നമ്മളവരെ ലൈംഗിക തൊഴിലാളിയാക്കി, ചുളിവ് വീണ ശരീരത്തിന് പോലും വില പറഞ്ഞു | അതിജീവനം 100


എ.വി. മുകേഷ്‌ | mukeshpgdi@gmail.comതൊഴിലിന്റെ പ്രതീകമായ പാവയെ ലൈംഗിക തൊഴിലാളിയുടെ മകൾ ഉയർത്തിക്കാണിക്കുന്നു | Photo: AFP

അന്ന്, ഇടവിട്ട് കത്തിയ തെരുവുവിളക്കിന്റെ വെളിച്ചം മാത്രം. ആ വെളിച്ചത്തിൽ പാതിമുറിഞ്ഞ ഇരുട്ട് കടന്ന് ഞങ്ങൾ നടന്നു. അർദ്ധരാത്രിയുടെ മയക്കത്തിലേക്ക് വീണിരുന്നു തൃശ്ശൂർ നഗരം. അടയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് റോഡരികിലെ ചെറിയ തട്ടുകട. ഞങ്ങൾക്കായി സമോവറിലെ തീ വീണ്ടും കത്തി.

അവരുടെ ചുളിവു വീണ കൈകളിൽ പിന്നിട്ട കാലത്തെ കാണാം. നഖങ്ങളിലെ നീല ക്യൂടെക്സ് പാതി അടർന്നിട്ടുണ്ട്. എനിക്ക് നേരെ നീട്ടിയ ചായയുടെ ആവിയിൽ ആ മുഖം വീണ്ടും മറഞ്ഞു. വളവ് തിരിഞ്ഞ് വന്ന ലോറിയുടെ മഞ്ഞവെളിച്ചം ആ മറ നീക്കി അവരുടെ ഈറൻ കണ്ണുകളിൽ പതിച്ചു. ഇരുട്ട് മറച്ചുവച്ച വേദന ആ കൺകോണുകളിൽ അപ്പോൾ തെളിഞ്ഞു.

സുപരിചിതയായ ഒരാളെ കണ്ട ഭാവത്തിൽ ബെഞ്ചിനോട് ചേർന്ന് ചുരുണ്ട് കിടന്ന തെരുവുനായ അരികിലേക്ക് വന്നു. ഗ്ലാസിൽനിന്നു പാതി ചായ മറ്റൊരു പാത്രത്തിലേക്ക് അവർ പകർന്നു കൊടുത്തു. പൊടുന്നനെ പാത്രം നക്കിത്തുടച്ച ശേഷം തിരിഞ്ഞ് നോക്കാതെ അത് ഇരുട്ടിലേക്ക് മറഞ്ഞു. അതുവരെ നിശബ്ദയായ അവർ ആ കാഴ്ച്ചക്കുമുന്നിൽ ഉറക്കെ ചിരിച്ചു. 'ഞാൻ കണ്ട എല്ലാ മനുഷ്യരും ഇങ്ങനെയാ.' പറഞ്ഞു തീരുമ്പോഴേക്കും കണ്ണാഴങ്ങളിൽനിന്നു വേദന ഒലിച്ചിറങ്ങി.

അറുപത് വയസുകഴിഞ്ഞ ആ സ്ത്രീക്ക് പേരുപോലും പലതാണ്. 'രാധ' എന്നത് അതിൽ ഒന്നുമാത്രം. പ്രബുദ്ധ മലയാളിയെന്ന ബോധത്തെ നെടുകെ കീറി എറിയുന്നതാണ് പിന്നെ പറഞ്ഞതൊക്കെയും. ഇന്നും അന്നത്തിന് ശരീരം വിൽക്കേണ്ടി വരുന്നു എന്നു കേട്ടപ്പോൾ നെഞ്ചിലേക്ക് തീയാളിയതുപോലെ തോന്നി. പ്രായം തളർത്തിയ ആ ശരീരത്തിന് ഇന്നും വിലപറയാൻ കഴുൻ കണ്ണുകളുള്ള മനുഷ്യരുണ്ട്. വാടകവീടിന് ചുറ്റിലും ശരീരം തിരഞ്ഞെത്തുന്നവർക്ക് ഒരു കുറവുമില്ല. ഒരിക്കൽ പനികൂടി തളർന്നു വീണപ്പോൾ സഹായിക്കാൻ വന്ന മനുഷ്യൻ പോലും ശരീരം ഉപയോഗിച്ച് റോഡിൽ ഉപേക്ഷിച്ചതാണ്. പിന്നെയും ആ തൊഴിൽ ചെയ്യേണ്ടി വരുന്നത് വിശന്ന് ചാവാതിരിക്കാനാണ്.

രാധ യഥാർത്ഥത്തിൽ ജീവിതം പാടേ നഷ്ടമായ ലൈംഗിക തൊഴിലാളികളിലെ ജീവിക്കുന്ന രക്തസാക്ഷിയാണ്. ഇരുട്ടിന്റെ മറവിൽ ചേർത്തുപിടിക്കുകയും പകൽ നിർദയം ഉപേക്ഷിക്കുകയും ചെയ്യുന്ന ആ ശരീരങ്ങൾ സ്മാരകം കണക്കെ നിശ്ചലമാണ്. ആവശ്യക്കാരനിലേക്ക് ശരീരരമെത്തിക്കുന്ന ഇടനിലക്കാരനപ്പുറത്ത് പലർക്കും ലോകമേയില്ല.

വേദനയുടെ ബാല്യം

അച്ഛൻ ഉപേക്ഷിച്ച രാധയെ അമ്മ കല്യാണി കൂലിപ്പണിയെടുത്താണ് വളർത്തിയത്. അഞ്ചാം ക്ലാസ് വരെ അല്ലലില്ലാതെ കഴിഞ്ഞു. പണിക്കിടെ കല്യാണിക്കുണ്ടായ അപകടം ശരീരത്തെ തളർത്തി. അതോടെ അക്ഷരങ്ങൾക്ക് പൂർണ്ണവിരാമമിട്ടു. അരിക്കലം ഒരു മണി അരിപോലുമില്ലാതെ നോക്കുകുത്തിയായി. അയൽ വീടുകളിലെ കഞ്ഞിവെള്ളമാണ് പ്രാണൻ പിടിച്ചു നിർത്തിയത്.

ജീവിതത്തിന് മുന്നിൽ കാലുറയ്ക്കാത്ത പെൺകുട്ടിക്ക് എല്ലാം അപരിചിതമായിരുന്നു. നിനച്ചിരിക്കാതെ ഒരു ദിവസം അമ്മ നിശബ്ദയായി. കണ്ണ് തുറന്നു കിടക്കുന്നുണ്ടെങ്കിലും ചലനമില്ല. കയ്യാകെ തണുത്ത് മരവിച്ചിട്ടുണ്ട്, ആരൊക്കെയോ വന്ന് അമ്മയെ ദഹിപ്പിച്ചു. വിശക്കുന്നു എന്ന് പറയാൻ അമ്മ പോലുമില്ലാതെ രാധ തനിച്ചായി.

അകന്ന ബന്ധത്തിലെ ഒരു സ്ത്രീ സ്നേഹത്തോടെ വിളിച്ചു. അവരുടെ വീട്ടുപടിക്കൽ എത്തിയതോടെ ആ സ്ത്രീ മറ്റൊരാളായി. യന്ത്രം പോലെ ജോലിചെയ്യുന്ന ഒരു അടിമയെ ആയിരുന്നു അവർക്ക് വേണ്ടത്. അതിരാവിലെ എഴുന്നേറ്റ് പണി തുടങ്ങും. പശുവിന് കൊടുക്കുന്ന പഴഞ്ചോറിന്റെ ഒരംശം കിട്ടും. പഴകി പുളിച്ച ഗന്ധം മൂക്കു തുളച്ചു വരുമെങ്കിലും ആമാശയത്തിന്റെ വേദന അത് നിസാരമാക്കും. വലിയ പീഡനങ്ങളായിരുന്നു ഓരോ ദിവസവും അവിടെയേൽക്കേണ്ടി വന്നത്. ബാല്യകൗമാരങ്ങൾ നരകതുല്യമായ ഓർമ്മകൾ മാത്രം.

മരണത്തെ കണ്ട ദിനരാത്രങ്ങൾ

കാലം രാധയുടെ ഹൃദയത്തിലും പ്രണയത്തിന്റെ പൂക്കൾ വിടർത്തി. നിരന്തരം പ്രണയാഭ്യർത്ഥന നടത്തിയ ഒരാളുമായി നാടുവിട്ടു. സ്വപ്നങ്ങൾക്ക് ചിറക് മുളച്ച അനുഭൂതിയായിരുന്നു ആ യാത്ര. തൃശ്ശൂരിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും അവിടെനിന്ന് ഇറങ്ങേണ്ടിവന്നു. ജാതിയായിരുന്നു വില്ലൻ. ചെറിയൊരു വാടകവീടെടുത്ത് ജീവിതം വീണ്ടും തുടങ്ങി.

ആ പ്രണയം ഒരു പെൺകുഞ്ഞിന് ജീവനേകി. നിരാശയുടെ കാർമേഘങ്ങൾ അവളുടെ ചെറുപുഞ്ചിരിക്ക് മുകളിൽ പാടേ പെയ്തൊഴിഞ്ഞു. കാലം വലിയ പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോയികൊണ്ടിരുന്നു. പൊടുന്നനെ ഒരു ദിവസം ആ മനുഷ്യനെ കാണാതായി. ജീവനുള്ള കാലം വരെ ചേർത്തു പിടിക്കുമെന്ന ഉറപ്പ് പാഴ്‌വാക്കായി. കാലങ്ങൾക്ക് ശേഷം അയാൾ മറ്റൊരു വിവാഹം കഴിച്ചെന്ന് അറിഞ്ഞു.

വിശന്നൊട്ടിയ വയറ്റിൽ മുണ്ട് ചേർത്ത് മുറുക്കി, കൈക്കുഞ്ഞുമായി രാധ വീണ്ടും കൂലിപ്പണിക്ക് ഇറങ്ങി. അവിടെയും വിടാതെ പിന്തുടർന്ന പ്രതിസന്ധി അപകടത്തിന്റെ രൂപത്തിൽ വന്നു. ശരീരം തളർന്ന് ആഴ്ച്ചകളോളം ആശുപത്രി വരാന്തയിൽ കിടന്നു. എഴുന്നേറ്റ് നിൽക്കാനായപ്പോൾ മകളെ മാറോട് ചേർത്ത് പതിയെ നടന്ന് വീടെത്തി.

വീഴ്ചയുടെ ആഘാതത്തിൽ ഭാരമുള്ള ജോലി ചെയ്യാനാവാത്ത വിധം കാലുകൾക്ക് പരിക്കേറ്റിരുന്നു. വിശപ്പിന്റെ കാഠിന്യം പച്ചവെള്ളത്തിന് തീർക്കാൻ സാധിക്കാത്ത അവസ്ഥയിൽ പണിക്കിറങ്ങി. പല പണികൾ പരീക്ഷിച്ചെങ്കിലും വേഗതയില്ല എന്നുപറഞ്ഞ് എല്ലാവരും പുറത്താക്കി. ഒറ്റമുറി വാടകവീട്ടിൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. പക്ഷേ, മകളുടെ നിഷ്‌കളങ്കമായ മുഖം ആ തീരുമാനത്തിന് മുന്നിൽ മതില് കെട്ടി.

രാത്രി മാത്രം ചിരിക്കുന്നവർ

ഈ അവസ്ഥയെല്ലാം കണ്ട് സഹായിക്കാം എന്ന് പറഞ്ഞ്, പണ്ടെപ്പോഴോ പരിചയപ്പെട്ട ഒരു സ്ത്രീ വന്നു. അവർ സ്ഥിരം സന്ദർശകയായി. ആ സ്ത്രീയാണ് വിശന്ന് വീഴാതെ കാത്തത്. ജോലി ശരിയാക്കാം എന്ന് പറഞ്ഞ് തൃശൂർ നഗരത്തിലേക്ക് കൊണ്ടുപോയതും അവർ തന്നെ. ചുമട്ടുതൊഴിലാളികളുടെ അടുത്തും ഓട്ടോ സ്റ്റാന്റിലും കൊണ്ടുപോയി പരിചയപ്പെടുത്തി. ആദ്യമൊന്നും ജോലി എന്തെന്ന് മനസ്സിലായില്ലെങ്കിലും പിന്നീടാണ് അവർ ഉദ്ദേശിക്കുന്ന തൊഴിൽ രാധ തിരിച്ചറിഞ്ഞത്.

ശരീരമാകെ വിറയ്ക്കുന്ന അവസ്ഥയാണ് അപ്പോഴുണ്ടായത്. കണ്ണിൽ ഇരുട്ട് കയറും മുന്നേ വീട്ടിലേക്കുള്ള ബസ്സു കയറി. ജീവിതത്തിലെ എല്ലാ വെളിച്ചവും നഷ്ട്ടമായപ്പോൾ ഒറ്റമുറി കൂരയുടെ ഇരുട്ടിലിരുന്ന് ഏറെ കരഞ്ഞു. ചുറ്റിലുമുള്ള ഇരുട്ട് അന്ന് ഏറെ പൊള്ളിച്ചു. ദിവസങ്ങൾ കഴിഞ്ഞതോടെ അവസാന അരിമണിയും തീർന്നു. വിശന്ന് തളർന്ന് ഉറങ്ങുന്ന കുഞ്ഞിന് മുന്നിൽ ഉത്തരങ്ങൾ ഇല്ലാതായി. മരവിച്ച മനസ്സുമായി ഒടുവിൽ ആ തീരുമാനമെടുത്തു. കുഞ്ഞിനെ അടുത്ത വീട്ടിലാക്കി ആ സ്ത്രീയുടെ കൂടെ വീണ്ടും തൃശ്ശൂരേക്ക് ബസ്സുകയറി.

സന്ധ്യ മയങ്ങിയതോടെ നഗരത്തിലെത്തി. ബസ്സ്റ്റാന്റിന്റെ ഒരു മൂലയിൽ ഇരുത്തി അവർ പോയി. ഇരുട്ടിയതോടെ മൂന്ന് പേരുമായി അവർ വന്നു. പൊളിഞ്ഞ് വീഴാറായ ഏതോ കടയുടെ മുകളിലേക്കാണ് അന്നവർ കൊണ്ടുപോയത്. ഗ്ലാസിൽ തരിപ്പുള്ള എന്തോ വെള്ളമൊഴിച്ച് നീട്ടിയപ്പോൾ ചോദ്യങ്ങൾക്ക് നിൽക്കാതെ കുടിച്ചിറക്കി. മരവിച്ച ശരീരത്തെ അത് അബോധാവസ്ഥയിലാക്കി.

അതിരാവിലെ വടക്കുംനാഥനുള്ള പാട്ടുകേട്ടാണ് ഉണർന്നത്. അപ്പോഴേക്കും ആ ശരീരം പങ്കുവെക്കപ്പെട്ടിരുന്നു. ദേഹമാകെ മുറിഞ്ഞിട്ടുണ്ട്. ഒരു മൂലയിലായി ചുരുണ്ടു കിടക്കുന്ന സാരിയിൽ മുഷിഞ്ഞ ഏതാനും നോട്ടുകൾ. ഉറക്കെ കരയാൻ പോലുമാകാതെ നോട്ടുകൾ മുറുകെ പിടിച്ച് ഏറെനേരം അവിടെ ഇരുന്നു. പിന്നീട് സംഭവിച്ചതെല്ലാം ആ ദിവസത്തിന്റെ ആവർത്തനങ്ങളായിരുന്നു.

വെളിച്ചത്തിന്റെ സംഘമിത്ര

തിരഞ്ഞെത്തിയവർക്കെല്ലാം വേണ്ടത് ശരീരമായിരുന്നു. സമൂഹം അരികിലേക്ക് വലിച്ചെറിഞ്ഞ സ്ത്രീയെക്കുറിച്ചോ തനിച്ചായ മകളെക്കുറിച്ചോ ആരും അന്വേഷിച്ചില്ല. നൂറു രൂപക്കു ശരീരം വിൽക്കേണ്ടി വന്ന ഒരമ്മയുടെ ദൈന്യത മനുഷ്യർക്ക് അപരിചിതമായി. രാത്രിയിലെ ആ ജീവിതം വലിയ അപകടങ്ങളിലാണ് പലപ്പോഴും അവസാനിക്കാറ്.

ഒരിക്കൽ മദ്യപിച്ച് ലക്കുകെട്ട ഒരുത്തൻ ആവശ്യം കഴിഞ്ഞ് ചവിട്ടി കാനയിലേക്ക് ഇട്ടിട്ടുണ്ട്. നഗരത്തിൽ ഗുണ്ടകൾ എന്ന് പറഞ്ഞ് നടക്കുന്നവരുടെ ശല്യവും അസഹനീയമാണ്. പണം ആവശ്യപ്പെടുമ്പോൾ നൽകണം. അല്ലെങ്കിൽ സ്ത്രീയാണെന്ന പരിഗണന പോലും ഇല്ലാത്ത മർദ്ദനമാണ്. അന്നത്തിന് മറ്റ് മാർഗ്ഗമില്ലാത്തതിനാൽ വീണ്ടും എല്ലാം സഹിച്ച് തെരുവിലിലേയ്ക്ക് തന്നെയിറങ്ങും.

ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ലൈംഗിക തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘമിത്രയെക്കുറിച്ച് അറിയുന്നത്. സുരക്ഷിതമായി എങ്ങനെ സെക്സ് ചെയ്യാമെന്നും കോണ്ടത്തിന്റെ ആവശ്യകത എത്രമാത്രം വലുതാണെന്നും അവിടെനിന്ന് മനസിലാക്കി. എല്ലാത്തിനുമപ്പുറം മാനസിക- ശാരീരിക ബുദ്ധിമുട്ടുകൾ കേൾക്കാൻ ആളുണ്ടെന്ന വിശ്വാസമായിരുന്നു സംഘമിത്ര. സമാന തൊഴിൽ ചെയ്യുന്നവരെ പരിചയപ്പെടാനും അവരുമായി സൗഹൃദം പങ്കിടാനും സംഘമിത്ര വേദിയായി.

വൈകാതെതന്നെ മറ്റ് ലൈംഗിക തൊഴിലാളികളുടെ ആരോഗ്യകാര്യങ്ങൾ നോക്കുന്ന സംഘത്തിൽ രാധയും അംഗമായി. മാസത്തിൽ പന്ത്രണ്ട് പേരെ ആശുപത്രികളിൽ കൊണ്ടുപോയി പരിശോധന നടത്തണം. ലൈംഗിക രോഗങ്ങൾ ഉണ്ടെങ്കിൽ അത് ബന്ധപ്പെട്ടവരെ അറിയിക്കുകയും വൈദ്യസഹായങ്ങൾ എത്തിക്കുകയും വേണം. എന്നാൽ തുച്ഛമായ തുകയാണ് ശമ്പളമായി ലഭിക്കുന്നത്. എങ്കിലും ജീവിതത്തിന്റെ അരക്ഷിതാവസ്ഥ മാറ്റിയത് സംഘമിത്രയാണ്.

തിരിച്ചുകയറാനാവാത്ത ആഴങ്ങൾ

മകളുടെ വിദ്യാഭ്യാസച്ചെലവും വീട്ടുവാടകയും താങ്ങാവുന്നതിലും അപ്പുറമായി. അങ്ങനെയാണ് പിന്നേയും തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്. പ്ലസ് ടു വരെ ഒരു അല്ലലും അറിയിക്കാതെ മകളെ പഠിപ്പിച്ചു. പത്തൊമ്പതാം വയസ്സിൽ വിവാഹം ചെയ്തുകൊടുത്തു. അതോടെ എല്ലാ അർത്ഥത്തിലും ഒറ്റയ്ക്കായി. എങ്കിലും മകൾക്ക് നല്ല ജീവിതം കൊടുക്കാൻ സാധിച്ചതിൽ ആ അമ്മ സന്തോഷവതിയാണ്. അവൾക്ക് രണ്ട് ആൺകുട്ടികളുണ്ട്. ജീവിത പ്രയാസങ്ങൾ ഒന്നും അറിയിക്കാതെ തന്നെ വളർത്തിയ അമ്മയുടെ തൊഴിലിനെക്കുറിച്ച് ഈ നിമിഷം വരെ മകൾക്കറിയില്ല.

രാധയെപോലെ നൂറുകണക്കിന് സ്ത്രീകളുണ്ട്. ജീവിതത്തിൽ ഒറ്റപ്പെട്ട് ഇത്തരം കണ്ണികളിൽ അകപ്പെട്ടുപോയവർ, പ്രിയപ്പെട്ടവർ കാശു വാങ്ങി വിറ്റവർ. സ്വന്തം കുടുംബത്തിന് വേണ്ടി മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെ ശരീരം വിൽക്കേണ്ടി വന്നവരും എണ്ണത്തിൽ കുറവല്ല. ക്രൂരമായ രീതിയിൽ അക്രമിക്കപ്പെടുമ്പോഴും കുഞ്ഞുങ്ങളുടെ മുഖം മനസ്സിൽ ഓർത്ത് വേദന സഹിക്കുകയാണവർ.

പ്രായം രാധയെ ഏറെ തളർത്തിയിട്ടുണ്ട്. ആവശ്യക്കാർക്ക് കുറവില്ലെങ്കിലും ശരീരവും മനസ്സും അനുവദിക്കുന്നില്ല. പെൻഷൻ തുകകൊണ്ട് വയറു മുറുക്കി ജീവിക്കുകയാണിപ്പോൾ. തണൽ നൽകി കാക്കുന്ന വാടകവീടു പോലും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കുമ്മായം തേച്ച ചുവരുകൾ കരി പിടിച്ച് അടർന്നു തുടങ്ങിയിട്ടുണ്ട്. വീട്ടുവാടക മാസങ്ങളോളം കുടിശ്ശികയുണ്ട്.

കര കയറാൻ ശ്രമിക്കും തോറും ചതുപ്പിലേക്ക് ആഴ്ന്നു പോകുന്ന അവസ്ഥയിലാണ് രാധയെപോലുള്ള ലൈംഗിക തൊഴിലാളികൾ. പ്രാണനറ്റ് പോകുന്നതിന് മുമ്പെങ്കിലും മനുഷ്യനായി പരിഗണിക്കേണ്ടത് ഒറ്റുകൊടുത്ത സമൂഹത്തിന്റെ ബാധ്യതയാണ്.

Content Highlights: Athijeevanam coloumn ,story of a sex worker


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented