പകടം പതിയിരിക്കുന്ന ഗുഹയ്ക്കുള്ളിലേക്ക് ജീവന്‍ പണയംവച്ച് കടന്നുചെന്ന് കുട്ടികളെ കണ്ടെത്താനുള്ള ധൈര്യം അന്നീ മനുഷ്യർ കാണിച്ചിരുന്നില്ലെങ്കില്‍ ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തുന്ന ദുരന്തത്തിന്റെ ഓര്‍മയായി ആ 12 കുട്ടികളുടെയും ചിത്രങ്ങള്‍ മാറിയേനെ.

2018ലാണ് കനത്ത മഴമൂലം ചെളിയും വെള്ളവും നിറഞ്ഞ തായ്ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ 12 കുട്ടികള്‍ കുടുങ്ങിയത്. ഗുഹാമുഖത്തുനിന്ന് അഞ്ച് കിലോമീറ്ററോളം ഉള്ളിലായതിനാൽ കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ആഴ്ചകള്‍ പിന്നിട്ടതോടെ ആ കുരുന്ന് ജീവനുകളെപ്പറ്റിയുള്ള ആശങ്ക ലോകം മുഴുവന്‍ വ്യാപിച്ചു. രക്ഷാപ്രവര്‍ത്തകരുടെ സംഘത്തിലെ 18 പേര്‍ ജീവന്‍ പണയംവച്ച് നടത്തിയ ദൗത്യത്തിലൂടെയാണ് 12 കുട്ടികളെയും ഒരു പോറല്‍ പോലും ഏല്‍ക്കാതെ പുറത്തെത്തിച്ചത്. ശ്വാസമടക്കിയാണ് ലോകം അന്നാ രക്ഷാപ്രവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചത്. തായ് നേവി സീല്‍ അംഗങ്ങളായ അഞ്ചുപേരും മറ്റുരാജ്യങ്ങളില്‍നിന്ന് എത്തിയ 13 പേരും ആ സംഘത്തില്‍ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ സംഘത്തില്‍ നൂറോളം പേര്‍ ഉണ്ടായിരുന്നുവെങ്കിലും ആഴ്ചകള്‍ നീണ്ട രക്ഷാദൗത്യത്തിലെ അവസാന മൂന്ന് ദിവസങ്ങളില്‍ ഈ 18 പേരാണ് 12 കുട്ടികളെയും സുരക്ഷിതരായി പുറത്തെത്തിച്ചത്.

12 കുട്ടികളും ജീവനോടെ രക്ഷപ്പെട്ടുവെങ്കിലും രക്ഷാപ്രവര്‍ത്തനത്തിനിടെ സമന്‍ ഗുനാന്‍ എന്ന 38 കാരനായ തായ് നേവി സീല്‍ മുന്‍ ഡൈവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഗുഹയ്ക്കുള്ളിലുള്ള കുട്ടികള്‍ക്ക് ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ചശേഷം തിരിച്ച് പുറത്തേക്കുവരുന്നതിനിടെ വൈകശമുണ്ടായിരുന്ന സിലിണ്ടറിലെ ഓക്സിജന്‍ തീര്‍ന്ന് അബോധാവസ്ഥയിലായ അദ്ദേഹത്തെ ഉടന്‍ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Tham Luang
താം ലുവാങ് ഗുഹയുടെ കവാടം | Photo: AP

