ലാബ് ശൃംഖല വിറ്റത് 4500 കോടിക്ക്, ഇനി 100 കോടിയുടെ ആട് ഫാം; വേലുമണിയുടെ പരീക്ഷണം പുതിയ 'ലാബിലേക്ക്'


സി.എ ജേക്കബ്"ആടുവളര്‍ത്തലില്‍ 100 കോടിരൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണെന്ന് 2022 ഓഗസ്റ്റില്‍ വേലുമണി ട്വീറ്റ് ചെയ്തിരുന്നു. വ്യവസായ രംഗത്തുള്ള പലരെയും അമ്പരപ്പിക്കുന്നതായിരുന്നു വേലുമണിയുടെ പ്രഖ്യാപനം"

Their Story

ഡോ. ആരോഗ്യസ്വാമി വേലുമണി | Photo -Dr.A Velumani|Facebook

ദുരിതപൂര്‍ണമാണ് രാജ്യത്തെ ഭൂരിഭാഗം കര്‍ഷകരുടെയും ജീവിതം. കാലാവസ്ഥയും കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയും കടക്കെണിയുമെല്ലാം അതിജീവിച്ച് കടുത്ത പ്രതിബന്ധങ്ങളെ മറികടന്നാണ് കര്‍ഷക കുടുംബങ്ങളില്‍ നിന്നുള്ളവർ ഔദ്യോഗിക സ്ഥാനങ്ങളിലും പദവികളിലും എത്തിച്ചേരുന്നത്.. ഭൂരഹിത കര്‍ഷക കുടുംബത്തില്‍ ജനിച്ച തമിഴ്നാട് സ്വദേശി ഡോ. ആരോഗ്യസ്വാമി വേലുമണിയുടെ ജീവിത വിജയത്തിനു പിന്നിൽ അത്തരമൊരു കഠിനാധ്വാനമുണ്ട്. ആ കഠിനാധ്വാനമാണ് ലോകത്തെ ഏറ്റവും വലിയ തൈറോയ്ഡ് ടെസ്റ്റിങ് കേന്ദ്രങ്ങളുടെ ശൃംഖലകളിലൊന്നിന്റെ സ്ഥാപകനാക്കി അദ്ദേഹത്തെ വളർത്തിയതും. പ്രതിവർഷം 500 കോടിയ്ക്കടുത്താണ് അദ്ദേഹം തുടങ്ങിവെച്ച തൈറോകെയർ ടെക്നോളജീസ് ലിമിറ്റഡിന്റെ വരുമാനം. മഹാമാരി കാലത്ത് അദ്ദേഹത്തിന്റെ ലാബുകള്‍ രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ നെടുംതൂണുകളില്‍ ഒന്നായി നിലകൊണ്ടു. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ബാബാ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ (BARC) ജോലിചെയ്ത കാലത്ത് ലഭിച്ച അനുഭവസമ്പത്തും ദീര്‍ഘവീക്ഷണവുമാണ് ഡോ. വേലുമണിയെ കോടികളുടെ ആസ്തിയുള്ള സ്ഥാപനം വളര്‍ത്തിയെടുക്കാന്‍ പ്രാപ്തനാക്കിയത്. കര്‍ഷക കുടുംബത്തില്‍ ജനിച്ച് പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ആരോഗ്യമേഖലയില്‍ വലിയ സ്ഥാപനം സ്വന്തമായി വളര്‍ത്തിയെടുക്കുകയും പിന്നീട് കൃഷിയിലേക്കുതന്നെ മടങ്ങാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഡോ. വേലുമണിയുടെ ജീവിതമാണ് ഇത്തവണTheir Story ചര്‍ച്ചചെയ്യുന്നത്.

ഇന്ത്യയിലും ബംഗ്ലാദേശിലും നേപ്പാളിലും പശ്ചിമേഷ്യയിലുമായി 1122 ശാഖകളുണ്ട് തൈറോകെയറിന്. സ്വന്തം സ്ഥാപനത്തെ മറ്റൊരുകമ്പനി 4546 കോടിരൂപയ്ക്ക് ഏറ്റെടുത്തശേഷം പുതിയൊരു സംരംഭം സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അദ്ദേഹം. ആട് വളര്‍ത്തലില്‍ 100 കോടിരൂപ നിക്ഷേപിക്കുമെന്നാണ് പ്രഖ്യാപനം.

ദുരിതം നിറഞ്ഞ ബാല്യം

കോയമ്പത്തൂരിന് സമീപമുള്ള അപ്പനായ്ക്കന്‍പട്ടി ഗ്രാമത്തിലാണ് വേലുമണിയുടെ ജനനം. സ്വന്തമായി ഭൂമിയില്ലാത്ത ദരിദ്ര കര്‍ഷകരായിരുന്നു മാതാപിതാക്കള്‍. വേലുമണിക്കും സഹോദരങ്ങള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കാന്‍ അവര്‍ കഠിനാധ്വാനം ചെയ്തു. ചെരിപ്പോ വസ്ത്രങ്ങളോ വാങ്ങാന്‍പോലും അക്കാലത്ത് നന്നേ ബുദ്ധിമുട്ടിയിരുന്നുവെന്നാണ് ഡോ. വേലുമണി പറയുന്നത്. രണ്ട് സഹോദരങ്ങളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. വീട്ടില്‍ എരുമയെ വളര്‍ത്തിയിരുന്നു. പാല്‍വിറ്റ് നേടുന്ന ചെറിയ തുക ആയിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാനമാര്‍ഗം. എന്നാല്‍ ആ സാഹചര്യത്തിലും ആരില്‍നിന്നും കടംവാങ്ങാതെ, കൈയ്യിലുള്ളതുകൊണ്ട് ജീവിക്കണമെന്നാണ് അമ്മ അദ്ദേഹത്തെ പഠിപ്പിച്ചത്. വലിയൊരു പാഠമായിരുന്നു അതെന്നാണ് പിന്നീട് അദ്ദേഹംതന്നെ പറഞ്ഞിട്ടുള്ളത്. പരിമിതമായ വിഭവങ്ങള്‍കൊണ്ട് കാര്യങ്ങള്‍ചെയ്യാന്‍ വ്യവസായ രംഗത്തുള്ളവര്‍ മറന്നുപോകാറുണ്ടെങ്കിലും തനിക്ക് അങ്ങനെ ചെയ്യാന്‍ കഴിഞ്ഞത് കുട്ടിക്കാലത്ത് അമ്മ പഠിപ്പിച്ച പാഠം ഉള്‍ക്കൊണ്ടതുകൊണ്ടാണെന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

കഠിനമായ ജീവിത സാഹചര്യങ്ങളെ നേരിട്ട് രസതന്ത്രത്തില്‍ ബിരുദമെടുത്ത വേലുമണി കോയമ്പത്തൂരിലെ ഒരു ചെറിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലിക്ക് കയറി. പല ഷിഫ്റ്റുകളിലായിരുന്നു ജോലി. എന്നാല്‍ മൂന്ന് വര്‍ഷത്തിനകം കമ്പനി പൂട്ടുകയും വേലുമണിക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. ഭാവി അനിശ്ചിതത്വത്തിലായതോടെ വേലുമണി കോയമ്പത്തൂരിലെ സെന്‍ട്രല്‍ ലൈബ്രറിയില്‍ പതിവായി പോയിത്തുടങ്ങി. കൈയ്യില്‍ കാര്യമായ പണം ഇല്ലാതിരുന്നതിനാലും അധികം സുഹൃത്തുക്കള്‍ ഇല്ലായിരുന്നു എന്നതിനാലും ലൈബ്രറിയില്‍പോയി സമയം ചിലവഴിക്കുക എന്നത് മാത്രമായിരുന്നു തന്റെ മുന്നിലുള്ള ഏകമാര്‍ഗമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

വേലുമണിയുടെ തൈറോകെയർ സ്ഥാപനത്തിന്റെ ലോഗോ

ജോലികിട്ടാന്‍ തടസങ്ങള്‍; നിരാശ

സെന്‍ട്രല്‍ ലൈബ്രറിയില്‍ സമയം ചെലവഴിക്കുന്നതിനിടെയാണ് പ്രശസ്തമായ ബാബ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ (BARC) സയന്റിഫിക് അസിസ്റ്റന്റിന്റെ ഒഴിവുണ്ടെന്ന പത്രപരസ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹം അപേക്ഷ അയച്ചത്. ഒരു സര്‍ക്കാര്‍ ജോലി കിട്ടുന്നതോടെ തന്റെയും കുടുംബത്തിന്റെയും കഷ്ടപ്പാടുകള്‍ മാറുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചുവെങ്കിലും തിരഞ്ഞെടുപ്പ് നടപടികള്‍ വൈകിയതോടെ നിരാശനായ അദ്ദേഹം മറ്റ് ജോലികള്‍ക്ക് ശ്രമം തുടങ്ങി. അതിനിടെ BARC-ല്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ ലഭിച്ചതോടെ വേലുമണി മുംബൈയിലെത്തിയെങ്കിലും വീണ്ടും പ്രതിസന്ധികളും നിരാശയും ആയിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി നടത്തിയ വൈദ്യപരിശോധനയില്‍ വേലുമണിക്ക് വര്‍ണാന്ധതയുണ്ടെന്ന് കണ്ടെത്തി. ഇതോടെ ഓഫര്‍ ലെറ്റര്‍ പിന്‍വലിക്കുകയാണെന്ന് BARC അധികൃതര്‍ അറിയിച്ചു. 15 ദിവസങ്ങള്‍ക്കുശേഷം വേലുമണിക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് വീണ്ടും കത്തുവന്നു. വര്‍ണാന്ധത ജോലിയെ ബാധിക്കില്ലെന്നും അതിനാല്‍ ജോലിയില്‍ പ്രവേശിക്കാം എന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. തൈറോയിഡ് ടെസ്റ്റിങ് ആയിരുന്നു ബാര്‍ക്കില്‍ വേലുമണിയുടെ ജോലി. കടുത്ത വിരസത ഉണ്ടാക്കുന്ന ജോലി ആയിരുന്നു ഇതെന്നാണ് അദ്ദേഹം പറയുന്നത്. ഒഴിവു സമയങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചാണ് വേലുമണി വിരസത അകറ്റാന്‍ ശ്രമിച്ചത്. ജോലിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ 1985 ല്‍ അദ്ദേഹം ബിരുദാനന്തര ബിരുദ കോഴ്സിനുചേര്‍ന്നു. പിന്നീട് തൈറോയ്ഡ് ബയോകെമിസ്ട്രിയില്‍ ഡോക്ടറല്‍ പോഗ്രാമിനും ചേര്‍ന്നു. ബാര്‍ക്കില്‍ ചേരാന്‍ മുംബൈയിലേക്ക് പോകുമ്പോള്‍ ബി.എസ്.സി ബിരുദമായിരിക്കും ഇനി തന്റെ വിദ്യാഭ്യാസ യോഗ്യതയെന്നാണ് അദ്ദേഹം കരുതിയത്. എന്നാല്‍ അതൊരു തുടക്കം മാത്രമായിരുന്നു. ജീവനക്കാരുടെ പഠനത്തിനും ഗവേഷണത്തിനും BARC-ഉം ബോംബെ യൂണിവേഴ്സിറ്റിയും സഹകരിക്കാന്‍ ആ സമയത്ത് തീരുമാനമെടുത്തതും അദ്ദേഹത്തിന് അനുഗ്രഹമായി. അതിനിടെ വേലുമണി സയന്റിസ്റ്റ് പദവിയിലെത്തുകയും റേഡിയേഷന്‍ മെഡിസിന്‍ സെന്ററില്‍ നിയമിക്കപ്പെടുകയും ചെയ്തു. ആരോഗ്യ പരിചരണത്തിനും കൃഷിയിലും ആറവോര്‍ജത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായിരുന്നു അത്.

Also Read
Their Story

പക്ഷികളുടെ ഇടിയിൽ എൻജിൻ നിലച്ചു,ന്യൂയോർക്കിൽ ...

അന്നയാൾ ഇല്ലായിരുന്നെങ്കിൽ, കാൺപുർ എക്സ്പ്രസ് ...

ഇന്ത്യയെ നടുക്കിയ 800 പേർ മരിച്ച സ്ഫോടനം, ...

ഫ്രഞ്ച് സൈന്യത്തിൽ ജോലി, 34-ാം വയസിൽ ടാറ്റയുടെ ...

ഹിറ്റ്‌ലർ മോഷ്ടിച്ചതോ ആ ഡിസൈൻ?, കാറുകൾ ...

രണ്ടാം ലോകയുദ്ധത്തിൽ 15000 കുഞ്ഞുങ്ങളെ ...

Their Story

മുങ്ങുന്ന കപ്പലിൽ നിന്ന് ക്യാപ്റ്റനടക്കമുള്ളവർ ...

പാൽ കുടിക്കാത്ത കുര്യൻ പാൽ കുടിപ്പിച്ചു; ...

Their Story

അന്ധവിശ്വാസത്തിനെതിരേ നിയമം കൊണ്ടുവരൽ, ...

ഡോ. വേലുമണിയും ഭാര്യ സുമതി വേലുമണിയും | Photo -Dr.A Velumani\Facebook

സ്വന്തം സ്ഥാപനം തുടങ്ങുന്നു

BARC-ല്‍ 14 വര്‍ഷം ജോലിചെയ്തശേഷമാണ് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങണമെന്ന ചിന്തയിലേക്ക് ഡോ. വേലുമണി എത്തുന്നത്. അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്ന മേലധികാരി വിരമിച്ചത് അടക്കമുള്ള കാര്യങ്ങള്‍ സ്വന്തം സ്ഥാപനം തുടങ്ങുകയെന്ന ചിന്തയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. ഭാര്യയ്ക്ക് പൊതുമേഖലാ ബാങ്കില്‍ ജോലി ഉണ്ടായിരുന്നതിനാല്‍ സ്വന്തം സ്ഥാപനമെന്ന പരീക്ഷണം കുടുംബത്തിന്റെ സാമ്പത്തികനിലയെ ബാധിക്കില്ലെന്ന് അദ്ദേഹം ചിന്തിച്ചു. പി.എഫ് തുകയായ ഒരു ലക്ഷം രൂപകൊണ്ടാണ് സൗത്ത് മുംബൈയിലെ ബൈക്കുളയില്‍ അദ്ദേഹം സ്വന്തമായി തൈറോയിഡ് ടെസ്റ്റിങ് സ്ഥാപനം തുടങ്ങുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ ഭാര്യ സുമതിയും പിന്നീട് ജോലി രാജിവച്ച് അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ ചേര്‍ന്നു. പ്രമുഖ അര്‍ബുദ ചികിത്സാ കേന്ദ്രമായ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലിന് സമീപമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാപനം. സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് അത് വളരെയേറെ സഹായകമായി. പരിശോധനയ്ക്കായി അന്ന് നിലവിലുണ്ടായിരുന്ന തുകയുടെ നാലിലൊന്ന് മാത്രമാണ് അദ്ദേഹം ഈടാക്കിയത്. മറ്റുസ്ഥാപനങ്ങള്‍ക്ക് ഇത് കടുത്ത വെല്ലുവിളി ഉയര്‍ത്തി. ഈ സമയത്താണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് മുംബൈയിലെ സെന്‍ട്രല്‍ ലബോറട്ടറിയിലെത്തിച്ച് പരിശോധന നടത്തി ഫലം ലഭ്യമാക്കുകയെന്ന പുതിയ പരീക്ഷണത്തിന് അദ്ദേഹം തുടക്കംകുറിച്ചത്. 1999-ഓടെ സ്ഥാപനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 ഫ്രാഞ്ചൈസികള്‍ ഉണ്ടാകുകയും പ്രതിദിനം 200 സാമ്പിളുകള്‍ ടെസ്റ്റുചെയ്യാന്‍ കഴിയുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. മുംബൈയിലെ കേന്ദ്ര ലാബില്‍ പരിശോധിക്കേണ്ട സാമ്പിളുകളുടെ എണ്ണം കൂടിയതോടെ കോയമ്പത്തൂരില്‍ മറ്റൊരു ലാബുകൂടി തുടങ്ങി. പിന്നീട് ഇത്തരത്തിലുള്ള ലാബുകളുടെ എണ്ണം 15 ആയി ഉയര്‍ന്നു. ഇന്ത്യയിലും ബംഗ്ലാദേശിലും നേപ്പാളിലും പശ്ചിമേഷ്യയിലുമായി 1122 ശാഖകളുമായി സ്ഥാപനം പടര്‍ന്നുപന്തലിച്ചു. ന്യൂക്ലിയര്‍ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് എന്ന സ്ഥാപനവും പിന്നീട് അദ്ദേഹം സ്ഥാപിച്ചു. മഹാമാരിക്കാലത്ത് കോവിഡ് പരിശോധന നടത്താന്‍ ഐസിഎംആറിന്റെ അനുമതി ലഭിച്ച രാജ്യത്തെ ആദ്യ സ്വകാര്യ ലാബ് ആയിരുന്നു ഡോ. വേലുമണി സ്ഥാപിച്ച തൈറോകെയര്‍.

പടര്‍ന്ന് പന്തലിച്ച് ലാബ് ശൃംഖല; ഒടുവില്‍ കൃഷിയിലേക്ക്

പിന്നീട് പ്രിവന്റീവ് മെഡിക്കല്‍ ചെക്കപ്പുകള്‍, രക്തപരിശോധന തുടങ്ങിയ വിവിധ മേഖലകളിലേക്ക് ഡോ. വേലുമണി സേവനങ്ങള്‍ വ്യാപിപ്പിച്ചു. 2020-ല്‍ 474 കോടി രൂപയായിരുന്നു വേലുമണി സ്ഥാപിച്ച സ്ഥാപനത്തിന്റെ വരുമാനം. സ്വന്തമായി ഭൂമിയില്ലാത്ത കര്‍ഷകന്റെ മകനായി ജനിച്ച് ദിവസം രണ്ടുനേരം ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്ന സാഹചര്യത്തില്‍ വളര്‍ന്ന വേലുമണി എന്ന കുട്ടിയാണ് ലോകത്തെ ഏറ്റവും വലിയ തൈറോയ്ഡ് ടെസ്റ്റിങ് കമ്പനികളില്‍ ഒന്നായി തൈറോകെയറിനെ വളര്‍ത്തിയെടുത്തത്. 2016 ല്‍ അദ്ദേഹത്തിന്റെ കമ്പനിയുടെ 66.1 ശതമാനം ഓഹരികള്‍ ഫാം ഈസിയെന്ന മറ്റൊരു സ്ഥാപനം ഏറ്റെടുത്തു. 4546 കോടി രൂപയ്ക്കായിരുന്നു ഏറ്റെടുക്കല്‍. ഈ തുകയില്‍ 3500 കോടി തന്റെ സ്ഥാപനത്തിലെ യുവാക്കളായ ജീവനക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുമെന്നാണ് ഡോ. വേലുമണി പ്രഖ്യാപിച്ചത്. എന്നാല്‍, ഇനിയും പുതിയ പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുകയാണ് വേലുമണി. ആടുവളര്‍ത്തലില്‍ 100 കോടിരൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണെന്ന് 2022 ഓഗസ്റ്റില്‍ വേലുമണി ട്വീറ്റ് ചെയ്തിരുന്നു. വ്യവസായ രംഗത്തുള്ള പലരെയും അമ്പരപ്പിക്കുന്നതായിരുന്നു വേലുമണിയുടെ പ്രഖ്യാപനം. പുതിയ തീരുമാനത്തിന് പിന്നിലെ രഹസ്യം അദ്ദേഹംതന്നെ വെളിപ്പെടുത്തി. പത്താം വയസില്‍ താന്‍ ശ്രമിച്ച് പരാജയപ്പെട്ട മേഖലയിലേക്കാണ് വീണ്ടും ഇറങ്ങാനൊരുങ്ങുന്നതെന്നാണ് വേലുമണിയുടെ വെളിപ്പെടുത്തല്‍. ഈ രംഗത്ത് പരിചയമുള്ളവരില്‍നിന്ന് വേലുമണി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഡോ. വേലുമണിയുടെ പുതിയ ആശയത്തെ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത് നിരവധിപേരാണ്. നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച പലര്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന സുമതിയാണ് ഡോ. വേലുമണിയുടെ ഭാര്യ. ആനന്ദ്, അമൃത എന്നിവരാണ് മക്കള്‍. സുമതി വേലുമണി 2016-ല്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. നവി മുംബൈയിലാണ് ഡോ. വേലുമണിയും മക്കളും താമസിക്കുന്നത്.

Content Highlights: Thier story,scientist,entrepreneur,founder,chairman and managing director,Thyrocare Technologies Ltd


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented