പ്പോള്‍ വേതാളം പറഞ്ഞുതുടങ്ങി: ''മഹാരാജന്‍, ഈ സമസ്യയ്ക്ക് അങ്ങ് ഉത്തരം പറഞ്ഞേ തീരൂ. ഇല്ലെങ്കില്‍ അങ്ങയുടെ ശിരസ്സ് നൂറ് നൂറായി പൊട്ടിത്തെറിക്കും.'' 

മീ ടൂവിലെ വെളിപ്പെടുത്തലുകള്‍ തിരയുന്ന തിരക്കിലായതിനാല്‍ വിക്രമാദിത്യന്‍ വേതാളത്തെ അവഗണിച്ചു. വേതാളം കുപിതനായി. ''മഹാരാജന്‍,  ശാപം ഞാന്‍ മാറ്റുന്നു. അടുത്ത മീ ടൂവില്‍ അങ്ങയുടെ പേരുമുണ്ടാവും.''   

വേതാളത്തിന്റെ വാക്കുകള്‍ വിക്രമാദിത്യനെ നടുക്കി. തല പൊട്ടിയാല്‍ പൊട്ടിയെന്നേയുള്ളൂ. മീ ടൂവില്‍ പെട്ടാല്‍ പെട്ടതു തന്നെയാണ്. ആത്മാവ് പോലും ബാക്കിയുണ്ടാവില്ല. ബോധോദയത്തിന്റെ അരണ്ട വെളിച്ചത്തില്‍ ഒരു ഹാഫ് എ കൊറോണയ്ക്ക് തീകൊളുത്തിക്കൊണ്ട് വിക്രമാദിത്യന്‍ വിനയം വീണ്ടെടുത്തു. ''മഹാത്മന്‍, അങ്ങയുടെ വാക്കുകള്‍ക്ക് ഞാന്‍ കാതോര്‍ക്കുന്നു.''  
  
''മഹാരാജന്‍, ഒറ്റ ചോദ്യമേയുള്ളൂ. ശബരിമല പ്രശ്നത്തില്‍ എന്തു പരിഹാരമാണ് അങ്ങേയ്ക്ക് നിര്‍ദ്ദേശിക്കാനുള്ളത്?''  വേതാളത്തെ കണ്ടുമുട്ടിയ നിമിഷം വിക്രമാദിത്യന്‍ മനസ്സാ ശപിച്ചു. വിശ്വാസികളുടെ കൈയ്യില്‍ കിട്ടിയാല്‍ അവരെന്താണ് ചെയ്യുകയെന്നോര്‍ത്ത് മഹാരാജാവ്  വിറക്കുകയും വിയര്‍ക്കുകയും ചെയ്തു. വിക്രമാദിത്യന്റെ ധര്‍മ്മസങ്കടം കണ്ട്  വേതാളം അവസരത്തിനൊത്തുയര്‍ന്നു. 

''മഹാരാജന്‍, ഇത് അങ്ങയുടെ വിധിയാണ്. വിധി സുപ്രീം കോടതിയുടെ രൂപത്തിലും വരുമെന്ന് അങ്ങേയ്ക്ക് അറിവുള്ളതല്ലേ.'' വിധി ആര്‍ക്കും തടുക്കാനാവില്ല എന്ന തിരിച്ചറിവില്‍ വിക്രമാദിത്യന്‍  സ്വസ്ഥനും ശാന്തനുമായി. വിധിക്കു മുന്നില്‍ താനും പിള്ളച്ചേട്ടനും ഒരു പോലെയാണെന്ന അറിവ് വിക്രമാദിത്യന് നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം തിരിച്ചുനല്‍കി.

''സംഗതി ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയമാണ്. ഭരണഘടനയോട് മുട്ടിയാല്‍ ഫലം ബുള്ളറ്റ് ട്രെയിന്‍ പിടിച്ച് വരുമെന്നാണ് ശാസ്ത്രം. എന്നിരുന്നാലും ആവതുപോലെ ഒന്നു ശ്രമിച്ചുനോക്കാം.'' വലത്തേ തോളില്‍നിന്നു വേതാളത്തെ ഇടത്തേ തോളിലേക്കു മാറ്റുന്നതിനിടയില്‍ വിക്രമാദിത്യന്‍ പറഞ്ഞു. ''പകലും രാത്രിയും ഭരണഘടനയെന്നല്ലാതെ മറ്റൊരു വിചാരവുമില്ലാത്ത കക്ഷിയാണ് പുതിയ ചീഫ് ജസ്റ്റിസ്. അതുകൊണ്ടുതന്നെ  റിവ്യു പെറ്റീഷന്‍കൊണ്ട് ഒരു കാര്യവുമുണ്ടാവാന്‍ പോവുന്നില്ല. അപ്പോള്‍ പിന്നെ ഭരണഘടന ഭേദഗതി ചെയ്യുക മാത്രമേ നിവൃത്തിയുള്ളൂ. ഭരണഘടന അനുവദിക്കുന്ന  തുല്യനീതി നിഷേധിക്കുന്ന പരിപാടി പറ്റില്ലെന്നാണല്ലോ സുപ്രീം കോടതി വിധിയുടെ സാരം. ഇത് മറികടക്കാന്‍ ഒരു വഴിയേയുള്ളൂ. സ്ത്രീകള്‍ രണ്ടാം തരം പൗരന്മാരോ പൗരകളോ ആണെന്ന ഭരണഘടനാ ഭേദഗതി കൊണ്ടുവരണം. അതായത് പന്ത് അങ്ങ്  ഇന്ദ്രപ്രസ്ഥത്തിലിരിക്കുന്ന മോദിയദ്യേത്തിന്റെ കളത്തിലാണെന്നര്‍ത്ഥം. പക്ഷേ, ഇപ്പോഴുള്ള ഈ തുക്കടാ ഭൂരിപക്ഷം വെച്ച് അദ്യേം ഇതേക്കുറിച്ച് ആലോചിക്കാന്‍ പോലും ഇടയില്ല.'' 

''പുലിപ്പുറത്തുനിന്ന് ഇറങ്ങുക പിണറായി സഖാവിന് എളുപ്പമാവില്ല എന്നാണോ അങ്ങ്  പറഞ്ഞുവരുന്നത്?'' ഒന്നിളകിച്ചിരിച്ചുകൊണ്ട് വേതാളം വീണ്ടും മഹാരാജാവിനുനേരെ  ചോദ്യമെറിഞ്ഞു. 

''സംഗതി  സഖാവിനിത് ശനിയുടെ അപഹാരമാണ്. ഉഷ്ണം ഉഷ്ണേന ശാന്തിയെന്നാണല്ലോ! ശനി ഭഗവാന്റെ സ്വന്തം ആളായ തൃപ്തി ദേശായി എന്ന് ശബരിമലയില്‍ കാലുകുത്തുന്നുവോ അന്നേ സഖാവിന് പുലിപ്പുറത്തു നിന്നിറങ്ങാനാവൂ.''   

വിക്രമാദിത്യന്റെ മറുപടി വേതാളത്തെ ഒരേസമയം ശാന്തനും കുപിതനുമാക്കി. എന്തെന്ന് ഒറ്റവാക്കില്‍ വിശദീകരിക്കാനാവാത്ത ഈ  മനോനിലയുടെ ചിറകിലേറി വേതാളം പൊടുന്നനെ തൊട്ടടുത്തുള്ള കാഞ്ഞിരമരത്തിലേക്ക് സ്വയം വലിഞ്ഞുകയറി.

വഴിയില്‍ കേട്ടത്: ശബരിമലയിലേക്ക് വരുന്ന യുവതികളെ വലിച്ചു കീറുമെന്നും ശബരിമല തായ്ലന്റാവാന്‍ അനുവദിക്കില്ലെന്നുമാണ് ഭക്തശിരോമണികള്‍ പറയുന്നത്. തുളസിയെന്നും ഗോപാലകൃഷ്ണനെന്നുമൊക്കെ പേരുള്ളവരുടെ വാമൊഴിയുടെ സൗന്ദര്യം അതിഗംഭീരമെന്നേ പറയാനാവൂ!