ചൂടുകാലത്ത് എല്‍ പി ജി സിലിണ്ടറുകള്‍ ബോംബ് പോലെ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന വാട്ട്‌സ് ആപ്പ് സന്ദേശം ഇതിനോടകം തന്നെ പലര്‍ക്കും കിട്ടിയിട്ടുണ്ടാകം. എന്നാല്‍ ഇതിലെന്തെങ്കിലും വാസ്തവമുണ്ടോ? ഐക്യരാഷ്ട്രസംഘടനയുടെ ദുരന്തലഘൂകരണവിഭാഗം മേധാവി മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം.

എല്‍ പി ജി സിലിണ്ടര്‍ ബോംബാകുമോ?

ചൂട് കൂടി വരുന്നതോടെ വാട്ട്‌സ് ആപ്പ് ശാസ്ത്രജ്ഞരും ചൂടായിക്കഴിഞ്ഞു.

'താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയൊരപകടം നിങ്ങളുടെ വീടുകളില്‍ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായ തോതില്‍ കൂടുമ്പോള്‍ പാചകത്തിന് ഉപയോഗിക്കുന്ന LPG സിലിണ്ടറില്‍ മര്‍ദ്ദം കൂടുകയും ഒരു ബോബ് ആയി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്'ഇതാണ് ഏറ്റവും പുതിയ വാട്ട്‌സ് ആപ്പ് ശാസ്ത്രം..

ചൂട് കൂടുമ്പോള്‍ ഒരു വാതകം വികസിക്കും എന്നത് ശാസ്ത്രമാണ്. അതും സിലിണ്ടര്‍ പോലെ കൃത്യമായ വ്യാപ്തമുള്ള ഒരു സംവിധാനത്തിലാകുമ്പോള്‍ മര്‍ദ്ദം കൂടും, ശാസ്ത്രമാണ്. പക്ഷെ സാധാരണ മുപ്പത് ഡിഗ്രി ചൂടുള്ള കേരളത്തില്‍ ചൂട് നാല്‍പത് ആകുമ്പോള്‍ സിലിണ്ടര്‍ ബോംബ് ആകുമോ എന്നതാണ് ചോദ്യം.

തീര്‍ച്ചയായും ഇല്ല എന്നതാണ് ഉത്തരം. കാരണം ഇതിന് കൃത്യമായ ഒരു ശാസ്ത്രമുണ്ട്. ഈ സിലിണ്ടര്‍ ഡിസൈന്‍ ചെയ്യുന്നത് തന്നെ ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള, പൂജ്യം ഡിഗ്രിക്ക് താഴെയുള്ള, സ്ഥലങ്ങളിലും, ഏറ്റവും ചൂടുള്ള, അതായത് ഓരോ വേനലിലും ആഴ്ചകളോളം നാല്‍പത് ഡിഗ്രിക്ക് മുകളില്‍ ചൂട് പോകുന്നതുമായ കാലാവസ്ഥയെ മനസ്സിലാക്കിയിട്ടാണ്. അപ്പോള്‍ കേരളത്തില്‍ താപനില മുപ്പതുള്ളിടത്ത് മുപ്പത്തഞ്ചോ നാല്‍പതോ ആയാലൊന്നും അടുക്കളയില്‍ ബോംബ് നിര്‍മ്മാണം ഉണ്ടാവില്ല. ആ പ്രതീക്ഷ വേണ്ട.

അത് മാത്രമല്ല, ഞങ്ങള്‍ എന്‍ജിനീയര്‍മാര്‍ ഒരു വീടോ, പാലമോ, ടാങ്കോ, മര്‍ദ്ദമുള്ള പൈപ്പോ ഡിസൈന്‍ ചെയ്യുന്നത് കൃത്യം അതില്‍ വരുന്ന ഭാരമോ മര്‍ദ്ദമോ മാത്രം നോക്കിയിട്ടല്ല, സാധാരണ നമ്മള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതിന്റെ ഇരുന്നൂറോ മുന്നൂറോ ശതമാനം ഭാരമോ മര്‍ദ്ദമോ വന്നാലും അതിനെ പ്രതിരോധിക്കാനുള്ള ശക്തിയും ആയിട്ടാണ്. എന്‍ജിനീയറിങ്ങില്‍ അതിന് 'Factor of Safety' എന്ന് പറയും. നമ്മുടെ കേളന്‍ കോണ്‍ട്രാക്ടര്‍മാര്‍ കമ്പിയിലും സിമന്റിലും അത്യാവശ്യം തട്ടിപ്പൊക്കെ കാണിച്ചിട്ടും നമ്മുടെ പാലങ്ങള്‍ കുലുങ്ങാതെ നില്‍ക്കുന്നത് ഈ ഫാക്ടര്‍ ഓഫ് സേഫ്റ്റി മുന്‍കൂര്‍ ഇട്ടതുകൊണ്ടാണ് (അതിന് വേണ്ടിയിട്ടല്ല അത് ചെയ്യുന്നതെങ്കില്‍ പോലും).

ചൂടുകാലം സൂര്യഘാതം തടയുന്നത് മുതല്‍ കാട്ടുതീ തടയുന്നതു വരെ പല കാര്യങ്ങളിലും ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്. 
Kerala State Disaster Management Authority - KSDMA കേരള ഡിസാസ്റ്റര്‍ മാനേജമെന്റ് അതോറിറ്റി ഒക്കെ അതിന് സമയാസമയങ്ങളില്‍ നല്ല നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ആവശ്യമെന്ന് കണ്ടാല്‍ തീര്‍ച്ചയായും ഞാനും ഈ വിഷയം എഴുതാം. വാട്ട്‌സ് ആപ്പ് ശാസ്ത്രം വായിച്ചു പേടിക്കേണ്ട കാര്യം ഒന്നുമില്ല.

മുരളി തുമ്മാരുകുടി

content highlights: fake whatts app message claiming exploding of lpg cylinder, muralee thummarukudy