മൺറോ തുരുത്തിലെ വീട് | ഫോട്ടോ: ശ്യാംദേവ് ശ്രാവണം

'കല്ല്യാണം കഴിഞ്ഞു തുരുത്തിലേക്കു വരുന്ന കാലത്തു സ്വര്‍ഗ്ഗമായിരുന്നു. ചുറ്റും മനോഹരമായ ഭൂപ്രകൃതിയും നിറയെ മനുഷ്യരുമുള്ള സ്ഥലം. എന്നാലിന്നു നരകതുല്യമാണ് ഇവിടുത്തെ ജീവിതം. ഏതു നിമിഷം വേണമെങ്കിലും വെള്ളം വന്നു മൂടിയേക്കാവുന്ന അവസ്ഥയാണിപ്പോള്‍. മക്കളുമായി സമാധാനത്തോടെ ഉറങ്ങിയിട്ടു കാലങ്ങളായി.'
ഇനി ഒന്നും പറയാനാവാത്ത വിധം സുശീലയുടെ തൊണ്ട ഇടറി. മണ്‍റോ തുരുത്തിലെ രണ്ടാം വാര്‍ഡിന്റെ ജനപ്രതിനിധി കൂടിയാണവര്‍. നില തെറ്റി വരുന്ന വെള്ളത്തിനു മുന്നില്‍ സുശീലയും നിസ്സഹായയാണ്. അവരുടെ കണ്ണുകളില്‍ നിറഞ്ഞ വെള്ളത്തിനപ്പോള്‍ കല്ലടയാറിന്റെ കറുത്ത നിറമായിരുന്നു. അത്രത്തോളം തുരുത്തിലെ മനുഷ്യര്‍ക്കു വെള്ളം കൊണ്ടു മുറിവേറ്റിട്ടുണ്ട്. ആ മുറിവു കാലങ്ങളായി അവരുടെ ജീവിതത്തെ നീറ്റിക്കൊണ്ടിരിക്കുകയാണ്. ഭരണകൂടം മറന്നുപോയ ജനതയുടെ കഥയാണിത്. വലിയ നഗരത്തിന്റെ നിഴല്‍ വന്നു മൂടി മറയപ്പെട്ട മണ്‍റോ തുരുത്തിന്റെ കഥ.
വിഴുങ്ങാനായി വീടിനു ചുറ്റും പതിയിരിക്കുന്ന വെള്ളത്തെ സുശീല ഏറെ നേരം ഭീതിയോടെ നോക്കിയിരുന്നു. പതിവു തെറ്റാതെ അത് ഇരമ്പി വരുന്നുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കകം മുട്ടോളം വെള്ളം കയറി. അകത്തിരിക്കാം എന്നു പറഞ്ഞ് അവര്‍ മുന്നില്‍ നടന്നു. നടക്കുന്ന വഴിയിലെ ചളിയില്‍ കാലുകള്‍ താഴ്ന്നു പോകുന്നുണ്ടായിരുന്നു. ചെരുപ്പു പുറത്തിടരുത് എന്ന നിര്‍ദ്ദേശത്തോടെയാണ് അവര്‍ അകത്തേക്കു കയറിയത്. കല്ലിനു മുകളില്‍ ഉയര്‍ത്തി വച്ച കസേര ആദ്യം തമാശയായി തോന്നിയെങ്കിലും പിന്നീട് അതോര്‍ത്തപ്പോള്‍ ഭീതിയായിരുന്നു.
അകത്തെ ചുവരിലും വെള്ളം വന്ന പാടുകള്‍ മായാതെ കിടക്കുന്നുണ്ട്. മായ്ക്കും തോറും കല്ലടയാര്‍ പ്രതികാര ബുദ്ധിയോടെ അതിനും മുകളില്‍ എത്താറുണ്ടത്രെ. നിമിഷനേരം കൊണ്ട് വെള്ളം വീടിനകത്തു നിറഞ്ഞു. കല്ലിനു മുകളില്‍ വച്ച കസേര മാത്രമായിരുന്നു രക്ഷയായത്. ചളിയുടെ രൂക്ഷ ഗന്ധവും അവിടെമാകെ പരന്നു. ഈ വിധം പ്രാണനറ്റു ജീവിക്കുന്ന നൂറുകണക്കിനു മനുഷ്യര്‍ ഉണ്ട് ദ്വീപില്‍. അനുദിനം കരയെ വിഴുങ്ങുന്ന ജലത്തില്‍നിന്ന് ഓടിയൊളിക്കാന്‍ ഇടമില്ലാതായി പോയവര്‍. അതിജീവനം സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത വിധം ചളിയില്‍ ആണ്ടു പോയിരിക്കുകയാണ് അവിടുത്തെ ജീവിതം.

തുരുത്തിന്റെ ചരിത്രം
കല്ലടയാറിനാലും അഷ്ടമുടിക്കായലിനാലും ചുറ്റപ്പെട്ട പ്രദേശമാണ് മണ്‍റോ തുരുത്ത്. എട്ടു തുരുത്തുകള്‍ ഉള്‍പ്പെടുന്ന ചെറുദ്വീപുകളുടെ സമൂഹമാണ് മണ്‍റോ. 13.37 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയിലുള്ള തുരുത്തില്‍ കരപ്രദേശം വെറും 4.5 ചതുരശ്ര കിലോ മീറ്റര്‍ മാത്രമാണ്. 2011-ലെ ജനസംഖ്യ സെന്‍സസ് പ്രകാരം 9,599 മനുഷ്യരാണു തുരുത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ആ സംഖ്യ തീര്‍ത്തും അസാധുവാകുന്ന കാഴ്ചകളാണ് ഇന്നു കാണാന്‍ സാധിക്കുന്നത്. അത്രമേല്‍ മനുഷ്യര്‍ ഒഴിഞ്ഞുപോയിട്ടുണ്ട് ഓരോ തുരുത്തില്‍നിന്നും.
റാണി ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയാണ് തിരുവിതാംകൂറിലെ ദിവാനായിരുന്ന ഉമ്മിണിത്തമ്പിയെ നീക്കി 1810-ല്‍ കേണല്‍ ജോണ്‍ മണ്‍റോയെ ദിവാനാക്കുന്നത്. ജനദ്രോഹപരമായ ഒട്ടേറെ നിയമങ്ങള്‍ എടുത്ത് കളഞ്ഞത് അദ്ദേഹത്തിന്റെ ഇടപെടലിലൂടെയാണ്. അടിമക്കച്ചവടം ഉള്‍പ്പെടെയുള്ള മനുഷ്യത്വവിരുദ്ധമായ കാര്യങ്ങളും മണ്‍റോ തകര്‍ത്തെറിഞ്ഞു. മതപാഠശാലകളും വിദ്യാലയങ്ങളും സ്ഥാപിക്കുന്നതിനായിരുന്നു കൂടുതല്‍ പ്രാധാന്യം കൊടുത്തത്. തിരുവിതാംകൂറിന്റെ പ്രിയപ്പെട്ടവനായി മാറാന്‍ അദ്ദേഹത്തിന് അധികസമയം വേണ്ടിവന്നില്ല.
കേണല്‍ മണ്‍റോയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് കോട്ടയത്തെ ചര്‍ച്ച് മിഷന്‍ സൊസൈറ്റിക്ക് തിരുവിതാംകൂര്‍ തുരുത്ത് വിട്ടു കൊടുക്കുന്നത്. സൊസൈറ്റിയുടെ ധനശേഖരണത്തിന് വേണ്ടി അവര്‍ തുരുത്തിലെ ഭൂമി പലതായി വിഭജിച്ച് കര്‍ഷകര്‍ക്ക് പാട്ടത്തിന് നല്‍ക്കുകയായിരുന്നു. എന്നാല്‍, പാട്ടം പിരിക്കുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴും ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
ഇത് കോടതി വരെ എത്തുന്ന അവസ്ഥ വന്നപ്പോഴാണ് ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് 1930-ല്‍ റാണി സേതുലക്ഷ്മി ഭായി തുരുത്തിനെ തിരിച്ചെടുക്കുകയായിരുന്നു. നഷ്ടപരിഹാരമായി 5000 രൂപ പ്രതിവര്‍ഷം സര്‍ക്കാര്‍ നല്‍കാമെന്ന വ്യവസ്ഥയും ചെയ്തു. 1962-ല്‍ ലോക്‌സഭ പ്രതിപക്ഷ നേതാവായ എ.കെ. ഗോപാലനാണ് ഈ വിഷയം സഭയില്‍ ഉന്നയിക്കുന്നത്. തുടര്‍ന്ന് പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു ഇടപെട്ട് ഈ കപ്പം അവസാനിപ്പിച്ചു.

ജീവിതത്തില്‍ ഉപ്പ് കലര്‍ന്നവര്‍
കല്ലടയാറു കൊണ്ടുവന്ന എക്കല്‍മണ്ണില്‍ നിന്നാണ് മണ്‍റോ തുരുത്ത് രൂപപ്പെട്ടുവന്നത്. എക്കലിന്റെ സമ്പുഷ്ടതയില്‍ കാര്‍ഷികവിളകള്‍ തഴച്ചു വളര്‍ന്നിരുന്നു. കൃഷി ചെയ്യാന്‍ ഏറ്റവും അനുകൂലമായ മണ്ണായി തുരുത്ത് മാറിയതും അങ്ങനെയാണ്. മണ്‍റോ നിവാസികളുടെ പ്രധാന വരുമാന മാര്‍ഗ്ഗവും കൃഷിയായിരുന്നു. അക്കാലത്ത് വലിയ നെല്‍പ്പാടങ്ങള്‍ വരെ തുരുത്തില്‍ ഉണ്ടായിരുന്നു.
എണ്ണമറ്റ ഇടത്തോടുകളും കൃഷിയെ സമ്പുഷ്ടമാക്കി മാറ്റാന്‍ സഹായിച്ച ഘടകങ്ങളാണ്. എന്നാല്‍, അനിയന്ത്രിതമായ തോതില്‍ കായലില്‍നിന്ന് ഉപ്പുവെള്ളം കയറാന്‍ തുടങ്ങിയതോടെ അവസ്ഥയാകെ മാറി. നെല്‍പ്പാടങ്ങളിലെക്ക് ഇരച്ചെത്തിയ ഉപ്പുവെള്ളം മരുഭൂമിക്ക് സമാനമായി മണ്ണിനെ മാറ്റി. കൃഷി സ്വപ്നം കാണാന്‍ സാധിക്കാത്ത വിധം ഇന്ന് ആ ഭൂമിക്ക് രൂപമാറ്റം വന്നിട്ടുണ്ട്.
കൃഷി തകര്‍ന്നടിഞ്ഞപ്പോഴും തുരുത്തിന് തുടിപ്പ് നല്‍കിയത് കയറും മത്സ്യസമ്പത്തുമായിരുന്നു. കടല്‍ കടന്ന് ചെന്ന കയര്‍ ഉല്‍പ്പന്നങ്ങള്‍ തുരുത്തിന് സ്വന്തമായുണ്ട്. കാലങ്ങള്‍ക്ക് മുന്‍പുതന്നെ വലിയ രീതിയില്‍ കയര്‍ വ്യവസായം അവിടെ ഉണ്ടായിരുന്നു. കായലും പുഴയും ആ ജനതയുടെ അതിജീവനത്തിന് അത്രത്തോളം ആക്കം കൂട്ടിയിട്ടുണ്ട്. എന്നാല്‍, സുനാമിയും തുടര്‍ന്നുണ്ടായ ഭൂപ്രകൃതിയിലെ മാറ്റങ്ങളും നിലതെറ്റിക്കുകയായിരുന്നു. കയര്‍ സഹകരണ സംഘങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടേണ്ടി വന്നു. പതിയെ കായലിലെ ചെളിയിലേക്ക് കയര്‍ താഴ്ന്നു പോവുകയായിരുന്നു.
കായല്‍പ്പരപ്പില്‍ ഓളങ്ങള്‍ ഉണ്ടാക്കിയ ചകിരി തല്ലുന്ന താളം നിലച്ചിട്ടിപ്പോള്‍ കാലങ്ങളായി. തുരുമ്പെടുത്ത് കായല്‍ ചളിയില്‍ ആഴ്ന്നു കിടക്കുന്ന അവസ്ഥയിലാണ് മിക്ക ചര്‍ക്കകളും. സമ്പുഷ്ടമായ ഒരു കാലത്തിനും മനുഷ്യര്‍ക്കും പിന്നീട് എന്ത് സംഭവിച്ചു എന്ന് അവയൊക്കെ പറയാതെ പറയുന്നുണ്ട്. ഇപ്പോള്‍ പേരിന് മാത്രമാണ് കയര്‍ നിര്‍മ്മാണം നടക്കുന്നത്.
ദ്വീപ് നിവാസികളുടെ അതിജീവനത്തിനായുള്ള മാര്‍ഗ്ഗങ്ങള്‍ ഓരോന്നായി ഇല്ലാതാവുകയായിരുന്നു. മത്സ്യസമ്പത്തിനു മുറിവേറ്റത് സുനാമിക്ക് ശേഷമാണ്. അതിന് മുന്‍പ് വല്ലപ്പോഴും ഉണ്ടായിരുന്ന വേലിയേറ്റം ഇപ്പോള്‍ മുടങ്ങാതെയുണ്ട്. അനിയന്ത്രിതമായി ചളിയും അടിഞ്ഞു കൂടി. വൈകാതെ പല മീനുകളും അപ്രത്യക്ഷമായി. അക്ഷരാര്‍ത്ഥത്തില്‍ അടിമുടി ജീവിതത്തില്‍ ഉപ്പ് കലരുകയായിരുന്നു. ഇപ്പോള്‍ കുടിക്കാന്‍ പോലും ശുദ്ധജലമില്ലാത്ത അവസ്ഥയാണ്. ജല അതോറിറ്റി എത്തിക്കുന്ന വെള്ളം മാത്രമാണ് ആകെയുള്ള ആശ്രയം.

കര തേടുന്നവര്‍
തുരുത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് എല്ലാ ദുരിതങ്ങള്‍ക്കും ഇരയാകുന്നത്. മറുവശത്ത് യാത്രാസൗകര്യങ്ങള്‍ ഉള്‍പ്പെടെയുണ്ട്. ഏറ്റവും വലിയ കെണി ഗ്രാമത്തെ മുറിച്ച് കടന്നുപോകുന്ന തീവണ്ടിപ്പാതയാണ്. പ്രധാനമായും ആ റെയില്‍പ്പാതയാണ് തുരുത്തിലേക്കുള്ള വാഹനഗതാഗതത്തിന് വിലങ്ങുതടി.
അക്കരെ എത്താനുള്ള നടപ്പാലങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊക്കെ തകര്‍ന്നിട്ട് കാലങ്ങളായി. ഇപ്പോള്‍ ഏക ആശ്രയം തോണിയാണ്. നമ്മള്‍ ജീവിക്കുന്ന കാലത്തെ കൂടി പരിഗണിച്ചു വേണം ആ മനുഷ്യരുടെ ഇപ്പോഴത്തെ അവസ്ഥയെ കാണാന്‍. നൂറ്റാണ്ടുകള്‍ പുറകിലായിപ്പോയ അവരുടെ വികാരം അപ്പോള്‍ മാത്രമേ തിരിച്ചറിയാന്‍ സാധിക്കു.
നൂറു കണക്കിന് കുടുംബങ്ങളാണ് തുരുത്ത് വിട്ട് ഇതിനകം മറ്റിടങ്ങളിലേക്കു പോയത്. ജീവിതം സ്വപ്നം കണ്ട്, ആയുസ്സു കൊടുത്ത് പടുത്തുയര്‍ത്തിയ വീടുകള്‍ പലതും കായല്‍ വിഴുങ്ങിയ അവസ്ഥയിലാണ്. ബാക്കിയുള്ളവ വെള്ളത്തില്‍ കുതിര്‍ന്ന് ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയും. മറ്റൊരാള്‍ വീട് നിന്ന സ്ഥലത്ത് ഇപ്പോള്‍ മീന്‍കൃഷി നടത്തുകയാണ്. വീട്ടുവാടക കൊടുക്കുന്നത് ആ വരുമാനത്തില്‍ നിന്നാണത്രെ. അനുദിനം ഉയര്‍ന്നുവരുന്ന വെള്ളത്തെ പ്രതിരോധിക്കാന്‍ കായലില്‍നിന്ന് ചേറ് ഇറക്കി കരയുണ്ടാക്കുകയാണ് ശേഷിക്കുന്ന മനുഷ്യര്‍.
അനുഭവിച്ചു തീര്‍ത്ത കാലത്തെകുറിച്ച് പറയുമ്പോള്‍ ചിഞ്ചുവെന്ന വീട്ടമ്മയുടെ കണ്ണുകളില്‍ ഭീതി ഇപ്പോഴും കാണാമായിരുന്നു. ഇരുട്ടി വെളുക്കുമ്പോള്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയില്‍ കഴിഞ്ഞ ഓര്‍മ്മകള്‍ ഇപ്പോഴും അവരുടെ ഉള്ളുപൊള്ളിക്കുന്നുണ്ട്. തുരുത്തിന് അപ്പുറമുള്ള വാടകവീട്ടിലേക്ക് മാറിയപ്പോഴാണ് ഉറങ്ങാന്‍ പോലും കഴിഞ്ഞത്. ഇത്രകാലം ഉണ്ടാക്കിയതൊക്കെയും തുരുത്തില്‍ വെള്ളം വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.
വിദ്യാര്‍ത്ഥിയായ ഗൗരിക്കും പറയാന്‍ ഏറെയുണ്ട്. ഇക്കണ്ട ദുരിതങ്ങള്‍ക്ക് അപ്പുറമാണ് തെന്മല ഡാം തുറന്നാല്‍. മാസങ്ങളോളം മാറിത്താമസിക്കണം. അക്കാലങ്ങളില്‍ വിദ്യാലയത്തില്‍ പോകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. എന്നും ക്ലാസ്സില്‍ സമയം തെറ്റി എത്തുന്നത് നടന്നുപോകാന്‍ പോലും മണ്ണില്ലാത്ത ഇടത്തുനിന്ന് വരുന്നതിനാലാണ്. എങ്കിലും എല്ലാ ക്ലാസ്സിലും മികച്ച രീതിയില്‍ വിജയിക്കാന്‍ ഗൗരിക്കായിട്ടുണ്ട്. എന്തെന്നാല്‍ അവര്‍ക്കൊരു സ്വപ്നമുണ്ട്. ഉയര്‍ന്ന ജോലി സമ്പാദിച്ച് തുരുത്തിനെ വെള്ളത്തിന് വിട്ടുകൊടുക്കാതെ സംരക്ഷിക്കണം. അതിനായാണ് ഗൗരി ഏതു പേമാരിയെയും അവഗണിച്ച് ആടിയുലയുന്ന തോണിയില്‍ കടവ് കടക്കുന്നത്.
ഭൂപ്രകൃതിക്ക് അനുകൂലമായ വീടുകളും അപകടം കൂടാതെ സഞ്ചരിക്കാനുള്ള മാര്‍ഗ്ഗങ്ങളുമാണ് അവര്‍ക്ക് വേണ്ടത്. ജലം കൊണ്ട് മുറിവേറ്റ ആ മനുഷ്യരെ കാണാന്‍ ഭരണകൂടം ഒരിക്കലെങ്കിലും തയ്യാറാകണം. കേണല്‍ മണ്‍റോക്ക് റാണി കൊടുത്ത തുരുത്ത് എന്നെന്നേക്കുമായി വെള്ളത്തില്‍ ആഴ്ന്നുപോകും മുന്‍പെങ്കിലും. കാരണം ചരിത്രത്തിനപ്പുറത്ത് അവിടെ ഇപ്പോഴും മനുഷ്യര്‍ ജീവിക്കുന്നുണ്ട്.
Content Highlights: Those who bitten by water, life in Munroe island | Athijeevanam 74
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..