സമരക്കാര്‍ക്കെതിരേ ജനങ്ങളെ തിരിച്ചുവിടാന്‍ ശ്രമം നടന്നു, ജനവും കോടതിയും ഒപ്പം നിന്നു| അഭിമുഖം


അജ്‌നാസ് നാസര്‍

ഇന്ത്യയില്‍ തന്നെ ആദ്യമായി അങ്കണവാടി ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കിയത് കേരളമാണ്. സുശീല ഗോപാലന്‍ സാമൂഹിക ക്ഷേമ മന്ത്രിയായിരിക്കുമ്പോഴാണ് ആദ്യമായി അധിക തുക നല്‍കുന്നതിന് തുടക്കമിട്ടത്, എ.ആര്‍ സിന്ധു പറയുന്നു .

എ.ആർ സിന്ധു

ങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടെന്ന സുപ്രീം കോടതിയുടെ നിര്‍ണായക വിധി കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഗുജറാത്ത് അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് യൂണിയനാണ് (സി.ഐ.ടി.യു.) വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഈ വിധി നേടിയത്. ഗ്രാറ്റുവിറ്റി നിയമത്തിലെ 'എസ്റ്റാബ്ലിഷ്‌മെന്റ് ' എന്നതിന്റെ നിര്‍വചനത്തില്‍ വരുന്ന സ്ഥാപനങ്ങളാണ് അങ്കണവാടികളെന്നും വിദ്യാഭ്യാസവും പോഷകാഹാര വിതരണവുമുള്‍പ്പെടെ സുപ്രധാന സേവനങ്ങള്‍ നിര്‍വഹിക്കുന്ന അങ്കണവാടി ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ സമയമായെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്താകമാനം വരുന്ന ലക്ഷക്കണക്കിന് അങ്കണവാടി ജീവനക്കാര്‍ക്ക് വലിയ ആശ്വാസം തരുന്ന സുപ്രീംകോടതി വിധിയെ കുറിച്ച് സംസാരിക്കുകയാണ് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അങ്കണവാടി വര്‍ക്കേര്‍സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.ആര്‍ സിന്ധു.

ഏത് സാഹചര്യത്തിലായിരുന്നു ഈ നിയമപോരാട്ടം?

ഗുജറാത്ത് അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് യൂണിയന്റെ (സിഐടിയു) ദീര്‍ഘമായ നിയമപോരാട്ടമാണ് വിജയിച്ചത്. ദാഹോദ് ജില്ലയിലെ പത്ത് അങ്കണവാടി ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഗ്രാറ്റ്വിറ്റിക്ക് അര്‍ഹതയുണ്ടെന്ന ഗുജറാത്ത് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരേയാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ പി.വി സുരേന്ദ്രനാഥ്, കെ.ആര്‍ സുഭാഷ് ചന്ദ്രന്‍ എന്നിവരാണ് ഫെഡറേഷന് വേണ്ടി ഹാജരായത്. അങ്കണവാടി കേന്ദ്രങ്ങള്‍ ഗ്രാറ്റ്വിറ്റി നിയമത്തിലെ ഒന്നാംവകുപ്പിന്റെ മൂന്നാം ഉപവകുപ്പിനുകീഴിലുള്ള ക്ലോസ് ബി പ്രകാരം എസ്റ്റാബ്ലിഷ്‌മെന്റ് ആണെന്നതില്‍ സംശയമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതിനാല്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പ്രതിഫലം വേതനം തന്നെയാണ്. ഗുജറാത്തിലെ അങ്കണവാടികളില്‍ അര്‍ഹരായ എല്ലാജീവനക്കാര്‍ക്കും ഗ്രാറ്റ്വിറ്റി നിയമപ്രകാരമുള്ള ആനുകൂല്യം പത്തുശതമാനം വാര്‍ഷികപ്പലിശസഹിതം മൂന്നുമാസത്തിനകം നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഗുജറാത്തിലെ വിഷയത്തിലുണ്ടായ ഈ വിധി രാജ്യവ്യാപകമായി എന്ത് മാറ്റമാണുണ്ടാക്കുക ?

എംപ്ലോയി എംപ്ലോയര്‍ റിലേഷന്‍ഷിപ്പ് ഉണ്ടെങ്കിലും അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കാന്‍ കഴിയില്ല എന്നായിരുന്നു നേരത്തെയുള്ള വിധി. ഇത് തൊഴിലാളികളുടെ പക്ഷത്ത് നില്‍ക്കുന്ന വിധിയായിരുന്നില്ല. അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ഗ്രാറ്റുവിറ്റി നിയമത്തിനുകീഴിലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ് ഈ വിധിയുടെ ഏറ്റവും വലിയ പ്രാധാന്യം. രാജ്യത്താകമാനമുള്ള അങ്കണവാടി ജീവനക്കാര്‍ക്ക് അതില്‍ അവകാശവാദമുന്നയിക്കാനാവും. ഈ ഗ്രാറ്റുവിറ്റിക്ക് അര്‍ഹരായ അങ്കണവാടി ജീവനക്കാരില്‍ പലരും ഇത് അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. അവരെ കൃത്യമായി സംഘടിപ്പിച്ച് അതത് സംസ്ഥാനങ്ങളില്‍ ആവശ്യമായ ക്ലെയിം കൊടുത്ത് അവകാശം നേടിയെടുക്കുക എന്നതാണ് സംഘടനയുടെ മുമ്പിലുള്ള പ്രധാനപ്പെട്ട വെല്ലുവിളി. കേരളമുള്‍പ്പടെ കുറച്ച് സംസ്ഥാനങ്ങളില്‍ വിരമിക്കുന്ന അങ്കണവാടി ജീവനക്കാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഗ്രാറ്റുവിറ്റി നിയമത്തിൽ ഉള്‍പ്പെടുത്തിയൊന്നുമല്ല അത് കൊടുക്കുന്നത്. ഇനി അത് അവകാശമായി രാജ്യത്താകെ അംഗീകരിക്കപ്പെടുന്നു എന്നതാണ് ഈ വിധിയുടെ പ്രാധാന്യം. ജീവനക്കാരുടെ ശമ്പളത്തില്‍ ഉള്‍പ്പടെ ഇതിന്റെ മാറ്റങ്ങള്‍ ഉണ്ടാവും. അങ്കണവാടി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ പറഞ്ഞിരുന്ന ന്യായങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു. വിദ്യാഭ്യാസവും പോഷകാഹാരവിതരണവുമുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്ന ജീവനക്കാരുടെ വേതന വ്യവസ്ഥ പരിഷ്‌കരിക്കാന്‍ സമയമായെന്നും അവരുടെ ജോലി സാഹചര്യം മെച്ചപ്പെടുത്തണമെന്നും സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

ഫണ്ടുകള്‍ വെട്ടിക്കുറച്ചും അഴിമതിക്ക് കളമൊരുക്കിയും ഈ പദ്ധതിയെ തന്നെ ഇല്ലാതാക്കുന്ന നിലപാടാണ് കഴിഞ്ഞകാലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. പക്ഷെ ഈ കോടതി വിധിയില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാരിന് സാധിക്കില്ല. ഗുജറാത്തിലെ അങ്കണവാടികളുടെ വിഷയത്തിലാണ് വിധിയെങ്കിലും രാജ്യത്തുടനീളം ദുരിതജീവിതം നയിക്കുന്ന അങ്കണ്‍വാടി ജീവനക്കാരുടെ ജീവിതസാഹചര്യം മെച്ചപ്പെടുന്നതിന് ഈ വിധി കാരണമാകും. ഗ്രാറ്റുവിറ്റി നല്‍കുക എന്നതിലുപരി പി.എഫും ഇ.എസ്.ഐ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ക്ക് രാജ്യത്തെ അങ്കണവാടി ജീവനക്കാര്‍ അവകാശവാദമുന്നയിക്കും. അത് കോടതി വിധിയിലൂടെ മാത്രം നടക്കും എന്ന പ്രതീക്ഷയൊന്നുമില്ല. കേന്ദ്ര സര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരുമെല്ലാം സാങ്കേതികതയൊക്കെ പറഞ്ഞ് ഇത് വൈകിപ്പിക്കാന്‍ തന്നെയാകും ശ്രമിക്കുക. അതിന് അനുവദിക്കില്ല. വിധി നടപ്പാക്കാന്‍ രാജ്യ വ്യാപകമായ പ്രക്ഷോഭങ്ങള്‍ ഫെഡറേഷനും സി.ഐ.ടി.യുവും ഏറ്റെടുക്കും.

