എന്നെങ്കിലും എന്റെ മകളെ ഇരുമ്പുവാതിലിനുള്ളിൽനിന്ന് പുറത്തിറക്കാൻ പറ്റുമോ? | അതിജീവനം 84


എ.വി. മുകേഷ്‌

4 min read
Read later
Print
Share

എട്ടുവർഷമായി ഇരുമ്പഴിക്കുള്ളിൽ മകളെ പൂട്ടിയിട്ടിട്ട് ഒരമ്മ

അഞ്ചലിയും അമ്മ രാജേശ്വരിയും | ഫോട്ടോ: പുരുഷോത്തമൻ

''ഞാൻ വെറും ശരീരാണ്. ആ ഇരുമ്പ് കമ്പീന്റെ ഉള്ളിൽ കെടക്കണതാണ് എന്റെ ജീവൻ. നിങ്ങൾക്കറിയോ, ഞങ്ങളും മനുഷ്യരാണ്. ഇവടെ ഇങ്ങനെ നരകിച്ച് ജീവിക്കാൻ തൊടങ്ങീട്ട് കാലം കൊറേ ആയി.'

രാജേശ്വരി സ്വയം ശപിച്ചുകൊണ്ട് ഉള്ളിലെ വേദന അടക്കി. മകളെ പൂട്ടിയിട്ട ഇരുമ്പഴിയിൽ മുറുകെ പിടിച്ചു. നിസ്സഹായയായി അഞ്ചലിയെ നോക്കി. വല്ലാത്ത രീതിയിൽ ശബ്ദമുണ്ടാക്കിക്കൊണ്ട് അവൾ അമ്മക്ക് അടുത്തേക്ക് വന്നു. തുറന്നു വിടാൻ ബഹളം വച്ചു. നടക്കാതെ വന്നപ്പോൾ പൊടുന്നനെ സ്വഭാവം മാറി. ഇരുമ്പഴിയിൽ ശക്തിയായി ഇടിച്ചു കൊണ്ടാണ് ദേഷ്യം പ്രകടിപ്പിച്ചത്. രാജേശ്വരി ആവുംവിധം സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ശബ്ദമില്ലാത്ത അവളുടെ ഭാഷയിൽ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. രാജേശ്വരിക്ക് മാത്രം മനസിലാകുന്നവ. പിന്നീട് അഞ്ചലി ഉറക്കെ കരഞ്ഞു. കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞുവെങ്കിലും രാജേശ്വരി നിശ്ചലമായിരുന്നു. ആ അമ്മയുടെ കണ്ണുകളിലപ്പോൾ നിശബ്ദതയാണ് കണ്ടത്. അവരിപ്പോൾ കരയാൻ പോലും മറന്നിരിക്കുന്നു. അത്രമേൽ കാലം പോലും മരവിച്ചുപോകുന്ന വേദനയുണ്ട് അവർക്കുള്ളിൽ.

എൻഡോസൾഫാൻ വിഷമഴ പെയ്ത കാസർകോടൻ ഗ്രാമങ്ങളിലെ നിസ്സഹായായ അമ്മയാണ് രാജേശ്വരി. അഞ്ചലി മനുഷ്യ ഇരയുടെ അവസാനമില്ലാത്ത മറ്റൊരു പേരും. മഹാദുരന്തത്തിന്റെ വേദന പേറി ജീവിക്കുന്ന അനേകമായിരങ്ങളിൽ രണ്ടു പേർ. പറഞ്ഞവസാനിപ്പിക്കാൻ സാധിക്കാത്തവിധം ദുരിതം പേറുന്ന മനുഷ്യരുള്ള മണ്ണാണത്. ഇരുമ്പഴിക്കുള്ളിലെ അഞ്ചലിയുടെ നിഴൽ പോലും ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിതരുണ്ട്.

Anchali
അഞ്ചലിയും അമ്മ രാജേശ്വരിയും | ഫോട്ടോ: പുരുഷോത്തമൻ

ആ വലിയ ശബ്ദത്തിന്റെ ഓർമ്മകൾ

കാസർക്കോട്ടെ ഉജ്ജംകോഡ് ഗ്രാമത്തിലാണ് രാജേശ്വരി ജനിച്ചുവളർന്നത്. ചെറുപ്പത്തിലെ അച്ഛൻ മരിച്ചു. കൂലിപ്പണി ചെയ്ത് അമ്മയാണ് ആറുമക്കളുള്ള കുടുംബത്തെ സംരക്ഷിച്ചത്. പരാധീനതകളുടെ ബാല്യവും കൗമാരവുമാണ് ഓർമ്മകളിൽ. മുള്ളേരിയിലേയ്ക്ക് ചന്ദ്രന്റെ കൈപിടിച്ചു വരുമ്പോൾ പ്രതീക്ഷയുടെ പുതിയ നാമ്പുകൾ മനസ്സിൽ നിറഞ്ഞിരുന്നു. നിറയെ കശുമാവിൻ തോട്ടങ്ങളുള്ള ഗ്രാമഭംഗി ആ പ്രതീക്ഷകൾക്ക് കരുത്തേകി.

വലിയ ശബ്ദം കേട്ടാണ് അന്ന് ആദ്യമായി രാജേശ്വരി പുറത്തേക്ക് ഓടിവന്നത്. എൻഡോസൾഫാൻ തളിക്കുന്ന ഹെലികോപ്റ്ററിന്റെ ശബ്ദമായിരുന്നു അത്. കാതടപ്പിക്കുന്ന ശബ്ദത്തോടെ പോകുന്നത് ആകാംക്ഷയോടെയാണ് കണ്ടുനിന്നത്. അതിൽനിന്നു പെയ്തിറങ്ങുന്ന വിഷനാശിനിയുടെ പേരു പോലും അന്ന് അറിയില്ലായിരുന്നു. ജീവിതത്തിന്റെ അടിത്തറ ഇളക്കികൊണ്ടാണ് ഓരോ തവണയും ഹെലികോപ്റ്റർ പറന്നു പോയതെന്ന് തിരിച്ചറിയാൻ ഒരു വർഷമെടുത്തു.

Anchali
അഞ്ചലിയും അമ്മ രാജേശ്വരിയും | ഫോട്ടോ: പുരുഷോത്തമൻ

വിഷനാശിനി കാർന്നെടുത്ത ജീവിതം

പ്രസവശേഷം കുഞ്ഞിനെ കിട്ടിയപ്പോഴാണ് ബലക്കുറവ് ശ്രദ്ധിക്കുന്നത്. കരയാതിരിക്കുന്നതും കൂടുതൽ ഭയപ്പെടുത്തി. എല്ലാം സ്വാഭാവികം എന്നുപറഞ്ഞ് ഡോക്റ്റർ വീട്ടിലേക്ക് വിട്ടു. രണ്ടു വയസ്സായിട്ടും അഞ്ചലിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടായില്ല. സാധ്യമായ എല്ലാ ആശുപത്രികളിലും മകളുമായി ചെന്നു. അവസാനിക്കാത്ത വേദനയുടെ കാലങ്ങളായിരുന്നു പിന്നീടങ്ങോട്ട്.

രണ്ടു വയസ്സു മുതലാണ് അസുഖം മൂർച്ഛിക്കുന്നത്. തളർച്ചയും അപസ്മാരവും പിന്നീടങ്ങോട്ട് പതിവായി. എൻഡോസൾഫാനാണ് മകളുടെ ജീവിതം കാർന്നു തിന്നുന്നതെന്ന് അപ്പോഴും തിരിച്ചറിയാൻ പറ്റിയിരുന്നില്ല. പത്തു വർഷങ്ങൾക്ക് മുൻപ് മുള്ളേരിയിൽ നടന്ന ക്യാമ്പിൽനിന്നാണ് വേദനിപ്പിക്കുന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്.

അഞ്ചലിയുടെ അവസ്ഥ അറിഞ്ഞ ഉടനെ ഭർത്താവ് ചന്ദ്രൻ അവരെ ഉപേക്ഷിക്കുകയായിരുന്നു. യാതൊരു സഹായവും നൽകാതെ അയാൾ കർണാടകയിലേക്ക് ഒളിച്ചോടി. അതുകൂടി ആയതോടെ രാജേശ്വരി സ്വപ്നങ്ങളുടെ ചിതക്ക് തീകൊളുത്തി. പട്ടിണിയുടെ വക്കോളമെത്തിയ ജീവിതത്തിന് കൈത്താങ്ങായത് അമ്മയും കൂടെപ്പിറപ്പുകളുമാണ്. പിന്നീടങ്ങോട്ട് അസുഖത്തോടും വിശപ്പിനോടുമുള്ള കലാപമായിരുന്നു.

Anchali
രാജേശ്വരിയും അമ്മുവമ്മയും | ഫോട്ടോ: പുരുഷോത്തമൻ

വീടൊരു സ്വപ്നവും പ്രതീക്ഷയുമാണ്

ഭർത്താവ് ഉപേക്ഷിച്ചതോടെ അഞ്ചലിയുമായി ഉജ്ജംകോട്ടെ സഹോദരന്റെ വീട്ടിലേക്ക് പോയി. അമ്മുവമ്മയാണ് പിന്നീടങ്ങോട്ട് അഞ്ചലിയെ നോക്കിയത്. അക്കാലങ്ങളിൽ വീട്ടുജോലി മുതൽ സാധ്യമായ എല്ലാ പണികൾക്കും രാജേശ്വരി പോയിരുന്നു. പ്രായം കൂടുന്നതിനൊപ്പം അഞ്ചലിയുടെ സ്വഭാവത്തിനും വലിയ മാറ്റങ്ങൾ വന്നു. സ്വയം കടിച്ചു മുറിവേൽപ്പിക്കാനും മറ്റുള്ളവരെ ഉപദ്രവിക്കാനും തുടങ്ങി. പൂട്ടിയിടാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ വന്നു. ദിവസങ്ങൾക്കും പൂട്ടിയിട്ട വാതിലും ചവിട്ടി പൊളിച്ചു. വീട്ടുസാധനങ്ങൾ തകർക്കുന്നതും പതിവായി. അതോടെ രാജേശ്വരിക്ക് മറ്റൊരു ജോലിക്കും പോകാൻ കഴിയാതെ വന്നു.

തൊണ്ണൂറ് കഴിഞ്ഞ അമ്മുവമ്മയെയും കടിച്ചു മുറിവേൽപ്പിച്ചു. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് ഇരുമ്പഴികൊണ്ടുള്ള വാതിൽ പണിയേണ്ടിവന്നത്. കൈകൊണ്ട് ഇരുമ്പുകമ്പിയിൽ ഇടിച്ചു മുറിവു വരുത്തുന്നതും പതിവായി. ആ കാഴ്ചകൾക്ക് മുന്നിൽ കരയാൻ പോലും രാജേശ്വരിക്ക് സാധിച്ചിരുന്നില്ല. എല്ലാം വിറ്റു പെറുക്കിയാണ് ഇതുവരെ ചികിൽസിച്ചത്. മാതൃഭൂമി ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വാർത്ത വന്നതിന്റെ അടിസ്ഥാനത്തിൽ സമൂഹത്തിൽനിന്നും അധികാര കേന്ദ്രങ്ങളിൽനിന്നും ഇടപെടലുകൾ ഉണ്ടായി. അത്തരം സഹായങ്ങളുടെ പുറത്താണ് ജീവിതം മുന്നോട്ട് പോയത്.

വാടക കൊടുക്കാൻ പണമില്ലാത്തതിനാൽ സഹോദരന്റെ വീട്ടിലാണിപ്പോൾ. ഇടുങ്ങിയ ഒറ്റമുറിയിൽ അഞ്ചലിക്ക് ശ്വാസം മുട്ടുന്നുണ്ട്. പുറത്ത് കൊണ്ടുപോകുമ്പോൾ അവളുടെ മുഖത്ത് വല്ലാത്തൊരു സന്തോഷം ഉണ്ടാകാറുണ്ട്. ഒരു നല്ല വീടു കിട്ടിയാൽ മകളുടെ മാനസിക അവസ്ഥ മെച്ചപ്പെടുമെന്നാണ് അനുഭവങ്ങളിൽനിന്നു രാജേശ്വരി പറയുന്നത്.

മൂന്ന് സെൻറ് സ്ഥലം സർക്കാരിൽനിന്നു കിട്ടിയെങ്കിലും വീടു വെക്കാൻ ഇന്നും സാധിച്ചിട്ടില്ല. കിട്ടിയ സഹായങ്ങൾ കൊണ്ടാണ് ഇതുവരെയുള്ള ചികിത്സയും വിശപ്പടക്കാനും സാധിച്ചത്. തുച്ഛമായ പെൻഷൻ തുകകൊണ്ടാണ് ഇപ്പോൾ മൂന്നു ജീവനുകൾ കഴിയുന്നത്. വിശക്കുമ്പോൾ വല്ലാത്ത ശബ്ദമുണ്ടാക്കി അഞ്ചലി വയറ്റത്തടിച്ചു കരയും. കണ്ണീരല്ലാതെ മകളുടെ വിശപ്പടക്കാൻ ആ അമ്മക്ക് മറ്റൊന്നും കൊടുക്കാൻ ഉണ്ടാകാറില്ല.

Anchali
അഞ്ചലിയും അമ്മ രാജേശ്വരിയും | ഫോട്ടോ: പുരുഷോത്തമൻ

ഇരുമ്പഴിക്കുള്ളിലെ നീതി

അഞ്ചലിയെ പോലെ ജീവിതം അസാധ്യമായ ഒട്ടേറെ മുഖങ്ങൾ അതിർത്തി ഗ്രാമങ്ങളിൽ എമ്പാടുമുണ്ട്. അനിശ്ചിതത്വത്തിലായ ആ മനുഷ്യർ ഇപ്പോഴും നീതിക്കായി തെരുവിലിറങ്ങേണ്ടി വരുന്നതും പതിവുകാഴ്ചയാണ്. ഇനിയും മാനുഷിക പരിഗണന ലഭിക്കാത്ത എൻഡോസൾഫാൻ ദുരിതബാധിതരായ ആയിരങ്ങളുടെ ജീവിതവും അഞ്ചലിയിൽനിന്ന് വ്യത്യസ്തമല്ല.

യഥാർത്ഥത്തിൽ ജീവിക്കുന്ന സ്മാരകങ്ങളാണ് അഞ്ചലിയും രാജേശ്വരിയും. എൻഡോസൾഫാൻ ഒരു നാടിന്റെ വേരറുത്തിട്ടും ഇനിയും ഇരകളെ പരിഗണിക്കാത്ത ഭരണകൂടം നീതികേട് ആവർത്തിക്കുകയാണ്. പതിറ്റാണ്ടുകളായിട്ടും ആ വേദനക്കൊപ്പം നിൽക്കുന്നതിൽ അവർ അമ്പേ പരാജയപ്പെട്ട സംവിധാനമാണ്. ഉണങ്ങാത്ത മുറിവേറ്റ മനുഷ്യഇരകൾക്ക് സ്വന്തം നിഴൽപോലും തണലായി ഇല്ല. നീതി നിഷേധത്തിന്റെ ആഴവും പരപ്പുമാണ് ഇരകളുടെ ജീവിതം തുറന്നു കാണിക്കുന്നത്.

ഭരണകൂടത്തിന്റെ അനിശ്ചിതത്വം കാരണം ആയിരകണക്കിന് മനുഷ്യജീവിതങ്ങൾക്ക് മുകളിലാണ് ഇത്തരം ഇരുമ്പ് വാതിലുകളുള്ളത്. ജീവിതം അസാധ്യമായിപ്പോയതിന്റെ കാരണം തിരിച്ചറിയാൻ പോലും സാധിക്കാത്ത ശാരീരിക മാനസിക പ്രശ്‌നങ്ങൾ ഉള്ളവരാണ് ഭൂരിഭാഗവും. ആവശ്യമായ ചികിത്സ സൗകര്യങ്ങളും ഇനിയും ലഭ്യമല്ല. നിശബ്ദമായി മരണത്തിന് കീഴപ്പെട്ടുപോയവരും നൂറുകണക്കിനാണ്.

വലിയ തലയും ചെറിയ ഉടലുമായി ജനിച്ച സൈനബയും തളർന്നുപോയ ശീലാബതിയും തലയിലെ വൃണങ്ങളിൽനിന്ന് നീരൊഴുകി പ്രാണൻ വെടിഞ്ഞ നവജിത്തിനെയുമൊന്നും ഒരു കാലത്തും മറവിയിലേക്ക് തള്ളിയിടാൻ സാധിക്കില്ല. ഇവർ മൂവരും അവശേഷിച്ച ശരീരംകൂടെ മണ്ണിൽ അലിഞ്ഞ വിഷനാശിനിക്ക് നൽകി പോയവരുടെ പ്രതിനിധികളാണ്. യഥാർത്ഥത്തിൽ ഇവിടെ തുറങ്കിൽ അടക്കപ്പെടുന്നത് നീതിയാണ്. അഞ്ചലി അതിൽ ഒരാൾ മാത്രമാണ്.

Content Highlights: Will I ever be able to get my daughter out of the iron door? | Athijeevanam 84

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
1

1 min

റസിയുമ്മയ്‌ക്ക് ഇനി വിശപ്പിന്റെ വേദനയില്ല: മാതൃഭൂമി.കോം ഇംപാക്റ്റ്

Sep 11, 2023


sussan b anthony
Premium

8 min

അധികാരം സ്ത്രീയുടെ കയ്യിൽ, വോട്ട് ചെയ്യാത്തത് അന്തസ്സും; അമരിക്കയുടെ മനസ് മാറ്റിയ സൂസൻ |Half the sky

Sep 11, 2023


Mughal
Premium

5 min

മുഗൾ ഭരണം പാഠപുസ്തകത്തിൽ ഇല്ലെങ്കിൽ ചരിത്രത്തിൽനിന്ന് ഇന്ത്യയാണ് പുറത്താവുന്നത് | ചിലത് പറയാനുണ്ട്‌

Apr 13, 2023

Most Commented