ച്ചര വാര്യരും മകന്‍ രാജനും. ഇരുവരേയും ഓര്‍മ്മിക്കാന്‍ അടിയന്തരാവസ്ഥയുടെ ഈ വാര്‍ഷിക ദിനങ്ങളാണ് അനുയോജ്യം. അന്ന് രാജനെ കസ്റ്റഡിയിലെടുത്ത പോലീസ്, ഉരുട്ടിക്കൊന്ന് ഇല്ലാതാക്കി കക്കയം കാടിനകത്തെ ഉരക്കുഴിയില്‍നിന്ന് താഴേക്കെറിഞ്ഞെന്ന് ചരിത്രം.

അടിയന്തരാവസ്ഥയ്ക്ക് നാല്‍പ്പത്തി അഞ്ച് വയസ്സ് തികയുമ്പോള്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് ഒരു വാര്‍ത്ത. ലോക്ക്ഡൗണ് ലംഘനത്തിന് അറസ്റ്റിലായ അച്ഛനും മകനും റിമാന്‍ഡില്‍ കഴിയവെ മരിച്ചു. അവര്‍ മരിച്ചതല്ല കൊന്നതാണെന്ന് വിവരങ്ങള്‍ പുറത്തു വരുന്നു.

പൗരവാകാശങ്ങള്‍ റദ്ദ് ചെയ്ത് പോലീസും അധികാരവും സംഹാര താണ്ഡവമാടിയ കാലത്തിന്റെ നാല്‍പ്പത്തി അഞ്ചാം വാര്‍ഷികത്തില്‍, നാടും നഗരവും അടച്ചിട്ട് നമ്മള്‍ ഒരു സൂക്ഷ്മജീവി ഉയര്‍ത്തുന്ന വെല്ലുവിളിയെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്.

jayarajan and bennix

ആ ശ്രമത്തിനിടയിലാണ് ഒരു അച്ഛനേയും മകനേയും, അവരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ചുമതലപ്പെട്ട പോലീസ് ക്രൂരമായി മര്‍ദ്ദിച്ചും ഉരുട്ടിയും മലദ്വാരത്തില്‍ കമ്പി കയറ്റിയുമെല്ലാം പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ലോക്ക്ഡൗണ്‍ ലംഘിച്ചു എന്നതാണ് ഈ അച്ഛനും മകനും ചെയ്ത കുറ്റം.

ജൂണ് 19നാണ് സംഭവത്തിന്റെ തുടക്കം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രകാരം അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും കടയടച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ജയരാജന്‍ എന്ന 59 വയസ്സുള്ള വ്യാപാരിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മരവ്യാപാരിയും മൊബൈല്‍ കടയുടമയുമാണ് ജയരാജന്‍.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. അവിടെ സാത്താങ്കുളം എന്ന സ്ഥലത്താണ് ഇതെല്ലാം നടക്കുന്നത്. അച്ഛനെ പോലീസ് പിടിച്ചതറിഞ്ഞ് എത്തിയ ബെന്നിക്‌സ് കണ്ടത് പോലീസുകാര്‍ ജയരാജനെ മര്‍ദ്ദിക്കുന്നതാണ്.

പോലീസിനെ ആക്രമിച്ചു, അസഭ്യം വിളിച്ചു എന്നു പറഞ്ഞ് ബെന്നിക്‌സ് എന്ന 31 വയസ്സുകാരനെയും പോലീസ് കസ്റ്റഡിയില്‍ വച്ചു. പിന്നീട്, അതിക്രൂരവും പ്രാചീനവുമായ പോലീസ് അതിക്രമത്തിന് ഇരുവരും വിധേയരായി എന്ന് സൂചിപ്പിക്കുന്നു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലും ഉരുട്ടലിലും ആന്തരിക അവയവങ്ങള്‍ക്ക് വരെ ക്ഷതം സംഭവിച്ചു. ഇരുമ്പുകമ്പി ഉപയോഗിച്ച് മലദ്വാരത്തില്‍ ഉള്‍പ്പെടെ മുറിവേല്‍പ്പിച്ചു തുടങ്ങിയ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വരുന്നു.

രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ച ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോവിഡ് സാഹചര്യം ആയതിനാല്‍  മജിസ്‌ട്രേട്ട് ഇരുവരേയും നേരിട്ട് കാണാതെ തന്നെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിറക്കി എന്ന ആരോപണം ഹ്യൂമണ്‍ റൈറ്റ് വാച്ച് ഉന്നയിച്ചിട്ടുണ്ട്.

ദേഹപരിശോധനയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ രക്തസ്രാവം കാരണം പല തവണ ജയരാജന്റേയും ബെന്നിക്‌സിന്റെയും വസ്ത്രങ്ങള്‍ മാറ്റേണ്ടി വന്നിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.

തിങ്കളാഴ്ച ഉച്ചയോടെ സബ്ജയിലില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ബെന്നിക്‌സിനെ  ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ മരിച്ചു. കടുത്ത പനിയും ശ്വാസ തടസ്സവവും അനുഭവപ്പെട്ട ജയരാജനെയും ആശുപത്രിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന്  മരിച്ചു.

ഇരുവരും ജയിലിലേക്ക് വരുമ്പോള്‍ത്തന്നെ അവശരായിരുന്നുവെന്ന് ജയിലധികൃതരുടെ മൊഴിയുണ്ട്. ഒരു പക്ഷേ ജയരാജന്റെ മകന്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് അച്ഛന്റെ അറസ്റ്റിനെ ചോദ്യം ചെയ്തിരിക്കണം. അതാവാം അതിക്രൂരമായ പോലീസ് തേര്‍വാഴ്ചയിലേക്ക് നയിച്ചത്.

തമിഴ്‌നാട് ഒരു പോലീസ് സ്റ്റേറ്റാണ്. നമ്മള്‍ കേരളത്തിലൊന്നും കാണാത്ത പല സവിശേഷ അധികാരങ്ങളും തമിഴ്‌നാട്ടിലെ പോലീസിന്റെ നടപടികളില്‍ കാണാം. അതേക്കുറിച്ച് വിശദമായി പറയും മുന്‍പ് ക്രൂരമായ കസ്റ്റഡി കൊലപാതകത്തിന് ശേഷം തൂത്തുക്കുടിയില്‍ നടന്നത് എന്ത് എന്ന് നോക്കാം.

വ്യാപാരികള്‍ കടകളടച്ച് പോലീസ് സ്റ്റേഷന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. മണിക്കൂറുകളോളം അവരവിടെ കുത്തിയിരുന്നു. ജയരാജന്റെയും ബെന്നിക്‌സിന്റെയും ബന്ധുക്കളും സമരത്തില്‍ അണിചേര്‍ന്നു.

jayarajan and bennix
ജയരാജന്റെയും ബെന്നിക്‌സിന്റെയും മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍നിന്ന്.

ഡി.എം.കെ. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രശ്‌നം ഏറ്റെടുത്തു. കനിമൊഴി എംപിയുടെ മണ്ഡലമാണ് തൂത്തുക്കുടി അവര്‍ സജീവമായി ഇടപെട്ടു. സര്‍ക്കാരിനും പോലീസിനും എതിരെ ജനവികാരം ആളിക്കത്തി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ഹര്‍ജി വന്നു. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മൂന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനും കോടതി നിര്‍ദേശിച്ചു. ഈ സമയം കൊണ്ട് എസ്.ഐ. ഉള്‍പ്പെടെ രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ആ സ്റ്റേഷനിലെ ബാക്കി എല്ലാ പോലീസുകാരെയും സ്ഥലം മാറ്റി.

പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ സമരം ചെയ്തു. അവര്‍ മൃതദേഹം ഏറ്റുവാങ്ങിയില്ല. പിന്നീട് മജിസ്‌ട്രേട്ട് തലത്തില്‍ തന്നെ ഇടപെടലുണ്ടായി. മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം ഈ വരികള്‍ എഴുതിക്കൊണ്ടിരിക്കുന്ന സമയം വരെ പോലീസിലെ ആര്‍ക്കുമെതിരെ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. സമരം തുടരുന്നു.

jayarajan and bennix
ജയരാജന്റെയും ബെന്നിക്‌സിന്റെയും മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍നിന്ന്.

കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇരുപത് ലക്ഷം രൂപയും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും പ്രഖ്യാപിച്ചു. ഡി.എം.കെ. 25 ലക്ഷം രൂപ ബന്ധുക്കള്‍ക്ക് കൈമാറി. കനിമൊഴി എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

kanimozhi
ജയരാജന്റെയും ബെന്നിക്‌സിന്റെയും കുടുംബാംഗങ്ങളെ കനിമൊഴി എം.പി. സന്ദര്‍ശിച്ചപ്പോള്‍.

അണ്ണാ ഡിഎംകെയും 25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. ഇതെല്ലാം കൊണ്ട് നികത്താനാകുമോ പോലീസിന്റെ അനീതിയെ?. തമിഴ്‌നാട്ടില്‍ സിനിമാ - സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ ജയരാജിനും ബെന്നിക്‌സിനും നീതി ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ ക്യാംപെയിന്‍ നടത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും തന്നെ ആളുകള്‍ ഈ കൊടും അനീതിക്കെതിരെ ശബ്ദമുയര്‍ത്തിത്തുടങ്ങിയിട്ടില്ല.

ഒരു കാര്യം ഇപ്പഴേ ഉറപ്പ് പറയാം. ഈ കേസില്‍ ഒരു പോലീസുകാരന്‍ പോലും ശിക്ഷിക്കപ്പെടാന്‍ സാധ്യതയില്ല. തമിഴ്‌നാടിന്റെ രാഷ്ട്രീയവും സമീപകാല രാഷ്ട്രീയ ചരിത്രവും അതാണ്. നിങ്ങള്‍ തൂത്തുക്കുടി വെടിവെപ്പ് ഓര്‍ക്കുന്നില്ലെ? 13 മനുഷ്യരെ തെരുവില്‍ കൊന്നു തള്ളിയ ആ വൈകുന്നേരം പക്ഷേ ഭരണകൂടം സൗകര്യ പൂര്‍വ്വം മറന്നു.

വേദാന്ത കമ്പനിയുടെ ചെമ്പ് ശുദ്ധീകരണശാലയായ സ്റ്റെര്‍ലൈറ്റ് പ്ലാന്റിലെ മലിനീകരണത്തിനെതിരെ ഇരുപതിനായിരത്തോലം ജനങ്ങള്‍ സംഘടിച്ച് പ്രതിഷേധിച്ചു. കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് അക്രമാസക്തമായി എന്ന് പറഞ്ഞ് മനുഷ്യരുടെ നെഞ്ചും തലയും നോക്കി വെടിവെച്ച് പോലീസ് നരനായാട്ട് നടത്തി.

പിറ്റേന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് ഞങ്ങള്‍ (മാതൃഭൂമി വാര്‍ത്താ സംഘം) തൂത്തുക്കുടി കലക്ടേറ്റിന് മുന്നില്‍ എത്തിയത്. തളംകെട്ടിയ ചോരപ്പാടുകളുള്ള ഒരുപാട് ചെരുപ്പുകള്‍ അവിടെ ചിതറിക്കിടന്നു. ജില്ലാ ആശുപത്രിക്ക് മുന്നിലെ കൂട്ടക്കരച്ചില്‍, പിന്നെയും നടന്ന വെടിവെപ്പില്‍ ജീവനറ്റവരേയും താങ്ങി വന്നവര്‍.

18കാരി മിടുക്കി സ്‌നോലിനും ആ വെടിവെപ്പില്‍ കൊല്ലപ്പെട്ടതാണ്. അവളുടെ കൂടെ സമരത്തിന് പോയ അമ്മയെ കണ്ടിരുന്നു. വനിത എന്നായിരുന്നു അവുടെ പേര്. കണ്ണീരോടെ അവര്‍ പറഞ്ഞ ആ സമര ദൃശ്യം അത്ര പെട്ടെന്ന് ആ ജനതയുടെ മനസ്സില്‍ നിന്ന് മായില്ല.

പക്ഷേ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടില്ല. ആദ്യം അരുണാ ജഗദീഷന് കമ്മീഷനും ഇപ്പോള്‍ സി.ബി.ഐ.യും അന്വേഷിക്കുന്നു. രണ്ട് വര്‍ഷം കഴിഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ ആയിട്ടില്ല.

മുന്നറിയിപ്പ് പോലും നല്‍കാതെ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്ത പോലീസുകാര്‍ പ്രമോഷനും വാങ്ങി പലയിടങ്ങലിലായി തൊഴിലെടുക്കുന്നു. പരമക്കുടിയില്‍ ദളിതര്‍ക്ക് നേരെ നടന്ന വെടിവെപ്പിലും സമാന സ്ഥിതിയാണ്. ഇതുവരെ പോലീസുകാര്‍ക്കെതിരെ നടപടിയില്ല

''ഇതൊരു ഇരട്ടക്കൊലപാതകമാണ്. അതിക്രൂരമായാണ് അച്ഛനും സഹോദരനും പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ഒരു സ്ത്രീയെന്ന നിലയില്‍ ഈ കുറ്റകൃത്യം വിവരിക്കാന്‍ പോലും ഞാന്‍ അശക്തയാണ്. ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി നടപടിയെടുക്കാതെ പ്രതിഷേധത്തില്‍ നിന്ന് അല്‍പ്പം പോലും പിന്നോട്ടു പോകില്ല-ആര്‍ജ്ജവത്തോടെ പറയുന്നുണ്ട് ജയരാജന്റെ മകള്‍, ബെന്നിക്‌സിന്റെ സഹോദരി പെര്‍സിസ്. 'ദൈവത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ്. നീതി ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.' അവള്‍ ഇങ്ങനെ കൂടിപ്പറഞ്ഞു.

jayarajan and bennix
ജയരാജന്റെയും ബെന്നിക്‌സിന്റെയും മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍നിന്ന്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച കാലത്ത് കണ്ണൂരിലെ അഴിയൂരില്‍ നിന്ന് കണ്ട ഒരു ദൃശ്യം ഓര്‍മ്മയില്ലേ എസ്.പി. യതീഷ് ചന്ദ്ര ആളുകളെക്കാണ്ട് ഏത്തം ഇടീക്കുന്ന ദൃശ്യം. അന്ന് മാത്രമേ കേരളത്തില്‍ അത് നടന്നുള്ളു.

പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല അത്തരം നടപടികളെന്ന് കേരള സമൂഹം ആ പോലീസുകാരനെ പഠിപ്പിച്ചു. പക്ഷേ തമിഴ്‌നാട്ടില്‍ അങ്ങനല്ല. ലോക്ക്ഡൗണ്‍ തുടങ്ങിയത് മുതല്‍ ഇന്ന് വരെ തുടരുന്ന നടപടിയാണത്.

ഇതൊന്നുമല്ല രീതിയെന്നും ഇതൊക്കെ ചെയ്യിക്കാനുള്ള അനുമതി പോലീസുകാരന് ജനാധിപത്യം നല്‍കുന്നില്ലെന്നും പോലീസും തമിഴ്‌നാട്ടിലെ ജനങ്ങളും മനസ്സിലാക്കിയിട്ടില്ല എന്നതാണ് വസ്തുത. ഒരിക്കല്‍ കൂടി പറയാം തമിഴ്‌നാട് ഒരു 'പോലീസ് സ്റ്റേറ്റ്' ആണ്. അതുകൊണ്ട് തന്നെ ജയരാജനും ബെന്നിക്‌സിനും അവരുടെ കുടുംബത്തിനും ആ സമൂഹത്തിനും നീതി അകലെത്തന്നെയാണ്.

content highlights: custodial death of father and son in tamilnadu