മ്മുടെ ജീവിതത്തിലെ എറ്റവും പ്രധാനമായും വേണ്ട ആര്‍ക്കും ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു കാര്യം.കയ്യില്‍ ധാരാളം പണം ഉണ്ടായാലും നേടാന്‍ പറ്റാത്ത അല്ലെങ്കില്‍ കിട്ടാത്ത കുറേ കാര്യങ്ങളില്‍ ഒന്ന് ഉറക്കം.അപ്പോള്‍ നിങ്ങള്‍ ചോദിക്കും ഉറക്ക ഗുളിക മേടിച്ചാല്‍ പോരേ എന്ന് .അങ്ങനെ ഉറങ്ങുന്നതും കിടക്ക കണ്ടാല്‍ ഉറക്കം വരുന്നതും തമ്മില്‍ രാത്രിയും പകലും പോലെ വലിയ അന്തരമില്ലേ .പിന്നെ ഇപ്പോഴത്തെക്കാലത്ത് കയ്യില്‍ കണക്കിലില്ലാത്ത പണമാണുള്ളതെങ്കില്‍ ഉറക്കം തീര്‍ച്ചയായും നഷ്ടപെട്ടിട്ടുണ്ടാകും.

പണക്കാരേക്കാള്‍ നല്ല ഉറക്കം കിട്ടുന്നത് ഒരു ശരാശരിയ്ക്കു താഴെ സാമ്പത്തിക ശേഷിയുള്ളവര്‍ക്കായിരിക്കും. ശാരീരികാധ്വാനം ഉള്ള ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഓഫീസിലും ഏസിയിലും മറ്റും ഇരുന്നു പണിയെടുക്കുന്നവരേക്കാള്‍ നല്ല ഉറക്കം കിട്ടാറുണ്ട്. ഓഫീസില്‍ ഇരുന്നു ജോലി ചെയ്യുന്ന ഒട്ടു മിക്കവര്‍ക്കും ഒപ്പം മാനസിക പിരിമുറുക്കം കൂടിയുള്ള ജോലിയും കൂടിയാണെങ്കില്‍ നല്ല ഉറക്കം പലപ്പോഴും ബുദ്ധിമുട്ടായിരിക്കും. അപ്പോള്‍ അവര്‍ ഗുളികകളെ ആശ്രയിക്കും.ഞാന്‍ ഏറ്റവും നന്നായി ഉറങ്ങിയിരുന്നത് ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ട സമയത്താണ് .ഡിഗ്രി കഴിഞ്ഞ് ഇനിയെന്ത് എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന പാട്ടു തന്നെയായിരുന്നു പ്രധാന വരുമാന മാര്‍ഗം.

ഏതൊരു ഗായകനെ പോലെയും സിനിമാ പിന്നണി ഗായകനാവുക, ചാനലില്‍ പാടുക സ്റ്റേജ്‌ഷോകള്‍ ചെയ്യുക അതൊക്കെ തന്നെയായിരുന്നു എന്റേയും സ്വപ്‌നവും  ഇഷ്ടങ്ങളും. അന്ന്  ദൂരദര്‍ശന്‍ കഴിഞ്ഞാല്‍ ഒന്നോ രണ്ടോ ചാനലുകളെ മലയാളത്തില്‍ ഉള്ളൂ.അതില്‍ കുറച്ചു മുഖം കാണിക്കാനും പാടാനും സാധിച്ചിരുന്നു. സിനിമയില്‍ കുറച്ചു കോറസും ട്രാക്കും പാടാന്‍ അവസരം കിട്ടിയെങ്കിലും വലിയ മുന്നേറ്റമൊന്നും ആ വഴിക്കു സാധിച്ചില്ല.വീട്ടിലെ അവസ്ഥ മികച്ചതായതു കൊണ്ട് പാട്ടിന്റെ കൂടെ ചെറിയ ചെറിയ ജോലികളും ചെയ്യുന്നുണ്ടായിരുന്നു.

ദരിദ്ര കുടുംബമായിരുന്നു ഞങ്ങളുടേതെങ്കില്‍ , അന്നന്ന്   കിട്ടുന്നത് കൊണ്ട് ജീവിക്കുന്ന കുടുംബത്തിലാണ് ജനിച്ചതെങ്കില്‍,കുഴപ്പമില്ലായിരുന്നു .ഇവിടെ ചുറ്റും എല്ലാമുണ്ടായിരുന്നു കിട്ടാവുന്ന ദൂരത്തില്‍ .പക്ഷെ ഞങ്ങളുടെ വീട്ടില്‍ എന്തോ എപ്പോഴും ഒരു തടസ്സവും പ്രശ്‌നവും ഉണ്ടായിരുന്നു.ഡിഗ്രി  കഴിഞ്ഞ് ഏകദേശം ഒരു നാലഞ്ചു വര്‍ഷം ഞാന്‍ ഗാനമേളക്ക് പാടാന്‍ പോകുന്നുണ്ടായിരുന്നു. കാസകോട് മുതല്‍ തിരുവനന്തപുരം വരെ സാദാ ഗാനമേളക്കും പിന്നണി ഗായകരും സിനിമാക്കാരും മറ്റും നയിക്കുന്ന സ്റ്റേജ്‌ഷോക്കു മുള്‍പ്പടെ ഒരു വിധം എല്ലാ സ്ഥലത്തും ഞാന്‍ പാടാന്‍ പോയിട്ടുണ്ട് . ഹിന്ദി ഗായകര്‍ക്കാണ് അന്ന് കേരളത്തില്‍ പൊതുവേ ക്ഷാമം . പ്രത്യേകിച്ച്  പുതിയ പാട്ടുകള്‍ പാടാന്‍. സാരസ്വതബ്രാഹ്മണരായ ഞങ്ങള്‍ ഉത്തരേന്ത്യയില്‍നിന്നും ഇവിടെ കുടിയേറിപ്പാര്‍ത്തവരാണ്. അതു കൊണ്ടു ഞങ്ങളുടെ രക്തത്തില്‍ ഹിന്ദിഭാഷയോട് ഒരു ചായ്വും പിന്നെ സംസാരിക്കാനും എഴുതാനും അറിയാമായിരുന്നു. അതെനിക്ക് ഗാനമേളകളില്‍ ഹിന്ദി ഗാനങ്ങള്‍ തനതായി ആലപിക്കാന്‍ വലിയ ഗുണമായി .അന്നെനിക്ക് ഒരു സ്റ്റേജില്‍ പാടാന്‍ കിട്ടിയിരുന്നത് 200 - 250 രൂപയായിരുന്നു. അടുത്തെവിടെയുമാണെങ്കില്‍  മുഴുവന്‍ കാശും കയ്യിലിരുന്നേനെ .പക്ഷെ കൂടുതലും കൊല്ലം, തിരുവനന്തപുരം ഭാഗത്താണ് എനിക്ക് പരിപാടികള്‍ കിട്ടിക്കൊണ്ടിരുന്നത. എറണാകുളം മുതല്‍ വടക്കോട്ടു ഹിന്ദി ഗായകര്‍ പിന്നെയും ഉണ്ടായിരുന്നു. തെക്കോട്ടാണ് അവരുടെ ആവശ്യകത കൂടുതലുണ്ടായിരുന്നത്. ആ അവസരങ്ങള്‍ കൂടുതലും എനിക്ക് വന്നു ചേര്‍ന്നു ഒപ്പം പലതും ഞാനായി തേടി പിടിച്ചു.

21 വയസ്സിനും 26 വയസ്സിനുമിടയില്‍ ഞാന്‍ മൂന്നു കമ്പനികളില്‍ ജോലി ചെയ്തു. എന്റെ  ജീവിതത്തിലെ ആദ്യത്തെ ജോലി  സോപ്പു പെട്ടി വില്‍ക്കുന്നതായിരുന്നു. എറണാകുളത്തെ ഒരു കമ്പനിയില്‍ 10  രൂപ ദിവസക്കൂലിക്ക് ഒരു ദിവസം ജോലി ചെയ്തു. രണ്ടാമത്തെ ദിവസം കൂടെയുള്ള സീനിയര്‍ വില്‍പ്പനക്ക് തിരഞ്ഞെടുത്തത് എന്റെ വീടുള്ള എളമക്കര ആണ് . വീട്ടിലുള്ള എന്റെ അമ്മ എന്നെ അങ്ങനെ കണ്ടാല്‍ വിഷമിച്ചാലോ എന്നോര്‍ത്ത് രാവിലെ അങ്ങോട്ട് പോകുന്ന വഴിയില്‍ ഞാന്‍ ആ ജോലിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു.ഇന്നും എന്റെ  വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ  ആ ജോലിയെ പറ്റി അറിയില്ല .

രണ്ടാമത്തേ കര്‍മ്മ മണ്ഡലം ഒരു ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാര്‍ട്‌സ് ഡിസ്ട്രിബൂഷന്‍ കമ്പിനിയില്‍  ബാങ്കില്‍ നിന്നും സ്റ്റേറ്റ്‌മെന്റ് കൊണ്ടുവരിക, ക്യാഷ് അടക്കുക, കണക്കുകള്‍ എഴുതുക അങ്ങനെ ചെറിയ ചെറിയ പണികള്‍ ചെയ്യുന്ന ഒരു പ്യുണായിട്ടായിരുന്നു. മാസം 500 രൂപയ്ക്കു തുടങ്ങിയ ആ ജോലി രണ്ടു വര്‍ഷം കഴിഞ്ഞു വിടുമ്പോഴും എന്റെ ശമ്പളം 1000 തികഞ്ഞിട്ടില്ലായിരുന്നു.പിന്നൊരു ഹോസ്പിറ്റലിലെ റിസപ്ഷനില്‍ 1000-1200 ശമ്പളത്തിന് രണ്ടു വര്‍ഷത്തോളം .അന്ന് പെട്രോളിന്റെ വില 25-30 രൂപയായിരുന്നു 18 വര്‍ഷമിപ്പുറം ഇന്ന് പെട്രോളിന് 75 രൂപ. ഇപ്പോഴും അത് മൂന്നിരട്ടിയേ ആയിട്ടുള്ളു എന്നറിയുമ്പോള്‍ 26 വയസ്സ് വരെ എന്റെ ശമ്പളം എത്ര തുച്ഛമായിരുന്നു എന്നും എന്തായിരുന്നു എന്റെ വീട്ടിലെ അവസ്ഥയുമെന്നും നിങ്ങള്‍ക്കലോചിക്കാമല്ലോ.

ഗാനമേളകള്‍ എറണാകുളത്തിന് അടുത്താണെങ്കില്‍ ജോലി കഴിഞ്ഞും ദൂരെയാണെങ്കില്‍ കമ്പനിയുടെ പെര്‍മിഷനോടെ അല്ലെങ്കില്‍ ഹാഫ് ഡേ ലീവെടുത്തു പോകാറാണ് പതിവ് .എവിടെയാണെങ്കിലും ഗാനമേളകള്‍ ഒരു 9-10 മണിയായെ തുടങ്ങാറുള്ളു .കഴിയുമ്പോള്‍ ഒരു മണിയാകും .പിന്നെ താമസം ഒന്നും കിട്ടാറില്ല . രാത്രി തന്നെ ബസ് സ്റ്റാന്‍ഡിലോ റെയില്‍വേ സ്റ്റേഷനിലോ പോയി കാവലിരിക്കുക .ട്രെയിനാണെങ്കില്‍ ജനറല്‍ കംപാര്‍ട്‌മെന്റില്‍ മിക്കപ്പോഴും ടോയ്‌ലെറ്റിന്റെ ഭാഗത്തോ അല്ലെങ്കില്‍ പടികളില്‍ ഇരുന്നോ നിന്നോ ആയിരിക്കും തിരിച്ചു വരവ് .തണുത്ത കാറ്റും ക്ഷീണവും എല്ലാം കാരണം പലപ്പോഴും അവിടിരുന്നു മയങ്ങാറുണ്ട് .അത് ആത്മഹത്യാപരമായതിനാല്‍ ഞാന്‍ കൂടുതലും ബസ്സിനെയാണ് ആശ്രയിക്കാറ് .എന്തായാലും റെയില്‍വേ സ്റ്റേഷനിലേയും ബസ് സ്റ്റാന്റിലെയും കൊതുകള്‍ക്കും മൂട്ടകള്‍ക്കും ആ വര്‍ഷങ്ങളില്‍  ഞാനൊരു നിത്യ രക്തദാതാവായിരുന്നു .

ബസ്സും ട്രെയിനും കാത്ത്  മിനിറ്റുകള്‍ മുതല്‍ മണിക്കൂര്‍ നീളുന്ന വേളയില്‍  പലപ്പോഴും ക്ഷീണം കൊണ്ടും അര്‍ധരാത്രിയിലെ തണുപ്പ് കൊണ്ടും ഉറങ്ങിപോകാറുണ്ട്. അന്നൊന്നും ഇന്നത്തെപ്പോലെ രാത്രികളില്‍ ഇത്രെയും ചൂടൊന്നുമില്ല. ആ സമയത്തു ട്രെയിനും ബസ്സും വന്നു പോയത് പോലും പലപ്പോഴും ഞാന്‍ അറിഞ്ഞിട്ടില്ല .ഇനി കിട്ടിയാല്‍ത്തന്നെ ട്രയിനിലെ ജനറല്‍ കംപാര്‍ട്‌മെന്റ് പോലെ  ബസ്സിലെ സീറ്റുകളും  മിക്കപ്പോഴും ഫുള്ളായിരിക്കും .ബസ്സിലെ പടികളില്‍ ഇരുന്ന് അല്ലെങ്കില്‍  സീറ്റിലോ കമ്പിയിലോ ചാരി നിന്ന് നാലഞ്ചു മണിക്കൂര്‍ സുഖമായി ഉറങ്ങിയിട്ടുണ്ട് . വണ്ടി വല്ല സഡന്‍ ബ്രേക്കോ  ഏതെങ്കിലും സ്റ്റാന്‍ഡില്‍ എത്തുമ്പോഴൊക്കെയേ പലപ്പോഴും അറിയാറുള്ളു. പിറ്റേദിവസം വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും കുളിച്ചു ഭക്ഷണം കഴിച്ചു ജോലിക്കു പോകേണ്ട സമയം ആയിട്ടുണ്ടാകും . ഏകദേശം 5 വര്‍ഷത്തോളം .ശരിക്കും പറഞ്ഞാല്‍ നല്ല ഉറക്കം ഈ കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്നില്ല എന്ന് ചുരുക്കം. വര്‍ഷങ്ങള്‍ കടന്നു പോയി .ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും ഭാഗ്യം കൊണ്ടും കൂടെ അശ്രാന്ത പരിശ്രമം കൊണ്ടും കുറേ വലിയ കമ്പിനികളിലും ഉന്നത സ്ഥാനങ്ങളിലും നല്ല ശമ്പളത്തില്‍ ജോലി ചെയ്തു.  ഇപ്പോഴും കുഴപ്പമില്ലാതെ തുടരുന്നു .ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചു ജീവിതത്തില്‍ കാണാനും കേള്‍ക്കാനും ആസ്വദിക്കാനുമുള്ള കാര്യങ്ങള്‍ എല്ലാം സാധിച്ചു . ഇന്ന് കയ്യില്‍ പണമുണ്ട് , സ്വാധീനമുണ്ട് , ബന്ധുബലവും സുഹൃദ് വലയവും  എല്ലാമുണ്ട് .കാറും ബൈക്കും വീട്ടില്‍ എസിയും കൂടാതെ  ദേശത്തും വിദേശത്തുമായി നിരവധി യാത്രകള്‍, എണ്ണിയാലൊടുങ്ങാത്ത വിമാന യാത്രകള്‍. പക്ഷെ  ഇന്ന് എനിക്ക് ലഭിക്കാത്ത ഒന്ന് നല്ല മനഃസമാധാനത്തോടെയുള്ള സുഖമായുള്ള ഉറക്കമാണ്. തലയിലാകെ പല പല ചിന്തകളും ആലോചനകളും .ജീവിതം എങ്ങനെ കൂടുതല്‍ സുരക്ഷിതമാക്കാം ജോലിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ എങ്ങനെയുണ്ടാക്കാം കൂടുതല്‍ സുഖങ്ങളും സൗകര്യങ്ങളും എങ്ങനെയുണ്ടാക്കാം , നാളെയെന്താകണം, എങ്ങെനെയൊക്കെയാകണം എന്ന് നീളുന്ന പട്ടികകള്‍ മനസ്സിനെ അലട്ടിക്കൊണ്ടേയിരിക്കുന്നു, ഉണര്‍ത്തിക്കൊണ്ടേയിരിക്കുന്നു . ഇന്നെനിക്കുറങ്ങാന്‍ സമയമുണ്ട് സൗകര്യമുണ്ട് പക്ഷെ ഉറക്കം വരുന്നില്ല, കിട്ടുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് സുഖവും സൗകര്യവുമൊന്നുമില്ലാത്ത ആ സമയത്തു ജോലിയുടെയും ഗാനമേളകളുടേയും യാത്രകളുടെയും ഇടയില്‍  നല്ലവണ്ണം ഒന്നുറങ്ങാന്‍ കൊതിച്ചിരുന്നു. പക്ഷെ അന്ന് ആ കഷ്ടപ്പാടിനിടയില്‍ കിട്ടിയ സമയത്തും സ്ഥലത്തും ഉറങ്ങിയ ഉറക്കത്തിന്റെ ഒരു സുഖമുണ്ടല്ലോ, ബസ് സ്റ്റാന്റിലെയും റെയില്‍വേ സ്റ്റേഷനിലേയും തിണ്ണയിലും ബെഞ്ചിലും കസേരകളിലും, വണ്ടികളിലെ  പടികളിലുള്‍പ്പടെ  നിന്നുമിരുന്നുമുള്ള , ഉള്ളില്‍  തിക്കിയും തിരക്കിയുമുള്ള യാത്രകളും ഉറക്കവും എല്ലാം ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് നഷ്ടമായത് അന്നത്തെ ആ അദ്ധ്വാന  ശീലവും അന്ന് കിട്ടിയ ഉറക്കവും ആണ്.

ജീവിതം മുന്നോട്ടു കൊണ്ടുപോകാനും പലതും നേടാനുമുള്ള ആ ആവേശം പക്ഷെ ഇന്നില്ല. കാരണം ഇന്ന് ആ പറഞ്ഞ പലതും കിട്ടിയത് കൊണ്ടും നേടിയതു കൊണ്ടുമായിരിക്കാം. ഇന്ന് ശരീരം സുഖം പിടിച്ചു പോയീ.ശാരീകമായി അദ്ധ്വാനം കുറഞ്ഞു.ജോലി കൂടുതലും ഇരുന്നായി .വെയില്‍ കൊള്ളാതായി .മണ്ണില്‍ നിന്നുമകന്നു .ശാരീരിക മാനസികാസ്വാസ്ഥ്യം കൂടി .നല്ല ഉറക്കം എനിക്കന്യമായി .ജീവിതത്തില്‍ എല്ലാം നേടാനും നഷ്ടപ്പെടാനും എത്ര നേരം വേണ്ടി വരും .പിന്നെ പലതും നമ്മുടെ കയ്യിലുമല്ല . അതുകൊണ്ടു  തന്നെ കിട്ടുന്ന സമയവും അവസരവും പരമാവധി ഉപയോഗിക്കുക .ശരീരവും മനസ്സും ഒരുമിച്ചു നില്‍ക്കുന്ന പ്രായം പൂര്‍ണ്ണമായി  വിനിയോഗിക്കുക. അല്ലെങ്കില്‍ പിന്നെ നമ്മള്‍ പശ്ചാത്തപിക്കേണ്ടിവരും .വന്ന വഴി മറക്കല്ലേ എന്ന പഴമൊഴി കൂടി ഞാന്‍ ഇവിടെ ഉപയോഗിക്കുകയാണ് .ലിഫ്റ്റുണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് പടി  കേറി പോകുക  .അത് ശരീരത്തിന് നല്ലതാണെന്നു മാത്രമല്ല മുകളിലേക്കെത്താന്‍ എടുത്ത അധ്വാനവും ബുദ്ധിമുട്ടും  നമ്മെ സ്വയം ഓര്‍മിപ്പിക്കാനും ഉപയോഗപ്പെടും മറന്നിട്ടുണ്ടെങ്കില്‍  .കാറും സ്‌കൂട്ടറും ബൈക്കുമൊക്കെയുണ്ടെങ്കിലും നടക്കാനും സൈക്കിളിലൊക്കെ പോകാനും ശീലിക്കുക .ഇതൊന്നും പറ്റിയില്ലെങ്കില്‍ വ്യായാമത്തിനായി കുറച്ചു സമയം മാറ്റി വെക്കുക .ഇല്ലെങ്കില്‍ എന്തുണ്ടായിട്ടും നേടിയിട്ടും കാര്യമില്ല. കിട്ടില്ല നമുക്ക് നമ്മളാഗ്രഹിക്കുന്ന സ്വസ്ഥമായ ഉറക്കം.

Writer Is: Manoj Kammath | Head Programming Club FM 104.8 | Thrissur