ലാറി ബെക്കർ | Photo- ജി. ബിനുലാൽ|മാതൃഭൂമി ആർക്കൈവ്സ
ചുടുകട്ട തെളിഞ്ഞു കാണുന്ന, സിമന്റ് പൂശാത്ത ചെലവു കുറഞ്ഞ കെട്ടിടങ്ങള്‍ക്ക് പിന്നിലുള്ള കഥ എത്ര പേര്‍ക്കറിയാം...!
ബ്രിട്ടനില്‍ ജനിച്ച് കേരളത്തില്‍ സ്ഥിരതാമസമാക്കിയ ലാറി ബെക്കര്‍ എന്ന വാസ്തുവിദ്യാ വിദഗ്ധന്റെ പേരിലാണ് അവ അറിയപ്പെടുന്നതെങ്കിലും സാധാരണക്കാര്‍ക്കുവേണ്ടി അത്തരം കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അദ്ദേഹത്തോട് നേരിട്ട് ആവശ്യപ്പെട്ടത് മഹാത്മ ഗാന്ധിയാണെന്നകാര്യം പലര്‍ക്കും അറിയാനിടയില്ല. ലാറി ബെക്കറെ കണ്ട സമയത്ത് അദ്ദേഹം ധരിച്ചിരുന്ന ഷൂസാണ് ഗാന്ധിജിയുടെ ശ്രദ്ധ ആകര്‍ഷിച്ചത്. ഉപയോഗശൂന്യമായ വസ്തുക്കള്‍കൊണ്ട് നിര്‍മിച്ച ഷൂസായിരുന്നു അത്. യുവ വാസ്തുശില്പിയായ താങ്കള്‍ ഷൂ ധരിക്കുന്നതിലടക്കം പുലര്‍ത്തുന്ന ലാളിത്യം ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി ചെലവു കുറഞ്ഞ വീടുകള്‍ രൂപവകല്പ്പന ചെയ്യുന്ന കാര്യത്തില്‍ പ്രതിഫലിപ്പിച്ചു കൂടേയെന്നു മഹാത്മജി ചോദിച്ചു. തദ്ദേശീയമായി ലഭിക്കുന്ന വസ്തുക്കള്‍കൊണ്ടുള്ള ചെലവു കുറഞ്ഞ വീടുകള്‍ നിര്‍മ്മിക്കുന്നതിലേക്കും അതിന്റെ പ്രചാരകനായി മാറുന്നതിലേക്കും നിരവധി വാസ്തുശില്പികളെ തന്റെ പാതയിലേക്ക് ആകര്‍ഷിക്കുന്നതിലേക്കും അദ്ദേഹത്തെ നയിച്ചത് മുംബൈയില്‍വച്ച് നടന്ന ആ കൂടിക്കാഴ്ചയാണ്.
.jpg?$p=a0215ca&&q=0.8)
വാസ്തുശില്പിയായി മാത്രം ജീവിച്ച് മരിച്ചയാളായിരുന്നില്ല ലാറി ബെക്കര്‍. വിവിധ കാലഘട്ടങ്ങളില്‍ നഴ്സായും ആംബുലന്‍സ് ഡ്രൈവറായും അനസ്തറ്റിസ്റ്റായും സന്നദ്ധ പ്രവര്‍ത്തകനായും ജീവിച്ച അദ്ദേഹം കുഷ്ഠരോഗികളുടെ പുനരധിവാസത്തിന് വലിയ സംഭാവനകള്‍ നല്കിയ വ്യക്തിയാണ്. അക്രമരാഹിത്യത്തില്‍ വിശ്വസിച്ചിരുന്ന ലാറി ബെക്കര്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ആയുധമെടുക്കാന്‍ തയ്യാറായില്ല, പകരം ആംബുലന്‍സ് ഡ്രൈവറായി മെഡിക്കല്‍ കോര്‍പ്സിന്റെ ഭാഗമായി പരിക്കേറ്റവരെ ചികിത്സാ കേന്ദ്രങ്ങളിലെത്തിച്ചു. കുഷ്ഠരോഗികളെ പരിചരിച്ചുകൊണ്ട് അദ്ദേഹം ദീര്‍ഘകാലം ചൈനയിലെ ഒറ്റപ്പെട്ട പ്രദേശത്ത് ജീവിച്ചു. മഹാത്മാഗാന്ധിയുടെ അഭ്യര്‍ഥന മാനിച്ച് 1945-ല്‍ ഇന്ത്യയിലെത്തിയ അദ്ദേഹം കുഷ്ഠരോഗികളെ പാര്‍പ്പിച്ചിരുന്ന അഭയകേന്ദ്രങ്ങള്‍ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കുന്ന ദൗത്യം ഏറ്റെടുത്തിരുന്ന സന്നദ്ധ സംഘടനയുടെ ഭാഗമായാണ് ആദ്യം പ്രവര്‍ത്തിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുഷ്ഠരോഗികള്‍ക്കുവേണ്ടി നിരവധി അഭയകേന്ദ്രങ്ങള്‍ അദ്ദേഹം നിര്‍മിക്കുകയും, ഹിമാലയത്തിന്റെ താഴ്വാരങ്ങളില് ദീര്‍ഘകാലം താമസിച്ച് സ്കൂളുകളും ആശുപത്രികളും നിര്‍മിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ 106-ാം ജന്മദിനമാണ് മാര്‍ച്ച് രണ്ടിന്. അവസാനകാലത്ത് വാഗമണ്ണിലും തിരുവനന്തപുരത്തും ചെലവഴിച്ച ലാറി ബെക്കറുടെ അവിശ്വസനീയമെന്ന് തോന്നാവുന്ന ജീവിതവും ചെലവു കുറഞ്ഞ കെട്ടിടനിര്‍മാണ രീതികളുടെ പ്രചാരണത്തിന് അദ്ദേഹം നല്കിയ സംഭാവനകളുമാണ് ഇത്തവണ Their Story ചര്‍ച്ചചെയ്യുന്നത്.
ജീവിതം മാറ്റിമറിച്ച രണ്ടാം ലോകമഹായുദ്ധം; കപ്പല്‍ മുംബൈയില്‍ കുടുങ്ങിയത് മൂന്നു മാസം
1917 മാര്‍ച്ച് രണ്ടിന് ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമില്‍ ജനിച്ച ലോറന്‍സ് വില്‍ഫ്രഡ് ബെക്കര്‍ എന്ന ലാറി ബെക്കര്‍ ബെര്‍മിങ്ഹാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് ആന്‍ഡ് ഡിസൈനില്നിന്നാണ് വാസ്തുവിദ്യാ പഠനം പൂര്‍ത്തിയാക്കിയത്. ബെര്‍മിങ്ഹാം ഗ്യാസ് ഡിപ്പാര്ട്ടുമെന്റില് അക്കൗണ്ടന്റായിരുന്ന ചാള്‍സ് ഫെഡറിക് ബെക്കറും മില്ലി ബെക്കറും ആയിരുന്നു മാതാപിതാക്കള്‍. 1937-ല്‍ തന്റെ 20-ാം വയസ്സിൽ അദ്ദേഹം ആര്കിടെക്ചര് ബിരുദമെടുത്തുവെങ്കിലും പഠനം കഴിഞ്ഞയുടന്‍ വാസ്തുവിദ്യാ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തവിധം രണ്ടാം ലോകമഹായുദ്ധം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച് ആംബുലന്‍സ് യൂണിറ്റിന്റെ ഭാഗമായ അദ്ദേഹം, പരിക്കേറ്റ നാവികസേനാംഗങ്ങളെ ചികിത്സയ്ക്കായി എത്തിക്കുന്ന ദൗത്യത്തിനാണ് ആദ്യം നിയോഗിക്കപ്പെട്ടത്. വൈകാതെ പരിശീലനം സിദ്ധിച്ച അനസ്ത്തറ്റിസ്റ്റ് എന്ന നിലയില്‍ ശസ്ത്രക്രിയാ വിദഗ്ധരുടെ ഒരു സംഘത്തിനൊപ്പം അദ്ദേഹം ചൈനയിലേക്ക് അയയ്ക്കപ്പെട്ടു.
ചൈന- ജപ്പാന് യുദ്ധത്തിനിടെ പരിക്കേല്‍ക്കുന്ന സാധാരണ ജനങ്ങളുടെ ജീവന് രക്ഷിക്കുക എന്നതായിരുന്നു സംഘത്തിന്റെ ദൗത്യം. പിന്നീട് ജര്‍മന്‍ കന്യാസ്ത്രികള്‍ നടത്തിവന്ന കുഷ്ഠരോഗാശുപത്രിയില്‍ അദ്ദേഹം നിയോഗിക്കപ്പെട്ടു. അതിനിടെയാണ് 1943-ല്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തുന്നതിനുള്ള നിര്‍ദ്ദേശം ലാറി ബെക്കര്‍ക്ക് ലഭിക്കുന്നത്. ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകുന്നതിനിടെ അദ്ദേഹം സഞ്ചരിച്ച കപ്പല്‍ മൂന്ന് മാസത്തോളം മുംബൈയില്‍ കുടുങ്ങുകയും ഈ സമയത്ത് അദ്ദേഹത്തിന് ഒരു സുഹൃത്തിനൊപ്പം മുംബൈയില്‍ താമസിക്കേണ്ടി വരികയും ചെയ്തു. യുവ വാസ്തുശില്പിയുടെ ചിന്താഗതികളില്‍ വലിയ മാറ്റമുണ്ടായത് ആ കാലഘട്ടത്തിലാണ്.
Also Read
ആ ഇഷ്ടിക കെട്ടിടങ്ങള്‍ വ്യാപകമാകാന്‍ കാരണം മഹാത്മജി
മുംബൈയില്‍ താമസിച്ച സമയത്താണ് ലാറി ബെക്കര്‍ മഹാത്മ ഗാന്ധിയുമായി അടുക്കുകയും ഗാന്ധിജിയുടെ കടുത്ത ആരാധകനായി മാറുകയും ചെയ്യുന്നത്. മഹാത്മജിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കുന്നതിനും പ്രാര്‍ഥനായോഗങ്ങളില്‍ പങ്കെടുക്കുന്നതിനും പതിവായി പോയിത്തുടങ്ങിയ അദ്ദേഹം വൈകാതെ അടുത്ത സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ക്വിറ്റ് ഇന്ത്യാ സമരം കൊടുമ്പിരിക്കൊണ്ടുനിന്ന ആ കാലഘട്ടത്തില്‍ തന്നെ ഇന്ത്യയിലെത്തുന്നതിനും ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് ഇവിടെ പ്രവര്‍ത്തിക്കുന്നതിനും അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും രാജ്യത്താകമാനം അന്ന് നിലനിന്നിരുന്ന ബ്രിട്ടീഷുകാരോടുള്ള വിരോധം അദ്ദേഹത്തെ അതില്‍നിന്ന് പിന്തിരിപ്പിച്ചു. അന്ന് ഇന്ത്യയിലുണ്ടായിരുന്ന പാശ്ചാത്യരായ സുഹൃത്തുക്കളും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി.
എന്നാല്‍ കുഷ്ഠരോഗികളുടെ പുനരധിവാസത്തിന് ലാറി ബെക്കര്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ മഹാത്മജി, ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്തുണ നല്‍കുകയും ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യ വിട്ട് പോകേണ്ടിവരുമെന്നും ലാറി ബെക്കറെ പോലെയുള്ളവര്‍ക്ക് ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നും ഉറപ്പു നല്കി. ഗ്രാമങ്ങളിലും തിരക്കേറിയ നഗരങ്ങളിലെ ഇടുങ്ങിയ പാര്ട്ടിടങ്ങളിലും താമസിക്കുന്ന പാവപ്പെട്ടവര്‍ക്കാണ് താങ്കളെക്കൊണ്ട് ആവശ്യമെന്ന് ലാറി ബെക്കറോട് ഗാന്ധിജി പറഞ്ഞു. വീട് നിര്‍മിക്കുന്നതിന്റെ അഞ്ച് മൈല്‍ ചുറ്റളവില്‍ ലഭ്യമായ വസ്തുക്കള്കൊണ്ടാവണം വീടുണ്ടാക്കേണ്ടെന്നും ഗാന്ധിജി ഉപദേശിച്ചു. കെട്ടിട നിര്‍മാണം സംബന്ധിച്ച ലാറി ബെക്കറുടെ കാഴ്ചപ്പാടില്‍ വലിയ മാറ്റം വരുത്താന്‍ ഇടയാക്കിയ ഉപദേശമായിരുന്നു അത്.
മധുവിധു ആഘോഷിക്കാ ന്പോയ ഗ്രാമത്തിലും ആശുപത്രി സ്ഥാപിച്ചു
1945-ല്‍ ഇന്ത്യയിലെത്തിയ ലാറി ബെക്കര്‍ വേള്‍ഡ് ലെപ്രസി മിഷന്റെ പ്രവര്‍ത്തനങ്ങളിലാണ് തുടക്കത്തില്‍ വ്യാപൃതനായത്. കുഷ്ഠരോഗത്തിന് ഫലപ്രദമായ മരുന്നുകളും ചികിത്സയും പ്രചാരത്തില്വരുന്ന കാലമായിരുന്നു അത്. അതുവരെ കുഷ്ഠരോഗികളെ മറ്റുള്ളവരില്‍നിന്ന് അകറ്റി പാര്‍പ്പിച്ചിരുന്ന കെട്ടിടങ്ങള്‍ അവര്‍ക്ക് ചികിത്സ നല്‍കുന്നതിനുള്ള സൗകര്യങ്ങളുള്ള കെട്ടിടങ്ങളാക്കി മാറ്റാനുള്ള ചുമതലയാണ് സംഘടന ലാറി ബെക്കര്‍ക്ക് നല്‍കിയത്. ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ താമസിച്ചുകൊണ്ട് അദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ആശുപത്രികള്‍ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
ലാളിത്യം നിറഞ്ഞ ജീവിതശൈലി പിന്തുടരാന് ആഗ്രഹിച്ച അദ്ദേഹം മലയാളിയായ പി.ജെ. ചാണ്ടി എന്ന ഡോക്ടര്‍ക്കൊപ്പമാണ് താമസിച്ചത്. ഡോ. ചാണ്ടിയുടെ സഹോദരി എലിസബത്ത് ജേക്കബ് വേള്‍ഡ് ലെപ്രസി മിഷന്റെ ഭാഗമായി ഹൈദരാബാദിലാണ് അന്ന് പ്രവര്‍ത്തിച്ചിരുന്നത്. ആ കാലത്ത് സഹോദരന് ആവശ്യപ്പെട്ടതനുസരിച്ച് ഒരു ശസ്ത്രക്രിയയ്ക്കുവേണ്ടി ഫൈസാബാദിലെത്തിയ എലിസബത്തും ലാറി ബെക്കറും പരിചയപ്പെടുകയും ജീവിതത്തെക്കുറിച്ച് ഇരുവര്‍ക്കും ഒരേ കാഴ്ചപ്പാടാണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞതോടെ വിവാഹിതരാകാന്‍ തീരുമാനിക്കുകയും ചെയ്തു. ലാറി ബെക്കര്‍ പിന്നീട് കേരളത്തില്‍ സ്ഥിരതാമസമാക്കാന്‍ ഇടയാക്കിയത് അദ്ദേഹത്തിന്റെ ഈ തീരുമാനമാണ്. 1948-ലാണ് ലാറി ബെക്കറും എലിസബത്തും വിവാഹിതരാകുന്നത്.
.jpg?$p=f3aec0d&&q=0.8)
വാസ്തുശില്പി നഴ്സായി; ഗോത്രവര്‍ഗ ഗ്രാമത്തില്‍ താമസിച്ചത് 16 വര്‍ഷം
ലാറി ബെക്കറും ഭാര്യ എലിസബത്തും മധുവിധു ആഘോഷിക്കാന്‍ പോയത് ഉത്തരാഖണ്ഡിലെ പിത്തോറഗഢിലേക്കായിരുന്നു. അവിടെവച്ച് എലിസബത്ത് ഒരു ഡോക്ടറാണെന്ന് തിരിച്ചറിഞ്ഞ ഗോത്രവര്‍ഗക്കാര്‍ അവരുടെ ആരോഗ്യ പ്രശ്നങ്ങളുമായി സമീപിച്ചു തുടങ്ങി. ഒറ്റപ്പെട്ട ഹിമാലയന്‍ പ്രദേശമായ അവിടെ താമസിച്ച് നാട്ടുകാര്‍ക്ക് വൈദ്യസഹായം നല്കാന് ഡോക്ടര്‍മാര്‍ തയ്യാറാകാത്ത കാലമായിരുന്നു അത്. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ ലാറി ബെക്കറും എലിസബത്തും ഗോത്രവര്‍ഗ ജനതയ്ക്കുവേണ്ടി അവിടെ ഒരു ആശുപത്രി സ്ഥാപിക്കാനും വീട് നിര്‍മിക്കാനും തീരുമാനമെടുത്തു. തുടര്‍ന്ന് 16 വര്‍ഷമാണ് ലാറി ബെക്കറും ഭാര്യയും പിത്തോർഗഢില്‍ താമസിച്ചത്. ഭാര്യ എലിസബത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഒരു നഴ്സിന്റെ ജോലി ചെയ്തത് ലാറി ബെക്കറാണ്. ഒറ്റപ്പെട്ട പ്രദേശത്തെ ജീവിതം അവരെ അസ്വസ്ഥരാക്കിയില്ല. ഗ്രാമീണ ജനതയുമായി അടുത്ത സൗഹൃദം സ്ഥാപിച്ചും സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുമാണ് അവര്‍ സമയം ചെലവഴിച്ചത്.
പുതിയ വാസ്തുവിദ്യാശൈലി വികസിപ്പിക്കുന്നത് ഹിമാലയന്‍ ഗ്രാമത്തില്‍വച്ച്
പിത്തോർഗഢില്‍ താമസിക്കുന്ന സമയത്താണ് താന്‍ പഠിച്ച വാസ്തുവിദ്യാ പാഠങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അത്രകണ്ട് പ്രായോഗികമാകില്ലെന്ന് ലാറി ബെക്കര്‍ മനസിലാക്കിയത്. അതോടെ പ്രാദേശിക രീതികള്‍ സ്വായത്തമാക്കാനുള്ള ശ്രമം തുടങ്ങി. പ്രാദേശിക നിര്‍മാണ തൊഴിലാളികളുടെ വൈദഗ്ധ്യവും ഇന്ത്യയിലെ പരമ്പരാഗത കെട്ടിടനിര്‍മാണ രീതികളും നിര്‍മാണ വസ്തുക്കളും ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. ചെലവ് കുറയ്ക്കാനും കെട്ടിടങ്ങള്‍ അതത് പ്രദേശത്തെ തനത് ശൈലിയില്‍തന്നെ നിലനിര്‍ത്താനും ഇത് സഹായകമായി. പ്രദേശികമായി ലഭ്യമായ ഇഷ്ടികളും സുര്‍ക്കിയും അടക്കമുള്ളവയാണ് അദ്ദേഹം കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ചത്.
ഇത്തരത്തില്‍ നിരവധി ആശുപത്രികളും സ്കൂളുകളും അടക്കമുള്ളവ അദ്ദേഹം നിര്‍മിച്ചതോടെ അദ്ദേഹത്തിന്റെ കെട്ടിടങ്ങള്‍ ശ്രദ്ധ നേടുകയും ആവശ്യക്കാര്‍ അദ്ദേഹത്തെ തേടിയെത്തി തുടങ്ങുകയും ചെയ്തു. ഇടത്തരക്കാര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും സ്വന്തമാക്കാന്‍ കഴിയുന്ന തരത്തിലുള്ള നിര്‍മാണച്ചെലവ് കുറഞ്ഞതും മനോഹരങ്ങളുമായി കെട്ടിടങ്ങളില്‍ നിര്‍മിക്കുന്നതിനുള്ള തനതുശൈലി അതിനിടെ അദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്തു. യഥേഷ്ടം കാറ്റ് കടക്കുന്ന തരത്തിലുള്ളവയായിരുന്നു കെട്ടിടങ്ങള്‍. ലാറി ബെക്കര്‍ നിര്‍മിതികള്‍ പ്രചാരംനേടിയതോടെ നിരവധി യുവ വാസ്തുശില്‍പ്പികള്‍ അദ്ദേഹത്തിന്റെ ശൈലിയെപ്പറ്റി പഠിക്കാന്‍ ആഗ്രഹിച്ച് രംഗത്തെത്തി.
.jpg?$p=0577bdf&&q=0.8)
ഇന്ത്യയില്‍ താമസിച്ചത് 50 വര്‍ഷത്തിലേറെ
1989-ല്‍ ഇന്ത്യന്‍ പൗരത്വം നേടിയ അദ്ദേഹം 50 വര്‍ഷത്തിലേറെയാണ് ഇന്ത്യയില്‍ ജീവിക്കുകയും കെട്ടിടനിര്‍മാണ രംഗത്തിന് വലിയ സംഭാവനകള്‍ നല്‍കുകയും ചെയ്തത്. ലഖ്നൗവിലെ ലിറ്ററസി വില്ലേജ്, കോയമ്പത്തൂരിലെ സാലിം അലി സെന്റര്‍, ചെന്നൈയിലെ ദക്ഷിണചിത്ര, തൃശ്ശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമ, തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ്, കോട്ടയത്തെ പള്ളിക്കൂടം സ്കൂള്‍, തിരുവനന്തപുരത്തെ ലയോള ചാപ്പലും ഓഡിറ്റോറിയവും, അട്ടപ്പാടി ഹില്‍ ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി കെട്ടിടം, ആക്കുളത്തെ നിര്‍മിതി കേന്ദ്ര, പൊന്മുടിയിലെ ടൂറിസ്റ്റ് സെന്റര്‍ തുടങ്ങിയവയെല്ലാം ലാറി ബേക്കര്‍ നിര്‍മിതികളുടെ ഉദാഹരണങ്ങളാണ്. ഉത്തരാഖണ്ഡിലെ പിത്തോറഗഢില്നിന്നാണ് ലാറി ബെക്കര്‍ കേരളത്തിലേക്ക് വരുന്നത്. ആദ്യം വാഗമണ്ണിലും പിന്നെ തിരുവനന്തപുരത്തുമാണ് അദ്ദേഹം താമസിച്ചത്. 1968-കാലത്ത് പാവപ്പെട്ടവര്‍ക്കുവേണ്ടി 3000 രൂപയില്‍ താഴെ ചെലവുവരുന്ന വീടുകള്‍ നിര്‍മിക്കുന്ന പദ്ധതി ലാറി ബെക്കര്‍ വിജയകരമായി നടപ്പാക്കി.
.jpg?$p=d3f3f6c&&q=0.8)
തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദേശാനുസരണം ആയിരുന്നു ഇത്. ചെലവു കുറഞ്ഞ കെട്ടിടനിര്‍മാണം പ്രോത്സാഹിപ്പിക്കുന്ന സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഫോര്‍ റൂറല്‍ ഡെവലപ്മെന്റ് (കോസ്റ്റ്ഫോര്‍ഡ്) എന്ന സന്നദ്ധ സംഘടനയില്‍ 1969- മുതല്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഡയറക്ടറുടെയും ചെയര്‍മാന്റെയും പദവികള്‍ വഹിച്ചു. പദ്മശ്രീ, ഐക്യരാഷ്ട്രസഭയുടെ ഹാബിറ്റാറ്റ് പുരസ്കാരം, മോസ്റ്റ് എക്സലന്റ് ഓഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ എന്നിവ അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. വാഗമണ്ണില്‍നിന്ന് തിരുവനന്തപുരത്തെ നാലാഞ്ചിറയിലുള്ള ഹാംലെറ്റ് എന്ന വീട്ടിലേക്ക് മാറുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്ത അദ്ദേഹം ജീവിതത്തിന്റെ അവസാനകാലത്ത് തിരുവനന്തപുരത്തും സമീപപ്രദേശങ്ങളിലും മാത്രമായി പ്രവര്‍ത്തനം ചുരുക്കി. 90-ാം വയസില്‍ 2007 ഏപ്രില്‍ ഒന്നിന് തിരുവനന്തപുരത്തുവച്ചാണ് അദ്ദേഹം മരണമടയുന്നത്.
നിരവധി വാസ്തുശില്‍പ്പികള്‍ അദ്ദേഹം വികസിപ്പിച്ച ശൈലിയിലുള്ള കെട്ടിടങ്ങള്‍ ഇന്നും നിര്‍മിക്കുന്നു. ഗാന്ധിജിയുടെ ആഹ്വാനം ശിരസാ വഹിക്കാനും ഇന്ത്യയിലെത്തി സാധാരണക്കാര്‍ക്ക് താങ്ങാവുന്ന കെട്ടിടനിര്‍മാണ ശൈലി വികസിപ്പിക്കാനും ലാറി ബെക്കര്‍ തയ്യാറായിരുന്നില്ലെങ്കില്‍ ചെലവു കുറഞ്ഞ കെട്ടിട നിര്‍മാണ ശൈലിക്ക് രാജ്യത്ത് ഇത്രയധികം പ്രശസ്തിയും സ്വീകാര്യതയും ലഭിക്കുമോ എന്നതും നിരവധി വാസ്തുശില്പികള് ഇന്നത്തേതുപോലെ ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമോ എന്നതും സംശയമാണ്.
Content Highlights: Their story, Lawrence Wilfred Laurie Baker, a British-born Indian architect,Gandhiji
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..