ക്യാപ്റ്റൻ ഭിന്ദർ ഭാര്യയ്ക്കും മകനുമൊപ്പം
പാകിസ്താനെതിരേ ഇന്ത്യന്‍ സേന യുദ്ധവിജയം നേടുന്ന 'ബോർഡർ' സിനിമ കണ്ടിരുന്നവര്‍ക്കാണ് അപ്രതീക്ഷിത ദുരന്തം നേരിടേണ്ടിവന്നത്. തീയേറ്ററിനുള്ളില്‍ പുക നിറഞ്ഞു തുടങ്ങിയത് ആദ്യം അവര്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. അഗ്‌നിബാധ ഉണ്ടായെന്നറിഞ്ഞതോടെ അവര്‍ പരിഭ്രാന്തരായി. വൈദ്യുതി നിലച്ചതോടെ ഇരുട്ട് പരന്നു. എവിടേക്ക് ഓടി രക്ഷപ്പെടും ? പുറത്തേക്കുള്ള വാതില്‍ എവിടെയാണ് ? ഒന്നും വ്യക്തമാകാത്ത അവസ്ഥ. എന്നാല്‍ കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ ക്യാപ്റ്റന്‍ മഞ്ജീന്ദര്‍ സിങ് ഭിന്ദര്‍ എന്ന സൈനികന്‍ സ്വന്തം ജീവന്‍പോലും വകവയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.ക്യാപ്റ്റന്‍ ഭിന്ദര്‍ ഇല്ലായിരുന്നുവെങ്കില്‍ ഉപ്ഹാര്‍ ദുരന്തത്തിലെ മരണസംഖ്യ ഇതിലും ഉയരേണ്ടതായിരുന്നു. സ്വന്തം ജീവനും കുടുംബത്തിന്റെ സുരക്ഷയും അവഗണിച്ച് ക്യാപ്റ്റന്‍ ഭിന്ദര്‍ നടത്തിയ രക്ഷാദൗത്യവും പിന്നീട് അദ്ദേഹത്തിന് സൈന്യത്തിന്റെ അംഗീകാരം ലഭിക്കാന്‍ കുടുംബം നടത്തിയ നിയമപോരാട്ടവും അടക്കമുള്ളവയുടെ കഥയാണ് ഇത്തവണ Their Story ചര്‍ച്ചചെയ്യുന്നത്.
1997-ൽ ഡല്‍ഹി ഗ്രീന്‍ പാര്‍ക്കിലുള്ള ഉപ്ഹാര്‍ സിനിമ തീയേറ്ററില്‍ 'ബോര്‍ഡര്‍' സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ വൈകീട്ട് മൂന്നോടെയാണ് തീപ്പിടിത്തമുണ്ടായത്. രാജ്യത്തെ നടുക്കിയ വന്‍അഗ്നിബാധകളില്‍ ഒന്നായ ഉപ്ഹാര്‍ സിനിമ ദുരന്തത്തില്‍ മരിച്ചത് 59 പേരാണ്. 103 പേര്‍ക്ക് പരിക്കേറ്റു. പുറത്തേക്കോടി രക്ഷപ്പെടാന്‍ കഴിയാതെ ബാല്‍ക്കണിയില്‍ കുടുങ്ങിയവരാണ് മരിച്ചവരില്‍ അധികവും. തീയേറ്ററിലെ അനധികൃത മോടിപിടിപ്പിക്കലും എമര്‍ജന്‍സി ലൈറ്റുകളുടെ അഭാവവും അടക്കമുള്ള കാരണങ്ങൾ മരണസംഖ്യ ഇനിയും ഉയരാൻ പോന്നതായിരുന്നു. എന്നാല്‍, കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ ക്യാപ്റ്റന്‍ മഞ്ജീന്ദര്‍ സിങ് ഭിന്ദര്‍ എന്ന സൈനികന്‍ സ്വന്തം ജീവന്‍പോലും വകവയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. വൈദ്യുതി നിലച്ച് ഇരുട്ടിലാകുകയും പുക നിറയുകയും ചെയ്ത സിനിമാ തീയേറ്ററില്‍നിന്ന് നിരവധി പേരെ അദ്ദേഹം വളരെവേഗം പുറത്തേക്കുള്ള വാതിലിന് സമീപമെത്തിച്ചു. തീ വിഴുങ്ങിത്തുടങ്ങിയ കെട്ടിടത്തില്‍നിന്ന് ഭാര്യയ്ക്കും മകനുമൊപ്പം പുറത്തിറങ്ങി രക്ഷപ്പെടാന്‍ കൂട്ടാക്കാതെ ആയിരുന്നു ക്യാപ്റ്റന്‍ ഭിന്ദര്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനിറങ്ങിയത്. നാലു വയസുള്ള മകന്‍ പ്രഭ്‌സിമ്രാന്‍ സിങിനും ഭാര്യ ജ്യോതി സ്വരൂപ് കൗറിനും ജീവന്‍ നഷ്ടമായി എന്ന് മാത്രമല്ല, രക്ഷാപ്രവര്‍ത്തനത്തിനിടെ ക്യാപ്റ്റനും വീരചരമം പ്രാപിച്ചു.
.jpg?$p=75dbb80&&q=0.8)
'ബോര്‍ഡര്‍' സിനിമയ്ക്കിടെ അഗ്‌നിബാധ
1971-ലെ ഇന്ത്യ - പാക് യുദ്ധത്തിനിടയിലെ ലോംഗെവാല പോരാട്ടത്തില്‍ പാക് സൈന്യത്തെ നിലംപരിശാക്കിയ ഇന്ത്യന്‍ യുദ്ധവീരന്മാരെക്കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് ഉപ്ഹാര്‍ സിനിമ ദുരന്തഭൂമിയായി മാറിയത്. മരണം മുന്നില്‍ക്കണ്ട നൂറുകണക്കിന് പേര്‍ക്കു മുന്നില്‍ രക്ഷകനായി എത്തിയതാവട്ടെ മറ്റൊരു ഇന്ത്യന്‍ സൈനികന്‍. പരിശീലനം സിദ്ധിച്ച സൈനിക ഓഫീസറായിരുന്ന ക്യാപ്റ്റന്‍ ഭിന്ദര്‍ക്ക് ദുരന്തമുഖത്തുനിന്ന് അനായാസം രക്ഷപ്പെടാനും സ്വന്തം ഭാര്യയേയും മകനെയും രക്ഷപ്പെടുത്താനും കഴിയുമായിരുന്നു. എന്നാല്‍, അദ്ദേഹം മുഖ്യപരിഗണന നല്‍കിയത് പരിഭ്രാന്തരായി നിലവിളിക്കുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ പുറത്തെത്തിക്കുന്നതിനായിരുന്നു.
കത്തിയമരുന്ന തീയേറ്ററിനുള്ളില്‍നിന്ന് സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ കൈപിടിച്ച് പുറത്തെത്തിക്കാനുള്ള ദൗത്യം അദ്ദേഹം സ്വയം ഏറ്റെടുക്കുകയും തീയേറ്ററിന് പുറത്തുള്ള രക്ഷാദൗത്യത്തിന്റെ ചുമതല ഒപ്പമുണ്ടായിരുന്ന സൈനികനെ ഏൽപിക്കുകയും ചെയ്തു. സുഹൃത്തായ സൈനികനെ തീയേറ്റർ വാതിലില്‍ നിര്‍ത്തിയാണ് തീയേറ്ററിന് പുറത്തുള്ള രക്ഷാദൗത്യത്തിന്റെ ചുമതല നൽകിയത്. മങ്ങിയ വെളിച്ചത്തില്‍ ഇടുങ്ങിയ ഇടനാഴികളിലൂടെയായിരുന്നു ഭിന്ദറിന്റെ സാഹസിക രക്ഷാപ്രവര്‍ത്തനം. എന്നാല്‍, സ്വന്തം ജീവന്‍ രക്ഷിക്കാനോ കുടുംബത്തെ മരണത്തില്‍നിന്ന് രക്ഷപ്പെടുത്താനോ അദ്ദേഹത്തിനായില്ല.

ചെറിയ തീപ്പിടിത്തം അവഗണിച്ചു; പിന്നാലെ വന്‍ദുരന്തം
വന്‍ദുരന്തമുണ്ടായ ഉപ്ഹാര്‍ സിനിമ തീയേറ്ററില്‍ സംഭവദിവസം രാവിലെ 6.55-ന് ചെറിയ അഗ്നിബാധ ഉണ്ടായി. തീയേറ്ററിന്റെ ഏറ്റവും താഴത്തെ നിലയില്‍ സ്ഥാപിച്ചിരുന്ന ട്രാന്‍സ്‌ഫോമര്‍ കത്തിനശിച്ചു. തീ പെട്ടെന്ന് കെടുത്തുകയും ട്രാന്‍സ്‌ഫോമറിന്റെ അറ്റകുറ്റപ്പണികള്‍ അതിവേഗം പൂര്‍ത്തിയാക്കി ഉച്ചയ്ക്കു ശേഷം 'ബോര്‍ഡര്‍' സിനിമ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ മാനേജ്‌മെന്റ് നടത്തുകയും ചെയ്തു. രാവിലെ 7.25-ന് തീ പൂര്‍ണമായും കെടുത്തി, 10.30-ന് ട്രാന്‍സ്‌ഫോമറിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാണ് 11.30-ന് അത് വീണ്ടും പ്രവര്‍ത്തിപ്പിച്ചത്. എന്നാല്‍, വീണ്ടുമൊരു അഗ്നിബാധ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്ന തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീയേറ്റര്‍ ഉടമകള്‍ ശ്രദ്ധിച്ചില്ല. ട്രാന്‍സ്‌ഫോമറിന്റെ അറ്റകുറ്റപ്പണികള്‍ ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കിയിരുന്നില്ലെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ഉച്ചയ്ക്ക് ശേഷമുള്ള പ്രദര്‍ശനം മുടങ്ങാതിരിക്കാന്‍ ഉടമകള്‍ തിടുക്കം കാട്ടിയത് ദുരന്തത്തിലേക്ക് വഴിതെളിച്ചുവെന്നാണ് വിലയിരുത്തപ്പെട്ടത്. ഈ ട്രാന്‍സ്‌ഫോമറില്‍നിന്ന് ചോര്‍ച്ചയും തീപ്പിടിത്തവും ഉണ്ടാകുകയും തീ പിന്നീട് ട്രാന്‍സ്‌ഫോമര്‍ റൂമിന് തൊട്ടടുത്തുള്ള പാര്‍ക്കിങ് ലോട്ടിലേക്ക് പടരുകയുമായിരുന്നു. പിന്നാലെ അവിടെയുണ്ടായിരുന്ന കാറുകള്‍ക്ക് തീപ്പിടിച്ചു. ഇതോടെയാണ് സിനിമ പ്രദര്‍ശിപ്പിച്ച ഹാളില്‍ ആദ്യം പുക നിറഞ്ഞ് വന്‍ അഗ്നിബാധയിലേക്ക നയിച്ചത്. തീയേറ്ററില്‍ പുക നിറയുകയും തീ പടര്‍ന്നുതുടങ്ങുകയും ചെയ്തതോടെ ബാല്‍ക്കണിയില്‍ ഇരുന്നവര്‍ക്കാണ് രക്ഷപ്പെടാന്‍ കഴിയാതിരുന്നത്. ബാല്‍ക്കണിയില്‍ ഇരുന്നവരാണ് മരിച്ചവരില്‍ അധികവും.
വിജയാഘോഷത്തിന് എത്തിയത് ദുരന്തമുഖത്ത്
കുതിരസവാരിയില്‍ വിദഗ്ധനും മികച്ച കായികതാരവുമായിരുന്ന ക്യാപ്റ്റന്‍ മഞ്ജീന്ദര്‍ സിങ് ഭിന്ദര്‍ ആ സമയത്ത് നടന്ന ദേശീയ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ സന്തോഷം പങ്കുവെക്കാനാണ് കുടുംബത്തോടൊപ്പം ജൂനിയര്‍ ഓഫീസറെക്കൂടിക്കൂട്ടി 'ബോര്‍ഡര്‍' സിനിമ കാണാന്‍ ഉപഹാര്‍ സിനിമയിലെത്തിയത്. സ്‌കൂള്‍ പഠനകാലത്തുതന്നെ കുതിരസവാരിയിലും മറ്റ് കായിക വിനോദങ്ങളിലും നിരവധി സമ്മാനങ്ങള്‍ ഭിന്ദറിന് ലഭിച്ചിരുന്നു. പിന്നീട് നാഷണല്‍ ജൂനിയര്‍ പോളോ ടീം ക്യാപ്റ്റനുമായ അദ്ദേഹം സൈനിക ഉദ്യോഗസ്ഥനായശേഷവും അദ്ദേഹം നാഷണല്‍ ഗെയിംസുകളിലടക്കം മെഡലുകള്‍ നേടി.
സിംഗപ്പുര്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനിരിക്കെയാണ് ഉപഹാര്‍ ദുരന്തത്തില്‍ അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. മൈസൂരുവില്‍ നടന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെയാണ് ടീം അംഗമായിരുന്ന ലഫ്. രാജേഷ് പട്ടുവിനൊപ്പം അദ്ദേഹം 'ബോര്‍ഡര്‍' സിനിമ കാണാന്‍ ഉപഹാര്‍ തിയേറ്ററിലെത്തുന്നത്. അദ്ദേഹവും ക്യാപ്റ്റന്‍ ഭിന്ദറും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതും 150-ലധികം ജീവനുകള്‍ രക്ഷിച്ചതും. എന്നാല്‍, അഗ്നിശമന സേന എത്താന്‍ വൈകിയതടക്കം ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. സൗത്ത് ഡല്‍ഹിയിലെ തിരക്കേറിയ സ്ഥലത്ത് സ്ഥിതിചെയ്തിരുന്ന തിയേറ്ററിലേക്ക് വൈകുന്നേരത്തെ ഗതാഗതക്കുരുക്കിനിടയിലൂടെ എത്തിപ്പെടാന്‍ അഗ്നിശമനസേന നന്നേ ബുദ്ധിമുട്ടി. വൈകീട്ട് 5.20--ന് സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ക്ക് തീകെടുത്താന്‍ വീണ്ടും ഒരു മണിക്കൂറിലധികം പരിശ്രമിക്കേണ്ടിവന്നു.
.jpg?$p=1d70b51&&q=0.8)
ക്യാപ്റ്റന്‍ മരിച്ചത് രാജ്യത്തിനു വേണ്ടിയോ? നിയമപോരാട്ടം
നിരവധി ജീവനുകള്‍ രക്ഷിക്കുന്നതിനിടെയാണ് ക്യാപ്റ്റനും കുടുംബത്തിനും ജീവന്‍ നഷ്ടമായതെങ്കിലും സൈന്യത്തില്‍നിന്ന് അര്‍ഹമായ അംഗീകാരം ലഭിക്കാന്‍ വിമുക്ത ഭടനായ അദ്ദേഹത്തിന്റെ പിതാവിന് നിരവധി വാതിലുകള്‍ മുട്ടുകയും കോടതിയെ സമീപിക്കുകയും ചെയ്യേണ്ടിവന്നു. ശത്രുവിനെ നേരിടുമ്പോഴല്ല, അഗ്നിബാധയില്‍പ്പെട്ട സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കുന്നതിനിടെയാണ് ഭിന്ദറിന് ജീവന്‍ നഷ്ടപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കിയത് ഭിന്ദറുടെ പിതാവ് അടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് താങ്ങാനാകുന്നതിലും അപ്പുറത്തായിരുന്നു. ക്യാപ്റ്റന്‍ മഞ്ജീന്ദര്‍ സിങ്ങിന്റെ പിതാവ് ക്യാപ്റ്റന്‍ വീര്‍ദീപ് സിങിന് (റിട്ട.) ധീര സൈനികനായ തന്റെ മകന്‍ മരിച്ചത് രാജ്യസേവനത്തിനിടെ തന്നെയാണെന്ന് അംഗീകരിക്കപ്പെടണമെന്ന് തീവ്രമായി ആഗ്രഹിച്ചിരുന്നു.
പ്രതിരോധ മന്ത്രാലയം സാങ്കേതിക വാദഗതികള്‍ ഉയര്‍ത്തിയതോടെ വിഷയം കോടതിയിലെത്തി. ഓള്‍ ഇന്ത്യ എക്‌സ് സര്‍വീസ് മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മഞ്ജീന്ദറിന്റെ മാതാപിതാക്കള്‍ക്ക് സ്‌പെഷ്യല്‍ ഫാമിലി പെന്‍ഷന്‍ അനുവദിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഒരു സൈനികന്‍ മുഴുവന്‍ സമയവും ഡ്യൂട്ടിയില്‍ തന്നെ ആയിരിക്കുമെന്നും ഉപഹാര്‍ അഗ്നിബാധ പോലെയുള്ള ദുരന്തങ്ങളുണ്ടാകുമ്പോള്‍ അധികൃതരെ സഹായിക്കുക എന്നത് ഒരു സൈനികന്റെ ചുമതലയാണെന്നും ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
.jpg?$p=3f921cc&&q=0.8)
കുടുംബ പെന്‍ഷനായി ലഭിക്കുന്ന പണത്തിനു വേണ്ടിയല്ല നിയമപോരാട്ടം നടത്തിയതെന്ന് ഭിന്ദറുടെ പിതാവ് വീര്‍ദീപ് സിങ് പിന്നീട് വിശദീകരിച്ചിരുന്നു. 150 പേരുടെ ജീവന്‍ രക്ഷിച്ച തന്റെ മകനെ അംഗീകരിക്കില്ലെന്ന തരത്തിലുള്ള അധികൃതരുടെ പ്രതികരണം വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
'ഡോക്ടറാകാന്‍ ആഗ്രഹിച്ച മകനോട് സൈന്യത്തില്‍ ചേരണമെന്നും രാജ്യത്തിനു വേണ്ടി ജീവിക്കണമെന്നും പറഞ്ഞത് ഞങ്ങളാണ്. എന്നാല്‍, മകന്റെ ജീവത്യാഗം രാജ്യത്തിനു വേണ്ടിയാണെന്ന് അംഗീകരിക്കില്ലെന്ന തരത്തിലുള്ള നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. അധികം ആഴമില്ലാത്ത ജലാശയത്തില്‍ വീഴുന്ന ആരുടെയെങ്കിലും ജീവന്‍ രക്ഷിക്കുന്നവരെപ്പോലും രാഷ്ട്രപതി ഭവനില്‍ ക്ഷണിച്ചു വരുത്തി പുരസ്‌കാരം നല്‍കി ആദരിക്കുന്നതിനിടെയാണ് മകന് ഇത്തരത്തില്‍ അവഗണന നേരിടേണ്ടി വന്നത് - ഭിന്ദറിന്റെ പിതാവ് വീര്‍ദീപ് സിങ് ചൂണ്ടിക്കാട്ടി.
ആറ് സൈനികരും ആറ് സ്വാതന്ത്ര്യ സമര സേനാനികളുമുള്ള കുടുംബത്തിലെ അംഗമാണ് ഉപഹാര്‍ ദുരന്തത്തില്‍ 150 ജീവനുകള്‍ രക്ഷിച്ച മഞ്ജീന്ദര്‍ സിങ് ഭീന്ദറെന്നും പിതാവ് അവകാശപ്പെട്ടിരുന്നു.
ഉപഹാര്‍ ദുരന്തത്തിന്റെ കഥപറഞ്ഞ ട്രയല്‍ ബൈ ഫയര്‍
1997 ജൂണില്‍ നടന്ന ഉപഹാര്‍ ദുരന്തത്തിന്റെ കഥ പറയുന്ന നെറ്റ്ഫ്‌ളിക്‌സ് വെബ് സീരീസ് 'ട്രയല്‍ ബൈ ഫയര്‍' 2023-ലാണ് പുറത്തിറങ്ങിയത്. തീപ്പിടിത്തത്തില്‍ മരിച്ച ഉന്നതി, ഉജ്വല്‍ എന്നീ കുട്ടികളുടെ രക്ഷിതാക്കള്‍ മനുഷ്യനിര്‍മിത ദുരന്തത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ നിയമ പോരാട്ടത്തിന്റെ കഥയാണ് 'ട്രയല്‍ ബൈ ഫയര്‍.'

നഷ്ടപരിഹാരം ലഭിച്ചു; പക്ഷേ, തീയേറ്റര്‍ ഉടമകള്‍ തടിയൂരി
ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കള്‍ സംഘടന രൂപീകരിച്ചു നടത്തിയ നിയമപോരാട്ടം രാജ്യത്തെതന്നെ നഷ്ടപരിഹാര കേസുകളിലെ നാഴികക്കല്ലായി പിന്നീട് മാറി. എന്നാല്‍, തീയേറ്റര്‍ ഉടമകളായ സുശീല്‍ അന്‍സല്‍, ഗോപാല്‍ അന്‍സല്‍ എന്നിവരെ 30 കോടി രൂപവീതം പിഴ ചുമത്തി വിട്ടയച്ചത് പ്രതിഷേധത്തിനും ഇടയാക്കി. തീയേറ്റര്‍ ഉടമകളായ അന്‍സാരി തീയേറ്റര്‍ ആന്‍ഡ് ക്ലബ് ഹോട്ടല്‍സ് ലിമിറ്റഡില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇരകളുടെ ബന്ധുക്കളുടെ സംഘടന നിയമപോരാട്ടം നടത്തിയത്. 25 കോടിരൂപ ഇരകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ 2003-ല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. മരിച്ച 20 വയസില്‍ താഴെയുള്ളവരുടെ കുടുംബത്തിന് 15 ലക്ഷം വീതവും 20 വയസിന് മുകളിലുള്ളവരുടെ ബന്ധുക്കള്‍ക്ക് 18 ലക്ഷവും വീതം നഷ്ടപരിഹാരം നല്‍കാനായിരുന്നു വിധി. നഷ്ടപരിഹാരത്തുക സുപ്രീം കോടതി പിന്നീട് കുറച്ചു. 20 വയസിന് താഴെയുള്ളവരുടെ കുടുംബങ്ങള്‍ക്ക് 7.5 ലക്ഷവും മുകളിലുള്ളവരുടെ കുടുംബത്തിന് 10 ലക്ഷവും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു.
കേസില്‍ തീയറ്റര്‍ ഉടമകളായ അന്‍സല്‍ സഹോദരങ്ങടക്കം 12 പേര്‍ക്ക് കോടതി രണ്ടു വര്‍ഷം കഠിനതടവ് വിധിച്ചു. തീയേറ്റര്‍ മാനേജറും ഗേറ്റ് കീപ്പര്‍മാരും അടക്കമുള്ളവര്‍ക്കാണ് തടവുശിക്ഷ ലഭിച്ചത്. 2015-ലാണ് തീയറ്റര്‍ ഉടമകളെ 30 കോടിവീതം പിഴ ചുമത്തി വിട്ടയയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. തെളിവ് നശിപ്പിച്ച കേസില്‍ 2021 -ല്‍ ഡല്‍ഹി കോടതി തീയേറ്റര്‍ ഉടമകളെ ഏഴു വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും 2.25 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. എന്നാല്‍, പ്രായം അടക്കമുള്ളവ കണക്കിലെടുത്ത് പിന്നീട് ഇവരെ ജയിലില്‍നിന്ന് മോചിപ്പിച്ചു.
Content Highlights: Their story, Uphar Theatre fire, Captain Manjinder Singh Bhinder, family, 4 year old son,wife died
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..