പുലിക്കൊപ്പം നടക്കാനിറങ്ങുന്ന ആശ്രമാധിപന്‍; മനുഷ്യരും മൃഗങ്ങളും ഒരുമയോടെ പാര്‍ക്കുന്ന ഹേമല്‍കസ


ബിജു പങ്കജ് | ബിനു തോമസ്

ആശ്രമാധിപന്‍ പുലിയോടൊപ്പം നടക്കാനിറങ്ങുന്നു, ആദിവാസികള്‍ക്കായി ആശുപത്രിയും സ്‌കൂളും നടത്തുന്നു, അനാഥരായ പലതരം വന്യമൃഗങ്ങളെ സ്‌നേഹത്തോടെ പരിപാലിക്കുന്നു. ബാബാ ആംതെയുടെ മകന്‍ ഡോ. പ്രകാശ് ആംതെയെയും ഭാര്യ ഡോ. മന്ദാകിനി ആംതെയെയും കാണാനാണ് ഈ യാത്ര

ഡോ.പ്രകാശ് ആംതെ, പശ്ചാത്തലത്തിലെ മരക്കൊമ്പിൽ ഷേരയെന്ന പുലിക്കുട്ടി | ഫോട്ടോ:മാതൃഭൂമി

ശ്രമംതന്നെയാണ് അവിടം. മനുഷ്യരും മൃഗങ്ങളും അവിടെ പാരസ്പര്യത്തോടെ പാര്‍ക്കുന്നു. ആശ്രമാധിപന്‍ പുലിയോടൊപ്പം നടക്കാനിറങ്ങുന്നു,ആദിവാസികള്‍ക്കായി ആശുപത്രിയും സ്‌കൂളും നടത്തുന്നു, അനാഥരായ പലതരം വന്യമൃഗങ്ങളെ സ്‌നേഹത്തോടെ പരിപാലിക്കുന്നു. ബാബാ ആംതെയുടെ മകന്‍ ഡോ. പ്രകാശ് ആംതെയെയും ഭാര്യ ഡോ. മന്ദാകിനി ആംതെയെയും കാണാനാണ് ഈ യാത്ര

ഹേമല്‍കസയിലെത്തുമ്പോള്‍ ഒരു നിമിഷം കാലം നിശ്ചലമാവും. പ്രത്യേകിച്ച് പ്രഭാതങ്ങളില്‍. വയലുകള്‍ക്കിടയിലൂടെ, കുളങ്ങള്‍ക്കരികിലൂടെ, നാട്ടുവഴികളിലൂടെ ഒരാള്‍ നെഞ്ചുയര്‍ത്തി പുലിയോടൊപ്പവും കരടികള്‍ക്കൊപ്പവും നടത്തുന്ന അസാധാരണമായ പ്രഭാതസഞ്ചാരം ആദ്യം ഭീതിയുണര്‍ത്തും. പിന്നെ രസകരമായ കൗതുകമാവും. ഒടുവില്‍ വിചിത്രമായ അനൂഭൂതിയും.

ഡോ.പ്രകാശ് ആംതെയും ഭാര്യ മന്ദാകിനിയും പ്രഭാത സവാരിക്കിടയില്‍ | ഫോട്ടോ:മാതൃഭൂമി

ഡോ. പ്രകാശ് ആംതെ. വയസ്സ് 74. ഇന്ത്യയുടെ ഡേവിഡ് ലിവിങ്സ്റ്റണായ ബാബാ ആംതെയുടെ മകന്‍. ഭാര്യ ഡോ. മന്ദാകിനി ആംതെ. ഒപ്പം മക്കളും പേരമക്കളും അനാഥരായ കുറെ വന്യമൃഗങ്ങളും. കൂടാതെ ഒരു ഗ്രാമം മുഴുവനും. മനുഷ്യരും മൃഗങ്ങളും സകല ജീവജാലങ്ങളും ഒരുമിച്ചുകഴിയുന്ന ഒരിടം. മഹാരാഷ്ട്രയിലെ നാഗ്പുരിനടുത്ത ബല്ലാര്‍ഷയില്‍നിന്നു മൂന്നരമണിക്കൂര്‍നീണ്ട കാര്‍യാത്ര കഴിഞ്ഞാല്‍ ഹേമല്‍കസ. ലോകത്തിന്റെ മുഴുവന്‍ ആദരവും നേടിയെടുത്ത ഒരു പാവം ഗ്രാമം.

ബല്ലാര്‍ഷ റെയില്‍വേസ്റ്റേഷനില്‍നിന്ന് ബാബുറാമിന്റെ കാറില്‍ ഹേമല്‍കസയിലേക്കുള്ള യാത്രയുടെ തുടക്കത്തിലേ അവിടത്തെ വിസ്മയങ്ങള്‍ കേട്ടുതുടങ്ങി. പലതവണ അതിഥികളുമായി പ്രകാശ് ആംതെയുടെ വീട്ടില്‍ പോയിട്ടുണ്ട് ബാബുറാം. അവിടത്തെ പുലികളെക്കുറിച്ചാണ് ബാബുറാമിന് ഏറെ വര്‍ണിക്കാനുള്ളത്. മഹാരാഷ്ട്രയിലെ ഗഡ്ഛിരോളി ജില്ലയിലെ ദണ്ഡകാരണ്യ വനമേഖലയിലൂടെയാണു യാത്ര. റോഡിന്റെ ഇരുവശത്തും വന്യമൃഗങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തുന്ന ബോര്‍ഡുകള്‍. യാത്ര പകുതി പിന്നിട്ടതോടെ വഴി അനന്തമായി നീണ്ടുതുടങ്ങി. ചുറ്റിലുമുള്ള വരണ്ടുകിടക്കുന്ന കാടുകള്‍ ഇരുട്ടുവീണതോടെ കാഴ്ചയില്‍നിന്നു മറഞ്ഞു. ഏഴുമണിയോടെ ഹേമല്‍കസയില്‍ എത്തുമ്പോള്‍ ഇരുട്ടിന്റെ കരിമ്പടം ഗ്രാമത്തെ പൊതിഞ്ഞിരുന്നു.

ഹേമല്‍കസയിലെ ആംതെ കുടുംബത്തിന്റെ കോമ്പൗണ്ട് ഗേറ്റ് ഞങ്ങള്‍ക്കായി തുറന്നു. ശരിയായ ഒരാശ്രമത്തിന്റെ പ്രതീതി. പ്രാര്‍ഥനകള്‍ മുഴങ്ങുന്നുണ്ട്. ഒരുപറ്റം കുട്ടികള്‍ കൈകളില്‍ പാത്രങ്ങളുമായി വരിനില്‍ക്കുന്നു. അത്താഴത്തിനുള്ള നിര. പശ്ചാത്തലത്തില്‍ മയിലുകളുടെയും മാന്‍പേടകളുടെയും ഉച്ചത്തിലുള്ള ശബ്ദം മുഴങ്ങി. പ്രകാശ് ആംതെ ഹൈദരാബാദില്‍ ഒരു പ്രഭാഷണത്തിലാണ്. പുലര്‍ച്ചെ കാണാം എന്ന് മാനേജര്‍ സച്ചിന്‍ അറിയിച്ചു. തലേന്നുരാത്രിയോടെ എത്തിയാല്‍ പുലികളോടൊപ്പം പ്രഭാതസവാരിയാകാമെന്ന ഡോ. പ്രകാശ് ആംതെയുടെ വാക്കുകള്‍ തട്ടിനീക്കാനാവാത്ത പ്രലോഭനമാണു സമ്മാനിച്ചിരുന്നത്. പ്രഭാതത്തിലേക്കുള്ള കാത്തിരിപ്പായി.

ഡോ.പ്രകാശ് ആംതെ കരടിക്കൊപ്പം | ഫോട്ടോ:മാതൃഭൂമി

പുലി, കരടികള്‍, പ്രഭാതസവാരി

വരണ്ട മണ്‍തിട്ടകളുടെയും പച്ചപ്പില്ലാത്ത മരങ്ങളുടെയും ഇടയിലൂടെ രാവിലെ അവര്‍ കടന്നുവന്നു. ഡോ. പ്രകാശ് ആംതെ -74 വയസ്സ്, ഭാര്യ ഡോ. മന്ദാകിനി ആംതെ -76 വയസ്സ്. രണ്ടുപേരും അനായാസം സൈക്കിള്‍ ഓടിച്ചുവരുന്നു. ലക്ഷ്യം മൂന്നുകിലോമീറ്റര്‍ അകലെയുള്ള പുഴക്കര. സൂര്യപ്രകാശം വീണുതുടങ്ങുന്നതേയുള്ളൂ. ഇരുട്ടിനെ പതിയെ വിഴുങ്ങുന്ന പ്രകാശത്തിനൊപ്പം ഞങ്ങളും അവരോടൊപ്പം ചേര്‍ന്നു. വെള്ളനിക്കറും ബനിയനുമാണ് ആംതെയുടെ വേഷം; ഭാര്യ സാരിയും. പുലര്‍ച്ചെ ജോലിക്കായി പോകുന്നവര്‍ ഇരുവരെയും കണ്ടതോടെ കൈകൂപ്പി ആദരം പ്രകടിപ്പിച്ചു. സൈക്കിള്‍ സവാരിക്കുശേഷം ആംതെ ഞങ്ങളോടു പറഞ്ഞു: ''ക്യാമറ സുരക്ഷിതസ്ഥാനത്ത് ഉറപ്പിക്കുക. മാനേജര്‍ സച്ചിന്‍ സഹായിക്കും. ഞാന്‍ ഷേരയുമായി എത്താം.''

കൊച്ചുകുഞ്ഞിന്റെ കൈപിടിച്ചു മുത്തച്ഛന്‍ നടക്കാനിറങ്ങിയതുപോലെ പ്രകാശ് ആംതെയ്ക്കും അര്‍ണബിനുമൊപ്പം ഉരുമ്മിനടക്കുന്ന ഷേരയെന്ന പുലിക്കുട്ടി.

മൃഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന ഷെല്‍ട്ടറിനുപുറത്ത് വിശാലമായ കൃഷിയിടമാണ്. അതിനകത്ത് ഒരു ഇരുമ്പുകൂട്. ഞങ്ങളെ കൂട്ടിനകത്തു കയറ്റി വാതിലടച്ചു. ഷെല്‍ട്ടറിന്റെ വാതില്‍തുറന്ന് ഷേരയുമായി ആംതെയും കൊച്ചുമകന്‍ അര്‍ണബും പുറത്തേക്കുവന്നു. ഇടയ്ക്കു ദൃശ്യങ്ങള്‍ നന്നായി പകര്‍ത്താന്‍ സച്ചിന്‍ ഞങ്ങള്‍ക്കു കൂടിന്റെ വാതില്‍ തുറന്നുതന്നു. കൊച്ചുകുഞ്ഞിന്റെ കൈപിടിച്ചു മുത്തച്ഛന്‍ നടക്കാനിറങ്ങിയതുപോലെ പ്രകാശ് ആംതെയ്ക്കും അര്‍ണബിനുമൊപ്പം ഉരുമ്മിനടക്കുന്ന ഷേരയെന്ന പുലിക്കുട്ടി. ഷേരയ്ക്കു പ്രകാശ് ആംതെയെപ്പോലെ പ്രിയങ്കരനാണു കൊച്ചുമകന്‍ അര്‍ണബും.

പുലിക്കുട്ടിക്കൊപ്പം പ്രഭാസ സവാരി | ഫോട്ടോ:മാതൃഭൂമി

കൂട്ടിനുള്ളില്‍നിന്നു ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഷേര ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കൂടിനുസമീപമുള്ള മരത്തില്‍ വ്യായാമത്തിനായി ഷേര കയറിയപ്പോള്‍ ആംതെ ഞങ്ങളെ അടുത്തേക്കുവിളിച്ചു. മരച്ചില്ലകള്‍ക്കിടയില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ഷേര സൂക്ഷ്മമായി നോക്കുന്നു. അപരിചിതരെ കണ്ടതുകൊണ്ടാണ് അവനിങ്ങനെ നോക്കുന്നതെന്ന് ആംതെ മുന്നറിയിപ്പുനല്‍കി. ഷേരയുടെ കണ്ണുകളിലെ ക്രൗര്യം കണ്ടതോടെ പിന്മാറാനുള്ള നിര്‍ദേശംവന്നു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെവിടെയോ ആണ് ഷേരയുടെ ജനനം. പ്രസവം കഴിഞ്ഞതോടെ അമ്മപ്പുലി അകന്നുമാറി. അമ്മ ഉപേക്ഷിച്ച ഷേര രണ്ടുവര്‍ഷംമുമ്പ് ഹേമല്‍കസയില്‍ എത്തി. മഹാരാഷ്ട്ര വനംവകുപ്പിന്റെ ആനിമല്‍ റെസ്‌ക്യൂ ഹോം നിറഞ്ഞതിനാല്‍ ഷേരയെ പ്രകാശ് ആംതെയ്ക്ക് കൈമാറുകയായിരുന്നു. ഷേരയ്‌ക്കൊപ്പം ഡെല്‍റ്റയെന്ന മറ്റൊരു പുലിക്കുട്ടികൂടി റെസ്‌ക്യൂ സെന്ററിലുണ്ട്.

മഹാരാഷ്ട്രയിലെ പ്രമുഖ സര്‍ജനായ ഡോ. പ്രകാശ് ആംതെ ഒരു കൊച്ചുകുരങ്ങിന്റെ ദൈന്യത്തില്‍നിന്നാണ്, പിന്നീടു നൂറോളം അനാഥരായ വന്യമൃഗങ്ങളെ പാര്‍പ്പിക്കുന്ന, ആനിമല്‍ റെസ്‌ക്യൂ ഹോം തുടങ്ങുന്നത്. പ്രകാശ് ആംതെയും മന്ദാകിനിയും ഒരിക്കല്‍ വനമേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ് മരക്കൊമ്പില്‍ ചത്ത് തൂങ്ങിക്കിടക്കുന്ന ഒരു കുരങ്ങനെ കാണുന്നത്. ആ അമ്മക്കുരങ്ങിന്റെ മാറില്‍ ഒട്ടിച്ചേര്‍ന്നു ജീവന്‍പോവാതെ ഒരു കുഞ്ഞ്. ആദിവാസികള്‍ വേട്ടയാടിക്കൊന്നതാണ്.

എന്തിനാണു നിങ്ങള്‍ കുരങ്ങിനെ വേട്ടയാടുന്നതെന്ന ആംതെയുടെ ചോദ്യത്തിന്റെ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. പട്ടിണിയായതിനാലാണ് എന്നായിരുന്നു മറുപടി. ആംതെയും മന്ദാകിനിയും അവര്‍ക്കു ഭക്ഷണവും വസ്ത്രങ്ങളും നല്‍കി. പകരം ആ കുഞ്ഞിനെ അവര്‍ വാങ്ങി സംരക്ഷിച്ചു. ബബ്ലി എന്നു പേരിട്ട ആ കുഞ്ഞുകുരങ്ങാണ് ആനിമല്‍ ഓര്‍ഫനേജിലെ ആദ്യ അതിഥി.

ആദിവാസികള്‍ക്കിടയില്‍ വേട്ടയാടലിനെതിരേ നിരന്തരമായ ബോധവത്കരണം നടത്തുകയാണു പിന്നീട് ആംതെയും മന്ദാകിനിയും ചെയ്തത്. നിരന്തരമായ പരിശ്രമം താമസിയാതെ ഫലംകണ്ടു. വനമേഖലകളില്‍ ഉപേക്ഷിക്കപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്ന വന്യമൃഗങ്ങളെ ആദിവാസികള്‍ പ്രകാശ് ആംതെയെ ഏല്‍പ്പിച്ചുതുടങ്ങി. പിന്തുണയുമായി മഹാരാഷ്ട്ര വനംവകുപ്പും രംഗത്തെത്തി. രണ്ടു പുലിക്കുഞ്ഞുങ്ങള്‍, അഞ്ചു കരടികള്‍, കൃഷ്ണമൃഗം, മാനുകള്‍മുതല്‍ മുതലവരെ ആംതെയുടെ കുടുംബത്തിലെ അംഗങ്ങളാണിപ്പോള്‍. എല്ലാവരെയും പേരുവിളിച്ചാണ് ആംതെ പരിപാലിക്കുന്നത്. ആംതെയുടെ ശബ്ദംകേട്ടാല്‍ മയിലുകള്‍ പീലിവിടര്‍ത്തി നൃത്തംചെയ്യും.

ഷേരയുമായുള്ള നടപ്പിനുശേഷം അമ്മക്കരടി ഉപേക്ഷിച്ചുപോയ മൂന്നു കരടിക്കുഞ്ഞുങ്ങളുമായി ആംതെ പ്രഭാതസവാരി തുടര്‍ന്നു. രാഖി, റാംപോ, രേഖ. മൂന്നുപേരും ഇന്ന് ഹേമല്‍കസയുടെ ഓമനകളാണ്. മരത്തില്‍ കയറിയാല്‍ ഇവരെ താഴെയിറക്കണമെങ്കില്‍ കൈകളില്‍ തേന്‍പുരട്ടി നല്‍കണം. കരടിക്കുഞ്ഞുങ്ങളുമായി നടക്കുമ്പോള്‍ ആംതെയ്ക്കു കൂട്ടായി തേന്‍കുപ്പിയുമായി ഒരു സഹായി എപ്പോഴും കൂടെയുണ്ടാവും. കൊച്ചുമകന്‍ അര്‍ണബും മൃഗങ്ങളുടെ കൂട്ടുകാരന്‍. ചെറുപ്രായത്തില്‍ത്തന്നെ ആംതെയ്‌ക്കൊപ്പം മൃഗങ്ങളെ പരിപാലിക്കാന്‍ അര്‍ണബും സഹായിക്കും. ഇപ്പോള്‍ പാമ്പുകളാണ് അര്‍ണബിന്റെ പ്രിയ കളിക്കൂട്ടുകാര്‍.

അനാഥരായ നൂറ് മൃഗങ്ങളും പക്ഷികളും. ഹേമല്‍കസയിലെ ഏക സ്‌കൂളില്‍ പഠിക്കുന്ന 800 വിദ്യാര്‍ഥികള്‍. ആംതെകുടുംബം പരിപാലിക്കുന്ന ആശുപത്രിയിലെ നൂറ് അന്തേവാസികള്‍. അങ്ങനെ, ആയിരംപേരടങ്ങുന്ന കുടുംബമാണു തങ്ങളുടേതെന്ന് പ്രകാശ് ആംതെ പറയുന്നു.

ആയിരംപേരുടെ അമ്മ, അച്ഛന്‍

സൈക്കിള്‍യാത്രയ്ക്കിടെ പുഴയോരത്തെ പാറക്കെട്ടിലിരുന്ന് ഡോ. മന്ദാകിനിയാണ് ആദ്യം സംസാരിച്ചുതുടങ്ങിയത്: സാമൂഹികപരിഷ്‌കര്‍ത്താവ് ബാബാ ആംതെയുടെ മകനെ വിവാഹംചെയ്യാന്‍ മാതാപിതാക്കള്‍ ആദ്യം സമ്മതിച്ചിരുന്നില്ല. ആദിവാസികള്‍ക്കിടയിലെ കുഷ്ഠരോഗനിയന്ത്രണത്തിനായുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് കഴിയുകയായിരുന്നു ബാബ അക്കാലത്ത്. എന്നാല്‍, പ്രകാശ് ആംതെയെ മാത്രമേ വിവാഹംകഴിക്കൂ എന്ന മന്ദാകിനിയുടെ വാശിക്കുമുന്നില്‍ ഒടുവില്‍ മാതാപിതാക്കള്‍ വഴങ്ങി. ബാബാ ആംതെയുടെ മരണശേഷം പ്രകാശ് ആംതെയ്ക്കു കരുത്തായി മന്ദാകിനിയും ഹേമല്‍കസയിലെ സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വമേകി. പിന്നാക്കമേഖലകളില്‍ ഒട്ടേറെ സ്‌കൂളുകളും ആംതെകുടുംബം നടത്തുന്നുണ്ട്. വിവാഹംകഴിഞ്ഞ് അരനൂറ്റാണ്ടു പിന്നിടുമ്പോള്‍ ഡോ. മന്ദാകിനി പറയുന്നു: ''ഞങ്ങളിപ്പോള്‍ ആയിരക്കണക്കിനുപേരുടെ അച്ഛനും അമ്മയുമാണ്.''

ജീവിതസായാഹ്നത്തില്‍ ഡോ. പ്രകാശ് ആംതെ പറയുന്നു: ''ആദിവാസികളുടെ ഉന്നമനത്തിനായി ഇതുവരെയുള്ള ഞങ്ങളുടെ സേവനങ്ങളെല്ലാം വിജയംകണ്ടു. ഇനിയുള്ള സ്വപ്നവും അതാണ്. ഞങ്ങളുടെ ജീവിതം ധന്യമാണ്.''

ആശുപത്രിയില്‍ | ഫോട്ടോ:മാതൃഭൂമി

ആദിവാസികള്‍ക്കുമാത്രമായുള്ള ആശുപത്രി

ഷേരയ്ക്കും കരടിക്കുഞ്ഞുങ്ങള്‍ക്കുമൊപ്പമുള്ള പ്രഭാതസവാരിയും മൃഗപരിപാലനവും കഴിഞ്ഞാല്‍ ആംതെയും മന്ദാകിനിയും പോകുന്നത് ആശുപത്രിയിലേക്കാണ്. ഒരു സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയെ വെല്ലുന്ന വൃത്തിയുണ്ട് ലോക് ബിരാധാരി ഹോസ്പിറ്റലിന്. പ്രകാശ് ആംതെയുടെ മകന്‍ ദിഗന്ത് ആംതെയും ഭാര്യയും ഡോക്ടര്‍മാരാണ്. 90 ശതമാനവും ആദിവാസികളാണ് ഇവിടെ ചികിത്സയ്ക്കായെത്തുന്നത്. പൂര്‍ണമായും സൗജന്യചികിത്സ. ആന്ധ്ര, ഛത്തീസ്ഗഢ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വനമേഖലയിലെ ആദിവാസികളാണു കൂടുതലും ഇവിടെയെത്തുന്നത്. പോഷകാഹാരക്കുറവാണു വലിയ പ്രശ്‌നമെന്ന് ആംതെ പറയുന്നു. അര്‍ബുദമടക്കമുള്ള ചികിത്സയില്‍ വൈദഗ്ധ്യം നേടിയവരും ഇവിടെയെത്താറുണ്ട്. സംഭാവനകള്‍ വഴിയാണ് ആശുപത്രിയുടെയും ആനിമല്‍ റെസ്‌ക്യൂ ഹോമിന്റെയും പ്രവര്‍ത്തനത്തിനായുള്ള ധനം സ്വരൂപിക്കുന്നത്.

ആദിവാസിക്കുട്ടികള്‍ക്കായി സ്‌കൂള്‍

ആശുപത്രിയിലെ മേല്‍നോട്ടത്തിനുശേഷം ഇരുവരും പിന്നീടുപോകുന്നത് എണ്ണൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിലേക്കാണ്. 90 ശതമാനം വിജയമുള്ള സ്‌കൂളിലെ ഭൂരിഭാഗവും ആദിവാസിക്കുട്ടികള്‍. ആദിവാസികള്‍ക്കിടയില്‍നിന്ന് ഒട്ടേറെ ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ടീച്ചര്‍മാരും ഈ സ്‌കൂളില്‍നിന്ന് ഉയര്‍ന്നുവന്നു. ആംതെയുടെ കൊച്ചുമകനും ഇതേ സ്‌കൂളിലാണ് പഠിക്കുന്നത്. ഇവിടെനിന്നു സ്‌കൂള്‍ വിദ്യാഭ്യാസം തുടങ്ങി ഉന്നതവിദ്യാഭ്യാസംനേടിയ പലരും ഇവിടേക്കുതന്നെ തിരിച്ചുവന്ന് ആദിവാസികള്‍ക്കിടയില്‍ സേവനംനടത്തുന്നുണ്ട്.

ആദിവാസിക്കുട്ടികള്‍ക്കായുള്ള സ്‌കൂള്‍ | ഫോട്ടോ:മാതൃഭൂമി

അവാര്‍ഡ് റൂമില്‍ പദ്മശ്രീമുതല്‍ മഗ്‌സാസെ വരെ

50 ഏക്കറോളം വരുന്ന കോമ്പൗണ്ടിന്റെ ഏറ്റവും ഒടുവിലായി ചെറിയ ഓഡിറ്റോറിയത്തിനു പേര് അവാര്‍ഡ് റൂം. അകത്ത് ആയിരക്കണക്കിനു പുരസ്‌കാരങ്ങള്‍. പദ്മശ്രീമുതല്‍ മഗ്‌സാസെവരെ. മികച്ച സാമൂഹികസേവനത്തിനും ആദിവാസിക്ഷേമത്തിനുമുള്ള പദ്മശ്രീ പുരസ്‌കാരം കിട്ടിയത് 2002-ലാണ്. 2008-ല്‍ ഇരുവര്‍ക്കും മഗ്‌സാസെ പുരസ്‌കാരം. ചെറുതും വലുതുമായി ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍. ഓഡിറ്റോറിയത്തിലേക്ക് ദൃശ്യങ്ങള്‍ക്കായി ക്ഷണിച്ചെങ്കിലും ഇരുവരും വന്നില്ല. പുരസ്‌കാരങ്ങള്‍ വരും പോകും, അതൊക്കെ അതിന്റെവഴിക്ക് നീങ്ങട്ടെ. ലളിതമായ വലിയ ചിന്തകള്‍ക്കുമുന്നില്‍ പിന്‍വാങ്ങി.

വിസ്മയജീവിതം വെള്ളിത്തിരയിലും

ആംതെകുടുംബത്തിന്റെ ജീവിതം വെള്ളിത്തിരയില്‍ നാനാ പടേക്കര്‍ അനശ്വരമാക്കിയിട്ടുണ്ട്. 2014-ല്‍. മന്ദാകിനിയായി വേഷമിട്ടത് സൊനാലി കുല്‍ക്കര്‍ണി. ഒരുമാസത്തോളം ഹേമല്‍കസയില്‍ താമസിച്ചാണ് ആംതെയുടെയും മന്ദാകിനിയുടെയും ജീവിതം സിനിമയാക്കിയത്. നാനാ പടേക്കറുമായി ഷേര അടുപ്പത്തിലുമായി. 'ദ റിയല്‍ ഹീറോ' എന്ന സിനിമ പുതിയ ചരിത്രമെഴുതി. ഹേമല്‍കസയിലെ വന്യമൃഗങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

ഫോട്ടോ:മാതൃഭൂമി

ആംതെകുടുംബവും ആനന്ദവനവും

മുരളീധര്‍ ദേവിദാസ് ആംതെ എന്നാണ് ബാബാ ആംതെയുടെ മുഴുവന്‍ പേര്. സാമൂഹികപരിഷ്‌കര്‍ത്താവ്, കുഷ്ഠരോഗികളുടെ രക്ഷകന്‍, ആദിവാസിമേഖലയില്‍ നടത്തിയത് വിപ്ലവകരമായ ഇടപെടലുകള്‍ നടത്തിയ ആള്‍... ബാബയ്ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. ബാബ സ്ഥാപിച്ച ആനന്ദവനം ഇന്ന് ലോകത്തിനു മാതൃകയാണ്. മഹാത്മാഗാന്ധിക്കൊപ്പം ചേര്‍ന്ന് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. അഭിഭാഷകക്കുപ്പായം ഉപേക്ഷിച്ചാണ് അദ്ദേഹം പൂര്‍ണമായും സാമൂഹികപ്രവര്‍ത്തനങ്ങളിലേക്കു തിരിഞ്ഞത്. ബാബാ ആംതെയുടെ അതേപാത പിന്തുടര്‍ന്ന് പുത്രന്‍ ഡോ. പ്രകാശ് ആംതെയും ഭാര്യ ഡോ. മന്ദാകിനി ആംതെയും ആദിവാസിജനതയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു. ഇവരുടെ മക്കളായ അനികേത് ആംതെയും ഡോ. ദിഗന്ത് ആംതെയും കുടുംബം തുടങ്ങിവെച്ച ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടംവഹിക്കുന്നു.

Content Highlights: about prakash amte , a social worker from maharastra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented