മര്‍ദ്ദനത്തിന് ശേഷം ഉടമുണ്ടഴിച്ച് കെട്ടിയിട്ടു; കറുപ്പ്‌ കുറ്റമാകുമ്പോൾ | അതിജീവനം 102


By എ.വി മുകേഷ്‌ | mukeshpgdi@gmail.com

5 min read
Athijheevanam
Read later
Print
Share

മധുവിന്റെ അമ്മ മല്ലി/ രതീഷ് പിപി

വേനലിന് മുന്നേ ഭവാനി നീർച്ചാലായി. പാറയിടുക്കുകളിൽ തട്ടിത്തടഞ്ഞ് ഒഴുകാൻ സാധിക്കുന്നില്ല. മുന്നിലെ വലിയ പാറകളിൽ വെള്ളം നിശ്ചലമാണ്. കീഴ്‌പ്പെടുത്തി മുന്നേറാൻ സാധിക്കാത്ത വിധമാണ് തടസ്സങ്ങൾ. സമാനസാഹചര്യത്തിൽ പതിറ്റാണ്ടുകളായി എങ്ങും ഒഴുകിയെത്താൻ സാധിക്കാത്ത ഒരു ജനതയുണ്ട്, അതേ അട്ടപ്പാടിയിൽ. ആഴത്തിൽ ആ ജനതക്കേറ്റ ഉണങ്ങാത്ത മുറിവിന് അഞ്ചാണ്ട് തികയുന്നു. ഒരു മനുഷ്യ ജീവന്റെ വില ആൾക്കൂട്ടം തീരുമാനിച്ച കറുത്ത ദിനത്തിന്റെ ഓർമ്മ.

ഫോറസ്റ്റ് ചെക്ക് പോസ്റ്റ് പിന്നിട്ടു വേണം ചിണ്ടക്കി ഊരിലേക്ക് കടക്കാൻ. ഒട്ടേറെ ചോദ്യങ്ങൾക്ക് ശേഷം അവർ അനുമതി തന്നു. ആകാശം മറയ്ക്കുന്ന വൻമരങ്ങൾക്ക് നടുവിലൂടെ ഒരു പാത. വലതുവശത്ത് ഒഴുകാനാവാത്തവിധം ഭവാനി. നിമിഷങ്ങൾക്കകം റോഡവസാനിച്ചു. ഊരിലേക്ക് ഇനി നടക്കണം. അടുത്തടുത്ത് വീടുകളുണ്ട്. മിക്കതും പണി പൂർത്തിയാക്കാത്തവ. ഓരോ വീടിന് മുന്നിലും ഒന്നിലേറെ പട്ടികൾ, ചിലത് വല്ലാത്ത മുരൾച്ചയോടെ നോക്കി.

വഴിയരികിൽ ഇരിക്കാനായി മരം പാകിയ ചെറിയ ഇടമുണ്ട്. അവിടെ പല പ്രായത്തിലുള്ള ഏതാനും ആളുകൾ. എല്ലാ മുഖങ്ങളിലും നിരാശയുടെ നിഴൽ. മധുവിന്റെ വീട് ഏതെന്ന് ചോദിക്കുന്നതിന് മുന്നേ അതിലൊരാൾ ഇടത്തേക്ക് വിരൽ ചൂണ്ടി, മറ്റാരെയും തേടി ആരും വരാനില്ലെന്ന ഭാവത്തിൽ. ചെറിയൊരു കയറ്റം പിന്നിട്ട് ഷീറ്റ് പാകിയ വീട്ടുമുറ്റത്തെത്തി. നടക്കാനുള്ള സിമെന്റ്‌ വഴി അവിടെ അവസാനിച്ചു. മധുവിന്റെ ജീവൻകൊണ്ട് സാധ്യമായ ഒരേ ഒരു മാറ്റമാണ് ആ ചെറുപാത. അതു കഴിഞ്ഞും മനുഷ്യരുണ്ട്, വഴിയില്ലാത്തവർ.

കാലനക്കം കേട്ടപ്പോഴേ മധുവിന്റെ അമ്മ മല്ലി ഇറങ്ങി വന്നു. ചിരിക്കാൻ മറന്ന ഒരാളെപ്പോലെ അവർ അതിന് ശ്രമിച്ചു, പരാജയപ്പെട്ട് തലതാഴ്ത്തി. കരി പുരണ്ട ഇരുണ്ട തോർത്തിൽ മുഖം തുടച്ച്‌ വരാന്തയിൽ ഇരുന്നു. നഷ്ടമായ ജീവന്റെ വേദന ആ മുഖത്ത് കനത്തു. തോർത്തിൽ മുഖം പൊത്തി ഉറക്കെ കരഞ്ഞു. പൊടുന്നനെ ചുറ്റിലും നിശബ്ദമായി. എങ്ങും കാടിറങ്ങി വരുന്ന കാറ്റിന്റെ ഇരമ്പൽ മാത്രം. ആ അമ്മ പതിയെ കണ്ണീരു തുടച്ച് സംസാരിച്ചു തുടങ്ങി. കണ്ണാഴങ്ങളിൽ വേദന വീണ്ടും നിറഞ്ഞു. പക്ഷെ, അവർ നിശ്ശബ്ദയായില്ല. തന്റെ പ്രതീക്ഷയുടെ വേരറുത്ത നീചജന്മങ്ങൾക്ക് നേരെ വിറച്ചുകൊണ്ടവർ വിരൽചൂണ്ടി...

വായ്ക്കരിയിട്ട കെട്ടുകഥ

ഊരിലെ ഇല്ലായ്മയിലും സമാധാന ജീവിതം നയിച്ച ഒരു കുടുംബം. അന്നൊക്കെ കാടുതന്ന വനവിഭവങ്ങളാണ് വിശപ്പറ്റ് വീണുപോകാതെ കാത്തത്. കാട്ടാറുകളിലും പുൽമേടുകളിലും കളിച്ചുല്ലസിച്ച മധുവിന്റെ ബാല്യം. അമ്മയെപോലെ ചെറുപ്പം മുതലേ കാടിനെയും നെഞ്ചേറ്റി. പഠിക്കാൻ പോയപ്പോഴും അമ്മ കുടിയിൽ തനിച്ചാകുമെന്ന ആധി. സഹോദരിമാരെ വിദ്യാലയത്തിൽ വിട്ട് അമ്മക്ക് കൂട്ടിരുന്ന നാളുകൾ. ഏഴാം ക്ലാസ്സോടെ അക്ഷരങ്ങൾക്ക് പൂർണ്ണവിരാമം.

സംയോജിത ഗോത്ര വികസന പദ്ധതിയിൽ മരപ്പണിയിൽ പരിശീലനം നേടി. ജോലിക്കായി ആലപ്പുഴയ്ക്ക് വണ്ടികയറിയെങ്കിലും അവിടെ വച്ചുണ്ടായ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ്‌ നാട്ടിൽ തിരിച്ചെത്തി. പിന്നീട് ഒന്നും പഴയപടി ആയില്ല. അമ്മയോടുപോലും സംസാരിക്കാതെ മധു ദിവസങ്ങളോളം കഴിഞ്ഞു. തലയിലെ മുറിവ് ഉണങ്ങിയെങ്കിലും മനുഷ്യരെ കാണുമ്പോൾ ഭീതി ഇരട്ടിച്ചു.

Madhu Family Photo

തനിക്ക് തിരിച്ചറിയാനാകാത്ത മനുഷ്യരിൽനിന്ന് ഒളിച്ചോടാനാകും മധു കാടുകയറിയത്. അതിരാവിലെ കാടുകയറും. നാടുറങ്ങുമ്പോൾ തിരിച്ചിറങ്ങും. ഏറ്റവും സുരക്ഷിതമായ ഇടമായി കാട് മാറി. അമ്മ കാത്തുവച്ച അന്നം തിന്ന് രാവിലെ വീണ്ടും കാടുകയറും. ദിവസങ്ങൾക്കകം മധു നാടിറങ്ങി വരുന്നത് കുറഞ്ഞു. ഗുഹകളിലും മരക്കൊമ്പുകളിലും അന്തിയുറങ്ങും. കിട്ടുന്നത് ഭക്ഷിക്കും.

അന്നം തിന്നാൻ കൊതിക്കുമ്പോൾ മാത്രമേ ഊരിലേക്ക് വരൂ. ആദ്യം കാണുന്ന ഏതെങ്കിലും കുടിയിൽ പോയി ഉള്ളത് ചോദിച്ച് കഴിക്കും. മധു എന്ത് ചോദിച്ചാലും കൊടുക്കണമെന്ന് അമ്മ ഊരിനോടാകെ പറഞ്ഞിട്ടുണ്ട്. ഉള്ളതിൽ പാതി സ്നേഹത്തോടെ പങ്കുവെക്കും, അടുത്ത ദിവസം തന്നെ അവർക്കത് അമ്മ തിരിച്ചും കൊടുക്കും. ഇത് പതിവായിരുന്നു. ഈ രീതിയിൽ സ്വഭാവ സവിശേഷതയുള്ള മധുവിന്റെ ജീവിതം ഊരിന്‌ പുറത്തും സംസാരമായി. കാടിനേയും നിസ്വാർത്ഥരായ മനുഷ്യരെയും ശീലമില്ലാത്തവർ അക്കഥ പലതാക്കി പറഞ്ഞു. അത്തരം കെട്ടുകഥകളാണ് മധുവിന് വായ്‌ക്കരിയിട്ടത്.

കറുത്ത മനുഷ്യർ

2018 ഫെബ്രുവരി 22. അക്കാലത്ത് മുക്കാലിയിലെ ഏതാനും കടകളിൽ ഭക്ഷ്യവസ്തുക്കൾ മോഷണം പോകുന്നത് പതിവായിരുന്നു. ഒറ്റക്ക് നടക്കുന്ന മധുവിന്റെ കഥകളിൽനിന്ന് ചിലർ അവനാണ് അതെന്ന നിഗമനത്തിലെത്തി. നീതിയില്ലാത്ത നാട്ടുകൂട്ടം പലവഴിക്ക് മധുവിനെ തിരഞ്ഞു. അന്ന് ആരോ പറഞ്ഞു മധു കട്ടിലുണ്ട്, ആ കൂട്ടം വനത്തിലേക്ക് ഇരച്ചുകയറി. ഞങ്ങൾക്ക് കയറാൻ ഒട്ടേറെചോദ്യങ്ങൾ ചോദിച്ച ചെക്ക് പോസ്റ്റ് അന്ന് അവർക്കായി തുറന്നിട്ടു. നീതി കാക്കേണ്ടവർ മനുഷ്യക്കുരുതിക്കുള്ള വഴി തുറന്നു എന്നാണ് അമ്മ പ്രതികരിച്ചത്.

ആൾക്കൂട്ടത്തെ കണ്ട് പകച്ച മധുവിനെ കാട്ടിനുള്ളിൽ മർദ്ദിച്ച്‌ വിചാരണചെയ്തു. പാറക്കൂട്ടത്തിൽനിന്ന് കുറച്ച് അരിയും അൽപ്പം മുളകുപൊടിയും തൊണ്ടിമുതലായി കിട്ടി. ആ നരാധമന്മാർക്ക് അത് വലിയ കുറ്റമായിരുന്നു. മർദ്ദനത്തിനൊപ്പം മധുവിന്റ ഉടുമുണ്ടഴിച്ച് കൈ കൂട്ടി കെട്ടി. അവിടെ കണ്ട സാധനങ്ങൾ എല്ലാം ചാക്കിലാക്കി തലയിൽ കെട്ടിവച്ച് നാലു കിലോ മീറ്ററോളം നടത്തി. കാടതിർത്തി പിന്നിട്ട് മുക്കാലി കവല എത്തുന്നത് വരെ മർദ്ദനം തുടർന്നു.

ആ ദൃശ്യങ്ങൾ കാണേണ്ടിവന്ന അമ്മ കൂടിയാണ് മല്ലി. ചോദിക്കാതെ തന്നെ സംസാരത്തിനിടക്ക് അവർ ആ അനുഭവം പങ്കുവച്ചു, 'ഓന്റെ കൈ കൂട്ടികെട്ടി ബല്യ ചാക്ക് എടുപ്പിച്ച് കൊണ്ടോരണത് ഫോണില് കണ്ട്, ഒറ്റ പ്രാശ്യം. പിന്നെ നോക്കാൻ പറ്റീല. ഇനിക്ക് ഇപ്പളും അത് കാണുമ്പ കയ്യും കാലും വെറക്കും, ഇന്റെ മോനല്ലേ അത്.' ഏറെനേരം തോർത്തിനുള്ളിൽ മുഖം പൊത്തി വിങ്ങി. ആ സങ്കടക്കാഴ്ച്ച അഞ്ചു വർഷത്തിന് ഇപ്പുറവും അമ്മയുടെ നെഞ്ചിലെ നീറ്റലാണ്.

വിചാരണ സമയത്ത് കോടതിയിലും പ്രതിഭാഗം വക്കീൽ പറഞ്ഞ വാദങ്ങളിൽ ഒന്ന് മധു കള്ളനാണെന്നാണ്. അത് സ്ഥാപിച്ചെടുക്കാൻ പല വിധേനയും ശ്രമിച്ചവർ പലരാണ്. മധു ആരാണെന്ന് അവരോടൊക്കെയും മല്ലിയമ്മയുടെ നെഞ്ചുനീറി വരുന്ന ഓരോ കണ്ണീർതുള്ളിയും അടയാളപ്പെടുത്തും. നിറത്തിന്റെയും ജാതിയുടെയും പേരിൽ ഒരു മനുഷ്യനെ തല്ലിക്കൊന്ന്‌ കള്ളനാക്കാൻ ശ്രമിച്ച സമൂഹം മറ്റൊന്നുണ്ടാകാൻ ഇടയില്ല.

.
നടൻ മമ്മൂട്ടി ഏർപ്പെടുത്തിയ അഭിഭാഷകസംഘം വീട്ടിലെത്തിയപ്പോൾ
സങ്കടങ്ങൾ പറയുന്ന മധുവിന്റെ സഹോദരി സരസു. സമീപം അമ്മ മല്ലി

ഒന്നും കാണാത്ത മനുഷ്യർ

ആൾക്കൂട്ട മർദ്ദനത്തിൽ അവശനായ മധുവിനെ ആശുപത്രിയിൽ കൊണ്ടുപോകാനും ആ നാട് തയ്യാറായില്ല. കുറ്റകരമായ മൗനം അവിടെയും ആവർത്തിച്ചു. ഏറെ നേരത്തിന് ശേഷമാണ് പോലീസ് വാഹനം വന്ന് കൊണ്ടു പോയത് ആശുപത്രിയില്‍ എത്തും മുൻപെ ആ പ്രാണൻ നഷ്ടമായി. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മധുവിന്റെ ശരീരത്തിൽ കണ്ടെത്തിയത് 42 മുറിവുകളാണ്. ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ ക്ഷതമേറ്റു. തലക്കു പിന്നിലേറ്റ മാരകമുറിവും വാരിയെല്ലുകൾ തകർന്നതും മരണകാരണമായി.

മധുവിനെ മർദ്ദിച്ചു മൃതപ്രാണനാക്കിയ നരാധമന്മാർ സെൽഫി എടുത്ത് ആഘോഷിക്കാനും മറന്നില്ല. എല്ലാ മുഖങ്ങളും അവർതന്നെ കൃത്യമായി പകർത്തി. ഭരണകൂടം അപ്പോഴും നിഷ്ക്രിയമായി നോക്കി നിന്നു. വലിയ ജനകീയരോഷം ഉയരേണ്ടിവന്നു പ്രതികളെ അറസ്റ്റ് ചെയ്യാൻ. നീതിന്യായ വ്യവസ്ഥയും മെല്ലെപ്പോക്ക് ആവർത്തിച്ചു. നാലുവർഷം വേണ്ടിവന്നു കേസിന്റെ വിചാരണ തുടങ്ങാൻ. സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലും സർക്കാർ ഇഴഞ്ഞു.

കൊന്നിട്ടും കറുപ്പിനോടുള്ള അരിശം തീരാതെ പ്രതികൾ ഭീഷണിയുമായി ഇറങ്ങി. കുടുംബത്തെ അപായപ്പെടുത്താനുള്ള ശ്രമമുൾപ്പെടെ വലിയ വാർത്തയായി. കീഴ്പ്പെടാത്തവരെ വിലക്കെടുക്കാനും അവർക്ക് ഒരു പരിധിവരെ സാധിച്ചു. 127 സാക്ഷികളിൽ 24 പേരാണ് കൂറുമാറിയത്. മല്ലിയുടെ സഹോദരി പുത്രൻ ഉൾപ്പെടെ ഇതിലുണ്ട്. സ്വന്തം ചോര എരിഞ്ഞടങ്ങുന്നത് കണ്ടിട്ടും കണ്ടില്ലെന്ന് പറഞ്ഞ മനുഷ്യരെ കുറിച്ചോർത്ത് മല്ലിയമ്മ വിങ്ങി.

കാടലയുന്ന നീതി

മല്ലിയമ്മയുടെ പരുക്കൻ കൈപിടിച്ച് യാത്ര പറഞ്ഞു. ഉമ്മറത്തുള്ള മധുവിന്റെ ഫോട്ടോയിലേക്ക് ഒരിക്കൽക്കൂടി നോക്കി, അതിൽ തൂക്കിയ പ്ലാസ്റ്റിക് മാല നിറം മങ്ങിയിരിക്കുന്നു. ആ ജീവിതത്തോട് കാലം കാണിച്ച നീതികേട്‌ അവശേഷിക്കുന്ന ചിത്രത്തിലും വ്യക്തം. ഒന്നു മുരണ്ടുകൊണ്ട് കൂരക്കുമുന്നിലെ പട്ടികൾ ഉൾവലിഞ്ഞു. സന്ധ്യയോടെ ഊരിന് പുറത്തെത്തി. അതിവേഗം ചുറ്റിലും ഇരുട്ട് പരന്നു. ഭവാനി അതിലെവിടെയോ ഒളിച്ചിരിക്കുന്നു, ഒരു നേർത്ത ശബ്ദം മാത്രം.

മല്ലീശ്വരൻ മലയിലെ സൂര്യാസ്തമയം | ഫോട്ടോ: എ.വി. മുകേഷ്‌

ശിവ-പാർവതി ഐതീഹ്യം ഉറഞ്ഞു കിടക്കുന്ന മല്ലീശ്വരൻ മലയിടുക്കിലേക്ക് സൂര്യൻ പതിയെ താഴ്ന്നു. ചുവന്ന പ്രഭ ആകാശമാകെ നിറഞ്ഞു. ആൾക്കൂട്ട വിചാരണ നടത്തി കൊന്ന മുക്കാലിയിലെ കവലയിൽ മധുവിന്റെ ചിത്രമുണ്ട്. കൈകൾ ബന്ധിക്കപ്പെട്ട് നിസഹായനായി നിൽക്കുന്ന അന്നത്തെ അതേ ചിത്രം. ഇരുട്ടിലും അസ്ഥിപഞ്ജരനായ ആ മനുഷ്യന്റെ ശരീരം ഉള്ളു നീറ്റും. ഒരിക്കൽക്കൂടി ആ വസ്ത്രത്തിലേക്കും ശരീരത്തിലേക്കും നോക്കി. അസ്ഥിയോട് ചേർന്നൊട്ടിയ ശരീരത്തിൽ ഒരു ജനതയുടെയാകെ ആമാശയം കാണാം, പിന്നി പറഞ്ഞ ഷർട്ടിൽ അട്ടപ്പാടിയിലെ ഇനിയും പ്രാണനറ്റുപോകാത്ത ആദിവാസികളെയും.

അനീതി നടന്ന മുക്കാലിയിലെ തെരുവിൽനിന്നു യാത്ര തിരിച്ചു. ഒന്നും സംഭവിക്കാത്ത ഒരിടത്തെപോലെ അവിടുത്തെ ജീവിതവും പതിവുപോലെ ഒഴുകുന്നു. ചുരമാകെ കോടവന്ന് മറഞ്ഞിട്ടുണ്ട്, വണ്ടിയുടെ വേഗത കുറച്ചു. ഡാഷ് ബോർഡിൽ കഴിഞ്ഞ ദിവസത്തെ പത്രമുണ്ട്. മെഡിക്കൽ കോളേജിന്റെ ഇരുട്ടിൽ ജീവിതം അവസാനിപ്പിച്ച വിശ്വനാഥന്റെ വാർത്തയാണ് ആദ്യപേജിൽ. നിറം കറുപ്പായതുകൊണ്ട് ആർക്കൊക്കെയോ കള്ളനായി തോന്നിയ മറ്റൊരു ജന്മം. കറുപ്പിനോടുള്ള അറപ്പ് വല്ലാത്തൊരു മനസ്സികരോഗമാണ്, അടിയന്തിരമായി ചികിൽസിക്കേണ്ട ഒന്നാണത്.

Content Highlights: Travel to attapadi madhu house Athijeevanam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
1
ഇന്ത്യൻ ഗ്രാമീണ കലകൾ

3 min

നാനൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പേര്‍ഷ്യയില്‍ നിന്നെത്തിയ റോഗൺ ചിത്രങ്ങള്‍

May 30, 2023


Vande Bharat
ചിലത് പറയാനുണ്ട്

7 min

സില്‍വര്‍ലൈനിനു പകരം വന്ദേ ഭാരത് മതിയാകുമോ | ചിലത് പറയാനുണ്ട്

May 5, 2023


rescuing passengers
TheirStory

7 min

ഭീകരരുടെ ശ്രദ്ധതിരിക്കാന്‍ 'മസാലക്കഥകൾ' പോലും പറഞ്ഞ് പൈലറ്റ്; വിമാന റാഞ്ചലിലെ ത്രില്ലർ

Nov 22, 2022

Most Commented