ഏപ്രില്‍ 14 മുതല്‍ 21 വരെ രാജ്യം മുഴുവന്‍ ദേശീയ അഗ്നിരക്ഷാ വാരമായാണ് ആചരിക്കുന്നത്. ​ഏപ്രില്‍ 14 ഫയര്‍ ബ്രിഗേഡ് ദിനമായും ആചരിക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ തീപ്പിടിത്തത്തിന്റെയും സ്ഫോടനത്തിന്റെയും ആഘാതം കുറച്ച , അനേക മനുഷ്യ ജീവനുകൾ രക്ഷിച്ച ധീര രക്തസാക്ഷികളുടെ ഓർമ്മയ്ക്കായാണ് ഈ ദിനം നാം സ്മരിക്കുന്നത്. ഹിരോഷിമയില്‍ അമേരിക്ക ന്യൂക്ലിയര്‍ ബോംബ് വര്‍ഷിച്ചതിന് മുമ്പുവരെ നടന്ന ഏറ്റവും തീവ്രതയേറിയ സ്ഫോടനങ്ങളില്‍ ഒന്നായാണ് ഈ ദുരന്തത്തെ പരിഗണിച്ചിരുന്നത്. ആ ദുരന്തത്തെ കുറിച്ചും അതിലെ ധീരരായ മനുഷ്യരെക്കുറിച്ചുമാണ് ഇത്തവണ THEIRSTORY ചർച്ച ചെയ്യുന്നത്.

ണ്ടാം ലോകമഹായുദ്ധത്തിനിടെ 1944 ഏപ്രില്‍ 14-നാണ് രണ്ട് ഉഗ്രസ്ഫോടനങ്ങള്‍ മുംബൈ(അന്നത്തെ ബോംബെ)യെ നടുക്കുന്നത്. ഏപ്രില്‍ 12 ന് കറാച്ചിയില്‍നിന്ന് വിക്ടോറിയ ഡോക്കില്‍ (ഇന്നത്തെ മുംബൈ തുറമുഖം) എത്തിയ എസ്.എസ് ഫോര്‍ട് സ്റ്റിക്കൈന്‍ എന്ന ചരക്കുകപ്പലിലാണ് സ്ഫോടനമുണ്ടായത്. കപ്പലില്‍ ഉണ്ടായിരുന്ന സ്വര്‍ണത്തിന്റെയും ലോഹങ്ങളുടെയും ചീളുകള്‍ അന്തരീക്ഷത്തിൽ ചിതറി. 800 പേരാണ് സ്ഫോടനത്തിലും തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തിലും കൊല്ലപ്പെട്ടത്. രണ്ടായിരത്തിലധികം പേര്‍ക്ക് ഗുരുതര പരിക്കുകളേറ്റു. തുറമുഖത്തെ തീ നിയന്ത്രണ വിധേയമാക്കുന്നതിനും തീ നഗരത്തെ വിഴുങ്ങുന്നത് തടയുന്നതിനും അഗ്നിശമന സേനാംഗങ്ങള്‍ക്ക് ദിവസങ്ങളോളം ജോലി ചെയ്യേണ്ടിവന്നു. ഈ ജീവന്‍ പണയംവച്ചുള്ള ജോലിക്കിടെ 66 അഗ്നിശമന സേനാംഗങ്ങളാണ് വീരമൃത്യുവരിച്ചത്. സ്വന്തം ജീവന് വിലകൽപിക്കാതെ തീ അണക്കാൻ തയ്യാറായ ഇവരെപ്പോലുള്ള മനുഷ്യരില്ലായിരുന്നെങ്കിൽ  തീനാളങ്ങള്‍ കൂടുതല്‍ ജനവാസ മേഖലകളിലേക്ക് പടര്‍ന്നേനെ. അഗ്നിശമന സേനാംഗങ്ങള്‍ ഉഗ്ര സ്ഫോടനത്തില്‍ പകച്ചുപോകാതെ ധീരമായി നടത്തിയ പരിശ്രമമാണ് നിരവധി ജീവനുകളും വീടുകളും ജനങ്ങളുടെ സ്വത്തുവകകളും സംരക്ഷിച്ചത്. അവരുടെ ഓര്‍മയ്ക്കായാണ് ഏപ്രില്‍ 14 ഫയര്‍ ബ്രിഗേഡ് ഡേ ആയി ആചരിക്കുന്നത്. ഏപ്രില്‍ 14 മുതല്‍ 21 വരെ രാജ്യം മുഴുവന്‍ ദേശീയ അഗ്നിരക്ഷാ വാരമായും ആചരിക്കുന്നു.

വന്‍ സ്‌ഫോടനമുണ്ടാകാനുള്ള കാരണം

യുദ്ധകാലമായിരുന്നതിനാല്‍ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും സാധാരണ ചരക്കുകള്‍ക്കൊപ്പം കപ്പലില്‍ നിറച്ചതാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്. 1395 കിലോ സ്ഫോടക വസ്തുക്കള്‍, അന്തര്‍വാഹിനികളില്‍ ഉപയോഗിക്കുന്ന ടോര്‍പ്പിഡോകള്‍, കുഴിബോംബുകള്‍, ഷെല്ലുകള്‍ എന്നിവയും പരുത്തിയും എണ്ണയും തടിയും ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍നിന്ന് കൊണ്ടുവന്ന സ്വര്‍ണക്കട്ടികളും ആയിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ആദ്യം തീ പടര്‍ന്നത് എങ്ങനെയെന്ന് വ്യക്തമല്ലെങ്കിലും തീ അതിവേഗം കപ്പല്‍ മുഴുവന്‍ വ്യാപിച്ചു. തുടര്‍ന്നുണ്ടായ സ്ഫോടനത്തിന്റെ പ്രകമ്പനം ഷിംലയില്‍ സ്ഥാപിച്ചിരുന്ന ഭൂകമ്പമാപിനിയില്‍ വരെ രേഖപ്പെടുത്തി. ഫോര്‍ട്ട് സ്റ്റിക്കൈനിന് സമീപത്ത് ഉണ്ടായിരുന്ന 13 കപ്പലുകളും തുറമുഖത്തിന് സമീപത്തെ നൂറുകണക്കിന് വീടുകളും തകര്‍ന്നു. തുറമുഖത്ത് സൂക്ഷിച്ചിരുന്ന 55,000 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കത്തിനശിച്ചു. ഹിരോഷിമയില്‍ അമേരിക്ക ന്യൂക്ലിയര്‍ ബോംബ് വര്‍ഷിച്ചതിന് മുമ്പുവരെ നടന്ന ഏറ്റവും തീവ്രതയേറിയ സ്ഫോടനങ്ങളില്‍ ഒന്നായിരുന്നു അതെന്നാണ് പറയപ്പെടുന്നത്. കത്തിനശിച്ച തുറമുഖത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ പിന്നീട് ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് മാസങ്ങളോളം അധ്വാനിക്കേണ്ടിവന്നു.

ship with explosives
സ്‌ഫോടക വസ്തുക്കള്‍ നിറച്ച കപ്പലിന്റെ ഉള്‍വശം

സ്‌ഫോടകവസ്തുക്കള്‍ തുറമുഖത്തുനിന്ന് നീക്കാന്‍ വൈകി

ഏപ്രില്‍ 12 ന് തുറമുഖത്ത് എത്തിയ കപ്പലില്‍നിന്ന് സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും എത്രയും വേഗം നീക്കേണ്ടതായിരുന്നു. എന്നാല്‍ സ്‌ഫോടകവസ്തുക്കളെപ്പറ്റി പലര്‍ക്കും അറിവുണ്ടായിരുന്നില്ല എന്നതിനാല്‍ അവ കപ്പലില്‍നിന്നും തുറമുഖത്തുനിന്നും നീക്കംചെയ്യാന്‍ വൈകി. 14 ന് ഉച്ചയ്ക്ക് 12.30ഓടെ കപ്പലില്‍ തീപ്പിടിത്തം ഉണ്ടായെന്നാണ് നിഗമനം. 12.45 ഓടെ കപ്പലില്‍നിന്ന് പുറത്തേക്ക് പുക വന്നുതുടങ്ങി. ചരക്കിറക്കുന്നതിന്റെ ചുമതലയുള്ള തുറമുഖത്തെ ജീവനക്കാര്‍ 1.45 നാണ് കപ്പലിലെ ജീവനക്കാര്‍ക്ക് അപായ സൂചന നല്‍കിയത്. തുറമുഖത്തെ പമ്പുകള്‍ ഉപയോഗിച്ച് കപ്പലിലേക്ക് വെള്ളം പമ്പുചെയ്യാനുള്ള ശ്രമം ആദ്യം നടത്തി. തീ വ്യാപിച്ചതോടെ അഗ്നിശമന സേനയെ വിവരം അറിയിച്ചു.

പതിയിരിക്കുന്ന ദുരന്തത്തെക്കുറിച്ച് അറിയാതെ അഗ്നിശമന സേനാംഗങ്ങള്‍

കപ്പലില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഉള്ളവിവരം ആദ്യഘട്ടത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ പലരും അറിഞ്ഞിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. കപ്പല്‍ പൂര്‍ണമായും കത്തിനശിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തി. കപ്പലില്‍ വലിയ ഒരു തുളയുണ്ടാക്കി അതിനെ വെള്ളത്തില്‍ മുക്കി തീകെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും പല കാരണങ്ങള്‍മൂലം അത് വിജയിച്ചില്ല. തുളയുണ്ടാക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരുന്നതും കപ്പലിന്റെ രൂപകല്‍പ്പനയിലെ സവിശേഷതകളും എല്ലാം തടസമായി.

ഉഗ്രസ്‌ഫോടനത്തിന്റെ ശബ്ദംകേട്ട് പ്രദേശവാസികള്‍ നടുങ്ങി. തുറമുഖം ലക്ഷ്യമാക്കി ജപ്പാന്‍ ആക്രമണം നടത്തിയെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചു. 

വൈകീട്ട് 3.15 ന് കപ്പലില്‍ ഉണ്ടായിരുന്ന പരുത്തിയിലേക്ക് തീ പടര്‍ന്നതോടെ വലിയ തീഗോളങ്ങള്‍ ഉയര്‍ന്നു. ഇതോടെ തീകെടുത്താനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ച് എല്ലാവരും പിന്മാറാനുള്ള നിര്‍ദ്ദേശം വന്നുവെങ്കിലും മിനിട്ടുകള്‍ക്കകം ആദ്യ സ്‌ഫോടനമുണ്ടായി. ഉഗ്രസ്‌ഫോടനത്തിന്റെ ശബ്ദംകേട്ട് പ്രദേശവാസികള്‍ നടുങ്ങി. തുറമുഖം ലക്ഷ്യമാക്കി ജപ്പാന്‍ ആക്രമണം നടത്തിയെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചു. 4.40 നാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. കപ്പലിലെ ലോഹഭാഗങ്ങള്‍ 3000 അടിവരെ ദൂരത്തേക്ക് തെറിച്ചു. ഈ സ്‌ഫോടനത്തിലാണ് അഗ്നിശമന സേനാംഗങ്ങളടക്കം നൂറുകണക്കിനു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. തുറമുഖവും സമീപത്തുണ്ടായിരുന്ന ഗോഡൗണുകളും തുറമുഖത്തിന് പുറത്തെ ചേരി പ്രദേശത്തുള്ള കുടിലുകളുമെല്ലാം കത്തിനശിച്ചു. തുറമുഖത്തിന് സമീപം താമസിച്ചിരുന്നവരെല്ലാം പരിഭ്രാന്തരായി ഓടി. എന്നാല്‍ അഗ്നിശമന സേനാംഗങ്ങള്‍ക്ക് ദുരന്ത മുഖത്തുനിന്ന് മാറാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളിലും അവര്‍ ജീവന്‍ പണയംവച്ച് തീ കെടുത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തേക്ക് തീ പടരാതെ അഗ്നിബാധ നിയന്ത്രിക്കുക എന്നതായിരുന്നു പിന്നീട് അവരുടെ ലക്ഷ്യം. അതില്‍ അവര്‍ വിജയിച്ചു.

harbour after explosion
സ്‌ഫോടനത്തില്‍ ഹാര്‍ബറിലാകെ പുക മൂടിയപ്പോള്‍ | By http://www.merchantnavyofficers.com/bomEx.html, Public Domain, https://commons.wikimedia.org/w/index.php?curid=1954019

കപ്പലില്‍ ടോര്‍പിഡോ മുതല്‍ സ്വര്‍ണക്കട്ടകള്‍ വരെ

കാനഡയില്‍ നിര്‍മിച്ച കപ്പലായ ഫോര്‍ട്ട് സ്റ്റിക്കൈന്‍ ഫെബ്രുവരി 24 നാണ് ഇംഗ്ലണ്ടിലെ ബ്രിക്കന്‍ഹെഡ്ഡില്‍നിന്ന് യാത്രതിരിക്കുന്നത്. യുദ്ധകാലം ആയിരുന്നതിനാല്‍ സ്‌ഫോടകവസ്തുക്കളും അവശ്യ വസ്തുക്കളുമെല്ലാം കുത്തിനിറച്ച നിലയിലായിരുന്നു കപ്പലിന്റെ സഞ്ചാരം. മുംബൈയില്‍ എത്തുന്നതിനുമുമ്പ് കറാച്ചിയില്‍ കപ്പല്‍ നങ്കൂരമിട്ടിരുന്നു. കറാച്ചിയിലേക്ക് എത്തിക്കാനുള്ള യുദ്ധവിമാനങ്ങളും ഗ്ലൈഡറുകളും കപ്പലില്‍ ഉണ്ടായിരുന്നു. കറാച്ചിയില്‍നിന്നാണ് മുംബൈയില്‍ എത്തിക്കുന്നതിനുള്ള പരുത്തിയും തടിയും എണ്ണനിറച്ച വീപ്പകളും അടക്കമുള്ളവ കയറ്റിയത്. 31 തടിപ്പെട്ടികളിലായി ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍നിന്നുള്ള സ്വര്‍ണക്കട്ടകളും കപ്പലില്‍ കൊണ്ടുവന്നിരുന്നു. ഉഗ്രസ്‌ഫോടനത്തില്‍ ഈ സ്വര്‍ണക്കട്ടകള്‍ പല കഷണങ്ങളായി കടലിലും വിക്ടോറിയ ഡോക്കിന് സമീപത്തും ചിതറിത്തെറിച്ചുവെന്നാണ് പറയപ്പെടുന്നത്. സ്ഫോടനത്തില്‍ കപ്പല്‍ രണ്ടായി പിളര്‍ന്നു. സ്ഫോടനശബ്ദം 80 കിലോമീറ്റര്‍ അകലെവരെ കേട്ടു.

രണ്ടാംലോക മഹായുദ്ധം തുടങ്ങുന്നതിന് മുമ്പുവരെ സ്‌ഫോടകവസ്തുക്കള്‍ കപ്പലുകളില്‍ തുറമുഖത്ത് എത്തിക്കാന്‍ നിയമം അനുവദിച്ചിരുന്നില്ല. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കപ്പലുകള്‍ പുറംകടലില്‍ നങ്കൂരമിട്ടശേഷം അവയില്‍നിന്ന് ചെറുബോട്ടുകളില്‍ അവ സുരക്ഷിതമായി തീരത്ത് എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ യുദ്ധകാലത്ത് അടിയന്തര സാഹചര്യം കണക്കിലെടുത്ത് നിയമങ്ങളില്‍ ഇളവുവരുത്തി. ഇതുകൂടാതെ യുദ്ധകാലത്ത് കപ്പലുകളിലടക്കം ഒരിഞ്ച് സ്ഥലംപോലും പാഴാക്കാതെ ആയിരുന്നു ചരക്കുനീക്കം നടത്തിയിരുന്നത്. സ്‌ഫോടക വസ്തുക്കളും പെട്ടെന്ന് തീപ്പിടിക്കുന്ന പരുത്തിയും എണ്ണയുമെല്ലാം ഓരേ കപ്പലില്‍തന്നെ കൊണ്ടുവരാന്‍ ഇടയാക്കിയത് ഇതാണ്.

കപ്പലിന്റെ പ്രൊപ്പല്ലര്‍ ഇപ്പോഴും മുംബൈയിലെ സ്‌കൂളില്‍

സ്ഫോടനത്തില്‍ തകര്‍ന്ന എസ്.എസ് ഫോര്‍ട് സ്റ്റിക്കൈന്‍ എന്ന കപ്പലിന്റെ പ്രൊപ്പല്ലറിന്റെ ഒരു കഷണം മുംബൈയിലെ സെന്റ് സേവ്യേഴ്സ് സ്‌കൂളില്‍ ഇപ്പോഴുമുണ്ട്. ഭാരമേറിയ ലോഹഭാഗം സ്ഫോടനത്തില്‍ തെറിച്ച് സ്‌കൂള്‍ പരിസരത്ത് വീഴുകയായിരുന്നു. കപ്പലിന്റെ ലോഹ ഭാഗങ്ങള്‍ക്കൊപ്പം സ്വര്‍ണക്കട്ടകളും പരിസരത്താകെ തെറിച്ചുവീണിരുന്നു. വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നതിനെ തുടര്‍ന്ന് 80,000ത്തോളം പേരാണ് പ്രതിസന്ധിയിലായത്. പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് 50,000ത്തോളം പേര്‍ തൊഴില്‍ രഹിതരായി. അഗ്‌നിശമന സേനാംഗങ്ങള്‍ മൂന്ന് ദിവസമെടുത്ത് തീ നിയന്ത്രണ വിധേയമാക്കിയശേഷം അഞ്ച് ലക്ഷം ടണ്‍ അവശിഷ്ടങ്ങളാണ് തുറമുഖത്തുനിന്നും സമീപ പ്രദേശങ്ങളില്‍നിന്നും നീക്കംചെയ്യേണ്ടിവന്നത്. 8000ത്തോളം പേര്‍ ഏഴ് മാസത്തോളം ജോലിചെയ്താണ് ഈ അവശിഷഷ്ടങ്ങള്‍ നീക്കിയത്. ബൈക്കുളയിലെ ഫയര്‍ ബ്രിഗേഡ് ആസ്ഥാനത്തിന് മുന്നില്‍ അന്നത്തെ സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അഗ്‌നിശമന സേനാംഗങ്ങള്‍ക്കായി പണികഴിപ്പിച്ച സ്മാരകം ഇന്നുമുണ്ട്.

propeller
പ്രൊപ്പല്ലറുകളുടെ ഒരു ഭാഗം വീണ സെന്റ്സേവ്യഴ്‌സ് ഹൈസ്‌കൂള്‍ | By Nicholas (Nichalp) - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=4675602

ബെയ്‌റൂട്ട് സ്‌ഫോടനത്തിന് സമാനമായ ദുരന്തം

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ 2020 ഓഗസ്റ്റില്‍ നടന്ന വന്‍ സ്‌ഫോടനത്തിന് സമാനമായ ദുരന്തത്തിനാണ് 1944 ല്‍ അന്നത്തെ ബോംബെ സാക്ഷ്യം വഹിച്ചത്. ബെയ്‌റൂട്ടില്‍ നടന്ന ഉഗ്രസ്‌ഫോടനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ബെയ്‌റൂട്ടിലെ തുറമുഖ പ്രദേശത്ത് വര്‍ഷങ്ങളായി അടഞ്ഞുകിടന്ന ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്. 218 പേര്‍ കൊല്ലപ്പെടുകയും 7000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെക്കൊണ്ട് ബെയ്‌റൂട്ടിലെ ആശുപത്രികള്‍ മുഴുവന്‍ അന്ന് നിരഞ്ഞിരുന്നു. ഉഗ്രസ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് നിരവധി പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലക്ഷക്കക്കിനുപേര്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് ഭവനരഹിതരായെന്നാണ് വിലയിരുത്തപ്പെടുന്നത്.

അവലംബം: scroll.in, TimesofIndia, News18.com, thebetterindia.com, Kannur.nic.in, blog.nationalarchives.gov.uk


content highlights: Bombay blast during British era, history of Fire and rescue service