കേരളത്തിലെ അങ്കണവാടി ജീവനക്കാരുടെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതാണോ?

ഇന്ത്യയില്‍ തന്നെ ആദ്യമായി അങ്കണവാടി ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കിയത് കേരളമാണ്. സുശീല ഗോപാലന്‍ സാമൂഹിക ക്ഷേമ മന്ത്രിയായിരിക്കുമ്പോഴാണ് ആദ്യമായി അധിക തുക നല്‍കുന്നതിന് തുടക്കമിട്ടത്. നിങ്ങള്‍ക്ക് ഇത് കൊടുക്കാന്‍ സാധിക്കില്ല എന്ന നിലപാടായിരുന്നു അന്ന് കേന്ദ്ര സര്‍ക്കാര്‍ എടുത്തിരുന്നത്. പെന്‍ഷനെ കുറിച്ച് ഉള്‍പ്പടെ എഴുതി ചോദിച്ചപ്പോള്‍ അത് കൊടുക്കാന്‍ പാടില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. പിന്നീട് തുടരെയുള്ള സമരങ്ങളുടെയൊക്കെ ഭാഗമായി മറ്റ് പല സംസ്ഥാനങ്ങളും കുറച്ച് ആനുകൂല്യങ്ങളൊക്കെ കൊടുക്കാന്‍ തയ്യാറായി. അങ്കണവാടി ജീവനക്കാര്‍ക്ക് നിലവില്‍ ഏറ്റവും മെച്ചപ്പെട്ട വേതനം ലഭിക്കുന്നത് കേരളത്തിലാണ്. പല സംസ്ഥാനങ്ങളിലും വര്‍ക്കേഴ്‌സിന്റെ ശമ്പളത്തിന്റെ പകുതി മാത്രമേ ഹെല്‍പ്പേഴ്‌സിന് ലഭിക്കുന്നുള്ളു. കേരളത്തില്‍ ആ അന്തരം കുറവാണ്. ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളും കേരളം കൊടുക്കുന്നുണ്ട്. കേരളത്തില്‍ അങ്കണവാടികളുടെ സാഹചര്യവും മെച്ചപ്പെട്ടതാണ്. എ.സിയുള്ള അങ്കണവാടികള്‍ പോലും കേരളത്തിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പിന്തുണ നല്ലരീതിയിലുണ്ട്.

രാജ്യത്തെ അങ്കണവാടി ജീവനക്കാര്‍ എത്രത്തോളം സംഘടിതരാണ്?

ഇന്ത്യയില്‍ താരതമ്യേന നല്ലനിലയില്‍ സംഘടിതരായിട്ടുള്ള വിഭാഗമാണ് അങ്കണവാടി ജീവനക്കാര്‍. വടക്കേ ഇന്ത്യയില്‍ ഉള്‍പ്പടെ രാജ്യത്തെ മിക്കവാറും എല്ലാ സംസ്ഥാനത്തും അങ്കണവാടി ജീവനക്കാര്‍ സംഘടിതരാണ്. ഞങ്ങള്‍ നടത്തിയ നിരന്തര സമരങ്ങളില്‍ കൂടിയാണ് സുപ്രീം കോടതി ഉള്‍പ്പടെയുള്ള സംവിധാനങ്ങളുടെ മുന്‍പിലേക്ക് ഈ വിഷയമെത്തുന്നതും കോടതിക്കടക്കം ഈ നിലപാട് എടുക്കേണ്ടി വന്നതും. അങ്കണവാടി ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ഈ പൊതുസമൂഹം ഉള്‍പ്പടെ ശ്രദ്ധിക്കുന്നത് അവര്‍ സമരത്തിനിറങ്ങിയ ശേഷമാണ്.

അങ്കണവാടി ജീവനക്കാരുടെ സമര മുന്നേറ്റങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ പിന്തുണ എത്രത്തോളം ലഭിക്കുന്നുണ്ട്?

കേരളത്തിന് പുറത്ത് വലിയ രീതിയില്‍ ജനപിന്തുണയൊന്നും തുടക്കത്തില്‍ അങ്കണവാടി ജീവനക്കാരുടെ സമര മുന്നേറ്റങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. അധികാരഘടനയുടെ ഏറ്റവും താഴെ നില്‍ക്കുന്നവരാണ് ഇവര്‍. കേരളത്തിന് പുറത്ത് അഴിമതിയുടെ കൂത്തരങ്ങാണ് ഈ മേഖല. ഭക്ഷണ വിതരണത്തിലെ കരാര്‍ കൊടുക്കുന്നതിൽ വരെ വലിയ അഴിമതിയാണ് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നടത്തുന്നത്. ജനങ്ങള്‍ അവരുടെ പ്രതിഷേധം തീര്‍ത്തിരുന്നത് അവരുടെ മുന്‍പില്‍ വരുന്ന പാവപ്പെട്ട അങ്കണവാടി ജീവനക്കാരിലാണ്. പോഷകാഹാര വിതരണത്തില്‍ ഉള്‍പ്പടെ വലിയ അഴിമതിയാണ് മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നടന്നിരുന്നത്. മധ്യപ്രദേശിലെ മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരിലുള്ള എന്‍.ജി.ഒയ്ക്ക് ആണ് ഈ കരാര്‍ കൊടുത്തിരിക്കുന്നത്. ബജറ്റ് വെട്ടിക്കുറച്ചതിന്റെ ഭാഗമായുള്ള പഴിയും അങ്കണവാടി ജീവനക്കാര്‍ തന്നെ കേട്ടു. പക്ഷെ ഉപഭോക്താക്കളെ കൂടെ വിശ്വാസത്തിലെടുക്കുന്ന നിലപാടാണ് ഫെഡറേഷന്‍ സ്വീകരിച്ചത്. കാര്യങ്ങള്‍ ജനങ്ങളെ മനസ്സിലാക്കാന്‍ ശ്രമിച്ചു. ശമ്പളം കിട്ടാത്തപ്പോള്‍ മാത്രമല്ല റേഷന്‍ വരാത്തപ്പോഴും ഫെഡറേഷന്‍ സമരം ചെയ്തു. ഗുണനിലവാരമില്ലാത്തതും പുഴുവരിച്ചതുമായ ഭക്ഷവസ്തുക്കള്‍ വിതരണത്തിനായി വന്നാല്‍ അത് ഏറ്റെടുക്കാതെ വര്‍ക്കര്‍മാര്‍ തിരിച്ചയച്ചു. ഇത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി. അത് ജനങ്ങള്‍ക്ക് അങ്കണവാടി തൊഴിലാളികളോടുള്ള മനോഭാവത്തെ മാറ്റി. ഹരിയാനയില്‍ നാല് മാസം അങ്കണവാടി അടച്ചിട്ടാണ് സമരം നടത്തിയത്. സമരക്കാര്‍ക്കെതിരെ ജനങ്ങളെ തിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശ്രമം നടത്തി. പക്ഷെ ജനങ്ങള്‍ സമരക്കാര്‍ക്കൊപ്പം നിലയുറപ്പിച്ചു. മറ്റ് പല സംസ്ഥാനങ്ങളിലും സമാനമായ അനുഭവങ്ങളുണ്ടായി. സമൂഹത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ കൃത്യതയോടെ നിര്‍വഹിക്കുമ്പോഴും വലിയ ചൂഷണം നേരിടുന്നവരാണ് അങ്കണവാടി ജീവനക്കാരെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു.

Content Highlights: anganwadi workers and helpers union citu, ar sindhu, interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented