പ്രതീകാത്മക ചിത്രം | Getty images
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസിനായി ഫോണ്‍ ഉപയോഗിച്ചു തുടങ്ങിയ 11 വയസ്സുകാരി ഒരു കൗതുകത്തിനാണ് ഡേറ്റിങ് ആപ്പില്‍ ഒരു മുതിര്‍ന്ന പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ നിര്‍മ്മിച്ച് ചാറ്റ് തുടങ്ങിയത്. ആദ്യം സൗഹൃദമായിരുന്നെങ്കിലും പിന്നീട് പ്രണയമായി മാറിയ ബന്ധം ചതിയായി. ചിത്രങ്ങളും വീഡിയോകളും കൈമാറിയതോടെ സുഹൃത്ത് ഭീഷണിയാരംഭിച്ചു. മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ അവള് കൂടുതല്‍ അയാളെ അനുസരിച്ചു തുടങ്ങി. ഒടുവില്‍ ആത്മഹത്യയുടെ വക്കിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ മകളുടെ അവസ്ഥ മനസ്സിലാക്കുന്നത്. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. കോവിഡ് കാലത്താണ് ഡേറ്റിങ് ആപ്പിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ കൂടിയിട്ടുള്ളത് എന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. ഡേറ്റിങ് ആപ്പിലെ ചതിയിടങ്ങളെപ്പറ്റി സൈബര്‍ ക്രൈം വിദഗ്ധ ധന്യ മേനോനുമായി നടത്തിയ അഭിമുഖം
എങ്ങനെയെല്ലാമാണ് കുട്ടികള്‍ ഡേറ്റിങ് ആപ്പിലേക്ക് എത്തുന്നതും ചതിക്കുഴികളില്‍ പെടുന്നതും?
ഫേക്ക് പ്രൊഫൈലുകള്‍ വഴിയാണ് കുട്ടികള്‍ ഇതിലെത്തുന്നത്. മുതിര്‍ന്നവരും ഇതിന് ഒരു പരിധിവരെ കാരണമാണ്. പല കുട്ടികളുടെയും പ്രൊഫൈലുകളില്‍ വീട്ടിലുള്ള മുതിര്‍ന്നവരുടെ ചിത്രങ്ങളാകും. അവരുടെ ജനന തീയതിയും മറ്റു വിവരങ്ങളും നല്‍കിയാണ് കുട്ടികള്‍ പലപ്പോഴും അക്കൗണ്ട് നിര്‍മ്മിക്കുന്നതുപോലും. മുതിര്‍ന്നവര്‍ പറയുന്നത് കേട്ട് ആപ്പിനെപ്പറ്റി മനസ്സിലാക്കിയ ശേഷം കൗതുകം കൊണ്ട് തുടങ്ങിയ കുട്ടികളുമുണ്ട്. വീട്ടിലുള്ളവരുടെ ഫോണില്കണ്ട് ആ അക്കൗണ്ട് ഉപയോഗിച്ചവരാണ് മറ്റൊരു വിഭാഗം. കോവിഡ്ക്കാലത്ത് കുട്ടികള്‍ പഠനാവശ്യത്തിനായി ഉപയോഗിച്ചു തുടങ്ങിയ ശേഷമാണ് ചതികളുടെ എണ്ണം കൂടിയത്.
ഡേറ്റിങ്ങ് ആപ്പ് തന്നെയാണോ പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും ഉത്തരവാദി?
പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും ഡേറ്റിങ് ആപ്പിലൂടെയാണ്. ബന്ധം ഒരു പരിധിയില്‍ക്കൂടുതല്‍ വളരുന്നത് വരെ ഡേറ്റിങ് ആപ്പില്‍ത്തന്നെ സംസാരം തുടരാറുണ്ട്. അതിനു ശേഷമാണ് മറ്റ് ആപ്പുകളിലേക്ക് നീങ്ങുന്നത്. 11 വയസ്സുള്ള ഒരു കുട്ടിയുടെ കേസ് കൈകാര്യം ചെയ്തിട്ടുണ്ട്. ആ കുട്ടി ചിത്രങ്ങളും മറ്റും അയക്കുകയും അതിരുവിട്ടുള്ള ഇടപെടലുകള്‍ നടത്തുന്ന അവസ്ഥവരെയെത്തുകയും ചെയ്തിട്ടുണ്ട്. ആപ്പുകളില്‍ തെറ്റായ വിവരങ്ങള്‍ നല്കി പ്രൊഫൈല്‍ നിര്‍മ്മിക്കുന്നതും അതിലേക്ക് നയിക്കുന്ന സാഹചര്യവുമാണ് ഉത്തരവാദികള്‍.
പ്രശ്നങ്ങളില്‍ നിന്ന് പുറത്ത് കടന്ന ശേഷവും കുട്ടികള്‍ സുരക്ഷിതരാകാനുള്ള സാധ്യത എത്രമാത്രം?
ഇത്തരം കേസുകളില്‍ നൂറ് ശതമാനം രക്ഷപ്പെടല്‍ സാധ്യമല്ല. ടെക്നിക്കല്‍ വശമായി നോക്കിയാല്‍ത്തന്നെ സൈബര്‍ ലോകത്ത് ഒന്നും മറയ്ക്കാന്‍ കഴിയില്ല. ഫോണ്‍നമ്പറോ മറ്റ് വിവരങ്ങളോ നല്കിയാല്, അത് അപകടം തന്നെയാണ് എന്നും. വളര്‍ന്നു വരുന്ന കുട്ടികളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഏല്‍പ്പിക്കുന്ന മുറിവ് വളരെ വലുതായിരിക്കും. അതില്‍ നിന്ന് പുറത്ത് വന്നാലും സാങ്കേതികമായി അവര്‍ രക്ഷപ്പെട്ടതായി പറയാനാവില്ല.
പെണ്‍കുട്ടികള്‍ മാത്രമാണോ ഇരകള്‍? ആണ്‍കുട്ടികള്‍ ഉള്‍പ്പെട്ട കേസുകള്‍ ഉണ്ടായിട്ടുണ്ടോ?
ആണ്‍കുട്ടികളും ഇതിലൂടെ ലൈംഗികാതിക്രമത്തിന് വിധേയരാകാറുണ്ട്. കൂടാതെ മയക്കുമരുന്നു മാഫിയകള്‍ ആണ്‍കുട്ടികളെ ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 10നും 12നും ഇടയിലുള്ള കുട്ടികള്‍ ഇരയായ കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ആണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തുന്ന പെണ്ണിന്റെ വ്യാജ പ്രൊഫൈൽ ഉള്ള ആണുങ്ങളുമുണ്ട്.
പരാതിക്കണക്കുകള് നോക്കുമ്പോള്‍ എണ്ണത്തില്‍ കുറയാന്‍ കാരണം?
പ്രശ്നം പുറത്തു പറയാനാവാതെ ഇരകളാകുന്നവര്‍ പലപ്പോഴും ഫോണ്‍ നശിപ്പിക്കുകയോ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയോ ചെയ്യും. പരാതിപ്പെടില്ല എന്നതാണ് ചതിക്കുന്നവര്‍ക്ക് ധൈര്യവും. കുറ്റം ഇരുഭാഗത്തുമുള്ളതിനാല് പരാതിപ്പെട്ടാല്‍ വാദി പ്രതിയാകും. പണം കൊടുക്കുന്നത് പലപ്പോഴും നിയമത്തിന്റെ കണ്ണില്പ്പൊടിയിട്ടാവാം. വിദേശത്തേക്ക് പണം ഇത്തരത്തില്‍ അയച്ച് നഷ്ടം സംഭവിച്ചവരും ഉണ്ട്. നമ്പര്‍ കൈമാറുകയും മറ്റു സ്വകാര്യ വിവരങ്ങള്‍ നല്‍കുന്നതും പ്രശ്നം രൂക്ഷമാക്കുന്നു. കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ഗുരുതരമായ പ്രശ്നങ്ങളിലേക്ക് പോകാതെ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ പറഞ്ഞു നല്‍കാനുമേ കഴിയാറുള്ളു. പണം തട്ടലും സെക്സ് റാക്കറ്റ് പ്രവര്‍ത്തനങ്ങളും ഒരു ബിസിനസ് പോലെ വളര്‍ന്നിട്ടുണ്ട്.
ഇതിനെതിരേ ചെയ്യാനാവുന്നത്
സര്‍ക്കാര്‍ സുരക്ഷ ഉറപ്പാനായി അവബോധം നല്‍കുന്നുണ്ട്. മാതാപിതാക്കളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഗൂഗിള്‍ ഉള്‍പ്പെടെയുള്ളവയില്‍ സുരക്ഷ ഉറപ്പാക്കാനുള്ള പല പുതിയ ഫീച്ചറുകളും ഉണ്ട്. അതിനു സഹായിക്കുന്ന ആപ്പുകളും ലഭ്യമാണ്. കൂടാതെ കുട്ടികളെ ഇതിന്റെ ദൂഷ്യവശങ്ങളെപ്പറ്റി ബോധ്യപ്പെടുത്തുക എന്നതും പ്രധാനമാണ്. മുന്‍കരുതലെടുക്കുന്നതാണ് അപകടം വരാതിരിക്കാനുള്ള ഏകമാര്‍ഗം.
Content Highlights: Dating app traps, social
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..