ആ രണ്ട് പേര്‍ ഒഴിവാക്കിയ ആണവയുദ്ധം: എന്തിന്, എങ്ങനെ ? ചുരുളഴിഞ്ഞ രഹസ്യങ്ങൾ


സി. എ. ജേക്കബ്അമേരിക്ക ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) വിക്ഷേപിച്ചതായും അത് സോവിയറ്റ് യൂണിയനുനേരെ പാഞ്ഞടുക്കുന്നതായും സോവിയറ്റ് യൂണിയന്റെ മിസൈല്‍ അറ്റാക്ക് ഏര്‍ളി വാണിങ് സംവിധാനത്തില്‍ മുന്നറിയിപ്പ് ലഭിച്ചു.

Their Story

സ്റ്റാനിസ്ലാവ് പെട്രോവും വാസിലി അർഖിപോവും | ഫോട്ടോ കടപ്പാട് : nytimes, metro.co.uk, By Olga Arkhipova - Olga Arkhipova, wikimedia common

വീണ്ടുമൊരു യുദ്ധം. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെയും ഷെല്ലാക്രമണത്തിന്റെയും മനുഷ്യക്കുരുതിയുടെയും വാര്‍ത്തകള്‍ കടുത്ത നിരാശയോടെയാണ് ലോകം കേള്‍ക്കുന്നത്. പിഞ്ചുകുട്ടികള്‍ അടക്കമുള്ളവര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളുടെയും പലായനത്തിന്റെയും ജീവഹാനിയുടെയും വാര്‍ത്തകള്‍ ഒരുവശത്ത്. വീണ്ടുമൊരു ലോകമഹായുദ്ധത്തിലേക്കും ആണവ ദുരന്തത്തിലേക്കും ലോകം ചെന്നെത്തുമോ എന്ന ഭീതി മറുവശത്ത്. ആശങ്ക ഒഴിയുന്നില്ല. ഈ അവസരത്തില്‍ മുന്‍പ് രണ്ടുതവണ ആണവ യുദ്ധത്തിലേക്കോ ലോകമഹായുദ്ധത്തിലേക്കോ എത്തിച്ചേരുമായിരുന്ന രണ്ട് സാഹചര്യങ്ങളെ മനസാന്നിധ്യത്തോടെ നേരിട്ട രണ്ടുപേരുടെ കഥയാണ് ഇത്തവണ Their Stories ചര്‍ച്ചചെയ്യുന്നത്. സോവിയറ്റ് യൂണിയന്‍ കാലത്തെ സൈനിക ഉദ്യോഗസ്ഥന്‍ ആയിരുന്ന സ്റ്റാനിസ്ലാവ് പെട്രോവ്, സബ്മറൈന്‍ ഓഫീസര്‍ വാസിലി അലക്‌സാന്‍ട്രോവിച്ച് ആര്‍ഖിപോവ് എന്നിവരാണ് അവര്‍. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ അവരെടുത്ത തീരുമാനം ആണവ യുദ്ധത്തില്‍നിന്നും കൂട്ടക്കുരുതിയില്‍നിന്നും ലോകത്തെ തന്നെ രക്ഷപ്പെടുത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്റ്റാനിസ്ലാവ് പെട്രോവ് | ഫോട്ടോ കടപ്പാട് - nytimes, metro.co.uk

ആണവ ദുരന്തത്തില്‍നിന്ന് ലോകത്തെ രക്ഷിച്ച സ്റ്റാനിസ്ലാവ് പെട്രോവ്

ശീതയുദ്ധം കൊടുമ്പിരികൊണ്ട് നില്‍ക്കുന്ന കാലം. 1983 സെപ്റ്റംബര്‍ 23 ന് പുലര്‍ച്ചെയാണ് ലോകഗതിയെത്തന്നെ മാറ്റിമറിച്ചേക്കാമായിരുന്ന ആ നിമിഷങ്ങളെ പെട്രോവിന് നേരിടേണ്ടിവന്നത്. അമേരിക്കയുടെ ആക്രമണങ്ങളെ മുന്‍കൂട്ടിയറിയാനുള്ള മോണിറ്റര്‍ സംവിധാനങ്ങളുടെ ചുമതലയുള്ള ഓഫീസറായിരുന്നു അദ്ദേഹം. അമേരിക്ക ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) വിക്ഷേപിച്ചതായും അത് സോവിയറ്റ് യൂണിയനുനേരെ പാഞ്ഞടുക്കുന്നതായും സോവിയറ്റ് യൂണിയന്റെ മിസൈല്‍ അറ്റാക്ക് ഏര്‍ളി വാണിങ് സംവിധാനത്തില്‍ മുന്നറിയിപ്പ് ലഭിച്ചു. ഇത്തരം മുന്നറിയിപ്പുകള്‍ എത്രയുംവേഗം തിരിച്ചറിഞ്ഞ് പ്രത്യാക്രമണത്തിനായി മേലധികാരികള്‍ക്ക് ഉടന്‍ റിപ്പോര്‍ട്ടു ചെയ്യേണ്ട ചുമതല അന്ന് ഡ്യൂട്ടി ഓഫീസറായിരുന്ന പെട്രോവിനായിരുന്നു. അമേരിക്ക ഒരു മിസൈല്‍ വിക്ഷേപിച്ചുവെന്ന മുന്നറിയിപ്പാണ് മോണിട്ടറിൽ ആദ്യംവന്നത്. തൊട്ടുപിന്നാലെ ഒന്നിനുപിറകെ ഒന്നായി തുടര്‍ച്ചയായ മിസൈല്‍ ആക്രമണത്തിന്റെ സൂചനകള്‍. പെട്രോവിന് മുന്നിലുള്ള സ്‌ക്രീനില്‍ ചുവന്ന അക്ഷരത്തില്‍ കമ്പ്യൂട്ടർ സന്ദേസം LAUNCH എന്ന് തെളിഞ്ഞു. മോണിട്ടറിൽ മിസൈൽ സാന്നിധ്യം തെളിഞ്ഞാൽ ഓട്ടോമാറ്റിക്കായി കമ്പ്യൂട്ടറിൽ Launch സന്ദേശം തെളിയും.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

എന്നാല്‍ ഉപഗ്രഹ മുന്നറിയിപ്പ് തെറ്റായതാകാം എന്ന് വിലയിരുത്തിയ പെട്രോവ് ഇതേപ്പറ്റി മേലധികാരികൾക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന ഉറച്ച നിലപാടെടുത്തു. അദ്ദേഹത്തിന്റെ ഈ തീരുമാനം ലോകമഹായുദ്ധത്തില്‍നിന്നും ആണവദുരന്തത്തില്‍നിന്നും ലോകത്തെ രക്ഷിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹം ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തിരുന്നുവെങ്കില്‍ സോവിയറ്റ് യൂണിയന്‍ ഒരുപക്ഷെ പ്രത്യാക്രമണം നടത്തുമായിരുന്നു.ഉത്തരവുകള്‍ അനുസരിക്കാതിരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം സോവിയറ്റ് സൈനിക പ്രോട്ടോക്കോളിനെതിരായിരുന്നു. പിന്നീട് സോവിയറ്റ് യൂണിയന്റെ ഉപഗ്രഹ മുന്നറിയിപ്പ് സംവിധാനം ശരിയല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മിസൈലെന്ന നിലയില്‍ മോണിറ്ററില്‍ കണ്ട ചിത്രങ്ങള്‍ മേഘപാളികളില്‍ തട്ടിയ സൂര്യരശ്മിയുടെ പ്രതിബിംബമായിരുന്നു.

സോവിയറ്റ് മിസൈല്‍ ഡിഫന്‍സ് ഏര്‍ളി വാണിങ് റെഡാര്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമായിരുന്ന കൂറ്റന്‍ റഡാര്‍ ദുഗ യുക്രൈനിലെ ചെര്‍ണോബില്‍ ആണവ നിലയത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ | Photo - AP

മുന്നറിയിപ്പ് കൊറിയന്‍ എയര്‍ലൈന്‍സ് വിമാനം വെടിവെച്ചിട്ടതിനു പിന്നാലെ

വ്യോമാതിര്‍ത്തി ലംഘിച്ച കൊറിയന്‍ എയര്‍ലൈന്‍സ് വിമാനത്തെ സോവിയറ്റ് യൂണിയന്‍ വെടിവെച്ചുവീഴ്ത്തിയത് ഈ സംഭവം നടക്കുന്നതിന് മൂന്നാഴ്ച മുമ്പാണ്. യു.എസ് കോണ്‍ഗ്രസ് അംഗമടക്കം 269 പേരാണ് ആ വിമാനത്തില്‍ ഉണ്ടായിരുന്നത്. ഈ സംഭവത്തിന്റെ പ്രത്യാഘാതമാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്ന് വിലയിരുത്താനുള്ള എല്ലാ സാഹചര്യവും അന്ന് ഉണ്ടായിരുന്നു. എന്നാല്‍ മറ്റുപല ഘടകങ്ങളും വിലയിരുത്തി മുന്നറിയിപ്പ് തെറ്റാകാം എന്ന നിഗമനത്തില്‍ പെട്രോവ് എത്തുകയായിരുന്നു.

കൊറിയന്‍ എയര്‍ലൈന്‍സ് വിമാനം വെടിവച്ചു വീഴ്ത്തിയപ്പോള്‍ | ഫോട്ടോ കടപ്പാട് - https://en.wikipedia.org/wiki/Korean_Air_Lines_Flight_902

നിഗമനം തെറ്റായിരുന്നുവെങ്കില്‍

സ്റ്റാനിസ്ലാവ് പെട്രോവിന്റെ നിഗമനം തെറ്റായിരുന്നുവെങ്കില്‍ നിമിഷങ്ങള്‍ക്കകം അമേരിക്കന്‍ മിസൈലുകള്‍ അന്നത്തെ സോവിയറ്റ് നഗരങ്ങളില്‍ പതിക്കുമായിരുന്നു. പെട്രോവിനുതന്നെ ഒരുപക്ഷെ മിസൈല്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുമായിരുന്നു. ജീവന്‍ നഷ്ടമായില്ലെങ്കില്‍തന്നെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ചവരുത്തിയ അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയും വധശിക്ഷതന്നെ നല്‍കുകയും ചെയ്യുമായിരുന്നു എന്നകാര്യം ഏതാണ്ട് ഉറപ്പായിരുന്നു. ജീവന്‍ പണയംവച്ചാണ് അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നത്. നിഗമനം ശരിയായിരുന്നിട്ടുപോലും അധികൃതര്‍ അദ്ദേഹത്തെ പിന്നീട് വിശദമായി ചോദ്യംചെയ്തിരുന്നു.

അമേരിക്കന്‍ മിസൈല്‍ ആക്രമണം സംബന്ധിച്ച ആ തെറ്റായ ഉപഗ്രഹ മുന്നറിയിപ്പ് അദ്ദേഹം മേലധികാരികളെ അറിയിച്ചിരുന്നുവെങ്കില്‍ ആണവ യുദ്ധത്തില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ മറ്റാര്‍ക്കും കഴിയുമായിരുന്നില്ല.

എവിടെയും മിസൈല്‍ പതിച്ചില്ല; ആശ്വാസം

ആ നിമിഷങ്ങളില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവന്നുവെന്ന് പെട്രോവ് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ഫോണെടുത്ത് മേലധികാരികളെ വിളിക്കാന്‍ അദ്ദേഹം പലതവണ ആലോചിച്ചതാണ്. മിസൈല്‍ ആക്രമണം സംബന്ധിച്ച ഗുരുതരമായ മുന്നറിയിപ്പുകള്‍ ലഭിച്ചാല്‍ യാതൊരുവിധ പുനര്‍വിചിന്തനവും നടത്താന്‍ അന്നത്തെ ചട്ടങ്ങള്‍ അനുവദിച്ചിരുന്നില്ല. ഒരു നിമിഷംപോലും പാഴാക്കാതെ ചടുലമായി പ്രവര്‍ത്തിക്കണം എന്നതായിരുന്നു നിര്‍ദ്ദേശം. മിനിട്ടുകള്‍ കഴിഞ്ഞ് എവിടെയും മിസൈലുകള്‍ പതിച്ചിട്ടില്ല എന്ന് മനസിലാക്കിയതോടെ തനിക്ക് വലിയ ആശ്വാസമാണ് ലഭിച്ചതെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്നിന്റെ തൊട്ടടുത്ത ദിവസംതന്നെ തെറ്റായ മുന്നറിയിപ്പ് ലഭിച്ചത് സംബന്ധിച്ച വിശദാംങ്ങള്‍ അദ്ദേഹം അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ മറ്റാരും അറിയാതെ വര്‍ഷങ്ങളോളം അദ്ദേഹവും സഹപ്രവര്‍ത്തകരും ആ രഹസ്യം സൂക്ഷിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷമാണ് വിവരം മാധ്യമങ്ങളിലൂടെ പുറംലോകത്ത് എത്തുന്നത്. ഇതോടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ പെട്രോവിനെ തേടിയെത്തി. ലഫ്റ്റനന്റ് കേണല്‍ പദവിയില്‍ സൈന്യത്തില്‍നിന്ന് വിരമിച്ച അദ്ദേഹം പിന്നീട് 77-ാം വയസിലാണ് മരിച്ചത്. The man who saved the world എന്ന പേരിൽ ഈ സംഭവം പിന്നീട് സിനിമയായി ഇറങ്ങിയിരുന്നു

അര്‍ഖിപോവ് | ഫോട്ടോ കടപ്പാട് - https://en.wikipedia.org/wiki/Vasily_Arkhipov

ആണവ ടോര്‍പ്പിഡോ പ്രയോഗിക്കാന്‍ വിസമ്മതിച്ച അര്‍ഖിപോവ്

ക്യൂബയില്‍ സോവിയറ്റ് യൂണിയന്‍ ആണവ മിസൈലുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്ന് ലോകശക്തികളായിരുന്ന അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ യുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന കാലം. 1962 ജൂലായില്‍, സോവിയറ്റ് യൂണിയന്‍ ക്യൂബയിലേക്ക് മിസൈല്‍ ഘടകങ്ങള്‍ എത്തിക്കുകയും സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്ന കാര്യം മനസ്സിലാക്കിയ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി കപ്പലുകളുടെ നീക്കം തടസപ്പെടുത്താന്‍ നേവല്‍ ബ്ലോക്കേഡ് പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ 1962 ഓക്ടോബര്‍ 27 ന് അമേരിക്കന്‍ നാവികസേനാ കപ്പലുകള്‍ കടലില്‍ കണ്ടെത്തിയ സോവിയറ്റ് അന്തര്‍വാഹിനി ബി-59നുനേരെ അമേരിക്കന്‍ യുദ്ധക്കപ്പല്‍ ആക്രമണം നടത്തി. അന്തര്‍വാഹിനി സമുദ്രോപരിതലത്തില്‍ എത്താന്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതായിരുന്നു അമേരിക്കന്‍ ആക്രമണത്തിന്റെ ലക്ഷ്യം. എന്നാല്‍ ഹിരോഷിമയില്‍ കനത്ത നാശം വിതച്ച ആറ്റംബോബിന് സമാനമായ ശക്തിയുള്ള ആണവ ടോര്‍പ്പിഡോ വഹിക്കുന്ന അന്തര്‍വാഹിനിയാണ് ബി-59 എന്ന് അമേരിക്ക തിരിച്ചറിഞ്ഞിരുന്നില്ല. സോവിയറ്റ് യൂണിയന്റെ നാല് അന്തര്‍വാഹിനികളിലാണ് അന്ന് ആണവ ടോര്‍പിഡോ സ്ഥാപിച്ചിരുന്നത്. ആക്രമണമുണ്ടായാല്‍ മോസ്‌കോയില്‍നിന്നുള്ള നിര്‍ദ്ദേശത്തിന് കാത്തുനില്‍ക്കാതെതന്നെ അവ വിക്ഷേപിക്കാന്‍ അന്തര്‍വാഹിനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബി-59 അന്തര്‍വാഹിനി | ഫോട്ടോ കടപ്പാട് - https://en.wikipedia.org/wiki/Soviet_submarine_B-59

ആണവയുദ്ധം തുടങ്ങിയോ ? വിവരങ്ങള്‍ അറിയാതെ നാവികര്‍

അമേരിക്കന്‍ യുദ്ധക്കപ്പലില്‍നിന്ന് ആക്രമണമുണ്ടായ സമയത്ത് ബി-59 ലെ നാവികര്‍ നന്നേ ക്ഷീണിതര്‍ ആയിരുന്നു. ഒരു മാസത്തിലേറെയായി അന്തര്‍വാഹിനിയില്‍ തുടരുകയായിരുന്നു അവര്‍. വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ ചിലത് തകരാറായതിനാല്‍ മോസ്‌കോയുമായി ബന്ധപ്പെടാനോ യു.എസ്-യുഎസ്എസ്ആര്‍ സംഘര്‍ഷം സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനോ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അമേരിക്കന്‍ യുദ്ധക്കപ്പലില്‍നിന്ന് തുടര്‍ച്ചയായ ആക്രമണം ഉണ്ടായതോടെ ഇരുരാജ്യങ്ങളും തമ്മില്‍ ആണവയുദ്ധം തുടങ്ങിയെന്ന നിഗമനത്തില്‍ അന്തര്‍വാഹിയിലെ നാവികര്‍ എത്തി. അമേരിക്കന്‍ കപ്പല്‍വ്യൂഹത്തിന് നേതൃത്വം നല്‍കിയ കൂറ്റന്‍ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് റാന്‍ഡോള്‍ഫിനുനേരെ ആണവ ടോര്‍പ്പിഡോ പ്രയോഗിക്കാന്‍ അവര്‍ തീരുമാനിച്ചു.

യുഎസ്.എസ് റാന്‍ഡോള്‍ഫ് വിമാനവാഹിനിക്കപ്പല്‍ | ഫോട്ടോ കടപ്പാട് - https://en.wikipedia.org/wiki/File:USS_Randolph_(CVA-15)_underway_Med_c1955.jpg

ടോര്‍പ്പിഡോ പ്രയോഗിക്കാമെന്ന് രണ്ട് ഓഫീസര്‍മാര്‍; വിയോജിച്ച് അര്‍ഖിപോവ്

അന്നത്തെ ചട്ടങ്ങള്‍ പ്രകാരം ഇത്തരത്തിലുള്ള ആക്രമണം നടത്തുന്നതിന് മുമ്പ് അന്തര്‍വാഹിനിയിലുള്ള മൂന്ന് മുതിര്‍ന്ന സബ്മറൈന്‍ ഓഫീസര്‍മാര്‍ ചര്‍ച്ചനടത്തി ധാരണയില്‍ എത്തേണ്ടിയിരുന്നു. രണ്ട് മുതിര്‍ന്ന ഓഫീസര്‍മാര്‍ ആണവ ടോര്‍പ്പിഡോ പ്രയോഗിക്കാമെന്ന നിലപാടില്‍ എത്തിയെങ്കിലും അലക്‌സാന്‍ഡ്രോവിച്ച് അര്‍ഖിപോവ് അതിനോട് വിയോജിച്ചു. അന്തര്‍വാഹിനിക്ക് ഗുരുതര ഭീഷണി ഇല്ലാത്ത സാഹചര്യത്തില്‍ ആണവായുധം പ്രയോഗിക്കുകയല്ല, സമുദ്രോപരിതലത്തില്‍ എത്തി മോസ്‌കോയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം നിലപാടെടുത്തു. ഇതേത്തുടര്‍ന്ന് ബി-59 സമുദ്രോപരിതലത്തില്‍ എത്തിയെങ്കിലും അമേരിക്ക ആക്രമണം നടത്തിയില്ല. പിന്നീട് സംഘര്‍ഷത്തിന് അയവുവന്നു. ക്യൂബയില്‍ നിര്‍മ്മിച്ച സൈനിക താവളങ്ങള്‍ ഉപേക്ഷിക്കാന്‍ സോവിയറ്റ് യൂണിയന്‍ തീരുമാനിച്ചു. നേവല്‍ ബ്ലോക്കേഡ് അമേരിക്ക നീക്കി. നാവികസേനയില്‍ തുടര്‍ന്ന അര്‍ഖിപോവ് 1980 ല്‍ അഡ്മിറല്‍ സ്ഥാനത്തുനിന്ന് വിരമിച്ചു.

അര്‍ഖിപോവിന്റെ ഇടപെടല്‍ ഇല്ലാതിരിക്കുകയും, ബി-59 അന്തര്‍വാഹിനിയില്‍നിന്ന് ആണവ അന്തര്‍വാഹിനി അന്ന് വിക്ഷേപിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ലോകം ഒരു ആണവ യുദ്ധത്തിനും മനുഷ്യക്കുരുതിക്കും സാക്ഷിയാകേണ്ടി വരുമായിരുന്നു എന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ അര്‍ഖിപോവും സ്റ്റാനിസ്ലാവ് പെട്രോവും സമചിത്തതയോടെ പെരുമാറി പ്രകോപനപരമായ നീക്കം ഒഴിവാക്കാന്‍ ശ്രമിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന കോലത്തിന്റെ മുഖം ഒരുപക്ഷെ ഇതുപോലെ ആയിരിക്കണമെന്നില്ല. ആണവയുദ്ധം ഒരുപാട് മനുഷ്യജീവനുകള്‍ കവര്‍ന്നെടുത്തേനെ. വരും തലമുറയില്‍ ജനിക്കുന്ന കുട്ടികള്‍പോലും ആണവ വികിരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങി നരകിച്ച് ജീവിക്കേണ്ടി വന്നേനെ. വന്‍ ആണവ ദുരന്തത്തില്‍നിന്നാണ് അവര്‍ ലോകത്തെ രക്ഷിച്ചത്.

കടപ്പാട് - mathrubhumi archives, bbcnews, nytimes, vox.com, trtworld.com


Content Highlights: Vasily Arkhipov, Stanislav Petrov - Soviet officers Who saved the world from Nuclear War


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented