കാട്ടിലേക്കുള്ള ടീച്ചറുടെ യാത്ര കാട് കാണാനല്ല, അക്ഷരം പകരാനാണ് | അതിജീവനം 77


എ.വി. മുകേഷ്

5 min read
Read later
Print
Share

സ്വപ്നങ്ങള്‍ കാണാന്‍ ശീലിച്ച മനുഷ്യര്‍ക്കായാണ് ഓരോ ചുവടും വയ്ക്കുന്നതെന്ന് അവര്‍ക്ക് നന്നായി അറിയാം. മുന്നോട്ടുള്ള വഴി ഇനി കാലത്തിന് അതീതമായി നടന്ന ഉഷ ടീച്ചറുടേതാണ്. അതിജീവനത്തിന്റെ അക്ഷരച്ചിറകുകള്‍ നല്‍കി ഒരു ജനതയെ പറക്കാന്‍ പഠിപ്പിച്ച ടീച്ചറുടെ ജീവിതവഴികള്‍ മറ്റൊരു പാഠപുസ്തകമാണ്.

ഉഷ ടീച്ചർ | ഫോട്ടോ: രേഷ്മ മോഹനൻ

ലസ്ഥാന നഗരിയുടെ തിരക്കുകളെ പുറകിലാക്കി കെ.എസ്.ആര്‍.ടി.സി. ബസ് മുന്നോട്ട് പഞ്ഞു. മല കയറുംതോറും തണുപ്പ് പതിയെ അരിച്ചെത്തുന്നുണ്ട്. ഏറെനേരത്തെ യാത്രക്ക് ശേഷം നിശബ്ദമായ താഴ്‌വാരയില്‍ വലിയ ശബ്ദത്തില്‍ ബസ് നിരങ്ങി നിന്നു. ലക്ഷ്യസ്ഥാനമായ അമ്പൂരിയിലേക്കെത്താന്‍ വഴി പിന്നെയും ബാക്കിയാണ്. ബസ്സില്ലാത്തതിനാല്‍ ജീപ്പിലായിരുന്നു പിന്നീടുള്ള യാത്ര. അഗസ്ത്യാര്‍കൂടത്തിന്റെ ദൃശ്യഭംഗി കണ്ണും മനസ്സും നിറയ്ക്കുന്നതാണ്. വിദൂരതയില്‍നിന്നു പക്ഷികളുടെയും മലയണ്ണാന്റെയും ശബ്ദം കേള്‍ക്കാം. വഴിയില്‍ ഉടനീളമുള്ള പേരറിയാത്ത കാട്ടുപൂക്കള്‍ യാത്ര കൂടുതല്‍ മനോഹരമാക്കി. ഇടതൂര്‍ന്ന വന്‍ മരങ്ങള്‍ക്കിടയിലൂടെയുള്ള പാത അമ്പൂരിക്കടവില്‍ അവസാനിച്ചു.

മുന്നില്‍ നെയ്യാറിന്റെ കൈവഴിയായ കരിപ്പയാറാണ്. ഏതോ കലാകാരന്‍ വഴിയില്‍ ഉപേക്ഷിച്ചുപോയ കാന്‍വാസിലെ മനോഹരചിത്രം പോലെയാണ് അമ്പൂരി ഗ്രാമവും കരിപ്പയാറും അനുഭവപ്പെട്ടത്. പുഴയുടെ ഓരത്ത് കടത്തുതോണിയുണ്ട്. ചെറിയ ഓളങ്ങളില്‍ അത് പതിയെ ഉലയുന്നുണ്ടായിരുന്നു. തെളിഞ്ഞ വെള്ളത്തില്‍ നിറയെ ചെറുമീനുകളുടെ കൂട്ടമാണ്. ഇരുകരയും സ്പര്‍ശിച്ചാണ് കരിപ്പയാര്‍ അഗസ്ത്യാര്‍കൂടത്തിന്റെ മടിത്തട്ടിലേക്ക് ഒഴുകുന്നത്.

കാഴ്ചകള്‍ക്ക് മുന്നില്‍ സമയം കടന്നുപോയത് അറിഞ്ഞില്ല. അമ്പൂരിയുടെ പ്രിയപ്പെട്ട ഉഷാകുമാരി ടീച്ചര്‍ ദൂരെനിന്നെ ചിരിച്ചുകൊണ്ട് വരുന്നുണ്ടായിരുന്നു. ഉള്‍ക്കാട്ടില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു കൊടുക്കുന്നത് ഉഷടീച്ചറാണ്. ഒറ്റപ്പെട്ടുപോയ കാട്ടിലെ മനുഷ്യരെ പാഠപുസ്തകങ്ങള്‍ക്കപ്പുറം സ്വപ്നം കാണാന്‍ പഠിപ്പിക്കുന്നതും അവരാണ്. കാട്ടിലെ ജനതക്ക് ടീച്ചര്‍ പ്രതീക്ഷകളുടെ കൂടപ്പിറപ്പാണ്.

കടത്തുകാരന്‍ ചെറിയ ചിരിയോടെ ടീച്ചര്‍ക്കൊപ്പം ഞങ്ങളെയും തോണിയില്‍ കയറ്റി. അമ്പൂരി വനമേഖലയിലെ കടവ് ലക്ഷ്യമാക്കി തോണി തിരിച്ചു. അമരത്തെ തുഴ ടീച്ചറുടെ കയ്യില്‍ സുരക്ഷിതമായിരുന്നു. കടത്തു കടന്ന് വനത്തിലൂടെ രണ്ട് മണിക്കൂറുകളോളം നടക്കണം വിദ്യാലയത്തിലെത്താന്‍. ഇരുപത് വര്‍ഷമായി ഉഷ ടീച്ചറുടെ ദിനചര്യയാണത്. കുന്നത്തുമലയിലെ എം.ജി.എല്‍.സി. ഏകാദ്ധ്യാപക വിദ്യാലയത്തിന്റെ നാഥയാണവര്‍.

ഇടതൂര്‍ന്ന് മരങ്ങളുള്ള കാട്ടുവഴിയിലൂടെയുള്ള നടത്തം അങ്ങേയറ്റം ദുഷ്‌ക്കരമാണ്. ശാരീരിക വിഷമതകള്‍ ഉണ്ടെങ്കിലും ഉഷ ടീച്ചര്‍ക്കത് അനായാസമാണ്. സ്വപ്നങ്ങള്‍ കാണാന്‍ ശീലിച്ച മനുഷ്യര്‍ക്കായാണ് ഓരോ ചുവടും വയ്ക്കുന്നതെന്ന് അവര്‍ക്ക് നന്നായി അറിയാം. മുന്നോട്ടുള്ള വഴി ഇനി കാലത്തിന് അതീതമായി നടന്ന ഉഷ ടീച്ചറുടേതാണ്. അതിജീവനത്തിന്റെ അക്ഷരച്ചിറകുകള്‍ നല്‍കി ഒരു ജനതയെ പറക്കാന്‍ പഠിപ്പിച്ച ടീച്ചറുടെ ജീവിതവഴികള്‍ മറ്റൊരു പാഠപുസ്തകമാണ്.

Usha Teacher
ഉഷ ടീച്ചര്‍ സ്‌കൂളിലേക്കുള്ള യാത്രയില്‍ | ഫോട്ടോ: രേഷ്മ മോഹനന്‍

അക്ഷരങ്ങള്‍ വഴി തെളിച്ച കാലം

കാടിറങ്ങി കോടമഞ്ഞ് വരുന്ന അമ്പൂരി ഗ്രാമത്തിലാണ് രവീന്ദ്രന്റെയും ലീലയുടെയും മൂത്ത മകളായി ഉഷാകുമാരി ജനിച്ചു വളര്‍ന്നത്. പഠിക്കുന്ന കാലം തൊട്ട് മലയും കാടും താണ്ടിയുള്ള നീണ്ട യാത്രകള്‍ ശീലമാണ്. വീട്ടിലെത്തി പുസ്തകങ്ങളിലേക്ക് നോക്കുമ്പോഴേക്കും ക്ഷീണം കാരണം കണ്ണടയും. അക്കാലത്ത് മല കയറിയിട്ടില്ലാത്ത വൈദ്യുതിയും അക്ഷരങ്ങളെ അവ്യക്തമാക്കിയിരുന്നു. അത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് പുസ്തകങ്ങളെ ശീലമാക്കിയത്. അക്ഷരങ്ങളെ ഹൃദയത്തോട് ചേര്‍ത്തത്.

എല്ലാത്തിലുമുപരി മനുഷ്യനും പ്രകൃതിക്കുമൊപ്പം നില്‍ക്കാനുള്ള പാഠം പണ്ടേ സ്വായത്തമാക്കിയിരുന്നു. മല കയറി കാടു കാണുന്നത് ആദ്യമൊക്കെ അത്ഭുതമായിരുന്നു. എന്നാല്‍ അവിടുത്തെ മനുഷ്യരുടെ ജീവിതത്തില്‍ അത്തരം അത്ഭുതങ്ങള്‍ ഒന്നും ഇല്ലായിരുന്നു. തീയെരിയാത്ത അടുക്കളകളും അസുഖങ്ങളുമായിരുന്നു ഓരോ കൂരയിലെയും കാഴ്ചകള്‍. ആ ജീവിതങ്ങള്‍ കണ്ണിലുടക്കിയത് മുതല്‍ കാടിന് നിറം മങ്ങുകയായിരുന്നു. പിന്നീടുള്ള ടീച്ചറുടെ സ്വപ്നങ്ങളില്‍ ആ ജനതയുടെ ദുരിതജീവിതങ്ങള്‍ നിഴലിച്ചുനിന്നിരുന്നു. ദിശയറിയാതെ നില്‍ക്കുന്ന അവിടുത്തെ കുട്ടികളായിരുന്നു കൂടുതല്‍ വേദനിപ്പിച്ചത്.

1985 മുതലാണ് സാക്ഷരത പ്രവര്‍ത്തനങ്ങളുമായി വീണ്ടും കാടുകയറുന്നത്. വയോജന വിദ്യാഭ്യാസത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം കൊടുത്തത്. ആദ്യമൊക്കെ ഏറെ പ്രയാസപ്പെട്ടുവെങ്കിലും വൈകാതെ തന്നെ കാടിന്റെ പ്രിയപ്പെട്ടവളായി മാറുകയായിരുന്നു. നിരന്തരമായ ഇടപെടലുകള്‍ വലിയ മാറ്റങ്ങളാണ് ആ ജനതയില്‍ ഉണ്ടാക്കിയത്. അക്കാലത്താണ് മോഹനന്‍ ജീവിതത്തിന്റെ കൈപിടിക്കുന്നത്. കൂട്ടായി മോനിഷും രേഷ്മയും വന്നു.

Usha Teacher
ഉഷ ടീച്ചര്‍ കുട്ടികള്‍ക്കൊപ്പം | ഫോട്ടോ: രേഷ്മ മോഹനന്‍

ഒറ്റയാനും അക്ഷരങ്ങളും

കാടുകയറി മനുഷ്യര്‍ക്കിടയിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് അധ്യാപികയായി നിയമനം ലഭിക്കുന്നത്. 1999-ലാണ് കയ്യില്‍ പാഠപുസ്തകങ്ങളും മനസ്സില്‍ വലിയ ലക്ഷ്യവുമായി കോട്ടൂരിലെ കാടകങ്ങളിലേക്ക് കയറുന്നത്. ആനയും കാട്ടുപന്നിയും അടക്കിവാഴുന്ന വനമേഖലയാണ് കോട്ടൂര്‍. പലസ്ഥലങ്ങളിലായി ചിതറിയ നിലയിലായിരുന്നു വീടുകള്‍. ഏകാദ്ധ്യാപക വിദ്യാലയത്തിനായി സ്ഥലം പോലും കണ്ടെത്തിയിട്ടില്ലായിരുന്നു.

മുന്‍പ് പലതവണ അവിടുത്തെ മനുഷ്യര്‍ക്കായി മലകയറിയതിനാല്‍ അപരിചിതത്വം ഒട്ടുമില്ലായിരുന്നു. കാട്ടിനുള്ളിലെ ഒരു വീട്ടില്‍തന്നെ വിദ്യാലയത്തിന്റെ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു. അടിവാരത്തുനിന്നും കാട്ടുവഴിയിലൂടെ മണിക്കൂറുകള്‍ നടന്ന് വേണം അവിടെയെത്താന്‍. കൂടാതെ വന്യമൃഗങ്ങളും വലിയ ഭീഷണിയായിരുന്നു. പല തവണ ആന ഓടിച്ച് അപകടങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എന്ത് പ്രതിസന്ധിവന്നാലും പിന്മാറില്ലെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു.

ഒടുവില്‍ അവിടെത്തന്നെ താമസിച്ചു പഠിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാട്ടിനുള്ളിലെ ഒറ്റമുറിക്കുടിലില്‍ അറിയാവുന്ന കുടുംബത്തോടൊപ്പം തല ചായ്ക്കാന്‍ ഇടം ലഭിച്ചു. വൈകാതെ അതിശൈത്യവും വന്യജീവികളുടെ ഭീതിപ്പെടുത്തുന്ന അലര്‍ച്ചയും ഉഷ ടീച്ചര്‍ക്ക് ശീലമായി. എല്ലാ വേദനകളും തന്റെ മുന്നില്‍ ഇരിക്കുന്ന കുരുന്നുകളെ കാണുമ്പോള്‍ അലിഞ്ഞ് പോവുകയായിരുന്നു. നിരന്തരമായ ശ്രമഫലമായി വിദ്യാലയത്തിനായി സര്‍ക്കാര്‍ പണം അനുവദിച്ചു. കസേരയും ബെഞ്ചും ഉള്‍പ്പെടെ ബാക്കി ഉപകരണങ്ങള്‍ ഉഷടീച്ചറുടെ ഇടപെടലുകള്‍ കൊണ്ടും ലഭിച്ചു. അക്കാലം മുതലാണ് ഒറ്റയാനെ പേടിച്ച് ജീവിച്ചിരുന്ന മനുഷ്യര്‍ക്ക് അക്ഷരവെളിച്ചം ലഭിച്ചു തുടങ്ങിയത്.

Usha Teacher
ഉഷ ടീച്ചര്‍ കുട്ടികള്‍ക്കൊപ്പം | ഫോട്ടോ: രേഷ്മ മോഹനന്‍

ഒരു ജനത തല ഉയര്‍ത്തുമ്പോള്‍

വിറക് ശേഖരിച്ചും കൃഷി നടത്തിയും ഉപജീവനമാര്‍ഗ്ഗം നടത്തുന്നവരാണ് കോട്ടൂര്‍ വനമേഖലയിലെ ആദിവാസി ജനത. തുച്ഛമായ വരുമാനം ഒരു നേരത്തെ അന്നത്തിന് പോലും തികയാറില്ല. നാടുമായി ഭൂരിപക്ഷം പേര്‍ക്കും ബന്ധമില്ല. പുറത്തുനിന്ന് അപൂര്‍വ്വമായി വരുന്ന ആളുകളെ അഭിമുഖീകരിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ആര്‍ക്ക് മുന്നിലും തലതാഴ്ത്തി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു.

ആ ജനതയെ തല ഉയര്‍ത്തി സംസാരിക്കാന്‍ പ്രാപ്തരാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉഷ ടീച്ചര്‍ തിരിച്ചറിയുകയായിരുന്നു. അതിനായി പുറത്തുനിന്നും ആളുകളെ കൊണ്ടുവന്ന് പലരീതിയിലുള്ള ക്ലാസ്സുകള്‍ നടത്തി. ഏറെക്കുറെ ആ ശ്രമങ്ങള്‍ ഇന്ന് ഫലം കണ്ടിട്ടുണ്ട്. ഭരണകൂടങ്ങളുടെ കാര്യമായ ശ്രദ്ധ ലഭിക്കാത്തതാണ് മറ്റൊരു പ്രധാന വിഷയം. അക്കാലത്ത് ഓണറേറിയമായി കിട്ടിയിരുന്നത് 1500 രൂപയായിരുന്നു. ജീവന്‍ പണയംവച്ചുള്ള അധ്വാനത്തിന് സര്‍ക്കാര്‍ അനുവദിച്ച കൂലി.

എന്നാല്‍, തുച്ഛമായ തുകയില്‍ ഉഷടീച്ചര്‍ അസ്വസ്ഥയായിരുന്നില്ല. മുന്നിലെ മനുഷ്യരുടെ അവസ്ഥയായിരുന്നു അവരെ അലട്ടിയത്. നാലു വര്‍ഷത്തോളം കാട്ടിലെ കുരുന്നുകള്‍ക്കുള്ളില്‍ അക്ഷരങ്ങളുടെ വിത്തു പാകി മുളപ്പിക്കാന്‍ സാധിച്ചു. വളര്‍ന്നു വരുന്ന സ്വന്തം കുട്ടികള്‍ക്കും അവരുടെ അമ്മയെ ആവശ്യമായിരുന്നു. തുടര്‍ന്നാണ് സ്വന്തം നാടായ അമ്പൂരിയിലെ ഏകാധ്യാപക വിദ്യാലയത്തിലേക്ക് പോകാന്‍ തീരുമാനിച്ചത്.

Usha Teacher
ഉഷ ടീച്ചര്‍ | ഫോട്ടോ: രേഷ്മ മോഹനന്‍

സ്വപ്നങ്ങളുടെ സിലബസ്

കടവില്‍നിന്നു രണ്ടു മണിക്കൂര്‍ കാട്ടിലൂടെ നടക്കണം അമ്പൂരിയിലെ വിദ്യാലയത്തിലെത്താന്‍. ഏതു നിമിഷവും നിലം പൊത്താറായ മണ്ണുകൊണ്ട് നിര്‍മ്മിച്ച വിദ്യാലയമായിരുന്നു അന്ന് ഉഷ ടീച്ചറെ സ്വാഗതം ചെയ്തത്. ഏതാനും വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ആനയും കാട്ടുമൃഗങ്ങളും യഥേഷ്ടം അവിടെയും ഉണ്ടായിരുന്നു. കൂടെപ്പിറപ്പായ ആസ്ത്മയും വലിയ വെല്ലുവിളിയായി. എങ്കിലും പ്രതിസന്ധികള്‍ക്ക് മുന്നില്‍ കീഴടങ്ങാത്ത മനസ്സ് ധൈര്യം പകര്‍ന്നു. പിന്നീടങ്ങോട്ട് കീഴടക്കാനാവാത്ത പ്രകൃതിയോടുള്‍പ്പെടെ യുദ്ധത്തിലായിരുന്നു.

ഓരോ വീട്ടിലും കയറി കുട്ടികളെ പഠിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തി. കാടിനുള്ളിലുള്ള 56 വീടുകളിലെ മനുഷ്യര്‍ക്കും അത് വ്യക്തമായി. പ്രായമായ എല്ലാ കുട്ടികളെയും അടുത്ത ദിവസം മുതല്‍ വിദ്യാലയത്തിലേക്ക് വിട്ടുതുടങ്ങി. രാവിലെ ഉഷ ടീച്ചര്‍ കടത്തു കടന്നു വരുമ്പോള്‍തന്നെ വഴിയില്‍നിന്നും ഓരോരുത്തരായി ആ അക്ഷരവെളിച്ചത്തിന് ഒപ്പം ചേരും. വൈകാതെതന്നെ വിദ്യാലയത്തിന് പുതിയ കെട്ടിടവും പരിമിതമായ സൗകര്യങ്ങളും ഉണ്ടായി.

ഉഷ ടീച്ചറെപ്പോലെ നൂറു കണക്കിന് അദ്ധ്യാപകരാണ് ഇത്തരം പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുന്നത്. 246 ഏകാധ്യാപക വിദ്യാലയങ്ങളിലായി വരുംതലമുറക്ക് സ്വന്തം ജീവിതം തന്നെയാണ് അവര്‍ പകര്‍ന്നു കൊടുക്കുന്നത്. ഇത്തരം അപകടം പിടിച്ച സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ഒരു പരിരക്ഷയും ലഭിക്കുന്നില്ല എന്നതാണ് സംഘടകരമായ വസ്തുത. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോതമംഗലം കുഞ്ചിപ്പാറ ഏകാധ്യാപക വിദ്യാലയത്തിലെ ലിസി ടീച്ചര്‍ ആ പ്രതിസന്ധികളുടെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്.

നാട്ടിലുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് കിട്ടുന്ന പരിഗണനയും കാടകങ്ങളിലെ കുരുന്നുകള്‍ക്ക് ലഭിക്കുന്നില്ല. 8 രൂപ മാത്രമാണ് ഒരു വിദ്യാര്‍ത്ഥിക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. വിറക് മുതല്‍ പാല്‍, മുട്ട, പച്ചക്കറികള്‍ തുടങ്ങി ഒരു കുട്ടിക്ക് വേണ്ട പോഷകാഹാരങ്ങള്‍ കൊടുക്കാന്‍ അപര്യാപ്തമാണ് ആ തുക. സഹായ മനസ്ഥിതിയുള്ള ആളുകളുടെ സഹകരണം കൊണ്ടാണ് അതിപ്പോള്‍ മറികടക്കുന്നത്. തന്റെ കുരുന്നുകള്‍ക്ക് നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് സ്വപ്നങ്ങളുടെ സിലബസ്സുമായി ഓരോ ദിവസവും ഉഷ ടീച്ചര്‍ കാട് കയറുന്നത്.

Content Highlights: Usha teacher, single woman teacher of a school in inner forest of Trivandrum | Athijeevanam 77

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
.

4 min

വഴിയുണ്ട് പൂട്ടാന്‍; ലോണ്‍ ആപ്പുകളുടെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ചെയ്യേണ്ടത്

Sep 22, 2023


.
Premium

6 min

ബോംബിട്ടും തീയിട്ടും സ്ത്രീകൾ നേടിയെടുത്ത അവകാശം, രാജാവിന്റെ കുതിരയുടെ ഇടിയിൽ രക്തസാക്ഷിയായ എമിലി

Sep 22, 2023


.മാന്ദന ചിത്രങ്ങള്‍

2 min

നാടോടിപ്പാട്ടുകള്‍ പാടിക്കൊണ്ട് ചിത്രരചന, കൂട്ടായ്മയുടെ അഴകാണ് മാന്ദന ചിത്രങ്ങള്‍

Sep 22, 2023


Most Commented