bhopalസ്വന്തം ജീവനും കുടുംബത്തിന്റെ സൗഖ്യവും എല്ലാം മറന്നാണ് തന്റെ കർമ്മമണ്ഡലത്തിൽ നിന്നു കൊണ്ട് അന്നയാൾ പതിനായിരങ്ങളുടെ ജീവൻ രക്ഷിച്ചത്. അയാളില്ലായിരുന്നെങ്കിൽ അവിടം പതിനായിരങ്ങൾ മരിച്ചു വീണേനെ

രിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെട്ട വിഷവാതക ചോര്‍ച്ചയാണ് 37 വര്‍ഷങ്ങള്‍ക്കു മുമ്പ് ഭോപ്പാലില്‍ നടന്നത്. പിഞ്ചു കുഞ്ഞുങ്ങളടക്കം ആയിരക്കണക്കിനുപേര്‍ പിടഞ്ഞുവീണ് മരിച്ചു. കാഴ്ചശക്തിയടക്കം നഷ്ടപ്പെട്ടവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു. വാതകച്ചോര്‍ച്ച ഉണ്ടായ സമയത്ത് ഭോപ്പാല്‍ ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയ ഗോരഖ്പുര്‍ - കാണ്‍പുര്‍ എക്സ്പ്രസിലെ യാത്രക്കാര്‍ കൂടി ആ ദുരന്തത്തിന്റെ ഇരകളാകേണ്ടതായിരുന്നു. അത് സംഭവിച്ചിരുന്നുവെങ്കില്‍ മൃതദേഹങ്ങള്‍ നിറഞ്ഞ തീവണ്ടിയുടെ ചിത്രവും ഭോപ്പാല്‍ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളിലൊന്നായി മാറിയേനെ. എന്നാല്‍ തിങ്ങിനിറഞ്ഞ ആ തീവണ്ടിയിലെ മുഴുവന്‍ യാത്രക്കാരെയും ദുരന്ത ഭൂമിയില്‍നിന്ന് രക്ഷപ്പെടുത്തിയത് ഗുലാം ദസ്തഗീര്‍ എന്ന റെയില്‍വെ ജീവനക്കാരനാണ്. വിഷവാതകം നഗരത്തെ വിഴുങ്ങിത്തുടങ്ങിയെന്ന് തിരിച്ചറിഞ്ഞ ദസ്തഗീര്‍ മേലധികാരികളുടെ നിര്‍ദ്ദേശത്തിന് കാത്തുനില്‍ക്കാതെ പച്ചക്കൊടികാട്ടി ആ തീവണ്ടിയിലെ യാത്രക്കാരെ ദുരന്തഭൂമിയില്‍നിന്നും യാത്രയയച്ചു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

വിഷവാതകം ശ്വസിച്ച് അവശ നിലയിലായ ദസ്തഗീര്‍ സ്വന്തം ജീവന്‍ രക്ഷിക്കുന്നതിനെപ്പറ്റിയോ കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനെപ്പറ്റിയോ ചിന്തിക്കാതെയാണ് തീവണ്ടി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയത്. ഭോപ്പാലില്‍ മുഴുവന്‍ വിഷവാതകം നിറയുന്നതിന് തൊട്ടുമുമ്പ് ആ നഗരം വിട്ടുപോയ തീവണ്ടിയിലെ യാത്രക്കാരില്‍ പലരും എത്രവലിയ ദുരന്തത്തില്‍നിന്നാണ് ആ ഡെപ്യൂട്ടി സ്റ്റേഷന്‍ സൂപ്രണ്ട് തങ്ങളെ രക്ഷിച്ചതെന്ന് അറിഞ്ഞിട്ടുണ്ടാവില്ല.

bhopal
ഭോപ്പാൽ ദുരന്തത്തിൽ മരിച്ചവരുടെ ചിത്രങ്ങൾ ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു.
|PTI

ഭോപ്പാലില്‍ അന്ന് നടന്നത്

1984 ഡിസംബര്‍ രണ്ടിന് അര്‍ധരാത്രിയോടെയാണ് ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്ന് വിഷവാതകം ചോര്‍ന്നു തുടങ്ങിയത്. 8.5 ലക്ഷം പേര്‍ ആയിരുന്നു അന്ന് ഭോപ്പാലിലെ താമസക്കാര്‍. മീഥൈല്‍ ഐസോസയനേറ്റ് അന്തരീക്ഷത്തില്‍ വ്യാപിച്ച് തുടങ്ങിയ സമയത്ത് ഭോപ്പാല്‍ നിവാസികള്‍ മിക്കവരും ഉറക്കത്തിലായിരുന്നു. എന്തെങ്കിലും അപകടം ഉണ്ടായാല്‍ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സൈറണ്‍ ഫാക്ടറിയില്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ സൈറണ്‍ മുഴങ്ങിയില്ല. ഭോപ്പാല്‍ നിവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും ആദ്യഘട്ടത്തില്‍ ചുമയും ശ്വാസതടസവും കണ്ണുനീറ്റലും ചൊറിച്ചിലും അനുഭവപ്പെട്ടു. ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെയോടെ വിഷവാതകം ശ്വസിച്ച് അവശരായ നാട്ടുകാർ ആശുപത്രികളിലേക്ക് പാഞ്ഞെത്തിത്തുടങ്ങി. അധികം ആശുപത്രികള്‍ അന്ന് ഭോപ്പാലില്‍ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്ന രണ്ട് സര്‍ക്കാര്‍ ആശുപത്രികള്‍ നിറഞ്ഞ അവസ്ഥയിലായി. ശ്വസിക്കാനാവാതെ നിരവധിപേര്‍ ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ കൈകൂപ്പി. എന്നാല്‍ ഇത്രയധികം പേര്‍ക്ക് പെട്ടത്ത് കടുത്ത ശ്വാസതടസം അടക്കമുള്ള ബുദ്ധിമുട്ടുകള്‍ എങ്ങനെ ഉണ്ടായെന്ന് ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായില്ല. അതിനിടെ പലരും കണ്ണ് കാണാനാവാത്ത അവസ്ഥയിലായി. വ്യാവസായിക ദുരന്തങ്ങള്‍ നേരിട്ട് പരിചയമില്ലാത്ത ഡോക്ടര്‍മാര്‍ എന്തുചെയ്യണമെന്ന് അറിയാതെ ബുദ്ധിമുട്ടി. വിഷവാതക ദുരന്തത്തിന്റെ ഇരകളാണ് തങ്ങള്‍ക്ക് മുന്നിലുള്ളത് എന്ന് ഡോക്ടര്‍മാര്‍ വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. 50,000 പേരാണ് വിഷവാതകം ശ്വസിച്ച് അവശരായ നിലയില്‍ അന്ന് ഭോപ്പാലിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലും എത്തിയത്.

bhopal
അടച്ചു പൂട്ടിയ യൂണിയൻ കാർബൈഡ് ഫാക്ടറിയുടെ ഇന്നത്തെ അവസ്ഥ PTI

ഔദ്യോഗിക രേഖകള്‍ പ്രകാരം മരണം 3787

ഔദ്യോഗിക രേഖകള്‍ പ്രകാരം 3787 പേരാണ് ഭോപ്പാല്‍ വിഷവാതക ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ദുരന്തത്തില്‍ 8000 മുതല്‍ 10,000 പേര്‍ വരെ കൊല്ലപ്പെട്ടുവെന്നാണ് ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് നീതി ഉറപ്പാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ പറയുന്നത്. 5,58,125 പേര്‍ക്ക് വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്നാണ് 2006 ല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നത്. ഇതില്‍ 3900 പേര്‍ക്ക് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോ സ്ഥിരമായ അംഗവൈകല്യമോ ഉണ്ടായി. ഫാക്ടറിക്ക് തൊട്ടടുത്തുള്ള ഗ്രാമങ്ങളിലും ചേരികളിലും താമസിച്ചിരുന്നവരാണ് മരിച്ചവരിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നവരിലും അധികവും.

ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് അക്കാലത്ത് വിശേഷിപ്പിക്കപ്പെട്ട വിഷവാതക ചോര്‍ച്ച ഉണ്ടായ നഗരത്തില്‍ അധിവസിച്ചിരുന്ന ജനങ്ങള്‍ നേരിട്ട ദുരിതങ്ങളാണ് ഇതുവരെ വിവരിച്ചത്. ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയെപ്പറ്റി കേട്ടുകേള്‍വി പോലും ഉണ്ടാകാന്‍ സാധ്യതയില്ലാത്ത നൂറുകണക്കിനു പേരും അന്ന് വിഷവാതക ദുരന്തത്തിന്റെ ഇരകള്‍ ആകേണ്ടതായിരുന്നു. വിഷവാതകം ചോര്‍ന്നുതുടങ്ങിയ അതേസമയത്ത് ഭോപ്പാല്‍ ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനിലേക്ക് തിങ്ങിനിറഞ്ഞ അവസ്ഥയിലെത്തിയ ഗോരഖ്പുര്‍ - കാണ്‍പുര്‍ എക്സ്പ്രസിലെ യാത്രക്കാരാണ് രാത്രിയുടെ നിശബ്ദതയില്‍ ദുരന്ത മുഖത്തേക്ക് വന്നുചേര്‍ന്നത്. എന്നാല്‍ ഒരു റെയില്‍വെ ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടല്‍ മൂലം അവരെല്ലാം മരണത്തില്‍നിന്നും വന്‍ദുരന്തത്തിന്റെ തീരാവേദനകളില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

bhopal
ഭോപ്പാൽ ദുരന്ത സ്മാരകം | PTI

ആയിരങ്ങളെ ദുരന്ത മുഖത്തുനിന്ന് രക്ഷപ്പെടുത്തിയ ഗുലാം ദസ്തഗീര്‍

 

ഭോപ്പാല്‍ ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനിലെ ഡെപ്യൂട്ടി സ്റ്റേഷന്‍ സൂപ്രണ്ടായിരുന്നു ഗുലാം ദസ്തഗീര്‍. കുറച്ചു ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന് രാത്രി വൈകിയും റെയില്‍വെ സ്റ്റേഷനിലുള്ള തന്റെ ഓഫീസില്‍ തുടരേണ്ടി വന്നു. പുലര്‍ച്ചെ ഒരു മണിയായിട്ടും ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിനിടെ ഗോരഖ്പുര്‍ - കാണ്‍പുര്‍ എക്സ്പ്രസ് സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്ക് എത്തിയത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിന്നാലെ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹത്തിന് അസ്വസ്ഥതകള്‍ തോന്നിത്തുടങ്ങിയത്. കണ്ണ് നീറുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും തൊണ്ടയില്‍ അസ്വസ്ഥത തോന്നുകയും ചെയ്തു. വിഷവാതകം ഭോപ്പാല്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെയും മൂടിത്തുടങ്ങുകയാണെന്ന് ആദ്യഘട്ടത്തില്‍ ദസ്താഗീറിന് മനസിലായില്ല. എന്നാല്‍ കാര്യമായ എന്തോ പ്രശ്‌നമുണ്ടെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചുപോയി.

സ്റ്റേഷന്‍ മാസ്റ്റര്‍ ഹരീഷ് ധുര്‍വയെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അതിനിടെ, ഭോപ്പാലില്‍ എന്തോ പ്രശ്‌നമുണ്ടെന്നും ഇവിടേക്ക് തീവണ്ടികളൊന്നും കടത്തിവിടരുതെന്നും സമീപത്തുള്ള വിദിഷ, ഇറ്റാര്‍സി സ്റ്റേഷനുകളിലെ അധികൃതരോടും മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥരോടും അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാല്‍ ഇതേസമയം യാത്രക്കാര്‍ തിങ്ങിനിറഞ്ഞ നിലയില്‍ ഗോരഖ്പുര്‍ - കാണ്‍പുര്‍ എക്‌സ്പ്രസ് സ്റ്റേഷനില്‍ നില്‍ക്കുന്നുണ്ടായിരുന്നു. 20 മിനിട്ടിനു ശേഷമാണ് ട്രെയിന്‍ പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ ദസ്തഗീര്‍ ഉടന്‍തന്നെ തന്റെ സഹപ്രവര്‍ത്തകരോട് ആശയവിനമയം നടത്തുകയും ഗോരഖ്പുര്‍ - കാണ്‍പുര്‍ എക്‌സ്പ്രസ് ഉടന്‍ സ്റ്റേഷന്‍വിട്ട് പോകാനുള്ള നടപടി സ്വീകരിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് സഹപ്രവര്‍ത്തകര്‍ യോജിച്ചില്ല. മുകളില്‍നിന്ന് ഉത്തരവ് വന്നശേഷം മാത്രം തീവണ്ടിക്ക് യാത്രതുടരാനുള്ള അനുമതി നല്‍കിയാല്‍ മതിയെന്ന് സഹപ്രവര്‍ത്തകര്‍ നിലപാടെടുത്തു.

എന്നാല്‍ അപകടം മുന്നില്‍ക്കണ്ട ദസ്തഗീര്‍ തീവണ്ടി യാത്ര പുറപ്പൈന്‍ ഉടന്‍ അനുമതി നല്‍കണമെന്ന് ശഠിച്ചു. മുകളില്‍നിന്നുള്ള നിര്‍ദ്ദേശത്തിന് കാത്തുനില്‍ക്കാതെ തീവണ്ടിക്ക് യാത്രപുറപ്പൈന്‍ അനുമതി നല്‍കുന്നതുകൊണ്ട് എന്ത് പ്രശ്‌നം ഉണ്ടായാലും അതിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുത്തുകൊള്ളാമെന്ന് അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി. ദസ്തഗീര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ സ്റ്റേഷന്‍ അധികൃതര്‍ തീവണ്ടിക്ക് യാത്രാനുമതി നല്‍കി. അതോടെ വിഷവാതകം മൂടിത്തുടങ്ങിയ ഭോപ്പാല്‍ നഗരത്തില്‍ കുടുങ്ങിപ്പോകാതെ തീവണ്ടിയിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 20 മിനിട്ടുകൂടി ആ തീവണ്ടി ഭോപ്പാല്‍ ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്നുവെങ്കില്‍ അതില്‍ തിങ്ങിനിറഞ്ഞ യാത്രക്കാരില്‍ നിരവധിപേര്‍ക്ക് ജീവന്‍തന്നെ നഷ്ടപ്പെടുമായിരുന്നു. പലര്‍ക്കും ജീവിതകാലം മുഴുവനും വിഷവാതക ദുരന്തത്തിന്റെ കടുത്ത ദുരിതം നേടിടേണ്ടിവരുമായിരുന്നു.

സ്റ്റേഷന്‍ മാസ്റ്ററുമായി ബന്ധപ്പെടാന്‍ ദസ്തഗീറിന് കഴിയാതിരുന്നത് എന്തുകൊണ്ട് ?

gulam dasthagir
ഗുലാം ദസ്തഗീർ | Photo courtesy : BBC

അപകടത്തിന്റെ ആദ്യസൂചന ലഭിച്ചപ്പോള്‍തന്നെ സ്റ്റേഷന്‍ മാസറ്റര്‍ ഹരീഷ് ധുര്‍വെയുമായി ആശയവിനിമയം നടത്താന്‍ ശ്രമിച്ച ദസ്തഗീറിന് അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയുമ്പോഴാണ് വിഷവാതകം റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് എത്രയധികം വ്യാപിച്ചിരുന്നുവെന്ന് വ്യക്തമാകുന്നത്. അപകടസൂചന ലഭിച്ച സ്റ്റേഷന്‍ മാസ്റ്ററും ഉടന്‍തന്നെ ഉന്നത റെയില്‍വെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് ഭോപ്പാലിലേക്ക് തീവണ്ടികളൊന്നും അയയ്ക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ അദ്ദേഹം തന്റെ ഓഫീസ് മുറിയില്‍ കുഴഞ്ഞുവീണു. ഗോരഖ്പുര്‍ - കാണ്‍പുര്‍ എക്‌സ്പ്രസിലെ ജീവനക്കാരുടെ മുഴുവന്‍ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം ദസ്തഗീര്‍ നടത്തുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥന്‍ ആയിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ ഹരീഷ് ധുര്‍വെ അടക്കം 23 സഹപ്രവര്‍ത്തകര്‍ വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നു. ശ്വാസതടസം മൂലം സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ദസ്തഗീര്‍ ഗോരഖ്പുര്‍ - കാണ്‍പുര്‍ എക്‌സ്പ്രസിലെ യാത്രക്കാരെ ദുരന്ത മുഖത്തുനിന്ന് രക്ഷപ്പെടുത്തിയതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ അതിനുശേഷവും അദ്ദേഹത്തിന് സ്വന്തം കുടുംബത്തെ തേടി പോകാനോ ചികിത്സ തേടാനോ കഴിഞ്ഞില്ല.

bhopal
യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിക്ക് മുന്നില്‍ സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച ഗ്രീന്‍പീസ് സന്നദ്ധ പ്രവര്‍ത്തകന്‍. 2005 ല്‍ പകര്‍ത്തിയ ചിത്രം. Photo - PTI

അപ്പോഴേക്കും വിഷവാതകം ശ്വസിച്ച് അവശരായ നിരവധിപേര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിയെത്തി തുടങ്ങിയിരുന്നു. ഇതോടെ അടിയന്തര വൈദ്യസഹായം അടക്കം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം റെയില്‍വെ അധികൃതരുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ അഭ്യര്‍ഥന പ്രകാരം ആംബുലന്‍സുകളും റെയില്‍വെ ഡോക്ടര്‍മാരും അടക്കമുള്ളവര്‍ ഭോപ്പാല്‍ ജംഗ്ഷനിലെത്തി അവശനിലയില്‍ അവിടെയുള്ളവരെ പരിചരിച്ചു. വൈകാതെതന്നെ റെയില്‍വെ സ്റ്റേഷന്‍ ഒരു വലിയ ആശുപത്രിക്ക് സമാനമായ നിലയിലായി മാറിയിരുന്നു. അവശനിലയില്‍ അവിടെ എത്തിയവരെ പരിചരിക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചുകൊണ്ട് ദസ്തഗീര്‍ അവിടെതന്നെ തുടര്‍ന്നു.

അതിനിടെ വിഷവാതകം അദ്ദേഹത്തിന്റെ മകന്റെ ജീവനും കവര്‍ന്നെടുത്തിരുന്നു. മറ്റൊരു മകനെ ജീവിതകാലം മുഴുവനും ഗുരുതരമായ ത്വക്ക് രോഗം പിന്‍തുടര്‍ന്നു. വിഷവാതകം ശ്വസിച്ചതുമൂലം തൊണ്ടയില്‍ ഉണ്ടായ മുഴയുടെ ചികിത്സയ്ക്കായി 19 വര്‍ഷമാണ് ദസ്തഗീറിന് ആശുപത്രികളില്‍ കയറിയിറങ്ങേണ്ടിവന്നത്. 2003 ല്‍ അദ്ദേഹം മരിച്ചു.

മീഥൈല്‍ ഐസോസയനേറ്റ് ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹം നേരിട്ടിരുന്നുവെന്ന് മരണ സര്‍ട്ടിഫിക്കറ്റിലടക്കം വ്യക്തമാക്കിയിട്ടുണ്ട്.

bhopal
വിഷവാതക ദുരന്തമുണ്ടായ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ ഒരുഭാഗം. Photo - AP

ദുരന്തത്തിന്റെ പാടുകള്‍ മൂന്നാം തലമുറയിലും

വിഷവാതക ദുരന്തം ബാക്കിവച്ച ചിലത് ഭോപ്പാലിലെ ജനങ്ങളുടെ മൂന്നാം തലമുറയിലെ കുട്ടികളെയും പിടികൂടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രം സംഭവിക്കുന്നു. കേള്‍വിയോ സംസാരശേഷിയോ ഇല്ലാത്ത കുട്ടികള്‍ നിരവധി ജനിക്കുന്നു തുടങ്ങിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

ആന്‍ഡേഴ്‌സണിന്റെ അറസ്റ്റും വിവാദങ്ങളും

bhopal
കമ്പനി ഉടമ വാരൻ
ആൻഡേഴ്സൺ | photo : AP

യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ആഗോള ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സണ്‍ പിന്നീട് അറസ്റ്റിലായെങ്കിലും മണിക്കൂറുകള്‍ക്കകം അദ്ദേഹത്തെ വിട്ടയച്ചതും തൊട്ടുപിന്നാലെ ആന്‍ഡേഴ്‌സണ്‍ രാജ്യം വിട്ടതും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ദുരന്തം ഉണ്ടായി നാലു ദിവസം കഴിഞ്ഞാണ് ആന്‍ഡേഴ്‌സണ്‍ ഭോപ്പാലില്‍ എത്തുന്നത്. പിന്നാലെ അറസ്റ്റിലായ ആന്‍ഡേഴ്‌സണെ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അധികൃതര്‍ തടഞ്ഞുവച്ചത്. ആ മുറിയില്‍നിന്ന് ഫോണ്‍ നീക്കം ചെയ്യാതിരുന്നതിനാലാണ് ആന്‍ഡേഴ്‌സണ്‍ രക്ഷപ്പെടാന്‍ ഇടയായതെന്ന് അന്നത്തെ ഭോപ്പാല്‍ കളക്ടര്‍ മോട്ടി സിങ് പറയുന്നു. ആ ഫോണിലൂടെ ആന്‍ഡേഴ്‌സണ്‍ അമേരിക്കയിലെയും ഇന്ത്യയിലെയും ഉന്നതരുമായി ആശയവിനിമയം നടത്തി. തുടര്‍ന്നുണ്ടായ വന്‍ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തിന് രാജ്യം വിടാന്‍ കഴിഞ്ഞത്. രാജ്യംവിട്ട ആന്‍ഡേഴ്‌സണ്‍ പിന്നീട് ഒരിക്കലും ഇന്ത്യയില്‍ തിരിച്ചെത്തുകയോ കോടതി നടപടികള്‍ നേരിടുകയോ ചെയ്തില്ല.

റെയില്‍വെ സ്റ്റേഷനിലെ സ്മാരകം

ഭോപ്പാല്‍ വിഷവാതക ദുരന്തം നടന്ന ദിവസം ഡ്യൂട്ടിക്കിടെ മരിച്ചവ റെയില്‍വെ ജീവനക്കാരുടെ ഓര്‍മ്മയ്ക്കായി ഭോപ്പാല്‍ ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ പിന്നീട് ഒരു സ്മാരകം നിര്‍മ്മിച്ചു. എന്നാല്‍ വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടശേഷം പിന്നീട് മരിച്ച ദസ്തഗീറിന്റെ പേര് സ്മാരകത്തില്‍ ഇല്ല എന്നതാണ് ദുഃഖകരം.

അവലംബം: Mathrubhumi archives, IndiaToday, Britannica.com, The BetterIndia

content highlights: Bhopal Tragedy and the Station master who saved lives of Thousands