യാതൊരു അത്ഭുതമില്ല. ഇപ്പോള്‍ രണ്ടാഴ്ച്ച കൂടുമ്പോള്‍ വീട്ടില്‍ പോവാമെന്നാണ് പ്രതീക്ഷിക്കുന്നത്. വീട്ടുകാര്‍ എന്റെ പ്രവര്‍ത്തനങ്ങളോട് പൂര്‍ണ പിന്തുണ നല്‍കുന്നവരാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.

Content Highlights: Edamalakudi Tribal school teacher C A Shameer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented