ചിരിക്കാൻ മറന്ന മനുഷ്യനെപ്പോലെ മയിലമ്മ, സ്വപ്നങ്ങൾ നിലച്ച നല്ലശിങ്ക | അതിജീവനം 103


എ.വി മുകേഷ്‌ | mukeshpgdi@gmail.com

3 min read
Athijeevanam
Read later
Print
Share

മയിലമ്മ

ട്ടപ്പാടിയിലേക്കാണ് വീണ്ടും. ചുരമാകെ തണുത്തുറഞ്ഞിട്ടുണ്ട്. വഴി ഏറെക്കുറെ വിജനം. ഇരുവശത്തും ആകാശം മറച്ചുകൊണ്ട് ചില്ലപടർത്തിയ വൻ മരങ്ങൾ. ചിതറി കിടക്കുന്നതുപോലെ വഴിനീളെ പേരറിയാത്ത കാട്ടുപൂക്കൾ. ചുരം കയറുംതോറും കോടമഞ്ഞ് നിറഞ്ഞു. മലയിറങ്ങി വന്ന മഞ്ഞിനെ സൂര്യപ്രകാശം ചിലയിടങ്ങളിൽ വകഞ്ഞു മാറ്റിയിട്ടുണ്ട്. ചരിഞ്ഞു പതിച്ച അമ്പു പോലെ ആ വെളിച്ചം മണ്ണിൽ തറച്ചു നിൽക്കുന്നു.

കൊളുക്കുമലയും ഗൂളിക്കടവും പിന്നിട്ടെത്തുന്നത് പശ്ചിമഘട്ടത്തിലേക്കാണ്. ചുറ്റിലും കാറ്റാടി പാടങ്ങൾ. അവയ്ക്ക് താഴെ നിരയിട്ട് വൻ മലകൾ. ഉദിച്ചുയരുന്ന സൂര്യൻ മലനിരകളെ തവിട്ടു നിറത്തിലാക്കുന്നു. വലിയ ശബ്ദത്തോടെ കന്നു കാലികളുമായി കുട്ടികളടങ്ങുന്ന കൂട്ടം ഞങ്ങളെ കടന്നുപോയി. വഴിയരികിലെ പന്തലിച്ച ആൽമരവും അതിനുതാഴെ പ്രതിഷ്ഠിച്ച ഗോത്ര ദൈവങ്ങളുമാണ് നല്ലശിങ്ക ഊരിലേക്ക് വഴി തുറക്കുന്നത്.

മയിലമ്മയുടെ വീട് ഏവർക്കും സുപരിചിതം. സന്നദ്ധ സംഘടന നിർമ്മിച്ചുകൊടുത്ത ചെറു വീടിന്റെ പുറത്തുതന്നെ അവരുണ്ട്. ചോർന്നൊലിക്കുന്ന ദുരിതങ്ങളുടെ കൂരകളിൽ നിന്ന് വീടായത് ഈ അടുത്തകാലത്താണ്. കാറ്റിൽ പാറിപ്പറന്ന നരച്ച മുടിയിഴകൾ മയിലയുടെ മുഖം മറയ്ക്കുന്നു. നിസ്സഹായതയുടെ കാർമേഘം പെയ്തൊഴിയാതെ അവരിൽ കാണാം.

ചിരിക്കാൻ മറന്ന മനുഷ്യനെ പോലെ മയിലമ്മ അതിനായി ശ്രമിച്ചു, പരാജയപ്പെട്ടതിനാലാകണം പതിയെ മുഖം താഴ്ത്തി. മുറിച്ചുമാറ്റപ്പെട്ട വലതു കൈ കാണാതിരിക്കാൻ ചെരിഞ്ഞുനിന്നു. അലസമായി തോളിൽ കിടന്ന തുണികൊണ്ട് ആകെ മൂടിപ്പുതച്ചു. കയ്യില്ലാത്ത അവസ്ഥ മയിലയെ അത്രമാത്രം സംഘടത്തിലാഴ്ത്തുന്നുണ്ട്. അൽപ്പനേരത്തെ നിശ്ശബ്ദതക്ക് ശേഷം, ഇരുള ഭാഷയിൽ ജീവിതം തനിക്കേൽപ്പിച്ച മുറിവുകളുടെ തുന്നഴിച്ചു...

ചോർന്നുപോയ ബാല്യം

ചാത്തന്റെയും പപ്പമ്മയുടെയും ആറുമക്കളിൽ ഒരുവളായാണ് മയിലമ്മ ഭൂമിതൊട്ടത്. നല്ലശിങ്കയെന്ന ഊരിനപ്പുറം ഭൂമി ഉണ്ടെന്നറിയാത്ത ബാല്യം. കാടും കാട്ടാറുകളുമാണ് കൗമാരക്കാലംവരെയുള്ള ഓർമ്മ. വിദ്യാലയത്തെ കുറിച്ച് അക്കാലത്ത് കേട്ടുകേൾവിപോലുമില്ല. ഊരിലേക്ക് വഴിതുറക്കാത്ത അന്നത്തെ പരിഷ്കൃതർ അക്ഷരങ്ങൾക്കുകൂടിയാണ് വിലങ്ങിട്ടത്. പിന്നെയും ഏറെ നാൾ കഴിഞ്ഞാണ് ഷോളയൂരിൽ വിദ്യാലയം വന്നത്. അതും അഞ്ച് കിലോമീറ്റർ അന്നത്തെ കാട്ടിലൂടെ നടന്നു പോകണം.

അന്ന്, വൈദ്യുതിയോ റോഡോ ആ മനുഷ്യരെ കണ്ടതേയില്ല. കാർമേഘങ്ങളിലാത്ത ദിവസങ്ങളിലെ നിലാവെളിച്ചമാണ് രാത്രിയിലെ ജീവിതം സാധ്യമാക്കിയത്. നിലാവ് ഇല്ലാത്ത രാത്രികളിൽ ഊരിനെയാകെ ഇരുട്ടു വിഴുങ്ങും. ആനയും പന്നിയും വന്യമൃഗങ്ങളും ആ മറപറ്റി മനുഷ്യരെ വെല്ലുവിളിക്കും. അപ്പോഴൊക്കെ നിസ്സഹായതയുടെ കൂരകളിൽ ശ്വാസമെടുക്കാതെ കിടക്കും.

മഴക്കാലം കൂടുതൽ ദുരിതമാണ്. പനയോല പാകിയ കൂര ചോർന്നൊലിക്കും. മഴപോലെ വെള്ളം അകത്തും പെയ്തിറങ്ങും. മറ്റൊരു ജീവന സാധ്യത സ്വപ്നങ്ങളിൽ പോലുമില്ലാത്തതിനാൽ അതിനും കീഴ്പ്പെടും. പേമാരിക്കാലത്ത് കാലികളുമായി കാടകങ്ങളിലേക്ക് കയറാനും സാധിക്കില്ല. ചെറിയ കൃഷികളാണ് അന്നത്തെ വറുതിയിൽ വയറെരിയാതെ കാക്കുന്നത്. എന്നാൽ, കാത്തുവച്ചതൊക്കെയും പന്നികൂട്ടങ്ങൾ പാടെ നശിപ്പിക്കുന്നതും പതിവാണ്. നനഞ്ഞൊട്ടിയ കൂരയിൽ തളർന്നുറങ്ങിയ രാപ്പകലുകൾ ഇന്നും മയിലയുടെ കണ്ണാഴങ്ങളിൽ കാണാം.

തനിച്ചാവലിന്റെ വേദന

കാലുറച്ചു നടക്കാൻ തുടങ്ങിയ കാലം മുതൽ അച്ഛന്റെ കൂടെ കാലിമേയ്ക്കാൻ ഇറങ്ങി. കൃഷിയ്ക്കൊപ്പം ഊരിലെ പ്രധാന ജീവന മാർഗ്ഗമാണത്. കാട്ടുവഴികളിൽ കിട്ടുന്നതെല്ലാം ശേഖരിച്ച് പങ്കുവച്ചു തിന്നും, അരുവികൾ ദാഹമകറ്റും. മലയിടുക്കുകളിലേക്ക് സൂര്യൻ മറയുമ്പോഴേക്കും തിരിച്ചെത്തണം. അധികം പുകയേൽക്കാത്ത കൂരയ്ക്കുള്ളിലെ അടുപ്പിൽ കഞ്ഞിക്കലമുണ്ടാകും. വിശന്നു വലഞ്ഞ വയറ്റിലേയ്ക്ക് വറ്റില്ലാത്ത കഞ്ഞി ചൂടോടെ പകരും. ഭാഗ്യമുണ്ടെങ്കിൽ ഒരു വറ്റെങ്കിലും നാവിൽ തടയും. അന്ന് വലിയ സ്വപ്നങ്ങൾ കണ്ടുറങ്ങും.

കടന്നുപോയ കാലം ഊരിലേക്ക് വൈദ്യുതി എത്തിച്ചു. മലയോരങ്ങളിലേക്ക് റോഡുവെട്ടി. വലിയ മിന്നാമിനുങ്ങുപോലെ പോസ്റ്റിനുമുകളിൽ തെളിഞ്ഞ മഞ്ഞ വെളിച്ചം അത്ഭുതമായിരുന്നു. അത് വീട്ടകങ്ങളിലേക്കെത്താൻ പിന്നെയും വർഷങ്ങളെടുത്തു. അക്കാലത്താണ് മയിലയുടെ കല്ല്യാണം നടന്നത്. എന്നാൽ, കൈപിടിച്ച മനുഷ്യൻ മാസങ്ങൾക്കകം ഉപേക്ഷിച്ചുപോയി. പിന്നീടയാൾ മയിലയെത്തേടി മലകയറിയില്ല. അന്നത് പുരുഷന്റെ ചോദ്യംചെയ്യപ്പെടാത്ത സ്വാതന്ത്രമാണ്. മാതാപിതാക്കളുടെ മരണത്തോടെ മയില എല്ലാ അർത്ഥത്തിലും തനിച്ചായി.

മുറിവേറ്റ മനസ്സുമായി ജീവിതം പിന്നെയും തുന്നികൂട്ടാൻ തുടങ്ങി. വലതു കൈയ്യിലെ വിട്ടുമാറാത്ത ചൊറി അക്കാലത്ത് വല്ലാതെ കൂടി. ചികിത്സ പലതു പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ചങ്കിടിപ്പ് നിലയ്ക്കുന്നതുപോലെ അത് കാൻസറാണെന്ന് തിരിച്ചറിഞ്ഞു. രോഗാവസ്ഥയിൽ ഒറ്റയ്ക്കുള്ള ജീവിതം പലപ്പോഴും ഉള്ളുലച്ചു. തനിച്ചെന്ന ബോധ്യം ഭീതിപടർത്തിയ നാളുകളായിരുന്നു അത്.

മുറിപ്പാടുകൾ വീണ ജനത

അക്കാലത്തിനിടയ്ക്ക് കാൻസറിന്റെ കറുത്ത ഞണ്ടുകൾ വലതുകൈ കാർന്നു തിന്നിരുന്നു. 2016-ൽ തിരുവനന്തപുരം ശ്രീചിത്രയിൽ നിന്ന് കൈ മുറിച്ചുമാറ്റി. വേദനയുടെ ഉറങ്ങാത്ത ദിനരാത്രങ്ങൾ. പലപ്പോഴും തനിച്ചായ സങ്കടം ഉള്ളുപൊള്ളിച്ചു. മാസങ്ങളോളം ആശുപത്രി വരാന്തയുടെ ഇരുണ്ട മൂലകളിൽ കരഞ്ഞു തീർത്തു. ഇടത് കൈ മാത്രമായി എന്ന യാഥാർഥ്യം ഉൾകൊള്ളാൻ കാലമേറെ വേണ്ടിവന്നു. ഇന്ന്, ഒറ്റക്കൈ കൊണ്ട് സാധ്യമായതെല്ലാം ചെയ്യും. ഉള്ളുലയ്ക്കുന്ന വേദനയോടെ മാത്രമെ മയിലയുടെ ആ ജീവിതം കാണാനാകൂ.

ഒരു പണിക്കും പോകാൻ പറ്റാത്ത അവസ്ഥയിലായിട്ട് വർഷങ്ങളായി. ആകെയുള്ളത് എങ്ങുമെത്താത്ത പെൻഷനാണ്. യഥാസമയം കിട്ടാറുമില്ല. സന്നദ്ധ പ്രവർത്തകർ ഒരു നേത്തെ അന്നമെത്തിക്കുന്നുണ്ട്, അത് എന്നുവരെ ലഭിക്കുമെന്നറിയില്ല. ആ ഒരു പൊതി ചോറിലാണ് ദുർബലമായ ശരീരം വീണുപോകാതെ നിൽക്കുന്നത്. ഭക്ഷണപ്പൊതി നിലച്ചാൽ എന്തുചെയ്യുമെന്ന് ചോദിച്ചപ്പോൾ അസ്ഥിയോട് ചേർന്നൊട്ടിയ കവിളിൽ നിരാശ പടർന്നു.

മലയിറങ്ങി വന്ന കാറ്റിൽ വലതു കൈ മൂടിയ പുതപ്പ് നിലത്തേക്ക് വീണു. വല്ലാത്തൊരു പരിഭ്രമത്തോടെ മയില അതെടുത്ത് വീണ്ടും പുതച്ചു. നഷ്ടപ്പെട്ടതിന്റെ ആഴം ആ കണ്ണിൽ നിറഞ്ഞു. 'ഓപ്പറേഷന് ശേഷം അൽപ്പം നടന്നാൽ കാലുകൾ വിറക്കും. ചെറുതും വലുതുമായ അസുഖങ്ങൾ വേറെയുമുണ്ട്'. ഓടി നടന്ന് കാൽചുവട്ടിലാക്കിയ മലനിരകളെ നോക്കി ആധിയോടെ മയില പറഞ്ഞു നിർത്തി...

മയിലയുടെ ജീവിതം യഥാർത്ഥത്തിൽ ആദിവാസിജനതയുടെ പരിച്ഛേദമാണ്. ആ ജനത അനുഭവിക്കുന്ന അരികുവൽക്കരണത്തിന്റെ ഭീതി മയിലയുടെ ജീവിതവഴികളിൽ ആദ്യാവസാനം കാണാം. നല്ലശിങ്കയിലെ ഓരോ മനുഷ്യജീവിക്കും വേദന തളംകെട്ടിയ ഒട്ടേറെ കഥപറയാനുണ്ട്. യാത്രപറയാതെ പറഞ്ഞ് ഞങ്ങൾ ഊര് വിട്ടിറങ്ങി. എങ്ങും കാറ്റിന്റെ ഇരമ്പൽ മാത്രം. ഇരുട്ട് വീണ്ടും മേഘമിറങ്ങി നല്ലശിങ്കയെ പൊതിഞ്ഞു. സ്വപ്നങ്ങൾ നിലച്ച ആ വൃദ്ധയായ സ്ത്രീ പാതി വെന്ത വയറുമായി ഇപ്പോഴും തനിച്ചാണ്...

Content Highlights: Tribal village in attapadi Athijeevanam episode 103

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
1
Premium

4 min

ദേവതമാരുടെ അര്‍ധനഗ്ന ശിൽപങ്ങളിൽ കാണുന്നത് നഗ്നതയല്ല; ദൈവികത | രഹ്ന ഫാത്തിമ കേസ് അവലോകനം | Law Point

Jun 8, 2023


Thankamani

3 min

അടുപ്പിലല്ല, ജീവിതത്തിന് മുകളിലാണ് ഭീതിയുടെ കല്ലിട്ടത് | അതിജീവനം 90

Apr 4, 2022


athijeevanam
അതിജീവനം 114

3 min

ബിഹാറിലെ നരച്ച ഗ്രാമങ്ങളിലേക്ക് പടർന്ന വെളിച്ചം; സൈക്കിൾ ദീദിയും അവരുടെ സ്വപ്നങ്ങളും | അതിജീവനം 105

May 12, 2023

Most Commented