മമ്മൂട്ടിയോടൊപ്പം അറുമുഖൻ | ഫോട്ടോ: ആര്യ
കൃഷ്ണമൂര്‍ത്തിയും റാവുത്തറും സ്രാങ്കും കയറിവന്ന അതേ ആനവാതിലിലൂടെയാണ് അറുമുഖനും വിയറ്റ്‌നാം കോളനിയിലേയ്ക്ക് എത്തിയത്. ആ വിജയചിത്രത്തിലൂടെയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ജീവിതവും അടിമുടി മാറുന്നത്. ഉയരക്കുറവിന്റെ പേരില്‍ മനസ്സില്‍ ഒളിപ്പിച്ച അഭിനയമോഹവുമായാണ് ലാലേട്ടനെ കാണാന്‍ സിനിമ സെറ്റിലേക്ക് പോയത്. എന്നാല്‍ അറുമുഖന്‍ വീട്ടില്‍ തിരിച്ചെത്തിയത് നടനായാണ്.
ക്യാമറയ്ക്ക് മുന്നിലേക്ക് വരാന്‍ സാധിച്ച ആ ദിവസം ഇന്നും കണ്ണില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. സിനിമാ വാതിലുകള്‍ ഓരോന്നായി പിന്നീട് അദ്ദേഹത്തിന് മുന്നില്‍ തുറക്കുകയായിരുന്നു. ഇതുവരെ ഇരുപത്തിയഞ്ചോളം മലയാള സിനിമകളില്‍ അറുമുഖന്‍ അഭിനയിച്ചു. അത്ഭുതദ്വീപിലും ഓര്‍ഡിനറിയിലും മികച്ച കഥാപാത്രങ്ങളും ലഭിച്ചു.
ശാരീരിക പരിമിതികള്‍ക്കപ്പുറത്ത് സ്‌ക്രീനില്‍ നിറഞ്ഞാടുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ മലയാളത്തിന് സ്വന്തമാണ്. അറുമുഖനും പ്രതിഭകൊണ്ട് മലയാള സിനിമാലോകത്തെ വിസ്മയിപ്പിച്ചവരില്‍ മുന്‍നിരയിലുള്ള വ്യക്തിയാണ്. എന്നാല്‍ ക്യാമറക്ക് പുറകിലെ ചമയങ്ങള്‍ ഇല്ലാത്ത അദ്ദേഹത്തിന്റെ ജീവിതം പ്രതിസന്ധികളുടെ തീരാക്കഥയാണ്. പിറന്നു വീണത് മുതല്‍ ആ കഥ മാറ്റമില്ലാതെ പോയിക്കൊണ്ടിരിക്കുകയാണ്. ഓടയോട് ചേര്‍ന്നുള്ള പുറമ്പോക്കിലെ പ്ലാസ്റ്റിക് ഷെഡിലിരുന്നാണ് അറുമുഖന്‍ സ്വപ്നങ്ങള്‍ കണ്ടിരുന്നത്. ആ സ്വപ്നങ്ങളാണ് പിന്നീട് ബിഗ് സ്‌ക്രീനില്‍ കണ്ട് മലയാളികള്‍ കയ്യടിച്ചത്. അപ്പോഴും തിരികെ നായകന് പോകാന്‍ പുറമ്പോക്കിലെ പ്ലാസ്റ്റിക് ഷെഡ്ഡ് മാത്രമെ ഉണ്ടായിരുന്നുള്ളു.
അസാധാരണമായ ജീവിതപ്രയാസങ്ങളെ അതിജീവിച്ചു കൊണ്ടിരിക്കുകയാണ് ഇന്നദ്ദേഹം. സിനിമാ മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് കൊറോണ വില്ലനായി വന്നത്. അതോടെ, ചെരുപ്പുകളും കുടയും നന്നാക്കുന്ന അച്ഛന്റെ കട വീണ്ടും തുറന്നത്. കാലപ്പഴക്കം കൊണ്ട് പഴകിയ ചുവരുകളുടെ ഒറ്റ ഷട്ടര്‍ തുറന്നാല്‍ അറുമുഖന്റെ ജീവിതമാണ്. ദ്രവിച്ചു തീരാറായ ടേബിള്‍ ഫാനാണ് അതിനുള്ളിലെ ആകെയുള്ള ലക്ഷ്വറി. അതിജീവിക്കാനായാണ് തുച്ഛമായ തുകയെ ആശ്രയിച്ച് ആ കലാകാരന്‍ തെരുവില്‍ എത്തിയത്. ചെരുപ്പു നന്നാക്കിയും കുടയും ബാഗും തുന്നിയും അദ്ദേഹം രാപ്പകല്‍ അവിടെതന്നെയുണ്ട്.
അസാധ്യമായ ജീവിത പ്രതിസന്ധികള്‍ക്ക് മുന്നിലും സിനിമയെ മാറോട് ചേര്‍ക്കുകയാണ് അദ്ദേഹം. അത്രമേല്‍ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട് അറുമുഖന് സിനിമാ സ്വപ്നങ്ങള്‍. ചെരുപ്പുകള്‍ തുന്നുന്നതിനിടക്ക് എഴുതി തുടങ്ങിയത് അഞ്ചോളം സിനിമകളാണ്. അതില്‍ ഒരു കഥ ഏറെക്കുറെ പൂര്‍ത്തിയായിട്ടുമുണ്ട്. ശാരീരിക വ്യത്യസ്തതകളുള്ള മനുഷ്യരുടെ ജീവിതാവസ്ഥയാണ് സിനിമയുടെ ഇതിവൃത്തം.
കൃത്യമായ കഥക്കൊപ്പം നായകനും അറുമുഖന്റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ആ കഥ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം. പ്രതിസന്ധികളെ അതിജീവിക്കാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ക്കിടയില്‍ ഏറെ പൊക്കത്തില്‍ എഴുതി ചേര്‍ക്കേണ്ട മറ്റൊരു പേരാണ് അറുമുഖന്‍.
കെട്ടുകഥയല്ല ഓര്‍മ്മകള്‍

രാമനാരായണന്റെയും രുക്മിണിയുടെയും രണ്ടു മക്കളില്‍ ഇളയവനായിരുന്നു അറുമുഖന്‍. ജോലി തിരഞ്ഞാണ് അച്ഛന്‍ രാമനാരായണന്‍ ആലപ്പുഴയില്‍ എത്തിച്ചേര്‍ന്നത്. ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ ലതര്‍ ബാഗ് തുന്നുന്നതില്‍ അദ്ദേഹം കഴിവ് തെളിയിച്ചു. വൈകാതെ ഒറ്റമുറി കട വാടകക്കെടുത്ത് സ്വന്തമായി ചെറിയ രീതിയില്‍ ആരംഭിച്ചു. എല്ലാത്തിലുമുപരി ബാലെ കലാകാരന്‍ കൂടി ആയിരുന്നു അദ്ദേഹം. ജോലിയുടെ ഇടവേളകളിലെല്ലാം കലയുടെ അരങ്ങുകളില്‍ നിറഞ്ഞ് നിന്നിരുന്നു. അത്തരമൊരു ജീവിത പരിസരത്തുനിന്നാണ് അറുമുഖനും കലയുടെ ബാല പാഠങ്ങള്‍ പഠിച്ചത്.
ചെറിയ നേട്ടങ്ങള്‍ പോലും വലിയ സന്തോഷങ്ങളാക്കി ജീവിതം മുന്നോട്ട് പോകുന്ന കാലത്താണ് അസുഖങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വന്നത്. ഞരമ്പുകള്‍ ചുരുങ്ങി ചലനശേഷി നഷ്ടമാകുന്ന അസുഖമായിരുന്നു അമ്മക്ക്. കുടുംബത്തില്‍ നാലു പേര്‍ക്ക് സമാനമായ രീതിയില്‍ അസുഖം വന്നു. അറുമുഖന്റെ പ്രസവത്തോടെ അമ്മ രുക്മിണിയുടെ രോഗാവസ്ഥ മൂര്‍ച്ഛിച്ചു. ചികിത്സക്കായി ഉള്ളതെല്ലാം രാമ നാരായണന് വില്‍ക്കേണ്ടി വന്നു.
തെരുവായിരുന്നു പിന്നീട് അഭയം കൊടുത്തത്. നഗരത്തിലൂടെ ഒഴുകുന്ന സി.എസ്. കനാലിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയില്‍ കുടില്‍കെട്ടി. പ്ലാസ്റ്റിക്ക് ഷീറ്റുകളും തകര പ്‌ളേറ്റും കൊണ്ട് നിര്‍മ്മിച്ച കൂര മഴയില്‍ ചോര്‍ന്നൊലിക്കുമായിരുന്നു. എങ്കിലും നാലു ജീവനുകള്‍ കനാല്‍ കരയില്‍ ജീവിതം ഒഴുകിപോകാതിരിക്കാനുള്ള ശ്രമത്തിലായിരുന്നു.
ദുരിതങ്ങളുടെ ഒഴുക്കു നിലയ്ക്കാത്ത കനാല്‍ കരയിലേക്കാണ് അറുമുഖന്‍ പിറന്ന് വീണത്. പ്രതിസന്ധികള്‍ മലപോലെ നിന്നപ്പോഴും മക്കളുടെ പഠനം നിലക്കാതിരിക്കാന്‍ അച്ഛന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തിരുമല ദേവസ്വം സ്‌കൂളില്‍നിന്നാണ് പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കിയത്. പുസ്തകങ്ങള്‍ക്കപ്പുറത്തുള്ള ജീവിത യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കിയതും അക്കാലത്തായിരുന്നു.
ഉയരക്കുറവിന്റെ പേരില്‍ കുള്ളന്‍ എന്നു വിളിച്ച് കളിയാക്കുന്നത് പലരുടെയും പതിവായിരുന്നു. അതുകൊണ്ടാവണം അറുമുഖനും അവരില്‍നിന്നെല്ലാം മാറി നടന്നത്. അത്രമാത്രം വലിയ മുറിവായിരുന്നു മനസിനേറ്റിരുന്നത്. എന്നാല്‍ എന്ത് സംഭവിച്ചാലും പഠനം മുന്നോട്ട് കൊണ്ടുപോകും എന്ന ദൃഢ നിശ്ചയത്തിന് മുന്നില്‍ പരിഹാസങ്ങള്‍ നിഷ്ഫലമാവുകയായിരുന്നു.
ശാന്ത ടീച്ചറായിരുന്നു ചിത്രം വരക്കാനും പാടാനുമുള്ള അറുമുഖന്റെ കഴിവ് തിരിച്ചറിഞ്ഞത്. വില്ലടിച്ചാന്‍ പാട്ടിലും ചിത്ര രചനയിലും ഒരുപോലെ മികച്ചു നിന്നിരുന്നു. പിന്നീട് വന്ന ഓരോ കലോത്സവത്തിലും അറുമുഖന്‍ മാത്രമായിരുന്നു വിജയി. മോണോ ആക്ട് പോലെ അഭിനയ സാധ്യതയുള്ള ഇനങ്ങളിലും ആ പേര് ഉയര്‍ന്നു കേട്ടിരുന്നു.
എന്നാല്‍ അപ്രതീക്ഷിതമായി പ്രതിസന്ധികള്‍ ഒന്നിനുമുകളില്‍ ഒന്നായി വന്ന് നിറയുകയായിരുന്നു. ഭരണാധികാരികള്‍ വന്ന് പുറമ്പോക്കിലെ കൂര പൊളിച്ചതോടെ അത് പൂര്‍ണ്ണമായി. ആലശ്ശേരിയിലുള്ള അനാഥമന്ദിരമാണ് തല ചായ്ക്കാന്‍ ഇടം കൊടുത്തത്. മൂന്ന് വര്‍ഷം ജീവിച്ചു തീര്‍ത്തത് അവിടെയായിരുന്നു. അമ്മയുടെ അസുഖവും അവിടുത്തെ ചുറ്റുപാടുകളും കാരണം വീണ്ടും തെരുവിലേയ്ക്ക് ഇറങ്ങേണ്ടിവന്നു. പലയിടത്തുനിന്നായി സ്വരുക്കൂട്ടിയ പ്ലാസ്റ്റിക് ഷീറ്റുകളും തകര പ്‌ളേറ്റും കൊണ്ട് വീണ്ടും കനാല്‍ കരയില്‍ തന്നെ കൂര കെട്ടുകയായിരുന്നു. എല്ലാ അര്‍ത്ഥത്തിലും അറുമുഖന്റെ ബാല്യകാലം കെട്ടുകഥകള്‍ പോലെ അവിശ്വസനീയം.

തെരുവും ജീവിതവും
നഗരത്തില്‍ മങ്ങിയെരിയുന്ന തെരുവുവിളക്കിന്റെ വെളിച്ചത്തില്‍നിന്നാണ് അക്ഷരങ്ങള്‍ മനഃപാഠമാക്കിയത്. മണ്ണെണ്ണ വിളക്കുണ്ടെങ്കിലും പലപ്പോഴും എണ്ണയില്ലാത്തത് കാരണം സന്ധ്യയായാല്‍ കൂരക്കുള്ളില്‍ ഇരുട്ട് കനക്കും. വല്ലപ്പോഴും കത്തുന്ന തെരുവുവിളക്കായിരുന്നു ആകെയുള്ള ആശ്വാസം. പഠിക്കാനായി പത്തു മണിക്ക് ശേഷം മാത്രമെ വെളിച്ചം തിരഞ്ഞ് പോകാറുള്ളൂ. വഴിയാത്രക്കാരുടെ നോട്ടവും പരിഹാസവും അസഹനീയമായപ്പോഴാണ് പഠനം അര്‍ദ്ധ രാത്രിയിലേക്ക് മാറ്റിയത്. അമ്മയുടെ അസുഖം മൂര്‍ച്ഛിച്ചതോടെ പലപ്പോഴും പഠനവും മുടങ്ങി.
ഒരിക്കല്‍ ക്ലാസ്സ് കഴിഞ്ഞു വന്നപ്പോള്‍ അമ്മയുടെ ചേതനയറ്റ ശരീരമാണ് കണ്ടത്. അതുണ്ടാക്കിയ നടുക്കവും വേദനയും ഇന്നും നെഞ്ചിലെ നീറ്റലാണ്. പിന്നീടങ്ങോട്ട് അച്ഛനാണ് എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നത്. അമ്മയുടെ വിയോഗം അദ്ദേഹത്തെ ആകെ തളര്‍ത്തിയിരുന്നു. മാസങ്ങളുടെ ഇടവേളയില്‍ അച്ഛനേയും നഷ്ടമായി. ഇരുട്ടു മൂടിയ കൂരക്കുള്ളില്‍ അറുമുഖനും സഹോദരനും മാത്രമായി. പട്ടിണിയായിരുന്നു പിന്നീട്. ദിവസങ്ങളോളം വെള്ളം മാത്രം കുടിച്ച് ജീവിച്ചു.
പല ജോലിയും നോക്കിയെങ്കിലും ഉയറക്കുറവ് ഒരു കാരണമാക്കി മിക്കവരും നിരസിച്ചു. ഒടുവില്‍ സമീപത്തെ കുട നിര്‍മ്മാണ കമ്പനിയില്‍ ജോലി ലഭിച്ചു. തുച്ഛമായ തുകക്ക് രാപ്പകള്‍ അധ്വാനമായിരുന്നു. വളരെ പെട്ടെന്ന് തന്നെ കുടയും ചെരുപ്പും തുന്നുന്നത് പഠിച്ചു. ബാക്കി സമയങ്ങളില്‍ അച്ഛന്റെ ഒറ്റമുറിയിലെ ബാഗ് റിപ്പയര്‍ കട തുറക്കും.
ചെരുപ്പും കുടയും നന്നാക്കുന്നതിനായി ഒട്ടേറെ ആളുകളും വരാന്‍ തുടങ്ങി. വൈകാതെ തന്നെ ജോലി ഉപേക്ഷിച്ച് കട പൂര്‍ണ്ണ സമയം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. ഒറ്റപ്പെടലായിരുന്നു അക്കാലങ്ങളില്‍ അറുമുഖനെ വേട്ടയാടിയിരുന്ന പ്രധാന ശത്രു. കൂടെ നില്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ തെരുവിലെ തിരക്കായിരുന്നു അറുമുഖനെ തളര്‍ത്താതെ മുന്നോട്ട് കൊണ്ടുപോയത്. ഒറ്റപ്പെടല്‍ മനസ്സില്‍ വിങ്ങലാകുന്ന സമയത്ത് തെരുവിന്റെ ശ്വാസം അത് ശമിപ്പിക്കുകയായിരുന്നു. തെരുവിനെ തന്റെ ജീവിതത്തോട് ഇഴ ചേര്‍ത്ത് കെട്ടുകയായിരുന്നു അറുമുഖന്‍.
സിനിമയും ജീവിതവും

1991-ലാണ് ആദ്യമായി ക്യാമറക്ക് മുന്നിലേക്ക് വരുന്നത്. വിയറ്റ്നാം കോളനി എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ടെന്ന് അറിഞ്ഞാണ് സിനിമ സെറ്റില്‍ എത്തിയത്. ജീവനോളം സ്‌നേഹിക്കുന്ന ലാലേട്ടനെ ഒരു നോക്ക് കാണണം. അതായിരുന്നു പ്രധാന ഉദ്ദേശ്യം. എന്നാല്‍ അടുക്കാന്‍ സാധിക്കാത്ത വിധം ആ പ്രദേശം ജനസാഗരമായിരുന്നു.
ഒരു വിധം ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ സെറ്റിന് സമീപത്ത് എത്തി. ആശ്ചര്യത്തോടെ ഷൂട്ടിങ് നോക്കിക്കാണുന്ന അറുമുഖന്‍ പ്രൊഡക്ഷന്‍ മാനേജര്‍ പി.എ. ലത്തീഫിന്റെ ശ്രദ്ധയില്‍പെട്ടു. കോളനിയിലെ കുട്ടികള്‍ക്കൊപ്പം നടക്കുന്ന ചെറിയ ഭാഗത്തില്‍ അങ്ങനെ അറുമുഖനും വന്നു. സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ പോയ അദ്ദേഹം പ്രിയതാരത്തിന്റെ സിനിമയുടെ ഭാഗമായി മാറുകയായിരുന്നു. അവിടെനിന്നു തിരിച്ചു വരുമ്പോള്‍ ഒട്ടേറെ സൗഹൃദങ്ങള്‍ കൂടെ അറുമുഖന്‍ ഉണ്ടാക്കിയിരുന്നു. ഒട്ടേറെ വേഷങ്ങളിലേക്കുള്ള വാതില്‍ കൂടെ ആയിരുന്നു വിയറ്റ്‌നാം കോളനി.
ഷാര്‍ജ ടു ഷാര്‍ജ, കുട്ടിയും കോലും, അത്ഭുത ദ്വീപ്, ഓര്‍ഡിനറി തുടങ്ങി 25-ഓളം മലയാള ചിത്രങ്ങളില്‍ വേഷമിട്ടു. അതോടെ, കലാലോകത്ത് സുപരിചിതമായ മറ്റൊരു പേരായി അറുമുഖന്‍ മാറുകയായിരുന്നു. സ്റ്റേജ് പ്രോഗ്രാമകളും ചെറിയ ഉദ്ഘാടനങ്ങളുമായി ജീവിതം പരിണാമത്തിന്റെ ഘട്ടത്തിലായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ വാങ്ങിയിരുന്ന ഒരു സെന്റ് കോളനിയിലെ ഒറ്റമുറിയിലേക്ക് താമസവും മാറി. ഏറെ കാലത്തെ വിവാഹാലോചനകള്‍ക്ക് ശേഷം രാധിക ജീവിതത്തിലേക്ക് കടന്നു വന്നു. മക്കളായി ആര്യയും ആഗ്രയും വന്നു. ജീവിതം വീണ്ടും തളിരിട്ട് തളിര്‍ത്തു വരികയായിരുന്നു.
എന്നാല്‍, മഹാമാരിയുടെ വരവോടെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. സ്റ്റേജ് പ്രോഗ്രാമുകളും സിനിമയും ഒന്നും ഇല്ലാതായി. ചെറിയ പ്രതിഫലങ്ങള്‍ മാത്രമായിരുന്നു സിനിമയില്‍നിന്ന് കിട്ടിയിരുന്നത്. അതിനാല്‍ തന്നെ യാതൊരു നീക്കിയിരിപ്പും ഇല്ലായിരുന്നു. ജീവിക്കാനായി വീണ്ടും കടയിലേക്ക് തന്നെ വരേണ്ടി വന്നു. പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത തിരക്കഥാ പുസ്തകത്തില്‍ തല്‍ക്കാലം സ്വപ്നങ്ങള്‍ അടച്ചുവെച്ചു. തെരുവില്‍ ചെരുപ്പുകള്‍ ചേര്‍ത്ത് തുന്നുമ്പോഴും സിനിമയുടെ വെള്ളിവെളിച്ചമാണ് അറുമുഖന്റെ മനസ്സ് നിറയെ.
ജീവിതത്തെപോലെ സ്വപ്നങ്ങളെയും കാര്‍ന്നു തിന്നുകയായിരുന്നു യഥാര്‍ത്ഥത്തില്‍ കൊവിഡ്. ഒറ്റമുറി വീട്ടിലെ ചുമരിനുള്ളില്‍ പ്രവര്‍ത്തിക്കാത്ത ടിവി നോക്കി ഓണലൈന്‍ പഠന സൗകര്യമെന്ന് ശരിയാകുമെന്ന മക്കളുടെ ആവലാതിക്കുപോലും മറുപടി ഇല്ലാതാവുകയാണ്. ഒരു സാധാരണ സിനിമാ പ്രവര്‍ത്തകന്റെ അസാധാരണമായ ജീവിതമാണ് അറുമുഖന്റേത്. അദ്ദേഹത്തെ പോലുള്ള മനുഷ്യര്‍ അതിജീവിക്കേണ്ടതും ആ സ്വപ്നങ്ങള്‍ ബിഗ് സ്‌ക്രീനില്‍ എത്തേണ്ടതും കാലത്തിന്റെ ആവശ്യമാണ്.
വീണുപോയ ഒരുപാട് മനുഷ്യര്‍ക്ക് ഓടാനുള്ള ഇന്ധനമായിരിക്കുമത്. പ്രതിസന്ധികളുടെ കൂരിരുട്ടിലും അറുമുഖന്‍ സ്വയം പ്രകാശിക്കാന്‍ അത്രമേല്‍ ശ്രമിക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമയുടെ തിരക്കഥ ജോലികള്‍ ഇപ്പോള്‍ ഏറെക്കുറെ പൂര്‍ണ്ണമാണ്. സ്വപ്നങ്ങളുടെയും ദൃഢനിശ്ചയത്തിന്റെയും ഉയരം അളക്കാമെങ്കില്‍ അളന്നോളു എന്നാണ് അറുമുഖന്‍ നിറഞ്ഞ ചിരിയോടെ പറയുന്നത്.
Content Highlights: This is life, not photo shoot; Story of a hero behind Camera | Athijeevanam 64


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..