ഡ്രൈവിങ് പഠനം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഓടി വരുന്ന ഒരു സീനുണ്ട്. തലയണ മന്ത്രത്തില്‍ മാമുക്കോയ ശ്രീനിവാസനെ വണ്ടി ഓടിക്കാന്‍ പഠിപ്പിക്കുന്ന രംഗങ്ങള്‍. നിങ്ങളുടെ ചുണ്ടില്‍ ഇപ്പോള്‍ ഒരു ചിരി വന്നില്ലേ. ഈ ചിരിക്കുന്നവരില്‍ പലരും ഇതേ പോലുള്ള രംഗത്തില്‍ ജീവിതത്തില്‍ അഭിനയിച്ചിട്ടുണ്ടാകും ഡ്രൈവിങ്ങ് സീറ്റിലിരുന്ന്.  

ഡ്രൈവിങ് പഠിക്കുമ്പോള്‍ അടുത്തിരിക്കുന്ന മാഷ് പറയുന്നത് കാര്യമാണെങ്കിലും എന്റെ ചെവിക്കത് എന്തൊക്കെയോ പുലമ്പുന്നത് പോലെ തോന്നിയത് , കണ്ണില്‍ വെള്ളം വന്നു നിറഞ്ഞാലും ഇമ വെട്ടാതെ നോക്കിയിരുന്നത് , ഉണ്ടക്കണ്ണുണ്ടെങ്കിലും  ചുറ്റുമുള്ളതൊന്നും കാണാതിരുന്നത് .   ഡ്രൈവിംഗ് പഠിത്തം എ.സി  കാറിലാണെങ്കില്‍ പോലും  വിയര്‍പ്പുവന്ന് സ്റ്റീയറിങ് ബാറില്‍ കൈ ഒട്ടുന്നതും , പഠിപ്പിക്കുന്ന സാറോ ടീച്ചറോ ക്ലച്ച് അമര്‍ത്തുന്നതിനു മുന്‍പ് കറ കറ സൗണ്ടുണ്ടാക്കി ഗിയര്‍ മാറ്റിയതും വണ്ടി  നിര്‍ത്തേണ്ടി വരുമ്പോള്‍ ബ്രേക്കില്‍ ഒടുക്കത്തെ ചവിട്ടു ചവിട്ടിയതുമൊക്കെ  ഇപ്പൊ ഓര്‍ത്തില്ലേ .   

പുതുതായി ഡ്രൈവിങ്ങ് പഠിക്കാന്‍ പോകുന്നവര്‍ക്കും ഇത് ബാധകമാണ് കേട്ടോ.സ്റ്റിയറിങ്ങില്‍ നിന്ന് കൈ ഒന്നു വിട്ടാല്‍ വണ്ടി റോഡിന്റെ  കൈവരി തകര്‍ക്കും അല്ലെങ്കില്‍  മീഡിയനില്‍ ഇടിച്ചു കയറും ഇനിയൊന്നുമല്ലെങ്കില്‍ വണ്ടി റോഡില്‍നിന്നിറങ്ങി വല്ല പശുവിനേയോ പോത്തിനേയോ ഇടിച്ചിടുമെന്ന അവസ്ഥ . കൂടെ പഠിപ്പിക്കുന്ന ആളില്ലെങ്കില്‍ ഉറപ്പായിട്ടും കുറുകെചാടുന്ന പട്ടിയോ പൂച്ചയോ ചാവും ഇനിയത് മനുഷ്യനാണെങ്കില്‍ പോലും കാരണം ബ്രേക്കും  ക്ലച്ചും ആക്‌സിലറേറ്ററുമൊന്നും  ആ സമയത്ത് തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.

ഇനിയത്  വണ്ടിയോട്ടം പഠിച്ചതിനു ശേഷമാണെങ്കില്‍  പണികിട്ടുന്നതു നമുക്കായിരിക്കും .   സമയത്തിനു ബ്രേക്ക് ചവിട്ടും , മുന്‍പിലുള്ളതെന്താണോ  അത് രക്ഷപെടും , നമ്മള്‍ കട്ടപ്പുറത്തും , എല്ലാം സ്വാഹ. ഓണത്തിനിടക്ക് പൂട്ട് കച്ചവടം പോലെ ഹെല്‍മെറ്റിന്റേയും സീറ്റ് ബെല്‍റ്റിന്റേയും കാര്യം ഇതിനിടയില്‍ ഒന്ന് ഓര്‍മിപ്പിച്ചുകൊള്ളട്ടെ . ഡ്രൈവിങ്ങ് പഠനത്തെപ്പറ്റി പറയുമ്പോള്‍  മറക്കാതെ  സൂചിപ്പിക്കേണ്ടതാണ് അടുത്ത കാര്യം . നല്ല അടിപൊളി വറുത്ത ചിപ്‌സും മിക്‌സ്ചറുമൊക്കെ കഴിക്കുമ്പോള്‍ വരുന്ന ' കറുമുറാ 'എന്ന ശബ്ദവും വാക്കും ഏറ്റവും കൂടുതല്‍ കേള്‍ക്കാന്‍ പറ്റുന്നത് ഡ്രൈവിങ്ങ്  പഠിക്കുന്ന  സമയത്ത് വണ്ടിയുടെ  ഗിയര്‍ ബോക്‌സില്‍ നിന്നാവും. അതുകഴിഞ്ഞാല്‍ പിന്നെ വണ്ടി പഠിപ്പിക്കുന്ന ആളിന്റെ പല്ലില്‍ നിന്നും . അത് അയാളുടെ സ്വന്തം വണ്ടിയാണെങ്കില്‍ പല്ലിറുകുന്ന ശബ്ദവും കാഠിന്യവും കൂടും. പിന്നെ ഭാര്യ വണ്ടി ഓടിച്ചു പഠിക്കുമ്പോള്‍ ഭര്‍ത്താവിന്റ്‌റെ വായില്‍നിന്നും ഈ കറുമുറാ ശബ്ദം കേള്‍ക്കാവുന്നതാണ്.

ഇനി വണ്ടി നല്ലവണ്ണം പഠിച്ച് കഴിഞ്ഞാലോ കിടന്നോടിക്കും തിരിഞ്ഞിരുന്നോടിക്കും  സ്റ്റിയറിങ്ങില്‍ നിന്ന് രണ്ടു കയ്യും വിട്ട് മൊബൈലില്‍ ലൈവ് ഗെയിം കളിക്കും  ചെവിക്കുള്ളില്‍ ഹെഡ്‌സെറ്റ് തിരുകി പാട്ട് കേട്ടോടിക്കും രാത്രിയിലും കൂളിംഗ്ലാസ്സിട്ടോടിക്കും അങ്ങനെപലതും.  അപ്പൊ ഒരു സംശയം  . ഇതേ സ്റ്റിയറിങ്ങും ബ്രേക്കും ക്ലച്ചുമല്ലേ അന്നുമുണ്ടായിരുന്നത് .അപ്പോപ്പിന്നെ പഠിക്കുമ്പോള്‍ എന്തായിരുന്നു നമുക്കും വണ്ടിക്കും സംഭവിച്ചത് . അതിനെയാണ് പരിചയസമ്പത്ത്, ആത്മവിശ്വാസം  എന്നൊക്കെ പറയുന്നത്. എന്നു പറഞ്ഞ്  മേല്‍പ്പറഞ്ഞ രണ്ടു കാര്യങ്ങളും  ഓവറാകുമ്പോഴാണ് അപകടങ്ങളും പ്രശ്‌നങ്ങളുമുണ്ടാകുന്നത് . ഒരു നിമിഷം ഒരു ജീവന്‍ .  അതുകൊണ്ട് ഡ്രൈവിങ്ങ് എപ്പോഴും നമ്മള്‍ ആദ്യം പഠിച്ച പോലെ തന്നെ മതികേട്ടോ . അമിതവേഗം ഇല്ലാതെ, ഇമ വെട്ടാതെ, ചെവിയോര്‍ത്ത്  വണ്ടി ഓടിക്കുക .  ബ്രേക്ക് സമയത്തിന് ചവിട്ടിക്കൊണ്ട് ഒകെ.  അപ്പോപ്പിന്നെ ശെരി , പിന്നെക്കാണാം കമ്മത്തിന്റെ കുഞ്ഞു കുഞ്ഞു കാര്യങ്ങളും കുഞ്ഞു കുഞ്ഞു കഥകളുമായി  പോട്ടെ  ......  

(തുടരും)

Writer Is: Manoj Kammath | Head Programming Club FM 104.8 | Thrissur