കപ്പൽ മുങ്ങിയപ്പോൾ. Photo - NBCnews
1991 ലാണ് ഓഷ്യാനോസ് എന്ന ആഡംബര കപ്പല്‍ കാറ്റിലും ശക്തമായ തിരയിലുംപെട്ട് അപകടത്തില്‍പ്പെടുന്നത്. കപ്പല്‍ അപ്രതീക്ഷിതമായി ആടിയുലഞ്ഞതോടെ അതിലുണ്ടായിരുന്ന 581 യാത്രക്കാരില്‍ മിക്കവരും പരിഭ്രാന്തരായി. കപ്പലിന് എന്ത് സംഭവിച്ചുവെന്നോ ഇനി എന്തുചെയ്യണമെന്നോ ഉള്ള നിര്‍ദ്ദേശങ്ങള്‍ അവര്‍ക്ക് ലഭിച്ചില്ല. പരിഭ്രാന്തരായ യാത്രക്കാരെ സംഗീത ഉപകരണങ്ങള്‍ വായിച്ച് ശാന്തരാക്കാന്‍ കപ്പലിലെ ഗിറ്റാറിസ്റ്റ് മോസ് ഹില്‍സും അദ്ദേഹത്തിന്റെ ഭാര്യ ട്രേസിയും ശ്രമിച്ചു. എന്നാല്‍ സംഗീത ഉപകരണങ്ങള്‍ വായിക്കാന്‍ കഴിയാത്തവിധം കപ്പല്‍ അതിശക്തമായി ആടിയുലയാന്‍ തുടങ്ങി. ഇതോടെ, എന്താണ് സംഭവിച്ചതെന്നറിയാന്‍ മോസ് ഹില്‍സ് ക്യാപ്റ്റന്‍ അടക്കമുള്ളവരെ തിരഞ്ഞുപോയി. എന്നാല്‍ കപ്പലിന്റെ എന്‍ജിന്‍ നിലച്ചുവെന്നും കപ്പലിന്റെ ചുമതല വഹിച്ചിരുന്ന പലരും അതിനോടകം ലൈഫ് ബോട്ടില്‍ രക്ഷപ്പെട്ടുവെന്നുമുള്ള വിവരമാണ് അദ്ദേഹത്തിന് ലഭിച്ചത്. ആദ്യമൊന്ന് നടുങ്ങിയെങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത് അദ്ദേഹം കപ്പല്‍ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. കുറേപ്പേരെ ലൈഫ് ബോട്ടുകളില്‍ കയറ്റി രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങി. എന്നാല്‍, യാത്രക്കാര്‍ക്ക് മുഴുവന്‍ രക്ഷപ്പെടാനുള്ള ലൈഫ് ബോട്ടുകള്‍ കപ്പലില്‍ ഉണ്ടായിരുന്നില്ല. ഇതോടെ കപ്പലിലെ റേഡിയോ സംവിധാനം ഉപയോഗിച്ച് സമീപത്തുള്ള മറ്റുകപ്പലുകളുടെ സഹായം അഭ്യര്‍ഥിക്കാന്‍ ശ്രമം തുടങ്ങി. കപ്പലിലെ ഗിറ്റാറിസ്റ്റായിരുന്ന മോസ് ഹില്‍സിന് ആശയവിനിമയ സംവിധാനങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്നുപോലും അറിവുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ വിജയിച്ചു. സമീപത്തുള്ള രണ്ട് കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തി. അവ അപകടവിവരം അധികൃതരെ അറിയിച്ചതോടെ രക്ഷാപ്രവര്‍ത്തനത്തിന് ഹെലിക്കോപ്റ്ററുകളും എത്തി. ക്യാപ്റ്റനടക്കം ഉപേക്ഷിച്ചുപോയശേഷവും, മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലെ മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തിയ ഗിറ്റാറിസ്റ്റ് മോസ് ഹില്‍സിന്റെയും ഭാര്യയുടെയും കഥയാണ് ഇത്തവണ Their story ചര്‍ച്ചചെയ്യുന്നത്.
.jpg?$p=190259f&&q=0.8)
ആടിയുലയുന്ന കപ്പലിലെ കൂരിരുട്ടില്‍ പരിഭ്രാന്തരായി 500-ലധികം പേര്‍
1991 ഓഗസ്റ്റ് മൂന്നിനാണ് ഓഷ്യാനസ് ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടന്‍ നഗരത്തില്‍നിന്ന് ഡര്‍ബനിലേക്ക് യാത്ര പുറപ്പെട്ടത്. ആഡംബര കപ്പലിലെ പൂള്‍ ഡെക്കിലാണ് സിംബാബ്വെക്കാരനായ മോസ് ഹില്‍സും ഭാര്യയും സാധാരണ സംഗീത പരിപാടി അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ശക്തമായ കാറ്റും തിരയുംമൂലം അന്നത്തെ പരിപാടി പൂള്‍ ഡെക്കില്‍നിന്ന് കപ്പലിനുള്ളിലേക്ക് മാറ്റിയിരുന്നു. കാറ്റും മഴയുംമൂലം കപ്പല്‍ പുറപ്പെടാന്‍തന്നെ അന്ന് വൈകിയിരുന്നു. കപ്പല്‍ ഡര്‍ബനിലേക്ക് യാത്രതിരിച്ചതിന് പിന്നാലെ കാലാവസ്ഥ വീണ്ടും മോശമായി. അതിനിടെ, തീര്‍ത്തും അപ്രതീക്ഷിതമായി കപ്പലിലെ ലൈറ്റുകള്‍ അണഞ്ഞു. പ്രക്ഷുബ്ധമായ കടലിന് നടുവില്‍ കാറ്റിലും തിരയിലുംപെട്ട് ഉലയുന്ന കപ്പലില്‍ ഇരുട്ട് നിറഞ്ഞതോടെ യാത്രക്കാരിലും ജീവനക്കാരിലും ഭയം നിറഞ്ഞുതുടങ്ങി. അതിനിടെയാണ് എന്‍ജിന്റെ ശബ്ദം കേള്‍ക്കാനില്ലെന്നകാര്യം മോസ് ഹില്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സമയം കടന്നുപോകുംതോറും കപ്പലിലെ അവസ്ഥ കൂടുതല്‍ ഭയം ഉളവാക്കുന്നതായിക്കൊണ്ടിരുന്നു. ഇതോടെയാണ് കപ്പലിന് എന്താണ് സംഭവിച്ചതെന്ന് മോസ് ഹില്‍സ് അന്വേഷിച്ചിറങ്ങിയത്. എന്നാല്‍ യാത്രക്കാരെക്കാള്‍ പരിഭ്രാന്തരായ കപ്പല്‍ ജീവനക്കാരെയാണ് അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞത്.

കപ്പല്‍ ഉപേക്ഷിച്ചുകടന്ന ഓഫീസര്‍മാരും ജീവനക്കാരും
ബാഗുകളും ലൈഫ് ജാക്കറ്റുകളുമായി രക്ഷപ്പെടാന്‍ നെട്ടോട്ടം ഓടുകയായിരുന്നു കപ്പലിലെ ഓഫീസര്‍മാരും ജീവനക്കാരും. എന്താണ് സംഭവിക്കുന്നതെന്ന മോസ് ഹില്‍സിന്റെ ചോദ്യത്തിന് ആരും മറുപടി നല്‍കിയില്ല. ഇതോടെ അദ്ദേഹം എന്‍ജിന്‍ റൂമിലേക്ക് നീങ്ങി. എന്നാല്‍ അവിടെ ആരുമുണ്ടായിരുന്നില്ല. കപ്പല്‍ മുങ്ങുന്ന സാഹചര്യത്തില്‍ വിവിധ റൂമുകളിലേക്ക് വെള്ളം ഇരച്ചെത്തുന്നത് തടയാനുള്ള വാതിലുകള്‍ അടച്ചിരിക്കുന്നതായി അദ്ദേഹം കണ്ടെത്തി. കപ്പല്‍ മുങ്ങുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് അപ്പോഴാണ്. തൊട്ടുപിന്നാലെ ക്രൂസ് ഡയറക്ടറില്‍നിന്ന് ഞെട്ടിക്കുന്ന ആ വിവരം അദ്ദേഹത്തിന് നേരിട്ട് അറിയാന്‍ കഴിഞ്ഞു. കപ്പല്‍ ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തു എന്നതായിരുന്നു ആ വിവരം. കപ്പലിലെ ഓഫീസര്‍മാരും നിരവധി ജീവനക്കാരും ലൈഫ് ബോട്ടില്‍ രക്ഷപ്പെട്ടുവെന്ന വിവരവും ക്രൂസ് ഡയറക്ടര്‍ അദ്ദേഹത്തോട് പറഞ്ഞു. ഇതോടെ കപ്പലിലെ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ബാധ്യത തങ്ങള്‍ക്ക് മാത്രമാണെന്ന് മോസ് ഹില്‍സ് തിരിച്ചറിഞ്ഞു. എന്നാല്‍ കപ്പലില്‍നിന്ന് യാത്രക്കാരെ എങ്ങനെ ഒഴിപ്പിക്കും എന്നതുസംബന്ധിച്ച യാതൊരു ധാരണയും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ലൈഫ് ബോട്ടുകള്‍ കടലില്‍ ഇറക്കാന്‍ പരിശീലനം സിദ്ധിച്ച ആരുംതന്നെ ആ സമയത്ത് കപ്പലില്‍ ഉണ്ടായിരുന്നില്ല. എങ്കിലും മോസിന്റെ നേതൃത്വത്തില്‍തന്നെ ജീവനക്കാര്‍ ലൈഫ് ബോട്ടുകള്‍ ഓരോന്നായി വെള്ളത്തിലിറക്കുകയും കഴിയുന്നത്ര യാത്രക്കാരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
.jpg?$p=f71056e&&q=0.8)
സന്ദേശമയച്ച് കാത്തിരിപ്പ്; മറുപടി ലഭിക്കുമോ ?
കപ്പല്‍ കൂടുതല്‍ മുങ്ങിക്കൊണ്ടിരുന്നതോടെ യാത്രക്കാര്‍ കൂടുതല്‍ പരിഭ്രാന്തരായി. ലൈഫ് ബോട്ടുകളില്‍ കയറി രക്ഷപ്പെടാന്‍ കഴിയാതിരുന്നവര്‍ അക്ഷമരായി. ഇതോടെയാണ് കപ്പലിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ എങ്ങനെ ഉപയോഗിക്കുമെന്ന ധാരണ ഇല്ലെങ്കില്‍പ്പോലും അവയിലൂടെ മറ്റ് കപ്പലുകളുടെ സഹായം തേടാനുള്ള ശ്രമത്തിന് മോസ് തുടക്കംകുറിച്ചത്. മെയ്ഡേ എന്ന സന്ദേശമയച്ച് അവര്‍ മറുപടിക്കായി കാത്തിരുന്നു. ആര്‍ക്കെങ്കിലും ആ സന്ദേശം ലഭിക്കുമോ ? ആരെങ്കിലും മറുപടി നല്‍കുമോ ? എന്നൊന്നും അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നു. വൈകാതെ മറ്റൊരു കപ്പലില്‍നിന്ന് മറുപടി ലഭിച്ചു. വീണ്ടും പ്രതീക്ഷയുടെ നിമിഷങ്ങള്‍. 200-ഓളം പേര്‍ ആ സമയത്ത് മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ ഉണ്ടായിരുന്നു. എന്നാല്‍ സഹായ അഭ്യര്‍ഥനയോട് പ്രതികരിച്ചവരോട് അപകടത്തില്‍പ്പെട്ട കപ്പല്‍ ഏത് ഭാഗത്താണ് ഉള്ളതെന്ന വിവരം നല്‍കാനോ കൂടുതല്‍ വിവരങ്ങള്‍ കൈമാറാനോ മോസിന് കഴിഞ്ഞില്ല. അതിനിടെ സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പലും മോസിന്റെ സഹായ അഭ്യര്‍ഥനയോട് പ്രതികരിച്ചു. എന്നാല്‍ കപ്പലിന്റെ സ്ഥാനം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ അദ്ദേഹത്തിന് കഴിയാതിരുന്നതോടെ ക്യാപ്റ്റനെ എങ്ങനെയെങ്കിലും കണ്ടെത്തി ബ്രിഡ്ജിലെത്തിക്കാന്‍ അവര്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ എവിടെയാണെന്ന യാതൊരു വിവരവും മോസിന് ഉണ്ടായിരുന്നില്ല. എങ്കിലും രണ്ട് കപ്പലുകളും മോസിന്റെ അഭ്യര്‍ഥന മാനിച്ച് ഓഷ്യാനോസിലെ യാത്രക്കാരുടെ രക്ഷയ്ക്കായി സമീപത്തേക്ക് എത്തിയിരുന്നു. എന്നാല്‍ വളരെ കുറച്ച് ലൈഫ് ബോട്ടുകള്‍ മാത്രമേ അവയില്‍ ഉണ്ടായിരുന്നൊള്ളൂ. അതിനാല്‍ കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം നടത്താന്‍ അവയ്ക്കായില്ല. എന്നാല്‍ രണ്ട് കപ്പലിലെയും ജീവനക്കാര്‍ ദക്ഷിണാഫ്രിക്കന്‍ അധികൃതരുമായി ബന്ധപ്പെട്ട് കപ്പല്‍ അപകടത്തില്‍പ്പെട്ട വിവരം അറിയിക്കുകയും ആ സമയത്തെ കപ്പലിന്റെ സ്ഥാനം സംബന്ധിച്ച കൃത്യമായ വിവരം കൈമാറുകയും ചെയ്തു. ഇതോടെയാണ് വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനത്തിന് കളമൊരുങ്ങിയത്.

ഹെലിക്കോപ്റ്ററുകല്‍ എത്തി; വിജയകരമായ രക്ഷാപ്രവര്‍ത്തനം
മോസിന്റെ സഹായ അഭ്യര്‍ഥന സ്വീകരിച്ച് സമീപത്തെത്തിയ രണ്ട് കപ്പലുകളില്‍നിന്ന് സന്ദേശങ്ങള്‍ അയച്ചതിന്റെ ഫലമായി ഓഷ്യാനോസ് അപകടത്തില്‍പ്പെട്ട് മൂന്ന് മണിക്കൂറിനുശേഷം ആദ്യ ഹെലിക്കോപ്റ്റര്‍ കപ്പലിന് മുകളിലെത്തി. നാവിക സേനാംഗങ്ങള്‍ കപ്പലിന്റെ ഡെക്കിലിറങ്ങി. രക്ഷാപ്രവര്‍ത്തനം അതിവേഗം നടത്തേണ്ടതിനാല്‍ മോസ് അടക്കമുള്ളവര്‍ക്ക് ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നാവികസേന നല്‍കി. അതിനിടെ, അഞ്ച് ഹെലിക്കോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകാനെത്തി. നാവിക സേനാംഗങ്ങള്‍ കപ്പലില്‍നിന്ന് രക്ഷപ്പെടുത്തി ഏറ്റവുമൊടുവില്‍ ഹെലിക്കോപ്റ്ററിലെത്തിച്ചത് മോസിനെയും ട്രേസിയേയും ആയിരുന്നു.
1991 ഓഗസ്റ്റ് നാലിന് ഓഷ്യാനോസിലുണ്ടായിരുന്ന അവസാന ആളെയും രക്ഷപ്പെടുത്തി ഹെലിപ്പോപ്റ്ററില്‍ എത്തിച്ചശേഷം 45 മിനിട്ടുകഴിഞ്ഞ് ആ കപ്പല്‍ പൂര്‍ണമായും കടലില്‍ മുങ്ങി.
രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിനാല്‍ ഒരു ജീവന്‍പോലും നഷ്ടപ്പെട്ടില്ല. മോസും ട്രേസിയും വീണ്ടും വര്‍ഷങ്ങളോളം ക്രൂസ് കപ്പലില്‍ ജോലി തുടര്‍ന്നു. അദ്ദേഹം പിന്നീട് ക്രൂസ് ഡയറക്ടറായി മാറി. കപ്പലിന്റെ അവസാന നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തപ്പെടുകയും എബിസി ന്യൂസ് അത് പിന്നീട് സംപ്രേഷണം ചെയ്യുകയുമുണ്ടായി.
.jpg?$p=6c50f5c&&q=0.8)
കപ്പല്‍ ഉപേക്ഷിച്ചുപോയതല്ല, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പോയതാണെന്ന് ക്യാപ്റ്റന്‍
രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാതെ കപ്പല്‍ ഉപേക്ഷിച്ചുപോയ ക്യാപ്റ്റന്‍ ഇയാനിസ് അവ്‌റാനസും കപ്പലിലെ അഞ്ച് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് 1992 ല്‍ ഗ്രീക്ക് ബോര്‍ഡ് ഓഫ് എന്‍ക്വയറി കണ്ടെത്തി. മാധ്യമങ്ങളിലും അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശം ഉയര്‍ന്നു. എന്നാല്‍ താന്‍ കപ്പല്‍ ഉപേക്ഷിച്ച് പോയതല്ല, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പോയതാണെന്ന വിചിത്ര വിശദീകരണമാണ് അദ്ദേഹം നല്‍കിയത്. ഹെലിക്കോപ്റ്ററിലെത്തി താന്‍ വീണ്ടും രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചിരുന്നു. കപ്പലിലെ ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമായതിനാല്‍ അതില്‍നിന്നുകൊണ്ട് സഹായം അഭ്യര്‍ഥിക്കാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
Content Highlights: Theirstory,Guitarist who saved hundreds of people from a sinking ship Oceanos,history,social,latest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..