സൈക്കിള്‍ ചവിട്ടി കുട്ടികള്‍ പോയത് വന്‍ അപകടത്തിലേക്ക്

2018 ജൂണ്‍ 23നായിരുന്നു തായ്ലന്‍ഡിലെ ചിയാങ് റായ് പ്രവിശ്യക്കാരായ 12 കുട്ടികളും വലിയ അപകടത്തിലേക്ക് ചെന്നെത്തുന്നത് . പ്രാദേശിക ഫുഡ്ബോൾ ടീമംഗങ്ങളായ ഇവർ പരിശീലനം കഴിഞ്ഞിട്ടും വീടുകളിലേക്ക് പോയില്ല. സൈക്കിളെടുത്ത് കറങ്ങുന്നതിനിടെ ഫുട്ബോള്‍ പരിശീലകനായ ചാന്റവോങ്ങും അവര്‍ക്കൊപ്പം കൂടി. വനപ്രദേശത്തെ മലമുകളിലുള്ള താം ലുവാങ് ഗുഹയിലേക്കാണ് അവര്‍ പോയത്. പരിശീലകനായ യുവാവ് ചാന്റവോങ്ങിനൊപ്പം അവര്‍ താം ലുവാങ്ങില്‍ പലതവണ പോയിട്ടുള്ളതാണ്. എട്ട് കിലോമീറ്റര്‍ അകത്തേക്കുവരെ അവര്‍ പോയിട്ടുണ്ട്. ഫുട്ബോള്‍ ടീമിന്റെയും അംഗങ്ങളുടെയും പേര് ഗുഹയ്ക്കുള്ളില്‍ എഴുതിവെക്കാനായിരുന്നു അന്നത്തെ യാത്ര. സൈക്കിളുകള്‍ ഗുഹാമുഖത്തിന് സമീപംവച്ച് അവര്‍ ഗുഹയ്ക്കുള്ളിലേക്ക് പോയി. പക്ഷെ അപ്രതീക്ഷിതമായി ആകാശം കറുത്തിരുണ്ടു. തൊട്ടുപിന്നാലെ ആര്‍ത്തലച്ച് മഴ പെയ്തു. താം ലുവാങ്ങിന്റെ പരിസരത്തുള്ള വനപ്രദേശത്തെ മുഴുവന്‍ അതിശക്തമായ പേമാരി വിറപ്പിച്ചു. ഗുഹാമുഖത്തേക്ക് ഇരച്ചെത്തിയ വെള്ളം അതിവേഗം ഉള്ളിലേക്ക് ഒഴുകി. ഗുഹയ്ക്കുള്ളില്‍ മിന്നല്‍ പ്രളയമായതോടെ കുട്ടികള്‍ ഭയന്നു. പുറത്തേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല എന്നുമാത്രമല്ല പ്രാണരക്ഷാര്‍ഥം അവര്‍ക്ക് ഗുഹയുടെ കൂടുതല്‍ ഉള്‍ഭാഗത്തേക്ക് പോകേണ്ടിവന്നു. ഗുഹയുടെ നാല് കിലോമീറ്ററോളം ഉള്‍ഭാഗത്ത് കുട്ടികള്‍ വിശ്രമിക്കാരുള്ള ഒരു സ്ഥലമുണ്ടായിരുന്നു. പട്ടായ ബീച്ച് എന്നാണ് ആ സ്ഥലത്തെ വിളിച്ചിരുന്നത്. അവിടെ എത്തിയാല്‍ സുരക്ഷിതരായി ഇരിക്കാമെന്ന് കുട്ടികള്‍ കണക്കുകൂട്ടി. എന്നാല്‍ അവിടെയും വെള്ളം നിറഞ്ഞ കാഴ്ചകണ്ട് കുട്ടികള്‍ നിരാശരായി.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഏറെ വൈകിയിട്ടും കുട്ടികള്‍ എത്താതിരുന്നതോടെ വീടുകളില്‍ ആശങ്കയായി. ഗുഹയിലേക്ക് പോകുന്നതിനെക്കുറിച്ച് കുട്ടികള്‍ മെസേജിങ് ആപ്പില്‍ ഗ്രൂപ്പ്ചാറ്റ് നടത്തിയിരുന്നു. പല രക്ഷിതാക്കളും അത് കണ്ടിരുന്നു. നേരം വൈകിയതോടെ രക്ഷിതാക്കള്‍ കുട്ടികളെത്തേടി താം ലുവാങ്ങിലേക്ക് പോയി. കുട്ടികളുടെ ബാഗുകളും സൈക്കിളുകളും ഗുഹയുടെ പുറത്തുതന്നെ കണ്ടെത്തി. അവര്‍ അപകടത്തില്‍പ്പെട്ടുവെന്ന് രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞു. പക്ഷെ തങ്ങളുടെ കുട്ടികളെ പുറത്തെത്തിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുതന്നെ രക്ഷാപ്രവര്‍ത്തകര്‍ എത്തേണ്ടിവരുമെന്നോ രണ്ടാഴ്ചയിലധികം അവര്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങുമെന്നോ അന്ന് അവര്‍ കരുതിയിട്ടുണ്ടാവില്ല.

Tham Luang team members
ഗുഹയില്‍ നിന്ന് രക്ഷപ്പെട്ടവര്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സാമന്‍ ഗുനാന്റെ ചിത്രവുമായി | Photo: AP

അപകടം പതിയിരിക്കുന്ന താം ലുവാങ്

തായ്ലന്‍ഡിനെയും മ്യാന്മറിനെയും വേര്‍തിരിക്കുന്ന മലനിരകള്‍ക്ക് ഇടയിലാണ് താം ലുവാങ്. അപകടം പതിയിരിക്കുന്ന ഗുഹയാണത്. കിടന്നുറങ്ങുന്ന ഒരു സ്ത്രീയുടെ രൂപത്തെ അനുസ്മരിപ്പിക്കുന്ന മലനിരകളിലാണിത്. അതിനാല്‍ ഗുഹയും മലനിരകളും അവിടുത്തെ നാടോടിക്കഥകളിലുണ്ട്. താം ലുവാങ് ഖുന്‍ നാം നാങ് നോന്‍ എന്നാണ് ഗുഹയുടെ മുഴുവന്‍ പേര്. ഒറ്റ ദിവസത്തേക്ക് സാഹസികയാത്ര പോകുന്നവരുടെയും കുട്ടികളുടെയും ഒക്കെ ഇഷ്ടപ്പെട്ട സ്ഥലമാണ് താങ് ലുവാങ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ ഗുഹ സന്ദര്‍ശിക്കുന്നത് സുരക്ഷിതമാണ്. ജൂലായില്‍ മഴക്കാലം തുടങ്ങുന്നതോടെ ഗുഹയുടെ രൂപവും ഭാവവും മാറും. കനത്ത മഴ പെയ്താല്‍ ഗുഹയ്ക്കുള്ളില്‍ അഞ്ച് മീറ്റര്‍വരെ ആഴത്തിലുള്ള വെള്ളക്കെട്ട് രൂപപ്പെടും. ചെളി നിറയുകയും ഗുഹയുടെ ഉള്‍ഭാഗം കാണാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുകയും ചെയ്യും. ആ സമയത്ത് പരിചയസമ്പന്നരായ മുങ്ങല്‍വിദഗ്ധര്‍ക്ക് പോലും മരണക്കെണിയായിമാറും താം ലുവാങ് എന്നാണ് പറയപ്പെടുന്നത്.

ഓസ്‌ട്രേലിയയില്‍നിന്നുള്ള ഡോക്ടറായ റിച്ചാര്‍ഡ് ഹാരിസ് മൂന്ന് ദിവസമാണ് കുട്ടികള്‍ക്കൊപ്പം വെള്ളം നിറഞ്ഞ ഗുഹയ്ക്കുള്ളിലെ സുരക്ഷിത സ്ഥാനത്ത് കഴിഞ്ഞത്. തായ്‌ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ അദ്ദേഹം അത് ഉപേക്ഷിച്ച് രക്ഷാദൗത്യത്തില്‍ പങ്കുചേര്‍ന്നു.

മരണത്തെ മുഖാമുഖം കണ്ട് കുട്ടികള്‍

മഴവെള്ളം ഗുഹയ്ക്കുള്ളിലേക്ക് ഇരച്ചെത്തിയതോടെ വലിയൊരു അപകടത്തിലേക്കാണ് നടന്നു കയറിയിരിക്കുന്നത് എന്ന് കുട്ടികള്‍ തിരിച്ചറിഞ്ഞിരുന്നു. പ്രദേശത്ത് ദിവസങ്ങളായി മഴ പെയ്യുന്നുണ്ടായിരുന്നു. അതിവേഗം വെള്ളം നിറയുന്ന തരത്തിലുള്ളതാണ് ഗുഹയുടെ ഉള്‍ഭാഗം. പ്രാണരക്ഷാര്‍ഥം ഗുഹയുടെ കൂടുതല്‍ ഉള്‍ഭാഗത്തേക്ക് നീങ്ങി. സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തുക എന്നതായിരുന്നു കുട്ടികള്‍ക്ക് മുന്നിലുണ്ടായിരുന്ന ഏകമാര്‍ഗം. കൂരിരുട്ട് വ്യാപിച്ചതോടെ കുട്ടികള്‍ ഭയന്നു. ആശങ്കകള്‍ അവര്‍ പങ്കുവച്ചു. എന്നാല്‍, അവസാന ശ്വാസംവരെ ജീവനുവേണ്ടി പോരാടാന്‍ അവര്‍ തീരുമാനിച്ചു. പാറക്കഷണങ്ങള്‍ ഉപയോഗിച്ച് അവര്‍ ഗുഹയുടെ ഭിത്തിയില്‍ സുരക്ഷിതമായി ഇരിക്കാനുള്ള ഒരു സ്ഥലം തുരന്ന് വലുതാക്കിയെടുത്തു. 12 പേരും ചേര്‍ന്ന് അഞ്ച് മീറ്ററോളം ഉള്ളിലേക്ക് തുരന്നാണ് ഈ സ്ഥലം ഒരുക്കിയത്. മുന്‍പ് സന്യാസി ആയിരുന്ന യുവാവായിരുന്നു അവര്‍ക്കൊപ്പമുള്ള ഫുട്ബോള്‍ പരിശീലകന്‍. അദ്ദേഹം കുട്ടികളെ ധ്യാനമുറകള്‍ പരിശീലിപ്പിച്ചു. മനസ് അസ്വസ്ഥമാകാതെ ശാന്തരായി ഇരിക്കാനും കുറഞ്ഞ അളവിലുള്ള ഓക്സിജന്‍ ശ്വസിച്ച് ജീവന്‍ നിലനിര്‍ത്താൻ അവ സഹായിക്കുമെന്ന് ഉപദേശിച്ചു. മനക്കരുത്ത് ചോര്‍ന്നുപോകാതെ, രക്ഷപ്പെടുകതന്നെ ചെയ്യുമെന്ന നിശ്ചയദാര്‍ഢ്യത്തോടെ ഇരിക്കാനും കോച്ച് അവരെ ഉപദേശിച്ചു. അതിനിടെ, ഗുഹയ്ക്കുള്ളിലെ ചില അസാധാരണ സാഹചര്യങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ കുട്ടികളെ സഹായിച്ചു. ഭക്ഷണവും വെള്ളവും ഇല്ലാതെ രണ്ടാഴ്ചയിലധികം കഴിച്ചുകൂട്ടേണ്ടി വന്നുവെങ്കിലും ഗുഹയുടെ ഭിത്തികളിലൂടെ ഇറ്റിറ്റുവീണ ശുദ്ധജലം അവരുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. ഗുഹയ്ക്കുള്ളില്‍ കൂരിരുട്ട് ആയിരുന്നുവെങ്കിലും കുട്ടികളുടെ കൈവശം ടോര്‍ച്ചുകള്‍ ഉണ്ടായിരുന്നു. പാറകള്‍ക്കിടയിലെ വിള്ളലുകളിലൂടെ ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യംവേണ്ട ഓക്സിജനും കുട്ടികള്‍ക്ക് ലഭിച്ചു.

ഗുഹയിലേക്ക് തുരങ്കം നിര്‍മിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനാകുമോ ?

Thai cave
കടപ്പാട് - nps.cmr.ac.in

അതിനിടെ, ഗുഹാമുഖത്തിനു പുറത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. തായ് നേവി സീല്‍സ്, നാഷണല്‍ പോലീസ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യം രംഗത്തിറങ്ങിയത്. ഗുഹയിലെ ഒരു ചേംബറിന് മുന്നില്‍ കുട്ടികളുടെ കാല്‍പ്പാദങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍തന്നെ കണ്ടെത്തി. പക്ഷെ അവര്‍ക്ക് ജീവഹാനി സംഭവിച്ചുവോ ജീവിച്ചിരിപ്പുണ്ടോ എന്ന് മനസിലാക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല. ചെളിയും വെള്ളവും നിറഞ്ഞ ഗുഹയ്ക്കുള്ളില്‍ക്കടന്ന് രക്ഷാപ്രവര്‍ത്തനം നടത്തുക എന്നത് ജീവന്‍വച്ചുള്ള കളിയായിരുന്നു. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാക്കി. നാവികസേനയുടെ മുങ്ങല്‍വിദഗ്ധര്‍ക്ക് ഗുഹയ്ക്കുള്ളില്‍ രക്ഷാദൗത്യം നടത്തി പരിചയവും ഉണ്ടായിരുന്നില്ല. കുട്ടികളുടെ അടുത്ത് എങ്ങനെയെത്തും ? ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍ കുഴങ്ങി. ഗുഹയില്‍നിന്ന് വെള്ളം പമ്പുചെയ്ത് നീക്കാനുള്ള ശ്രമങ്ങള്‍ നടന്നു. എന്നാല്‍ അത് സാധ്യമായിരുന്നില്ല. പമ്പുചെയ്ത് നീക്കാന്‍ കഴിയാത്തത്ര ജലം ഗുഹയ്ക്കുള്ളില്‍ നിറഞ്ഞിരുന്നു. മലതുരന്ന് ഒരു തുരങ്കം നിര്‍മ്മിച്ച് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളുടെ അടുത്തെത്താനുള്ള സാധ്യത രക്ഷാപ്രവര്‍ത്തകര്‍ വിലയിരുത്തി. എന്നാല്‍ ഗുഹയ്ക്കുള്ളിലേക്ക് പാറകള്‍ ഇടിഞ്ഞുവീണ് വലിയ അപകടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആ പദ്ധതി ഉപേക്ഷിച്ചു.

സൈക്കിളുകള്‍ ഗുഹാമുഖത്തിന് സമീപംവച്ച് അവര്‍ ഗുഹയ്ക്കുള്ളിലേക്ക് പോയി. പക്ഷെ അപ്രതീക്ഷിതമായി ആകാശം കറുത്തിരുണ്ടു. തൊട്ടുപിന്നാലെ ആര്‍ത്തലച്ച് മഴ പെയ്തു. താം ലുവാങ്ങിന്റെ പരിസരത്തുള്ള വനപ്രദേശത്തെ മുഴുവന്‍ അതിശക്തമായ പേമാരി വിറപ്പിച്ചു

ലോകം കണ്ടത് വോളന്തനും സ്റ്റാന്റനും പകര്‍ത്തിയ ആ ദൃശ്യം

Tham Luang cave rescue
ഗുഹയിൽ കുട്ടികളെ കണ്ടെത്തിയപ്പോൾ | Photo: AP

രക്ഷാപ്രവര്‍ത്തകരുടെ രാജ്യാന്തര സംഘം ജൂണ്‍ 28 ന് രംഗത്തെത്തി. അമേരിക്കന്‍ വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തന വിദഗ്ധര്‍, യു.കെ, ബെല്‍ജിയം, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധര്‍, മറ്റു പലരാജ്യങ്ങളില്‍നിന്നും എത്തിയവര്‍ എന്നിവരെല്ലാം ആ സംഘത്തില്‍ ഉണ്ടായിരുന്നു. പലരും തായ് അധികൃതകരുടെ അഭ്യര്‍ഥന മാനിച്ചാണ് എത്തിയത്. മറ്റുപലരും സന്നദ്ധസേവനം വാഗ്ദാനംചെയ്ത് എത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തായ് ഡൈവര്‍മാര്‍ ജീവന്‍ പണയംവച്ചുള്ള ദൗത്യമാണ് നടത്തിയത്. ഒഴുക്കിനെതിരെ നീന്തിയുള്ള രക്ഷാപ്രവര്‍ത്തനം തീര്‍ത്തും ദുഷ്‌കരമായിരുന്നു. ജൂലായ് ഒന്നോടെ രക്ഷാദൗത്യത്തില്‍ കാര്യമായ പുരോഗതി ദൃശ്യമായി. തൊട്ടടുത്ത ദിവസം ബ്രിട്ടീഷ് ഡൈവര്‍മാരായ ജോണ്‍ വോളന്തന്‍, റിക് സ്റ്റാന്റണ്‍ എന്നിവര്‍ക്ക് ഞെട്ടിക്കുന്ന മുന്നേറ്റം നടത്താന്‍ കഴിഞ്ഞു. താം ലുവാങ്ങിലെ ഇടുങ്ങിയ പാതകളിലൂടെ കയറുകളില്‍ പിടിച്ച് ജീവന്റെ സ്പന്ദനങ്ങള്‍ തേടി സഞ്ചരിച്ച അവര്‍ക്ക് പട്ടായ ബീച്ച് എന്ന് കുട്ടികള്‍ വിശേഷിപ്പിച്ചിരുന്ന സ്ഥലത്ത് എത്താന്‍ കഴിഞ്ഞു. എന്നാല്‍ അവിടെ ആരെയും കണ്ടെത്താനായില്ല.

John Volanthan Rick Statnton
ജോണ്‍ വോളന്തന്‍, റിക് സ്റ്റാന്റണ്‍ | Photo: TheSun

കൂരിരുട്ടിലൂടെ അവര്‍ തിരച്ചില്‍ തുടര്‍ന്നു. അതിനിടെ അവര്‍ക്ക് കുട്ടികളുടെ സാന്നിധ്യം സംബന്ധിച്ച ചില സൂചനകള്‍ ലഭിച്ചു. ഏറെ വൈകാതെ ജോണ്‍ വോളന്തന്റെ ടോര്‍ച്ചില്‍നിന്നുള്ള വെളിച്ചത്തില്‍ കുട്ടികളുടെ മുഖങ്ങള്‍ തെളിഞ്ഞു. റിക്ക് കുട്ടികളുടെ എണ്ണമെടുത്ത് തുടങ്ങി. നിങ്ങള്‍ എത്രപേരുണ്ട് ?-  ജോണ്‍ ആരാഞ്ഞു. 13 എന്ന് കുട്ടികള്‍ മറുപടി നല്‍കി. എല്ലാവരും ജീവനോടെയുണ്ട്.. ഇരുവരുടെയും മുഖത്ത് പുഞ്ചിരി നിറഞ്ഞു. ഇരുവരും കുറേനേരം കുട്ടികള്‍ക്കൊപ്പം ചിലവഴിച്ചു. അവരുടെ അത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇരുവരും ശ്രമിച്ചു. തങ്ങളുടെ കൈവശമുണ്ടായിരുന്ന ലൈറ്റുകള്‍ കുട്ടികള്‍ക്ക് കൈമാറി, ഭക്ഷണവുമായി തിരികെവരാം എന്ന വാഗ്ദാനം നല്‍കി അവര്‍ മടങ്ങി. കുട്ടികളെ കണ്ടെത്തിയ അത്യപൂര്‍വ നിമിഷങ്ങള്‍ ഡൈവര്‍മാര്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. അത് പിന്നീട് ഓണ്‍ലൈനില്‍ പോസ്റ്റുചെയ്തു. ആ ദൃശ്യങ്ങളാണ് ലോകം മുഴുവന്‍ കണ്ടത്.

തൊട്ടുപിന്നാലെ ഒരു ഡോക്ടറും നേവി സീല്‍ ഡൈവര്‍മാരും കുട്ടികളുടെ അടുത്തെത്തി. ഗുഹയില്‍ അകപ്പെട്ട് ഒന്‍പത് ദിവസം കഴിഞ്ഞിരുന്നു അപ്പോഴേക്കും. ഇഷ്ടപ്പെട്ട ഭക്ഷ്യവിഭവങ്ങള്‍ അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ദൃവരൂപത്തിലുള്ള ഭക്ഷണവും മിനറല്‍ വാട്ടറും നല്‍കിയാല്‍ മതിയെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

ഗുഹയ്ക്കുള്ളില്‍ കുട്ടികള്‍ക്കൊപ്പം ഒരു ഡോക്ടര്‍

Dr.Richard Harris
ഡോ. റിച്ചാർഡ് ഹാരിസ് - Photo - BBC

ഓസ്‌ട്രേലിയയില്‍നിന്നുള്ള ഡോക്ടറായ റിച്ചാര്‍ഡ് ഹാരിസ് മൂന്ന് ദിവസമാണ് കുട്ടികള്‍ക്കൊപ്പം വെള്ളം നിറഞ്ഞ ഗുഹയ്ക്കുള്ളിലെ സുരക്ഷിത സ്ഥാനത്ത് കഴിഞ്ഞത്. തായ്‌ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ അദ്ദേഹം അത് ഉപേക്ഷിച്ച് രക്ഷാദൗത്യത്തില്‍ പങ്കുചേര്‍ന്നു. കുട്ടികളുടെ ആരോഗ്യനില പരിശോധിക്കാനാണ് അദ്ദേഹം ഗുഹയ്ക്കുള്ളിലേക്ക് പോയത്. പിന്നീട് മൂന്ന് ദിവസം അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഓരോ കുട്ടിയേയും പരിശോധിച്ച് ഏറ്റവും ആരോഗ്യവാനായ കുട്ടിയെ ഏറ്റവും ഒടുവിലും ആരോഗ്യം കുറഞ്ഞയാളെ ആദ്യവും പുറത്തെത്തിക്കുന്നതിനുള്ള ക്രമം നിശ്ചയിച്ചത് അദ്ദേഹമാണ്. ഏറ്റവുമൊടുവില്‍ പുറത്തെത്തിയവരില്‍ ഒരാളും ഡോ. ഹാരിസ് ആയിരുന്നു.

സമന്‍ ഗുനാന്റെ മരണം

SAMAN KUNAN
രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സമന്‍ ഗുനാന്റെ ചിത്രം | Photo - AFP

നേവി സീല്‍ ഡൈവര്‍ ആയിരുന്നു രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സമന്‍ ഗുനാന്‍ (38) ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് ഓക്‌സിജന്‍ ടാങ്ക് എത്തിച്ച് മടങ്ങുന്നതിനിടെയാണ് അദ്ദേഹം മരിച്ചത്. ഓക്‌സിജന്‍ തീര്‍ന്നതോടെ അദ്ദേഹം അബോധാവസ്ഥയില്‍ ആവുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ അദ്ദേഹത്തെ പുറത്തെത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു. പക്ഷെ വിജയിച്ചില്ല. രക്ഷാപ്രവര്‍ത്തനം എത്രകണ്ട് അപകടകരമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു സമന്‍ ഗുനാന്റെ മരണം. പരിചയ സമ്പന്നനായ ഡൈവറായിരുന്നു ഗുനാന്‍. നല്ല ആരോഗ്യവാനും. പക്ഷെ അദ്ദേഹത്തിന്റെ ജീവന്‍പോലും അപകടത്തിലായി. ഈ സാഹചര്യത്തില്‍ കുട്ടികളെ എങ്ങനെ സുരക്ഷിതരായി ഗുഹയില്‍നിന്ന് പുറത്തെത്തിക്കും ? രക്ഷാദൗത്യത്തിനുമേല്‍ വീണ്ടും ആശങ്കയുടെ കാര്‍മേഘങ്ങള്‍ നിറഞ്ഞു. അതിനിടെ കുട്ടികളെ കണ്ടെത്തിയ ചേംബറില്‍ ഓക്‌സിജന്റെ അളവ് വന്‍തോതില്‍ കുറഞ്ഞു തുടങ്ങിയതും ആശങ്ക ഉയര്‍ത്തി.

ചെറിയ അന്തര്‍വാഹിനി നിര്‍മിക്കാന്‍വരെ ആലോചന

Pump
ഗുഹയില്‍നിന്ന് വെള്ളം പമ്പുചെയ്ത് നീക്കാന്‍ എത്തിച്ച കൂറ്റന്‍ പമ്പ് | Photo - AP

കുട്ടികളെ പുറത്തെത്തിക്കാൻ രക്ഷാപ്രവര്‍ത്തകര്‍ പല വഴികള്‍ ആലോചിച്ചു. വെള്ളം നിറഞ്ഞ ഗുഹാഭാഗങ്ങളിലൂടെ നീന്താന്‍ കുട്ടികളെ പരിശീലിപ്പിക്കുക എന്നതായിരുന്നു ഒരാശയം. അപകടസാധ്യത ഏറെയുള്ളതായതിനാല്‍ അവസാന പോംവഴിയെന്ന നിലയില്‍ ഇതിനെ പരിഗണിച്ചാല്‍ മതിയെന്ന അഭിപ്രായം ഉയര്‍ന്നു. ഗുഹയില്‍നിന്ന് പരമാവധി ജലം പമ്പുചെയ്ത് നീക്കുക, ഗുഹാമുഖത്തെ ജലനിരപ്പ് താഴാന്‍ കാത്തുനില്‍ക്കുക എന്നീ ആശയങ്ങളും ഉയര്‍ന്നുവന്നു. പക്ഷെ അത് നടപ്പാക്കണമെങ്കില്‍ നാല് മാസമെങ്കിലും കാത്തിരിക്കേണ്ടിവരും എന്നതായിരുന്നു അവസ്ഥ. ഗുഹയിലേക്ക് മറ്റൊരു തുരങ്കം ഡ്രില്‍ ചെയ്യാന്‍ കഴിയുമോ എന്നകാര്യവും പരിശോധിച്ചു. അതിനിടെ അതേപ്രായമുള്ള മറ്റ് കുട്ടികളുടെ സഹായത്തോടെ ഡൈവര്‍മാര്‍ സ്വിമ്മിങ് പൂളുകളില്‍ പരിശീലനം നടത്തി. അതിനിടെ കുട്ടികള്‍ക്കുവേണ്ടി വളരെ ചെറിയ അന്തര്‍വാഹിനി നിര്‍മ്മിച്ച് ഗുഹയിലെ വെള്ളം നിറഞ്ഞ ഭാഗത്തുകൂടെ അവരെ പുറത്തെത്തിക്കാം എന്ന നിര്‍ദ്ദേശം ഉയര്‍ന്നു. എന്നാല്‍ പ്രായോഗികമല്ലെന്ന് കണ്ടെത്തിയതോടെ ആ നിര്‍ദ്ദേശം തള്ളി. ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് ഓക്‌സിജന്‍ എത്തിക്കുക, പുറംലോകവുമായി ആശയവിനിമയത്തിന് സംവിധാനം ഒരുക്കുക എന്നിങ്ങനെ നിസാരമായി തോന്നാവുന്ന പല കാര്യങ്ങളും ഏറെ ദുഷ്‌കരമായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍. ഗുഹയുടെ പ്രത്യേകതകളാണ് ഇതിനെല്ലാം തടസം സൃഷ്ടിച്ചത്. എന്നാല്‍ ജൂലായ് ആറോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഓക്‌സിജന്‍ സപ്ലൈ സംവിധാം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞു. കുട്ടികള്‍ കത്തുകളിലൂടെ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

അമാനുഷികമെന്ന് വിശേഷിപ്പിക്കപ്പെട്ട രക്ഷാദൗത്യം

കുട്ടികളെ ഗുഹയില്‍നിന്ന് പുറത്തെത്തിക്കുകയാണെന്ന് ജൂലായ് ഏഴിന് തായ്‌ലന്‍ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അമാനുഷിക രക്ഷാദൗത്യമെന്ന് പിന്നീട് വിശേഷിപ്പിക്കപ്പെട്ട ദൗത്യത്തിനാണ് ആതോടെ തുടക്കം കുറിച്ചത്. ജൂലായ് പത്തോടെ ഗുഹയില്‍ ഏതാണ്ട് പൂര്‍ണമായും വെള്ളം നിറയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കുട്ടികളെ എത്രയും വേഗം പുറത്തെത്തിക്കാനുള്ള തീരുമാനം. ദൗത്യം രണ്ട് ഭാഗങ്ങളായി ആസൂത്രണം ചെയ്തു. കുട്ടികളെ ഗുഹയിലെ മൂന്നാമത്തെ ചേംബറില്‍ എത്തിക്കുക എന്നതായിരുന്നു ആദ്യഭാഗം. ഏറെ ശ്രമകരം ഈ ഭാഗമായിരുന്നു. ഓരോ കുട്ടിയേയും എയര്‍മാസ്‌ക് ധരിപ്പിച്ചു. ഓക്സിജന്‍ ടാങ്കും സജ്ജീകരിച്ചു.

Tham Luang Rescue
കുട്ടികളെ പുറത്തേക്ക് കൊണ്ടുവരുന്നു | Photo - AFP

അതിനുശേഷം കുട്ടിയെ മുന്നില്‍ നീങ്ങിയ ഒരു മുങ്ങല്‍ വിദഗ്ധനുമായി ബന്ധിപ്പിച്ചാണ് മൂന്നാം നമ്പര്‍ ചേംബറിലേക്ക് എത്തിച്ചത്. മറ്റൊരു മുങ്ങല്‍ വിദഗ്ധന്‍ കുട്ടിക്ക് പിന്നാലെയും നീങ്ങി. കുട്ടികളുടെ പുറത്ത് രക്ഷാപ്രവര്‍ത്തകര്‍ക്ക് പിടിക്കാന്‍ പാകത്തില്‍ ഹാന്‍ഡില്‍ അടക്കമുള്ളവ സ്ഥാപിച്ചിരുന്നു. ഗുഹയുടെ ഇടുങ്ങിയ ഭാഗങ്ങളിലൂടെ അതീവ ശ്രദ്ധയോടെയാണ് കുട്ടികളെ കൊണ്ടുപോയത്. കുട്ടികള്‍ ഭയപ്പെടാതിരിക്കാന്‍ അവരെ മരുന്ന് നല്‍കി അര്‍ധ ബോധാവസ്ഥയിലാക്കിയിരുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഗുഹയിലെ മൂന്നാമത്തെ ചേംബറില്‍ എത്തിച്ച കുട്ടികളെ അടുത്ത ഘട്ടത്തില്‍ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമം നടത്തി. കുട്ടികളെ പ്രത്യേക തരത്തിലുള്ള സ്‌ട്രെച്ചറില്‍ കിടത്തിയാണ് രണ്ടാംഘട്ടത്തില്‍ പുറത്തേക്ക് കൊണ്ടുവന്നത്. ചിലഘട്ടങ്ങളില്‍ സ്‌ട്രെച്ചര്‍ ചങ്ങാടങ്ങളില്‍ കയറ്റി. കൂര്‍ത്ത പാറക്കല്ലുകള്‍ ഉള്ള ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് സ്ട്രെച്ചര്‍ കൈമാറി പുറത്തേക്ക് കൊണ്ടുവന്നു. താം ലുവാങ്ങിലെ ഇരുട്ടില്‍നിന്ന് പുറത്തെത്തിച്ച കുട്ടികളെ ആംബുലന്‍സുകളില്‍ ചിയാങ് റായ് നഗരത്തിലെ ആശുപത്രികളിലേക്ക് മാറ്റി. മൂന്ന് ഷിഫ്റ്റുകളായി ദിവസങ്ങളോളം പ്രവര്‍ത്തിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ ഗുഹയിലകപ്പെട്ട മുഴുവന്‍ കുട്ടികളെയും സുരക്ഷിതരായി പുറത്തെത്തിച്ചത്. കുട്ടികളുടെ ഫുട്‌ബോള്‍ കോച്ചിനെ ഏറ്റവും ഒടുവില്‍ പുറത്തെത്തിച്ചപ്പോഴേക്കും ഗുഹയില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയര്‍ന്നിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. നേരത്തെ തന്നെ വിലയിരുത്തപ്പെട്ടതുപോലെ ജൂലായ് പത്ത് ആയപ്പോഴേക്കും ഗുഹയില്‍ പൂര്‍ണമായും വെള്ളം നിറഞ്ഞു. മണിക്കൂറുകള്‍ വൈകിയിരുന്നുവെങ്കില്‍ രക്ഷാദൗത്യം മറ്റൊരുതരത്തില്‍ അവസാനിക്കുമായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെപോലും ജീവന്‍ അപകടത്തിലാകുമായിരുന്നു.

അവലംബം: Mathrubhumi archives, Reuters, news.sky.com, bbc.com, BusinessInsider