തെയ്യം കഴിയുമ്പോഴേക്കും വെന്തുരുകിയ അവസ്ഥയിലാകും; കോലത്തിനകത്ത് മനുഷ്യനാണ് | അതിജീവനം 97


എ.വി മുകേഷ്‌ | mukeshpgdi@gmail.comAthijeevanam

കണ്ടനാർ കേളൻ | ഫോട്ടോ: ശശികുമാർ പട്ടുവം

കുന്നരു ദേശത്തെ ഭൂപ്രഭുവായിരുന്ന മേലടത്തു ചക്കിക്ക് വയനാട്ടിലെ കാട്ടില്‍വച്ച് ഒരു ആണ്‍കുട്ടിയെ കളഞ്ഞുകിട്ടി. കേളന്‍ എന്നു പേരിട്ട് സ്വന്തം കുഞ്ഞിനെപ്പോലെ ചക്കി അവനെ മാറോട് ചേര്‍ത്തു. വളര്‍ന്നുവന്ന കേളന്റെ ബുദ്ധിശക്തിയും അധ്വാനിക്കാനുള്ള മനസ്സും ചക്കിയുടെ സമ്പത്ത് ഇരട്ടിപ്പിച്ചു. കുന്നരുദേശമാകെ സമ്പല്‍സമൃദ്ധമായി. കാടു കയറിയ വയനാട്ടിലെ സ്ഥലവും കൃഷിയോഗ്യമാക്കാന്‍ ചക്കി കേളനെ നിയോഗിച്ചു.

അമ്മയുടെ വാക്കുകള്‍ നെഞ്ചേറ്റി കേളന്‍ ഉടനെ നാട്ടുവഴികളും മലയും പിന്നിട്ട് കാട്ടിലെത്തി. നോക്കെത്താ ദൂരത്തോളം പടര്‍ന്നു കിടക്കുന്ന നാലു കാടുകളാണ് വെട്ടി വെളുപ്പിച്ച് കൃഷിയിടമാക്കേണ്ടത്. കണ്ണിമ ചിമ്മാതെ നാലു കാടുകളും വെട്ടിവെളുപ്പിച്ചു. വെട്ടിയ കാടിന്റെ നാലു മൂലയിലും തീയിട്ടു. തീയാളുന്നത് കണ്ടപ്പോള്‍ കേളന് വല്ലാത്തൊരു ആവേശമായി. തീ പടര്‍ന്ന കാടിന് മുകളിലൂടെ ചാടി മറിഞ്ഞു. ഇത് കണ്ട് അഗ്‌നിയും വായുവും കോപാകുലമായി. കേളന് ചാടാവുന്നതിലും ഉയരത്തില്‍ അഗ്‌നി ആളിപ്പടര്‍ന്നു. ഒടുവില്‍ വെട്ടാതെ ഒഴിവാക്കിയ നെല്ലിമരത്തിലേക്ക് കേളന്‍ ഓടിക്കയറി. എന്നാല്‍ അതിനുമുകളില്‍ ഒളിച്ച നാഗങ്ങള്‍ ഇരുമാറിലും ആഞ്ഞു കൊത്തി. കേളനും നാഗങ്ങളും അഗ്‌നിയിലേക്ക് മറിഞ്ഞുവീണു. കേളനൊപ്പം നാഗങ്ങളെയും അഗ്‌നി വിഴുങ്ങി ചാരമാക്കി.

ആ ചാരത്തില്‍നിന്നാണ് ദേവന്റെ അനുഗ്രഹത്തോടെ കേളനും നാഗങ്ങളും പുനര്‍ജനിക്കുന്നത്. മാറില്‍ നാഗങ്ങളുമായി പുനര്‍ജനിച്ച കേളന്‍ ദൈവക്കരുവായി. വയനാട്ടു കുലവന്റെ അനുഗ്രഹത്തോടെ കണ്ടനാര്‍ കേളന്‍ എന്ന് പുനര്‍നാമകരണവും ചെയ്തു. ഇപ്രകാരമാണ് കണ്ടനാര്‍ കേളന്റെ ഐതിഹ്യം. മലബാറില്‍ ഏറ്റവും കൂടുതല്‍ കെട്ടിയാടുന്ന തെയ്യക്കോലങ്ങളില്‍ ഒന്നാണിത്. തുലാം മുതല്‍ ഇടവപ്പാതി വരെ ഗ്രാമങ്ങളിലെ കാവുകളില്‍ അഗ്‌നിയെ കീഴ്‌പ്പെടുത്താന്‍ ചാടിമറയുന്ന കണ്ടനാര്‍ കേളനെ കാണാന്‍ കഴിയും.

കുഞ്ഞിരാമന്‍ പെരുവണ്ണാന്‍ | ഫോട്ടോ: ദിലീഷ് കുമാര്‍

കണ്ടനാര്‍ കേളന്‍ മുതല്‍ എണ്ണമറ്റ ദൈവക്കരുകള്‍ പുനര്‍ജ്ജനിക്കുന്ന മനുഷ്യശരീരങ്ങളുടെ കഥയാണിത്. എഴുപതു വയസ്സിനിപ്പുറവും തെയ്യത്തിനു വേണ്ടി ജീവിക്കുന്ന കുഞ്ഞിരാമന്‍ പെരുവണ്ണാന്‍ ആ ശരീരങ്ങളുടെയും അതിന്റെ ത്യാഗത്തിന്റെയും മനുഷ്യക്കോലമാണ്. ഇക്കാലത്തിനിടക്ക് അറുപതിലേറെ തവണയാണ് കണ്ടനാര്‍ കേളനെ കുഞ്ഞിരാമ പെരുവണ്ണാന്‍ കെട്ടിയാടിയത്. ദൈവം സന്നിവേശിക്കുമ്പോള്‍ സ്വയം അനുഗ്രഹിക്കാന്‍ മറന്നുപോയ ഒരു ജനതയുടെ രക്തത്തിലാണ്ട ചരിത്രം കൂടിയാണിത്.

ചുറ്റും കൂടിയ മനുഷ്യാരത്തെ സാക്ഷിനിര്‍ത്തി ആളിക്കത്തുന്ന തീക്കൂനക്ക് മുകളിലൂടെ വീര്യത്തോടെ ചാടണം. ഓരോ ചാട്ടത്തിലും കനലിന്റെ നീറ്റല്‍ കാലാകെ വെന്തുരുക്കും. കൈകൂപ്പിനില്‍ക്കുന്ന ഭക്തര്‍ക്ക് മുന്നില്‍ കേളന്റെ വീര്യം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം തെയ്യക്കാരനാണ്. മാംസം കരിഞ്ഞ ഗന്ധം പരന്നാലും കേളന്‍ അടുത്തചാട്ടത്തിനായി കുതിക്കും. തെയ്യം കഴിയുമ്പോഴേക്കും ശരീരം വെന്തുരുകിയ അവസ്ഥയിലാകും. ചിലമ്പഴിച്ച് മാറ്റുമ്പോള്‍ അതിനുമേല്‍ ഒട്ടിനിന്ന വെന്തമാംസവും അടര്‍ന്നുവരും.

ഇരുട്ടിലെ ആ പ്രാണവേദനക്ക് പക്ഷെ കാണികള്‍ ഉണ്ടാകില്ല

ആത്മം കൊടുത്ത് മുടിയഴിക്കുന്നതോടെ കാവില്‍ ഇരുട്ട് പടരും. ദൈവം വേര്‍പെട്ട് മനുഷ്യന്‍ മാത്രമാകും. കോലക്കാരന്റെ നെഞ്ചിലെ തീ അപ്പോഴും ആളിക്കത്തുന്നുണ്ടാകും, കൂരയിലെ വിശപ്പാണ് അതിനുള്ള കാരണം. അരിയില്ലാതെ തിളയ്ക്കുന്ന കഞ്ഞിക്കലങ്ങളില്‍ വയറു നിറച്ച് അടുത്തതെയ്യത്തിനായുള്ള കാത്തിരിപ്പാണ് പിന്നീട്.

തെയ്യത്തിനിടക്ക് അപകടങ്ങള്‍ സംഭവിച്ച് കിടപ്പിലായവരും ജീവന്‍ നഷ്ടപ്പെട്ടവരും ഒട്ടേറെയുണ്ട്. എല്ലാ നഷ്ടങ്ങളും കുരുത്തോല മറച്ച കാവിന്റെ ഇരുണ്ടകോണുകളില്‍ വച്ചാണ് മാലോകരുടെ ദുഃഖങ്ങള്‍ ചേര്‍ത്ത് പിടിച്ചുകേള്‍ക്കുന്നത്. ചിന്തയോടും ശരീരത്തോടും ഒരുപോലെ കലഹിക്കുകയാണ് തെയ്യത്തിനുള്ളിലെ മനുഷ്യര്‍. ശരീരം വെന്ത് പിടയുമ്പോഴും ഒരല്‍പ്പം പോലും ഇടറാതെ തെയ്യത്തെ നെഞ്ചേറ്റിയ കുഞ്ഞിരാമ പെരുവണ്ണാന്‍ ആയിരങ്ങളുടെ പ്രതിനിധിയാണ്. ഇരുട്ടിന്റെ മറ കൊണ്ട് കാണാതെ പോകുന്ന പച്ചമനുഷ്യന്റെ വേദനയുടെ കഥയാണിത്.

മന്ദപ്പന്‍ | ഫോട്ടോ:ശശികുമാര്‍ പട്ടുവം

തെയ്യക്കാലവും ഓര്‍മ്മകളും

കീഴ്‌പ്പെടുത്താനാകാത്ത പ്രകൃതിയെ മനുഷ്യന്‍ ചേര്‍ത്ത് പിടിക്കുന്ന ഉത്സവമാണ് തെയ്യക്കാലം. വിണ്ണകലത്തില്‍നിന്ന് കാര്‍മേഘമൊഴിഞ്ഞ മണ്ണിലേക്ക് ദൈവമിറങ്ങി വന്ന് കൈകൂപ്പിയ ഭക്തനെ കെട്ടിപ്പുണരും. ഇരുളടഞ്ഞ ആ കാവുകളിലപ്പോള്‍ സാധാരണ മനുഷ്യന് ദൈവം അനുഭവമാകും. പിന്നീടങ്ങോട്ട് വെള്ളോട്ട് ചിലമ്പ് കുലുക്കി ഗ്രാമമാകെ ദൈവം നിറയും.

അപ്പപെരുവണ്ണാന്റെയും ചിരിയുടെയും ഏഴുമക്കളില്‍ നാലാമനായാണ് തെയ്യപ്പെരുമയുടെ ഗ്രാമത്തിലേക്ക് കുഞ്ഞിരാമന്‍ പിച്ചവച്ചത്. തെയ്യത്തോടൊപ്പം ജീവിക്കാനായി പാരമ്പര്യ വൈദ്യനായ അച്ഛനെ കണ്ടാണ് വളര്‍ന്നത്. അന്നൊക്കെ തെയ്യക്കാരന്റെ കഞ്ഞിക്കലം അത്രമേല്‍ പരിതാപകരമായിരുന്നു. തോറ്റം കഴിഞ്ഞ് കാവടച്ച് തിരിത്താഴ്ത്തിയാല്‍ വയറ്റിലാണ് പിന്നീടു തെയ്യമുറയുന്നത്. അക്കാലം മുതലേ വിശപ്പിന്റെ നോവ് ആവോളം അറിഞ്ഞതാണ്.

ഏഴാം ക്ലാസ് വരെയുള്ള പഠനം കഷ്ടിച്ചാണ് സാധ്യമായത്. പിന്നീടങ്ങോട്ട് അക്ഷരങ്ങള്‍ക്ക് മുകളില്‍ കുരുത്തോലകെട്ടിവച്ച് കാവിലേക്കിറങ്ങി. അച്ഛന്‍ കെട്ടിയ തെയ്യത്തിന് തൊണ്ടപൊട്ടുമാറ് തോറ്റം ചൊല്ലി. തെയ്യത്തിന്റെ ആദ്യാക്ഷരങ്ങള്‍ ഒട്ടും എളുപ്പമല്ലായിരുന്നു. രക്തത്തിലലിഞ്ഞ ദൈവക്കരുകള്‍ അവിടെയെല്ലാം തുണച്ചു. കാവുറങ്ങുന്ന ആറു മാസക്കാലം തുന്നലും കൃഷിയുമായി അന്നം തേടും. ശേഷം ആമാശയത്തിന്റെ വേദനയ്ക്കു മുകളില്‍ കെട്ടുമുറുക്കി ദൈവം കാവില്‍ ഉറഞ്ഞു തുള്ളും. ഓര്‍മ്മകളിലെ തെയ്യത്തിന് വിശപ്പിന്റെ നോവുണ്ട്.

തീചാമുണ്ഡി | ഫോട്ടോ: ചന്ദ്രൻ മാവിച്ചേരി

ജാതിയും കോലക്കാരനും

ചോമന്‍ ചന്ദനം ചാര്‍ത്തിയാല്‍ കോമനകുമോ? എന്നൊരു ചൊല്ലുണ്ട് വടക്കന്‍ മലബാറില്‍. ഇവിടെ കോമന്‍ സവര്‍ണ്ണനും ചോമന്‍ താഴ്ന്നവനുമാണ്. വരേണ്യ ബോധത്തിന്റെ ദ്രവിച്ചുപോയ മൂശയില്‍നിന്നാണ് അത്തരം ചിന്തകള്‍ നിര്‍മ്മിക്കപ്പെട്ടത്. വരേണ്യത കൂടുതല്‍ ശക്തമായ അക്കാലത്തുതന്നെയാണ് തെയ്യത്തിന്റെ പിറവിയും. നിഷേധിക്കപ്പെട്ട നീതിയോടു കൂടിയാണ് അന്നാ തെയ്യക്കോലങ്ങള്‍ കാവകങ്ങളില്‍ കലഹിച്ചത്.

ഓരോ തെയ്യവും ജാതിയുമായി കെട്ടുപിണഞ്ഞു കിടക്കുന്നവയാണ്. പ്രത്യേക ജാതിയിലുള്ള ആളുകള്‍ക്ക് മാത്രമെ മിക്ക തെയ്യങ്ങളും കെട്ടിയാടാന്‍ സാധിക്കു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തെയ്യം കാണാന്‍ വരുന്ന സവര്‍ണ്ണര്‍ക്ക് നില്‍ക്കാന്‍ പ്രത്യേക ഇടമുണ്ടായിരുന്നു. മലരും മഞ്ഞളുമടങ്ങിയ കുറി ഇലയിലാക്കി പ്രത്യേക കല്ലില്‍ വച്ച് തെയ്യം മാറിനില്‍ക്കണം. ദൈവ ചൈതന്യത്തിലും ജാതിതിരഞ്ഞ കാലത്തോടുകൂടിയാണ് തെയ്യം തീയില്‍ ചവിട്ടി ആര്‍ത്തുവിളിച്ചത്

സവര്‍ണ്ണത തീണ്ടാപ്പാടകലെ നിര്‍ത്തിയ താഴ്ത്തപ്പെട്ട മനുഷ്യന്റെ അത്താണിയായിരുന്നു കാവുകള്‍. അവനു പ്രവേശനമില്ലാത്തിടത്ത് പാലും പഴങ്ങളും നേദിച്ചപ്പോള്‍ കള്ളും മീനും കാവുകളില്‍ പ്രസാദമായി. ചന്ദനം തൊടാന്‍ അനുവാദമില്ലാത്ത കീഴ്ജാതിക്കാരന് മഞ്ഞളും കല്ലുപൊടിയുമാണ് നിറങ്ങളായി ചാര്‍ത്താന്‍ കിട്ടിയത്. ആ നിറങ്ങളാണ് തെയ്യത്തിനിത്ര ചുവപ്പു നല്‍കിയതും. പില്‍കാലത്ത്, അവഗണിക്കപ്പെട്ട ജനതയുടെ ആത്മബോധത്തിന്റെ നിറമായി ചുവപ്പുരാശി മാറിയതിനുപിന്നിലും അത്തരമൊരു പശ്ചാത്തലമുണ്ട്. കോലത്തിനുള്ളിലെ മനുഷ്യന്റെ ജാതി തിരഞ്ഞ അത്തരം ചിന്തകള്‍ക്കുകൂടി തീവെച്ച് തെയ്യം അജയ്യതയിലേക്ക് ചാടുന്നു.

പുലികണ്ണന്‍ | ഫോട്ടോ:ശശികുമാര്‍ പട്ടുവം

നീണ്ട നാളത്തെ ചിട്ടയായ പഠനത്തിന് ശേഷം ശരീരവും മനസ്സും തെയ്യത്തിന് സമര്‍പ്പിച്ചാണ് കോലക്കാരനാകുന്നത്. ആ പരിശ്രമങ്ങളുടെ യാത്ര ഒടുവില്‍ കാവുകളിലെത്തിച്ചേരുന്നു. മുഖത്തെഴുത്തു കഴിഞ്ഞ് തിരുമുടി കെട്ടിയാല്‍ കോലക്കാരന്‍ തെയ്യമായി മാറും. കുത്തുവിളക്കിന്റെ ചുവന്ന പ്രഭയില്‍ തെയ്യം മണ്ണിലമര്‍ന്നു നില്‍ക്കും. കാവ് വലം വെക്കുന്നതോടെ ഉള്ളില്‍ ദൈവ ചൈതന്യം നിറയും. തീക്കുണ്ഡങ്ങളെ മറികടക്കാനും ഉയരമുള്ള മരങ്ങളിലേക്ക് കുതിക്കാനും ഉള്ളിലാളുന്ന ചൈതന്യം പ്രേരിപ്പിക്കും. ചുറ്റുമുള്ള മനുഷ്യര്‍ ആ ദൈവികതക്ക് മുന്നില്‍ കൈകൂപ്പി ആവലാതികള്‍ പറയും.

കൈകൂപ്പിനില്‍ക്കുന്ന ഭക്തര്‍ക്ക് രാവുണരും വരെ തന്നിലെ ചൈതന്യം പകര്‍ന്നു കൊടുക്കും. സൂര്യ രശ്മികള്‍ കാവകങ്ങളെ പുല്‍കുന്നതോടെ താളവും തോറ്റവും നിലയ്ക്കും, തെയ്യാട്ടം അവസാനിക്കും. കുത്തുവിളക്കിലെ എണ്ണയിലേക്ക് തീകെട്ടുപോയ തിരി താഴ്ന്നിറങ്ങും. അപ്പോള്‍ പതിയെ ആളൊഴിഞ്ഞ് കാവ് നിശബ്ദ ശരീരത്തിലേക്ക് തിരികെ നടക്കും. കോലക്കാരന്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ മനുഷ്യനാകും. ഉറക്കമൊഴിച്ചുള്ള കഠിനാധ്വാനത്തിന്റെ അവശേഷിപ്പായി ശരീരമാകെ അപ്പോഴേക്കും വേദന പടര്‍ന്നു പിടിച്ചിട്ടുണ്ടാകും.

കോലത്തിനകത്ത് മനുഷ്യനാണ്

കാവുകളില്‍ നിന്ന് കിട്ടുന്ന നിശ്ചിതതുക ചെണ്ടക്കാരനും മറ്റുമായി വീതം വെച്ചു കഴിഞ്ഞാല്‍ കീശ പഴയപടി കാലിയാകും. അവശേഷിച്ച ശരീരവുമായി വീട്ടിലെത്തുമ്പോള്‍ അരിക്കലത്തിലെ പാറ്റകള്‍ അനക്കമില്ലാതെ ഒടുവിലത്തെ അരിമണികളില്‍ തന്നെയുണ്ടാകും. ആ ക്ഷീണം വകവെക്കാതെ പാടത്തേക്ക് പോകും. അന്നൊക്കെ കൂലിയായി കിട്ടുന്നത് മൂന്നു രൂപയാണ്. അതുകൊണ്ട് കിട്ടുന്ന സാധനങ്ങള്‍ വാങ്ങി ഇരുട്ടും മുന്നേ വീട്ടിലെത്തും. കഴിഞ്ഞ തെയ്യത്തിന്റെ കഥ കേള്‍ക്കാന്‍ പാതി വയറുമായി കൂര മുഴുവന്‍ ചുറ്റുമിരിക്കും.

ഫോട്ടോ: സജീഷ് ആളുപറമ്പിൽ

അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും കുഞ്ഞിരാമനിലേക്ക് വന്നു. മുണ്ടുമുറുക്കി ജീവിക്കുമ്പോഴും ഹൃദയത്തില്‍ തെയ്യം പൂത്തുലഞ്ഞു. വിമല ജീവിതത്തിന്റെ കൈപിടിച്ചതോടെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നു. കൂടെവന്ന മക്കള്‍ കൂരയെ സജീവമാക്കി.
സാധ്യമാകും വരെ മക്കളെ പഠിപ്പിച്ചു. പറക്കാനുള്ള കരുത്ത് ചിറകുകള്‍ക്ക് വന്നപ്പോള്‍ അവര്‍ പലയിടത്തായി കൂടണഞ്ഞു. ഇന്ന് കുഞ്ഞിരാമനും വിമലക്കും കൂട്ടിനുള്ളത് അവശേഷിക്കുന്ന ഏതാനും ചമയക്കോലങ്ങളും എണ്ണമറ്റ അസുഖങ്ങളുമാണ്.

നിലച്ചുപോയ ആര്‍പ്പുവിളികളില്‍ ജീവിക്കുന്ന ഒട്ടേറെ മനുഷ്യരുടെ ഒരു പ്രതിനിധിമാത്രമാണ് കണ്ണൂര്‍ ശ്രീസ്ഥയിലെ കുഞ്ഞിരാമന്‍. അത്രമേല്‍ കോലക്കാര്‍ ഗ്രാമങ്ങളില്‍ പോയ കാലത്തിന്റെ ഓര്‍മ്മകളുമായി കഴിയുന്നുണ്ട്. അന്നത്തെ ഉറക്കമില്ലാത്ത രാത്രികള്‍ ഇന്ന് ശരീരത്തെയും നാഡീ ഞരമ്പുകളെയും പാടെ തളര്‍ത്തിയിട്ടുണ്ട്. പെന്‍ഷനും റേഷന്‍കടയുമാണ് അറ്റുപോകാതെ കാക്കുന്നത്. പൊടുന്നനെ വരുന്ന ഏത് ജീവിതപ്രതിസന്ധിക്കു മുന്നിലും നിസ്സസഹായതയോടെ നില്‍ക്കാനേ ഇന്ന് സാധിക്കു.

നിലച്ചുപോകും മുന്നേ തെയ്യം ചോദിക്കുന്നത് നീതിയാണ്. എണ്ണമറ്റ മനുഷ്യരുടെ വേവലാതികളെ സാന്ത്വനിപ്പിച്ച കോലക്കാരന്റെ ജീവിതമാണ് ഉത്തരമില്ലാതെ ഇരുണ്ടുപോകുന്നത്. വിണ്ണകങ്ങളില്‍ നിന്ന് തോറ്റം പാടി വിളിച്ച ദൈവ ചൈതന്യത്തിന്റെ നിഴലോര്‍മ്മകള്‍ മാത്രമാണ് മുന്നോട്ടുനയിക്കുന്നത്. മനുഷ്യരാശിയോളം ആണ്ടുകിടക്കുന്ന വേരുകളുണ്ട് തെയ്യത്തിനെന്ന് കെട്ടുകാഴ്ച്ചയായി മാത്രം കാണുന്നവര്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. മനുഷ്യനായെങ്കിലും കോലത്തിനുള്ളിലെ ജീവനെ പരിഗണിക്കൂ...

Content Highlights: Theyyam artists life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented