രു വര്‍ഷം തികയുകയാണിന്ന്. അവള്‍ക്കൊപ്പം എന്ന് ആണയിട്ടതിന്റെ വാര്‍ഷികം. അവന്‍ അറസ്റ്റിലായതിന്റെ ഒരു വര്‍ഷം. സവര്‍ണ മലയാളി പൊതുബോധത്തില്‍ പറഞ്ഞാല്‍ ആദ്യശ്രാദ്ധം. ശ്രാദ്ധത്തിന് തലേന്ന് ഉറ്റവരും ബന്ധുക്കളും ഒരിക്കല്‍ ആചരിക്കണം. ആ ആണ്ടൊരിക്കലാണ് എറണാകുളം പ്രസ് ക്ലബില്‍ കണ്ടത്. മോഹന്‍ലാല്‍ അടക്കമുള്ള ആണ്‍മക്കള്‍ ഇതിനകം ശ്രാദ്ധമുണ്ടിരിക്കണം. ഉണ്ട നായന്മാര്‍ ഏമ്പക്കവും വിട്ടിരിക്കണം. എല്ലിന്മേല്‍ വറ്റ് കുത്തിയിരിക്കണം. ഉള്‍വിളിയില്‍ അരിശം തീരാഞ്ഞ് പുരയ്ക്ക് ചുറ്റും മണ്ടിയിരിക്കണം.

മുസ്ലീങ്ങളില്‍ വലിയൊരു വിഭാഗവും ആണ്ട് ആചരിക്കാറുണ്ട്. മരിച്ച നാളില്‍ മൗലൂദ് പാരായണം നടത്താനും ദിഖ്‌റ് ചൊല്ലാനുമൊക്കെ സമയം കണ്ടെത്തും. ഖബറില്‍ പോയി പ്രാര്‍ത്ഥിക്കും. അഗതികള്‍ക്കും അനാഥാലയങ്ങള്‍ക്കും അരിയും കോപ്പും കൊടുക്കും. മമ്മൂട്ടി ഇന്ന് അത് ചെയ്തിട്ടുണ്ടാവണം. എന്തെന്നാല്‍ അവള്‍ അവനാല്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ആണ്ടു തിയകയുകയാണ്. 

അസോസിയേഷന്‍ ഓഫ് മലയാളം മെയില്‍ ആക്ടേഴ്‌സ് എന്നാണ് അമ്മയെ സാമൂഹിക നിരൂപകന്‍ ഹമീദ് ചേന്ദമംഗലൂര്‍ ഒരു ചര്‍ച്ചയില്‍ വിശേഷിപ്പിച്ചത്. ആണ്‍കോയ്മയുടെ തിറയാട്ടമാണ് എങ്ങും. അഭ്രപാളിയില്‍ അവളെ രക്ഷിക്കുന്നവരാല്‍ നിരന്തരം അപമാനിക്കപ്പെടുകയാണ് തെരുവു തോറും അവള്‍. പേരെന്തുമാകട്ടെ. 

ദിലീപിന്റെ ദാക്ഷ്യണ്യം കൊണ്ട് പുലരുന്ന ഒരു കൂട്ടായ്മ മാത്രമാണ് ഇന്ന് എഎംഎംഎ. മോഹന്‍ലാലിന്റെ വാക്കുകള്‍ എടുക്കുക. 'അന്ന് അദ്ദേഹത്തെ പുറത്താക്കണമെന്ന് വലിയ ആവശ്യം ഒരു ഭാഗത്തുനിന്ന് ഉയര്‍ന്നു. ഒപ്പം കോടതി വിധി പറയട്ടെ എന്ന നിലപാടും വന്നു. അമ്മ പിളരും എന്ന അവസ്ഥ വന്നു. അപ്പോഴാണ് നടപടി എടുത്തത്. അല്ലെങ്കില്‍ ഇതിലും വലിയ ചോദ്യങ്ങള്‍ വന്നേനെ.'' 

ഇനി ചോദ്യങ്ങള്‍ വേണ്ടെന്ന് തമ്പുരാക്കന്മാര്‍ തീര്‍ച്ചയാക്കി. അങ്ങനെ ദിലീപിനെ തിരിച്ചെടുത്തു. ഓണം  റിലീസാണ്  മനസ്സില്‍. ധീരന്മാര്‍ നിശ്ശബ്ദരായി. അപ്പോള്‍ ശല്യം ചെയ്യാന്‍ വീണ്ടും വിമന്‍ കളക്ടീവ് എണീറ്റു. 

അല്ലെങ്കിലും എല്ലാം ഓണം റിലീസിനുള്ള തയ്യറെടുപ്പ് മാത്രം. ഓണത്തിനും ലാലേട്ടന് മീശ പിരിക്കണം. പിരിക്കാതേയും വരണം. തിയ്യറ്ററില്‍ ആളെക്കൂട്ടണം. ന്യൂജെന്‍ പിള്ളേരുടെ പ്രതിഭയൊന്നും തിരക്കഥ അടിച്ച് മാറ്റുന്ന സരോജ് കുമാരന്മാര്‍ക്കില്ല. ഒടിയനായി മായം കളിക്കുമ്പോള്‍ അമ്മയെ ഓര്‍ക്കരുതാരും. അതിനാലാണ് ആണ്ടൊരിക്കലിന് ക്ഷമാപണം. ലാലേട്ടന്‍ ഉസ്താദില്‍ പറഞ്ഞ പോലെ ക്ഷമാ, പണം വേണം.

മെയ് വഴക്കത്തില്‍ ത്രിസന്ധ്യ നേരത്ത് വന്ന നരസിംഹം പോലും ഞെട്ടിപ്പോയി. ഭാവാഭിനയത്തിലും. അവളോടൊപ്പമാണ് ഞങ്ങള്‍. അവളോടൊപ്പം എന്നല്ല, ലോകം എമ്പാടും ഉള്ള ഇങ്ങനെയുള്ള ഇരകള്‍ക്ക് ഒപ്പം തന്നെയാണ്. അപ്പോഴും അവന് ഒന്നും സംഭവിക്കരുതേ എന്ന്  പ്രാര്‍ത്ഥിക്കുന്നുണ്ട്. 

വരാനിരിക്കുന്ന രാഷ്ട്രീയനീക്കങ്ങള്‍ക്ക് പ്രാപ്തനാണെന്ന് ഇറക്കിവിട്ടവരെ എല്ലാം ബോധ്യപ്പെടുത്തിക്കഴിഞ്ഞു അദ്ദേഹം. കേരളത്തില്‍ മാത്രമല്ലെടോ എനിക്ക് അങ്ങ് ദല്‍ഹിയിലും ഉണ്ടെഡോ പിടി എന്ന ലാല്‍ കഥാപാത്രം തിരശ്ശീലക്ക് പുറത്തേക്ക്. വഴി പിഴച്ച കുഞ്ഞാടിനെ തിരിച്ചെത്തിക്കുമ്പോള്‍ കൂട്ടത്തിലെ കൊഴുത്ത ആടിനെ അറുത്ത് കറി വയ്ക്കാം.

ശ്രീനഗറില്‍ വണ്ടിയില്‍ നാട്ടുകാരെവച്ച് കെട്ടിയ മേജര്‍ പിടിയിലായതിനേക്കാള്‍ കടന്നുപോയി ലഫ്റ്റനന്റ് കേണലിന്റെ വരവ്. 'അമ്മയിലെ ചില കുട്ടികള്‍ തന്നെ അവതരിപ്പിച്ചതാണ് സ്‌കിറ്റ്. നിങ്ങള്‍ കണ്ടില്ലേ. അതില്‍ ഒന്നുമില്ല. സ്ത്രീകളെ ആക്ഷേപിക്കുന്നവരെ അവര്‍ തന്നെ ഓടിച്ചിട്ടു തല്ലുന്ന ബ്ലാക് ഹ്യൂമര്‍ മാത്രമേയുള്ളൂ സ്‌കിറ്റില്‍.'

സ്‌കിറ്റ് കണ്ടപ്പോള്‍ തന്നെ ആ കുട്ടികള്‍ക്ക് അവര്‍ പറയുന്ന എന്തെങ്കിലും കാര്യത്തെ പറ്റി ബോധ്യമില്ലെന്ന് മുമ്പേ ഉറപ്പിച്ചതാണ് മലയാളി. അതില്‍ ബ്ലാക് ഹ്യൂമര്‍ കാണുന്നവര്‍ക്കു മുന്നില്‍ സവിനയം തല കുമ്പിടുന്നു. കല കലയ്ക്ക് വേണ്ടിയല്ല എന്ന് പറയുകയാണ് മോഹന്‍ലാലും.

പ്രതി തന്നെ പരാതിയുമായി വന്ന കേസായിരുന്നു അവന്റേത്. കോടതി ബാഹ്യമായിരുന്നു തെറ്റ് ഏറ്റു പറയല്‍. പള്‍സര്‍ സുനിയെ ഇനിയും പുണ്യാളനാക്കിയിട്ടില്ല ആരും. പെരിയാറ്റിന്‍കരയില്‍ ചിരി പരന്നപ്പോള്‍ ജീവിതം മുഴുവന്‍ ഇരുണ്ട് പോയവരുണ്ട്. തിരിച്ചു വന്നവര്‍ വിരളം.

ബ്രിട്ടീഷുകാര്‍ 1934-ല്‍ ഒരു കോണ്‍ഗ്രസ് നേതാവിനെ തൂക്കിലേറ്റി. അതിലും മുമ്പ് അദ്ദേഹത്തിന്റെ പല്ലടിച്ച് കൊഴിച്ചു. നഖം പിഴുതു. മാസ്റ്റര്‍ദാ എന്ന സൂര്യ സെന്‍. മഹാവിപ്ലവകാരി. ചിറ്റഗോംഗ് കലാപത്തിന് നേതൃത്വം നല്‍കിയ ആള്‍. മലയാള സിനിമയിലെ കലാപത്തിന് കാരണക്കാരനായ അതേ തിലകനെ സമാനമായി ഭേദ്യം ചെയ്ത ശേഷം മഹാനടന്‍  പറയുന്നു. 'കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ അദ്ദേഹത്തിന് ഞങ്ങള്‍ ഊന്നുവടി നല്‍കി.' 

വിമന്‍സ് കളക്ടീവിനോട് പറയാനുള്ളത് ഇത്രമാത്രം. ഊന്നുവടികള്‍ സ്വീകരിക്കാമെന്ന സന്ദേശം മാത്രമാണ് അസോസിയേഷന്‍ ഓഫ് മലയാളം മെയില്‍ ആക്ടേഴ്‌സിന് നല്‍കാനുള്ളത്. അതിനു പകരമായി കൈനീട്ടം നല്‍കും. ചിലപ്പോള്‍ പതിനായിരമാക്കും. 

ആനകള്‍ ചത്താലും ജീവിച്ചാലും അയ്യായിരം എന്നാണ് ഇപ്പോഴത്തെ കണക്ക്. ചട്ടം പാലിച്ച് തലയാട്ടി കൊമ്പു മിനുക്കി തുമ്പിക്കയ്യാട്ടിയാല്‍ ഒന്നു മിനുസപ്പെടുത്തിത്തരാം. അത്രയൊക്കെയേ പറ്റൂ.

അറിയുക. വിധു വിന്‍സന്റും സജിത മഠത്തിലും പോലുള്ള കുട്ടികള്‍ സിനിമയും രാഷ്ട്രീയവും പഠിച്ചത് അനുഭവങ്ങളില്‍നിന്നാണ്. അവരെ അളക്കുമ്പോള്‍ പഴയ മാനദണ്ഡങ്ങള്‍ മതിയാവില്ല. അതിനാല്‍ ആണ്‍മക്കള്‍ അറിയണം. പ്രേം നസീര്‍ ഷീലയേയും അടൂര്‍ഭാസി അടൂര്‍ ഭവാനിയേയും കല്ല്യാണം കഴിച്ച് ശുഭം എന്ന് എഴുതിക്കാണിക്കുന്ന കാലം മലയാള സിനിമയില്‍നിന്ന് പോയ്് മറഞ്ഞിരിക്കുന്നു. 
മലയാള സിനിമയിലെ വനിതകള്‍ക്ക് കഴുത്തിന് മുകളില്‍ തല തന്നെയാണുള്ളത്.